ഞാനിപ്പോൾ നിൽക്കുന്നത് കാസർഗോഡ് ബേക്കൽ ബീച്ചിലുള്ള മിയാവാക്കി ഫോറസ്റ്റിലാണ്. ഇത് നട്ടു പിടിപ്പിക്കുന്നത് 2020 നവംബർ 5നാണ്. ഇവിടെ 1650 മരങ്ങളാണ് പത്ത് സെന്റ് സ്ഥലത്ത് വച്ചത്. ഇവിടെ ഉണ്ടായ ചെറിയ ഒരു പ്രശ്നം എന്താന്നു വച്ചാൽ ഇത് കടൽത്തീരമാണ്, കടലുമായി അടുത്ത സ്ഥലമാണ്. മുനയ്ക്കൽ ബീച്ചിൽ പ്രതീക്ഷിക്കാതെ കടൽ കയറിയെങ്കിൽ ഇവിടത്തെ പ്രശ്നം കടൽക്കാറ്റ് അടിക്കുന്നതാണ്. കടൽക്കാറ്റിലെ ഉപ്പിന്റെ അംശം ചെടികളെ നശിപ്പിക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു. ആ സൈഡിൽ നിന്ന ചെടികൾക്കെല്ലാം അങ്ങനെ പ്രശ്നം വന്നു. അതിനു ശേഷം നമ്മൾ ചെയ്തത് ഇവിടെ പച്ച നെറ്റ് കെട്ടി. ഉപ്പുകാറ്റിന്റെ ഒരു സീസൺ കഴിഞ്ഞപ്പോൾ ചെടികൾ തിരിച്ചു വരുന്നുണ്ട്. ഇതിനു ഒരു പരിഹാരം എന്നു പറയുന്നത് ഇവിടെ നെറ്റ് കെട്ടുകയല്ല, ഇവിടെ ഈ സൈഡിൽ ബീച്ചിൽ വളരുന്ന ശംഖുകുപ്പി, കോഴിയപ്പ എന്നു വിളിക്കുന്ന മുഞ്ഞ ഇതൊക്കെ ലെയറായി വച്ചുകഴിഞ്ഞാൽ കാറ്റിനെ ഒരുപരിധി വരെ അതിനു തടഞ്ഞു നിർത്താൻ കഴിയും.

ഇവിടെ ആറടിയിൽ കൂടുതൽ പൊക്കത്തിൽ കമ്പി തലങ്ങനെയും വിലങ്ങനെയും കൊടുത്തിട്ടുണ്ട്. ചെടികൾ ഇതിനിടയിൽ കൂടി മേലോട്ട് പോകുമ്പോ വലുതായി ചരിയാതിരിക്കും. ഇതിൽ തട്ടി നിന്നോളും. അതിനാണ് അത് വെൽഡ് ചെയ്ത് പിടിപ്പിച്ചിരിക്കുന്നത്. ഇവിടെ ഏതാണ്ട് എല്ലാ ചെടികളും എട്ടടി പൊക്കത്തിൽ ഈ എട്ടുമാസം കൊണ്ട് എത്തിക്കഴിഞ്ഞു. ഇത് കടൽത്തീരമാണ്. ഇവിടെ നമ്മൾ വളരുമോ എന്ന് സംശയിച്ച പല ചെടികളും ഉണ്ട്. ഉദാഹരണമായി ഇവിടെ ഈട്ടി അടക്കം വളർന്നിട്ടുണ്ട്. നമുക്ക് ഇതിന്റെ അടുത്ത് പോയി ഓരോന്നായി കാണാം. അകത്തു കയറും മുൻപ് പറയാനുള്ളത് മുനയ്ക്കൽ ബീച്ചിൽ കണ്ട ഒരു പ്രത്യേകത വെള്ളം കയറുകയും അവിടത്തെ കടമ്പു മരങ്ങൾ മുഴുവൻ നശിക്കുകയും ചെയ്തു. പ്ലാവും നശിച്ചു പോയി, മാവ് വളരെ ശക്തിയായിട്ട് വളർന്നു. ഇവിടെ വെള്ളം കയറി നിൽക്കുകയല്ല, കടൽക്കാറ്റ് അടിക്കുകയാണ് ചെയ്തത്. ഉപ്പിന്റെ അംശമുള്ള കാറ്റ് ധാരാളമായിട്ട് അടിച്ചു. ഇവിടെ മാവ് ചീത്തയായി പോയി. വെള്ളം കയറിയ സ്ഥലത്ത് മാവ് നന്നായി വളർന്നെങ്കിൽ ഉപ്പുകാറ്റടിച്ച സ്ഥലത്ത് മാവിന്റെ ഇല കേടായി അത് പോയി.

ഇനി അടുക്കലേയ്ക്ക് പോയി ചെടികളെ ഒന്നു കാണാം. ഇത് നമ്മുടെ കുടംപുളിയാണ്, കുടംപുളിയ്ക്കും, കാഞ്ഞിരത്തിനും പൊതുവേ വളർച്ച കുറവാണ്. കാഞ്ഞിരവും താരതമ്യേന വളരെ സാവധാനം വളരുന്ന ചെടിയാണ്. ഇത് സ്റ്റാർ ആപ്പിൾ ആണ്. ഇത് ആൽമരം ആണ്. ആൽമരത്തിന്റെ പൊക്കം ഏകദേശം 16 അടിയാണ്. അതുപോലെ ദന്തപാല പത്തടിയിൽ കൂടുതൽ പൊങ്ങിയിട്ടുണ്ട്. പൂവരശ് പത്തടിയിൽ കൂടുതൽ പൊങ്ങിയിട്ടുണ്ട്. ഇവനെ എനിക്കു പിടിയില്ല. കമ്പകം ആണെന്നു തോന്നുന്നു. ഇത് ഏഴിലംപാല ആണ്. ഇവിടെ കാറ്റുണ്ടായ സമയത്ത് പോയ ചെടിയാണ്. ഇപ്പോ പൊങ്ങി വരുകയാണ്. ഞാനീ പിടിച്ചിരിക്കുന്ന ചെടി പലകപ്പയ്യാനി ആണ്. മാവ് ആണ്, ദന്തപാലയാണ്, ഇത് പുളിയാണ്, ഇത് നാഗലിംഗ മരമാണ്. ഇത് അരയാലാണ്, ഇത് പേരാലാണ്. പേരാലിന്റെ ഇലയ്ക്കൊക്കെ ചെറിയ പ്രശ്നങ്ങൾ ഉണ്ട്. ഉപ്പു കാറ്റേറ്റ് ഇത് നശിച്ചു പോയതാണ്.

ഉപ്പുകാറ്റ് പോയതിനുശേഷമോ, അല്ലെങ്കിൽ ഈ നെറ്റ് കെട്ടിയതിനു ശേഷമോ ആയിരിക്കാം ഇവ തിരിച്ചു വരുന്നുണ്ട്. ഈ ഭാഗത്ത് ചെടികൾക്ക് വളർച്ച കുറവാണ്. പല ചെടികൾക്കും തല പോയി കഴിഞ്ഞിട്ട് വീണ്ടും വരുകയാണ്. കുടംപുളിയൊക്കെ വീണ്ടും കിളിർത്തു വന്നിട്ടുണ്ട്. പോയ കണിക്കൊന്ന തിരിച്ചു വരുന്നുണ്ട്. ഇത് മദനമരമോ ചെമ്മരമോ ആണെന്ന് സംശയം ഉണ്ട്. ഇത് ഏഴിലംപാലയാണ്. അത് പോയതാണ്, വീണ്ടും പൊങ്ങി വരുന്നുണ്ട്. പലകപ്പയ്യാനിയ്ക്ക് കുഴപ്പമില്ല. ഇത് സ്റ്റാർ ഫ്രൂട്ട്. ഇത് നമ്മുടെ ഇലിപ്പയോ നീർമരുതോ ആണ്. ഏതാണെന്ന് അറിയില്ല. കണിക്കൊന്ന പോയ ശേഷം തിരിച്ചു ഇലകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത് പേരയാണ്. ഇതിന്റെ മുഴുവൻ ഇലയും ആ കാറ്റിൽ കരിഞ്ഞ ശേഷം വീണ്ടു ഇപ്പോൾ പുതിയത് കിളിർക്കുകയാണ്. ചെടി പഴയ സ്ഥതിയിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ ഒരു ഗംഭീര നാരകം അത് കരിഞ്ഞു പോയ ശേഷം തിരിച്ചു വന്നുകൊണ്ടിരിക്കയാണ്. ഇത് ശീമനെല്ലി എന്ന ചെടി. ഇതിന് ഒരു കേടും പറ്റിയിട്ടില്ല.

ഇവിടെ ചെടികളെ കാണുമ്പോൾ ശ്രദ്ധിക്കാവുന്ന ഒരു കാര്യം ഇതിനെല്ലാം പ്രൂണിംഗ് കഴിഞ്ഞതേ ഉള്ളു. ഇത് വഴന ആണ്. ഇതിനെല്ലാം പ്രൂണിംഗ് നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ഇത് അശോകമാണ്. കരിവേപ്പ് വളരുന്നുണ്ട്. പൂവരശ് പത്തടിയിൽ കൂടുതൽ പൊങ്ങി നിൽക്കുകയാണ് ഇവിടെ. ഇത് രാമച്ചം ഇതിന് കേട് വന്നിട്ടില്ല. രാമച്ചം പ്രൂൺ ചെയ്ത് ഇട്ടിരിക്കുകയാണ്. കടൽത്തീരത്ത് രാമച്ചം നിർത്തിയാൽ ഇതിന് ഉപ്പുകാറ്റിനെ പ്രതിരോധിക്കാനുള്ള, തടഞ്ഞുനിർത്താനുള്ള ഒരു കഴിവുണ്ട്. ഇത് ശീമനെല്ലിയാണ്, അപ്പുറം പലക പയ്യാനി. അങ്കോലം ആണിത്. ഇത് പൂവരശ് ആണ്. ഇതിന്റെ ഇലയ്ക്ക് ചെറിയ പ്രശ്നം ഉണ്ട്. ഇത് പ്ലാശ്, ഇത് കാവളം എന്ന മരമാണ്. ഇത് ആടലോടകമാണ്. ഇതുരണ്ടും കുമ്പിളാണ്. ഇവ രണ്ടും എന്റെ ഇരട്ടി പൊക്കം വച്ചിട്ടുണ്ട്. ആഞ്ഞിലി, മലംപുന്ന എന്ന ചെടി, എലിഫെന്റ് ആപ്പിൾ, തൊട്ടു അപ്പുറം ചെമ്പകം അത് മൊട്ടിട്ടു തുടങ്ങി. ഇത് ഒളിച്ചു നിന്ന ഒരു മാവ് കടൽക്കാറ്റിൽ നിന്ന് രക്ഷപെട്ട് വളരുന്നുണ്ട്. ആ സൈഡിൽ നിന്ന മാവിന്റെ എല്ലാം ഇല പോയി. ഇവിടെ കാറ്റ് അടിക്കാഞ്ഞിട്ടാകും ഇവിടെ പ്രശ്നം വരുന്നില്ല. ഉപ്പുകാറ്റിൽ അരളിയുടെ ഇലയെല്ലാം പോയി ഇപ്പോ തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ്. ഇത് പൂവരശ് ആണ്. അത് പത്തടി കഴിഞ്ഞിരിക്കുന്നു. ഇത് അടുത്ത ഈട്ടി. അത് വളരുന്നുണ്ട്.

ഇത്രേം മരങ്ങൾ ഒരുമിച്ച് നിൽക്കുന്നതിനാൽ ഇതിനിടയിൽ മരങ്ങളിലെ ഇലകൾക്ക് കേടുപിടിക്കുന്നത് കണ്ടുപിടിക്കാൻ പറ്റുന്നില്ല. ഇത് ചാര് ആണെന്നു തോന്നുന്നു. തൊട്ടുകഴിഞ്ഞാൽ ചൊറിയുന്ന ചെടി. ഇല കണ്ടിട്ട് അങ്ങനെ തോന്നുന്നു. വാളംപുളി നിൽക്കുന്നു. ഇത് പേരയാണ്. നിറയെ ഇലയുമായി തളിർത്തു നിൽക്കുന്നു. ഇത് മരവീട്ടിയാണ്, ഇത് ചമത, അശോകം, അശോകത്തിന്റെ ഇലയ്ക്ക് ചെറിയ കേടുണ്ട്. ഇത് പുളിയിഞ്ചി എന്നു പറയും, ഇതിന്റെ കായ നോക്കുക അപ്പോ മനസ്സിലാകും. ഇരുമ്പൻപുളി എന്നും പറയും ഇത് കായ്ച്ചു കിടക്കുകയാണ്. ഇത് അരണ മരം, അശോകമരം ഇല്ലാതെ വരുമ്പോ ആയുർവേദ വൈദ്യൻമാർ പലരും ഇപ്പോ ഇതിന്റെ തൊലി ഉപയോഗിച്ചാണ് ദശമൂലാരിഷ്ടം ഉണ്ടാക്കുന്നത്. ഇത് മൊട്ടപ്പഴം എന്നു പറയും. ഇത് ഒരു വിദേശ ചെടിയാണ്. എഗ്ഫ്രൂട്ട് എന്നു പറയും. ആരും ഇത് ആസ്വദിച്ച് കഴിക്കുന്നത് അറിയില്ല. ഇതിന് വേറെ പ്രോസസ്സിംഗ് ഉണ്ടോ എന്നും അറിയില്ല. ഇത് പേരാൽ, ഇത് ഇലഞ്ഞി, മൊത്തത്തിൽ മനോഹരമായ അന്തരീക്ഷം, മരോട്ടി, ഇലഞ്ഞി, ഇതു കൂവളം, നല്ല രീതിയിൽ വളർന്നുവരുന്നു. അത്തിയും നല്ല രീതിയിൽ വളർന്നു വരുന്നു. ഇത് മരമുല്ല. വേറെ എവിടെയെങ്കിലും ഇത് നിൽപ്പുണ്ടോ എന്ന് അറിയില്ല. ഇപ്പോഴാണ് ഇത് കാണുന്നത്. ഇത് ആണ് സാക്ഷാൽ രുദ്രാക്ഷം.

കടൽതീരത്ത് പ്ലാവ് അങ്ങനെ വളരില്ല എന്നാണ് വിചാരിച്ചത്. പക്ഷെ ഇവിടെ ദാ ഇങ്ങനെ നിൽക്കുന്നു. ഒരു പരീക്ഷണം പോലെ ഞങ്ങൾ വച്ചതാണ്. കറിവേപ്പ് നന്നായി കയറി വരുന്നുണ്ട്. ഇത് രക്തചന്ദനമാണ്. രക്തചന്ദനവും വേങ്ങയും തിരിച്ചറിയാൻ പാടാണ്. വേങ്ങയ്ക്ക് അഞ്ചിലയാണ്. രക്ത ചന്ദനത്തിന് മൂന്നില ആണ്. ഇത് ആര്യവേപ്പാണ്. ഇത് മഞ്ഞ അരളി ആണ്.ഇതിനടുത്ത് ചുമന്ന അരളി നിൽപ്പുണ്ട്, ഇത് ചുമന്ന അരളിയാണ്. ഈ മഞ്ഞ അരളിയ്ക്ക് ഒരു പ്രത്യേകത ഉണ്ട് ഇതിന് ഒരു കായ ഉണ്ട്. ഞങ്ങളൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഈ കായക്ക് സായിപ്പിന് കായ് എന്നാണ് പറയുന്നത്. ഇതിന് സായ്പ്പ് തൊപ്പി വച്ച ഷെയ്പ്പാണ്. പണ്ട് കാലത്ത് സായ്പ്പ് വെടി വയ്ക്കാൻ കാട്ടിൽ പോകുമ്പോ ഇങ്ങനെ ഒരു തൊപ്പി വയ്ക്കുമായിരുന്നിരിക്കും. ഇതിൽ ഇങ്ങനെ ഒരു മുഖം വരച്ചാൽ ഇത് പോലെ ഇരിക്കും. നമ്മളൊക്കെ കളിച്ചിരുന്നത് ഇത് പറിച്ചാണ്. സായിപ്പിന് കായ് ഉണ്ടാകാനായിട്ടെങ്കിലും വീട്ടിൽ ഇതിന്റെ രണ്ട് തൈ വയ്ക്കുക. ഇത് ഒന്നാന്തരം രുദ്രാക്ഷം. ഇത് അയമോദക തുളസി. അത് നന്നായി വളരുന്നുണ്ട്. കാറ്റടിച്ച ഭാഗത്തെ അത്തിയൊക്കെ പോയപ്പോ ഇവിടെ അത്തി നല്ല ഭംഗിയായി നിൽക്കുന്നു. നന്നായി പൊങ്ങി നിൽക്കുന്നു. 12 അടിയിൽ കൂടുതൽ എന്തായാലും പൊക്കം ഉണ്ട്.

നമ്മൾ മിയാവാക്കി മാതൃകയിൽ പറയുമ്പോ പറയാറുണ്ട്, ചെടികളിൽ പുഴു വരുമ്പോ പേടിക്കണ്ട എന്ന്, ഒരു ചെടിയിൽ വരുന്ന പുഴു മറ്റു ചെടികളെ ആക്രമിച്ചെന്നു വരില്ല എന്ന്, അത് ചില ഇനങ്ങളെ മാത്രമേ കഴിക്കു എന്ന്. ഇവിടെ ഈ ചെടിയിൽ മുഴുവൻ പുഴു മുട്ടയിട്ടിരിക്കുന്നു, അത് വിരിഞ്ഞു വരുകയാണ്, അതി്ന്റെ കുഞ്ഞുങ്ങൾ ഇതിൽ മുഴുവൻ ഇരിപ്പുണ്ട്.വിരിഞ്ഞു കുറെ കഴിയുമ്പോ ഇത് പോകും. അപ്പുറത്ത് നിൽക്കുന്ന മരോട്ടിയൊന്നും ഇത് ആക്രമിക്കുന്നില്ല. ഈ ചെടിയെ ആക്രമിക്കുന്നത് വേറെ ഒരുതരം പുഴുവാണ്. ഇതിനെ വേറെ ഒന്നാണ്. ഇവിടെ വേറെ ഒന്നാണ്, അപ്പോ ഒരു ചെടിയെ ആക്രമിക്കുന്ന പുഴു ബാക്കി എല്ലാ ചെടികളെയും ആക്രമിക്കുകയില്ല. കാട് ഒരുമിച്ച് വയ്ക്കുമ്പോഴുള്ള പ്രയോജനവും അതാണ്. ഒരു ചെടിയിൽ പുഴു കയറി പോയാലും ബാക്കി ചെടികൾ അവിടെ തന്നെ കാണും. കുമ്പിൾ വളരെ ഔഷധഗുണമുള്ള, തടിയ്ക്കൊക്കെ ഉപേയാഗിക്കുന്ന ചെടിയാണ് ഇത്, ഇത് കുമിഴ് എന്നും പറയും. പെട്ടെന്ന് തടി ആകുന്ന സാധനമാണ്. ഒരു ജാതി ഇവിടെ നിൽപ്പുണ്ട് അത് അനങ്ങുന്നില്ല. നിലത്ത് ഒളിച്ചിരിക്കും പോലെ നിൽക്കുന്നു.

ഞാനവിടെ അകത്തു നിന്നുകൊണ്ട്, കോഴിയപ്പ പോലെ ഒരു ചെടി നിൽപ്പുണ്ടെന്ന് പറഞ്ഞില്ലേ, അത്രയും ദൂരെ നിന്നു നോക്കിയപ്പോൾ കോഴിയപ്പ പോലെ തോന്നി, പക്ഷെ കോഴിയപ്പ അല്ല. ഇത് ഭദ്രാക്ഷം എന്ന ചെടിയാണ്. പലരും ഇത് രുദ്രാക്ഷം എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇതിന്റെ ചുവട്ടിലും ഒരു കായ ഉണ്ട്. ഇവിടെ ജോലി ചെയ്യുന്നവർ വന്നിട്ട് ആറു വർഷമായി. അവർ പറയുന്നത് അതിനു മുന്നേ ഈ ചെടി ഇവിടെ ഉണ്ട് എന്നാണ്. ഈ ചെടി കടലിന് തൊട്ടടുത്താണ് നി്ൽക്കുന്നത്, ഉപ്പ് കാറ്റടിക്കുന്നുണ്ട്, വെള്ളം കയറുന്നുണ്ട്, കഴിഞ്ഞ തവണ വെള്ളം കയറിയപ്പോ ഇതിന്റെ ചുവട്ടിൽ വെള്ളം ഉണ്ടായിരുന്നു. പക്ഷെ ഈ ചെടിയ്ക്ക് യാതൊരു കേടും വന്നിട്ടില്ല, വളർച്ചയ്ക്കും പ്രശ്നം വന്നിട്ടില്ല. ഇതുപോലുള്ള ചെടികളുടെ ഒരു നിര കടൽതീരത്ത് മറ്റ് ചെടികൾ വയ്ക്കുന്നതിന് മുൻപ് വച്ചാൽ മറ്റ് ചെടികൾക്ക് വളരാൻ ഒരു മറപോലെ അല്ലെങ്കിൽ ഒരു സംരക്ഷണ മതിൽ പോലെ ഈ ചെടി സഹായിക്കും. ഇത് മണ്ണിൽ ഉറച്ചു നിൽക്കുന്നുണ്ട്. ചിലപ്പോ ഇത് കണ്ടലിന്റെ ഇനത്തിൽ പെട്ടതായിരിക്കും, അത് അറിയില്ല. അത് വിദഗ്ധരോട് ചോദിക്കേണ്ടതാണ്.

ഇപ്പോൾ ബേക്കൽ ബീച്ചിൽ വച്ച മിയാവാക്കി വനത്തിന്റെ പുറത്തായിട്ടാണ് ഞാൻ നിൽക്കുന്നത്. അവിടെ ആ പച്ച നെറ്റ് കെട്ടിയിരിക്കുന്നതാണ് മിയാവാക്കി വനം. അവിടെ നിന്നൊരു നൂറു മീറ്റർ മാത്രമാണ് കടലിലേയ്ക്ക് ഉള്ളത്. കടലിന് വളരെ അടുത്താണ് അത് വച്ചിരിക്കുന്നത്. അങ്ങ് പുറകിൽ ബേക്കൽ ഫോർട്ട് കാണാം. ബേക്കൽ ഫോർട്ടിന് അടുത്തുള്ള ബീച്ച് ആയതിനാലാണ് ഇതിനെ ബേക്കൽ ബീച്ച് എന്ന് വിളിക്കുന്നത്. ഇവിടെ കടലുമായി എത്ര അടുത്താണെന്ന് നോക്കുക. കടൽക്കാറ്റ് വന്നാലും വെള്ളം വന്നാലും ഇതിനെ ബാധിക്കാൻ സാധ്യതയുണ്ട്. അത്ര അടുത്ത് വച്ചിരിക്കുന്ന കാടാണ്. എന്നിട്ടും അത്രയും വളർന്നു കിട്ടിയിട്ടുണ്ട്.

ഇപ്പോൾ ഇവിടത്തെ മിയാവാക്കി വനം കണ്ടുകഴിഞ്ഞു. ഇത് പലത് കൊണ്ടും പ്രത്യേകത ഉള്ള ഒരു പ്ലോട്ടാണ്. ഇവിടെ പത്ത് സെന്റിലേ വച്ചിട്ടുള്ളു. പക്ഷെ വച്ച മരങ്ങളെല്ലാം നന്നായി നിൽക്കുന്നു. വളരെ പ്രതികൂലമായ സാഹചര്യത്തിലാണ് വളരുന്നതും. മിയാവാക്കി മാതൃകയ്ക്ക് എതിരെ ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത് അതിന്റെ ചെലവിന്റെ പേരിലാണ്. വളരെ പണം മുടക്കി ആണ് ഇത് വയ്ക്കുന്നത്. പത്ത് സെന്റിൽ സാധാരണ ഗതിയിൽ 100 മരം കഷ്ടിച്ചു വയ്ക്കും. സാമൂഹ്യ വനവത്ക്കരണത്തിൽ സാധാരണ പത്തു സെന്റിൽ നൂറു മരങ്ങൾ വയ്ക്കാറില്ല 40 മരങ്ങളേ വയ്ക്കാറുള്ളു. ആ സ്ഥാനത്ത് നമ്മളിവിടെ 1600ൽ കൂടുതൽ മരങ്ങളാണ് വച്ചിരിക്കുന്നത്. അപ്പോൾ തന്നെ ഇതിന്റെ ചിലവ് കൂടും.

അതുപോലെ നിങ്ങൾക്ക് നോക്കിയാൽ കാണാം ഇവിടെ നമ്മൾ നിൽക്കുന്നിടത്ത് ചകിരിച്ചോറും ചാണകപ്പൊടിയുമെല്ലാം, ശരിക്കും നിറച്ചിരിക്കുകയാണ്. കടൽമണ്ണ് കാണാനൊക്കുന്നില്ല. അതിനകത്താണ് ഈ ചെടികൾ വളർന്നത്. എട്ടു മാസമായപ്പോൾ വളരെ പ്രതികൂലമായ സാഹചര്യത്തിൽ ഇവിടെ കടൽവെള്ളം തൊട്ടടുത്തുവരെ കയറി. എന്നിട്ടും ഈ ചെടികൾ നശിച്ചുപോയില്ല. കടൽക്കാറ്റിൽ നിന്ന് നാശം ഉണ്ടായി. അത് ഇനിയും ഉണ്ടാകാം. അത് പരിഹരിക്കാനായിട്ട് നമുക്ക് തന്നെ ഇതിൽനിന്ന് ഒരു പരിഹാരം കിട്ടി. രാമച്ചവും കോഴിയപ്പ പോലുള്ള ചെടികളും ചുറ്റും വച്ചുകഴിഞ്ഞാൽ ഈ കാറ്റിനെ ഒരു പരിധി വരെ തടഞ്ഞുനിർത്താൻ കഴിയും.

ഇവിടെ ചുറ്റും നോക്കിയാൽ അറിയാം ഈ കാണുന്ന മരങ്ങളൊന്നും തന്നെ ആരോഗ്യത്തോടെ അല്ല നിൽക്കുന്നത്. കാറ്റിന്റെയും പ്രകൃതിയുടെയും പ്രശ്നങ്ങൾ ഇവിടെ നന്നായിട്ടുണ്ട്. ആകെപ്പാടെ മുഞ്ഞ മാത്രമാണ് നന്നായി വളരുന്നത്. ബാക്കിയെല്ലാ ചെടികൾക്കും ഈ പ്രശ്നം ഉണ്ട്. അതിനിടയിൽ നമ്മുടെ വനം ഇത്രയും ആയിക്കിട്ടി. ഇനി വരുന്ന രണ്ടു മൂന്ന് വർഷത്തിനിടയിൽ വലിയ പ്രകൃതി ദുരന്തങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഈ ചെടികൾ ശക്തി പ്രാപിക്കുമെന്നും, ഇവിടെ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെ ഒരു പരിധി വരെ തടയാനായില്ലെങ്കിലും താമസിപ്പിക്കാനെങ്കിലും കഴിയും. കാറ്റാണെങ്കിലും വെള്ളം കയറുന്നതാണെങ്കിലും അതിന്റെ തീവ്രത കുറയ്ക്കാൻ ഇത് സഹായിക്കും എന്ന് നമുക്ക് കരുതാം. ഇതിന്റെ വളർച്ച നമുക്ക് കാത്തിരുന്ന് കാണാം. വീണ്ടും ഒരു വർഷം കഴിയുമ്പോൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെടുക്കാം.