കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ തകർത്ത മഴയായിരുന്നു. പണ്ടത്തെ മഴയും ഇപ്പോഴത്തെ മഴയും വ്യത്യാസമുണ്ട്. എന്റെ ചെറുപ്പകാലത്ത് മഴ വന്നു കഴിഞ്ഞാൽ വഴിയിൽ ഇറങ്ങി നടക്കുക എന്നുള്ളത് വലിയൊരു വിനോദമായിരുന്നു. വഴിയിലെ വെള്ളം എപ്പോഴും നല്ല വെള്ളമായിരിക്കും. മഴ പെയ്യുമ്പോൾ മണ്ണ് കലങ്ങി വെള്ളം വരും. കാലിൽ വളം കടിക്കുക എന്നു പറയുന്നത് ഉണ്ടാകും പക്ഷെ അത് ചെളി മണ്ണാണ്. അല്ലാതെ വേറെ മാലിന്യം ഒന്നുമുണ്ടാകില്ല. പക്ഷെ ഇപ്പോൾ മഴ പെയ്താൽ ഒരു സ്ഥലത്തു കൂടെയും നടക്കാൻ പറ്റില്ല. ഓടയിലെ വെള്ളം തന്നെയാണ് റോഡിലൂടെ ഒഴുകുന്നത്. എനിക്ക് ഈ മഴക്കാലത്ത് കുറച്ച് ഉൾപ്രദേശങ്ങളിൽ പോകേണ്ടി വന്നു. റബ്ബർ തോട്ടത്തിനടുത്തൊക്കെ. റബ്ബറിന് ഇപ്പോൾ വിലയില്ലാത്തതു കൊണ്ട് ആരും വിഷവും വളവുമൊന്നുമടിക്കാത്തതു കൊണ്ട് അവിടെയൊക്കെ നല്ല വെള്ളം ഒഴുകി വരുന്നുണ്ട്. അങ്ങനെ അതിലൂടൊക്കെ കാല് ചവുട്ടി നടന്നു.
ഇതു പറയാൻ കാരണം, കേരളത്തിൽ ഇപ്പോൾ എല്ലാ കായലുകളും കുളങ്ങളും പുഴകളും മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ തൊട്ടടുത്ത സ്ഥാപനങ്ങളായാലും വീടുകളായാലും വ്യക്തികളായാലും ബോട്ടുകളായാലും ഒക്കെ നേരിട്ട് പുഴകളിലേക്ക് മലിനജലം ഒഴുക്കുന്ന സംവിധാനമായിപ്പോയി. പുഴയിലെ വെള്ളം കൈകൊണ്ടു തൊടാൻ പറ്റാത്ത ഒരവസ്ഥ വന്നു.
ഇത് ശുദ്ധീകരിക്കാനുള്ള ഒരു മാർഗ്ഗം, ആറ്റിന്റെ തീരത്തും വശങ്ങളിലുമൊക്കെ വളരുന്ന റൈപ്പേറിയൻ വെജിറ്റേഷൻ എന്നു പറയുന്ന ഒരുപാട് മരങ്ങളും ചെടികളുമുണ്ട്. ആ ഭാഗത്തുള്ള മാലിന്യങ്ങൾ ഈ ചെടികൾ തടഞ്ഞു നിർത്തുകയും വലിച്ചെടുക്കുകയും ചെയ്യും. നഗരത്തിൽ ഈ പ്രശ്നം വരുമ്പോൾ രണ്ടു തരത്തിൽ ഇതിനെ പരിഹരിക്കാൻ പറ്റും. ഒന്ന്, ഈ ഡിറ്റർജന്റ്, സോപ്പ് ഒക്കെ വലിച്ചെടുക്കുന്ന ചെടികൾ വീടുകളിൽ ഇത്തരം വെള്ളം വീഴുന്ന സ്ഥലത്ത് വച്ചു പിടിപ്പിക്കുക എന്നുള്ളതാണ്. അതിന്റെ ഒരു മാതൃക കാണിച്ചു തരാം. ഹെലികോണിയ, കാനവാഴ ഈ രണ്ടു ചെടികളും മാലിന്യങ്ങൾ വലിച്ചെടുക്കും. അപ്പോൾ അതുപയോഗിച്ച് നമുക്ക് തന്നെ വെള്ളത്തെ ശുദ്ധീകരിക്കാൻ സാധിക്കും. വാഷിംഗ് മെഷീനിൽ നിന്നും തുണി നനയ്ക്കുന്ന വെള്ളം ഒഴുക്കിക്കളയുന്ന ഭാഗത്ത് ഈ ചെടികൾ നട്ടു കഴിഞ്ഞാൽ അവ വെള്ളത്തിലെ മാലിന്യം വലിച്ചെടുത്തോളും.
അടുത്തൊരു മാർഗ്ഗം ഫ്ലോട്ടിംഗ് ഐലന്റുകളാണ്. ഫ്ലോട്ടിംഗ് ഐലന്റ് എന്നുപറഞ്ഞാൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചെറിയ ദ്വീപുകളാണ്. ഇവ കൃത്രിമമായി ഉണ്ടാക്കുന്നതാണ്. മദ്രാസിൽ അഡയാറിൽ വലിയൊരു കനാൽ ഇത്തരത്തിലെ ഫ്ലോട്ടിംഗ് ഐലന്റ് ഉപയോഗിച്ച് ശുദ്ധീകരിച്ചു. വലിയ വലിപ്പമുള്ള ഫ്ലോട്ടിംഗ് ഐലന്റുകളായിരുന്നു. ഒരു രണ്ടു-മൂന്ന് സെന്റ് വീതിയുള്ള ഐലന്റുകളുണ്ടാക്കി വെള്ളത്തിലിട്ടു. അതിൽ നിൽക്കുന്ന ചെടികളുടെ വേരുകൾ വെള്ളത്തിലായിരിക്കും. വെള്ളത്തിലെ മാലിന്യങ്ങൾ എല്ലാം വലിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള ചെടികളായിരിക്കും ഇതിലുണ്ടാകുക. മാലിന്യങ്ങൾ കൂടുതലായി കിടക്കുന്ന സ്ഥലത്ത് ആവണക്ക് വളർന്നു നിൽക്കുന്നത് കാണാം. ഇത് ഹെവി മെറ്റൽസ് നന്നായി വലിച്ചെടുക്കും എന്നാണ് പറയുന്നത്. എനിക്ക് അതിനെക്കുറിച്ച് കൃത്യമായിട്ടറിയില്ല. വെള്ളത്തിലെ മാലിന്യങ്ങളെ വലിച്ചെടുക്കുന്ന തരത്തിലുള്ള ചെടികളെ വച്ചൊരു ഐലന്റ് ഉണ്ടാക്കുകയാണെങ്കിൽ അത് വെള്ളം ശുദ്ധീകരിക്കാൻ പറ്റുന്നൊരു മാതൃകയായിരിക്കും എന്ന് അവിടെ കണ്ടപ്പോൾ മനസ്സിലായി. പിച്ചാണ്ടിക്കുളം ഫോറസ്റ്റിലെ ഒരു സായിപ്പുമായി സംസാരിച്ചു. അദ്ദേഹം അവിടെയിത് ചെയ്യുന്നുണ്ട്. ആ പ്രോജക്ടിനാവശ്യമായ ചെലവ് ചെയ്യുന്നുണ്ട്. പക്ഷെ നമുക്ക് ഇവിടെ അത്രയും രൂപ ചെലവാക്കാനില്ലാത്തതു കൊണ്ട് ചെറിയ തോതിൽ ആ ഒരു മാതൃക ചെയ്തു നോക്കി. ആ ചെയ്തതിന്റെ ദൃശ്യങ്ങളാണ് ഇവിടെ കാണുന്നത്.
ഒരു പോളിമർ പൈപ്പ് / പി.വി.സി. പൈപ്പ് എടുത്ത് ഒരു ഫ്രെയിമുണ്ടാക്കി. ആ ഫ്രെയിം പൊങ്ങിക്കിടക്കാനായി കുറകെ രണ്ടു-മൂന്ന് പൈപ്പുകൾ കൂടി ചേർത്തു. അതിന് മുകളിൽ ചെരുപ്പുണ്ടാക്കാനായി ഉപയോഗിക്കുന്ന റബ്ബർ ഷീറ്റ് വിരിച്ചു. ഷീറ്റിൽ ദ്വാരങ്ങളുണ്ടാക്കി. ഓർക്കിഡ് നടാനുപയോഗിക്കുന്ന തരത്തിലുള്ള, ദ്വാരമുള്ള ചെടിച്ചട്ടികളിൽ ചെടികൾ നട്ട്, ആ ചെടിച്ചെട്ടികൾ ഈ ദ്വാരത്തിലൂടെ താഴേക്ക് ഇറക്കി വച്ചു. അങ്ങനെ ചെയ്യുമ്പോൾ ഈ ഐലന്റ്, ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോം പൊങ്ങിക്കിടക്കും, ആ ചെടിച്ചെട്ടികളിലെ ദ്വാരത്തിലൂടെ ഈ ചെടികളുടെ വേരുകളും, ചെടിച്ചെട്ടിയും വെള്ളത്തിനടിയിലായിരിക്കും. അതിൽ വച്ച ചെടികൾ എന്നു പറഞ്ഞാൽ ചില പ്രത്യേകതരം ചെടികളായ വാട്ടർ ബാംബൂ, കാനവാഴ, ഹെലികോണിയ, കൊടങ്ങൽ, ബ്രഹ്മി, രാമച്ചം എന്നിവയാണ്. ഇത് രണ്ട് തരത്തിലുപയോഗിക്കാം. ഒന്ന് ഇവിടെ മീൻ കിടക്കുന്ന ഒരു കുളം ശുദ്ധീകരിക്കാനായി അതിലൊരു പ്ലാറ്റ്ഫോമുണ്ടാക്കിയിട്ടുണ്ട്. രണ്ട്, കുളിമുറിയിൽ നിന്നും കുളിക്കുമ്പോൾ പുറത്തേയ്ക്ക് പോകുന്ന വെള്ളം, അതൊരു ടാങ്കിൽ പിടിച്ച് നിറുത്തി അതിലൊരു ഫ്ലോട്ടിംഗ് ഐലന്റ് ഉണ്ടാക്കിയിട്ടിരിക്കുകയാണ്. പുതിയ വെള്ളം വരുമ്പോൾ ആ പഴയ വെള്ളം പുറത്തേയ്ക്ക് പോകും. അതിൽ കെട്ടി നിൽക്കുന്ന വെള്ളത്തിലെ മാലിന്യങ്ങൾ ഈ ചെടികൾ വലിച്ചെടുക്കുകയും ചെയ്യും. ഇത്തരത്തിലാണ് ചെയ്തിരിക്കുന്നത്.
ഇത് എത്രമാത്രം ശുദ്ധീകരിക്കുന്നു എന്നുള്ളത് ഞാൻ പരിശോധിച്ച് നോക്കിയിട്ടില്ല. പക്ഷെ ഇത് പ്രയോഗിക്കാവുന്നൊരു മാർഗ്ഗമാണ്. സ്വാഭാവികമായി ചോദിക്കാവുന്ന ഒരു ചോദ്യം ഇതിൽ കൊതുക് ഉണ്ടാകില്ലേ എന്നാണ്. അതുണ്ടാകും. അതിന് ഗപ്പി എന്ന മത്സ്യത്തെയോ അല്ലെങ്കിൽ കാർപ്പിന്റെ കുഞ്ഞുങ്ങളെയോ കൊണ്ട് ഇട്ടാൽ കൊതുകിന്റെ ലാർവ്വയെ തിന്നു കൊള്ളും. ഈ ഫ്ലോട്ടിംഗ് ഐലന്റ് ഒന്നു പരീക്ഷിച്ചു നോക്കുക. ഇത് നിങ്ങൾക്ക് വലിയ ചിലവില്ലാതെ സ്വയം ചെയ്യാവുന്ന ഒരു കാര്യമാണ്. എല്ലാവരും ഒന്ന് ചെയ്തു നോക്കുകയാണെങ്കിൽ നന്നായിരിക്കും.