മിയാവാക്കി മാതൃകയിൽ കാട് വെച്ചുപിടിപ്പിക്കുമ്പോൾ പൊതുവെ കാര്യങ്ങൾ നന്നായി പോകുമെങ്കിലും ചില സമയത്ത് അതിലും പ്രശ്നങ്ങൾ ഉണ്ടാകാം. അടുത്തിടെ ഞങ്ങൾ ഒരു പ്രശ്നം നേരിട്ട് കൊണ്ടിരിക്കുകയാണ്. ഒരു ചതുപ്പു നിലത്ത് ഞങ്ങൾ കാട് വെച്ചു. ഏകദേശം 30 സെന്റ് സ്ഥലത്താണ് കാട് വെച്ചിരിക്കുന്നത്. അടിയിൽ നിറയെ വെള്ളമാണ്. രണ്ടടി കുഴിച്ചാൽ തന്നെ വെള്ളം കിട്ടുന്ന സ്ഥലമാണ്. അവിടെ ആ കാട് മനോഹരമായിട്ട് വളർന്നു. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ വളർന്ന ഒരു കാടാണത്.

അതിനു ശേഷം രണ്ടുകാര്യങ്ങൾ സംഭവിച്ചു. അതിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ വിഷ്വൽ ആണ് നിങ്ങളിപ്പോൾ കാണുന്നത്. കാട് വളരെ മെലിഞ്ഞു പോയി. ഒന്നിതിന്റെ സൈഡിലുള്ള ചില്ലകളൊക്കെ വെട്ടിയതുകൊണ്ടാണ്. രണ്ട്, അതിന്റെ ചുവട്ടിൽ നോക്കുമ്പോൾ കാടിന്റെ പ്രതീതി വരുന്നില്ല. എന്നാൽ ഒറ്റയ്ക്കൊറ്റക്ക് നില്ക്കുന്ന ചില മരങ്ങൾക്കൊക്കെ വളരെ നല്ല വളർച്ച കിട്ടിയിട്ടുമുണ്ട്.

എന്തു കൊണ്ടാണത് സംഭവിച്ചത് എന്നതിന് രണ്ടുകാര്യങ്ങളാണ് ഞങ്ങൾക്ക് തോന്നുന്നത്. ഒന്നിത് ഇത്തിരി റിമോട്ടായിട്ടുള്ള സ്ഥലമാണ്. അധികം ഞങ്ങളിങ്ങോട്ട് ശ്രദ്ധിക്കാറില്ലായിരുന്നു. നട്ടുപോയിക്കഴിഞ്ഞപ്പോൾ പല വള്ളികളും ഇവിടെ പടർന്നു കയറി. പടർന്നുകയറിയ വള്ളികളൊക്കെ കൂടി ഈ കാടിനെ ഞെരിച്ചമർത്തി കളഞ്ഞു. ഈ വള്ളികളുടെ ദൃശ്യങ്ങൾ, മുറിച്ചു വിട്ടതിന്റെ ഉണങ്ങിയ ഭാഗങ്ങളും മറ്റുമാണ് നമ്മളീ കാണുന്നത്. അത്ര വലിയ വള്ളി ഇവിടെ ഉണ്ടായി. അത് ഒരു കാര്യം.

രണ്ടാമത്തെ കാര്യം ഒരുപാട് വെള്ളമുണ്ട് മണ്ണിനടിയിൽ. ഇവിടെ നടക്കാനും കാലു കുത്താനുമൊക്കെ ബുദ്ധിമുട്ടായതു കൊണ്ട് നമ്മളിതിന്റെ സൈഡിൽ ഒരു ചെറിയ കുളം കുഴിച്ച് വെള്ളത്തെ അങ്ങോട്ട് തിരിച്ചുവിട്ടു. ഫലത്തിൽ ഇതിനടിയിലെ വെള്ളം വറ്റിയതായിട്ടാണ് തോന്നുന്നത്. വെള്ളം അവിടെ വന്നു നിന്ന് തടഞ്ഞു പോകുന്നതായിട്ടാണ് തോന്നുന്നത്. അതും ചെടികളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതിന് പരിഹാരമായിട്ട് ഞങ്ങൾ നിർദ്ദേശിക്കുന്നത്. ഒന്ന് കുറച്ച് ചാണകപ്പൊടി കൂടി ഇടുക. സൂക്ഷ്മ ജീവികൾ തിരിച്ചു വരാനായി അത്ര ഉണങ്ങാത്ത ചാണകപ്പൊടി ഇടുക, രണ്ട്, കരിയില പുതയിടുക, സ്വാഭാവിക വനത്തിന്റെ ഒരു പ്രത്യേകത ഈ ഇല കൊണ്ടുള്ള മൾച്ചിംഗ് ആണ്.

നമ്മൾ മിയാവാക്കികാട് വയ്ക്കുമ്പോഴും ഇലകൾ വീണ് അവിടെത്തന്നെ ഒരു പുതപ്പുണ്ടാകും. ആദ്യം നമ്മൾ പുതയിടുന്നുണ്ട്. പിന്നെ സ്വാഭാവികമായി പുതപ്പുണ്ടാകും. പലപ്പോഴും പറ്റുന്നത് കമ്പുകോതുന്ന സമയത്ത് സൗകര്യത്തിന് ഈ വെട്ടുന്ന കമ്പുകൾ പുറത്തേയ്ക്ക് കളയും. അത് ഒരു കാരണവശാലും പാടില്ല. നമ്മളീ വെട്ടുന്ന കമ്പ് എത്ര വലുതായാലും ചെറുതായാലും അതിന്റെ ചുവട്ടിൽ തന്നെ ഇടുക. അവിടെ കിടന്ന് മണ്ണിൽ ചേരട്ടെ. നാളെ ഈ മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിൽ അത് വലിയൊരു പങ്ക് വഹിക്കും. അതോടൊപ്പം തന്നെ ഇലകളും മറ്റുമൊക്കെ അഴുകുമ്പോൾ അതിനിടയ്ക്ക് പ്രാണികളും ജീവികളുമൊക്കെ വളരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ചെടികൾ സ്വാഭാവികമായിട്ട് തന്നെ വേണ്ട വളം നേടിയെടുക്കട്ടെ. അപ്പോൾ അത് ശ്രദ്ധിക്കണം. ഇതിന്റെ ചുവട് വല്ലാതെ ഉണങ്ങുകയാണെങ്കിൽ ചെടിയുടെ വളർച്ച കുറയാനുള്ള സാധ്യതയുണ്ട്. ഞങ്ങൾ ഇത് ഇട്ട് 6 മാസം കഴിഞ്ഞ് നോക്കിയിട്ട് പരിഹാരം ഫലിക്കുന്നുണ്ടോ എന്നുപറയാം. സാധാരണഗതിയിൽ ഫലിക്കുമെന്നാണ് വിശ്വാസം.