ഇതൊരു പരീക്ഷണത്തിന്റെ കഥയാണ്. പ്രകൃതിയാണ് ഇതിലെ പരീക്ഷണശാല. മനോഹരമായ ഒരു സ്ഥലം. അതിനു നടുവിലൂടെ പുഴ ഒഴുകുന്നു. പുഴയുടെ ഒരു ഭാഗത്ത് ഒരു ക്വാറി പ്രവർത്തിക്കുന്നു. ക്വാറികൾ പ്രകൃതിയെ കാർന്നു തിന്നും. നമ്മുടെ ഭവനനിർമ്മാണ, റോഡ് നിർമ്മാണ രീതികൾ മാറാത്തിടത്തോളം കാലം ക്വാറികൾ ഒഴിവാക്കാനാവുകയില്ല. പക്ഷെ മൊട്ടക്കുന്നുകളെയും ഉപേക്ഷിക്കപ്പെട്ട ക്വാറികളെയുമൊക്കെ കുറഞ്ഞ കാലം കൊണ്ട് പച്ചപ്പുതപ്പണിയിക്കാൻ നമുക്ക് പറ്റും.
മിയാവാക്കി മാതൃകയിലുള്ള വനവത്കരണ രീതി അതിനു നമ്മെ സഹായിക്കും. പാറ നിറഞ്ഞ ജലദൗർലഭ്യമുള്ള 45 ഡിഗ്രി ചരിവ് പ്രദേശമായിരുന്നു ഇത്. അതിനെ മിയാവാക്കി മാതൃകയിലൂടെ പച്ചത്തുരുത്താക്കി മാറ്റിയ കഥയാണ് നമ്മൾ കാണുന്നത്.
പാറ കുഴിച്ചും കുഴിക്കാതെയും മണ്ണില്ലാത്ത ഇടത്ത് മണ്ണ് നിറച്ചും ചിലയിടങ്ങളിൽ മുളവേലി കെട്ടി മണ്ണ് തടഞ്ഞു വെച്ചും സ്വാഭാവികമായി കിട്ടുന്ന മഴവെള്ളം പരമാവധി പ്രയോജനപ്പെടുത്തിയും ജലസേചനത്തിന് ഏറ്റവും പുതിയ മാർഗങ്ങൾ ഉപയോഗിച്ചുമൊക്കെ ഒരു കാട് വെറും മൂന്നു കൊല്ലം കൊണ്ട് സൃഷ്ടിച്ചു.
ആ കാടിന്റെ തണലിലും പരിസരത്തും നമുക്കാവശ്യമായ ഭക്ഷ്യവിളകൾ തികച്ചും ജൈവരീതിയിൽ ഉണ്ടാക്കിത്തുടങ്ങി. ഇവിടെ പോളിഹൗസുകളില്ല. പക്ഷെ കാടിനടിയിലെ സൂക്ഷ്മ കാലാവസ്ഥയിൽ പല ചെടികളും വളരുന്നുണ്ട്. പരമാവധി വിളവുണ്ടാക്കാൻ ഈ രീതി പറ്റില്ല. പക്ഷേ ആവശ്യമുള്ളത് ഒട്ടുമുക്കാലും ഇവിടെ ഉത്പ്പാദിപ്പിക്കാൻ പറ്റും. പുനചംക്രമണത്തിലൂടെ പ്രകൃതിയുടെ താളം നിലനിർത്താനുള്ള ഒരു ശ്രമം കൂടിയാണിത്.
ഒരില പോലും നുള്ളരുതെന്ന് ഇവിടെ നമ്മൾ പറയാറില്ല. എന്നാൽ നുള്ളുന്ന ഓരോ ഇലയ്ക്കും പകരം നൂറു കണക്കിന് പുതിയ ഇലകൾ ഉണ്ടാക്കുക എന്നതാണ് ഇവിടുത്തെ അലിഖിത മുദ്രാവാക്യം. ഇതേ നിലപാടാണ് ഭവനനിർമ്മാണത്തിലും സ്വീകരിക്കേണ്ടത്. നമുക്ക് സ്വയം നിർമ്മിക്കാനാവാത്ത കമ്പിയും സിമന്റുമൊക്കെ പരമാവധി കുറയ്ക്കുക. കഴിയുന്നത്ര മരങ്ങൾ നട്ടു വളർത്തുക. അങ്ങനെ അന്തരീക്ഷത്തിലെ കാർബണിനെ മരങ്ങളായി മാറ്റുക. അവയെ തുറന്നു വിടാതെ തടികളാക്കി നിലനിർത്തി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുക. ഉപയോഗിച്ച തടികൾ വീണ്ടും ഉപയോഗിക്കുക. താപ നിയന്ത്രണത്തിനും ദാരിദ്ര്യ നിർമാർജനത്തിനും ചെടികളെത്തന്നെ ആശ്രയിക്കുക.
ജീവജാലങ്ങളില്ലാത്ത പ്രകൃതി അപൂർണ്ണമാണ്. ഓരോ ചെടിയേയും ചുറ്റിപറ്റി ജീവിക്കുന്ന പ്രാണികളുണ്ട്. ചെടികളില്ലാതാകുമ്പോൾ അവയും ഇല്ലാതാകും. പരാഗണം തൊട്ടുള്ള കാര്യങ്ങൾ മുടങ്ങും. നമ്മൾ മനുഷ്യർക്ക് മുൻപേ ഇവിടെ വാസം ഉറപ്പിച്ച അവരാണ് ഭൂമിയുടെ ആദ്യ അവകാശികൾ. അവരുടെ അധ്വാനമാണ് നമ്മൾ അനുഭവിക്കുന്നത്. നമുക്ക് ജീവിക്കാൻ വേണ്ട അന്തരീക്ഷമൊരുക്കിത്തന്നത് അവരാണ്. ഇന്നവയെ ഒഴിവാക്കിയാൽ നാളെ നമ്മളും ഒഴിവാകേണ്ടി വരും.
നമ്മൾ ഒരു ചങ്ങലയുടെ കണ്ണികൾ മാത്രമാണ്. നഷ്ടപ്പെട്ടതും നഷ്ടപ്പെടുന്നതും കുറേയൊക്കെ തിരിച്ചു കൊണ്ടുവരാൻ നമുക്കാവും. അതും വെറും മൂന്നോ നാലോ കൊല്ലം കൊണ്ട്. മിയാവാക്കി മാതൃക കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി നമുക്ക് കാണിച്ചു തരുന്നതും നമ്മെ ബോധ്യപ്പെടുന്നതും അത് തന്നെയാണ്.