കഴിഞ്ഞ കുറേ വർഷങ്ങളായി ചുറ്റുമുളള മാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അറിയാം, പ്രകൃതിയാകെ താളം തെറ്റിയിരിക്കുകയാണ്. വ്യവസായവത്കരണവും നഗരവത്കരണവും കൊണ്ടുണ്ടാകുന്ന വിനാശകരമായ പ്രവൃത്തികൾ പ്രകൃതിയുടെ ജൈവതാളത്തെയാകെ മാറ്റിമറിച്ചതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ദിനംപ്രതി വ്യാപ്തി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്ക് പിന്നിൽ നമ്മുടെ ഉൾക്കാഴ്ച്ചയില്ലാത്ത പ്രവൃത്തികളാണ്. എങ്കിലും ഈ ഇരുണ്ട മേഘങ്ങൾക്കിടയിൽ പ്രതീക്ഷയുടെ നുറുങ്ങുവെട്ടം തെളിഞ്ഞിരിക്കുകയാണ്.
2017 ഒക്ടോബർ 28നാണ് പുളിയറക്കോണത്തെ ഭൂമിയിൽ കൂണുകളുടെ ചെറിയൊരു കൂട്ടം ശ്രദ്ധയിൽപ്പെട്ടത്. 2009 മുതൽ ഇവിടം പച്ച പിടിപ്പിക്കാനായി എം. ആർ. ഹരി പ്രയോഗിക്കാത്ത വനവത്കരണ മാർഗങ്ങളില്ല. കൂണുകൾ മുളച്ചുകണ്ടത് സന്തോഷമുളവാക്കി എങ്കിലും അപ്പോൾ അതിൽക്കവിഞ്ഞൊരു ശ്രദ്ധ നൽകിയില്ല. മണ്ണ് അതിന്റെ ജൈവികത തിരിച്ചു പിടിക്കുന്നതിന്റെ ലക്ഷണമെന്ന നിലയിൽ ശുഭസൂചനയായി തോന്നി.
കൃത്യം ഒരു വർഷം തികഞ്ഞ 2018 ഒക്ടോബർ 28നു തന്നെ അതേയിടത്ത് വീണ്ടും കൂണുകൾ മുളച്ചു. എല്ലാവർക്കും കൗതുകമായി. യാദൃശ്ചികം മാത്രമാവാം എന്നു കരുതി ഒരു വർഷം കാത്തിരിക്കാമെന്നു തീരുമാനിച്ചു. അത്ഭുതമെന്നു പറയട്ടെ, 2019 ഒക്ടോബർ 28നും അതേയിടത്ത് കൂണുകൾ പ്രത്യക്ഷപ്പെട്ടു! ശല്യം ചെയ്യാതിരുന്നാൽ പ്രകൃതി അതിന്റെ താളം വീണ്ടെടുക്കുമെന്നും സ്വയം മുറിവുണക്കുമെന്നും ഓർമ്മിപ്പിക്കുന്നതു പോലെ.
കൃത്രിമമായ ഉൽപ്രേരകങ്ങൾ ഒന്നുമില്ലാതെ തന്നെ പ്രകൃതിയുടെ ജൈവഘടികാരം കൃത്യതയോടെ പ്രവർത്തിക്കുമെന്നതിന് ഈ സംഭവമൊരു പാഠമായിരുന്നു ഞങ്ങൾക്ക്. ഈയൊരു പ്രക്രിയയെ കുറിച്ചു പഠിക്കാനും വിശകലനം ചെയ്യാനും പകർത്താനും ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ കഴിയാവുന്ന രീതിയിലെല്ലാം പ്രകൃതിയുടെ പുനരുജ്ജീവനത്തിന് വഴിയൊരുക്കാനും.
Posted Date 30-10-2019