പരിസ്ഥിതി പുനരുജ്ജീവനത്തിനായി പുതിയ പാത വെട്ടിത്തുറന്ന ആളുകളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശമുളളതു കൊണ്ട് ഇടയ്‌ക്കിടക്ക് അങ്ങനുളള ആളുകളെ പരിചയപ്പെടുത്താറുണ്ട്. ഇന്നു പരിചയപ്പെടുത്തുന്നത് ശ്രീ. അനില്‍ കുമാറിനെയാണ്. അദ്ദേഹം 1978ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് പാസായി അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോയിന്‍ ചെയ്‌തയാളാണ്. ബാംബൂ കോര്‍പറേഷന്‍ എംഡിയായി 2012ല്‍ വിരമിച്ചു. അദ്ദേഹം വിരമിച്ചതിനു ശേഷമുളള സേവനമാണ് നമുക്കിവിടെ കാണാനുളളത്. കായംകുളത്തിനടുത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ നാട്ടില്‍ പൈതൃക സ്വത്തായി ലഭിച്ച തണ്ണീര്‍തടം അതുപോലെത്തന്നെ സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്‌തത്. വെളളം നില്‍ക്കുന്ന സ്ഥലമാണ്. സാധാരണ എല്ലാവരും ചെയ്യുന്നത് ഇത് മണ്ണിറക്കി മൂടി കിട്ടുന്ന വിലയ്‌ക്ക് ബില്‍ഡര്‍ക്ക് കൊടുക്കുകയാണ്. പക്ഷെ അദ്ദേഹം ആ തണ്ണീര്‍ത്തടത്തിനെ നിലനിര്‍ത്തി കണ്ടലുകള്‍ നട്ട് സംരക്ഷിച്ചു, സ്വയംപര്യാപ്‌തമാവാന്‍ ചില മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു. അതെന്താണെന്ന് അദ്ദേഹം തന്നെ പറയുന്നതായിരിക്കും നല്ലത്.
ഹരി: മെക്കാനിക്കല്‍ എഞ്ചിനിയര്‍ ഇലക്ട്രോണിക്‌സിലേക്കും കമ്പ്യൂട്ടറിലേക്കും പോകുന്നത് സാധാരണയാണ്. കൃഷിയിലേക്കു പോകുന്നത് അപൂര്‍വ സംഭവവുമാണ്. എങ്ങനെയാണത് സംഭവിച്ചതെന്നു പറയാമോ ?
അനില്‍ കുമാര്‍: കാര്‍ഷികരംഗത്തേക്ക് വന്നത് അവിചാരിതമായല്ല. കാര്‍ഷിക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പത്തനംതിട്ടയിലെ കുടുംബമണ്‍ ചെന്നീര്‍ക്കരയിലാണ് അമ്മയുടെ കുടുംബവീട്. പഴയ കാര്‍ഷികകുടുംബമാണ്. എന്റെ വല്യമ്മാവന്‍ എനിക്കൊരു അഞ്ചു വയസുളളപ്പോള്‍ ഒരു കൊച്ചുതൂമ്പയാണ് തന്നത്. അത് വെച്ച് പുരയിടത്തിലൊക്കെ വെട്ടുകയും കിളക്കുകയും ഒക്കെ ചെയ്യും. അന്നത്തെ കളിപ്പാട്ടമായി ഞാനുപയോഗിച്ചത് ഇന്നത്തെ കുട്ടികളുടെ മൊബൈലും മെഷീന്‍ ഗണ്ണും പ്ലാസ്റ്റിക്കുമൊന്നുമല്ല. അമ്മാവന്മാരെല്ലാം കൃഷിക്കാരായിരുന്നു, അവരോടൊപ്പം പോയി കൊച്ചുതൂമ്പ വെച്ച് വെട്ടുക എന്ന സ്വഭാവമുണ്ടായിരുന്നു. ആ കൂടുംബപാരമ്പര്യം ഉളളിലുളളത് കൊണ്ട് റിട്ടയര്‍ ചെയ്‌തതിനു ശേഷമുളള ജീവിതം എങ്ങനെ വേണമെന്ന് ആലോചിച്ചപ്പോള്‍ കാര്‍ഷിക മേഖലയിലേക്കു തിരിയുകയാണ് ചെയ്‌തത്. അതോടൊപ്പം ഒരുപാട് കാര്യങ്ങളുണ്ടല്ലോ. ജീവിതത്തില്‍ ഈ ഘട്ടം വരെ കാണുകയും പഠിക്കുകയും ചെയ്‌ത അനുഭവസമ്പത്തു കൂടി പ്രയോജനപ്പെട്ടു.
ഹരി: സാധാരണ ഗതിയില്‍ ഏറ്റവും എളുപ്പമുളള മാര്‍ഗം ഈ ഭൂമി നികത്തുകയല്ലേ ?
അനില്‍ കുമാര്‍: 80കളിലാണെന്നു തോന്നുന്നു, തരിശുഭൂമിയുടെ അളവ് കൂടുതലായി. ആ കാലഘട്ടത്തില്‍ ഇടനാട്ടിലും മലനാട്ടിലും തീരപ്രദേശത്തും പലകാരണങ്ങളാല്‍ നെല്‍കൃഷി വ്യാപകമായ തോതില്‍ ഇല്ലാതായി. തീരപ്രദേശത്താണെങ്കില്‍ ആഗോളതാപനത്തിന്റെ ഫലമായ കടലേറ്റം കാരണമുണ്ടായ ഉപ്പുവെളളത്തിന്റെ വ്യാപനം തീരപ്രദേശത്തെ ഭൂമി കൃഷിയോഗ്യമല്ലാതാക്കി. അത്തരം ഭൂമി ഭൂമാഫിയ എന്നു നമ്മള്‍ പറയുന്ന ആളുകളുടെ വിളനിലമായി മാറുകയാണ് ചെയ്‌തത്. രണ്ടുമൂന്ന് കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, സാമൂഹികപരമായ ചുറ്റുപാടുകളില്‍ വന്ന മാറ്റം, സ്‌ാമ്പത്തിക നേട്ടത്തിനു വേണ്ടിയുളള മനുഷ്യന്റെ ത്വര, കൃഷി ആദായകരമല്ലാതായി വന്ന അവസ്ഥ. ഇതെല്ലാം ചേര്‍ന്ന് ഭൂമി ഒരറ്റത്തുനിന്ന് വില്‍ക്കുമ്പോള്‍ കിട്ടുന്ന നേട്ടത്തിലേക്ക് ആളുകള്‍ മാറിത്തുടങ്ങി. പക്ഷെ എന്റെ ചിന്ത പോയത് മറ്റൊരു തലത്തിലാണ്. പരിസ്ഥിതി പുനരുജ്ജീവനം എങ്ങനെ ചെയ്യാന്‍ പറ്റും. അതിനൊരു മാതൃക ഉണ്ടാക്കണം എന്നുളളതായിരുന്നു ചിന്ത. ഒന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തതല്ല. ഒരേയൊരു ചിന്തയേ ഉണ്ടായിരു്‌നുളളൂ. ഈ തരിശുഭൂമിയെ ഉപയോഗപ്പെടുത്തണം. സര്‍വീസ് കാലഘട്ടത്തിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കുറച്ചുകാര്യങ്ങള്‍ ചെയ്‌തു തുടങ്ങി. ഇന്നു കാണുന്നത് 12 വര്‍ഷത്തിനു മുമ്പ് മനസിലുണ്ടായിരുന്നോന്നു ചോദിച്ചാല്‍ ഇല്ലെന്നുതന്നെ പറയാം.
ഹരി: കണ്ടലിലേക്കു വന്നതെങ്ങനെയാണ് ?
അനില്‍ കുമാര്‍: തരിശൂഭൂമിയെ നേരത്തേ പറഞ്ഞതുപോലെ മണ്ണ് നികത്തി വില്‍ക്കാം, അല്ലെങ്കില്‍ അതിനെ ഏതെങ്കിലും തരത്തില്‍ ഉപയോഗയോഗ്യമാക്കി എടുക്കാം. ഇതില്‍ ഞാന്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. പരിസ്ഥിതി പുനരുജ്ജീവനം എന്നു പറയുന്നതൊരു ദീര്‍ഘകാല പ്രവൃത്തിയാണ്. ഒറ്റദിവസം കൊണ്ടുണ്ടാവുന്നതല്ല. സര്‍വീസില്‍ ഇരിക്കുമ്പോള്‍ വനം വകുപ്പിലെ എന്റെ സുഹൃത്തായ ത്രിവേദി ബാബു വിനോടു ഞാന്‍ ചോദിച്ചു, എനിക്കിങ്ങനെ ചതുപ്പായി കുറച്ചു സ്ഥലമുണ്ട്. വളരെ പെട്ടെന്നു വളര്‍ന്നു കിട്ടുന്ന ചെടി ഏതാണെന്ന്. അദ്ദേഹം കണ്ടല്‍ചെടി നിര്‍ദേശിച്ചു. അതു പറഞ്ഞ് പിറ്റേ ദിവസം തന്നെ ആലപ്പുഴ സോഷ്യല്‍ ഫോറസ്‌ട്രിയുടെ ഭാഗമായി 200 കണ്ടല്‍ത്തൈ ഇവിടെ കൊണ്ടുന്നു. ഞങ്ങളതിന്റെ പ്രതികരണം വെളളത്തില്‍ പരീക്ഷിച്ചു. പിന്നൊരൊറ്റ പോക്കായിരുന്നു മുമ്പോട്ട്‌്.
ഹരി: കേരളത്തിലെ പഴയൊരു ചീഫ് സെക്രട്ടറിയുണ്ട്, പാലാട്ട് മോഹന്‍ദാസ്. എനിക്കദ്ദേഹത്തെ നേരിട്ടു പരിചയമില്ല. അദ്ദേഹം റിട്ടയര്‍ ചെയ്‌തതിനു ശേഷം പാലക്കാട്ട് നെല്‍കൃഷിയിലേക്കിറങ്ങി. ബാംബൂ കോര്‍പറേഷന്‍ എംഡിയായിരുന്ന ഒരാള്‍ ഇങ്ങനെ നേരിട്ടു കൃഷിയിലേക്കിറങ്ങുന്നത് അപൂര്‍വ സംഭവമാണ്. ഒന്ന്, ഇതുവളരെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യമാണ്. സാറിപ്പോള്‍ തിരിച്ചെടുത്തിരിക്കുന്നത് വലിയൊരളവ് ഭൂമിയാണ്. എന്നാല്‍ ആ ഭൂമി വിറ്റാല്‍ കിട്ടുന്നതു പോലെയുളള സാമ്പത്തികലാഭം അതില്‍ നിന്നും കിട്ടുന്നതുമില്ല. ഭൂമി തിരികെ മെച്ചപ്പെടുത്തി, നാട്ടുകാര്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ ആക്കിയെടുത്തു. അപ്പോള്‍ ഇതിന്റെ മുടക്കുമുതല്‍ തിരികെ കിട്ടാനായി കണ്ടുപിടിച്ച മാര്‍ഗമെന്താണ് ?
അനില്‍ കുമാര്‍: തുടങ്ങുമ്പോഴും ഇതു വളരെ ചെലവുപിടിച്ചതാവുമെന്നൊന്നും അറിയില്ല. ഈ ഭൂമിയെ ഒന്നൊരുക്കണം, കണ്ടല്‍ തൈ വെക്കണം. ഈ രണ്ടുകാര്യങ്ങളാണ് ആദ്യമായി ചെയ്‌തത്. കുളത്തിന്റെ നാലുവശങ്ങളിലുമായി കണ്ടല്‍ നട്ടു പിടിപ്പിച്ചു. കുളങ്ങളില്‍ നിന്നൊരു വരുമാനം ലഭിക്കാനായി മത്സ്യകൃഷി ആരംഭിച്ചു. ഏതു മത്സ്യം, എങ്ങനെ വേണം എന്നൊന്നും അന്ന് വ്യക്തതയില്ല. അറിയാവുന്നവരോടു ചോദിച്ചു മനസിലാക്കും. പിന്നെ നമ്മള്‍ ചെയ്‌തുവരുമ്പോള്‍ ഒരുപാട് അനുഭവങ്ങള്‍ കിട്ടും. ഇതാണ് നമ്മളെ പഠിപ്പിക്കുന്നത്. ഇന്നിവിടെ 9 ഇനം കണ്ടലുകളുണ്ട്. അന്ന് ഒന്നുമറിയില്ല. തൈ കണ്ടാല്‍ തിരിച്ചറിയില്ല. അങ്ങനെ കണ്ടലുകള്‍ വളരുന്നു, ബണ്ടുകളുടെ നാലുവശത്തും തെങ്ങിന്‍തൈയും കശുമാവും വെച്ചു പിടിപ്പിച്ചു. വെളളത്തില്‍ മത്സ്യകൃഷിയും ചെയ്‌തു.
പിന്നെ വീടിനോടു ചേര്‍ന്നുളള സ്ഥലത്ത് തൊഴുത്തുണ്ടാക്കി നാടന്‍ പശുക്കളെ വളര്‍ത്തി. ആട്, താറാവ് ഒക്കെയായി സംയുക്തകൃഷി ചെയ്‌തു. ആ ഭാഗം മുഴുവന്‍ നഷ്ടത്തിലേക്കു പോയി. പില്‍ക്കാലത്തത് ഒഴിവാക്കി. മത്സ്യകൃഷി തുടക്കം മുതലേ മെച്ചമായിരുന്നു. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം മാത്രമേ കുഞ്ഞുങ്ങളെ ഇടേണ്ടി വന്നുളളൂ. പിന്നീടത് വളര്‍ന്ന് പ്രജനനം നടത്തി പെരുകി വന്നു. അതങ്ങനെ പോകുന്നു. ഏഴെട്ടു വര്‍ഷമായപ്പോള്‍ കണ്ടലിന്റെ വിത്ത് ലഭിച്ചു തുടങ്ങി. ആ വിത്ത് മുളപ്പിച്ച് തൈ വില്‍പന തുടങ്ങി. ചെറിയ വരുമാനമായി.
ഇപ്പോള്‍ നമ്മള്‍ എത്തിനില്‍ക്കുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായിട്ടുളേളാരു പ്രൊഡക്ടീവ് ഇക്കോസിസ്റ്റത്തിലാണ്. കണ്ടല്‍ ചെടികള്‍ സാധാരണ സസ്യങ്ങളേക്കാള്‍ 5 മടങ്ങ് കൂടുതല്‍ കാര്‍ബണ്‍ ആഗിരണം ചെയ്യും. കാര്‍ബണ്‍ ക്രെഡിറ്റ് എന്നൊരു സംഭവമുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് കേരളത്തിലും ഇന്ത്യാമഹാരാജ്യത്തിലുമായതു കൊണ്ട് ഇത്തരം ചെറിയ തുരുത്തുകള്‍ക്കുളള കാര്‍ബണ്‍ ക്രെഡിറ്റ് കിട്ടാനുളള വഴിയില്ല. പക്ഷെ കാര്‍ബണ്‍ ക്രെഡിറ്റ് കിട്ടുകയാണെങ്കില്‍ ഞാന്‍ കോടീശ്വരനായി മാറും. ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു ഹെക്ടറില്‍ നിന്ന് ഒന്നര ടണ്‍ കാര്‍ബണ്‍ ഒരു വര്‍ഷം ആഗിരണം ചെയ്‌തു വെക്കുന്നുണ്ട്. ടണ്ണിന് 5 മുതല്‍ 10 യു.എസ് ഡോളര്‍ വരെ മൂല്യമുണ്ട്. അപ്പോള്‍ ഒരു വര്‍ഷം 7 മുതല്‍ പതിനയ്യായിരം ഡോളര്‍ വരെ ഇവിടെ ആഗിരണം ചെയ്യുന്നുണ്ട്. ഡയറക്ട് ഇന്‍കം കിട്ടാനുളള സാധ്യതയുണ്ട്. ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ഒരംശമെങ്കിലും വരുമെന്ന് പ്രതീക്ഷയുണ്ട്.
ഹരി: കാര്‍ബണ്‍ ഓഡിറ്റിങ്ങ് ഇപ്പോള്‍ തുടങ്ങിയിട്ടേ ഉളളൂ. പക്ഷെ സാറിന് വേറൊരു സാധ്യത കൂടിയുണ്ട്. ടൂറിസത്തിനുളള സാധ്യത.
അനില്‍ കുമാര്‍: ഇതിനെ നമ്മള്‍ രണ്ടുതരത്തില്‍ കാണണം. ഒന്ന്, ഞാനാദ്യം പറഞ്ഞ ഭാഗം ഒരു വീണ്ടെടുപ്പും കണ്ടല്‍ കാടുകള്‍ നട്ടുപിടിപ്പിക്കലും കണ്ടലിലൂടെ വരുമാനം കണ്ടെത്തലുമാണ് ഞാനൊന്ന് പറഞ്ഞത്. രണ്ടാമത്തേത്, ഇതൊരു പഠനകേന്ദ്രമാണ്. കണ്ടല്‍ചെടികളെ കുറിച്ച് കുട്ടികളും അല്ലാത്തവരും വന്ന് കാണുകയും പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഒരു സ്ഥലം. നമ്മള്‍ വിസിറ്റിനൊരു ചാര്‍ജ് വെച്ചിട്ടുണ്ട്. പത്തറുപത് സ്‌കൂളുകളുടെ വിസിറ്റ് കഴിഞ്ഞു. സ്‌കൂളില്‍ നിന്ന് 50-60 കുട്ടികളുടെ സംഘമാണെങ്കില്‍ ആയിരം രൂപയാണ് ചാര്‍ജ്ജ്. പിന്നെ പത്തിരുപത് പേരുടെ ഗ്രൂപ്പായിട്ട് വരുമ്പോള്‍ വീഡിയോഗ്രാഫി ഉള്‍പ്പെടെ 2500 രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്.
ഹരി: കൊറോണ ഇതിന്റെ വരുമാനസാധ്യതയെ ബാധിച്ചോ ?
അനില്‍ കുമാര്‍: നഷ്ടങ്ങളിലേക്കു പോയി. ടൂറിസത്തിലേക്കു പോകണമെന്ന് നേരത്തേ ആലോചിച്ചിരുന്നില്ല. പക്ഷെ ഇന്നിതിനെ ടൂറിസം പ്രോഡക്ടായി ചെയ്യുക എന്നതിലേക്ക് മനസെത്തി നില്‍ക്കുന്നു. നമുക്ക് ഇവിടത്തെ പഞ്ചായത്തിന്റെ നല്ല സപ്പോര്‍ട്ടുണ്ട്. അതൊക്കെ മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു പഞ്ചായത്തുളളതു കൊണ്ട്, അവരാണിങ്ങോട്ട്‌് ആളുകളെ പറഞ്ഞുവിടുന്നത്.
ഹരി: സാറിപ്പോള്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ സാധാരണ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതല്ല. സാറിന്റെയൊരു അക്കാദമിക് പശ്ചാത്തലവും ജോലി ചെയ്‌ത പശ്ചാത്തലവും അതുകൂടാതെ കാര്‍ഷിക മേഖലയിലെ ആളുകളുമായിട്ടുളള ബന്ധവും - ഇതെല്ലാംകൂടി കൂട്ടിച്ചേര്‍ത്ത് അദ്ദേഹം വികസിപ്പിച്ചെടുത്ത ഒരു മോഡലാണ്. നാളെ ഈ മേഖലയില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രിഹിക്കുന്നവര്‍ക്ക് അദ്ദേഹത്തെ പോലെയുളള ആളുമായി നേരിട്ടു സംസാരിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. അദ്ദേഹത്തിന്റെ ഈ മാതൃക കണ്ടിട്ട് ഇത്തരം മാതൃക വികസിപ്പിച്ചെടുക്കാനും പറ്റും. കേരളത്തിലുടനീളം ഇത്തരം മാതൃകകള്‍ ഉണ്ടാവണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. ഭൂമിയോടുളള നമ്മുടെ നിലപാടു തന്നെ മാറണം. ജെസിബി ഉപയോഗിച്ച് സകല സ്ഥലവും നികത്തി കെട്ടിടം പണിയുക എന്നതിനു പകരം പ്രകൃതിയെ അങ്ങനെ തന്നെ നിര്‍ത്തിയില്ലെങ്കില്‍ പിന്നെ കേരളമില്ല. കേരളത്തിനു സ്വന്തമെന്നു പറയാന്‍ ഈ പ്രകൃതി മാത്രമാണുളളത്. അത് സംരക്ഷിക്കുന്ന ഇത്തരം ആളുകള്‍ കൂടുതല്‍ ഉണ്ടാവട്ടെ.