കേരളത്തിലുടനീളം നൂറുകണക്കിന് നഴ്‌സറികളുണ്ട്. അതില്‍ കുറച്ചു വ്യത്യസ്‌തമായ നഴ്‌സറിയാണ് ശ്രീ ഷാജു പാണാടന്റേത്. അദ്ദേഹം ചാലക്കുടിയിലാണ് ഈ നഴ്‌സറി നടത്തുന്നത്. ജൈവകൃഷിയിലും വെളളത്തിന്റെ ഒഴുക്ക് കൈകാര്യം ചെയ്യുന്നതിലും താത്‌പര്യമുളള എല്ലാവര്‍ക്കും വളരെ പ്രയോജനകരമാകാവുന്ന ഒരു വിഷയമാണിത്. നമ്മള്‍ പറമ്പിലെ വെളളക്കെട്ടൊക്കെ വലിയ പ്രശ്‌നമായി കാണുന്നു. അദ്ദേഹം അതിനെ ഒരു ബിസിനസ് ആക്കി മാറ്റിയെടുത്തിരിക്കുന്നു. അതിന്റെ വിവരങ്ങളും നേരിട്ടുളള കാഴ്‌ച്ചയും ഒരുക്കിത്തരികയാണ് ഈ വീഡിയോയുടെ ലക്ഷ്യം. അതോടൊപ്പം അദ്ദേഹത്തിന്റെ ചെടികളുടെ പ്രത്യേകതയും. അത് അദ്ദേഹം തന്നെ പറയും. വേറൊരു പ്രത്യേകത കൂടിയുണ്ട്. സാധാരണ ആളുകള്‍ കൂടുതല്‍ വരുമാനത്തിനായി കൃഷിയില്‍ നിന്നു ബിസിനസിലേക്കു പോവുകയാണ്. പക്ഷെ അദ്ദേഹം ബിസിനസിന്റെ ഒരു ഘട്ടത്തില്‍ സ്വയം തൃപ്‌തനായി അതില്‍നിന്നു പുറത്തേക്കു വന്നു കൃഷിയിലേക്കു മാറുകയാണ്. അദ്ദേഹത്തിന്റെ ജീവിതശൈലി പൂര്‍ണണമായി മാറിയിരിക്കുന്നു. എസി കാറില്‍ നടന്നിരുന്ന ആള്‍ കൈനറ്റിക് ഹോണ്ടയില്‍ ചെടികള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നു. അതില്‍ വളരെ സന്തുഷ്ടനായി ഇവിടെ ഒരു ചെറിയ മുറിയുണ്ടാക്കി അതിലിരിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വരുന്നു. ആ മേഖലയില്‍ എന്തൊക്കെ പുതുതായിട്ട് ചെയ്യാമെന്ന് ആലോചിക്കുന്നു. ഒരുതരത്തില്‍ അദ്ദേഹം വളരെ സംതൃപ്‌തനാണ്. അദ്ദേഹത്തെ പരിചയപ്പെടുന്നത് നിങ്ങളില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് പ്രയോജനകരമായേക്കാം.
എം.ആര്‍. ഹരി: കൃഷിയില്‍ നിന്നു ബിസിനസിലേക്ക് ധാരാളം പേര് വരാറുണ്ട്. തിരിച്ച് ബിസിനസില്‍ നിന്ന് കൃഷിയിലേക്കു പോകുന്നത് വളരെ കുറച്ചു പേരേ ഉളളൂ. താങ്കള്‍ ബിസിനസില്‍ നിന്ന് കൃഷിയിലേക്കു പോയൊരാളാണല്ലോ. വളരെ നല്ലരീതിയിലൊരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഒരുവശത്തു നടക്കുന്നു. അതില്‍നിന്നു മാറിയിട്ട് ഏതാണ്ടു പൂര്‍ണസമയം പോലെ കൃഷിയിലേക്കു തിരിയുന്നു. എന്താണങ്ങനെ, പെട്ടെന്നൊരു തീരുമാനം എടുത്തതാണോ..?
ഷാജു പാണാടന്‍: ഞാനാ ചോദ്യത്തെ ഒന്നു തിരിച്ചിടാം. കാരണം ബിസിനസില്‍ നിന്നു ഫാമിങ്ങിലേക്കു വന്നതല്ല, ഫാമിങ്ങ് എന്റെയൊരു പാഷനായിരുന്നു, ചെറുപ്പം മുതലേയുളള ആഗ്രഹമായിരുന്നു. പക്ഷെ ഫാമിങ്ങ് നടത്തണമെങ്കില്‍ മൂലധനം വേണ്ടേ ? അതുണ്ടായിരുന്നില്ല. നമുക്കാദ്യം ജീവിതം കെട്ടിപ്പടുക്കുക എന്നുളളതായിരുന്നു. സാമ്പത്തിക ഭദ്രത ഉണ്ടാക്കുക. അതാണല്ലോ നമ്മുടെ ആദ്യത്തെ ലക്ഷ്യം. ഞാനത്ര സാമ്പത്തികമായി മെച്ചമായ കുടുംബത്തില്‍ നിന്നല്ല. അപ്പോള്‍ എത്രയും പെട്ടെന്നൊരു ജോലി, കുടുംബത്തെ സഹായിക്കുക എന്നുളളതായിരുന്നു അന്നത്തെ ആവശ്യം. അതുകൊണ്ട് ബിരുദം കഴിഞ്ഞ് അന്ന് ഏറ്റവും പെട്ടെന്നു കിട്ടാവുന്ന ജോലി എന്ന നിലക്ക് മെഡിക്കല്‍ റെപ്രസന്റേറ്റീവായി. ഡിഗ്രി കഴിഞ്ഞ് റിസല്‍റ്റ് വരുന്നതിനു മുമ്പ് 20 വയസില്‍ ജോലി ആരംഭിച്ചു. തമിഴ്‌നാട്ടിലാണ് ആരംഭിച്ചത്. 25 വര്‍ഷം ആ പ്രൊഫഷനില്‍ ഉണ്ടായിരുന്നു. ടിടികെ ഹെല്‍ത്ത്‌കെയര്‍ എന്ന കമ്പനിയില്‍ ഓള്‍കേരള മാനേജറായാണ് ആ പ്രൊഫഷന്‍ അവസാനിപ്പിക്കുന്നത്. അതിനുശേഷം ഞങ്ങള്‍ സ്വന്തമായൊരു മാര്‍ക്കറ്റിങ്ങ് കമ്പനി തുടങ്ങി. അത് നന്നായി വളര്‍ന്നുവന്നു. ഇപ്പൊഴൊരു പ്രൊഫഷണല്‍ കമ്പനിയായി. അപ്പോള്‍ നമ്മളുടെ മുഴുവന്‍ സമയ ശ്രദ്ധ അതിലേക്ക് ആവശ്യമില്ല. അത്യാവശ്യം സാഹചര്യങ്ങളൊക്ക ആയ സമയത്ത് അടക്കിവെച്ചിരുന്ന പഴയ ആഗ്രഹത്തിനെ നമ്മള്‍ പൊടിതട്ടിയെടുത്തു. അതാണ് സംഭവിച്ചത്.
ഹരി: നഴ്‌സറി എന്നുളള ആശയം എങ്ങനെയാണ് വന്നത് ?
ഷാജു: ആകസ്‌മികമായി വന്നുപെട്ടതാണ്. സത്യത്തില്‍ നഴ്‌സറി എന്നൊരു ആശയം ഉണ്ടായിരുന്നില്ല. ഇത് കുടുംബവകയായി ഒരേക്കറ് കൃഷി ചെയ്യുന്ന പാടമായിരുന്നു. ഇതിന് റോഡ് സൗകര്യം ഉണ്ടായിരുന്നില്ല. ഞാനിതൊരു ഫലവൃക്ഷത്തോട്ടം ഉണ്ടാക്കണം, അതിനേക്കാള്‍ കൂടുതലായി പശു, കുളം, മീന്‍, ആട്, കോഴി എന്നുളളതിനെ ഒക്കെ വളര്‍ത്തണം എന്ന ആഗ്രഹത്തില്‍ എന്റെ വസ്‌തുവിനോട് ചേര്‍ന്ന് റോഡ് സൗകര്യമുളള കുറച്ചു സ്ഥലം വാങ്ങിച്ചു. പിന്നെ അതിന്റെ പിന്നിലേക്കും കുറച്ചു സ്ഥലം വാങ്ങിച്ചു. അങ്ങനെ ഇതൊരു തോട്ടമാക്കി മാറ്റാനാണ് ആഗ്രഹിച്ചത്. പിന്നെ ജീവിതം ആസ്വദിക്കാനുളളതും കൂടിയാണല്ലോ. ഒരുപാട് സുഹൃത്തുക്കളുണ്ട്. അവര്‍ക്ക് ഒത്തുകൂടാനൊരു സ്ഥലം എന്ന നിലയില്‍ ഒരു ചെറിയ സൗകര്യം ഒരുക്കണമെന്നാണ് ആഗ്രഹിച്ചത്. അതുവെച്ചാണ് തുടങ്ങിയത്. അങ്ങനെ തുടങ്ങി പലരും വന്നു തുടങ്ങിയപ്പോഴാണ് എന്തുകൊണ്ടൊരു ഫലവൃക്ഷത്തോട്ടം ആയിക്കൂട, തോട്ടമാണെങ്കില്‍ എന്തുകൊണ്ട് അതിന്റെയൊരു നഴ്‌സറി കൂടി ആയിക്കൂട എന്നൊരു തോന്നല്‍ വന്നത്. മാത്രമല്ല ഇത് തുടങ്ങി അത്യാവശ്യം ജോലിക്കാരൊക്കെ ആയി ഒരുമാസം മാന്യമായൊരു പൈസ ലേബര്‍ വന്നപ്പോള്‍ അതില്‍ നിന്ന് പെട്ടെന്നൊന്നും വരുമാനം കിട്ടുന്ന സംഭവമല്ലല്ലോ. അപ്പോള്‍ ഇത് മെയിന്റെയ്‌ന്‍ ചെയ്യുകയും വേണമല്ലോ. ഈയൊരു പ്രോജക്ടിന് ആവശ്യമായ വരുമാനം ഇതില്‍നിന്നുതന്നെ ഉണ്ടാക്കാന്‍ പറ്റണം. അതില്‍ക്കൂടുതല്‍ ലാഭമൊന്നും ഇതില്‍നിന്നു പ്രതീക്ഷിക്കുന്നില്ല. അഞ്ചോ ആറോ പേര്‍ക്ക് ജോലി കൊടുക്കാന്‍ പറ്റി. പതുക്കെ പതുക്കെ ഇതിന്റെ ഗ്രോത്ത് വരണം. അതിനായി മിനിമം അറിവു വെച്ചാണീ സംഭവം തുടങ്ങിയത്. അതാണിപ്പോള്‍ എല്‍മ ഗാര്‍ഡന്‍സായി മാറിയത്.
ഹരി: ഞാനിതില്‍ രണ്ടു വ്യത്യാസമാണ് കണ്ടത്. ഇഷ്ടം പോലെ നഴ്‌സറികള്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുണ്ട്. ഇവിടത്തെ വാട്ടര്‍ മാനേജ്‌മെന്റ്. സാധാരണ പാടത്തിനടുത്തുളള സ്ഥലമൊക്കെ വാങ്ങിച്ചു കഴിഞ്ഞാല്‍ ആളുകള്‍ ആദ്യം ചെയ്യുന്നത് അവിടെ വെളളമൊഴുകുന്ന ചാലുകള്‍ മുഴുവന്‍ മണ്ണിട്ടു നികത്തും. ചുറ്റും മതിലു കെട്ടും, വെളളം പുറത്തുനിന്നും വരാതാക്കും. വെളളം കയറുന്നത് വലിയൊരപകടമായിട്ടാണ് നമ്മള്‍ കാണുന്നത്. ഇവിടെ എല്ലാ ഭാഗത്തും ചാനലുണ്ടാക്കി സ്വാഭാവികമായി വരുന്ന മുഴുവന്‍ വെളളവും താങ്കള്‍ പലതരത്തില്‍ ഉപയോഗിക്കുന്നു. വരാല്‍ കൃഷിയ്‌ക്കും താറാവു കൃഷിക്കും ചെടിയ്‌ക്കും ഉപയോഗിക്കുന്നു, ഇവിടെയൊരു പോളിഹൗസ് ചേംബര്‍ കണ്ടു, അതിനകത്തും വെളളം വരുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് കൂടുതല്‍ വരുന്ന വെളളം താഴെ തോട്ടിലേക്ക് ഒഴുകിപ്പോകാനുളള സൗകര്യവുമുണ്ടാക്കിയിട്ടുണ്ട്. അങ്ങനെയൊരു വാട്ടര്‍ മാനേജ്‌മെന്റ് സിസ്‌റ്റം വേണമെന്ന തോന്നല്‍ എങ്ങനെ വന്നതാണ് ?
ഷാജു: ഞാനീ പാടത്തേക്ക് ഏറ്റവും കൂടുതല്‍ വന്നിട്ടുളളത് എന്റമ്മേടെ കൈ പിടിച്ചാണ്. അപ്പനും ജ്യേഷ്‌ഠ സഹോദരന്മാരും മലയില്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൊളളി കുത്തുന്ന ജോലിയിലായിരുന്നു. വലിയ രീതിയില്‍. അപ്പന്റെ ഒരനിയന്റെയാണ് ചാലക്കുടി സുരഭി തിയറ്റര്‍. അവരൊക്കെ കൊളളി കുത്തി ഉണ്ടാക്കിയ ബിസിനസില്‍ നിന്നാണ് വളര്‍ന്നത്. പേപ്പര്‍ മില്ലുളളവര്‍ ഉണ്ട്, വലിയ എസ്റ്റേറ്റ് ഉളളവരുണ്ട്. അവരുടെയൊക്കെ ബേസ് മലങ്കൃഷിയാണ്. അന്നു ഞങ്ങളുടെ കാര്‍ന്നോമ്മാര്‍ മുഴുവന്‍ മലയില്‍ കൃഷി ചെയ്‌തിരുന്നപ്പോള്‍ പാടത്ത് കൃഷി ചെയ്‌തിരുന്നത് അമ്മയാണ്. അങ്ങനെ ചെറുപ്പത്തിലീ പാടത്ത് ഞാനേറ്റവും കൂടുതല്‍ വന്നിട്ടുളളത് അമ്മയുടെ കൂടെയാണ്. എനിക്കത് വളരെ താത്‌പര്യമുളള കാര്യമായിരുന്നു. അതുകൊണ്ട് ഈ സ്ഥലത്തിന്റെ ഘടന നമുക്ക് ഏകദേശം കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് ഇവിടെ വരുന്നവര്‍ ഫലപ്രദമായ വാട്ടര്‍ മാനേജ്‌മെന്റ് ഉണ്ടെന്നു പറയുമ്പോള്‍ എനിക്കതു വലിയ പുതുമയായി തോന്നിയില്ല. ഞാനത്ര വലിയ ബുദ്ധിപരമായിട്ടുളള ഇടപെടല്‍ നടത്തിയെന്ന് എനിക്കു തോന്നാത്തതിന്റെ കാരണം, ചെറുപ്രായത്തില്‍ തുടങ്ങി ഈ പറമ്പിലെ ജലത്തിന്റെ ഒഴുക്കിന്റെ രീതി എനിക്കു നന്നായിട്ടറിയാം എന്നുളളതാണ്.
പാടത്തോടു ചേര്‍ന്ന സ്ഥലമായതു കൊണ്ടും ഏറ്റവും താഴ്‌ന്ന സ്ഥലമായതു കൊണ്ടും ഉയര്‍ന്ന സ്ഥലത്തു നിന്നുളള വെളളം മുഴുവനും വന്നടിയുന്ന സ്ഥലമാണിത്. വെളളത്തിന്റെ സംഭരണകേന്ദ്രമായിരുന്നു. അവിടെയാണിപ്പോള്‍ എല്‍മ ഗാര്‍ഡന്‍സ് ഇരിക്കുന്നത്. വെളളത്തിന് സ്വാഭാവികമായി ഈ പറമ്പിലൂടെ വന്നുപോയെ പറ്റു. പാടത്തിനും റോഡിനും ഇടയിലൂളള ഈ സ്ഥലത്തുകൂടിയാണ് വര്‍ഷകാലത്ത് വെളളം മുഴുവനും പാടത്തേക്ക് പൊയ്‌ക്കൊണ്ടിരുന്നത്. അത് തടയാന്‍ നിയമപരമായും പാടില്ല, അത് ശരിയുമല്ല. വെളളത്തിനെ നല്ല രീതിയില്‍ ഉപയോഗിച്ച് വൃത്തിയായി ഒഴുകാന്‍ നമ്മള്‍ സമ്മതിച്ചിട്ടുണ്ടെങ്കില്‍ അതാ പറമ്പിന്റെ ഭംഗി കൂട്ടുകയാണ് ചെയ്യുന്നത്. പുറത്തുനിന്ന് ഇവിടെ വരുന്നവര്‍ വളരെയധികം പ്രശംസിക്കുന്നൊരു കാര്യമാണ് ഇവിടത്തെ വാട്ടര്‍ മാനേജ്‌മെന്റ്. ഈ മൂന്നേക്കര്‍ പറമ്പിന്റെ എട്ടോ പത്തോ ഭാഗത്തു കൂടി വെളളത്തെ സ്വീകരിച്ച് നമ്മുടെ ആവശ്യങ്ങള്‍ മുഴുവന്‍ നിര്‍വഹിച്ച് അതിനെ താഴത്തെ പാടത്തേക്ക് ഒഴുകാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. അത് എട്ടുമാസമേ വേണ്ടിവരൂ.
നല്ല വേനല്‍ക്കാലത്ത് ഇവിടെ വെളളത്തിന് കുറവുണ്ട്. ഞാനിവിടെ കുഴല്‍ക്കിണര്‍ കുത്തിയിട്ടുണ്ട്. പാടശേഖരമാണെങ്കിലും കിണര്‍ കുത്തിക്കഴിഞ്ഞാല്‍ വെളളമില്ല. നാനൂറടി താഴ്‌ച്ചയില്‍ കുഴല്‍ക്കിണര്‍ കുത്തിയിട്ടും ആവശ്യത്തിന് വെളളം കിട്ടുന്നില്ല. വാട്ടര്‍ മാനേജ്‌മെന്റ് വളരെ പ്രധാനപ്പെട്ടൊരു ഘടകമാണ്. നഴ്‌സറിയിലേക്ക് കയറിവരുമ്പോള്‍ കാണുന്ന വരാല്‍ വളര്‍ത്തുന്ന തോട് സ്വാഭാവികജലം ഉളളില്‍ക്കൂടി ഒഴുകുന്ന രീതിയിലാണ് ചെയ്‌തിട്ടുളളത്. ഏകദേശം എട്ടു മാസത്തോളം ആ ടാങ്കില്‍ക്കൂടി വെളളമൊഴുകും. എന്റെ കുളം സ്വാഭവികജലം സ്വീകരിച്ച,് നിലനിര്‍ത്തി, അധികം വരുന്നത് പുറത്തേക്കൊഴുകുന്ന രീതിയിലാണ് ചെയ്‌തിട്ടുളളത്. പിന്നെ സാറ് പറഞ്ഞതുപോലെ, ഇതിനടിയില്‍ക്കൂടിയൊക്കെ ചാനലുകളുണ്ട്. അതിലൂടെയാണ് ഈ വെളളം നമ്മളുപയോഗിച്ച് ബാക്കിയുളളത് പാടത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഹരി: ഇതാണൊരു പ്രത്യേകത. രണ്ടാമത്തെ പ്രത്യേകത ഇവിടെ രാസവളം ഉപയോഗിക്കുന്നില്ല. അല്ലേ ? ഞാന്‍തന്നെ ഈ നഴ്‌സറി തപ്പിവരാന്‍ കാരണം കായ്‌ച്ച പ്ലാവ് ഇവിടെ മാത്രമേ കിട്ടുകയുളളൂ എന്നുളളതുകൊണ്ടാണ്. വന്നപ്പോഴാണ് വാട്ടര്‍ മാനേജ്‌മെന്റും രാസവളം ഉപയോഗിക്കുന്നില്ല എന്നുളള കാര്യങ്ങളൊക്കെ ബോധ്യമാവുന്നത് അപ്പോഴാണ്. സാധാരണഗതിയില്‍ നഴ്‌സറി ചെയ്യുന്നവര്‍ എത്രയും പെട്ടെന്ന് ചെടിക്കൊരു വളര്‍ച്ചയും പുഷ്ടിയും വേണമെന്നുളളതു കൊണ്ട് രാസവളത്തിലേക്കു പോകാറുണ്ട്. താങ്കളത് വേണ്ടാന്നു വെച്ചതിന്റെ കാരണമെന്താണ് ?
ഷാജു: ലാഭം മാത്രം നോക്കീട്ടല്ല ഇതില്‍ വന്നിട്ടുളളത്. രാസവളവും ജൈവവളവും കൊടുത്തു വളര്‍ത്തുന്ന ചെടികളെ കണ്ടാല്‍ നമുക്കു തിരിച്ചറിയാം. എന്റടുത്ത് മാങ്കോസ്‌റ്റിന്‍ ഉണ്ട്. രാസവളം ഉപയോഗിക്കുന്ന ചെടികള്‍ക്ക് ബലം കുറവായിരിക്കും. രാസവളം കൊടുക്കുമ്പോള്‍ അത് പെട്ടെന്ന് ഒന്നോ രണ്ടോ തളിര് വന്ന് വലുതാവുകയും ആ ശാഖകള്‍ക്ക് വലിയ ബലമില്ലാത്ത രീതിയില്‍ ഇരിക്കുന്നതും കാണാം. അതിനു പകരം ജൈവവളം കൊടുക്കുകയാണെങ്കില്‍ സ്വാഭാവികമായ വളര്‍ച്ചയാണ് കിട്ടുക. ഞാനിവിടെ കൊടുക്കുന്നത് വെച്ചൂര്‍ പശുവിന്റെയും മുറ എരുമയുടെയും ചാണകം, ആട്ടിന്‍കാഷ്‌ഠം, കോഴിക്കാഷ്‌ഠം, നേര്‍പ്പിച്ച ഗോമൂത്രം ഇവയാണ്. സ്വാഭാവിക വളര്‍ച്ചയ്‌ക്ക് ഇത്തരം വളപ്രയോഗങ്ങള്‍ ധാരാളമാണ്. പലരും വന്നിട്ട് പറഞ്ഞു നിങ്ങളുടെ പ്ലാവ് നല്ല ശക്തിയും ആരോഗ്യവുമുണ്ട് എന്ന്. നല്ല പച്ചപ്പായിട്ടിരിക്കുന്നു എന്ന്. അതിന്റെ കാരണം ഇതാണ്. പക്ഷെ നമ്മള്‍ വ്യാവസായികമായി ചെയ്യുമ്പോള്‍ ഒരുപക്ഷെ അത് സാധിക്കുന്നുണ്ടാവില്ല. ഇതൊരു മെയിന്‍ ബിസിനസായി കാണുന്നവര്‍ക്ക്‌് ചെടികള്‍ വളരെ പെട്ടെന്നു വലുതാവണം. പെട്ടെന്നു പൂവിടണം. അങ്ങനെയുളളവര്‍ ചെയ്യുമ്പോള്‍ നമുക്ക് തെറ്റു പറയാന്‍ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അഗ്രസ്സീവായ ഫീല്‍ഡല്ലല്ലോ. അതുകൊണ്ട് ഞാന്‍ സ്വാഭാവികമായ സമയം കൊടുത്താണ് ഇവരെ വളര്‍ത്തുന്നത്.
ഹരി: അതുപോലെ തന്നെ വീപ്പയില്‍ വലിയ ചെടികളെന്ന ആശയം. ആളുകള്‍ക്ക് വലിയ ചെടി തന്നെ വളര്‍ത്തികൊടുക്കുക. ഇത് ക്യാപ്‌സ്യൂളിന്റെ കാലമാണല്ലോ. വലിയ ചെടി മുറ്റത്തുകൊണ്ടുവെച്ചാല്‍ പിറ്റേദിവസം കായ് വരുമല്ലോ എന്നാലോചിക്കുന്ന കാലമാണ്. ആ ഒരു മാര്‍ക്കറ്റിനാണ് താങ്കള്‍ പ്രധാനമായും സേവനം നല്‍കുന്നതല്ലേ ? വീപ്പയില്‍ മുമ്പ് വളര്‍ത്തി നോക്കിയിട്ടുണ്ടോ, അതോ നഴ്‌സറി തുടങ്ങിയതിനു ശേഷമാണോ ?
ഷാജു: വീപ്പയില്‍ മുമ്പ് ചെറിയ പരീക്ഷണങ്ങളൊക്കെ നടത്തിനോക്കിയിട്ടുണ്ട്. ഡ്രം ഫാമിങ്ങ് നടത്താന്‍ ഞാന്‍ നിര്‍ബന്ധിതനായതാണ്. ഈയധികം സ്ഥലങ്ങളും ഫില്‍ ചെയ്‌തതാണല്ലോ. വര്‍ഷക്കാലത്ത് ഒന്നുരണ്ടടി താഴ്‌ച്ചയില്‍ വെളളമുണ്ട്. വര്‍ഷക്കാലത്ത് നമ്മളാ താഴെ കാണുന്ന കുളം നിറഞ്ഞുകവിഞ്ഞ് ഒഴുകുകയായിരിക്കും. ഒരു തൂമ്പ മണ്ണ് മാന്തിക്കഴിഞ്ഞാല്‍ അതിനടിയില്‍ വെളളമാണ്. അതുകൊണ്ട് പല വൃക്ഷങ്ങളും നടാന്‍ പറ്റില്ല. വര്‍ഷക്കാലത്ത് വേര് ചെന്ന് വെളളത്തില്‍ മുട്ടി ചെടികള്‍ നശിച്ചുപോകും. കണ്ടാലറിയാം. കവുങ്ങ്, ജാതി ഒക്കെ കേടായിപ്പോവുന്നതിന്റെ കാരണം ഈ വെളളമാണ്. അങ്ങനെയാണ് ഡ്രം ഫാമിങ്ങിലേക്കു വന്നത്. കൂട്ടത്തിലൊരു കാര്യം പറയാം. ഞാനിതിന്റെ വീഡിയോ ചെയ്‌തതിനു ശേഷം ഒരുപാട് അന്വേഷണങ്ങള്‍ എനിക്കു വന്നു. ഒക്കെ അര്‍ബന്‍ ലൈഫിന്റെ ഭാഗമായി അഞ്ചു സെന്റില്‍, രണ്ടു സെന്റില്‍, വില്ലകളില്‍ ഒക്കെ താമസിക്കുന്നവരാണ്. അവര് പണം ചെലവാക്കാന്‍ തയാറാണ്. അവര്‍ക്ക് മണ്ണില്ല, ചെയ്‌തുകൊടുക്കാനാളില്ല. വിളിക്കുന്നതില്‍ ഒരുപാട് പേര് റിട്ടയര്‍ ചെയ്‌ത ആളുകളാണ്. നമ്മുടെ നാട്ടില്‍ റിട്ടയര്‍ ചെയ്‌തവര്‍ ഒരുപാടുണ്ട്. അവരാണ് ഏറ്റവും കൂടുതല്‍ യൂട്യൂബ് കാണുന്നത്. സാമ്പത്തികമുളള ആളുകളാണ്. അവര്‍ ആവശ്യപ്പെടുന്നത് അവര്‍ക്കിഷ്ടപ്പെട്ട രണ്ടോ മൂന്നോ ചെടികള്‍ ചെയ്‌തുകൊടുക്കുന്നത് ഏറ്റവും സന്തോഷമുളള കാര്യമാണെന്നാണ്. എനിക്കു വന്ന അന്വേഷണങ്ങളില്‍ നിന്നാണ് ഇതിന്റെ ആവശ്യം ആളുകള്‍ക്കുണ്ട് എന്നു മനസിലാക്കിയത്.
ഹരി: അതില്‍ വേറൊരു കാര്യം കൂടിയുണ്ട്. പ്ലാസ്റ്റിക് ഡ്രമ്മില്‍ ചെയ്യുമ്പോഴുളള ഒരു ഗുണം ഒരു തവണ വെളളമൊഴിച്ചു കഴിഞ്ഞാല്‍ എല്ലാ ദിവസവും വെളളമൊഴിക്കേണ്ട കാര്യമില്ല. മണ്‍ചട്ടിയാണെങ്കില്‍ അത് ആവി പിടിച്ച് പുറത്തേക്ക് പോകും. വയസായ ആളുകള്‍ക്ക് വീട്ടിലിത് ഉണ്ടെങ്കില്‍ ഇടയ്‌ക്കൊന്നു ഒഴിച്ചുകൊടുത്താല്‍ മതി.
ഷാജു: മരത്തിന്റെ സ്വാഭാവികമായ സ്വഭാവം, അതിന്റെ വേര് വെളളം കിട്ടുന്ന സ്ഥലത്തേക്ക് എത്തിക്കോളും. ഡ്രമ്മില്‍ വെക്കുന്ന ചെടി സ്ഥലമുളള ആള്‍ക്ക് നിലത്തുവെക്കുന്നതില്‍ തടസമില്ല. ഡ്രമ്മിന്റെ രണ്ട് വശത്തായി നാല് രണ്ടിഞ്ച് വ്യാസമുളള ദ്വാരമിട്ടു കഴിഞ്ഞാല്‍ ഈ ഡ്രമ്മിനെ അരയടി താഴ്‌ച്ചയില്‍ കുഴിച്ചിട്ടാല്‍ വേര് അതിലൂടെ ഇറങ്ങി വെളളവും പോഷകങ്ങളും വലിച്ചെടുത്തോളും. ഡ്രമ്മിലുളളതിനേക്കാള്‍ കൂടുതലായിട്ട് വളര്‍ച്ചയും ഉണ്ടാവും. ചെറിയ മുറ്റമൊക്കെയാണെങ്കില്‍ മിനിമം സ്ഥലത്ത് കൂടുതല്‍ ഫലവൃക്ഷങ്ങള്‍ വളര്‍ത്തണം എന്നുണ്ടെങ്കില്‍ അവയുടെ എയര്‍സ്‌പേസ് ലിമിറ്റ് ചെയ്‌തു കൊടുക്കണം. കാരണം, അഞ്ചു സെന്റ് സ്ഥലത്ത് രണ്ട് പ്ലാവ് വെച്ചാല്‍ അത്രയും സ്ഥലത്തെ എയര്‍സ്‌പേസ് പൂര്‍ണമായും പ്ലാവെടുക്കും. അതിനു പകരം 20 മരങ്ങള്‍ വെക്കണം എന്നുണ്ടെങ്കില്‍ ഡ്രമ്മില്‍ വെച്ച് എയര്‍സ്‌പേസ് ഭാഗിച്ചുകൊടുക്കുക. ജബാട്ടിക്ക, സപ്പോട്ട, പേര എല്ലാ ഫലവൃക്ഷങ്ങള്‍ക്കും ധാരാളം സ്ഥലം വേണം. വീട്ടിലെ ആവശ്യത്തിനു വേണ്ടിമാത്രമാണെങ്കില്‍ പ്രത്യേകിച്ചും. ഒരു വലിയ പ്ലാവില്‍ നിന്നും കിട്ടുന്ന മുഴുവന്‍ ചക്കയും ഒരു വീട്ടുകാരന് ആവശ്യം വരില്ല. അല്ലെങ്കില്‍ വലിയൊരു പേരയില്‍ നിന്നുണ്ടാകുന്ന മുഴുവന്‍ പേരയ്‌ക്കയും നമുക്കാവശ്യം വരില്ലല്ലോ. അതിനു പകരം ഒരു മരത്തിനെ വലുതായി വളരാന്‍ വിടാതെ നമ്മുടെ ആവശ്യത്തിനനുസരിച്ച് പ്രൂണ്‍ ചെയ്‌തു നിര്‍ത്തിയിട്ട് ആ സ്ഥലത്ത് കൂടുതല്‍ ഫലവൃക്ഷങ്ങള്‍ നടാം. എന്റെ ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് നിങ്ങളൊരു ഫലവൃക്ഷം ഡ്രമ്മില്‍ നട്ടിട്ട് ആ ഡ്രം ടെറസില്‍ കൊണ്ടുവെച്ചിട്ട് ഡ്രമ്മില്‍ നിന്നൊരു എല്‍ബോ ഇട്ട് താഴേത്തു പൈപ്പിട്ടു കൊടുത്താല്‍ നിങ്ങളൊരു അഞ്ചുകൊല്ലം കഴിഞ്ഞു നോക്കുമ്പോള്‍ മരത്തിന്റെ വേര് പൈപ്പില്‍ കൂടി താഴെയെത്തിയിരിക്കും.
ഹരി: എനിക്കങ്ങനെ ഒരു അനുഭവമുണ്ടായിട്ടുണ്ട്. ഞാന്‍ കാന്താരി മുളക് ഗ്രോബാഗില്‍ വെച്ചു. കുറേ നാള് കഴിഞ്ഞു നോക്കിയപ്പോള്‍ അമ്പതടി ദൂരെ നിക്കുന്ന അക്കേഷ്യയുടെ വേര് മണ്ണിനടിയിലൂടെ വന്ന് ഇതിനകത്ത് കയറി പാമ്പ് ചുറ്റിയിരിക്കുന്നതു പോലെ ഇരിക്കുന്നു. ഒരുദിവസം ചെടി എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ നടക്കുന്നില്ല. തുറന്നെടുത്തു നോക്കിയപ്പോള്‍ ആണിതു കണ്ടത്. വെളളമുളള സ്ഥലം തപ്പി വന്നതാണ്.
ഷാജു: അക്കേഷ്യ സോഷ്യല്‍ ഫോറസ്‌ട്രിയുടെ ഭാഗമായി നമ്മള്‍ ചെയ്‌ത ഏറ്റവും വലിയ തെറ്റായിരുന്നു. ഒരിക്കലും കേരളത്തിന് അനുയോജ്യമായൊരു മരമല്ല അക്കേഷ്യ. സാറ് പറഞ്ഞതുപോലെ മരത്തിന് സ്വാഭാവികമായിട്ടുളള ഒരു സ്വഭാവമുണ്ട്. വേര് വെളളമന്വേഷിച്ചു പോകും. ഡ്രമ്മിന്റെ വേറൊരു പ്രത്യേകത, ഡ്രമ്മിലുളള ചെടിക്ക് നമ്മള്‍ വളം കൊടുത്തുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ കൃത്യമായ ഇടവേളകളില്‍ കുറച്ചു കൊടുത്താല്‍ മതി. ചാണകവും ഗോമൂത്രവും നേര്‍പ്പിച്ച് കട്ട പിടിക്കാത്ത രീതിയില്‍ രണ്ടാഴ്‌ച്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുത്താല്‍ ധാരാളം മതി. ഈ വളം പുറത്തേക്കു പോകുന്നില്ല. മിനിമം വളര്‍ച്ചയല്ലേ നമ്മളും ഉദ്ദേശിക്കുന്നുളളൂ. മിനിമം ഇടത്തില്‍ നില്‍ക്കുന്ന ഫലവൃക്ഷം പെട്ടെന്ന് ഫലം തരും. ഇവിടെ കവറില്‍ ഇരിക്കുന്ന റമ്പൂട്ടാന്‍ ഈ വര്‍ഷം പൂത്തിട്ടുണ്ടെങ്കില്‍ അടുത്ത വര്‍ഷം അത് മണ്ണിലിറക്കി വെച്ചാല്‍ പൂത്തോളണമെന്നില്ല. മണ്ണിലേക്കിറക്കി വെക്കുമ്പോള്‍ വേരുകള്‍ക്ക് പോകാന്‍ നല്ല സ്ഥലം കിട്ടുന്നതോടു കൂടി മരം അതിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അപ്പോള്‍ പൂക്കാനും കായ്‌ഫലം തരാനും ഒരു വര്‍ഷം വൈകും.
ഹരി: താങ്കളാ കൂട്ടുകാര്‍ക്കിരിക്കാന്‍ ഉണ്ടാക്കിയിട്ടിരിക്കുന്ന മുറിയില്‍ ഒരു മാവ് മുറിക്കാതെ നിര്‍ത്തിയിരിക്കുന്നു. നോക്കിയപ്പോള്‍ ചന്ദ്രക്കാരനാണ്. അതു കൊളളാം. പക്ഷെ മറ്റു ചെടികളെ നോക്കുമ്പോള്‍ കൂടുതലും വിദേശ ചെടികളാണ്. നമ്മുടെ നാട്ടുചെടികളെ തിരികെ കൊണ്ടുവരണം, അങ്ങനെ എന്തെങ്കിലും ഉദ്ദേശമുണ്ടോ ?
ഷാജു: എനിക്കുണ്ടായ രസകരമായൊരു അനുഭവം പറയാം. ഇവിടെ മൈലാപ്പൂര്‍ മാവുണ്ട്. മണ്ണുത്തിയിലെ ഒരു ഹോള്‍സെയിലറുടെ അടുത്തുനിന്ന് കിട്ടിയതാണ്. ഞാന്‍ വീഡിയോ ചെയ്‌തപ്പോള്‍ മാവുകളുടെ കൂട്ടത്തില്‍ ഈ മൈലാപ്പൂര്‍ മാവിന്റെ കാര്യവും പറഞ്ഞു. പാലക്കാട് എന്‍എസ്‌എസ് കോളേജില്‍ നിന്നു റിട്ടയര്‍ ചെയ്‌ത ഒരു പ്രഫസര്‍ വിളിച്ചിട്ടു ചോദിച്ചു, താങ്കള്‍ക്കീ മാവ് എവിടുന്നാണ് കിട്ടിയതെന്ന്. ഞാന്‍ ഉളള കഥ പറഞ്ഞു. അദ്ദേഹത്തിന്റെ വീട് തിരുവല്ല ഭാഗത്താണ്. അദ്ദേഹത്തിന്റെ തറവാട്ടില്‍ നിന്നാണത്രെ മൈലാപ്പൂര്‍ മാവ് കേരളത്തില്‍ എല്ലായിടത്തും എത്തിയത്. ഞാന്‍ പറഞ്ഞു, ശരിയായിരിക്കാം. കാരണം ബഡ്ഡിങ്ങ് എന്നൊരു സംഭവത്തിലൂടെ ഒരു നഴ്‌സറിക്കാരന് ഒരു മരത്തില്‍ നിന്ന് ആയിരം മരമുണ്ടാക്കാം. അഞ്ചുകൊല്ലം കൊണ്ട് മൈലാപ്പൂര്‍ മാവുകൊണ്ട് കേരളത്തില്‍ നിറയ്‌ക്കാം. അതൊരനുഭവം.
വേറൊരാള്‍ വിളിച്ചു, കൊല്ലത്തുനിന്നാണ്. നിങ്ങളുടെ അടുത്ത് മൈലാപ്പൂര്‍ മാവുണ്ടോന്നു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു. ഞാന്‍ ലൊക്കേഷന്‍ അയച്ചുകൊടുത്തു, ആളു വന്നു. അദ്ദേഹം ബാംഗ്ലൂരു നിന്ന് കൊല്ലത്തേക്ക് പോവുകയാണ്. അദ്ദേഹം പറഞ്ഞു, എന്റെയും തറവാട്ടുവീട് തിരുവല്ലയിലാണ്. അവിടെ മൈലാപ്പൂര്‍ മാവുണ്ടായിരുന്നു. ഞാനത് കഴിച്ച രുചി എന്റെ മനസില്‍ നില്‍ക്കുന്നുണ്ട്. അദ്ദേഹമൊരു ഡോക്ടര്‍ കൂടിയാണ്. കുവൈറ്റില്‍ എമര്‍ജന്‍സി മെഡിസിനിന്‍ പ്രാക്ടീസ് ചെയ്യുന്നു. രണ്ടുമാസത്തിലൊരിക്കല്‍ നാട്ടില്‍ വരും. ഫാമിങ്ങില്‍ താത്‌പര്യമുണ്ട്. കൂടുതല്‍ താതപര്യം വൈഫിനാണ്. ഈ മൈലാപ്പൂര്‍ മാവിന്റെ രുചി നാവില്‍ നില്‍ക്കുന്നതു കൊണ്ടാണ് അതന്വേഷിച്ചു വന്നത്. അങ്ങനെ വ്യത്യസ്‌ത തരം മരങ്ങളെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. അങ്ങനെ ഒരു ചെറിയ മാവ് എന്നെ രണ്ടാളുകളുമായി കണക്ട് ചെയ്യാന്‍ സഹായിച്ചു. ഇപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുളളതു പോലെയാണ് തോന്നുന്നത്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല, നിങ്ങളുടെ ഉറക്കം കെടുത്തുന്നതാണ് സ്വ്‌പനം എന്നു ഡോ. അബ്ദുള്‍ കലാം പറഞ്ഞിട്ടുണ്ടല്ലോ. എന്നുപറഞ്ഞതുപോലെ 6 മണിവരെ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന എനിക്കിപ്പോള്‍ 4 മണിക്ക് ഉറക്കമില്ല. കാരണം ഒരുപാട് ചെയ്‌തുതീര്‍ക്കാനുണ്ട്.
ഹരി: അങ്ങനെ എസി കാറില്‍ നടന്നിരുന്ന താങ്കള്‍ കൈനറ്റിക് ഹോണ്ടയിലേക്കു മാറി, അല്ലേ ?
ഷാജു: അതെ. അതുമീ വെയിലും കൊണ്ട്. പക്ഷെ അതു ഞാന്‍ നന്നായിട്ട് ആസ്വദിക്കുന്നുണ്ട്. ആളുകള്‍ പ്രതീക്ഷിക്കുന്നത്ര വിവരം എനിക്കിതില്‍ ഇല്ലെന്നുളളതാണ് സത്യം. കാരണം ഒരു വീഡിയോ ചെയ്യുമ്പോള്‍ ഒരുപാടാളുകള്‍ വിചാരിക്കുന്നത് നമ്മളിതിനെ പറ്റി ആധികാരികമായി അറിവുളളവരായിരിക്കും എന്നാണ്. ഞാന്‍ ഒന്നരക്കൊല്ലം മുമ്പ് മാത്രം ഈ മേഖലയിലേക്കു വന്ന് താത്‌പര്യം കൊണ്ടുമാത്രം കാര്യങ്ങള്‍ പഠിച്ചയാളാണ്. പലരും നമ്മളെ വിളിക്കുന്നത് വലിയരീതിയില്‍ ഇതിനെപ്പറ്റി അറിയുന്ന ആളാണെന്നു കരുതിയാണ്. പലപ്പോഴും ദൂരെനിന്നാളുകള്‍ കാണാന്‍ വരുമ്പോള്‍ ഞാന്‍ നിരുത്സാഹപ്പെടുത്തും. കാരണം വീഡിയോയില്‍ കാണുന്നത്ര ഭംഗി ഒരുപക്ഷെ നേരിട്ടു കാണുമ്പോള്‍ ഉണ്ടാവണമെന്നില്ല. ഒരു ചെറിയ ഫ്രെയിമിനുളളില്‍ കാണുന്നതുപോലെയല്ല നേരിട്ടൊരു സംഭവം കാണുമ്പോള്‍. അതൊരു അമിതപ്രതീക്ഷയാവുന്നുണ്ട് ആളുകള്‍ക്ക്. അതെനിക്ക് പലപ്പോഴുമൊരു ബാധ്യതയാവാറുണ്ട്.
ഹരി: ഇതില്‍നിന്ന് വേറൊരു പാഠവും ആളുകള്‍ക്ക് കിട്ടും. നമുക്കൊരു കാര്യത്തില്‍ താത്‌പര്യമുണ്ടെങ്കില്‍ ഒന്നരവര്‍ഷം കൊണ്ട് അതില്‍ വിജയമുണ്ടാക്കാം എന്നുളളത്.
ഷാജു: തീര്‍ച്ചയായും. നമ്മളൊരു കാര്യം ആഗ്രഹിച്ചു കഴിഞ്ഞാല്‍ ഊണും ഉറക്കവുമില്ലാതെ അതിനുവേണ്ടി പണിയെടുക്കുക എന്നു പറയില്ലേ. ഇവിടെ മാനേജറായി ജോലി നോക്കുന്ന വിശ്വനാഥന്‍ - ഞാന്‍ വിശ്വന്‍മാമന്‍ എന്നാണു വിളിക്കുന്നത്. ഞാന്‍ രാവിലെ വരുന്നത് ഓരോ ഐഡിയകളുമായിട്ടാണ്. നമുക്ക് അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ. അപ്പോള്‍ വിശ്വനാഥന്‍ എന്നോടു ചോദിക്കും, നിനക്ക് ഉറക്കമൊന്നുമില്ലേ എന്ന്. ഇതുതന്നെ ഒരു ചിന്തയാണ്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സ്ഥലങ്ങളില്‍ പോയി, നഴ്‌സറികളില്‍ പോയി. ഒരുപാടാളുകളെ കണ്ടുമുട്ടി. ഒരുപാട് നാട്ടറിവുകള്‍ മനസിലാക്കി.
ഹരി: താങ്കള്‍ പുതിയ കരിയറില്‍ വളരെ സന്തുഷ്ടനാണ്, അല്ലേ ?
ഷാജു: സംശയമില്ല. ഞാനിതെന്റെ പ്രൊഫഷനാക്കി മാറ്റാന്‍ തീരുമാനിച്ചു. എന്റെ ജീവിതരീതി പതുക്കെപ്പതുക്കെ മാറി, തനി കര്‍ഷകന്റെ രീതിയിലേക്കായി. ഞാനെന്റെ ഫ്രണ്ട്‌സിനോട് ഒരു കയര്‍കട്ടില്‍ വേണമെന്നു പറയാറുണ്ട്. ഞാനിതു തുടങ്ങിയ സമയത്ത് എനിക്ക് മൂന്നാവശ്യങ്ങളേ ഉണ്ടായിരുന്നുളളൂ. ഒരു കയര്‍ കട്ടില്‍. പഞ്ചാബിലെ ഫാംഹൗസുകളില്‍ അവരിരിക്കുന്ന ചെറിയൊരു സെറ്റപ്പുണ്ടാകും. ഒരു മരത്തിനു കീഴില്‍ ഒരു കയര്‍കട്ടില്‍, ഒന്നുരണ്ട് കന്നുകാലികള്‍, ഒരു വൈക്കോല്‍ത്തുറു. ഇതാണ് ഞാനാഗ്രഹിച്ചത്. കയര്‍കട്ടില്‍ അന്വേഷിച്ചിട്ട് കിട്ടാത്തതുകൊണ്ടാ. അല്ലെങ്കില്‍ ആ ജാതിയ്‌ക്കടിയില്‍ ഇട്ട് ഇരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. പിന്നെ വൈക്കോല്‍ത്തുറു. ഞാന്‍ നെല്‍കൃഷി ചെയ്യണമെന്ന്‌് ആഗ്രഹിച്ചു വാങ്ങിച്ച പാടത്ത് നെല്‍കൃഷി ചെയ്യാന്‍ പറ്റിയില്ല. കാരണം വേറെ ആരുമിവിടെ നെല്‍കൃഷി ചെയ്യുന്നില്ല. ഞാന്‍ മാത്രമായിട്ടിവിടെ നെല്‍കൃഷി ചെയതാല്‍ വിജയിക്കില്ല എന്നുളളതുകൊണ്ടാണ് മാങ്കോസ്‌റ്റിന്‍ കൃഷിയിലേക്കു മാറിയത്. പിന്നെ കന്നുകാലി. ഇപ്പോള്‍ വെച്ചൂര്‍ പശു ഒക്കെ ആയിട്ടുണ്ട്. ശിശുസഹജമായ ചില താത്‌പര്യങ്ങള്‍. ഈ പ്രായത്തിലും പക്വതയിലും ഒരുപക്ഷെ അത്ര ഗൗരവമെന്നു തോന്നാത്ത ചില താത്‌പര്യങ്ങള്‍.
ഹരി: തമിഴ്‌ന്നാട്ടില്‍ 350 രൂപയ്‌ക്കൊരു കട്ടിലുണ്ടായിരുന്നു. പട്ടിക കൂട്ടിയടിച്ചിട്ട് പനയുടെ നാര് കുറുകെ കെട്ടിയ കട്ടില്‍. നല്ല സുഖമാണതില്‍ കിടക്കാന്‍. എന്നുമാത്രമല്ല. ഒരു കൈയിലെടുത്ത് തോളില്‍ വെച്ചു കൊണ്ടുപോകാം. ഇത് ഞങ്ങള്‍ ഷൂട്ടിങ്ങ് ആവശ്യത്തിനായി 2001 ലോ മറ്റോ ഒരെണ്ണം വാങ്ങിച്ചായിരു്‌ന്നു. ഇപ്പോഴും അതിന് കുഴപ്പമൊന്നുമില്ല. പക്ഷെ രണ്ടാമതൊരെണ്ണം വാങ്ങാനായി ചെയ്യുന്നയാളെ തപ്പിയിട്ട് കിട്ടാനില്ല. ആ സാധനം മാര്‍ക്കറ്റില്‍ നിന്നില്ലാതായി.
ഷാജു: നമുക്ക് പല ആഗ്രഹങ്ങളും ചെറുപ്രായത്തില്‍ വരുന്നതാ. വലിയ പ്രായത്തില്‍ വരുന്ന ബിഎംഡബ്ലിയു വാങ്ങിക്കണം, ഒരുപാട് വിദേശയാത്രകള്‍ ചെയ്യണം, അത്തരം ആഗ്രഹങ്ങളൊന്നും ചെറുപ്രായത്തില്‍ വരില്ല. നമ്മള്‍ പിന്തുടരുന്നത് എപ്പോഴും ചെറുപ്രായത്തിലേ മനസില്‍വന്നു കയറിയ ആഗ്രഹങ്ങളെയാണ്, എന്നെ സംബന്ധിച്ചിടത്തോളം. ബിസിനസിലൊക്കെ വന്നതിനു ശേഷം ആഗ്രഹിക്കാവുന്ന കാര്യങ്ങളോട് ആഗ്രഹമൊട്ടു ഇല്ലതാനും.
ഹരി: അതൊരു കണക്കിനു നല്ലതാണ്. അതുകൊണ്ടാണിത് ചെയ്യാന്‍ പറ്റുന്നത്. എന്തായാലും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ജൈവകൃഷി ഫലപ്രദമാകുമോ, അതുപോലെത്തന്നെ പറമ്പിലെ വെളളക്കെട്ട് എങ്ങനെ ഒഴിവാക്കും എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കുന്നവര്‍ക്ക് വളരെ കൃത്യമായൊരു മാതൃക അദ്ദേഹം കാണിച്ചു തരികയാണ്. ചെയ്‌ത കാര്യങ്ങളാണ് അദ്ദേഹം നമ്മളോടു പറയുന്നത്. ഇതു നമ്മള്‍ ആരു ചെയ്‌താലും ഇതേ ഫലം തന്നെ ഉണ്ടാകുന്നതാണ്. ആകെ വേണ്ടത് അതു ചെയ്യാനുളള മനസും തന്റേടവും ആണ്. അദ്ദേഹത്തിന്റെ മാതൃക കേരളത്തില്‍ കൂടുതല്‍ ആളുകള്‍ സ്വീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.