പ്രഫസർ മിയാവാക്കി 2021 ജൂലൈ 16 ാം തിയതി അന്തരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നത് ജൂലൈ 23നാണ്. അതിനു ശേഷം ഓഗസ്റ്റ് 2നാണ് ഈ വാർത്ത പുറംലോകം അറിയുന്നത്. ജപ്പാനിൽ ഒളിമ്പിക്സ് നടക്കുന്നതു കൊണ്ട് പുറത്തേക്ക് വിടാത്തതാണോ അതോ എന്തെങ്കിലും ആചാരങ്ങളുടെ ഭാഗമായി പുറത്തുവിടാത്തതാണോ എന്നറിയില്ല. എന്തായാലും ഓഗസ്റ്റ് 2 നാണ് ലോകം മുഴുവനും ഈ വാർത്ത പോകുന്നത്. അന്നുതന്നെ നമുക്കീ മെയിൽ കിട്ടി. അന്നു തന്നെ ഗൂഗിളിലുമൊക്കെ അപ്ഡേറ്റ് ചെയ്തു.

ലോകമെമ്പാടുമായി നാല് കോടി മരം വെച്ചു പിടിപ്പിച്ചൊരു മനുഷ്യനാണ്. 17 രാജ്യങ്ങളിൽ നേരിട്ട് അദ്ദേഹം തന്നെ മൂന്നര നാല് കോടിയോളം മരങ്ങൾ വെച്ചു പിടിപ്പിച്ചു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മളെ പോലുളള ആളുകൾ വെച്ചു പിടിപ്പിച്ചതും എല്ലാം കൂടി ഇരുപതോ മുപ്പതോ കോടിയോ അതിലധികമോ ചിലപ്പോൾ കണ്ടേക്കാം.

അദ്ദേഹത്തിന് ആദരാഞ്ജലി തയ്യാറാക്കാനായി ഞാൻ കഴിഞ്ഞാഴ്ച്ച ഒരു വീഡിയോ ചെയ്തു. ആ വീഡിയോയുടെ സബ്ടൈറ്റിലിങ്ങ് കഴിഞ്ഞപ്പോ എനിക്ക് വാട്സപ്പിലൊരു മെസേജ് കിട്ടി. മിയാവാക്കി മാതൃക കേരളത്തിനു യോജിച്ചതല്ല എന്നു പറയുന്ന ഒരു മെസേജാണ്. ഒരു സംവാദം ഇതിൽ ആവശ്യമാണ് ഇനിയെങ്കിലും എന്നാണ് സന്ദേശത്തിന്റെ ചുരുക്കം.

സംവാദമെന്നു പറഞ്ഞാൽ ആളുകൾ തമ്മിലൊരു വിഷയത്തെക്കുറിച്ചു തർക്കിക്കുന്ന ഒരു രീതിയാണ് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ഒരാൾ അയാൾ പഠിച്ച ഭാഗം പറയുന്നു, വേറൊരാൾ അതിനെ സമർത്ഥിക്കുന്നു. ആരെങ്കിലുമൊരാൾ ജയിക്കുന്നു. പണ്ട് രാജസദസുകളിൽ ഇതുപോലെ സംവാദം നടന്നിരുന്നു. ഉദണ്ഡ ശാസ്ത്രികളുടെ കഥ പ്രസിദ്ധമാണല്ലോ - സദസിലെത്തിയ ഉദണ്ഡ ശാസ്ത്രികളോട് ആകാരം ഹ്രസ്വ - അദ്ദേഹം ചെറിയ ആളാണ് - എന്നു പറഞ്ഞ് കളിയാക്കുകയും മറുപടിയായി അദ്ദേഹം അകാരം ഹ്രസ്വ ആകാരം ദീർഘ എന്നു പറഞ്ഞു തർക്കിച്ചു ജയിച്ച കഥ.

ഇത്തരം തർക്കങ്ങളിൽ ജയിക്കുന്നവർ രാജസദസുകളിൽ പണ്ഡിത സ്ഥാനത്തേക്കു വരും. ഇപ്പോൾ അങ്ങനെയുളള സദസുകൾ ഇല്ലാത്തതു കൊണ്ട് ടെലിവിഷൻ ചാനലുകളിലാണ് ഇത്തരം സംവാദമൊക്കെ നടക്കുന്നത്. അവിടെ ആരും ജയിക്കില്ല, അവതാരകൻ സമയമാവുമ്പോൾ ഓഫ് ചെയ്യും. അല്ലെങ്കിൽ അവതാരകൻ തന്നെ ജയിക്കും. കാരണം അടുത്ത ദിവസം ഇത് തുടർന്നു കൊണ്ടുപോകണം.

പക്ഷെ ശാസ്ത്രത്തിന്റെ ഒരു രീതി അതല്ല. ഇതിൽ പരിസ്ഥിതിവാദികളും പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുമുണ്ട്. ഞാനൊക്കെ പരിസ്ഥിതി വാദിയാണ്, ശാസ്ത്രം പഠിച്ചിട്ടില്ല. പരിസ്ഥിതിയോട് അനുകൂലമായ നിലപാടുകൾ എടുക്കുന്ന ഒരാളെന്നേ എനിക്ക് എന്നെക്കുറിച്ച് പറയാന് പറ്റുകയുളളൂ. ഇതുപോലുളള ഒരുപാട് പേരുണ്ട്. അതിൽത്തന്നെ ഒരുപാട് അവസ്ഥാ വിശേഷങ്ങളുണ്ട്. കവി, കാമുകൻ, ഭ്രാന്തൻ എന്നൊക്കെ പറയുന്നതു പോലെ, ഒരില പോലും പറിയ്ക്കരുത് എന്നൊക്കെ വാദിക്കുന്ന ആളുകളുമുണ്ട്. ഒരു മാറ്റവും വരുത്തരുത്, ലോകം അങ്ങനെത്തന്നെ നിക്കണം എന്നൊക്കെ വാദിക്കുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ആഗ്രഹങ്ങളും തീരുമാനങ്ങളുമൊക്കെയാണല്ലോ. അതിലൊന്നും നമുക്ക് ഇടപെടാൻ കഴിയില്ല.

പക്ഷെ ശാസ്ത്രത്തിന് ശാസ്ത്രത്തിന്റേതായ രീതിയുണ്ട്. ഒരു ശാസ്ത്രസത്യം ആളുകളിലേക്ക് എത്തിക്കുക എന്നു പറയുമ്പോൾ ശാസ്ത്രകാരൻ ചെയ്യേണ്ടത് അതിൽ ഗവേഷണം നടത്തുക എന്നുളളതാണ്. ഗവേഷണം നടത്തി അദ്ദേഹത്തിനു കിട്ടുന്ന ഫലമൊരു ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിക്കണം. അത് അന്താരാഷ്ട്ര തലത്തിൽ ആളുകൾക്ക് ലഭ്യമായിരിക്കണം. മറ്റ് ശാസ്ത്രജ്ഞന്മാർക്കിത് പകർന്നു കൊടുക്കണം. അവർ അവരുടെ മറുഭാഗം പറയും. അല്ലെങ്കിൽ അതിനു ബദലായിട്ടുളള ഗവേഷണങ്ങൾ നടത്തി ഈ പഠനം തെറ്റാണെന്നു തെളിയിക്കും.

അത് തെറ്റാണെന്നു തെളിയിക്കുന്നതുവരെ നമ്മൾ ആദ്യമുളള സാധനം തന്നെ അംഗീകരിക്കും. അതായത് അംഗീകാരം കിട്ടിയ ഒരാൾ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് നമ്മൾ വിശ്വസിക്കും അല്ലെങ്കിൽ പിന്തുടരും. അത് തെറ്റാണെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിൽ നമ്മൾ ഗവേഷണം നടത്തി തെറ്റാണെന്ന് തെളിയിക്കണം. അല്ലെങ്കിൽ വേറേ ഏതെങ്കിലുമൊരു ശാസ്ത്രജ്ഞൻ അത് തെറ്റാണെന്നു തെളിയിക്കണം. ഇതാണതിന്റെയൊരു രീതി.

ഇവിടെ പ്രഫ. മിയാവാക്കിയുടെ കാര്യത്തിൽ അദ്ദേഹം പരിസ്ഥിതി ശാസ്ത്രജ്ഞനാണ്. യോക്കോഹോമ യൂണിവേഴ്സിറ്റിയിലെ എൻവയോൺമെന്റ് ഡിപ്പാർട്ട്മെന്റിലെ ഫൗണ്ടിങ്ങ് പ്രഫസറാണ്. അവിടെ അദ്ദേഹം എമരിറ്റസ് പ്രഫസർ ആയി 40 വർഷത്തോളം ജോലി ചെയ്തിട്ടാണ് റിട്ടയർ ചെയ്തത്. 93ാം വയസിലാണ് അദ്ദേഹം മരിക്കുന്നത്. 50കളിൽ ജർമ്മനിയിൽ പോയി. അദ്ദേഹത്തിന്റെ പഠനത്തിന്റെ ആദ്യഭാഗം ജർമ്മൻ സർവകലാശാലയിലാണ്. അവിടുന്ന് തിരിച്ചു വന്നതിനു ശേഷം ഇവിടെ നടത്തിയ പഠനങ്ങളുടെ ഫലമായി അദ്ദേഹം വളരെ വലിയൊരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹീലിങ് പവർ ഓഫ് ഫോറസ്റ്റ് (The Healing Power of Forests) അല്ല, അതിനു മുമ്പ് വെജിറ്റേഷനുകളെ കുറിച്ച് അദ്ദേഹത്തിന്റെ വളരെ വലിയൊരു പ്രബന്ധമുണ്ട്. അത് 1970 ലോ മറ്റോ പ്രസിദ്ധീകരിച്ചതാണെന്നാണ് എന്റെ ഓർമ്മ. ആ പ്രോജക്ടിൽ അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച ആളാണ് പിന്നീട് കേരളം സന്ദർശിച്ച് ഫ്യുജിവാര കസ്യു (Prof. Kazue Fujiwara).

ആ പ്രബന്ധത്തിൽ അദ്ദേഹത്തിന്റെ രീതിയെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ഇത് ലോകം മുഴുവൻ പ്രസിദ്ധീകരിച്ചു 17 രാജ്യങ്ങളിലായി അദ്ദേഹം മൂന്നരക്കോടി വനം വെച്ചു പിടിപ്പിച്ചു. ഇപ്പോൾ കേരളത്തിനതു ചേരുന്നതല്ലെന്നു നമ്മൾ പറയണമെങ്കിൽ കേരളത്തിൽ അതിനെക്കുറിച്ച് പഠനം നടത്തണം. അല്ലാതെ നമ്മൾ വികാരപരമായി ഇതു പറ്റില്ല എന്നു പറയുന്നതിൽ കാര്യമില്ല. ഒന്നുകിൽ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിഗമനങ്ങൾ തെറ്റാണെന്നൊരു ലേഖനം എഴുതി സ്ഥാപിക്കണമായിരുന്നു. അദ്ദേഹം മരിച്ചു കഴിഞ്ഞായാലും ജീവിച്ചിരിക്കുമ്പോഴായാലും ശാസ്ത്രീയമായൊരു പ്രബന്ധത്തെ എതിർക്കുകയാണെങ്കിൽ ശാസ്ത്രീയമായിത്തന്നെ എതിർക്കണം. വികാരപരമായി അത് ശരിയല്ല, കേരളത്തിനു ചേർന്നതല്ല, കേരളത്തിന്റെ കാവുകളേക്കാൾ മഹത്തരമായിട്ടുളളത് വേറെന്താണുളളത് എന്നൊക്കെ ചോദിക്കുന്നത്.

കേരളത്തിന്റെ കാവുകൾ മഹത്തരമാണ്. ഒരു സംശയവുമില്ല. അതുപോലെത്തന്നെ ജപ്പാനിലും കാവുകൾ ഉണ്ടായിരുന്നു. ലോകത്ത് പലയിടത്തും ഇതുണ്ടായിരുന്നിരിക്കാം. കാരണം ആദിമ മനുഷ്യന്റെ ആരാധന തുടങ്ങുന്നതു തന്നെ മൃഗങ്ങളെയും വൃക്ഷങ്ങളെയും ഒക്കെയായിരുന്നു. നഗരവത്കരണം കൂടിക്കൂടി വരുന്നതിനനുസരിച്ച് ഇതിനോടൊക്കെയുളള താത്പര്യം കുറഞ്ഞ് ഇതില്ലാതെയായി. കേരളത്തിലെ കാവുകളെ കണ്ടുപഠിക്കു എന്ന് എനിക്കൊരുപാട് മെസേജുകൾ വരാറുണ്ട്. അവരോടൊക്കെ എനിക്കൊരു കാര്യമേ ചോദിക്കാനുളളു. ഞാനിതു കണ്ടുപഠിക്കാൻ തത്പരനാണ്. കഴിഞ്ഞ നൂറു വർഷത്തിൽ കേരളത്തിൽ എവിടെയാണ് കാവ് ഉണ്ടായിട്ടുളളത്? ഉളള കാവ് നശിപ്പിക്കുകയല്ലാതെ ഏതെങ്കിലുമൊരു കാവിൽ എത്രപേർ മരം വെച്ചു പിടിപ്പിച്ചിട്ടുണ്ട്? ഏതെങ്കിലും ഒരു കാവിന്റെ വിസ്തൃതി കൂടിയിട്ടുണ്ട്? പിന്നെ നമ്മൾ അതിൽനിന്നെന്തു പഠിക്കാനാണ്?

ഈ കാവുകളൊന്നും നിർമ്മിച്ചതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഈ കാവുകളിവിടെ ഉണ്ടായിരുന്നതാണ്. കേരളം മുഴുവൻ മരവും ചെടിയും നിറഞ്ഞു നിന്നൊരു പ്രദേശമാണ്. അത് മനുഷ്യൻ താമസിക്കാൻ വേണ്ടി ചെറുതാക്കി ചെറുതാക്കി ഈ മരങ്ങളെ വെട്ടിത്തെളിച്ചു വന്നപ്പോൾ കുറച്ചു ഭാഗങ്ങളെ ആരാധനയ്ക്കു വേണ്ടി മാറ്റിവെച്ചു. അവയാണ് കാവുകളായിട്ട് അവശേഷിക്കുന്നത്. ജനസംഖ്യ കൂടുന്നതിനനുസരിച്ച്, അല്ലെങ്കിൽ ഭൂമിയുടെ വില കൂടുന്നതിനനുസരിച്ച്, നമ്മുടെ സാമ്പത്തിക താത്പര്യങ്ങൾ കൂടുന്നതിനനുസരിച്ച് ആ കാവുകളെയും നമ്മൾ ആക്രമിക്കാൻ തുടങ്ങി. കഴിഞ്ഞൊരു നൂറു നൂറ്റമ്പതു വർഷമായിട്ട് ഈ കാവുകളെ വെട്ടിനിരത്തുക മാത്രമാണ് നമ്മൾ ചെയ്തിട്ടുളളത്. പുതുതായിട്ടൊന്നും വെച്ചിട്ടില്ല. അങ്ങനെയുളള ഒരു സാഹചര്യത്തിലാണ് നമ്മൾ മരങ്ങൾ വെച്ചു പിടിപ്പിക്കണമെന്നു പറയുന്നത്. അവിടെ മിയാവാക്കി മാതൃക കൊണ്ടുവരാൻ നമ്മൾ ഒരേയൊരു കാര്യമേ കാണുന്നുളളൂ. വളരെ പെട്ടെന്നു മരം വെച്ചു പിടിപ്പിക്കാൻ വേറെ ഒരു മാർഗവുമില്ല.

പിന്നെ ഉളളത് മിയാവാക്കി മാതൃകയുടെ ചെലവാണ്. പക്ഷെ കഴിഞ്ഞൊരു അമ്പതു വർഷമായിട്ട് കേരളത്തിൽ വേറെ ഏതു മാർഗത്തിൽ വെച്ച മരങ്ങളാണ് ബാക്കിയുളളത്. എവിടെയാണത് കാണാൻ കഴിയുന്നത് ? ഈ ചെലവ് എന്നു പറയുമ്പോൾ അതിന്റെ എന്താണ് ചെലവ്. ഈ കാട് വെക്കുന്നയാളുകൾ വീട്ടിൽ കൊണ്ടുപോവുകയല്ല. അതിന് ചാണകം, ഉമി, വളം മേടിക്കണം, പണിക്കാർ വേണം, ഗ്രോ ബാഗുകൾ വേണം. അത് നിറയ്ക്കാൻ ആളുകൾ വേണം. അതുമായി ബന്ധപ്പെട്ട ഒരുപാട് ചെലവുകളുണ്ട്. ആ ചെലവുകൾ ഇല്ലാതെ ഒരിക്കലും ഈ രീതിയിൽ ഒരു കാടുണ്ടാവുകയില്ല. ഇനി ഇതിന്റെയൊരു വ്യാവസായിക മൂല്യം, വാണിജ്യപരമായ വിലയിരുത്തൽ. ഇത്രയും പൈസ ചെലവാക്കിയാൽ അതിനുളള മൂല്യം കിട്ടുമോ എന്നുളളതാണ്. ഒറ്റ ഉദാഹരണം എടുക്കാം.

പ്രഫ. മിയാവാക്കി അദ്ദേഹത്തിന്റെ ജീവിതകാലത്തു വെച്ചുപിടിപ്പിച്ചത് മൂന്നരക്കോടി മരങ്ങളോ മറ്റോ ആണ്. ജപ്പാനു പുറത്ത് വേറെുമുണ്ട്, 17 രാജ്യങ്ങളിലായിട്ട്. എല്ലാംകൂടി മൂന്നരക്കോടി മരങ്ങളെന്നു വെക്കുക. ഈ മൂന്നരക്കോടി മരങ്ങളിൽ പകുതി വളർന്നു എന്നു വിചാരിക്കുക. ഞാൻ ജപ്പാനിൽ പോയി അദ്ദേഹം വെച്ച അമ്പതു വർഷമായ കർപ്പൂരമരങ്ങൾ നിൽക്കുന്നതു കണ്ടതാണ്. ആ മരത്തിനിപ്പോഴത്തെ ഒരു മാർക്കറ്റ് വില അനുസരിച്ച് രണ്ടുലക്ഷം രൂപ വിലയുണ്ട്. നമ്മൾ രണ്ടുലക്ഷം കൂട്ടണ്ട. ഒരു മരത്തിന് പതിനായിരം രൂപ കൂട്ടാം. രണ്ടുകോടി മരങ്ങൾക്കു പതിനായിരം രൂപ വില വന്നാൽ പ്രഫ. മിയാവാക്കിയുടെ പ്രവർത്തനഫലമായിട്ട് ഭൂമിയിൽ അവശേഷിക്കുന്ന മരങ്ങളുടെ വില ഇരുപതിനായിരം കോടി രൂപയാണ്. എന്തായാലും അത്രയും കോടി രൂപ മുടക്കിയല്ലല്ലോ അദ്ദേഹമത് കുഴിച്ചു വച്ചത്.

എന്നു പറഞ്ഞതുപോലെ നമ്മളിവിടെ വെക്കുന്ന മരങ്ങളുടെ വില അമ്പതു വർഷം കഴിയുമ്പോൾ ഉണ്ടാകുന്ന വളർച്ചയുടെ അടിസ്ഥാനത്തിലാണ് കൂട്ടേണ്ടത്. ജീവനുളള വസ്തുക്കൾക്കാണ് വിലയുളളത്. മനുഷ്യന് വിലയുണ്ട്. ഏറ്റവും വിലയുളള വസ്തു മനുഷ്യൻ തന്നെയാണ്. മനുഷ്യന്റെ മൃതശരീരത്തിന് മെഡിക്കൽ കോളേജിൽ കൊണ്ടു കൊടുത്താൽ ആയിരം രൂപയേ കിട്ടുകയുളളു. അതുകൊണ്ട് ഞാനെന്റെ മൃതശരീരം ഏറ്റവും അടുത്തുളള സർക്കാർ മെഡിക്കൽ കോളേജിന് സൗജന്യമായിട്ടു കൊടുക്കാൻ വിൽപത്രം എഴുതിവെച്ചിരിക്കുകയാണ്. പ്രത്യേകിച്ചു വിലയൊന്നും കിട്ടില്ല. ഇതുതന്നെയാണ് മരത്തിനും നമ്മൾ കാണേണ്ടത്. നമ്മൾ തടിയെയാണ് വിലയുളള സാധനമായിട്ട് പറയുന്നത്. തേക്കുംതടിക്ക് ഇത്ര വില, ഈട്ടിത്തടിക്ക് ഇത്ര വില എന്നിങ്ങനെ. തേക്കു മരമോ ഈട്ടിമരമോ ജൈവമായിട്ടുളള ഒരു സാധനമാണ്. അതവിടെ നിൽക്കുമ്പോൾ ഭൂമിയിൽ നിന്നത് വെളളമെടുത്ത് ആകാശത്തേക്ക് കൊണ്ടുപോകുന്നു. പക്ഷികൾക്ക് കൂടുവെക്കാൻ സ്ഥലം കൊടുക്കുന്നു. നമുക്ക് ഭക്ഷണം തരുന്നു. കാർബൺ ഡയോക്സൈഡ് കുറക്കുന്നു. ഇങ്ങനെ ആ മരത്തിന്റെ സേവനങ്ങൾക്ക് നമ്മൾ വിലയിടുന്നില്ല. അതിന് വിലയിട്ടാൽ ഈ മൃതശരീരങ്ങൾക്കുളളതിനേക്കാൾ എത്രയോ ഇരട്ടിയാണ് മരത്തിന്റെ വില.

പ്രഫ. മിയാവാക്കി പറയുന്ന രീതിയിൽ നമ്മൾ വെക്കുന്ന കാട്ടിലെ ഓരോ മരവും ചെലവല്ല. അത് നിക്ഷേപമാണ്. ഭാവി തലമുറക്കു വേണ്ടിയുളള നിക്ഷേപം. ഈ മരങ്ങൾ നിങ്ങളുടെ വീടിനു ചുറ്റും നിന്ന് നിങ്ങൾക്ക് ഓക്സിജൻ തരുന്നു. കേരളത്തിലെ ഭൂഗർഭജലത്തിന്റെ അവസ്ഥയെന്താണ് ? പതിനെട്ടടി താഴെ കുഴിച്ചാലും വെളളം കിട്ടാത്ത അവസ്ഥയാണ്. ഓരോ വർഷവും ഭൂഗർഭജലം താഴോട്ടു പോവുകയാണ്. ഇതെ കുറിച്ചൊക്കെ ഒരുപാട് പഠനങ്ങളുണ്ട്. അതുകൊണ്ട് ഞാൻ തർക്കത്തിലേക്കൊന്നും പോകുന്നില്ല.

ഇനി മിയാവാക്കി മാതൃക കേരളത്തിന് അനുയോജ്യമല്ല എന്ന് ശാസ്ത്രീയമായി ആരെങ്കിലും തെളിയിച്ചാൽ ഞാനവരോടൊപ്പം ചേരാൻ തയ്യാറാണ്. അന്നു ഞാൻ മിയാവാക്കി നിർത്തി അവരു പറയുന്ന മാർഗത്തിലേക്കു പോകാം. വികാരപരമായി മുകളിലോട്ടു നോക്കി ഹൃദയത്തിൽ കാടുണ്ടെന്നു പറഞ്ഞാൽ എല്ലാവരുടെയും ഹൃദയത്തിൽ കാടുണ്ട്. മനുഷ്യൻ ജനിച്ചത് കാട്ടിലാണ്. നിങ്ങളുടെയും എന്റെയുമൊക്കെ ഹൃദയത്തിൽ കാടുണ്ട്. ഇത് പുറത്തെടുക്കാൻ സൗകര്യമുണ്ടെങ്കിൽ നമ്മളെടുക്കും. ജീവിക്കാൻ അത്യാവശ്യം മാർഗങ്ങളുളള സമയത്താണീ പരിസ്ഥിതിയിലേക്ക് ഞാനിറങ്ങിയിരിക്കുന്നത്. പത്തിരുപത് വർഷം എനിക്കൊന്നും ചെയ്യാൻ പറ്റിയിട്ടില്ല. കാരണം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആളുകൾക്ക് ശമ്പളത്തിനുളള പൈസ കണ്ടെത്തുക എന്നുളളതായിരുന്നു എന്റെ പ്രധാന ജോലി. ആ സമയത്ത് പ്രകൃതി എന്നു പറഞ്ഞ് എനിക്കിറങ്ങാനാവില്ല.

നമ്മളെല്ലാം കാട്ടിൽ ജനിച്ചവരാണ്. ആദിമമനുഷ്യൻ കാട്ടിലാണ് ജനിച്ചത്. നമ്മുടെയെല്ലാം ജീനിൽ ഈ കാടിന്റെ അംശമുണ്ട്. ചില സമയത്തിത് പുറത്തേക്കു വരും. ചിലർക്കിത് കൂടുതലായിരിക്കും. ചിലർക്കു കുറവായിരിക്കും. പരിസ്ഥിതിവാദികളോട് എനിക്കു ബഹുമാനമുണ്ട്. കാരണം പരിസ്ഥിതി അവബോധം ഉണ്ടാക്കുന്നത് അവരാണ്. അതൊക്കെ ശരിയാണ്. പക്ഷെ പുതിയൊരു സാധനം, അല്ലെങ്കിൽ അവർ പഠിച്ചിട്ടില്ലാത്ത ഒരു സാധനത്തെ കണ്ണുമടച്ച് ഇതുശരിയല്ല എന്നു പറയുന്ന രീതി അംഗീകരിക്കാനാവില്ല. ഭൂമിയിൽ 57 ശതമാനം കാടുണ്ടായിരുന്നു. അത് 50 ശതമാനമായി കുറയുന്നത് 1800ലാണ്. വ്യാവസായിക വിപ്ലവത്തിനു തൊട്ടുമുമ്പ്. വ്യവസായിക വിപ്ലവം മുതൽ ഇന്നുവരെയുളള കണക്കെടുത്താൽ ഇരുന്നൂറ് വർഷം കൊണ്ട് 12 ശതമാനം മരങ്ങളെവിടെ പോയി ? 57 ലെ 12 ശതമാനമാണ്, ഏകദേശം 26. മൊത്തം 57 ശതമാനം കാടുണ്ടായിരുന്നിടത്ത് ഇന്ന് 38 ശതമാനം ഭൂമിയിൽ മാത്രമാണ് കാടുളളത്. ആകെ കാടിന്റെ മൂന്നിലൊന്നു നമ്മൾ നശിപ്പിച്ചു കഴിഞ്ഞു. ഇനിയും നശിപ്പിച്ചാൽ ശരാശരി താപനില മേലോട്ടു പോകും. അത് പോകാതിരിക്കാനുളള ശ്രമങ്ങളാണീ നടത്തുന്നത്. നമുക്കാർക്കും വേണ്ടിയല്ല. നമ്മുടെ അടുത്ത തലമുറയ്ക്കു വേണ്ടിയാണ്. നമ്മുടെയൊക്കെ ജീവിതം കഴിഞ്ഞതാണ്.

മരം വെച്ചില്ലെങ്കിലും മരം വെക്കുന്നതെങ്ങനെ എന്ന് അമ്പതുവർഷമായി ചർച്ച നടത്തിക്കൊണ്ടിരിക്കുന്നവരാണ് മഹാഭൂരിപക്ഷവും. ആ ചർച്ചകൾ ഇനിയൊരു അമ്പതു വർഷം കൂടി നടത്താം. അതൊരു വശത്തു കൂടി നടക്കട്ടെ. അതിനിടയ്ക്ക് സോളിഡായൊരു ഗവേഷണഫലം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന തരത്തിൽ വന്നാൽ അതു നമ്മൾ സ്വീകരിക്കുകയും ചെയ്യാം. അതുവരേക്കും ഇപ്പോൾ കൈയിലുളള മാർഗം തുടരാം എന്നുളളതാണ്. ഞാൻ രണ്ട് ഉദാഹരണങ്ങൾ കൂടി കാണിക്കാം.

പതിനഞ്ച് വർഷം ഒരു സ്ഥലം വെറുതേയിട്ടാൽ അണ്ണാറക്കണ്ണനും മരപ്പട്ടിയുമൊക്കെ ചേർന്ന് അതൊരു കാടാക്കി മാറ്റുമെന്നാണ് പറയുന്നത്. ഇവരൊക്കെ ചേർന്നുതന്നെയാണ് മിയാവാക്കി വനത്തെയും അടുത്ത ലെവലിലേക്ക് കൊണ്ടുപോകുന്നത്. മൂന്ന് വർഷം കഴിയുമ്പോൾ മുപ്പതടി ഉയരത്തിൽ മരങ്ങൾ വളരുകയും അവിടെ ഈ പക്ഷികൾ വരികയും ചെയ്യും. ഇവിടെ പാറ പൊട്ടിച്ചുകൊണ്ടിരുന്ന സ്ഥലമാണ്. ഒരു പക്ഷിയും ഈ പ്രദേശത്ത് ഇല്ലായിരുന്നു പാറ പൊട്ടിക്കുന്ന ശബ്ദം കാരണം. ഇപ്പോൾ ഏകദേശം പന്ത്രണ്ടിനം പക്ഷികൾ തിരിച്ചു വന്നിട്ടുണ്ട്. ഇവിടെ നിറയെ മരപ്പട്ടിയാണ്. ഇവിടെ ചൂണ്ടപ്പന കിളിർക്കുന്നുണ്ട്. ഒലട്ടി എന്നാണ് തിരുവനന്തപുരം ഭാഗത്ത് പറയുന്നത്. ഇതിന്റെ കുരു എവിടെന്നോ തിന്നിട്ടുവന്ന് ഇവിടെയെല്ലാം വിസർജ്ജിക്കുന്നതാണ് ഈ ഭാഗത്തെല്ലാം അവിടവിടെ ആയിട്ട് വരുന്നത്. അതുപോലെ ഈ ജീവികളെല്ലാം ഇവിടെ വിത്തുകൾ കായകൾ ഇടുന്നുണ്ട്. ചെടികളിവിടെ ഉണ്ടാവുന്നുണ്ട്.

അതുകൊണ്ടുമാത്രം കാട് ഉണ്ടാവുമോ എന്നു ചോദിച്ചാൽ, പത്ത് സെന്റ് സ്ഥലം ഇങ്ങനെ പറയുന്ന ആളുകളോട് തർക്കിക്കാനായി അവർക്ക് ബോധ്യമാകാനായി ഞാൻ മാറ്റിയിട്ടിട്ടുണ്ട്. അതിതിന്റെ മുകളിലല്ല, ഏറ്റവും താഴെ പരമാവധി വെളളം കിട്ടുന്നിടത്ത് 10 സെന്റ് സ്ഥലം മാറ്റിയിട്ടിരിക്കുകയാണ്. അവിടെ ഞാൻ വരുന്നതിനു മുമ്പ് നട്ടിരുന്ന ഒരു കശുമാവ് ഒഴിച്ച് ഇപ്പോൾ വന്നിരിക്കുന്ന മരങ്ങളുടെ വളർച്ച - വളളി മൂടി അത് കാടായിട്ട് കിടപ്പുണ്ട്. കൂടുതലും വളളികളും കാട്ടുചെടികളുമൊക്കെയാണ്. അതിനൊരു കാടിന്റെ സ്വഭാവമില്ല. അതേസമയത്ത് മിയാവാക്കി മാതൃകയിൽ ഞങ്ങൾ തീർത്ത കാട് മൂന്നര വർഷം കൊണ്ട് ഒന്നാന്തരമൊരു കാടായിട്ട് മാറുകയും ചെയ്തു. ഈ വ്യത്യാസം ഇവിടെ വന്നാൽ കണ്ടു മനസിലാക്കാം. 45 ഡിഗ്രി ചെരിവുളള മൊട്ടക്കുന്നിന്റെ മുകളിലാണിത്. ഞങ്ങൾ മൂന്നര സെന്റ്, മൂന്ന് സെന്റ് വീതമുളള ചെറിയ ചെറിയ കാടുകൾ അവിടവിടെ വെച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലത്തിന്റെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. ഇത് സാദ്ധ്യമായൊരു കാര്യമാണ്. ഇതിനെ വികാരപരമായിട്ടല്ല കാണണ്ടത്. ശാസ്ത്രീയമായി തന്നെ കാണണം. അതായിരിക്കും പ്രഫ. മിയാവാക്കിക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ ആദരം.