മണ്ണിന്റെ ഗുണമേന്മ, ഫലപുഷ്ടിയൊക്കെ എങ്ങനെ മെച്ചപ്പെടുത്താമെന്നുളളതിനെ കുറിച്ചാണ് ഇന്നു സംസാരിക്കുന്നത്. പലതും നിങ്ങള്‍ക്ക് അറിയാവുന്നതായിരിക്കും. കൃഷിയില്‍ താത്‌പര്യമുളളവരിലേക്കും കൃഷി ചെയ്യുന്നവരിലേക്കും ഇത് പരമാവധി എത്തിക്കുക ന്നെുളളതാണ്. അങ്ങനെയുളള നിങ്ങളുടെ സുഹൃത്തുക്കളുമായി ദയവായി ഇത് പങ്കു വെക്കുമല്ലോ. ഇതില്‍ പറയുന്ന കാര്യങ്ങള്‍ അത്ര പ്രാധാന്യമുളളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ കോട്ടയം പട്ടണത്തിന്റെ പ്രാന്തത്തില്‍ ജനിച്ച ഒരാളാണ്. എന്റെയൊക്കെ ചെറുപ്പത്തില്‍ അവിടെ ധാരാളം മരങ്ങളും പറമ്പുമൊക്കെ ഉളള സമയത്ത് വീട്ടില്‍ ശുചിമുറികള്‍ ഉണ്ടെങ്കിലും പുരുഷന്മാരില്‍ പലരും പറമ്പിലാണ് മൂത്രമൊഴിക്കുന്നത്. ഇങ്ങനെ മൂത്രമൊഴിക്കുന്ന സ്ഥലത്ത് ചിലപ്പോള്‍ മണ്ണിരകള്‍ കാണും. മൂത്രം വീണുകഴിയുമ്പോള്‍ മണ്ണിരയ്‌ക്ക് വല്ലാത്ത അസ്വസ്ഥതയാണ്. അത് കിടന്നു പിടക്കും. പ്രത്യേകിച്ച് നിലംപുളപ്പന്‍ എന്നൊരു തരം മണ്ണിരയുണ്ട്. മണ്ണിര തന്നെയാണോ എന്നെനിക്കറിഞ്ഞൂട, നീലനിറത്തില്‍ ഉളളതാണ്. ആതീ മൂത്രം വീണുകഴിഞ്ഞാല്‍ കിടന്നു തുളളിക്കൊണ്ടിരിക്കും. ശരിക്കും അതിനെ സംബന്ധിച്ച് ഒരു ജീവന്മരണ പിടച്ചിലാണ്. കരിമീനിനെ നമ്മള്‍ പിടയ്‌ക്കുന്ന കരിമീനെന്നു വിശേഷിപ്പിക്കും. കരിമീന്‍ ശരിക്കും ശ്വാസം കിട്ടാതെ പിടക്കുന്നതാണ്. മരണപ്പിടച്ചില്‍. എന്നുപറയുന്നതു പോലെയാണീ മണ്ണിരയുടെ അവസ്ഥ. മണ്ണിരയ്‌ക്ക് അത്ര അസ്വസ്ഥതയുണ്ടാക്കുന്ന വസ്‌തുവാണ് മൂത്രം.
അപ്പോള്‍ മൂത്രം അത്ര അപകടകാരിയാണോ ? പണ്ട് സ്‌നഗിയൊക്കെ കെട്ടുന്നതിനു മുമ്പ് കൊച്ചുകുട്ടികള്‍ ദേഹത്ത് മൂത്രമൊഴി്‌ക്കുമ്പോള്‍ ഇഷ്ടമുളളവരുടെ ദേഹത്താണ് കുഞ്ഞ് മുത്രമൊഴിക്കുന്നതെന്ന് കുഞ്ഞിന്റെ അമ്മ നമ്മളെ സമാധാനിപ്പിക്കും. ആരുമതത്ര കാര്യമായിട്ട് എടുക്കാറില്ല. ഒന്നുകില്‍ അവിടം കഴുകും. അല്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ അത് തന്നെ ഉണങ്ങും. ഇപ്പോള്‍ സ്‌നഗി വന്നതോടെ ആ പ്രശ്‌നം മാറി. കുട്ടി 24 മണിക്കൂറും മൂത്രത്തില്‍ തന്നെ കിടക്കുന്ന ഒരവസ്ഥയും വന്നു. അങ്ങനെയാണ് മനുഷ്യന്റെ പല കാര്യങ്ങളിലുമുളള അവസ്ഥ.
പറഞ്ഞുവന്നത്, നമുക്കിത്ര പോലും അസ്വസ്ഥത ഉണ്ടാക്കാത്ത മൂത്രം മണ്ണിരയ്‌ക്ക് അത്രയധികം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കില്‍ മണ്ണില്‍ ചെല്ലുന്ന മറ്റുചില സാധനങ്ങള്‍ എത്രയധികം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടാവണം.
അതിനു മുമ്പ്, മണ്ണിര എന്താണ് ചെയ്യുന്നത്, എന്തുകൊണ്ട് മണ്ണിര മണ്ണില്‍ വേണം എന്നു നോക്കാം. നമ്മള്‍ പലപ്പോഴും മണ്ണിരയെ വൃത്തികെട്ട സാധനമായിട്ടാണ് കാണുന്നത്. മണ്ണിരയുടെ കുരിപ്പ - മണ്ണിര പുറത്തേക്ക് വിടുന്ന മണ്ണ് - ഇത് നനവുളള മണ്ണാണ്. നമ്മളതില്‍ കയറി ചവിട്ടിക്കഴിഞ്ഞാല്‍ അതങ്ങ് പതിഞ്ഞ് കാലിലൊട്ടും. അയ്യേ, ഇവിടെല്ലാം മണ്ണിര വൃത്തികേടാക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞ് ചാടിയങ്ങു പോവും. പതിനഞ്ച് സെന്റിമീറ്ററൊക്കെയാണ് ഒരു മണ്ണിരയുടെ ശരാശരി നീളം. അത് പതിനഞ്ച് സെന്റിമീറ്റര്‍ നീളമുളള ഒരു പൈപ്പാണ്. വളയുകയും പുളയുകയും നിവരുകയും ചെയ്യുന്നൊരു പൈപ്പ്. വളരെ സ്വാഭാവികമായി മണ്ണിലേക്ക് ഇറങ്ങുകയും ഒരു വേരുപോലും പൊട്ടാതെ മണ്ണിനടിയിലേക്കു പോവുകയും താഴെയുളള ജൈവവസ്‌തുക്കളെ തിന്നിട്ട് ആ പൈപ്പിലൂടെ പുറത്തുവരുന്നതാണ് മുകളില്‍ നമ്മള്‍ കാണുന്ന മണ്ണിരക്കുരുപ്പ. ഇതില്‍ നമ്മള്‍ ചെടിയ്‌ക്കു വളമായിടുന്ന അടിസ്ഥാന മൂലകങ്ങള്‍ വളരെ കൂടുതലാണ്.
നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാഷ് -എന്‍പികെ - ഇതാണ് ചെടികള്‍ക്കു വളമായി ചേര്‍ക്കുന്നത്. കായ് വലിപ്പം കൂടും, എണ്ണം കൂടും എന്നൊക്കെ പറഞ്ഞാണ് ഈ സാധനങ്ങള്‍ ചേര്‍ക്കുന്നത്. ഈ സാധനങ്ങള്‍ മണ്ണില്‍ സ്വാഭാവികമായി ചേര്‍ക്കുന്നൊരു ജീവിയാണ് മണ്ണിര. അതുമാത്രമല്ല നമ്മള്‍ പറമ്പു കിളക്കാറുണ്ട്. വേരോട്ടം കിട്ടാനും മറ്റും. പലപ്പോഴും കിളക്കുമ്പോള്‍ ഈ വേരെല്ലാം പൊട്ടിപ്പോവുകയാണ്. പലരുമൊരു ഇരുമ്പ് കൈപ്പത്തി ഉപയോഗിച്ച് ചെടിച്ചട്ടിയില്‍ ഇളക്കും. ഞാനും ഉപയോഗിച്ചിട്ടുണ്ട്. ഇളക്കിക്കഴിയുമ്പോള്‍ ചെടിയുടെ പ്രധാന വേരൊഴിച്ചുളള മിക്കവാറും വേരുകള്‍ പൊട്ടും. ഞാനൊരു ശ്രദ്ധയില്ലാതെ കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്. അങ്ങനെ നാലുതവണ ഇളക്കിക്കഴിയുമ്പോള്‍ ചെടിയൊരു പരുവമാകും.
എന്നാല്‍ മണ്ണിര ഒരു വേരിനെപ്പോലും പൊട്ടിക്കാതെയാണ് മണ്ണിനുളളിലേക്കു പോകുന്നത്. അങ്ങനെ പോയിട്ട് തിരികെ കുത്തിയിടുന്ന മണ്ണില്‍ നാലിരട്ടി ഫോസ്‌ഫറസ് ഉണ്ടെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അധികം കിളയ്‌ക്കാത്ത സ്ഥലങ്ങളിലാണ് മണ്ണിരയെ കാണുന്നത്. കിളക്കുമ്പോള്‍ അത് മുറിഞ്ഞു പോകും. കിളക്കാതെ ജൈവസ്‌തുക്കള്‍ അടിഞ്ഞുകിടക്കുന്ന മണ്ണില്‍ പെറ്റുപെരുകും. അങ്ങനെ ഒരുവര്‍ഷം ശരാശരി അര സെന്റിമീറ്റര്‍ കനത്തില്‍ മണ്ണ് പുറത്തേക്കിടുമെന്നാണ് പറയുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരു വര്‍ഷം കൊണ്ട് ഈ മണ്ണിരകളെല്ലാം കൂടി പുറത്തേക്കിടുന്നത് അമ്പത് ടണ്‍ മണ്ണാണ്. ഈ അമ്പത് ടണ്‍ മണ്ണ് ഒരു ഹെക്ടറില്‍ വിരിച്ചുകഴിഞ്ഞാല്‍ ശരാശരി അര സെന്റിമീറ്റര്‍ കനമുണ്ടാകും. അത്രയും മണ്ണ് കൊണ്ടുവരാന്‍ ഈ മണ്ണിരകള്‍ക്കു കഴിയും. നിശബ്ദമായി ഇത്രയും വലിയ സേവനം ചെയ്യുന്നൊരു ജീവിയാണ്. മുപ്പതു വര്‍ഷമായി കിളയ്‌ക്കാതെ കിടക്കുന്ന സ്ഥലങ്ങളില്‍ മണ്ണിര മേല്‍മണ്ണ് കൊണ്ടുവന്നിടുന്നത് ഏകദേശം 18 സെന്റീമീറ്റര്‍ കനത്തിലാണെന്നാണ് പഠനങ്ങള്‍ പലതും തെളിയിക്കുന്നത്. 18 സെന്റീമീറ്റര്‍ മേല്‍മണ്ണ് എന്നത് നമുക്ക് ആലോചിക്കാനേ പറ്റില്ല, അത്രയും ഫലഭൂയിഷ്ടമായ മേല്‍മണ്ണ്. അവിടെ എന്തും വളരും. നിര്‍ഭാഗ്യവശാല്‍ നമ്മളീ മണ്ണിരകളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. നേരത്തേ മൂത്രത്തിന്റെ കഥ പറഞ്ഞതുപോലെ നമ്മള്‍ മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായവും രാസവളവുമൊക്കെ ഈ ചെറിയ ജീവിക്ക് എത്ര അപകടകരമാണ്.
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നൊരാളെ സമരവിരുദ്ധര്‍ പിടിച്ചുകൊണ്ടുപോയി അദ്ദേഹത്തിന്റെ കണ്ണില്‍ ചുണ്ണാമ്പ് എഴുതി. അദ്ദേഹത്തിന്റെ കാഴ്‌ച്ച നഷ്ടപ്പെട്ട് ജീവിക്കുകയും മരിക്കുകയും ചെയ്‌തു. അതുപോലെത്തന്നെ ബീഹാറിലെ ഭഗല്‍പ്പൂരിലെ ജയിലില്‍ സ്ഥിരം കുറ്റവാളികളായി വരുന്ന ഒരു വിഭാഗം ആളുകളെ പോലീസ് കണ്ണില്‍ പച്ചമുളക് അരച്ചുതേച്ചിട്ട് അവരുടെ കാഴ്‌ച്ച നഷ്ടപ്പെട്ടു. ജസ്റ്റിസ് ഭഗവതിയോ മറ്റോ സുപ്രീം കോടതി ജഡ്‌ജി ആയിരിക്കുമ്പോള്‍ പൊതുവ്യവഹാര ഹര്‍ജിയില്‍ ഈ പ്രശ്‌നം പുറത്തുവന്നു. 1978 ലോ 80ലോ മറ്റോ ആണ്, കൃത്യമായി ഞാനോര്‍ക്കുന്നില്ല. എന്തായാലും പച്ചമുളകിന്റെ ശക്തി അതാണ്. അതിനൊരാളുടെ കാഴ്‌ച്ച കളയാന്‍ പറ്റും. അങ്ങനെ കാഴ്‌ച്ച കളയുന്ന പച്ചമുളക് നമ്മളിവിടെ വെളുത്തുളളിയും വേറെ എന്തെങ്കിലുമൊക്കെ ചേര്‍ത്തരച്ച് ജൈവ കീടനാശിനി എന്നുപറഞ്ഞ് ചെടിയില്‍ തളിക്കുന്നു. മണ്ണിര മാത്രമല്ല കോടിക്കണക്കിന് സൂക്ഷ്‌മജീവികളും ചെറിയ പ്രാണികളുമൊക്കെ ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. അവയെ എല്ലാം നമ്മളീ ജൈവകീടനാശിനി പ്രയോഗിച്ച് തുരത്തുകയാണ്. ആ പ്രയോഗം തന്നെ തെറ്റാണ്. ജൈവമെന്നു പറഞ്ഞാല്‍ ജീവനുളളതാണ്. കീടനാശിനി നശിപ്പിക്കുന്നതാണ്.
അതുപോലെ ബോഡോ മിശ്രിതം പ്രശ്‌നമില്ലാത്ത സാധനമെന്നു പറയുന്നു. നമുക്കു പ്രശ്‌നമില്ലാത്തതാണ്. ചുണ്ണാമ്പും എല്ലാം കൂടി ചേര്‍ത്ത മിശ്രിതം സൂക്ഷ്‌മജീവിയെ ഇല്ലാതാക്കും. സൂക്ഷ്‌മജീവി ഇല്ലാതായാല്‍ പൂപ്പല്‍ ഇല്ലാതാകും. നമ്മളൊരു സ്വാഭാവിക ആവാസവ്യവസ്ഥയെ പൊളിച്ചടുക്കി കൃത്രിമമായൊരു ആവാസവ്യവസ്ഥ ഉണ്ടാക്കുകയാണ്. അവിടെവരുന്ന എല്ലാ ജീവികളും നമ്മുടെ കണ്ണില്‍ കീടങ്ങളാണ്, അല്ലെങ്കില്‍ വേണ്ടാത്ത വസ്‌തുക്കളാണ്. അതിനെ നശിപ്പിക്കാന്‍ വേണ്ടിയാണ് ഏറ്റവും കൂടുതല്‍ എനര്‍ജി ചെലവാക്കുന്നത്.
നിങ്ങളീ കാടുകളിലേക്ക് നോക്കുക. ഇതൊരു പുഷ്‌പവനമാണ്. അല്ലെങ്കില്‍ അടുത്തുളള സര്‍പ്പക്കാവിലൊക്കെ പോയിനോക്കുക. അത്രയും വലിയ മരങ്ങള്‍ ഒക്കെ വളര്‍ന്നു നില്‍ക്കുന്നത് വേറെ കാണാന്‍ പറ്റില്ല. ഈ മരങ്ങള്‍ക്കൊന്നും ആരും ഒരുതുളളി വെളളം പോലും ഒഴിക്കുന്നില്ല. ഒരുവളവും ഇടുന്നില്ല. ഇവിടെത്തന്നെ ചെടികളുടെ ഇലയൊക്കെ പ്രാണികള്‍ തിന്നുന്നുണ്ട്. അതുവളരെ സ്വാഭാവികമാണ്. ചിത്രശലഭങ്ങള്‍ക്കിതിന്റെ ഇല തിന്നില്ലെങ്കില്‍ അതിന്റെ ലാര്‍വയ്‌ക്ക് വളരാന്‍ കഴിയില്ല. അതുകൊണ്ട് ചെടി നശിച്ചുപോവുകയൊന്നുമില്ല. എല്ലാ പ്രാണികളും തമ്മിലൊരു ബാലന്‍സ് ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു പോവുകയും ചെയ്യുകയാണെങ്കില്‍ പ്രകൃതിയെ സംബന്ധിച്ച് വളരെ സൗഹൃദപരമായ രീതിയില്‍ കാര്യങ്ങള്‍ പോവും. അതില്ലാതെ വരുമ്പോഴാണ് പ്രശ്‌നം.
നമ്മുടെ വിഷയത്തിലേക്കു വരാം. നമ്മളെന്താണ് ചെയ്യേണ്ടത് ? ഒരു പരീക്ഷണം നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്. നിങ്ങള്‍ക്കത് പരീക്ഷിച്ചു നോക്കാം, വേണ്ടെന്നു വെയ്‌ക്കാം. ഈ പരീക്ഷണം എന്റെ സ്വന്തമല്ല. എനിക്കീ ആശയം കിട്ടിയത് എടവനക്കാട് സ്വദേശിയായ മനോജില്‍ നിന്നാണ്. അദ്ദേഹം വളരെക്കാലമായി ഈ രംഗത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ഒരു വീഡിയോ തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹം പറഞ്ഞൊരു കാര്യമാണ്. നിങ്ങള്‍ക്ക് ഒരേക്കര്‍ സ്ഥലമുണ്ടെങ്കില്‍ അതിലൊരു പത്ത് സെന്റ് ഇങ്ങനത്തെ കാര്യങ്ങള്‍ക്കായി മാറ്റിവെക്കുക. പത്തു സെന്റില്‍ ഒരു സെന്റ് മാറ്റി വെക്കുക. അഞ്ചു സെന്റേ ഉളെളങ്കില്‍ അര സെന്റ് മാറ്റി വെ്‌ക്കുക. അതില്‍ത്താഴെയാണെങ്കില്‍ മാറ്റിവെക്കണം എന്നു ഞാന്‍ പറയുന്നില്ല. എങ്കില്‍പ്പോലും വേണ്ടിവരും. കാരണം ഒരു വീട്ടില്‍ കുറച്ചു വേസ്‌റ്റൊക്കെ എന്തായാലും വരും. ഇതൊക്കെ നമ്മള്‍ കത്തിക്കുകയും വാരി വഴിയില്‍കൊണ്ടിടുകയും ചെയ്യുന്നതിനു പകരം കുറച്ചു സ്ഥലത്ത് ഈ ജൈവവസ്‌തുക്കള്‍ എല്ലാംകൂടി കൂട്ടി ഇടുക. അത് മണ്ണിലേക്കു ചേര്‍ന്നോളും അവിടെ നമ്മള്‍ കേറി അക്രമമൊന്നും കാണിക്കാതിരുന്നാല്‍ മതി. സ്വാഭാവികമായിട്ടും അവിടെ മണ്ണിര ഉണ്ടാകും. ഇങ്ങനെ കുറേകാലം കഴിയുമ്പോള്‍ അവിടെ ഒന്നുകില്‍ ചെടികള്‍ തന്നെ കിളിര്‍ത്തു വരും, അല്ലെങ്കില്‍ മരങ്ങളോ നമുക്കുവേണ്ട ചെടികളോ അവിടെ കുഴിച്ചിടുക.
പണ്ട് പറമ്പുകളിലൊക്കെ വളരെ വലിയ മരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം മരങ്ങളൊന്നും കാണാനില്ല. റോഡ്‌സൈഡിലൊക്കെ അപൂര്‍വമായി ചില മാവുകളൊക്കെ നില്‍പുണ്ട്. പക്ഷെ വീടുകളിലൊക്കെ നില്‍ക്കുന്ന മാവിന്റെയും പ്ലാവിന്റെയും വലിപ്പം വളരെയധികം കുറഞ്ഞു. നമ്മുടെ ചുറ്റുമുളള സര്‍പ്പക്കാവുകളില്‍ പോയി നോക്കിയാല്‍ വളരെ വലിയ മരങ്ങള്‍ കാണാം. വളര്‍ച്ചയുടെ പല സ്റ്റേജുണ്ട്. സര്‍പ്പക്കാവിനെ കുറിച്ചുളള വീഡിയോ അടുത്തയിടെ ചെയ്‌തിട്ടുണ്ട്‌്. കളമശേരി പൊന്നക്കുടം ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ പേരില്‍ എട്ടേക്കര്‍ സ്ഥലത്തുളള കാവാണത്. ആ സ്ഥലത്തിന്റെ വാണിജ്യമൂല്യം തന്നെ ഏതാണ്ട് 50 കോടി വരും. അത്രയും വിലയുളള സ്ഥലം ആ കുടുംബം കാടിനു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. ആ പരിസരപ്രദേശത്തിനു മുഴുവനും ശുദ്ധവായുവും വെളളവും ലഭിക്കുന്നതില്‍ ഈ കാവിനു പങ്കുണ്ട്. മാത്രമല്ല നമുക്ക് ഒരുപാട് കാര്യങ്ങള്‍ അവിടെചെന്നാല്‍ പഠിക്കാന്‍ കഴിയും. മരങ്ങളില്‍ കുറേകാലം കഴിയുമ്പോള്‍ ഫംഗസ് കേറി ചിത്രങ്ങളുണ്ടാകും, അല്ലെങ്കില്‍ മരങ്ങളുടെ വേരുകള്‍ വളര്‍ന്ന് ഫോര്‍മേഷന്‍ മാറുന്നു- ഇത്തരം കാര്യങ്ങളൊക്കെ അവിടെ ചെന്നാല്‍ പഠിക്കാനാവും. ഇത്തരത്തിലുളള മരങ്ങള്‍ നമ്മുടെ പറമ്പുകളിലും നിന്നിരുന്നു. ഇപ്പോഴില്ല. ഇല്ലാതാവാനുളള കാരണം നമ്മളിതൊക്കെ വെട്ടി നശിപ്പിച്ചു, നമ്മുടെ കൃഷിയെ കുറിച്ചുളള സങ്കല്‍പം മാറി. നമുക്ക് വേണ്ട മരങ്ങള്‍ മാത്രം നിര്‍ത്തുകയും ആ ചെടിക്കുവേണ്ട കൃത്രിമവസ്‌തുക്കള്‍ കൃത്രിമമായി കൊടുക്കുകയുമാണ്. പോളിഹൗസിലൊക്കെ ചെയ്യുന്നതുപോലെ. എല്ലാ ജൈവവസ്‌തുക്കളെയും ഒഴിവാക്കിയാണ് പോളിഹൗസില്‍ കൃഷി ചെയ്യുന്നത്. ഇത്തരം കാര്യങ്ങളൊരു പ്രശ്‌നമാണ്.
നിങ്ങള്‍തന്നെ ആലോചിച്ചുനോക്കുക, നമ്മുടെയൊക്കെ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നു എന്നത്. എന്റെ വീട്ടില്‍ പാത്രം കഴുകുന്ന വെളളം പോയി വീഴുന്നൊരു സ്ഥലമുണ്ട്. ആകെ പത്തുസെന്റ് സ്ഥലമാണെന്റെ സ്വന്തം വീട്ടിലുണ്ടായിരുന്നത്. പാത്രം കഴുകുന്ന വെളളം വീഴുന്ന സ്ഥലത്ത് ചാരവുമൊക്കെയായി കിടക്കും. അടിച്ചുവാരുന്ന ചവറും മറ്റും അവിടെയാണിടുന്നത്. അത് കത്തിക്കാറില്ലായിരുന്നു. ഇതെല്ലാംകൂടി അവിടെ കിടന്ന് അഴുകി മണ്ണിര വരും. കത്തിക്കാതിരുന്നത് എന്റെയൊരു വ്യക്തിപരമായ താത്‌പര്യമായിരുന്നു. മണ്ണിരയെ ചൂണ്ടയിടാനായിട്ട് ഉപയോഗിക്കാമല്ലോ. അങ്ങനെയുളള സ്ഥലത്ത് വളര്‍ന്നൊരു കോവലുണ്ടായിരുന്നു. കോവല്‍ അവിടെ തന്നെ വളര്‍ന്നതാണോ വെച്ചതാണോ എന്നു ഞാനോര്‍ക്കുന്നില്ല. കോവല്‍ വളര്‍ന്ന് വീടിന്റെ കുറച്ചുഭാഗം ഷീറ്റിട്ട മേല്‍ക്കൂര ഉണ്ടായിരുന്നു. അതിന്റെ പുറത്തേക്കു പടര്‍ന്നു കയറി. ഇത്രയധികം കോവല്‍ കായ്‌ച്ചുകിടക്കുന്നൊരു കാഴ്‌ച്ച ഞാന്‍ വേറെ കണ്ടിട്ടില്ല. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഞാനൊരു ഏണി വെച്ച് അതിന്റെ മുകളില്‍ കയറി ചരുവം നിറയെ കോവയ്‌ക്ക പറിച്ചെടുക്കുമായിരുന്നു. ഇതിനു പ്രത്യേകിച്ച് ആരുമൊരു വളമൊന്നും ചെയ്‌തിട്ടില്ല. അവിടെ ഇതുപോലെ തക്കാളി തന്നെ മുളയ്‌ക്കും. അല്ലെങ്കില്‍ വേറെ എന്തെങ്കിലും മുളക്കും. ഈ സാധനങ്ങള്‍ വളരുകയും ചെയ്യും.
ഇപ്പോള്‍ നമ്മള്‍ കൃഷി ചെയ്യുമ്പോള്‍ പറമ്പിനെ ഒരു പരീക്ഷണശാല ആക്കുകയാണ്. പിഎച്ച് ഏഴായിരിക്കണം. മത്സ്യകൃഷി ചെയ്യാന്‍ അതിന്റെ വെളളത്തിന്റെ പിഎച്ച് ഇത്രയായിരിക്കണം. പിന്നെ മണ്ണിനെ തിരിച്ച് പിഎച്ചിലേക്ക് അഡ്‌ജസ്റ്റ് ചെയ്യണം. കട്ടിലിനൊപ്പം കാലു മുറിക്കുന്ന പരിപാടിയാണ് ചെയ്യുന്നത്. അല്ലാതെ കാലിനനുസരിച്ചൊരു കട്ടില്‍ പണിയുകയല്ല. പറമ്പ് എന്താണോ നമ്മളോടു ചെയ്യാന്‍ പറയുന്നത് അതനുസരിച്ചുളള കൃഷിയാണ് നമ്മള്‍ ചെയ്യേണ്ടത്. അല്ലാതെ പറമ്പിനെ മൊത്തം വടിച്ചുമാറ്റി വേറൊരു പുതിയ ലോകം നമുക്കവിടെ ചെയ്യാന്‍ പറ്റില്ല. പറ്റും, കൃത്രിമമായിട്ടു കുറേനാളത് ചെയ്യാന്‍ പറ്റും. നമ്മളുദ്ദേശിക്കുന്ന ഫലം ഉണ്ടാകില്ല. എന്നുമാത്രമല്ല അങ്ങനെയുളള സ്ഥലത്ത് ഉണ്ടാക്കുന്ന സാധനങ്ങള്‍ കഴിക്കുന്ന നമ്മുടെ ശരീരത്തിലുണ്ടാക്കുന്നത് അതിനേക്കാള്‍ വലിയ അപകടങ്ങളായിരിക്കും. ഈ തന്മാത്രകളൊന്നും അലിഞ്ഞുപോകുമെന്ന് വിചാരിക്കാന്‍ കഴിയില്ല. നമ്മളീ ചെടിയുടെ ചുവട്ടിലിടുന്ന ഓരോ രാസവസ്‌തുവും നമ്മുടെ ശരീരത്തിലേക്കു തന്നെയാണ് വരുന്നത്.
അതുകൊണ്ട് കുറഞ്ഞൊരു സ്ഥലത്തെങ്കിലും ഈ ജൈവ പരീക്ഷണങ്ങള്‍ എങ്ങനെ ചെയ്യാന്‍ പറ്റുമെന്ന്, പറമ്പിനെ എങ്ങനെ പഴയരീതിയില്‍ നിലനിര്‍ത്താന്‍ പറ്റും, എങ്ങനെ യഥാര്‍ത്ഥ ജൈവരീതിയില്‍ - ജൈവരീതി എന്നു പറയുമ്പോള്‍ കുറച്ചു വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തിട്ട് ഇത് ജൈവവളമാണ്, അങ്ങനെയല്ല. പ്രകൃതിയുടെ സ്വാഭാവികരീതിയില്‍ ഈ രാസവസ്‌തുക്കളെക്കാളും ജൈവവസ്‌തുക്കളേക്കാളുമൊക്കെ കൂടുതല്‍ വളം മണ്ണിലുണ്ടാക്കാന്‍ കഴിയും. അതിന് സാധിക്കണമെങ്കില്‍ അവിടെയുളള സൂക്ഷ്‌മജീവികളെയും പ്രാണികളെയെല്ലാം നിലനിര്‍ത്തണം. ഒരുദാഹരണം പറയാം. യൂറോപ്പില്‍ നിന്നു കുറേപ്പേര്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറി. യൂറോപ്പിലെ ഒരു പ്രധാന തൊഴിലാണല്ലോ പശുവളര്‍ത്തല്‍. സ്വിസ് പശുക്കളെയൊക്കെ നമുക്കറിയാം. അങ്ങനെ വലിയ പത്താഴം പോലുളള പശുക്കളെയും കൊണ്ട് ഓസ്‌ട്രേലിയയിലേക്കു പോയി. അവിടെയുളളത് കംഗാരു പോലുളള ചെറിയ ജീവികളാണ്. അതിന്റെ ചാണകം മണ്ണില്‍ ചേര്‍ന്നിട്ട് ചില വണ്ടുകള്‍ ഉണ്ടാവും. 'വിഘാടകര്‍' എന്നാണവയെ പറയുക.
പ്രകൃതിയില്‍ മൂന്നു വിഭാഗമുണ്ടെന്നാണ് മിയാവാക്കി പറയുന്നത്. ഒന്ന് ചെടിയാണ്. ചെടിയാണ് ഏക ഉത്‌പാദകര്‍. ചെടി മാത്രമാണ് സുര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് എന്തെങ്കിലും ഉത്‌പാദിപ്പിക്കുന്നുളളൂ. ബാക്കിയെല്ലാം, നമ്മളടക്കം ഉപഭോക്താക്കളാണ്. ഇതുകൂടാതെ വിഘാടകരുണ്ട്. മണ്ണിലുളള സാധനങ്ങള്‍ വിഘടിപ്പിക്കുന്ന കക്ഷികള്‍. ഓസ്‌ട്രേലിയയില്‍ സംഭവിച്ചത് വലിയ പശുക്കളെ യൂറോപ്പില്‍ നിന്നു കൊണ്ടുവന്നു. പക്ഷെ ആ പശുക്കളുടെ ചാണകം വിഘടിപ്പിക്കുന്ന വണ്ടുകള്‍ അവിടെ ഇല്ലാതെ പോയി. അങ്ങനെ ഈ ചാണകം മുഴുവന്‍ കുന്നുകൂടാന്‍ തുടങ്ങി. ആദ്യമിതൊരു കുഴപ്പമായിരുന്നില്ല. 1800കളോടെയാണ് കുടിയേറ്റം ആരംഭിച്ചതെന്നു തോന്നുന്നു. 1950 ഒക്കെ ആയപ്പോഴേക്കും ഓസ്‌ട്രേലിയ മുഴുവനും ചാണകം കുന്നുകൂടുന്ന അവസ്ഥയായി. ഒരു പശു ദിവസം പത്ത് പന്ത്രണ്ടു കഷണം ചാണകമിടും. ഈ ചാണകം അവിടെത്തന്നെ കിടക്കും. അതിനു മുകളിലൂടെ അടുത്ത പശുവിന്റെ ചാണകം വീഴും. ആ സമയത്ത് ഒരു ശാസ്‌ത്രജ്ഞന്‍ ഇതിനെക്കുറിച്ച് പഠനം നടത്തി. അദ്ദേഹം നോക്കിയപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഏതാണ്ട് ഇരുന്നൂറില്‍പരം വണ്ടുകളുണ്ട്. പക്ഷെ ഇതിലൊരു വണ്ടിനും ഈ ചാണകത്തെ വിഘടിപ്പിക്കാനുളള ശേഷിയില്ല. തുടര്‍ന്ന് വണ്ടുകളെ കൊണ്ടുവരാനുളള ഒരു പ്രോജക്ട് അവര്‍ ആരംഭിച്ചു. ഓസ്‌ട്രേലിയ, ഏഷ്യ അടക്കമുളള ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപത്തഞ്ചില്‍ കൂടുതലിനം വണ്ടുകളെ അവിടെ കൊണ്ടിറക്കി. അതില്‍ ചില വണ്ടുകള്‍ക്ക് ഈ ചാണകം വിഘടിപ്പിക്കാന്‍ കഴിഞ്ഞു. അങ്ങനെയാണ് ഓസ്‌ട്രേലിയ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
എന്നു പറഞ്ഞതുപോലെ നമ്മുടെ ഈ മണ്ണില്‍ കാണുന്ന ഓരോ സൂക്ഷ്‌മജീവിക്കും അതിന്റേതായ ധര്‍മ്മമുണ്ട്. അത് ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. നമ്മളിതിനെയെല്ലാം രാസവസ്‌തുക്കള്‍ ഉപയോഗിച്ച് ഒഴിവാക്കിക്കഴിഞ്ഞിട്ട് മണ്ണിന്റെ വളം പോയി എന്നു പറയുകയും രാസവളം കൊണ്ട് മണ്ണിലിട്ട് എളുപ്പത്തില്‍ കൃഷി ചെയ്യുകയും ചെയ്യുന്ന രീതിയിലേക്കു പോകും. കുറച്ചൊന്നു കാത്തിരിക്കാന്‍ തയ്യാറായാല്‍ ഈ അപകടങ്ങളൊന്നുമില്ലാത്ത ശുദ്ധമായ ഒരു ജൈവ പ്രക്രിയ നിങ്ങളുടെ പറമ്പുകളില്‍ നടക്കുന്ന ഒരു കാഴ്‌ച്ച കാണാന്‍ കഴിയും. അതിന് അധികകാലമൊന്നും വേണ്ട. മിയാവാക്കി രീതിയില്‍ രണ്ടോമൂന്നോ വര്‍ഷം കൊണ്ടുതന്നെ മണ്ണ് ആ രീതിയിലാവും. ഇവിടെ മിക്കവാറും എല്ലായിടത്തും മണ്ണിരയുടെ കൂടാണ്. മണ്ണിരയെ തോല്‍പ്പിക്കാനായി ഞങ്ങളിവിടെ ചകിരി നിരത്തിയിരിക്കുകയാണ്, നിനക്ക് കഴിക്കാവുന്നിടത്തോളം കഴിക്കാന്‍ പറഞ്ഞ്. കരിക്കിന്‍തൊണ്ടുകളാണ്.അതൊക്കെ പതുക്കെ ദ്രവിച്ച് മണ്ണില്‍ ചേരുന്നുണ്ട്. മണ്ണിന്റെ ജൈവഘടന തന്നെ മാറുന്നുണ്ട്. ചെടികള്‍ക്ക് നല്ല വളര്‍ച്ച കിട്ടുന്നുണ്ട്. ഇതിനൊക്കെ സ്വാഭാവിക ജൈവരീതി പരീക്ഷിച്ചാല്‍ മതി. നിങ്ങളുടെ പറമ്പു മുഴുവനിത് പരീക്ഷിക്കാന്‍ ഞാന്‍ പറയുന്നില്ല. പറ്റുമെങ്കില്‍ പറമ്പിന്റെ ചെറിയൊരു ഭാഗം, ഒരു പത്ത് ശതമാനം ഇതിനായി മാറ്റിവെക്കണം, ചെയ്‌തുനോക്കണം എന്നു ഞാനഭ്യര്‍ത്ഥിക്കുന്നു. കൃഷിയില്‍ താത്‌പര്യമുളള പലര്‍ക്കുമത് ചെയ്യാന്‍ പറ്റും.