നമസ്‌കാരം, എന്റെ പേര് എം. ആര്‍. ഹരി. ഞാന്‍ ഇന്‍വിസ് മള്‍ട്ടിമീഡിയ എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ്. ഇന്‍വിസ് മള്‍ട്ടീമീഡിയ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സൊലൂഷന്‍ ചെയ്യുന്ന ഒരു കമ്പനിയാണ്. അതായത് കമ്പ്യൂട്ടറും, ടെലിഫോണും വീഡിയോയും ഒക്കെ ഉപയോഗിച്ച് ആശയ പ്രചരണം നടത്തുന്ന ഒരു കമ്പനി. ഞങ്ങള്‍ ഉപജീവനാര്‍ത്ഥം ഇത് ചെയ്യുന്നതു കൂടാതെ ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക വൈവിദ്ധ്യം റിക്കോര്‍ഡ് ചെയ്യാനും അത് സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും ചെയ്‌തിരുന്നു. ഉദാഹരണത്തിന് ഭാരതീയ ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ ഏകദേശം 8 എണ്ണം ഉണ്ട്. ഇതിനെ എല്ലാം ആലേഖനം ചെയ്യുകയും ഇംഗ്ലീഷിലുള്ള സബ്‌ടൈറ്റില്‍ നല്‍കി ഡിവിഡി ആയിട്ട് പുറത്തിറക്കുകയും ചെയ്‌തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ അടുത്ത കാലത്തായി ഞങ്ങള്‍ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. ജൈവവൈവിദ്ധ്യം സംരക്ഷിക്കാനുള്ള ആശയ പ്രചരണത്തോടൊപ്പം തന്നെ ഞങ്ങളത് പ്രായോഗികമായി നടപ്പിലാക്കുന്നത് പരീക്ഷിച്ചു നോക്കുന്നുണ്ട്. ഞങ്ങള്‍ പരീക്ഷിച്ചു നോക്കിയതില്‍ ഇഷ്ടപ്പെട്ട ഒരു മാതൃക മിയാവാക്കിയുടെ വനവത്‌കരണ മാതൃകയാണ്. മിയാവാക്കി ജപ്പാനിലെ ഒരു സസ്യശാസ്‌ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് പ്രൊഫസര്‍ അകിര മിയാവാക്കി എന്നാണ്.
അദ്ദേഹത്തിന് ഇപ്പോള്‍ 91 വയസ്സുണ്ട്. 40-50 വര്‍ഷമായിട്ട് അദ്ദേഹം ഒരു പ്രത്യേക വനവത്‌കരണ രീതി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന ഭാഗം എന്നു പറയുന്നത് ചെടികള്‍ കൂടുതല്‍ അടുപ്പിച്ച് വയ്‌ക്കുക, ഒരു പ്രദേശത്ത് സ്വാഭാവികമായിട്ട് കാണുന്ന മരങ്ങള്‍ മാത്രം നടുക, അതിന് ധാരാളം വളവും വെള്ളവും എല്ലാം കൊടുക്കുക. അപ്പോള്‍ ഈ ചെടി പെട്ടെന്ന് വളരും. മൂന്നു വര്‍ഷം കൊണ്ട് ഒരു വനം ചെറിയ തോതില്‍ എങ്കിലും ഉണ്ടാക്കിയെടുക്കാം. 15 വര്‍ഷം കൊണ്ട് ഒരു 100 വര്‍ഷം പ്രായമായ വനത്തിന്റെ പ്രതീതി അതിന് ഉണ്ടാകും. ഇതൊക്കയാണ് മിയാവാക്കി മാതൃകയിലെ പ്രത്യേകതകള്‍. ഒന്നര വര്‍ഷം ഇത് പഠിക്കാനായിട്ട് ചെലവാക്കി. ഇപ്പോ ഒന്നര വര്‍ഷത്തില്‍ കൂടുതലായിട്ട് ഞങ്ങളിത് ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞ റിസള്‍ട്ട് കേരളത്തിലും ഉണ്ടാകുമെന്ന് ഏകദേശം ബോധ്യമായി. അതുകൊണ്ട് അത് പ്രചരിപ്പിക്കാനും, ഇത് എങ്ങനെ ചെയ്യണം, ഇതിനായി നമ്മള്‍ എന്തൊക്കെ ചെയ്യണം എന്ന് ആളുകള്‍ക്ക് പറഞ്ഞു കൊടുക്കാനുമാണ് ഈ സീരീസ്സിലൂടെ ഉദ്ദേശിക്കുന്നത്. ഞങ്ങള്‍ക്ക് അറിയാവുന്ന രീതിയില്‍ ഞങ്ങള്‍ പറഞ്ഞു തരാം. നിങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്കു പറഞ്ഞു തരിക. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കുക. അടുത്ത സീരീസ് തൊട്ട് ഇതിനെക്കുറിച്ച് വിശദമായിട്ടു പറഞ്ഞു തരാം.