കോട്ടയം പട്ടണത്തിന്റെ പ്രാന്ത പ്രദേശങ്ങളിലായിരുന്നു എന്റെ ബാല്യകാലം. അന്ന് അവിടങ്ങളിലെല്ലാം ധാരാളം ചെടികളും മരങ്ങളും ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ഉപജീവനാര്‍ത്ഥം വിവിധ നഗരങ്ങളിലേക്കു ചേക്കേറുമ്പോള്‍ ഈ മരങ്ങളൊക്കെ മധുരസ്‌മരണകളായി കൂടെ പോന്നു. പത്തിരുപത്തഞ്ചു കൊല്ലത്തിനു ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ മരങ്ങള്‍ പലതും അപ്രത്യക്ഷമായിരുന്നു.
അങ്ങനെയാണ് എവിടെയെങ്കിലും വിലകുറഞ്ഞ കുറച്ച സ്ഥലം വാങ്ങി കഴിയുന്നത്ര മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുക എന്ന തോന്നലുണ്ടായത്. തിരുവനന്തപുരത്ത്, പുളിയറക്കോണത്ത് വെള്ളവും വളവുമില്ലാത്ത മൊട്ടക്കുന്നിന്റെ ഒരു ഭാഗം കിട്ടിയെങ്കിലും ചെടികള്‍ നട്ടു പിടിപ്പിക്കുക എളുപ്പമായിരുന്നില്ല. പത്തു വര്‍ഷത്തോളം തുടര്‍ച്ചയായി നട്ടു പിടിപ്പിക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം ചെടികളില്‍ മഹാഭൂരിപക്ഷവും ഉണങ്ങിപ്പോയി. നിരാശയുടെ കൊടുമുടിയില്‍ നില്‌ക്കുമ്പോഴാണ് മിയാവാക്കി മാതൃകയെക്കുറിച്ചുള്ള ശ്രീ. ശുഭേന്ദു ശര്‍മ്മയുടെ ടെഡ് (TED) പ്രസന്റേഷന്‍ കാണുന്നത്. മിയാവാക്കി മാതൃകയുടെ ഫലപ്രാപ്‌തി പുതിയൊരു ലക്ഷ്യബോധം എനിക്കും സഹപ്രവര്‍ത്തകര്‍ക്കും പകര്‍ന്നു തന്നു. നമ്മള്‍ നടുന്ന മരങ്ങളും ചെടികളും വളര്‍ന്ന് മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു കാടായി മാറുന്നു എന്നതായിരുന്നു അതിലെ ഏറ്റവും ആകര്‍ഷണീയമായ ഘടകം.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ലേഖനങ്ങളും വാര്‍ത്തകളും നിരന്തരമായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പത്രമാണ് 'ഹിന്ദു'. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നാം തീയതിയിലെ ഹിന്ദു ദിനപത്രം മിയാവാക്കി മാതൃകയെക്കുറിച്ച് പ്രസിദ്ധീകരിച്ച സുദീര്‍ഘ ലേഖനം അമ്പരപ്പാണുണ്ടാക്കിയത്. ("They grow fast and easy but do Miyawaki forests meet the fundamental principles of ecological restoration" by Nikhil Eapen, The Hindu, 03 April 2022.)
മിയാവാക്കി വനമാതൃക സംബന്ധിച്ചു വിവിധ വ്യക്തികളുടെ വീക്ഷണങ്ങള്‍ പങ്കു വയ്‌ക്കുന്ന ലേഖനം സമാപിക്കുന്നത് ലേഖകന്റെ സ്വന്തമായ നിഗമനത്തോടെയല്ല മറിച്ച് മിയാവാക്കി മാതൃകയുടെ അടിസ്ഥാന തത്വങ്ങള്‍ നമ്മുടെ ഇക്കോളജിയ്‌ക്കു ചേര്‍ന്നതല്ല എന്ന ശ്രീ. പ്രദീപ് കൃഷന്റെ നിരീക്ഷണത്തോടെയാണ്. മിയാവാക്കി മാതൃക മനസ്സിലാക്കിയിട്ടില്ലാത്തവരില്‍ ഭൂരിഭാഗത്തെയും എതിര്‍ ദിശയിലേക്കു നയിക്കുവാന്‍ പറ്റിയ നിഗമനം. ഈ ലേഖനം വായിച്ച എന്റെ സുഹൃത്തുക്കളായ ഒരു ഡസനിലധികം ആളുകള്‍ മിയാവാക്കി മാതൃക ശരിയല്ലെന്നു ഹിന്ദു ദിനപത്രത്തില്‍ പറഞ്ഞിരിക്കുന്നല്ലോ എന്നു പറഞ്ഞ് ഇന്നലെ തന്നെ വിളിക്കുകയും ചെയ്‌തു.
മിയാവാക്കി മാതൃകയെ നിരാകരിക്കുവാന്‍ ശ്രീ. പ്രദീപ് കൃഷന്‍ ചൂണ്ടിക്കാട്ടിയ ഉദാഹരണം നല്ല തമാശ തന്നെ. ഒരു 'ധ്രുവക്കരടിയെ നിങ്ങളുടെ വീട്ടിലെ മുറിയില്‍ ഐസ് കട്ട നിറച്ച് വളര്‍ത്തുന്നതു പോലെയാണേ്രത മിയാവാക്കി വനം സൃഷ്ടിക്കുന്നത്'. ഇതു ചലച്ചിത്രകാരന്‍ കൂടിയായ പ്രദീപ് കൃഷന്‍ ആണെന്നാണെന്റെ വിശ്വാസം. അതു കൊണ്ടാവാം, ഇതു വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ആദ്യ ചലച്ചിത്രമായ ആനിയിലെ നായകന്‍ ഹോസ്‌റ്റല്‍ മുറിയില്‍ പക്ഷിക്കൂട്ടില്‍ കോഴിയെ വളര്‍ത്തുന്ന രംഗമാണ് ഓര്‍മ്മയില്‍ വന്നത്.
ശ്രീ. കൃഷന്റെ ഉദാഹരണത്തിലെ കോണ്‍ക്രീറ്റ് മുറിയും, ഐസ് കട്ടയും, ധ്രുവക്കരടിയും ചേര്‍ന്നുണ്ടാക്കുന്ന മിശ്രിതത്തിലെ ഏക ജൈവ വസ്‌തു ധ്രുവക്കരടി മാത്രമാണ്. ഭൂമിയുടെ ഉപരിതലത്തില്‍ തുറന്ന സ്ഥലത്ത് ജൈവ മിശ്രിതം നിറച്ച്, വെള്ളവും വെളിച്ചവും കൊടുത്ത്, അവിടെ സ്വാഭാവികമായി വളരുന്ന ചെടികളെ മാത്രം നട്ടു പിടിപ്പിക്കുന്നതാണ് മിയാവാക്കി മാതൃക. ഒരു നിശ്ചിത സ്ഥലത്തു നടുന്ന ചെടികളുടെ എണ്ണം സാധാരണ നടുന്നതിലും കൂടുതലാവുന്നത് കൃത്രിമത്വമാണെങ്കില്‍, അതു മാത്രമാണിതിലെ കൃത്രിമത്വം. 'കൃത്രിമത്വമാണെങ്കില്‍' എന്നു പറയാന്‍ കാരണം പ്ലാവും, പുളിയും, മാവും, മരോട്ടിയും, ഇലഞ്ഞിയും, ബദാമും, മഹാഗണിയുമടക്കം ഒട്ടേറെ മരങ്ങളുടെ ചുവട്ടില്‍ നൂറു കണക്കിനു തൈകള്‍ ഒരുമിച്ചു കിളിര്‍ക്കുകയും അര്‍ഹതയുള്ളത് അതിജീവിക്കുകയും ചെയ്യുന്നത് നിത്യ ജീവിതത്തിലെ ഒരു സാധാരണ കാഴ്‌ച മാത്രമായതു കൊണ്ടാണ്.
ഈ ലേഖനത്തില്‍ ഉടനീളം വനവല്‌ക്കരണത്തിനായി പ്രവര്‍ത്തിക്കുന്നവരെ രണ്ടായി തിരിക്കുന്നുണ്ട്. 'മിയാവാക്കി മാതൃക പിന്തുടരുന്നവരും, നാച്വറലിസ്റ്റുകളും'. മിയാവാക്കി മാതൃകയും അതു പിന്തുടരുന്നതും എനിക്കു മനസ്സിലാവും. വനവല്‌ക്കരണത്തില്‍ എന്താണു നാച്വറലിസം? നമ്മുടെ ഭൂമിയില്‍ നാച്വറലായി അല്ലെങ്കില്‍ സ്വാഭാവികമായി വനമുണ്ടായത് കോടി വര്‍ഷങ്ങളോ അതിലധികമോ കൊണ്ടാണ്. ഈ പ്രക്രിയയാണ് താന്‍ അനുവര്‍ത്തിക്കുന്നത് എന്ന് പത്തോ അന്‍പതോ വര്‍ഷങ്ങള്‍ മാത്രം കര്‍മ്മ രംഗത്ത് നില്‌ക്കുകയോ, ഭൂമിയില്‍ ജീവിക്കുകയും ചെയ്യുന്ന ഒരു സ്വയം പ്രഖ്യാപിത നാച്വറലിസ്‌റ്റ് പറയുമ്പോള്‍ നമ്മള്‍ ചിരിക്കണോ, കരയണോ?
മനുഷ്യര്‍ വനം വച്ചു പിടിപ്പിക്കുമ്പോള്‍ അതിന് അവലംബിക്കുന്നത് കൃഷിയുടെ രീതികള്‍ തന്നെയാണ്. വനവല്‌ക്കരണത്തിനായി ഭൂമിയില്‍ നടത്തുന്ന പ്രയോഗങ്ങളുടെ തീവ്രതയില്‍ വ്യത്യാസമുണ്ട്. അതു പ്രധാനമാണു താനും. വെട്ടും കിളയുമില്ലാത്ത ഫുക്കുവോക്ക രീതിയും വളരെ പ്രധാനപ്പെട്ട ഒരു കാര്‍ഷിക രീതി തന്നെയാണ്. അതിനു സമാനമായ രീതികള്‍ ഒക്കെത്തന്നെയല്ലേ നാച്വറലിസ്‌റ്റുകള്‍ വനവല്‌ക്കരണത്തിന് അവലംബിക്കുന്നത്?
മാഞ്ചുവട്ടില്‍ കിടക്കുന്ന മാമ്പഴം തിന്ന് അണ്ടി അവിടെ തന്നെ ഇട്ടിട്ടു പോകുന്നത് സ്വാഭാവികമാണെന്നു പറയാം. എന്നാല്‍ ആ പഴങ്ങളോ, അണ്ടികളോ ശേഖരിച്ചു മറ്റൊരിടത്തു വലിച്ചു വാരിയെറിഞ്ഞാല്‍ പോലും അത് ഒരു തരം വിതയ്‌ക്കല്‍ ആവില്ലേ? അങ്ങനെയാണോ സ്വാഭാവിക വനം ഉരുത്തിരിഞ്ഞത്? ഷഡ്‌പദങ്ങള്‍ മുതല്‍ പക്ഷികളും, അണ്ണാനും, മരപ്പട്ടിയും, ആനയും വരെയുള്ളവരുടെ പക്കല്‍ നിന്നു വീണതോ, അവര്‍ വിസര്‍ജ്ജിച്ചതോ ആയ വിത്തുകള്‍ക്കെന്തു വിതരണ ക്രമം? വിത്തുകള്‍ കുഴിച്ചിട്ടു വെള്ളമൊഴിക്കാതെ, അവ പ്രകൃതിക്കു വേണമെങ്കില്‍ കിളിര്‍പ്പിക്കും എന്നു പറഞ്ഞാല്‍ അതു നാച്വറല്‍ ആവുമോ?
എന്റെ നാട്ടില്‍ ഞാന്‍ വളര്‍ന്ന വീടിനടുത്ത് ഒരു ചെറിയ അമ്പലമുണ്ട്, 'കൊപ്രത്തമ്പലം'. അവിടെ നൂറു നൂറ്റമ്പതു വര്‍ഷത്തിലധികം പ്രായമുള്ള ഒരു മരം നില്‌പുണ്ട്. 'മടുക്ക' എന്നായിരുന്നു അതിനു പറഞ്ഞിരുന്ന പേര്. അതിനു ചുവട്ടില്‍ യക്ഷിയുടെ പ്രതിഷ്‌ഠ ആണ്. (അതു കൊണ്ടാവണം ആ മരം വെട്ടാന്‍ ആരും ധൈര്യപ്പെടാഞ്ഞത്). മറ്റൊരിടത്തും അങ്ങനെ ഒരു പേരു കേട്ടിട്ടില്ലാത്തതുകൊണ്ടും, മരം കണ്ടിട്ടില്ലാത്തതു കൊണ്ടും ആരോ വെറുതെ കൊടുത്ത പേരെന്നാണ് കരുതിയത്. എന്നാല്‍ കുറച്ചു കാലം മുന്‍പ് സ്വാഭാവിക വനത്തിനുള്ളില്‍ നില്‌ക്കുന്ന വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ ചെന്നപ്പോള്‍ അവിടെ 'മടുക്ക' നില്‌ക്കുന്നു. പേരും ശാസ്‌ത്രനാമവും എഴുതി വച്ചിട്ടുമുണ്ട്.
കോട്ടയത്തെ പ്രമുഖ അഭിഭാഷകനായിരുന്ന പരേതനായ എം.എന്‍ ഗോവിന്ദന്‍ നായര്‍ (ചലച്ചിത്ര സംവിധായകന്‍ അരവിന്ദന്റെ അച്ഛന്‍) ഒരു വേദിയില്‍ പണ്ടു പറഞ്ഞ ഒരു ഓര്‍മ്മയുമായി നമുക്ക് ഈ മടുക്ക കഥയെ ബന്ധപ്പെടുത്താം. അദ്ദേഹത്തിന്റെ ചെറുപ്പ കാലത്ത് കോട്ടയം - കുമളി റോഡ് (കെ. കെ. റോഡ്) പാമ്പാടി കഴിഞ്ഞാല്‍ പിന്നെ കൊടും കാടായിരുന്നുവത്രേ. കാഞ്ഞിരപ്പള്ളിയും കട്ടപ്പനയുമൊക്കെ പുലിയും, കടുവയും വിഹരിക്കുന്ന കാടുകള്‍. ഇന്നിപ്പോള്‍ കുമളി വരെയും ടൗണ്‍ഷിപ്പുകളാണ്. അവശേഷിക്കുന്ന ഇടങ്ങളില്‍ ഏകവിളകളും (മോണോക്രോപ്പ്).
വേറൊരു ഉദാഹരണമെടുത്താല്‍, കഷ്ടിച്ചു നാനൂറു വര്‍ഷം മുന്‍പെഴുതിയ ഹോര്‍ത്തുസ് മലബാറിക്കൂസിലെ എല്ലാ ചെടികളെയും പോലും കണ്ടെത്താന്‍ ഇന്നു നമുക്കു കഴിയുന്നില്ല. അവയില്‍ പലതും അപ്രത്യക്ഷമായിക്കഴിഞ്ഞു. അവശേഷിക്കുന്നവയെ എങ്കിലും സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.
സാമൂഹ്യ വനവല്‌ക്കരണത്തിന്റെ പേരില്‍ അക്കേഷ്യയും, മാഞ്ചിയവും നട്ടു പിടിപ്പിച്ച ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയെ 'നാച്വറലായി' തിരിച്ചു സ്വാഭാവിക വനമാക്കാന്‍ വേണ്ട സമയവും മാര്‍ഗ്ഗവും ഒന്നു പറഞ്ഞു തരാമോ? വേരോടെ പിഴുതു മാറ്റിയാലും, തീയിട്ടാലും അടുത്ത കുറെ പതിറ്റാണ്ടുകളിലേക്ക് നിലനില്‌ക്കുവാനുള്ള വിത്തുകള്‍ അവ മണ്ണില്‍ വീഴ്‌ത്തിക്കഴിഞ്ഞു. പുതുതായി പണി തീരുന്ന കെട്ടിടങ്ങള്‍ക്കു മുന്നില്‍ സ്വാഭാവികമായി വളരുന്ന സസ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു ചെറിയ മിയാവാക്കി മാതൃകാ വനം സൃഷ്ടിക്കുന്നതിനു പകരം പുല്ലും, പനയും വച്ചു പിടിപ്പിച്ചു ചിത്ര ശലഭങ്ങളില്ലാത്ത, മണ്ണിരകളില്ലാത്ത ഉദ്യാനങ്ങള്‍ ഇനിയും നിര്‍മ്മിക്കണോ? നഗര വല്‌ക്കരണത്തിനോ, വ്യവസായ വല്‌ക്കരണത്തിനോ, മറ്റെന്തെങ്കിലിനുമോ ആയി ജൈവ വൈവിധ്യത്തെ തുടച്ചു മാറ്റി നമ്മള്‍ പടുത്തുയര്‍ത്തിയ കോണ്‍ക്രീറ്റു കൂമ്പാരങ്ങള്‍ക്കിടയില്‍ പച്ചത്തുരുത്തുകള്‍ തീര്‍ക്കുന്നതാണോ പ്രകൃതി വിരുദ്ധം?
ഇതോടൊപ്പം ചിന്തിക്കേണ്ട ഗുരുതരമായ വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. ഈ നൂറ്റാണ്ടില്‍ തന്നെ താപനില ഒരു ഡിഗ്രി സെന്റിഗ്രേഡ് മുതല്‍ മൂന്നു ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയരാമെന്നും, അതു സമുദ്ര ജല നിരപ്പുയര്‍ത്തുന്നതടക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, സമുദ്രതീര നഗരങ്ങള്‍ ചിലതെങ്കിലും വെള്ളത്തിനടിയിലാവുമെന്നും ഒക്കെ കേള്‍ക്കുന്നു.
ആഗോള താപനത്തെ ചെറുക്കാനുള്ള ഏറ്റവും എളുപ്പമുള്ള തന്ത്രങ്ങളിലൊന്നാണ് മരം നടീല്‍. മരങ്ങള്‍ കാര്‍ബണ്‍ ഘടകങ്ങളെ സ്വന്തം ശരീരത്തില്‍ സൂക്ഷിക്കുകയും ഭൂമിയില്‍ നിന്നു വലിച്ചെടുക്കുന്ന ജലം ബാഷ്‌പമായി പുറത്തു വിട്ട് അന്തരീക്ഷത്തെ തണുപ്പിക്കുകയും ചെയ്യും. ഇന്ന് നമുക്കറിയാവുന്ന ഏറ്റവും വേഗമേറിയ വനവല്‌ക്കരണ മാര്‍ഗ്ഗമാണ് മിയാവാക്കി മാതൃക. എത്ര ചെറിയ സ്ഥലത്തും ചെയ്യാമെന്നതാണതിന്റെ മറ്റൊരു പ്രത്യേകത. അതു വേണ്ടെന്നു വയ്‌ക്കൂ, നമുക്ക് നാച്വറല്‍ മാതൃകയുമായി കാത്തിരിക്കാം എന്നു പറയുന്നവരാണോ നാച്വറലിസ്‌റ്റുകള്‍? എങ്കില്‍ അംഗഭംഗം വന്ന ഒരാളോട്, കൃത്രിമക്കാല്‍ വെയ്‌ക്കരുത്, യഥാര്‍ത്ഥ കാല്‍ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്, കാത്തിരിക്കൂ എന്നു പറയുന്നതു പോലെയാണത്.
ലേഖനത്തോടു പ്രതിഷേധിച്ച് ഈ കുറിപ്പെഴുതാന്‍ കാരണം അതിന്റെ മൊത്തത്തിലുള്ള സ്വഭാവവും, അതു മുന്നോട്ടു വയ്‌ക്കുന്ന ആശയവുമാണ്. നാച്വറലിസ്റ്റുകള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍, നാച്വറല്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന വനവല്‌ക്കരണ രീതികളാണ് മിയാവാക്കി മാതൃകയേക്കാള്‍ ഭേദം എന്നു കാലാവസ്ഥാ വ്യതിയാനത്തിന്റെ പടിവാതില്‍ക്കല്‍ നില്‌ക്കുന്ന നമ്മളോട് ആ ലേഖനം പറഞ്ഞു വയ്‌ക്കുന്നു.
ചെടികളുടെ നടീല്‍ സാന്ദ്രത കൂടുതലായതിനാല്‍ വന്യമൃഗങ്ങള്‍ക്കു വിഹരിക്കാന്‍ പറ്റുന്നില്ല, മിയാവാക്കി മാതൃകയ്‌ക്കു ചെലവു കൂടുതലാണ്, അതില്‍ നിന്നുണ്ടാകുന്ന തൊഴില്‍ ദിനങ്ങള്‍ വളരെ കുറവാണ്, ചെടികളെ തെറ്റിദ്ധരിപ്പിച്ച് വേഗത്തില്‍ വളര്‍ത്തുകയാണ് തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇവയൊക്കെ കുറെയൊക്കെ ശരിയുമാണ്. പക്ഷെ ശക്തമായ മറു ചോദ്യങ്ങളുണ്ട്. ചതുരശ്ര അടിക്കു മുവായിരവും നാലായിരവും രൂപ മുടക്കി നമ്മള്‍ സൃഷ്ടിക്കുന്ന കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയില്‍ ചെറിയ ഒരു പച്ചത്തുരുത്തെങ്കിലും തീര്‍ക്കാന്‍ മുന്നൂറോ നാനൂറോ രൂപ ചെലവാക്കുന്നത് അതിക്രമമാണോ? നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു പച്ചപ്പു നമ്മള്‍ വരണ്ടിയെടുക്കുമ്പോള്‍ നാടുവിടേണ്ടി വരുന്ന പ്രാണികളും ചിത്രശലഭങ്ങളും പക്ഷികളും ചെറു ജീവികളുമൊക്കെ സ്വാഭാവിക വനത്തിനായി എത്ര കാലം കാത്തിരിക്കണം അല്ലെങ്കില്‍ എത്ര ദൂരം പോകണം? കുറഞ്ഞ കാലം കൊണ്ടു പച്ചപ്പു തിരിച്ചു കൊണ്ടു വരുവാന്‍ മറ്റെന്തു മാര്‍ഗ്ഗമാണ് നമ്മുടെ മുമ്പിലുള്ളത്? പ്രകൃതിയെ സംബന്ധിച്ചിടത്തോളം കാട്ടുപോത്തും കരടിയും പോലെ തന്നെ പ്രധാനമല്ലേ പക്ഷികളും ഷഡ്‌പദങ്ങളും മണ്ണിലെ സൂഷ്‌മ ജീവികളും മണ്ണിരയുമെല്ലാം?
നമ്മള്‍ കൂടുതല്‍ താരതമ്യ പഠനങ്ങള്‍ നടത്തണം. മിയാവാക്കി വനങ്ങളും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്ന സ്വാഭാവിക വനങ്ങളും തമ്മില്‍ അല്ല, മറിച്ച് മിയാവാക്കി മാതൃകാ വനങ്ങളും, നാച്വറലിസ്റ്റുകള്‍ സൃഷ്ടിക്കുന്ന കൃത്രിമ വനങ്ങളും തമ്മിലാണു താരതമ്യം വേണ്ടത്. മിയാവാക്കി മാതൃക തയ്യാറാക്കുവാനായി പ്രൊഫസര്‍ മിയാവാക്കി എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനങ്ങളെ ആരും ചോദ്യം ചെയ്യുന്നതായി കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മാതൃകകള്‍ പിന്തുടരുന്നവര്‍ വരുത്തുന്ന വീഴ്‌ചകള്‍ക്ക് ആ മാതൃക എങ്ങനെ ഉത്തരവാദിയാകും?
ദി ഹിന്ദുവിൽ വന്ന നിഖിൽ ഈപ്പന്റെ ലേഖനം
Posted Date 13-04-2022