മിയാവാക്കി മാതൃകയുടെ ഒരു പ്രത്യേകത ഈ തൈകൾ നഴ്സറികളിൽ നിന്നും വാങ്ങിച്ച് നേരെ കുഴിച്ചു വയ്ക്കുകയല്ല എന്നുള്ളതാണ്. രണ്ടു രണ്ടര മാസം തൈകൾ വളർത്തിയ ശേഷമാണ് എടുത്തു വയ്ക്കുന്നത്. അങ്ങനെ ചെയ്യുന്നത് ഈ ചെടികളുടെ വേര് നന്നായിട്ട് വികസിക്കാൻ വേണ്ടിയാണ്. നഴ്സറിയിൽ നിന്നും വാങ്ങിയ ചെടികൾ പലപ്പോഴും നോക്കുമ്പോൾ കാണാം, മൺകട്ടയിലാണ് അതിന്റെ ചുവട്. വെള്ളം ഒഴിക്കാതെ രണ്ടു ദിവസം വെച്ചു കഴിഞ്ഞ് തുറക്കുമ്പോൾ തല്ലിപൊട്ടിക്കേണ്ടി വരും. അത്ര കട്ടിയായിട്ട് ആ മണ്ണ് ഇരിക്കും. നഴ്സറിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദിവസം പതിനായിരം ചെടി വച്ച് നടുകയും വിൽക്കുകയും ചെയ്യുന്ന അവർക്ക് കിട്ടുന്ന മണ്ണ് വച്ച് അത് ചെയ്യാനേ പററൂ.

നമ്മൾ ചെയ്യേണ്ടത് ഒരു പോട്ടിംഗ് മിശ്രിതം തയ്യാറാക്കുകയാണ്. ചകിരിച്ചോറ്, ചാണകം, ഉമി, മണ്ണ്, ഇതെല്ലാം 1:1:1:1 എന്ന അനുപാതത്തിൽ എടുക്കുക. നാലിലൊരു ഭാഗമായിരിക്കും ഇതിൽ ഓരോന്നും. ചകിരിച്ചോറ് ഇടുന്നത് മണ്ണിൽ നനവു നിൽക്കാനായിട്ടാണ്. ഉമി ഇടുന്നത് അത് കട്ട പിടിക്കാതിരിക്കാനാണ്. അതിനു പകരം ചിന്തേര് അഥവാ മരം കടച്ചിൽ ചീള് - ഫർണിച്ചറുകൾ ഉണ്ടാക്കാനായിട്ട് മരം ചീകുമ്പോൾ കിട്ടുന്ന ചീളുകൾ - അതിട്ടാലും മതി. പിന്നെ ചാണകം വളമായിട്ട് ചേർക്കുന്നതാണ്. മണ്ണ് സ്വാഭാവികമായിട്ട് ബേസാണ്. ഈ നാലും കൂടി ചേർത്ത് കിട്ടുന്ന മിശ്രിതം നന്നായി ഇളകിയൊരു മിശ്രിതം ആയിരിക്കും. അത് നമ്മൾ എന്തു ചെയ്താലും ഉറയ്ക്കില്ല. വെളളം ഒഴിക്കുന്നത് താമസിച്ചാൽ അത് പൊടിഞ്ഞു പോകുകയേ ഉള്ളൂ. അല്ലാതെ ഉറച്ച് ഒരു കട്ടയായിട്ട് ഇരിക്കാനുള്ള സാധ്യത കുറവാണ്. അതിലേക്കാണ് ചെടികളെ ഇളക്കിയെടുത്ത് നടേണ്ടത്.

കൂട്ടിൽ നിന്നും ഇളക്കിയെടുക്കുമ്പോൾ ചെടിയുടെ ചുവട്ടിലുള്ള മണ്ണ് തല്ലിപ്പൊട്ടിച്ച് കളയണം. മണ്ണോടു കൂടി ഇരുന്നാൽ കട്ടയായിട്ടു തന്നെ നടുക്ക് ഇരിക്കും. പിന്നെ വെള്ളം കിട്ടുന്ന സമയത്ത് അലിയുകയും വെളളമില്ലാത്ത സമയത്ത് കട്ടയാകുകയും ചെയ്യും. അപ്പോൾ അതിനെ ഒഴിവാക്കി ഇങ്ങനെ തയ്യാറാക്കിയ മിശ്രിതത്തിൽ ചട്ടിയിൽ വയ്ക്കുകയായിരിക്കും നല്ലത്. ഗ്രോ ബാഗ് നല്ലതാണ്. പക്ഷെ റീയൂസിങ്ങ് വളരെ കുറവായിരിക്കും. രണ്ടാമത് ഒന്നുകൂടി ഉപയോഗിക്കാൻ പാടാണ്. അതുപോലെ തന്നെ ഗ്രോ ബാഗിൽ നിന്ന് ഒരു ചെടി കുടഞ്ഞെടുക്കുമ്പോൾ അത് മുഴുവനായി പോകാനുള്ള സാധ്യതയുണ്ട്. ചട്ടിയാകുമ്പോൾ ചെടി കേടുവരാതെ എടുക്കാൻ പറ്റും. ഞാൻ നിർദ്ദേശിക്കുന്നത് പ്ലാസ്റ്റിക്ക് ചട്ടിയോ, ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്ക് ബക്കറ്റോ അങ്ങനെയുള്ള സാധനങ്ങളാണ്. പ്ലാസ്റ്റിക്ക് പൊതുവെ നിഷിദ്ധമായ ഒരു സംഗതി ആണെങ്കിലും പലതവണ ആ പ്ലാസ്റ്റിക്ക് ചട്ടി ഉപയോഗിക്കാൻ പറ്റും എന്നുള്ളതും അതിന്റെ ഒരു കോസ്റ്റ് കംപോണന്റും- ഉള്ളതിൽ ഏറ്റവും വിലക്കുറവ് പ്ലാസ്റ്റിക്ക് ചട്ടിയ്ക്ക് തന്നെയാണ്. പിന്നെ ഈ ചെടി എടുക്കാനുള്ള സൗകര്യം. അതിനു കാരണം ചട്ടിയുടെ കോണിക്കൽ ഷേപ്പ് ആണ്. താഴെ നിന്നും മുകളിലേക്കു വരുമ്പോൾ വണ്ണം കൂടിവരുന്ന രീതി. അത് കമഴ്ത്തി തട്ടിയെടുക്കാൻ എളുപ്പമാണ്. ഈ കാരണങ്ങളൊക്കെ കൊണ്ട് ഞാൻ പ്ലാസ്റ്റിക്ക് ചട്ടിയാണ് നിർദ്ദേശിക്കുന്നത്. ഒന്നോ രണ്ടോ ചെടിയാണെങ്കിൽ മൺചട്ടി ഉപയോഗിക്കാം. പത്തോ ആയിരം ചെടി വയ്ക്കുമ്പോഴും അത് എടുക്കുമ്പോഴുമൊക്കെ പ്രായോഗികമായി അതിൽ ബുദ്ധിമുട്ടുണ്ട്, ഒരുപാട് അധികച്ചെലവും വരും.

ചട്ടിയിൽ നട്ടു കഴിഞ്ഞ ചെടി എങ്ങനെ എടുക്കും എന്നൊരു ചോദ്യമുണ്ട്. വളർന്നു കഴിയുമ്പോൾ പലരും ചെടി എടുക്കാനായിട്ട് അതിൽ വെള്ളം ഒഴിക്കാറുണ്ട്. അത് ശരിയായ രീതിയല്ല. വെള്ളമൊഴിച്ചു കഴിഞ്ഞാൽ ചെടിയുടെ വേരിനു ചുറ്റുമുള്ള മണ്ണ് ഇളകിപ്പോവുകയാണ് ചെയ്യുന്നത്. കൊച്ചുകുട്ടികൾ മണ്ണപ്പം ഉണ്ടാക്കി കളിക്കുന്നത് പണ്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ എന്തായാലും ഫ്ലാറ്റിൽ മണ്ണപ്പം ഉണ്ടാക്കാനുള്ള സാഹചര്യം ഇല്ല. മണ്ണു വാരി ചിരട്ടയിൽ നിറച്ച് അത് അമർത്തിയിട്ട് ഇറക്കുമ്പോൾ ചിരട്ടയുടെ ആകൃതി ആ മണ്ണിനു കിട്ടും. എന്നുപറഞ്ഞ പോലെ ചട്ടിയ്ക്കകത്തുള്ള ചെടിയിൽ നമ്മൾ പറിച്ചു നടുന്നതിന്റെ തലേദിവസം വെള്ളം ഒഴിക്കാതിരിക്കുക. എന്നിട്ട് ചട്ടി എടുത്ത് കമഴ്ത്തി പിടിച്ച് അതിന്റെ ചുവട്ടിൽ ചെറുതായി തട്ടിക്കൊടുക്കുക. ആ ചെടി വേരോടെ ഒരു ബ്ലോക്കായിട്ട് ഇളകി വരും. അത് അതുപോലെ എടുത്ത് മണ്ണിലേക്ക് വയ്ക്കുകയാണ് ഉചിതമായ രീതി. അങ്ങനെ ചെയ്യുമ്പോൾ ചെടിയുടെ വേര് പൊട്ടാതിരിക്കും എന്നുമാത്രമല്ല ചെടിയ്ക്ക് സ്ഥലം മാറ്റം അത്ര ശക്തിയായി അനുഭവപ്പെടുകയും ഇല്ല.

ഒരു കാര്യം കൂടി മിയാവാക്കി പറയുന്നുണ്ട, നിങ്ങള് എവിടെയാണോ ചെടി വെയ്ക്കുന്നത് ആ സ്ഥലവും നിങ്ങൾ ആദ്യം നട്ടു വച്ചിരിക്കുന്ന സ്ഥലവും തമ്മിൽ കാലാവസ്ഥാപരമായി ഒരുപാട് വ്യത്യാസം ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഇപ്പോൾ നിങ്ങൾ വെച്ചിരിക്കുന്നത് ഒരു തണലിലാണ്. നാളെ ഇത് നടാൻ പോകുന്നത് നല്ല വെയിലത്താണെങ്കിൽ പെട്ടെന്ന് ആ വെയിലത്തേക്ക് കൊണ്ടു പോകാതെ ചട്ടിയിൽ തന്നെ രണ്ടാഴ്ച അവിടെ വെയ്ക്കുക. ആ പ്രദേശത്തെ കാലാവസ്ഥയുമായി ഇണങ്ങാനുളള സമയം കൊടുക്കുക. കാലാവസ്ഥ അതിന് ഒരു പ്രശ്നമല്ലാതായി കഴിയുമ്പോൾ ചെടി ഇളക്കി നടുന്നതും ഒരു നല്ല രീതിയായിട്ട് അദ്ദേഹം പറയുന്നുണ്ട്.