കേരളത്തിൽ പരിസ്ഥിതി സംരക്ഷണമേഖലയിൽ നമ്മൾ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത് നദീതീര സംരക്ഷണത്തിനാണ്. നദീതീര സംരക്ഷണം അടക്കം നിരവധി പരിസ്ഥിതി പഠന പരിപാടികളിൽ പങ്കെടുത്തിട്ടുളള, പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ 40 വർഷത്തെ പ്രവർത്തനപരിചയവും അനുഭവ സമ്പത്തുമുളള ഒരു ശാസ്ത്രജ്ഞനാണ് ഡോ. പി. കെ. ഷാജി. അദ്ദേഹത്തിന് കേരളത്തിലെ ചെടികളെ കുറിച്ചും ഇക്കോസിസ്റ്റം തിരിച്ചുകൊണ്ടുവരേണ്ടതിനെ കുറിച്ചുമൊക്കെ വ്യക്തമായ ധാരണയും പ്രവൃത്തി പരിചയവുമുണ്ട്. അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ നമ്മളീ നദീതീര സംരക്ഷണത്തിൽ കാണിക്കുന്ന ചില അബദ്ധങ്ങളുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ മിക്ക നദീതീരത്തും മുള വെച്ച് പിടിപ്പിക്കാറുണ്ട്. പക്ഷെ ഇപ്പോൾ ഞങ്ങൾ കണ്ടത്, വെഞ്ഞാറമൂടിനടുത്ത് വാമനപുരം ആറിന്റെ പരിസരത്ത് ഞങ്ങളൊരു നദീതീര സംരക്ഷണ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. അവിടത്തെ പ്രധാന കാഴ്ച്ച, അവിടെ വർഷങ്ങളായി വളർന്നുനിൽക്കുന്ന മുളകൾ വലിയ വെളളപ്പൊക്കം വരുമ്പോൾ മറിഞ്ഞുവീണ് ഒഴുകിപ്പോകുന്നു എന്നുളളതാണ്. മറിഞ്ഞുവീഴുന്നു എന്നതുമാത്രമല്ല ആ മുള നിൽക്കുന്ന സ്ഥലത്തിനു ചുറ്റുമുളള രണ്ടു മൂന്ന് സെന്റ് സ്ഥലം കൂടി പോകുന്നു. അത്ര ഗുരുതരമാണ് മുള ഉണ്ടാക്കുന്ന പ്രശ്നം.
എന്നാൽ നദീതീര സംരക്ഷണത്തിന് എന്നു പറഞ്ഞ് പലയിടത്തും നമ്മൾ മുളയാണ് വെച്ചുപിടിപ്പിക്കുന്നത്. അതേക്കുറിച്ചൊക്കെ ശാസ്ത്രീയമായി ഇതെങ്ങനെ ചെയ്യാമെന്ന് ഡോ. ഷാജിയെ പോലുളള ആളുകൾ പറയുന്നത് നമുക്കൊന്ന് കേട്ടുമനസിലാക്കാം. ഞങ്ങളിപ്പോൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് അവിടെ പല കാര്യങ്ങളും ചെയ്യുന്നത്. അപ്പോൾ അദ്ദേഹത്തിന് പറയാനുളളത് കേട്ടുനോക്കാം.
എം. ആർ. ഹരി: നമ്മളിപ്പോ പറഞ്ഞ വിഷയം വാമനപുരം ആറിന്റെ തീരത്ത് നമ്മൾ വെച്ചപ്പോഴാണ് മുള വെക്കുന്നതൊരു പ്രശ്നമാണെന്ന് മനസിലാക്കുന്നത്. ഞാൻ പലയിടത്തും നദീതീരത്ത് മുള വെക്കുന്നത് കണ്ടിരുന്നു, പലരും ഇതുപോലെ വെക്കാനായിട്ട് മുളയുടെ തൈ കിട്ടുമോ എന്ന് ചോദിച്ചിരുന്നു. അപ്പോഴും ഇതൊരു പ്രശ്നമാവുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. നമ്മുടെ അവിടെ കഴിഞ്ഞ വെളളപ്പൊക്ക സമയത്ത് മുളങ്കൂട്ടങ്ങൾ ഒരുപോലെ ഒഴുകിപോയപ്പോൾ, അതായത് ആറ്റിന് കുറുകെ വലിയൊരു തടി വന്ന് തട്ടിക്കഴിഞ്ഞപ്പോൾ ഒരു വലിയ മുളങ്കൂട്ടം അതുപോലങ്ങ് പോവുകയാണ്. അങ്ങനെ പല ശാസ്ത്രജ്ഞന്മാരുമായി സംസാരിച്ചപ്പോഴാണ് മുള വെക്കുന്നത് ശാസ്ത്രീയമായ ഒരു മാർഗമല്ല എന്നു പറയുന്നത്. അപ്പോൾ കാടെന്നു പറയുന്നത് അങ്ങ് കുന്നിന്റെ മുകളിൽ തൊട്ട് സമുദ്രം വരെയും പുഴയുടെ ഇരുവശങ്ങളിലും കാടുതന്നെ ആയിരിക്കും എന്നാണോ ?
ഡോ. പി. കെ. ഷാജി: കാണേണ്ടതാണ്. കാടായിരുന്നു ഒരുകാലത്ത്. പക്ഷെ പല ഭാഗങ്ങളിലും പല കാരണങ്ങൾ കൊണ്ട് അത് നശിച്ചുപോയിട്ടുണ്ട്. എങ്കിലും പുഴയോര കാടുകൾ സംരക്ഷിക്കുക എന്നു പറയുമ്പോൾ അത് നദിയെ സംരക്ഷിക്കുന്നതിന് തുല്യമാണ്. പലയിടത്തും ഇന്ന് അവലംബിച്ച് വരുന്നൊരു കാര്യം, കല്ലു കെട്ടുക. പണ്ടും കല്ല് കെട്ടിയിരുന്നു, ചില കുളിക്കടവുകളിലും മറ്റുമൊക്കെ. മൊത്തം കല്ലുകെട്ടി വെച്ച ഒന്നിനെ നമ്മൾ നദിയെന്ന് വിളിക്കുമോ ? ഇല്ലല്ലോ. അതിന് സ്വാഭാവികമായി അവിടെ വളരുന്ന ചെടികൾ - വിദേശസസ്യങ്ങളെ ഒക്കെ പൂർണമായി ഒഴിവാക്കിക്കൊണ്ടുളള ഒന്നുവേണം എന്നുതന്നെയാണ് ഞാൻ പറയുന്നത്.
എം. ആർ. ഹരി: സാറ് പറയുന്നത് നദിയുടെ തീരത്ത് കല്ല് കെട്ടാത്ത ഭാഗം ചെരിഞ്ഞായിരിക്കും, അല്ലേ. അപ്പോൾ ചെരിഞ്ഞുവരുമ്പോൾ ഓരോ തട്ടിലും ഓരോ മരങ്ങൾ നിൽക്കും.
ഡോ. പി. കെ. ഷാജി: ഇവിടെത്തന്നെ വശത്തുനിന്ന് നോക്കിയാൽ വൻമരം, ഇടത്തരം മരം, പിന്നെ കുറച്ചൂടി ചെറിയമരം, കുറ്റിക്കാടുകൾ - ഇങ്ങനെ വരും. ഇതിൽ വൻമരത്തിലാണ് ഞാൻ നീർമരുതിന്റെ ഒക്കെ കാര്യം പറഞ്ഞത്. വലിയ മാവുണ്ട്, കാട്ടുമാവൊക്കെ പോലുളള വലിയ മരങ്ങൾ.
എം. ആർ. ഹരി: ഇലിപ്പ വലിയ മരമാകില്ലേ ?
ഡോ. പി. കെ. ഷാജി: ഇലിപ്പ കുറച്ചുകൂടി ചെറിയ മരമാണ്. അതുപോലെ വല്ലഭം, ആറ്റുവഞ്ചി. ഇത്തരം മരങ്ങളൊക്കെ നേരത്തേ പറഞ്ഞതുപോലെ ഇവിടെ വളരാനുളള കരജല ആവാസങ്ങളുടെ സംഗമഭൂമി - നമുക്കതിനെ ആംഫിബിയസ് വെജിറ്റേഷൻ (amphibious vegetation) എന്നു പറയാം.
എം. ആർ. ഹരി: അതായത് വെളളത്തിലുമല്ല, കരയിലുമല്ല. വെളളം പൊങ്ങിയാലും ഇത് പെട്ടെന്ന് വാടിപ്പോകരുത്.
ഡോ. പി. കെ. ഷാജി: അതെ. പ്രത്യേകത എന്താന്നുവെച്ചാൽ ജലനിരപ്പിൽ അടിക്കടി ഉണ്ടാകുന്ന വ്യതിയാനം ചെടിയെ ബാധിക്കില്ല. അതിനെ അത് അതിജീവിക്കും.
എം. ആർ. ഹരി: കടമ്പൊക്കെ അതിൽപെടുമോ ?
ഡോ. പി. കെ. ഷാജി: കടമ്പ് പെടും. ആറ്റുകടമ്പ്, നീർകടമ്പ് എന്നാണല്ലോ പേര് തന്നെ. അതൊക്കെ പെടും. നീർമാതളം. അതുപോലെ വളളിപ്പടർപ്പുകളുടെ കൂട്ടത്തിലാണെങ്കിലും വലിയ വളളികൾ- പരണ്ട എന്നൊക്കെ പറയും.
എം. ആർ. ഹരി: വെഞ്ഞാറമൂട്ടിൽ നമ്മൾ കണ്ടൊരു സാധനം ഇഞ്ചയാണ്. ദേഹം തേച്ചുകഴുകുന്ന ഇഞ്ചയുണ്ടല്ലോ, മുളളുളള.
ഡോ. പി. കെ. ഷാജി: ഇഞ്ച പല സ്ഥലങ്ങളിലും ഉണ്ട്. പക്ഷെ ഇഞ്ചയുടെ അതിപ്രസരം മറ്റുമരങ്ങളിലും ചെടികളിലൊക്കെ കേറി പടർന്നങ്ങു വന്നിട്ട് അത് മറ്റുളളതിന്റെ വളർച്ചയെ മുരടിപ്പിക്കും. അതുകൊണ്ട് ഇഞ്ചയുടെ അതിപ്രസരം നല്ലതല്ല.
എം. ആർ. ഹരി: അതുപോലെത്തന്നെ ആറ്റുതീരത്ത് മുള തീരെ പാടില്ല എന്നൊരഭിപ്രായമുണ്ടോ ?
ഡോ. പി. കെ. ഷാജി: ഇല്ല. അങ്ങനൊരു അഭിപ്രായമില്ല. ഞാൻ നേരത്തേ പറഞ്ഞ ചെരിവുണ്ടല്ലോ. അതീ ഗാലറി ഫോറസ്റ്റ് (gallery forest) എന്നു പറയുന്നൊരു ആശയമുണ്ട്.
എം. ആർ. ഹരി: ഗാലറി പോലെ തട്ടുതട്ടായി ചെരിഞ്ഞ് പുറകിലേക്ക് നിൽക്കും.
ഡോ. പി. കെ. ഷാജി: അതെ. അങ്ങനെ ആ ഭാഗത്ത് ഈറ്റക്കാടുകളുണ്ട്. ഈറ്റ ആ ഭാഗത്തെ മണ്ണൊലിപ്പ് തടയുകയും ഈ ചെരിവിനെ സംരക്ഷിക്കുകയും ചെയ്യുന്ന ഒന്നാണ്. അതുപോലെ മുളയും അങ്ങനെ ഉളളിടത്ത് നടാം. പക്ഷെ മൊത്തം സ്ഥലത്തും മുള വെക്കുന്നതാണ് പ്രശ്നം.
എം. ആർ. ഹരി: ഇവിടെ രണ്ടുവശത്തും മുള മാത്രമാണ് നട്ടിരിക്കുന്നത്. മഞ്ഞമുളയാണ് മുഴുവൻ നട്ടിട്ടുളളത്. ആ മുളയാണ് മൊത്തത്തിൽ ഇളകിപ്പോയത്.
ഡോ. പി. കെ. ഷാജി: മഞ്ഞമുള തന്നെ ശരിക്കുമൊരു വിദേശസസ്യമാണ്.
എം. ആർ. ഹരി: അപ്പോൾ നമ്മുടെ മുള ഏതാണ്, കല്ലൻമുള ആണോ ?
ഡോ. പി. കെ. ഷാജി: അതെ. നമുക്കല്ലാതെ തന്നെ പലതരം മുളയുടെ വർഗത്തിൽപ്പെട്ട സാധനങ്ങളുണ്ട്.
എം. ആർ. ഹരി: ഈ ഒട്ടൽ എന്നുപറയുന്ന, വീതിയുളള ഇലകളുളള, ദാ ഈ നിൽക്കുന്ന സാധനം. ഇതവിടെ ആറ്റുതീരത്ത് നന്നായി പിടിച്ചുനിൽക്കുന്നുണ്ട്. എത്ര വെളളം വന്നിട്ടുമത് പോകുന്നില്ല.
ഡോ. പി. കെ. ഷാജി: അത് ഈറ്റയാണ്. ഒക്ലാൻഡ്ര ട്രാവൻകൂറിക്ക (Ochlandra travancorica) എന്നു പറയുന്ന സസ്യമാണത്. നമ്മുടെ ഒരു സ്ഥാനിക സസ്യം, അതായത് ഒരു എൻഡമിക് പ്ലാന്റ് (endemic plant) കൂടിയാണ്. ഈ ചെരിവ് സംരക്ഷിക്കാൻ നമുക്ക് ഉപയോഗിക്കാവുന്ന ഒന്നുകൂടിയാണത്.
എം. ആർ. ഹരി: ആന തിന്നുന്നതാണ് ഇതിന്റെ ഇലകൾ. ഇത് കിട്ടാതെ വരുമ്പോഴാണ് ബാക്കി ഭക്ഷണത്തിന്റെ പുറകേ പോകുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്. പിന്നെ മധ്യതിരുവിതാംകൂറിൽ, നമ്മുടെ നാട്ടിലൊക്കെ കുടംപുളി ആറ്റുതീരത്ത് വെച്ചു കണ്ടിട്ടുണ്ട്.
ഡോ. പി. കെ. ഷാജി: അതെ. കുടംപുളി ആറ്റുതീരത്ത് വെക്കും. ഉയരംകൂടിയ സ്ഥലത്തല്ല. കുറച്ചൂടി താഴോട്ടു വരുമ്പോൾ ഇടനാട്ടിലൊക്കെ..
എം. ആർ. ഹരി: തിരുവല്ല, കോട്ടയത്തും തിരുവല്ലയിലുമൊക്കെ ആ സൈഡിലൊക്കെ ഉണ്ട്.
ഡോ. പി. കെ. ഷാജി: അതെയതേ. ആ ഇടനാടുകളിലെല്ലാം കുടംപുളി വരുന്നുണ്ട്. ആറ്റുതീരത്ത് വളരുന്നതാണ്, അത് നമുക്ക് ഇനിയുളള കാലത്താണെങ്കിലും വളർത്താവുന്നതുമാണ്.
എം. ആർ. ഹരി: ഞാനത് ഓർക്കാൻ കാര്യമെന്താന്നു വെച്ചാൽ, സ്കൂളിൽ പഠിക്കുന്ന കാലത്ത് കുടംപുളി പെറുക്കാനായിട്ട് കുട്ടികൾ വെളളപ്പൊക്കക്കാലത്ത് വളളത്തിൽ പോയിട്ട് വളളം മറിഞ്ഞ് ഒരാൾ മരിച്ച് സ്കൂളിന് അവധി കൊടുത്തു. വെളളപ്പൊക്കക്കാലത്ത് എപ്പോഴും കുട്ടികൾ മരിക്കും. ഒന്നുകിൽ വളളം മുങ്ങി, അല്ലെങ്കിലീ കുടംപുളി പെറുക്കാൻ പോയി, ചൂണ്ടയിടാൻ പോയി ഒക്കെ.. അങ്ങനെയാണീ കുടംപുളി ആറ്റുതീരത്ത് ഉണ്ട് എന്ന് ശ്രദ്ധിച്ചത്. പണ്ട് കുടംപുളിക്ക് വിലയില്ലായിരുന്നു. ഇന്ന് കുടംപുളിക്കൊക്കെ നല്ല വിലയാണ്. അതുകൂടാതെ കാര ഒക്കെ പോലുളള മരങ്ങൾ.
ഡോ. പി. കെ. ഷാജി: രണ്ടുമൂന്ന് തരം കാരയുണ്ട്. അതെല്ലാംതന്നെ ആറ്റിൻകരയിൽ വളരുന്നതുമാണ്. സ്വാഭാവികമായിട്ടു വളരുന്നതാണത്.
എം. ആർ. ഹരി: അതുപോലെത്തന്നെ ചൊറിയുന്ന ഒരു മരമുണ്ടല്ലോ?
ഡോ. പി. കെ. ഷാജി: ചാര്. അല്ലെങ്കില് ചേര്. അതും ആറ്റുതീരത്ത് വളരും.
എം. ആർ. ഹരി: പിന്നെയീ നീർമരുതും നീർമാതളവും. ആ പേരിൽത്തന്നെ നീരുണ്ട്. പിന്നെ നമ്മുടെ പൂവരശ്, പുന്ന..
ഡോ. പി. കെ. ഷാജി: അതിങ്ങ് താഴേക്ക് വരുമ്പോഴാണ്. കടൽതീരത്തോട് ചേർന്നാണവ കാണപ്പെടുന്നത്.
എം. ആർ. ഹരി: ഓ, അത് ഒരു നദി മലയിൽ നിന്ന് ഉത്ഭവിക്കുന്നയിടത്ത് അവ കാണില്ല. അതിങ്ങ് കടലിനടുത്തേക്ക് വരുമ്പോൾ ആ വശങ്ങളിലൊക്കെ പുന്നയും പൂവരശുമൊക്കെ വന്നു തുടങ്ങുമല്ലേ ?
ഡോ. പി. കെ. ഷാജി: ഞാനതുകൊണ്ടാണ് പറഞ്ഞത്, ഈ നദിയുടെ ഉത്ഭവം തൊട്ട് അത് സമുദ്രത്തിൽ പതിക്കുന്ന സ്ഥലം വരെ ഭൂമിയുടെ ചെരിവ്, അവിടെ എക്കൽ മണ്ണ് അടിയുന്നതിന്റെ തോത്, ഇതൊക്കെ അനുസരിച്ച് അതിന്റെ വ്യാപ്തി വ്യത്യാസപ്പെട്ടിരിക്കും. അതുപോലെത്തന്നെ അവിടുണ്ടാകുന്ന സ്പീഷീസിന്റെ കോമ്പോസിഷൻ, ഇതൊക്കെ മുകളിൽ കാണുന്നത് താഴോട്ട് ചിലപ്പോൾ കണ്ടില്ലെന്നു വരാം. ചിലപ്പോ ഇതിങ്ങനെ താഴോട്ടുവന്ന് ചില ഭാഗങ്ങളിലൊക്കെ ഒലിച്ചുവന്ന് കോളനൈസ് ചെയ്യുന്നതായും കാണാം. എങ്കിലും നമ്മളീ മൂന്ന് സോൺ എടുത്തുനോക്കിയാൽ ആ വ്യത്യാസം പ്രകടമാവും. അതനുസരിച്ചുളള ഒരു പുനസംഘടന വേണം ചെയ്യാൻ.
എം. ആർ. ഹരി: സാറിന്റെ പരിചയസമ്പത്തു വെച്ച് നമ്മുടെ കേരളത്തിലെ നദീതീരങ്ങളിൽ വളരുന്ന ചെടികളുടെ കണക്കെടുത്താൽ എത്രതരം, എത്ര സ്പീഷീസ് എന്ന് ഏകദേശ കണക്ക് പറയാൻ പറ്റുമോ ?
ഡോ. പി. കെ. ഷാജി: അങ്ങനെ കൃത്യമായി കണക്കെടുപ്പ് നടത്തിയിട്ടില്ല. എന്നാലും പത്ത് മുപ്പത് എണ്ണമെങ്കിലും ഏറ്റവും കുറഞ്ഞത് കിട്ടും. സാറിനോടന്ന് വെഞ്ഞാറമൂടിലെ സ്ഥലം നോക്കുമ്പോൾതന്നെ എനിക്കു തോന്നിയത്, നമ്മളൊരു സൊണേഷൻ തിരിക്കുകയാണ്. ഈ പറയുന്ന നദിയോര വനങ്ങളിൽ കാണുന്ന മരങ്ങളും കുറ്റിച്ചെടികളും മുപ്പതെണ്ണം എന്നു പറയുന്നത്, അത് ഇടകലർത്തി നടുക. അതുകഴിഞ്ഞ് അതിന്റെ പുറകിലേക്കായി - വെളളത്തിലേക്കുളള ദിശ ആണ് ഞാൻ പറയുന്നത്. കരയുടെ വശത്തേക്കായിട്ട് ഇതിനോട് അനുബന്ധമായ ചെടികൾ നടുക. മൂട്ടിപ്പഴം, അങ്ങനെയൊക്കെ ഉളള ചെടികൾ നടുക.
എം. ആർ. ഹരി: മൂട്ടിപ്പഴമൊന്നും വലിയ മരമല്ലല്ലോ. കുറ്റിച്ചെടിയല്ലേ ?
ഡോ. പി. കെ. ഷാജി: വളരും. കാട്ടിൽ ചെറുമരമായിട്ട് വളരും.
എം. ആർ. ഹരി: ഞാനേറ്റവും വലുത് ടിബിജിആർഐ (Tropical Botanic Garden & Research Institute - TBGRI) യിലാണ് കണ്ടിട്ടുളളത്. അത് പത്തടി കഷ്ടിയേ ഉളളു.
ഡോ. പി. കെ. ഷാജി: അതൊരു ഇടത്തരം മരമായിട്ട് കണക്കാക്കാം. പിന്നെ വെട്ടിപ്പഴമുണ്ട്. ഒരുകാര്യം നേരത്തേ പറയാൻ വിട്ടുപോയി. നദിയോര വൃക്ഷങ്ങളിലും മറ്റ് ചെടികളിലൂമൊക്കെ ഒരുപാട് സ്ഥാനിക ചെടികളുണ്ട്. അതായത് എൻഡമിക്. എന്നു പറയുമ്പോൾ ഒരു പ്രദേശത്ത് മാത്രം കാണുന്ന ചെടികളാണ്. ഉദാഹരണത്തിന് ആഞ്ഞിലി. അതിനെ നദിയോര മരം എന്നു പറയുന്നില്ല. അതിനടുത്ത ഘട്ടം എന്നുവേണമെങ്കിൽ പറയാം. ആഞ്ഞിലി ഒരു സ്ഥാനികവൃക്ഷം എന്നരീതിയിൽ പറഞ്ഞതാണ്.
എം. ആർ. ഹരി: സാര് പറഞ്ഞത് വേറൊരു തരത്തിൽ വേണമെങ്കിൽ പറയാം. ഇത് കുന്നാണെങ്കിലും ഈ കുന്ന് താഴോട്ടിറങ്ങുന്നത് ആറ്റിലേക്കാണ്. മൂന്നൂറടി താഴോട്ട് ചെല്ലുമ്പോൾ ആറാണ്. അതുകൊണ്ടായിരിക്കാം ഇതിന്റെ കരയ്ക്ക് ആഞ്ഞിലി വളരുന്നത്.
ഡോ. പി. കെ. ഷാജി: അല്ല. ആഞ്ഞിലി കുറച്ചുകൂടി ഉയരത്തിലേക്ക് വളരുന്ന ഒന്നാണ്. ഞാൻ പറഞ്ഞത് ആഞ്ഞിലി പശ്ചിമ ഘട്ടത്തിൽ മാത്രം സ്വാഭാവികമായി വളരുന്നൊരു വൃക്ഷമാണ്. അതുപോലെത്തന്നെ കാരപ്പൊങ്ങ് പോലുളള പല വൃക്ഷങ്ങളും കുറ്റിച്ചടികളുമൊക്കെ സ്ഥാനിക സസ്യങ്ങളായി ഉണ്ട്. അതൊക്കെ സംരക്ഷണപ്രാധാന്യം ഉളളവയാണ്. അതുപോലെ അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യങ്ങൾ- വെളളകുന്തിരിക്കം, അല്ലെങ്കിൽ വെളളപ്പൈൻ. അതൊക്കെ ആ ഗണത്തിൽ പെടും. ഇതൊക്കെ നദിയോരത്ത് പണ്ട് വളർന്നിരുന്നതാണ്.
എം. ആർ. ഹരി: തിരുവനന്തപുരത്ത് പണ്ട് ബ്രിട്ടീഷുകാർ വെച്ചുപിടിപ്പിച്ചതായിരിക്കണം. ഇവിടെ വെളള കുന്തിരിക്കം ഞാൻ കണ്ടിട്ടുളളത് ട്രിവാൻഡ്രം ക്ലബിലും ചില മന്ത്രിമന്ദിരങ്ങളിലുമാണ്. അല്ലാതെ പുറത്തങ്ങനെ കണ്ടിട്ടില്ല. വലിയൊരു മരമാണ്. നൂറുവർഷമായ മരമായിരിക്കണം.
ഡോ. പി. കെ. ഷാജി: ട്രിവാൻഡ്രം ക്ലബിന്റെ മുമ്പിൽത്തന്നെ വല്ലഭം ഒരു വലിയമരം നിൽപുണ്ടല്ലോ.
എം. ആർ. ഹരി: അതുപോലെത്തന്നെ കുറവൻകോണം ജംഗ്ഷനിൽനിന്ന് താഴേക്ക് പോകുന്നിടത്ത് ഒരു നീർമാതളം ഉണ്ട്. അതെത്രയോ വർഷമായിട്ട് അവിടെ നിൽക്കുന്നു. മാധവിക്കുട്ടി നീർമാതളം എഴുതുന്ന കാലത്ത് എന്നോട് പഞ്ചാബിൽ നിന്നുളള ഒരു അധ്യാപിക, ഹൈദരബാദിൽ വെച്ച് കണ്ടപ്പോൾ എന്താണീ നീർമാതളം, എന്താണതിന്റെ പ്രത്യേകത എന്നു ചോദിച്ചു. അറിയില്ല. അതിന്റെ സുഗന്ധമായിരിക്കണം എന്നു പറഞ്ഞു. അന്നുമീ നീർമാതളം ഇവിടെ നിൽപ്പുണ്ട്, നമ്മളതിന്റെ ചുവട്ടിൽക്കൂടിയാണ് അങ്ങോട്ടുമിങ്ങോട്ടും പോകുന്നതൊക്കെ. പക്ഷെ എനിക്കത് നീർമാതളമാണെന്ന് മനസിലാവുന്നത് രണ്ടുകൊല്ലം മുമ്പ് ടിബിജിആർഐ യിൽ സാറിന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന രാജശേഖരൻ സാർ പറയുമ്പോഴാണ്.
ഡോ. പി. കെ. ഷാജി: നീർമാതളം പൂത്തുനിൽക്കുന്നതു കാണാൻ വളരെ ഭംഗിയുളള ഒരു വൃക്ഷമാണ്.
എം. ആർ. ഹരി: ഇവിടെ നട്ടിട്ടുണ്ട്. പൂക്കാൻ തുടങ്ങിയില്ല. അതുപോലെ നീർമരുതും മരുന്നിനായിട്ടൊക്കെ ഉപയോഗിക്കുമല്ലോ.
ഡോ. പി. കെ. ഷാജി: നീർമരുതും കുറച്ച് ഉളളിലേക്കൊക്കെ വളർന്നു നിൽക്കുന്നതു കാണാം. നീർമരുതിന്റെ പ്രത്യേകത മഹാരാഷ്ട്രയിലൊക്കെ അത് വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്നുണ്ട്. ടസർ സിൽക്ക് എന്നു പറയില്ലേ ? സാധാരണ സിൽക്കിന് മൾബെറിയുടെ ഇലയാണ് പുഴുവിന് ഭക്ഷണമാകുന്നത്. ടസർ സിൽക്കിന് ഈ നീർമരുതിന്റെ ഇലയാണാ പുഴുവിന് കൊടുക്കുന്നത്. ഇത് നമുക്ക് ആറ്റുതീരത്ത് വളർത്താവുന്നതാണ്.
എം. ആർ. ഹരി: ചില മരങ്ങൾ ആറ്റുതീരത്തും അല്ലാതെയും വളരുന്നുണ്ടല്ലോ. കാഞ്ഞിരം. അതീ കുന്നിൻപുറത്ത് വളരുന്നുണ്ട്. അതേസമയത്തുതന്നെ താഴെ ആറിന്റെ തീരത്ത് നല്ലൊരു കാഞ്ഞിരം നിൽപ്പുണ്ട്. അത് യാദൃശ്ചികമായി സംഭവിക്കുന്നതാണോ ?
ഡോ. പി. കെ. ഷാജി: അല്ലല്ല. അതങ്ങനെ കാണാവുന്നതാണ്. പലതും അങ്ങനെ ഉളളിലേക്ക് വളരുന്നവയുമാണ്. വല്ലഭം തന്നെ. അത് ആറ്റുതീരത്തുണ്ട്. കുറച്ച് ഉളളിലേക്ക് പോയാലുമുണ്ട്. എങ്കിലും ഇത്തരമൊരു സ്വാഭാവിക ഘടനയുണ്ട്. അത് നദിയുടെ ഓരോ കഷണങ്ങളാക്കി തിരിക്കുകയാണെങ്കിൽ ആ വ്യത്യാസം നമുക്കു കാണാം.
എം. ആർ. ഹരി: അപ്പോൾ നദീതീര സംരക്ഷണത്തിന്, ചിലയിടത്ത് അത്യാവശ്യമായി കെട്ടേണ്ടിവരും. ചില വളവുതിരിവുകളൊക്കെ. അല്ലാത്ത സ്ഥലങ്ങളിൽ നമ്മളീ ചെരിവ് നികത്താതെ, ആ ചെരിവനുസരിച്ച് ഓരോ തട്ടായി തിരിച്ച് അതിന് യോജിച്ച മരങ്ങൾ വെക്കുക മാത്രം ചെയ്താൽ ആ തീരമങ്ങനെ സംരക്ഷിക്കാൻ പറ്റും എന്നുളള കാര്യം സാറിന് തോന്നുന്നുണ്ടോ ?
ഡോ. പി. കെ. ഷാജി: തീർച്ചയായിട്ടും. നദീതീരത്ത് ചിലയിടത്തൊക്കെ കൽക്കെട്ടുകൾ വേണ്ടിവരും. അത് പൂർണമായും ഒഴിവാക്കണം എന്ന അഭിപ്രായമില്ല. അങ്ങനുളളിടത്ത് അതുതന്നെ ചെയ്യണം. പക്ഷെ മൊത്തം അങ്ങനെ ആകാതിരിക്കണം. ചരിവൊക്കെ നമുക്ക് വേറൊരു തരത്തിൽ സംരക്ഷിക്കാൻ പറ്റാത്ത ചില ഭാഗങ്ങൾ കാണും. അല്ലെങ്കിൽ നമുക്ക് നദിയിലോട്ട് ഇറങ്ങാനൊരു സംവിധാനം വേണം. അങ്ങനെയുളള സ്ഥലത്ത് അത് തീർച്ചയായും വേണം. അങ്ങനെ വെച്ചാലും ചെടികളുടെ ഒരാവരണം അതിനോട് ചേർന്നുതന്നെ വേണം. രണ്ടാമത്, സോഫ്റ്റ് എഞ്ചിനിയറിങ്ങ് മാതൃകകൾ ഉണ്ട്. മുള അടിച്ച് തട്ട് പോലെയാക്കുക, കയർ ഭൂവസ്ത്രം ഉപയോഗിക്കുക. അതിനകത്ത് ഈറ്റ വളർത്തുക. കയർഭൂവസ്ത്രം പോകുമ്പോഴേക്ക് ഈ ചെടികൾ വേരുപിടിച്ചിരിക്കും.
എം. ആർ. ഹരി: നമ്മളിതിൽ വിട്ടുപോയൊരു സാധനമുണ്ട്. കൈത.
ഡോ. പി. കെ. ഷാജി: കൈത വെളളത്തിനോട് ചേർന്ന് നടാവുന്ന ഒന്നാണ്. ശ്രദ്ധിച്ചിട്ടുണ്ടാവും. കൈതയ്ക്ക് സ്റ്റിൽറ്റ് റൂട്ട് (stilt roots) എന്നു പറയുന്ന കൂമ്പാരം പോലുളള വേരുകളാണ്. അതിന് വെളളത്തിന്റെ ഒഴുക്കിനെ പ്രതിരോധിക്കാനുളള കഴിവുണ്ട്.
എം. ആർ. ഹരി: ഇവിടെ ഞെക്ക് എന്നു പറയുന്ന ചെടി. വളരെ മൃദുവായ ചുവന്ന വേരിങ്ങ് വന്നിട്ട് ആ വേര് പിന്നെ കട്ടിപിടിച്ച് നല്ല ബലമായിട്ട് വശങ്ങളിലേക്ക് വളരുന്നു. ഈ ഉണക്കപ്പാറ തുളച്ച് അത് പോകുന്നുണ്ട്. ചെടിയാണെങ്കിൽ വളരെ ചെറുതുമാണ്.
ഡോ. പി. കെ. ഷാജി: ഞെക്കിന് ലിയ ഇൻഡിക്ക (Leea indica) എന്നു പറയും. ചിലയിടത്ത് അതിന് ചൊറിയൻ താളി എന്നു പറയുമെന്നു തോന്നുന്നു. പല സ്ഥലത്ത് പല പേരുകൾ പറയുമല്ലോ.
എം. ആർ. ഹരി: ഞാനിവിടെ വന്നാണിത് ശ്രദ്ധിക്കുന്നത്. മാത്യു ഡാൻ സാറാണിത് പറഞ്ഞുതരുന്നത്. ഇവിടെ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങൾ വരുന്നത് ആ ചെടിയിലായിരുന്നു, മറ്റ് ചെടികളൊക്കെ വരുന്നതിനു മുമ്പ്. വണ്ടും, കരിയീച്ചയും ഒക്കെ വന്നുകൊണ്ടിരുന്നത്.
ഡോ. പി. കെ. ഷാജി: ഈ പുഴയോരക്കാടുകൾ ഈ രീതിയിൽ സംരക്ഷിക്കുമ്പോൾ പല ജീവികളെയും നമ്മൾ സംരക്ഷിക്കുന്നുണ്ട്. സാറിപ്പോൾ പറഞ്ഞതുപോലെ, കുറെയേറെ ചിത്രശലഭങ്ങൾ, തുമ്പികൾ, നീർനായ പോലുളള വലിയ ജീവികൾ
എം. ആർ. ഹരി: നമ്മുടെ നാട്ടിലതിന് കഴുനായ എന്നാണ് പറയുന്നത്. അതിനെ കുറിച്ച് രസമുളള ഒരു കഥ കേട്ടിട്ടുണ്ട്. പണ്ട് കുമരകത്തെ കണ്ടൽക്കാട് വെട്ടാനായി ഒരു നീക്കമുണ്ടായിരുന്നു. അതിനെതിരേ വലിയ സമരമുണ്ടായിരുന്നു. 1984ൽ. അതിന്റെ ഒരു കൺവീനർ ഞാനായിരുന്നു. മറ്റൊരാൾ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ആയിരിക്കുന്ന കോട്ടയത്തുനിന്നുളള അജിത് നമ്പൂതിരി, അദ്ദേഹമായിരുന്നു. ഞങ്ങളന്ന് രണ്ടുപേരും ശാസ്ത്ര സാഹിത്യ പരിഷത്തുകാരായിരുന്നു. ശാസ്ത്രജ്ഞന്മാരെ പലരെയും കൊണ്ടുവന്നപ്പോൾ സി. എം. എസ് കോളേജിലെ ശിവദാസ് സാറോ മറ്റോ ആണൊരു കഥ പറയുന്നത്. നീർനായ മീനിനെ പിടിക്കും. മീനിന്റെ എണ്ണം കുറയുന്നത് നീർനായ പിടിക്കുന്നതുകൊണ്ടാണെന്നു പറഞ്ഞ് ആളുകൾ നീർനായയെ മുഴുവനും ഇല്ലാതാക്കി. ഇതില്ലാതായപ്പോൾ മീനും വല്ലാതെ കുറഞ്ഞു. കാരണം നല്ല ആരോഗ്യമുളള മീനിനെ ഈ നീർനായക്ക് പിടിക്കാൻ കഴിയില്ല. ഇവൻ പിടിക്കുന്നത് അസുഖം ബാധിച്ചിരിക്കുന്നതിനെയാണ്. ശരിക്കും മീനിന് വരുന്ന അസുഖങ്ങൾ വ്യാപിക്കാതിരിക്കാൻ സഹായിക്കുന്ന ജീവിയാണ് നീർനായ എന്ന് അപ്പോഴാണ് മനസിലായതെന്ന്. അതുപോലെ പൊന്മാൻ, കുളക്കോഴി പോലുളള ഒരുപാട് ജീവികൾ.
ഡോ. പി. കെ. ഷാജി: ഒരുപാടുണ്ട്. ദേശാടനപക്ഷികൾ പോലും. ഇതൊരു പ്രത്യേക ആവാസവ്യവസ്ഥ ആണല്ലോ. വളരെ ചൂടുളള സമയത്താണല്ലോ ജീവികൾ ഇവിടെ കോളനൈസ് ചെയ്യുന്നത്. പ്രധാനമായും അതിന് സുരക്ഷിതമായൊരു താവളം കിട്ടുന്നു, ഭക്ഷണം കിട്ടുന്നു, പ്രജനനത്തിനുളള സൗകര്യം. പിന്നെ ഇതൊരു കോറിഡോർ ആയിട്ടും വരുന്നതുകൊണ്ട് അവയുടെ സുഗമമായിട്ടുളള യാത്രയ്ക്കുളള സാധ്യത കൂടി ഉണ്ടിതിൽ. ഇതിന് മൊത്തത്തിലുളള ഒരു പരിരക്ഷണം.
എം. ആർ. ഹരി: അതുപോലെ ചെറിയ മീനുകൾക്കൊക്കെ മുട്ടയിടാനും അക്രമണത്തിൽ നിന്നൊഴിക്കാനുമൊക്കെ ഉളള സൗകര്യം വേരുപടലത്തിന് അകത്തുകയറി ഇരിക്കാനുമൊക്കെ ഉളള സൗകര്യമുണ്ട്.
ഡോ. പി. കെ. ഷാജി: പല മീനുകളും അവയുടെ പ്രജനനസമയത്ത് തിരിച്ച് മൈഗ്രേറ്റ് ചെയ്യും. അപ്വേഡ് മൈഗ്രേഷൻ. അതിനീ വേരുപടലമൊക്കെ ഉളള സ്ഥലം അനുയോജ്യമാണ്.
എം. ആർ. ഹരി: തണ്ണീർമുക്കം ബണ്ടിനെ പററിയുളള കഥ അങ്ങനെ കേട്ടിട്ടുണ്ട്. ബണ്ട് തുറക്കുന്ന സമയത്ത് ഏതോ ഒരു തരം കൊഞ്ച് ബണ്ടിന്റെ ഏതുവശത്തേക്ക് എന്നറിയില്ല. ഇത് പോകും. ഉപ്പുവെളളത്തിലാണോ നല്ല വെളളത്തിലാണോ എന്നെനിക്കറിയില്ല. ഏതോ ഒരിടത്തിത് മുട്ടയിടും. മുട്ടയിട്ടു കഴിഞ്ഞിതിന് തിരിച്ചുവരണം. പക്ഷെ ആ സമയത്തീ ബണ്ട് അടയ്ക്കും. ഇപ്പുറത്തെ വശത്തെ വെളളത്തിൽ ഇതിന് ജീവിക്കാൻ കഴിയില്ല. അങ്ങനെ ഈ കൊഞ്ചിന് വംശനാശം വന്നു.
ഡോ. പി. കെ. ഷാജി: അതുപോലെ ഡാം ഉണ്ടാക്കുമ്പോഴും ഇത്തരം ജീവികളുടെയും മത്സ്യങ്ങളുടെയും അപ്വേഡ് മൈഗ്രേഷനെ അത് തടസപ്പെടുത്തും. അതുകൊണ്ട് പല സ്ഥലങ്ങളിലും - നമ്മുടെ ഇവിടെ അത്ര പ്രചാരത്തിലില്ല - ഫിഷ് ലാഡർ എന്നു പറയുന്നൊരു ആശയമുണ്ട്. വെളളം നിറച്ച കുറേ ബക്കറ്റുകൾ നിരത്തി വെച്ചേക്കും. മീനുകൾക്ക് ഒന്നിൽനിന്ന് അടുത്തതിലേക്ക് ചാടി മൈഗ്രേറ്റ് ചെയ്യാനുളള ഒരു സൗകര്യം ചെയ്യണമെന്ന് നിഷ്കർഷിക്കുന്നുണ്ട്.
എം. ആർ. ഹരി: അതായത് ഡാം പണിയുമ്പോൾ എഞ്ചിനിയറിങ്ങിന്റെ ഭാഗമായിത്തന്നെ ?
ഡോ. പി. കെ. ഷാജി: അതെ. അതീ മൈഗ്രേഷനെ തടസപ്പെടുത്താതിരിക്കാൻ വേണ്ടിയിട്ടാണ്. മൈഗ്രേഷൻ തടസപ്പെട്ടാൽ ആ മീനിന്റെ നാശമാണല്ലോ.
എം. ആർ. ഹരി: ഇതിനകത്തൊരു സാമ്പത്തികവശം കൂടിയുണ്ടല്ലോ. നമ്മൾ കേരളത്തിലെ മുഴുവൻ നദികളെയും കല്ലുകെട്ടി സംരക്ഷിക്കുകയാണെങ്കിൽ ഒന്നുകിൽ കല്ലെല്ലാം കൂടി ഇടിഞ്ഞു താഴോട്ടുപോകാനുളള സാധ്യത ഉണ്ടല്ലോ മണലു വാരുമ്പോൾ. വീട് വെക്കുമ്പോൾ ഒരു ഫൗണ്ടേഷൻ കെട്ടിയിട്ട് അതിനു മുകളിലാണ് വീട് നിൽക്കുന്നത്. ഇവിടെയും ആറ്റുതീരത്തൊരു ഫൗണ്ടേഷൻ കെട്ടിയിട്ടാണല്ലോ മതില് നിൽക്കുന്നത്. പക്ഷെ ഈ ഫൗണ്ടേഷന് അടിയിലുളള മണല് വാരിക്കൊണ്ടുപോകുമ്പോൾ ഇത് താഴോട്ടുപോകും. അതിപ്പോ കേരളത്തിൽ മുഴുവൻ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഡോ. പി. കെ. ഷാജി: മണല് വാരുമ്പോൾ ശരിക്കു നദിയെത്തന്നെ ഇല്ലാതാക്കുകയാണ്. എന്നു bകരുതി കാലാകാലങ്ങളിൽ നമുക്ക് എടുക്കാവുന്നത്ര മണല് എടുക്കുന്ന ഒരു സംവിധാനമുണ്ട്. സാൻഡ് ഓഡിറ്റിങ്ങ് ഒക്കെ നടത്തി. പക്ഷെ അതൊക്കെ എത്രമാത്രം ഫലവത്തായി നമുക്ക് ചെയ്യാൻ പറ്റുമെന്നുളളതാണ്. വെഞ്ഞാറമൂട് തന്നെ റിവർ മിയാന്ററിങ്ങാണ് (river meandering). നദി കറങ്ങി വരികയാണ്.
എം. ആർ. ഹരി: അവിടെ വലിയ പ്രശ്നമാണ്. കഴുക്കോൽ കുത്തിയാലൊന്നും എത്തില്ല. നല്ല ആഴമുണ്ട്.
ഡോ. പി. കെ. ഷാജി: മണൽത്തിട്ടകളുമുണ്ട്. കഴിഞ്ഞ ദിവസം എന്റെ കൂടെ വന്ന സുഹൃത്ത് പറഞ്ഞത് ഇതങ്ങ് അരിഞ്ഞെടുക്കാമെങ്കിൽ ആവശ്യംപോലെ മണല് കിട്ടും. അതെടുത്ത് ഒന്നു കഴുകി എടുത്താൽ മതി. വലിയൊരു ബിസിനസ് നടക്കുമെന്ന്. ഞാൻ പറഞ്ഞു, ബിസിനസ് നടക്കും, നിങ്ങളും രക്ഷപെടും പക്ഷേ നദിയുടെ മരണവും ഒപ്പം നടക്കുമെന്ന്.
എം. ആർ. ഹരി: കഴിയുന്നതും അയാളെ ആ ഭാഗത്തോട്ട് കൊണ്ടുവരാതിരിക്കുക. എനിക്കുതോന്നുന്നു നമ്മളീ തിട്ട ഒക്കെ വെച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ കുറഞ്ഞതീ സൈഡിലുളള മണ്ണൊലിച്ച് വെളളത്തിൽ ചാടുന്നത് തടയാനൊക്കെ ഈ ചെരിവ് അങ്ങനെത്തന്നെ നിർത്തിക്കൊണ്ട് മരം വെച്ചാൽ സാധിക്കും. പക്ഷേ വേറൊരു പ്രശ്നമില്ലേ ? ഈ മരങ്ങളൊക്കെ എവിടെ കിട്ടും ?
ഡോ. പി. കെ. ഷാജി: മരങ്ങളെ കണ്ടെത്താനായി സർവേ പോലെ നടത്തുകയാണെങ്കിൽ അവിടവിടെ ഇതിന്റെ ശേഷിപ്പുകളുണ്ട്. നദിയുടെ പലഭാഗങ്ങളിലും നേരത്തേ സ്വാഭാവികമായി ഉണ്ടായിരുന്ന മരങ്ങളുടെയും ചെടികളുടെയും ശേഷിപ്പുകൾ കാണും. അതു കണ്ടെത്തി സംരക്ഷിക്കുക എന്നുളളതാണ് ആദ്യപടി. രണ്ടാമത്തേത് ഇത് പോയ ഇടങ്ങളിൽ വെച്ചുപിടിപ്പിച്ച് വിടവ് നികത്തുക. അങ്ങനെ ചെയ്യുമ്പോൾ അവിടുന്നുതന്നെ അതിന്റെ വിത്തുകളും തൈകളും ശേഖരിക്കുകയും നഴ്സറി തയാറാക്കുകയും ഒക്കെ ചെയ്യാം. അതൊരു ബൃഹത്തായ പദ്ധതിയാണ്. അങ്ങനെ വരുമ്പോൾ കമ്മ്യൂണിറ്റി പാർട്ടിസിപ്പേഷൻ അതിൽ വരും.
എം. ആർ. ഹരി: അതാതിടങ്ങളിലെ ആളുകളുടെ ഇടപെടൽ അതിൽ വരും. എനിക്കു തോന്നുന്നത് നമ്മൾ കഥ പറയുന്നതുപോലെ കുറേ കാര്യങ്ങൾ പറയുന്നു, കുറേ പേരത് കേൾക്കുന്നു. നമ്മൾ അടുത്തതായി ചെയ്യേണ്ടത് എന്താന്നു വെച്ചാൽ ഈ മുപ്പതോളം ഇനം വരുന്ന ചെടികളിൽ വെക്കാൻ പറ്റിയ ഒരമ്പതോ നൂറോ തൈകളെടുത്തിട്ട് നമുക്കൊരു തട്ട് ഉണ്ടാക്കി അതിൽ വെക്കാം. ഈ ചെടികളെ ഓരോന്നായി പരിചയപ്പെടുത്തിയാൽ ഈ പരിപാടി കാണുന്ന നല്ലൊരു ശതമാനം വളരെ ആക്ടീവായി ചെയ്യാൻ തയാറുളള ആളുകളാണ്. അവരുടെ പ്രശ്നം ഇതിനെക്കുറിച്ച് കൃത്യമായ അറിവില്ല. അപ്പോൾ സാറിനെ പോലൊരാൾ ഈ ചെടികളെ കാണിച്ചുകൊടുക്കുകയും അവയുടെ പ്രയോജനം വിവരിക്കുകയും ചെയ്താൽ നല്ലതായിരിക്കും. ഒരു ഗാലറി പോലെ ഒരു സാമ്പിൾ ഉണ്ടാക്കിയിട്ട് അതിന്റെ ഡെമോ നടത്തുകയാണെങ്കിൽ - 50 ചെടി പരിചയപ്പെടുത്താൻ 50 മിനിറ്റിന്റെ കാര്യമേയുളളു. അല്ലെങ്കിൽ ഒന്നോ രണ്ടോ എപ്പിസോഡായി പരിചയപ്പെടുത്താം. അല്ലെങ്കിൽ മൂന്ന് ലെവലിൽ ഉളളത് മൂന്നായി ചെയ്യാം.
ഡോ. പി. കെ. ഷാജി: തീർച്ചയായും ചെയ്യാവുന്നതാണ്.
എം. ആർ. ഹരി: ചെടികൾ മുളപ്പിച്ചെടുക്കാം. അതുചെയ്താൽ കേരളത്തിലെ അടുത്ത മഴക്കാലം ഇപ്പോ വരും. പക്ഷെ അതിനടുത്ത വർഷമാവുമ്പോഴേക്കെങ്കിലും ഈ നദീതീരത്തു കുറേപേരെങ്കിലും ഇത് വെക്കാൻ തയാറായാൽ. എനിക്കു മനസിലായിടത്തോളം ആളുകൾ പ്രകൃതിയോട് വിരുദ്ധ നിലപാട് ഉളളവരൊന്നുമല്ല. കുറച്ചുപേർ ഉണ്ട്, എല്ലാം വെട്ടിത്തെളിച്ച് കണ്ണാടിയാക്കണം എന്ന നിലപാടുളളവർ. കൂടുതൽ ആളുകളും ഇതൊക്കെ സംരക്ഷിക്കാൻ തയാറുളളവരാണ്. പക്ഷെ അവർക്കാവശ്യമുളള വിവരം നമുക്ക് കൊടുക്കാൻ പറ്റുന്നില്ല. ആ ഒരു തരത്തിലുളള കാര്യം കൂടെ അടുത്തതവണ ഒന്നു ശ്രമിച്ചു നോക്കാം. ഒരു കാര്യം കൂടി ചോദിച്ചോട്ടെ. ഇപ്പോൾ നദികൾ നേരിടുന്ന പ്രശ്നങ്ങളിലൊന്ന് മലിനീകരണമാണ്. ആളുകൾ പുഴയിലേക്ക് സാധനങ്ങൾ വലിച്ചെറിയുന്നു. അതീ കാടുണ്ടെങ്കിൽ കുറച്ച് സാധനങ്ങൾ പുഴയിലേക്ക് പോകാതെ അവിടെ തങ്ങിനിൽക്കില്ലേ.
ഡോ. പി. കെ. ഷാജി: അതാ ചെടികളുടെ ആവാസമേഖലയെ നശിപ്പിക്കും. അതാണ് ഞാൻ പറഞ്ഞത് തദ്ദേശവാസികളുടെ സഹകരണമുണ്ടെങ്കിൽ അവർതന്നെ ഇതിന്റെ കാവൽക്കാരായി സംരക്ഷിച്ചുകൊളളും. അപ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ, ഇത് മനസിലാക്കിക്കഴിഞ്ഞാൽ എനിക്കുതോന്നുന്നു പിന്നെ പ്രശ്നമുണ്ടാകില്ല.
എം. ആർ. ഹരി: മറവൻതുരുത്തിൽ വലിയൊരു പരിപാടി നടക്കുന്നുണ്ട്. അവിടൊരു നദി മുഴുവൻ അവർ ശുദ്ധീകരിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ കീഴിൽ സ്ട്രീറ്റ് എന്നൊരു പദ്ധതി (STREET ) വരികയാണ്. അങ്ങനെയുളള സ്ഥലങ്ങളിൽ ഇത്തരം സസ്യജാലങ്ങൾ നട്ടുപിടിക്കാൻ കൂടി നമുക്ക് സാധിച്ചേക്കും.
ഡോ. പി. കെ. ഷാജി: നദീതീരം തന്നെയാണോ ?
എം. ആർ. ഹരി: അതെ. ആളുകളെ നദി കാണിച്ച് ടൂറിസവുമായി ഇണക്കി കൊണ്ടുവരുന്നതാണ്. ഒരു കാര്യം കൂടി പറയാതിരിക്കാൻ നിർവാഹമില്ല. നമ്മളീ ഇരിക്കുന്ന സ്ഥലം, പുറകിലൊരു രണ്ടു വർഷമായ മിയാവാക്കി കാടാണ്. അവിടെ മൂന്നു വർഷമായതാണ്. ഇതിപ്പോൾ ആറു മാസമായതേ ഉളളൂ, ഈ രണ്ടു മരങ്ങളിവിടെ പണ്ടേ ഉളളതാണ്. അപ്പോൾ ഇപ്പോഴത്തെ ഈ ചൂടിൽ ഇപ്പോൾ നട്ടുച്ച നേരമാണ്. ഇവിടെ ഫാനില്ലാതെ നമുക്ക് ഇരിക്കാൻ പറ്റുന്നത് ഈ മരങ്ങളുടെയും തുറസായ സ്ഥലത്തിന്റെയും ഗുണമാണ്. ഇപ്പോൾ നമ്മളാ മുറിയിലോ വരാന്തയിലോ ആയിരുന്നെങ്കിൽ ഫാനോ മറ്റു സംവിധാനമോ ഉപയോഗിക്കേണ്ടിവരും. അപ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഈ പച്ചപ്പാണ്. പണ്ട് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന കാലത്ത് ആറ്റുതീരത്ത് പോയി ചൂണ്ടയിട്ട് ഇരുന്നാൽ മീൻ കിട്ടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല, കാഴ്ച്ചകൾ ഒരുപാടുണ്ട്. വളളം പോകുന്നത് കാണാനുണ്ട്, വെളളത്തിൽ കാലിട്ടോണ്ടിരിക്കാം, ആറ്റുതീരത്തെ മാവിൽ നിന്ന് മാങ്ങ വീഴാനൊക്കെയുളള സാധ്യതകളുണ്ട്. അങ്ങനെ നഷ്ടപ്പെട്ടു പോയൊരു പരിസ്ഥിതിയുടെ ഗൃഹാതുരത്വം, അത് നമുക്ക് തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് വിചാരിക്കാം. കുറച്ചെങ്കിലും.
ഡോ. പി. കെ. ഷാജി: ആ രീതിയിൽത്തന്നെ നടപ്പിലാക്കണം. ഒന്നാമത് ഇവിടത്തെ തനതു ജൈവവൈവിധ്യം സംരക്ഷിക്കുക. അതുപോലെത്തന്നെ സംരക്ഷണ പ്രാധാന്യമുളള ഒരുപാട് ചെടികളെ ഇതിനകത്തുതന്നെ സംരക്ഷിക്കുകയും ചെയ്യാം. ഒപ്പം ഇത് നിർവഹിക്കുന്ന ചില പാരിസ്ഥിതിക ധർമ്മങ്ങളുണ്ട്. ഈ പറഞ്ഞതുപോലെ ചൂടു കുറയ്ക്കുക, ഓക്സിജൻ അളവു കൂട്ടുക പോലുളളത്.
എം. ആർ. ഹരി: നീർച്ചാലുകൾ നിലനിർത്തുന്നതിൽ ഈ തീരത്തിലെ ചെടികൾക്ക് എന്തെങ്കിലും പങ്കുണ്ടോ ?
ഡോ. പി. കെ. ഷാജി: തീർച്ചയായിട്ടും.
എം. ആർ. ഹരി: മണ്ണിടിച്ചിൽ തടയുമല്ലേ.
ഡോ. പി. കെ. ഷാജി: മണ്ണിടിച്ചിൽ ഒരു പരിധിവരെ തടയും. അത് സ്വാഭാവികമായി ചെയ്യുന്ന ഒന്നാണ്. ശരിക്കും ഇത് ആളുകളെ ക്കൂട്ടിച്ചേർത്ത് ഓരോ പ്രദേശമെടുത്ത് അത് മാപ്പ് ചെയ്ത് അവിടെ എത്രമാത്രം മണ്ണൊലിപ്പുണ്ട് എന്നൊക്കെ നമുക്ക് ശാസ്ത്രീയമായി വിലയിരുത്താം. അതനുസരിച്ചുളള ഒരു പരിഹാരമാർഗം കൂടിയാണിത്. ആ രീതിയിൽ അതിന്റെ പാരിസ്ഥിതിക ധർമ്മത്തെ കുറിച്ച് മറ്റുളളവരെ പറഞ്ഞു മനസിലാക്കുകയും ചെയ്യണം. ഒരു മരം പത്ത് പുത്രന്മാർക്ക് തുല്യമാണെന്നല്ലേ.
എം. ആർ. ഹരി: ചിലപ്പോൾ പുത്രന്മാരെ കൊണ്ട് വശംകെട്ടിരിക്കുന്ന ആളുകളും ഉണ്ടായിരിക്കും. അവരോടു നമുക്ക് ഇത് പറയാൻ കഴിയില്ല.
ഡോ. പി. കെ. ഷാജി: അതെന്തായാലും പുത്രന് ഒരു ധർമ്മമുണ്ടല്ലോ..
എം. ആർ. ഹരി: പുത്രനോ പുത്രിയോ എന്നു വിചാരിക്കാം. എനിക്ക് പുത്രിയാണല്ലോ. നമ്മളത് ആണ് എന്നുളള അർത്ഥത്തിലല്ല, അടുത്ത തലമുറ എന്ന അർത്ഥത്തിൽ. ശരി, അപ്പോൾ നമുക്ക് ഈ ചെടികൾ ഏതൊക്കെയാണെന്നു കണ്ടുപിടിച്ച് പരിചയപ്പെടുന്ന ഒരു പരിപാടി കഴിയുന്നത്ര വേഗം, സാറ് എത്രയും പെട്ടെന്ന് തയാറാക്കുന്നോ അത്രയും പെട്ടെന്ന് നമുക്കത് ചെയ്യാം.
ഡോ. പി. കെ. ഷാജി: തീർച്ചയായിട്ടും. നമ്മുടെ ഒരു സംഘമുണ്ടല്ലോ. എല്ലാവരും കൂടെ ചേർന്നത് ചെയ്യാം. വലിയ വെളളപ്പൊക്കം വന്നപ്പോഴും ആറ്റുവഞ്ചിക്കൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു.
എം. ആർ. ഹരി: ഞാനീ വലിയ വെളളപ്പൊക്കവും കൊടുങ്കാറ്റും കഴിഞ്ഞയുടനെ ഒറീസയിൽ പോയിരുന്നു. അവിടെ ഒറ്റ കടമ്പ് മറിഞ്ഞുവീണില്ല. അതുപോലെ പ്ലാവും മാവും ഒന്നു വീണില്ല. പോയത് തേക്ക് ഒക്കെയാണ്. അധിനിവേശ സസ്യങ്ങൾ എന്നു നമ്മൾ വിചാരിക്കുന്ന സാധനങ്ങൾ തന്നെയാണ് പോയത്. ശരി സാർ, അപ്പോൾ ഉടനെതന്നെ നമുക്ക് വീണ്ടും കാണാം.