2021 ലെ WTM ലോക ഉത്തരവാദിത്ത ടൂറിസം സിൽവർ അവാർഡ് ഇൻവിസ് മൾട്ടിമീഡിയക്ക് ലഭിച്ചു. ഡീകാർബണൈസിങ്ങ് ട്രാവൽ & ടൂറിസം വിഭാഗത്തിലാണ് അവാർഡ്. ലോക പ്രശസ്തമായ "മിയാവാക്കി മാതൃക" പിന്തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണത്തു നടത്തിയ വനവത്കരണ പ്രവർത്തനങ്ങൾക്കുളള അംഗീകാരമാണ് ഈ അവാർഡ്.
നഗരപാർശ്വത്തിലെ കുത്തനെയുളള കുന്നിൻചെരുവിൽ പന്ത്രണ്ടു വർഷത്തിലേറെ കാലം പ്രയോഗിച്ച എല്ലാ വനവത്കരണ രീതികളെയും പരാജയപ്പെടുത്തിക്കൊണ്ട് തരിശായിത്തന്നെ തുടരുകയായിരുന്ന ഭൂമിയിലാണ് മിയാവാക്കി മാതൃക അത്ഭുതം പ്രവർത്തിച്ചത്. പ്രശസ്ത സസ്യശാസ്ത്രജ്ഞനായ ഡോ. അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത സവിശേഷമായ വനവത്കരണ മാതൃകയിൽ ആദ്യമായി ഇവിടത്തെ മണ്ണിന്റെ മനസലിഞ്ഞു. ഇൻവിസ് മൾട്ടിമീഡിയ CEOയും പരിസ്ഥിതിസ്നേഹിയുമായ എം. ആർ. ഹരിയുടെ നേതൃത്വത്തിലുളള സംഘത്തിന്റെ അദ്ധ്വാനം ഒടുവിൽ വിജയം കണ്ടു.
തരിശുമണ്ണിലെ പാറക്കല്ലുകൾ നീക്കി ജൈവവളവും നടീൽ മിശ്രിതവും ചേർത്തു തയാറാക്കിയ മണ്ണിൽ അടുപ്പിച്ചു നട്ട തൈകൾക്ക് കൃത്യമായ ഇടവേളകളിൽ വെളളവും പുതയിടലും കൊമ്പുകോതലുമെല്ലാം ചെയ്തപ്പോൾ അവ മത്സരിച്ചു വളർന്നു വന്നു. മൂന്നുകൊല്ലം കൊണ്ട് പാറപ്പുറത്തുവരെ ചെടികൾ മൂടി. അവിശ്വസനീയമായ ഈ വിജയം അടിവരയിട്ടത് ഡോ. മിയാവാക്കി രൂപകൽപ്പന ചെയ്ത വനവത്കരണ പദ്ധതിയുടെ ശാസ്ത്രീയതയ്ക്കാണ്. ഇത്തരം ശ്രമങ്ങൾ ലോകമൊട്ടും നടക്കുകയാണെങ്കിൽ കാലാവസ്ഥാ വ്യതിയാനം വരുത്തിവെയ്ക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ നേരിടാനും ഭൂമിയുടെ പച്ചപ്പിനെ തിരികെ കൊണ്ടുവരാനും നമുക്ക് കഴിയുമെന്ന പ്രതീക്ഷ നിറഞ്ഞു.
പുളിയറക്കോണത്തെ ആദ്യ മിയാവാക്കി വനത്തിന്റെ സൃഷ്ടിയോടെ കേരളത്തിൽ മിയാവാക്കി മാതൃക വനവത്കരണത്തിനൊരു പരീക്ഷണശാല ഒരുങ്ങുകയായിരുന്നു. നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും ചേരുന്ന രീതിയിൽ മിയാവാക്കി മാതൃകയിൽ ചില മാറ്റങ്ങൾ വരുത്തി ആ മാതൃകയിലൂടെ കൂടുതൽ വനങ്ങൾ സൃഷ്ടിക്കുക എന്നതായി ലക്ഷ്യം. ഇന്ന് ഈ രീതിയിൽ ഫലവൃക്ഷങ്ങൾ, ഔഷധത്തോട്ടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ തുടങ്ങിയവയൊക്കെ കൂടുതൽ ഫലപ്രദമായി വളർത്തിയെടുക്കാനാവുമെന്ന് തെളിഞ്ഞു. അധിനിവേശ സസ്യങ്ങളെ ഒഴിവാക്കി തദ്ദേശീയ ഇനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ടുളള മിയാവാക്കി മാതൃക നമ്മുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയുമാണ് സംരക്ഷിക്കുന്നത്. ഇരുപത്തഞ്ചോ മുപ്പതോ വർഷം കൊണ്ട് നൂറുവർഷമെത്തിയ സ്വാഭാവിക വനത്തിനു തുല്യമായ വളർച്ച നേടിയെടുക്കാൻ കഴിയുമെന്നതാണ് മിയാവാക്കി മാതൃകയുടെ സവിശേഷത. ഭൂമുഖത്തു നിന്ന് അതിവേഗം മാഞ്ഞുകൊണ്ടിരിക്കുന്ന പച്ചപ്പ് വീണ്ടെടുക്കാൻ ഇതിലും മികച്ചൊരു പോംവഴിയും വേറെ ഇല്ല.
ഇതിനോടകം ഇൻവിസ് മൾട്ടിമീഡിയ സ്വതന്ത്രമായും, സർക്കാർ, സ്വകാര്യ സംരംഭകരോടു ചേർന്നും കേരളത്തിലുടനീളം ഒട്ടേറെ മിയാവാക്കി കാടുകൾ വെച്ചുകഴിഞ്ഞു. വനവത്കരണ പാതയിൽ കൂടുതൽ ഉണർവോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടു നീങ്ങാനുളള പ്രോത്സാഹനമാണ് ഈ രജത ബഹുമതി.
Posted Date 04-11-2021