വനവത്കരണത്തെക്കുറിച്ച് പറയുമ്പോൾ പലരും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നിങ്ങൾക്കെങ്ങനെയാണ് വനവത്കരണത്തിൽ ഇത്ര താത്പര്യം ഉണ്ടായത് എന്ന്. നിങ്ങളേതെങ്കിലും കാട്ടു പ്രദേശത്തോ കാടിന്റെ പരിസരത്തോ ആണോ വളർന്നത്. ചെറുപ്പം മുതലേ കാടു കാണാൻ പോകാറുണ്ടോ, എന്നൊക്കെ ചോദിക്കാറുണ്ട്. അങ്ങനെ ഒരു ബന്ധം എനിക്ക് കാടുമായിട്ടില്ല. ഞാൻ ആദ്യമായിട്ട് ഒരു കാടു കാണുന്നതു തന്നെ പത്തോ പതിനാലോ വയസ്സിലാണ്. പക്ഷെ ഞാൻ വളർന്നത് ഒരു നാട്ടുമ്പുറത്താണ്, കോട്ടയം പട്ടണത്തിലാണ്. അന്ന് പക്ഷെ കോട്ടയം പട്ടണവും നാട്ടുമ്പുറമാണ്. കോട്ടയത്തെ പട്ടണം എന്നു വിളിക്കാൻ കാരണം അതിനു ചുറ്റുമുള്ള പ്രദേശങ്ങൾ കുറച്ചു കൂടെ ചെറിയ പ്രദേശങ്ങളായിരുന്നു എന്നുള്ള കൊണ്ടാണ്.

ഞാൻ വളർന്ന എന്റെ വീടിന്റെ സമീപം അമ്മയുടെ വീട് ഉണ്ടായിരുന്നു. ആ വീട് ഏകേദശം 70 സെന്റെ സ്ഥലവും ഒരുപാട് മരങ്ങളുമുള്ള ഒരു പറമ്പായിരുന്നു. കുട്ടികളായിരുന്ന ഞങ്ങൾക്ക് അന്ന് കളിക്കാനായി കളിപ്പാട്ടങ്ങളൊക്കെ വളരെ കുറവായിരുന്നു. ഇന്നത്തെ പോലെ ചൈനീസ് കളിപ്പാട്ടങ്ങളും, കമ്പ്യൂട്ടർ ഗെയിമും ഒന്നുമില്ല. ചെടിയുടെ ഇലയും കായും പറിച്ചുമൊക്കെയാണ് കളിക്കുന്നത്. അതു പോലെ തന്നെ ഈ മരങ്ങൾക്കിടയിൽ ഒളിച്ചു കളിക്കുക. ഇലയുടെയൊക്കെ മണം വരുമ്പോൾ അത് ഏത് ചെടി ആണെന്ന് തിരിച്ചറിയാനുള്ള ഒരു കഴിവ് അന്നു തന്നെ നമ്മൾക്ക് കിട്ടുമായിരുന്നു. അത് ഈ ചെടികൾക്കിടയിൽ വളർന്നതു കൊണ്ടുണ്ടായ ഒരു കാര്യമാണ്. അതുപോലെ പക്ഷികളും അണ്ണാനുമൊക്കെ ധാരാളമായിട്ട് പറമ്പുകളിൽ വരുന്ന ഒരു കാലമായിരുന്നു. സമയവും കാലവും പോലും ഗണിച്ചിരുന്നത് ഈ ചെടികളുമായി ബന്ധപ്പെടുത്തിയിട്ടാണ്. ഉദാഹരണമായിട്ട് ഡിസംബർ മാസമാകുമ്പോൾ വാളൻപുളിയൊക്കെ നന്നായിട്ട് പഴുക്കും. പഴുത്ത പുളി കൊഴിഞ്ഞു വീഴുമ്പോൾ പോയി പെറുക്കണം. ഈ സമയത്ത് അണ്ണാനിത് തിന്നാനായിട്ട് വരും. അണ്ണാനെ പിടിച്ചു വളർത്തുക എന്നത് ചെറുപ്പം മുതലേ എന്റെ ഒരു ആഗ്രഹം ആണ്. എല്ലാ വർഷവും ഞാനീ സമയത്ത് ഒരു എലിപ്പെട്ടി കൂട്ടി അണ്ണാൻ പോകുന്ന വഴിയിലെവിടെയെങ്കിലും വയ്ക്കും. അണ്ണാൻ ഒരു പ്രത്യേകതയുണ്ട്. മറ്റു ജീവികളെ അപേക്ഷിച്ച് ഞാൻ കണ്ടിട്ടുള്ളതാണ്. അണ്ണാൻ ഒരു സ്ഥലത്ത് ഭക്ഷണം തേടി വരുകയാണെങ്കിൽ എപ്പോഴും ഒരേ സമയത്ത് തന്നെയായിരിക്കും. ഇന്ന് ഒരു അണ്ണാൻ വാഴക്കുടം വിരിഞ്ഞ് തേൻ കുടിക്കാൻ 8 മണിക്ക് വരുകയാണെങ്കിൽ നാളെയും അവൻ അവിടെ 8 മണിക്കു തന്നെ വരും. ആ കുടപ്പൻ തീരുന്നവരെ അവൻ ആ സമത്ത് അവിടെ വരും എന്നാണ് ഞാൻ കണ്ടിരിക്കുന്നത്. അത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷി നീരിക്ഷകരും ഇതു പോലുള്ള ജീവികളെക്കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നവവരും പറഞ്ഞിട്ടുള്ളതാണ്.

അണ്ണാൻ വരുന്ന റൂട്ടിൽ നമ്മൾ ഒരു എലിപ്പെട്ടി കൂട്ടി അതിൽ ഒരു വാളൻപുളി കോര്ത്തുവച്ചിരുന്നാൽ സ്വാഭാവികമായിട്ടും ഇത് അതിനകത്ത് കയറാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ കേറിക്കഴിഞ്ഞാൽ ഇതിനെ പിടിച്ച് നമ്മൾ ഒരു കൂട്ടിനകത്താക്കും. വളർത്താൻ തുടങ്ങും. അണ്ണാനാണെങ്കിൽ അപ്പോൾ തൊട്ട് രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങും. കൂടിന്റെ സൈഡിലൊക്കെ ഇടിച്ച് അതിന്റെ മൂക്ക് ഒക്കെ പൊട്ടി ചോരയൊക്കെ വരും. ആദ്യം നമുക്കും വിഷമം വരും. ആദ്യത്തെ രണ്ടു ദിവസം വീട്ടുകാർ ഒന്നും പറയില്ല. അണ്ണാൻ നമ്മുടെ കൂടെ കളിക്കട്ടെ എന്നു വയ്ക്കും. രണ്ടു ദിവസം കഴിയുമ്പോൾ ഇവർ പതുക്കെ അടുക്കെ വരും. നമ്മളും ഒന്ന് വിഷമിച്ചു അണ്ണാന് അസുഖമൊക്കെ ആയി ഇരിക്കുന്നു. എടാ അതിനെ അങ്ങ് തുറന്നു വിട്. നിന്നെ ആരേലും പിടിച്ച് കൂട്ടിലിട്ടാൽ നിനക്ക് എന്തു തോന്നും അതു പോലെ അല്ലേ പാവം അണ്ണാൻ എന്നൊക്കെ പറഞ്ഞ് നമ്മുടെ സെന്റിമെൻറ്സിൽ അവർ ചെറുതായിട്ട് ഇടയലൊക്കെ ഉണ്ടാക്കും. അപ്പോൾ നമ്മളീ അണ്ണാനെ തുറന്നു വിടും, അണ്ണാൻ ചാടി അങ്ങ് പോകുകയും ചെയ്യും.

ഇതു പോലെ തന്നെ പക്ഷികൾ കൂടു വയ്ക്കുന്ന ഒരു സമയമുണ്ട്. മാർച്ച് മാസം ആകുമ്പോൾ, പരീക്ഷയൊക്കെ കഴിയുന്ന സമയത്ത്. പക്ഷി കൂടു വയ്ക്കാൻ വന്നാൽ അത് ആദ്യം അനുയോജ്യമായ ഒരു അന്തരീക്ഷം കണ്ടു പിടിക്കും. മിക്കവാറും ചില പക്ഷികൾക്കൊക്കെ വള്ളിയിൽ തൂങ്ങി നിൽക്കുന്ന കൂടായിരിക്കും. പൂച്ച, പാമ്പു പോലുള്ളവ വള്ളിവഴി ഇറങ്ങില്ല. വേറെ ചില പക്ഷികൾ മരത്തിന്റെ പൊത്തുകളിലായിരിക്കും. വേറെ ആർക്കും അതിലേക്ക് തലയിടാൻ പറ്റില്ല. അങ്ങനെ ഈ കൂടുകളൊക്കെ വച്ചു കഴിഞ്ഞ് തൂവലുകളൊക്കെ അതിനകത്ത് കൊണ്ടു വന്ന് വിരിച്ച് അകം കുറച്ച് മൃദുലമാക്കും. പിന്നെ മുട്ടയിടും. ഓരോ പക്ഷിയുടേയും മുട്ടയ്ക്ക് ഓരോ നിറവും, വലിപ്പവും ആയിരിക്കും. ചിലത് രണ്ടു മുട്ടയിടും ചിലത് മൂന്നു മുട്ടയിടും. നമ്മൾ ഇതൊക്കെ പുറകെ നടന്ന് കണ്ട് കണ്ട് കുഞ്ഞ് വിരിയുമ്പോൾ അതിനെ എടുത്ത് വളർത്തുക എന്നുള്ളതാണ് മോഹം. പക്ഷെ ഇത് പലപ്പോഴും ഈ ഇരട്ടത്തലച്ചിയൊക്കെ പോലുള്ള പക്ഷികളാണ്. അതൊന്നും ഇണങ്ങുകയില്ല. പക്ഷേ നമ്മളത് എന്തായാലും ഇതിനെ ഇപ്രാവശ്യം പിടിച്ച് വളർത്തിയിട്ടേ ഉള്ളു എന്ന് പറഞ്ഞ് ഒരു പത്ത് നാല്പത് ദിവസം ഇതിന്റെ പുറകെ നടക്കും. അവസാനം മുട്ട വിരിഞ്ഞ് കുഞ്ഞു വെളിയിൽ വന്ന് ഭക്ഷണമൊക്കെ കഴിച്ച് അത് പറക്കാറാവും. നമ്മൾ പുറകെ ചാടുമ്പോഴേക്കും അത് പറന്ന് ഒരു മരത്തിൽ നിന്ന് അടുത്ത മരത്തിലേക്കും അവിടുന്ന് അടുത്ത മരത്തിലേക്കും പോകുകയും ചെയ്യും. ഇതൊക്കെ ഇങ്ങനെ സ്ഥിരം ആവർത്തിക്കുന്ന ഒരു നാടകം ആയിരുന്നു.

അതുപോലെ തന്നെ ഒരു പ്രദേശത്ത് എന്തൊക്കെ ചെടികളുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഗൃഹവൈദ്യം വളരെ ശക്തമായിരുന്ന ഒരു കാലമായിരുന്നു അത്. ഉദാഹരണമായി സ്ത്രീകളുടെ പ്രസവം കഴിഞ്ഞാൽ അവർക്ക് കുളിക്കാനായിട്ട് ചില പ്രത്യേക ഇലകൾ ഇട്ട് തിളപ്പിക്കുന്ന വെള്ളം ഉണ്ട്. അതിന് കാപ്പി ഇല വേണം, പൂവരശ്ശിന്റെ ഇല വേണം.. അതു പോലെ തഴുതാമ കൊണ്ട് തോരൻ വച്ചു കൊടുക്കുകയോ അങ്ങനെ എന്തൊക്കെയോ ഉണ്ട്. പിള്ളേരുടെ ജോലിയാണ്, ഈ ഇലയൊക്കെ പറിച്ച് കൊണ്ടു വരുക എന്നത്. നാട്ടിൽ എവിടയൊക്കെ എന്തൊക്കെ മരങ്ങൾ ഉണ്ടെന്ന് നമുക്ക് അറിയാവുന്ന ഒരു അവസ്ഥയുണ്ട്. ചാര് എന്നൊരു മരമുണ്ട്. ചാരിൽ തൊട്ടു കഴിഞ്ഞാല് പൊള്ളും. ഞാൻ ആദ്യമായിട്ട് ചാര് കാണുന്നത് തിരുവല്ലയില് എന്റെ ചേച്ചിയുടെ വീട്ടിലാണ്. ചാരിൽ തൊട്ട് പൊള്ളിക്കഴിഞ്ഞാൽ അതിനു പരിഹാരമായിട്ട് താന്നിക്കു ചുറ്റും നടക്കുക എന്നതാണ്, അപ്പോൾ ചാര് എവിടെയാക്കെ ഉണ്ടോ ആ പ്രദേശത്തുള്ളവർക്കൊക്കെ താന്നി എവിടെ നില്പ്പുണ്ടെന്ന് അറിയാം. അതു പോലെ തന്നെ മുള. മുളയൊക്കെ വളരെ അപൂർവ്വമായിട്ടുള്ള സാധനങ്ങളാണ്. ആറ്റിൻ തീരത്തും അവിടെ അവിടെയായിട്ടും നിൽക്കുന്ന സാധനങ്ങളാണ്. അതിന്റെ ഒരു കമ്പ് കിട്ടാനായിട്ട് ഇത് എവിടെ ഉണ്ടെന്നൊക്കെ നോക്കി നടക്കും. പിന്നൊന്ന് ഓണക്കാലത്തെ പൂവിടലാണ്. പൂവ് ഇടണമെങ്കിൽ നമ്മൾ പൂവ് പറിക്കാനായിട്ട് നാടു മുഴുവൻ നടക്കണം.. ആർക്കും ആരുടെ പറമ്പിൽ വേണേലും കയറി പൂവ് പറിക്കാം. ഈ പൂവ് എവിടെയുണ്ട്, ഏത് പൂവ് ഉണ്ട്‌, പൂക്കളം ഇടാത്ത വീട്ടുകാർ ആരുണ്ട്‌. ഇങ്ങനെ ഒരു ഡേറ്റാ ബെയ്സ് (database) ഉണ്ട്. അത് താനെ ഉണ്ടാകും. കുറെ കാലം കഴിയുമ്പോൾ നമുക്കു അറിയാൻ കഴിയും ഇന്ന വീട്ടിൽ കുടച്ചെത്തി നിൽപ്പുണ്ട്. അവിടെ പോയി അത് പറിക്കാം. ഇന്ന സ്ഥലത്ത് മഞ്ഞക്കോളാമ്പി ഉണ്ട്, ഇന്ന സ്ഥലത്ത് പൂക്കളുണ്ടാകുന്ന മരമുണ്ട. ഇതൊക്കെ നമ്മൾ നോട്ട് ചെയ്ത് വച്ചിട്ട് ഈ വഴിയൊക്കെ നടന്ന് പൂക്കൾ പറിക്കും. അങ്ങനെ നാട്ടിലെ ചെടികളും മരങ്ങളുമൊക്കെ എല്ലാവർക്കും അറിയാവുന്ന ഒരു കാലമായിരുന്നു അത്. അത്തരത്തിലുള്ള ഒരു ജീവിത ശൈലിയാണ് ഒരു പക്ഷെ ചെടികളോടും മരങ്ങളോടും താത്പര്യമുണ്ടാകാൻ എനിക്ക് സഹായകമായത്.