മിയാവാക്കി വനം വയ്ക്കാൻ താത്പര്യമുള്ള ഒരുപാട് പേര് ചോദിക്കുന്ന ചോദ്യമുണ്ട്, ഇതിന് എന്താണിത്ര ചെലവ്, ചെലവ് കുറയ്ക്കാൻ മാർഗ്ഗമില്ലേ എന്ന്. വളരെ ആത്മാർത്ഥമായിട്ടു തന്നെ എനിക്കവരെ സഹായിക്കണമെന്നുണ്ട്, കാരണം അവർ ആത്മാർത്ഥമായിട്ടാണ് അത് ചോദിക്കുന്നത്, എല്ലാവരും വളരെ പാടുപെട്ട്, ജോലി ചെയ്ത് ബുദ്ധിമുട്ടി, ഒക്കെയാണ് വീടു വാങ്ങിക്കുന്നത്, അഞ്ചോ പത്തോ സെന്റ് സ്ഥലം ഒരു വീടു വെക്കാൻ വാങ്ങുന്നു. അതിനകത്തൊരു വീട് വെക്കുന്നു. ആഗ്രഹത്തിന് അനുസരിച്ചുള്ള വീടു വെക്കാനുള്ള പൈസ പലപ്പോഴും നമ്മുടെ അടുത്ത് കാണാറില്ല. അതിന്റെ ഇടയ്ക്ക് പിന്നെ കാടു വെക്കാനായിട്ട് കൂടി പണം കണ്ടെത്തുക എളുപ്പമായിരിക്കില്ല. മിയാവാക്കി മാതൃകയിൽ ഒരു സെന്റ് കാട് വയ്ക്കണമെങ്കിൽ ഏകദേശം ഒന്നരലക്ഷം രൂപ ചെലവാകും. അപ്പോൾ ഇത് വേണോ എന്നൊരു സംശയം വരും.
ഈയിടെ ഗൾഫിൽ നിന്നും വന്ന ഒരാൾ, അദ്ദേഹത്തിന് 5 സെന്റ് സ്ഥലത്ത് കാട് വയ്ക്കണമെന്നുണ്ട്. അതിനുള്ള സാമ്പത്തിക നിലയില്ല. എന്തു ചെയ്യാനാകും എന്നു ചോദിച്ചു. അങ്ങനെ ഉള്ളവരോട് ഞങ്ങൾക്ക് പറയാനുള്ളത് ഒന്ന് നിങ്ങളുടെ അദ്ധ്വാനം ഇതിൽ ഉപയോഗിക്കുകയാണെങ്കിൽ ചെലവ് വളരെ കുറയ്ക്കാൻ പറ്റും. കേരളത്തിലെ കൂലിച്ചെലവ് നല്ല ചെലവാണ്. 500 മുതൽ 800 വരെ ഒരു ദിവസം ജോലി ചെയ്യുമ്പോൾ കൂലിച്ചെലവ് വരുന്നുണ്ട്. ആ 800 രൂപയുടെ ജോലി നിങ്ങൾക്ക് ചെയ്യാൻ പറ്റുകയാണെങ്കിൽ കുറേയധികം ചെലവ് കുറഞ്ഞു കിട്ടും.
രണ്ടാമത് പ്രാദേശികമായിട്ട് വിഭവങ്ങൾ കിട്ടുകയാണെങ്കിൽ, ഉദാഹരണത്തിന് ചാണകപ്പൊടി, ദൂരെ നിന്നു കൊണ്ടു വരാതെ നിങ്ങളുടെ വീടിനടുത്ത് നിന്ന് ഒരു സ്കൂട്ടറിൽ അല്ലെങ്കിൽ കൈയ്യിൽ എടുത്തു കൊണ്ടുവരാൻ പറ്റുകയാണെങ്കിൽ ചെലവ് ഒത്തിരി കുറഞ്ഞിരിക്കും. അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ചെലവ് കുറയ്ക്കാൻ പറ്റും.
മൂന്നാമത്തെ കാര്യം, നിങ്ങൾക്ക് ഒരു സെന്റ് സ്ഥലത്താണ് കാട് വയ്ക്കേണ്ടതെന്ന് ഇരിക്കട്ടെ, ഒരു സെന്റ് എന്നു പറഞ്ഞാൽ 435 ചതുരശ്ര അടിയാണ്. അതായത് 43 ചതുരശ്ര മീറ്റർ, നിങ്ങളുടെ കൈയിൽ പൈസ കുറവാണ്. നിങ്ങളീ 435 ചതുരശ്ര മീറ്ററിൽ ഒരുമിച്ച് വയ്ക്കാൻ പോകാതിരിക്കുക. പകരം ഒരു 1 മീറ്റർ വീതി, 5 മീറ്റർ നീളം, അപ്പോ ഒരു 5 സ്ക്വയർ ഫീറ്റ്, 5 മീറ്റർ എന്നു പറഞ്ഞാൽ 15 അടിയാണ്, 1 മീറ്റർ എന്നു പറഞ്ഞാൽ 3 അടിയിൽ കൂടുതൽ വരും. 3 അടി 10 സെന്റി മീറ്റർ വരും. 5 മീറ്റർ എന്നു പറഞ്ഞാൽ ഒരു 16 അടി അടുപ്പിച്ച് വരും. 16 x 3 =48 സ്ക്വയർ ഫീറ്റ്, ഏതാണ്ട് 50 സ്ക്വയർഫീറ്റ് വരും. ഈ അഞ്ച് സ്ക്വയർ മീറ്റർ സ്ഥലത്ത് നമുക്ക് വേണ്ടി വരുന്നത് ഏകദേശം ഏകദേശം 15, 20 ചെടികളാണ്. അതുപോലെ നിങ്ങളുടെ ചെലവിനനുസരിച്ച് എത്ര സ്ഥലത്ത് വയ്ക്കാമെന്നു നോക്കുക.
400 സ്ക്വയർ ഫീറ്റിൽ നീളത്തിൽ ഒരു അറ്റം തൊട്ട് മറ്റേ അറ്റം വരെ വരമ്പു പോലെ ഒരു സ്ഥലം തിരഞ്ഞെടുത്ത്, ഒരു 1 മീറ്ററോ 2 മീറ്ററോ വീതിയിൽ നിങ്ങൾക്ക് എത്ര തൈ കിട്ടുന്നോ അതിനനുസരിച്ച് സ്ട്രൈപ്സ് വച്ചു പിടിപ്പിക്കുക. സ്ട്രൈപ്സ് - അതായത് ഈ ഷർട്ടിന്റെയൊക്കെ വര കണ്ടിട്ടില്ലേ, അതുപോലെ. അടുത്ത തവണ അതിന് ഒരു മീറ്റർ വിട്ടിട്ട് അപ്പുറത്ത് വെക്കുക. അങ്ങനെ നിങ്ങൾക്ക് പൈസ ആകുന്നതിനനുസരിച്ച് പതുക്കെ പതുക്കെ ചെയ്യുക. ഈ ഇടയ്ക്കുള്ള സ്ഥലത്ത് ക്രമേണ ചെടികൾ വളർന്നു കയറിക്കൊള്ളും. അല്ലെങ്കിൽ പിന്നെ എപ്പോഴെങ്കിലും അവിടെ നടാം.
മൂന്നോ നാലോ സ്ട്രൈപ്സ് ഇങ്ങനെ നട്ടാൽ തന്നെ അതിനിടയ്ക്ക് മറ്റു വള്ളികളും കാടും പടലുമൊക്കെ കയറി ഇതങ്ങ് ശരിയായി വരും. പക്ഷെ നടുമ്പോൾ അടുപ്പിച്ച് തന്നെ നടണം. ഒരു സ്ക്വയർ മീറ്ററിൽ 3 ചെടി അല്ലെങ്കിൽ 4 ചെടി എന്നുള്ളത് കുറയ്ക്കാൻ പാടില്ല. അത് കുറച്ചാൽ ചെടികളുടെ വളർച്ചയ്ക്ക് പ്രശ്നം വരും. മിയാവാക്കി കാട് ഉണ്ടാവില്ല. ഇങ്ങനെ ചെറിയ ആകൃതിയിലൊക്കെ വെക്കാം. സ്ട്രൈപ്സ് ആയിട്ടോ വട്ടത്തിലോ നീളത്തിലോ എങ്ങനെയാണെങ്കിലും, ചെറിയ ചെറിയ പീസുകളായിട്ട്. ഈ പീസുകളെ കൂട്ടിച്ചേർക്കുന്ന തരത്തിൽ, ചെറിയ ഗ്യാപ്പിട്ടാൽ സ്വാഭാവികമായിട്ടും ഇലകൾ തമ്മിൽ ചേരും എന്നുള്ള ഒരു അനുമാനമാണ് നമ്മൾ ഈ പറയുന്നത്. ഇതിനിടയ്ക്ക് നടക്കുകയോ ഒക്കെ ചെയ്യാൻ പറ്റും. വെള്ളം ഒഴിക്കാനൊക്കെ കുറച്ചു കൂടി സൗകര്യമായിരിക്കും.
ഇങ്ങനെ ചെറിയ സ്ട്രൈപ്സ് ചെലവ് കുറച്ച് വെക്കാൻ പറ്റുമെന്നാണ് തോന്നുന്നത്. ഇത് പരീക്ഷിക്കേണ്ട ഒരു കാര്യമാണ്. ഞാൻ അത്ര ചെറിയ സ്ട്രൈപ്സ് ഉണ്ടാക്കിയിട്ടില്ല. പക്ഷെ ഞാനിവിടെ ഉണ്ടാക്കിയ ഒന്ന് രണ്ട് സ്ട്രൈപ്സ് ഉണ്ട്. ഞാനീ ഇരിക്കുന്നതിന് മുമ്പ് തന്നെ സ്ട്രൈപ്സ് ആണ്. അപ്പുറത്തും അടുത്ത വശത്തുമുണ്ട്. അതൊക്കെ 2 മീറ്റർ വീതിയും അതുപോലെ 10 മീറ്റർ നീളവുമൊക്കെയുള്ള സ്ട്രൈപ്സ് ആണ്. അതിന്റെ കുറച്ച് ദൃശ്യങ്ങൾ ഇവിടെ കാണിക്കുന്നുണ്ട്. അതുപോലെ ചെയ്തു നോക്കുക.