മിയാവാക്കി മാതൃക അശാസ്ത്രീയമാണോ എന്നൊരു ചോദ്യം ചില ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. അതിനുത്തരം പറയുന്നതിന് മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങൾ എനിക്കയക്കുന്ന ചോദ്യങ്ങൾ പലതും ആവർത്തനമാണ്. അതിനുത്തരം യൂട്യൂബിൽ തന്നെ കിടപ്പുണ്ട് എന്നുള്ളത് നിങ്ങൾക്ക് അറിയാഞ്ഞിട്ടായിരിക്കും. അപ്പോൾ ദയവായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ നന്നായിരിക്കും. നിങ്ങളിത് സബ്സ്ക്രൈബ് ചെയ്താൽ മറ്റ് വീഡിയോകൾ കണ്ടുപിടിക്കാൻ എളുപ്പമായിരിക്കും. പുതിയ വീഡിയോ വരുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ കിട്ടുകയും ചെയ്യും. ആ ബെൽ ബട്ടൺ കൂടി പ്രസ്സ് ചെയ്താൽ മതി. അതൊന്ന് ചെയ്തിടുകയാണെങ്കിൽ ചോദ്യങ്ങളുടെ ആവർത്തനം ഒഴിവാക്കാം.
ഇങ്ങനെ ഒരു വാർത്ത ഞാനും കണ്ടു, മിയാവാക്കി മാതൃക ശരിയല്ല എന്ന്. ഇന്ത്യയിലെ ഒന്ന് രണ്ട് ശാസ്ത്രജ്ഞൻമാരാണ് അത് പറഞ്ഞിരിക്കുന്നത്. അത് വെച്ച് ഞാൻ നെറ്റിലൊക്കെ കുറെ സേർച്ച് ചെയ്ത് നോക്കിയെങ്കിലും ഇത് തെറ്റാണെന്ന് അല്ലെങ്കിൽ പ്രകൃതിയ്ക്ക് ചേർന്നതല്ല എന്നുള്ള തരത്തിലുള്ള ഒരു ശാസ്ത്രീയ പഠനവും എങ്ങും കണ്ടില്ല. ഒന്നു രണ്ടു പേര് ഇങ്ങനെ അഭിപ്രായപ്പെടുന്നതിനുള്ള കാരണം ചെടികൾ പെട്ടെന്ന് വളരുന്നു എന്നുള്ളതാണ്. വേറെ കാരണമൊന്നും അവർ പറയുന്നില്ല. സ്വാഭാവികമായി വളരേണ്ട ചെടികളെ, 100 വർഷം കൊണ്ട് ഉണ്ടാകേണ്ട വളർച്ചയെ നമ്മൾ ഇരുപതോ മുപ്പതോ വർഷം കൊണ്ടുണ്ടാക്കുന്നത് ബ്രോയിലർ കോഴിയെ വളർത്തുന്നതു പോലെ എന്നാണ് അവർ പറയുന്നത്.
അതിനോട് എനിക്ക് വിയോജിപ്പുണ്ട്, കാരണം ബ്രോയിലർ കോഴിയെ വളർത്തുന്നത് ഹോർമോണോ വേറെ പല സാധനങ്ങളോ ആന്റിബയോട്ടിക്സോ ഇങ്ങനെ അതിന് കുത്തി വയ്ക്കാവുന്ന എല്ലാ സാധനങ്ങളും കുത്തിവെച്ചാണ്. മരത്തിൽ നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ജൈവ പദാർത്ഥങ്ങൾ അതിന്റെ ചുവട്ടിൽ ഇടുന്നതല്ലാതെ ചെടികൾ ഒന്നോ രണ്ടോ വർഷത്തെ വളർച്ച കഴിഞ്ഞാൽ വളം പോലും ചേർക്കുന്നില്ല. പിന്നെ സ്വാഭാവികമായിട്ടും വളരുന്നതാണ്. അവിടെ ആകെ ചെയ്യുന്ന കൃത്രിമം എന്നു പറയുന്നത് ചെടികൾ അടുപ്പിച്ച് വയ്ക്കുന്നു. അപ്പോൾ സൂര്യപ്രകാശം കിട്ടാൻ ബുദ്ധിമുട്ടു വരും സ്വാഭാവികമായും ചെടികൾ മുകളിലോട്ട് വളരുന്നു എന്നുള്ളതാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നു ചോദിച്ചാൽ ഒരു വനം പെട്ടെന്ന് ഉണ്ടാക്കാൻ വേറെ മാർഗ്ഗം ഒന്നുമില്ല. നമ്മൾ ഒരു സ്ഥലം വെറുതെ ഇട്ടു കഴിഞ്ഞാൽ അത് കാടാകും. പക്ഷെ നൂറ് വർഷമാണ് അതിനു വേണ്ടി വരുന്ന സാധാരണ സമയപരിധി. അത് തന്നെ വെളളവും വളവും കുറവാണെങ്കിൽ വ്യത്യാസപ്പെടാം, ഒരിക്കലും അത്ര പെട്ടന്ന് പോലും ആകില്ല. വീണ്ടും താമസിക്കും.
മറുവശത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താന്നു വെച്ചാൽ ഒരു മരം, ഇരുന്നൂറോ മൂന്നൂറോ വർഷം പ്രായമുള്ള വനത്തിൽ സ്വാഭാവികമായിട്ട് വളർന്നു നിൽക്കുന്ന മരം, അതൊരു ജെസിബി വെച്ച് തള്ളിയിടാൻ 10 മിനിട്ട് സമയം മതി. ഒരു ജെസിബിയുമായി കാട്ടിലോട്ട് കയറുകയാണെങ്കിൽ നിങ്ങൾക്കു മൂന്നോ നാലോ ഏക്കറിൽ നിൽക്കുന്ന നൂറോ അഞ്ഞൂറോ വർഷം പഴക്കമുള്ള മരങ്ങളെ തള്ളിയിടാനായി ഒരു ദിവസമോ രണ്ടു ദിവസമോ മതിയാവും. ഏക്കറു കണക്കിന് ഭൂമി അങ്ങനെ ലോകത്തിന്റെ പല ഭാഗത്ത് തെളിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ പ്രകൃതി ദുരന്തങ്ങളും - ആമസോൺ കാടുകളിൽ തീ പിടുത്തം ഉണ്ടായത് നമുക്ക് അറിയാവുന്ന കാര്യമാണ്. ദിവസങ്ങളോളം നിന്ന് കത്തുകയാണ്. കാലിഫോർണിയായിലും വനങ്ങൾ നിന്ന് കത്തി നശിക്കുകയാണ്. ഈ കത്തി നശിക്കുന്ന വനങ്ങളൊക്കെ കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉണ്ടായതാണ്. ഇനി അത് ഭാവിയിൽ നൂറ് കണക്കിനോ, ആയിരക്കണക്കിനോ വർഷങ്ങൾ കൊണ്ട് ഉണ്ടായാൽ മതി എന്നു നമ്മൾ വിചാരിച്ചാൽ ഭൂമി മരുഭൂമിയായി മാറും. അത് പരിഹരിക്കുവാൻ നമ്മളെ കൊണ്ടു ചെയ്യാൻ കഴിയുന്ന ഒരു ചെറിയ കാര്യമാണ് മിയാവാക്കി മാത്യകയിൽ വനം വെച്ചു പിടിപ്പിക്കുക എന്നത്. ലോകത്ത് പെട്ടെന്ന് മരങ്ങൾ ഉണ്ടാവാൻ വേറെ ഒരു മാർഗ്ഗവും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. മിയാവാക്കി പ്രകൃതിയ്ക്ക് എന്തെങ്കിലും ദോഷം ചെയ്യുന്നതായിട്ടും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പെട്ടെന്ന് വളരുന്ന മരങ്ങൾ മറിഞ്ഞു വീഴുമോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അനുഭവത്തിൽ ഇല്ല എന്നുള്ളതാണ്. കഴിഞ്ഞ രണ്ടു മൂന്നു ആഴ്ച്ചയായിട്ട് ഇവിടെത്തന്നെ വലിയ കാറ്റ് വീശി ക്കൊണ്ടിരിക്കുകയാണ്. 18 അടി 20 അടിയൊക്കെ ആയ രണ്ടു വർഷം മാത്രം പഴക്കമുള്ള മരങ്ങളൊക്കെ ഇവിടെ 18 അടി തൊട്ട് 25 അടി വരെയൊക്കെ ഉയരമുണ്ട്. കാറ്റത്ത് ഇത് ആടുന്നു എന്നുള്ളതല്ലാതെ ഒരു മരവും മറിഞ്ഞു വീഴുന്നില്ല. അതിന്റെ ദൃശ്യങ്ങൾ തന്നെ കാണിക്കാം. ഞങ്ങൾ തന്നെ നല്ല കാറ്റുള്ള സമയത്ത് ഇവിടെ ഈ വനത്തിന്റെ താഴെ ഉണ്ടായിരുന്നു. ഇതെല്ലാം ഒടിഞ്ഞു വീഴുമെന്നു കരുതി. വലിയ കാറ്റ് വന്നെങ്കിലും മരങ്ങളൊന്നും മറിഞ്ഞു വീണില്ല.
അതേ സമയം തന്നെ ചില മരങ്ങൾ, ഈ തേക്ക് പോലുള്ള മരങ്ങൾ, തേക്ക് നമ്മൾ ഇതിൽ വയ്ക്കാറില്ല, ഇലയുടെ ഭാരം കൂടുമ്പോൾ, കമ്പിന്റെയും ചില്ലയുടെയും ഭാരം കൂടുമ്പോൾ അത് പൊട്ടി വീഴാറുണ്ട്. നോർമ്മലായി വളരുമ്പോൾ തന്നെ അത് പൊട്ടി വീഴാറുണ്ട്. പക്ഷെ ഇതിനകത്ത് ഒന്നിനും അങ്ങനെ ഒരു വ്യത്യാസം ഉണ്ടാകില്ല. പ്രകൃതി സ്നേഹിയായ ഒരു ശാസ്ത്രജ്ഞൻ എന്നോട് പറഞ്ഞത് ചെടികൾക്ക് സ്വയം ഒരു റീഎൻജിനിയറിങ്ങ് ഉണ്ട്. ചെടി മുകളിലോട്ട് പോകുമ്പോൾ, വേര് താഴേക്ക് പോകും. ചെടി പടർന്നു വളരുകയാണെങ്കിൽ വേര് സൈഡിലേക്ക് പോകും. അതിന്റെ ബാലൻസ് നിലനിർത്താൻ ചെടികൾക്ക് തന്നെത്താനെ ഒരു മെക്കാനിസം ഉണ്ട്. അതിനനുസരിച്ചാണ് വേരുകൾ പോകുന്നത്. അതേക്കുറിച്ച് എനിക്ക് കൂടുതൽ അറിഞ്ഞു കൂടാ.
എന്റെ അറിവിൽ മിയാവാക്കി മാതൃകയിൽ അശാസ്ത്രീയമായി ഒന്നും കാണുന്നില്ല. പെട്ടെന്ന് വളരുന്നു എന്നുള്ളത് ശരിയാണ്. പെട്ടെന്ന് വളരുകയല്ലാതെ മനുഷ്യരാശിയ്ക്ക് ഭൂമിയിൽ ജീവിക്കാൻ ഇനി മാർഗ്ഗമൊന്നും ഇല്ല. ഈ പോകുന്ന കാടൂകളെ റീപ്ലേസ് ചെയ്യാൻ, 1 ശതമാനമെങ്കിലും നമുക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റണം. ഏതാണ്ട് പകുതി കാടുകൾ ഇല്ലാതായിക്കഴിഞ്ഞു. സ്വാഭാവിക രീതിയിൽ ഈ കാടുകൾ എല്ലാം വളരട്ടെ എന്നു വിചാരിച്ചാൽ ഇതൊന്നും തിരിച്ചു വരാൻ പോകുന്നില്ല. ചിലപ്പോൾ നമ്മുടെ കാലത്തോ അടുത്ത തലമുറയുടെ കാലത്തോ വരില്ല. കാരണം വീണ്ടും ശക്തിയായിട്ട് വനനശീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അപ്പോൾ നമുക്ക് ചെയ്യാവുന്നത്, നമ്മുടെ മുറ്റത്ത് 1 സെന്റിലാണെങ്കിൽ പോലും മരങ്ങൾ നടുക എന്നുളളതാണ്.
ഒരാൾ എന്നോട് ചോദിച്ചു, അദ്ദേഹത്തിന് 150 സ്ക്വയർമീറ്ററേ മാറ്റിവെയ്ക്കാനുള്ളൂ. അവിടെ ഞാൻ ഒരു വനം വയ്ക്കട്ടെ. എനിക്കതിൽ കൂടുതൽ സ്ഥലം ഇല്ല. വളരെ സന്തോഷം, നല്ല കാര്യമാണത്, കാരണം അത്രേം സ്ഥലത്ത് ആണെങ്കിൽ പോലും നമ്മുടെ ഒരു കണക്ക് വെച്ചിട്ട് പത്ത് 40 ചെടികൾ വരും. അതുപോലെ ഓരോരുത്തരും ചെയ്യുകയാണെങ്കിൽ നല്ല ഉദ്യമമാണത്. പലതുള്ളി പെരുവെള്ളം എന്നുപറയും പോലെ, യഥാർത്ഥത്തിൽ ഞങ്ങളുടെ ഈ ക്രൗഡ് ഫോറസ്റ്റിങ്ങിന്റെ ആശയം തന്നെ അതാണ്. എല്ലാവരും ചെറിയ തോതിൽ മരങ്ങള് വയ്ക്കുക. ആ മരങ്ങളെല്ലാം കൂടിച്ചേരുമ്പോൾ ഒരു വനത്തിലുള്ളതിന്റെ അത്രേം മരങ്ങൾ വരും. ഇത് അന്തിമമായി ചെയ്യുന്നത് പ്രകൃതിയിലെ കാർബൺ ഡയോക്സൈഡ് കുറയ്ക്കുകയാണ്.
നമ്മൾ 1 സെന്റിൽ കാടു വെച്ചാൽ കടുവ വരുമെന്നോ സിംഹം വരുമെന്നോ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും അവിടെ ഉള്ള ചെറിയ പ്രാണികൾ ചെറിയ ജീവികൾ ഇവയൊക്കെ തിരിച്ചുവരും. ഇപ്പോൾ ഭൂമിയില് ആയിരക്കണക്കിന് ഷഡ്പദങ്ങളുണ്ട്. ഇവയെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്, ചിത്രശലഭങ്ങളടക്കം. ഈ ജീവികളൊക്കെ പ്രകൃതിയ്ക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടോ എന്നുള്ളത് പിന്നെ എപ്പോഴെങ്കിലുമൊക്കെയേ അറിയാൻ കഴിയുകയുള്ളു. അത് ഒരു വശം നടക്കട്ടെ. ചെറിയ ഒരു മരം കിട്ടിയാൽ പോലും കുറെയെണ്ണത്തിന് സർവ്വൈവ് ചെയ്യാൻ സ്ഥലമായി. അണ്ണാനെ പോലെയുള്ള ജീവികളും മറ്റ് ചെറിയ പക്ഷികളും ഇവർക്കൊക്കെ വരാനും ഇരിക്കാനും ഒരു ചെറിയ സ്ഥലം ഉണ്ടാക്കി കൊടുക്കുക എന്നുള്ളത് നമ്മുടെ ഒരു ഉത്തരവാദിത്തമാണ്. ഈ ജീവികളൊന്നും ഇല്ലെങ്കിൽ എന്ത് പറ്റും എന്നുള്ള ഒരു ചോദ്യമുണ്ട്. ആരോ വവ്വാലിൽ നിന്നാണ് പനി വരുന്നത് എന്നുള്ള ഒരു സംശയം തോന്നിയ ഉടനെ വവ്വാലുകളെ കൊന്നൊടുക്കി ഏതൊ ഒരു സ്ഥലത്ത്. വവ്വാലിൽ നിന്ന് പനി മാത്രമല്ല വരുന്നത്. ഒരുപാട് വിത്തു വിതരണത്തിന്റെ, പരാഗണത്തിന്റെയൊക്കെ പ്രധാന വക്താക്കളാണ് അവർ. ഒരു സ്ഥലത്ത് ഉണ്ടാകുന്ന വിത്തിനെ വേറെ സ്ഥലത്ത് കൊണ്ടിടുന്നതിൽ വവ്വാലിന് വലിയ പങ്കുണ്ട്. ഈ കിളികൾക്കൊക്കെ പങ്കുണ്ട്. തേനീച്ചയ്ക്ക് പങ്കുണ്ട്.
ഇതൊന്നും ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മൾ റബ്ബർ തോട്ടത്തിൽ വിഷം അടിക്കുമ്പോൾ തേനീച്ച ചത്തു പോകുകയാണ്. അല്ലെങ്കിൽ വേറെ ഏതെങ്കിലും കൃഷിയ്ക്ക് കണ്ടമാനം വിഷം അടിക്കുമ്പോൾ തേനീച്ച ചത്തു പോകുകയാണ്. തേനീച്ച ചത്താൽ എന്താണു കുഴപ്പം എന്നു ചോദിച്ചാൽ തേനീച്ച പോയാൽ പരാഗണം ഇല്ലാതാകും. ഇത് ഓരോ ജീവികളുടെയും കാര്യത്തിലുമുണ്ട്. പ്രകൃതിയിൽ നമ്മൾ മാത്രമല്ല, ഒടുവിൽ ഉണ്ടായി വന്ന ജീവിയാണ് മനുഷ്യൻ. നമ്മൾ നമുക്ക് അനുകൂലമായി കാര്യങ്ങൾ മാറ്റുന്നതിന് ഒപ്പം തന്നെ കുറച്ചെന്തെങ്കിലും മറ്റ് ജീവികൾക്കായി ചെയ്യാൻ പറ്റുമെങ്കിൽ നല്ലൊരു കാര്യമാണ്. അത്തരത്തിൽ ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യമാണ് മിയാവാക്കി മാതൃക വനവത്ക്കരണം. എത്ര കുറഞ്ഞ സ്ഥലത്തും വെക്കാം എന്നുള്ളത് തന്നെയാണ് അതിന്റെ മനോഹാരിത. അതേപോലെ തന്നെ വലിയ സ്ഥലത്തും അത് വച്ചു പിടിപ്പിക്കാൻ പറ്റും.