വീടിനടുത്തും പറമ്പിലുമൊക്കെയായിട്ട് മരങ്ങൾ വെക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തന്നെയാണ്, എങ്കിലും അതിന്റെ ചില വശങ്ങൾ ഒന്നെടുത്തു കാണിക്കാനായിട്ടാണ് ഈ വീഡിയോ. വീടിനു ചുറ്റും മരം വെക്കണമെന്ന് ആഗ്രഹമുളള ഒരുപാട് പേരുണ്ട്. എന്റെ വീടിന്റെ മുറ്റം കഷ്ടിച്ച് ആറടിയോ എട്ടടിയോ കാണും. ഇവിടൊരു കശുമാവ് വെച്ചിരിക്കുകയാണ്. പറങ്കിമാവ് എന്നും പേരുളള ഈ മരം വിദേശിയാണ്, പോർച്ചുഗലിൽ നിന്നും വന്നതാണ്. ഇതിനെ ഇവിടെ വെച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നു വെച്ചാൽ ഈ പറമ്പിന്റെ പലഭാഗത്തും പാറക്കിടയിൽ നേരത്തെ ഉണ്ടായിരുന്ന ഉടമസ്ഥർ കശുമാവ് വെച്ചു പിടിപ്പിച്ചിരുന്നു. കശുമാവിന്റെ ചില്ലകൾ വളരെ രസകരമായ കലാസൃഷ്ടി ആയാണാ മരം പലപ്പോഴും വളർന്നു വരുന്നത്. ഒന്നുരണ്ടെണ്ണം സാമ്പിൾ ഇവിടെ നിൽക്കുന്നത് കാണുമ്പോ നമുക്കത് മനസിലാവും. ഇത്തരത്തിലൊരു മരം ഇവിടെ നിന്നാൽ, ഇപ്പോൾത്തന്നെ ഇതിന് ചില്ലയൊക്കെ പൊട്ടിത്തുടങ്ങി. കുറച്ചുകഴിഞ്ഞാൽ ഇത് വളർന്നു മേലോട്ടുപോകും. വളഞ്ഞും പുളഞ്ഞും കുറച്ച് മുരടിച്ചും ഒരു പ്രത്യേകരീതിയിലായിരിക്കും ഈ മരം വളരുന്നത്. ഇതാണ് കശുമാവിന്റെ പ്രത്യേകത. ഒരു കശുമാവ് ഉണ്ടായിക്കഴിഞ്ഞാൽ അത് സാധാരണ മരം പോലെയല്ല. അതുപോലെ കശുമാങ്ങ ഉണ്ടായിക്കഴിഞ്ഞാൽ ധാരാളം കിളികൾ വരും.
ഇതൊരു മരത്തിന്റെ കഥയല്ല. ഇങ്ങനെ പ്രത്യേകതകൾ ഉളള ഒരുപാട് മരങ്ങളുണ്ട്. അതിൽപ്പെട്ട ഒരു മരമാണ് മരുത്. നമ്മുടെ നാട്ടിൽ കണിക്കൊന്നയും മണിമരുതും വാകയും ഒക്കെ നമ്മൾ വഴിയരികിൽ വെക്കാറുണ്ട്. അതിനപ്പുറം പാല പോലും വഴിയിൽ വെക്കാറില്ല. ഡൽഹിയിൽ ചെന്നുകഴിഞ്ഞാൽ അവിടെ വഴിയിൽ ഏഴിലംപാല വെച്ചുപിടിപ്പിച്ചിരിക്കുന്നതു കാണാം. അതുപോലെ മരുത്, നീർമാതളം ഒക്കെ നന്നായി പൂക്കുന്ന ഇനങ്ങളാണ്. മരുത് പൂത്തുനിൽക്കുന്നത് കാണാം. വെളളപ്പൂവാണ് ദൂരെനിന്നു നോക്കിയാൽ കാണുക. പക്ഷെ അടുത്തുചെന്ന് നോക്കിയാൽ അതിനകത്ത് ചുവന്ന ഇതളുകളാണ്. പുളിയിലയുടെ ആകൃതിയിൽ വളരെ രസമുളള, ഭംഗിയുളള ഒരു പൂങ്കുലയായി മരുത് നിൽക്കുന്നത് കാണാം. എന്താണിത്രേം പുവെന്നു ചോദിക്കുന്ന തരത്തിലാണ് മരുതിന്റെ പൂവ് പലയിടത്തും കാണുന്നത്. ഇതേപോലെ മറ്റൊരു മരം അടുത്തിടെ കണ്ടുപിടിച്ചു.
ഞാൻ നിൽക്കുന്നത് എന്റെ പറമ്പിന്റെ ഒരു ഭാഗമാണ്. ഇവിടെ രണ്ടുമരം നിൽപുണ്ട്. ഒന്ന് കാഞ്ഞിരമാണ്. തൊട്ടടുത്ത് നിൽക്കുന്നതും കാഞ്ഞിരമാണെന്നാണ് വിചാരിച്ചിരുന്നത്. ഇതിന്റെ മുമ്പിലൂടെ പലതവണ നടന്നിട്ടും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇവിടെ വന്ന ശാസ്ത്രജ്ഞന്മാരും അത് ശ്രദ്ധിച്ചിട്ടില്ല. അടുത്തിടയ്ക്ക് ഞാൻ നോക്കിയപ്പോൾ അതിലൊരു ചെറിയ കുല. പൂങ്കുല ആണെന്ന് കരുതി നോക്കിയപ്പോൾ അത് നല്ല മുളളാണ്. മുളളൻപന്നിയുടെ മുളളുപോലെ നല്ല കട്ടിയുളള, അറ്റം നല്ലപോലെ കൂർത്ത, രണ്ടിഞ്ചിലധികം നീളമുളള മുളളാണ്, ആ മുളളുകളുടെ ഒരു കുലയാണ്. ആ മരത്തിലേക്ക് ആരെയെങ്കിലും തളളിവിട്ടാൽ അയാളുടെ ദേഹത്ത് നാലഞ്ച് മുളള് കുത്തിത്തുളഞ്ഞു കേറുന്ന അവസ്ഥയാണ്. അപ്പോഴാണിത് വേറൊരു മരമാണെന്ന് കാണുന്നത്. ശ്രദ്ധിച്ചപ്പോൾ ചുവന്ന് വളരെ രസമുളെളാരു തളിരായിട്ട് മുളള് വരികയും ആ മുളള് പിന്നെ ശക്തിപ്പെടുകയും ചെയ്യും. മരത്തെ ആരും ആക്രമിക്കാതിരിക്കാനായി മുളളുകളുടെ ഒരു കവചം എന്ന മട്ടിൽ മുകളിൽ തൊട്ട് താഴെ വരെ ഈ മുളള് വരികയും ചെയ്യും. അത് ചരൽ എന്നൊരു മരമാണ്, പഴമുണ്ടാകുന്ന ഒരു മരമാണ്.
ഇതുപോലെ തന്നെ വേറൊരു മരമാണ് ഈട്ടി. പാറയ്ക്കിടയിലൊക്കെ ഈട്ടി വളരുന്നുണ്ട്. ഒരുപാട് കാലമെടുക്കും ഈട്ടി വളർന്ന് ഈയൊരു വലിപ്പത്തിലെത്താൻ. പക്ഷെ ഇതിനിടയ്ക്കു കൂടി ഈ മരത്തിന്റെ ഫോർമേഷൻ വളരെ രസമാണ്. ഇതുപോലെ വേറൊരു മരമാണ് മഞ്ഞണാത്തി. നോനി എന്നു പറഞ്ഞ ചെടിയുണ്ട്. പലരും നോനി മലേഷ്യൻ മരമായാണ് ധരിച്ചുവെച്ചിരിക്കുന്നത്. നോനി മലേഷ്യൻ മരമല്ല, ഇവിടെ നമ്മുടെ ആറ്റിന്റെ തീരത്തൊക്കെ വളർന്നു നിൽക്കുന്നതാണ്. അതിന്റെ കുടുംബത്തിൽ പെട്ട വേറൊരു മരമാണ് മഞ്ഞണാത്തി. ഇതിവിടെ പലയിടത്തുമുണ്ട്. ഇതും കശുമാവ് പോലെ പാറയ്ക്കിടയിലൊക്കെ നിന്ന് വളരുന്ന മരമാണ്. കട്ടിയുളള തൊലിയുമൊക്കെയായി ഭംഗിയുളള രൂപമാണ് ഇതിന്. പ്രത്യേകത അതിന്റെ പൂക്കളാണ്. സുഗന്ധമുളള ചെറിയ പൂക്കളാണ്. ഈ മഞ്ഞണാത്തി പറമ്പിന്റെ പലയിടത്തും നിന്നു വളരുന്ന സാധനമാണ്. വേറൊരു മരമാണ് അപ്പക്കുടുക്ക. മഞ്ഞപ്പൂക്കളാണിതിന്. പാറയുടെ ഇടുക്കിൽ ഈ മരം കിളിർത്തു വരുന്നുണ്ട്. ശീമപ്പഞ്ഞി എന്നൊരു പേരുമുണ്ട്. ആദിവാസികൾ അപ്പമുണ്ടാക്കാനായി അതിന്റെ കായ ഉപയോഗിക്കും. കായക്കകത്ത് ശർക്കരയും കൂടെ ചേർത്ത് അവർ അപ്പമുണ്ടാക്കി കഴിക്കും. നല്ല ഭംഗിയുളള ഒരു മരമാണ്.
ഇത് മാത്രമല്ല പാറയ്ക്കിടയിൽ പല വലിയ മരങ്ങളും വളരുന്നത് കാണാം. ചൂണ്ടപ്പന, അതിന് എവിടെയായാലും വലിയ വളർച്ച കിട്ടുന്നുണ്ട്. അതുപോലെ വളളിച്ചെടിയായ പുല്ലാഞ്ഞി. അത് വളർന്ന് വലിയ വളളികളായി മരത്തിൽ കയറി പടർന്ന് വലിയ കൂടായി കിടക്കുകയും അത് പൂക്കുന്ന സമയത്ത് വെളളപ്പൂക്കളുടെ വലിയൊരു കുല ഉണ്ടാവുകയും ചെയ്യും. നമ്മുടെ പല വളളിച്ചെടികളേക്കാളും മനോഹരമായ വളളിച്ചെടിയാണ്. എന്നുമാത്രമല്ല വണ്ണം വെച്ച് വലിയ മരം പോലെയാകും.
ഇങ്ങനെയുളള ഒരുപാട് അപൂർവമായ ചെടികൾ നമ്മുടെ നാട്ടിലുണ്ട്. ഇത് പലതും നമ്മൾ കളഞ്ഞു കഴിഞ്ഞു. നമുക്കാകെപ്പാടെ അറിയാവുന്നത് വിദേശമരങ്ങളെയാണ്. നമ്മുടെ നാടൻ പട്ടികളെല്ലാം ഇല്ലാതായി. നമുക്ക് വിദേശ പട്ടികളുടെ എല്ലാം പേരറിയാം നാടൻ പട്ടികളുടെ പേരറിയില്ല എന്നു പറഞ്ഞപോലെ ചെടികളുടെ അവസ്ഥയും ഇതാണ്. നമ്മളൊരുപാട് വിദേശയിനം ചെടികളൊക്കെ കൊണ്ടുവെക്കുന്നുണ്ട്. നാടൻ ചെടികൾ, അതിന്റെ സൗന്ദര്യം, അതിവിടെ നിലനിന്നുപോകുന്നതിന്റെ, അതിജീവനത്തിന്റെ കഥ ഓരോ മരത്തിനും പറയാനുണ്ട്. പാറയിലും വെളളമില്ലാത്തിടത്തുമൊക്കെ ഇത് വളർന്നുവരുന്നു. ഇമ്മാതിരി കാര്യങ്ങളെ ശ്രദ്ധിക്കാനായി നമ്മളെല്ലാം മുൻകൈ എടുക്കേണ്ടതാണ്. അഞ്ചുസെന്റുകാരനു പോലും രണ്ടോ മുന്നോ മരങ്ങളെ സംരക്ഷിക്കാൻ പറ്റും.
ഇതോടൊപ്പം തന്നെ പറയേണ്ട കാര്യം കുടപ്പനയുടേതാണ്. എഴുതാൻ ഉപയോഗിക്കുന്ന പനയോല. ആ പന ഇപ്പോൾ കാണാനില്ല. കരിമ്പന ധാരാളമായിട്ടുണ്ട്. പാലക്കാട് സൈഡിലും തമിഴ്നാടിനോടു ചേർന്നുളള തിരുവനന്തപുരത്തിന്റെ ഭാഗങ്ങളിലും ഉണ്ട്. എന്നാൽ കുടപ്പന ഇപ്പോ കാണാനില്ല. കുടപ്പന വെച്ചുപിടിപ്പിക്കേണ്ട മരമാണ്, കാരണം അതിന് രണ്ടുകവിളുണ്ട്. ആ കവിളിൽ തത്തയും മാടത്തയും ഒക്കെ കൂടു വെച്ചിരുന്നതാണ്. പന കീറി അതിനകത്തെ ചോറ് പണ്ട് പോത്തിനും താറാവിനുമൊക്കെ ഭക്ഷണമായി കൊടുത്തിരുന്നു. കുടപ്പനയുടെ ഭംഗി, കുട വിരിയുന്നതു പോലെയാണത് നിൽക്കുക. കുടപ്പനക്കുന്ന് എന്നൊരു സ്ഥലം തിരുവനന്തപുരത്തുണ്ട്. ഞങ്ങളുടെ വീടും അതിന്റെ ഒരുഭാഗത്താണിരിക്കുന്നത്. ഈ പുളിയറക്കോണം അല്ല, വേറൊരു വീട്. പക്ഷെ ഈ കുടപ്പനക്കുന്നിൽ പോലും വേറൊരു കുടപ്പന ഞാൻ കണ്ടിട്ടില്ല. അവിടെങ്ങും ഉണ്ടെന്നു തോന്നുന്നില്ല.
ഖജുരാഹോയിൽ ചെന്നപ്പോൾ അവിടെ ഖാജുർ എന്നൊരുതരം പനയാണ് ആ പേര് വരാൻ കാരണം. ആ ഖാജുർ പന ഖജുരാഹോയിലെങ്ങും ഇല്ലായിരുന്നു. വളരെ പാടുപെട്ടാണ് അതിന്റെ വീഡിയോ കിട്ടിയത്. അതേസമയം എല്ലാ ഹോട്ടലുകളുടെയും മുന്നിലീ ഖാജുർ പന വെച്ചുപിടിപ്പിക്കുന്നുണ്ട്. കേരളത്തിൽ തന്നെ പല സ്ഥലത്തും ഞാൻ കണ്ടിട്ടുണ്ട്. എന്നുപറഞ്ഞതുപോലെ നമ്മുടെ നാടൻ മരങ്ങൾ, ഇവിടെ അവശേഷിക്കുന്ന മരങ്ങൾ ഇല്ലാതാകുന്നത് തിരിച്ചുപിടിക്കാനായിട്ട് - ഏതെങ്കിലൊരു മരം - നമുക്ക് വെച്ചു പിടിപ്പിക്കാൻ പറ്റും. ഇതെത്ര പ്രതികൂല സാഹചര്യത്തിലും വളരുമെന്നുളളതിന് ധാരാളം തെളിവുകൾ ഇപ്പോൾ ഞങ്ങൾ കാണിച്ചു. ഈ മരങ്ങളെല്ലാം നമുക്ക് നമ്മുടെയൊക്കെ പറമ്പുകളിൽ വളർത്താൻ പറ്റും. ഇത് വലുതാകില്ലേ എന്നു ചോദിക്കുന്നവരുണ്ട്. വീടിന്റെ പുറത്തേക്ക് മറിഞ്ഞുവീഴില്ലേ, വേര് വന്ന് ഫൗണ്ടേഷൻ പോവില്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. മേശപ്പുറത്ത് ബോൺസായി ആയിട്ട് ആലിനെ നിർത്തിയിരിക്കുന്നത് കണ്ടിട്ടില്ലേ, എന്നു പറഞ്ഞപോലെ പറമ്പിൽ ഇതിന്റെ ശിഖരങ്ങളൊക്കെ വെട്ടി നിർത്തുകയാണെങ്കിൽ മരം അത്ര വലുതാവില്ല. വീടിനടുത്ത് ഓരോ മരത്തിനെയും അങ്ങനെ വളർത്തിയെടുക്കാൻ പറ്റും.
ഇവിടെത്തന്നെ അങ്ങനെ രണ്ടോ മൂന്നോ മരങ്ങളെ ക്രോപ്പ് ചെയ്ത് നിർത്തിയിട്ടുണ്ട്. ഇതുപോലെ എല്ലാ വീട്ടുകാരും ഓരോ മരം വെച്ചു സംരക്ഷിച്ചാൽ പോലും ഒരു പഞ്ചായത്തിൽ ആയിരം വീടുകൾ ഉണ്ടെങ്കിൽ ആയിരം മരം സംരക്ഷിക്കാൻ പറ്റും. കേരളത്തിൽ ആകപ്പാടെ ഉളളത് ഏതാണ്ട് നാലായിരം ഇനത്തിൽപ്പെട്ട ചെടികളാണ്. അതിൽ ഒരു ആയിരത്തിൽ താഴെയേ മരങ്ങൾ കാണുകയുളളൂ. ഈ അന്യം നിൽക്കുന്ന മരങ്ങളെ നമ്മൾ എല്ലാവരുമൊന്നു വിചാരിച്ചാൽ ഓരോ പഞ്ചായത്തിലും ഇതിന്റെ എല്ലാം ഒന്നും രണ്ടും തൈകളായിട്ട് ഓരോ വീടുകളിലും സംരക്ഷിക്കാൻ പറ്റും. അതങ്ങനെ ശ്രമിക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. അത് അഞ്ചുസെന്റുകാരനും ചെയ്യാൻ പറ്റും. നമ്മുടെ നഷ്ടപ്പെട്ട നാടൻമാവുകൾ, പ്ലാവ് ഇതൊക്കെ - ഇത് വലുതാവുമോ എന്നു പേടിക്കുകയേ വേണ്ട, വെട്ടിച്ചെറുതാക്കി നിർത്താം. അങ്ങനെ നിർത്താൻ എല്ലാവരും ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു.