നമ്മൾ പലതവണ ജൈവവൈവിധ്യത്തെക്കുറിച്ച് പറഞ്ഞു. ജൈവവൈവിദ്ധ്യം എങ്ങനെ ഉണ്ടാകും എങ്ങനെ ഇല്ലാതാകും എന്നു പറയാൻ എളുപ്പമാണ്. നമ്മൾ സാധാരണ ചെയ്യുന്നത് എന്താണ്, പറമ്പിലെ കാടാണെന്നു പറഞ്ഞ് അവിടെയുള്ള സർവ്വ സാധനവും ചെത്തിപറിച്ചു കളയും. കളഞ്ഞിട്ട് വീടിന്റെ അടുത്താണേൽ ചുറ്റും ടൈലിടും. പറമ്പാണെങ്കിൽ അവിടെ കിളിർക്കുന്ന പുല്ലു എപ്പോഴും വെട്ടിക്കളഞ്ഞു കൊണ്ടിരിക്കും. അതിന്റെ കൂടെ പോകുന്നത് നമ്മുടെ ജൈവ വൈവിധ്യമാണ്.
പലരും എന്നോട് ചോദിക്കാറുണ്ട് ഈ മരുന്നു ചെടികൾ എങ്ങനെയാണ് വച്ചു പിടിപ്പിക്കുന്നത് എന്ന്. ഇത് സാധാരണ ആളുകൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. വളരെ നിസ്സാരമായ ഒരു കാര്യമാണ്. നമ്മൾ ഒരു പറമ്പ് വെറുതെ ഇട്ടാൽ അവിടെ ഈ ചെടികളൊക്കെ താനെ കിളർത്തു വരും. നമ്മുടെ നാട്ടിൽ ഈ ചെടികളെല്ലാം ഉണ്ട്. നിങ്ങൾക്ക് ബോധ്യപ്പെടാനായി ഞാനിന്ന് ഉദാഹരണം കാണിക്കുന്ന ഈ സ്ഥലം തിരുവനന്തപുരത്തു നിന്ന് 15 കിലോമീറ്റർ അപ്പുറം മലയിന്കീഴ് എന്ന സ്ഥലമാണ്. ഇവിടെ ഈ പറമ്പ് കുറെക്കാലമായി നിർബന്ധമായിട്ട് കിളയ്ക്കാതെ ഇട്ടിരിക്കുകയാണ്. പറമ്പ് കിളയ്ക്കാതെ ഇട്ടപ്പോൾ വേനലിൽ എല്ലാ ചെടികളും കരിഞ്ഞു പോയി. മഴക്കാലമായപ്പോൾ പുതുതായി നന്നായിട്ട് കിളിർത്തു വരുന്ന ചെടികൾ ഇപ്പോൾ ഒരു പത്ത് പതിനെഞ്ചെണ്ണം ഞങ്ങൾ ഇവിടെ എടുത്തിട്ടുണ്ട്. ഇത് മിക്കവാറും പല മരുന്നു ചെടികളും നാട്ടുചെടികളും ആണ്.
അത് ഒന്നാമത്തെത് നിലപ്പന ആണ്. അതിന് അപ്പുറം നിൽക്കുന്നത് തുടരിമുള്ളാണ്. അതിനടുത്ത് നിൽക്കുന്നത് ശതാവരി ആണ്. വേറെ ഒരെണ്ണം കീഴാർനെല്ലി ആണ്. അതു പോലെ മുത്തങ്ങ, കയ്യോന്നി, പാടത്താളി, എരുമനാക്കി, മലതാങ്ങി, നറുനീണ്ടി, നിലനാരകം, കല്ലുരുക്കി പച്ച ഇതൊക്കെ ഈ പറമ്പിലുണ്ട്. ഈ ചെടികളൊക്കെ തന്നത്താനെ കിളിർത്തു വന്നു കൊണ്ടിരിക്കുകയാണ്. കുറെ നാൾ ഇത് നശിപ്പിക്കാതെ ഇരിക്കുകയാണെങ്കിൽ കുറച്ച് കഴിയുമ്പോൾ ഇതു പോലത്തെ ഒരുപാട് ചെടികൾ വളർന്നുവരും.
ഞാനീ പറഞ്ഞത് ഏതാണ്ട് പത്ത് പതിനഞ്ച് മരുന്നു ചെടികളാണ്. ഇപ്പോൾ ഇവിടെ ഉള്ള മരുന്നു ചെടികളാണ് ഈ പറയുന്നത്. ഇതു പോലെ നമ്മളിതു വെറുതെ ഇട്ടു കഴിഞ്ഞാൽ വീണ്ടും കിളിർക്കാവുന്ന പല ചെടികളുമുണ്ട്. ഗരുഡക്കൊടി കിളിർക്കാം, അടതാങ്ങിയും അട പതിയനും ചെറുകൂവളവും കൃഷ്ണക്രാന്തി കിളിർക്കാം. പിന്നെ ഇങ്ങനെയുള്ള ഒരുപാട് ചെടികൾ സ്വാഭാവികമായി കിളിർത്തു വരാം.
ഒരു പറമ്പ് പത്തു കൊല്ലം വെറുതെ ഇടുകയാണെങ്കിൽ പത്ത് ഇരുന്നൂറ് മരുന്നു ചെടികളെങ്കിലും അവിടെ കിളിർത്തു വരും. നമുക്ക് പലപ്പോഴും ഈ മരുന്നിന്റെ ഉപയോഗം എന്താണെന്ന് അറിയില്ല, അതുകൊണ്ടാണ് ഏതാണ് എന്താണ് എന്ന് നോക്കാതെ നമ്മളിത് പറിച്ചു കളയുന്നത്. അത് ഇടുകയും വളർത്തിയെടുക്കുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ പറമ്പിൽ ബയോഡൈവേഴ്സിറ്റി ഉണ്ടാവാൻ, ജൈവവൈവിദ്ധ്യം ഉണ്ടാകാൻ ഒന്നും ചെയ്യണ്ട, നിങ്ങളുടെ പറമ്പ് കിളയ്ക്കുന്നത് കുറയ്ക്കുക, കുറെ ഭാഗങ്ങൾ വെറുതെ ഇടുക, അവിടെ ഈ മണ്ണിൽ വീഴുന്ന സാധനങ്ങളൊക്കെ മണ്ണിൽത്തന്നെ ചേരാൻ അനുവദിക്കുക.
ഇവിടെ തന്നെ നമ്മൾ ഓല മടല് പറമ്പിൽ ഇടുകയാണ്. വാഴ വെട്ടിയത് പറമ്പിൽ ഇടുകയാണ്. അതു പോലെ മരങ്ങളിൽ നിന്നും പൊഴിഞ്ഞുവീഴുന്ന കായ്കൾ, അതൊക്കെ മണ്ണിൽ തന്നെ ചേരുകയാണ്. അതുപോലെ ജലാശയങ്ങൾ അടുത്തുണ്ടെങ്കിൽ, അതിനെ വെറുതെ ഇടുക. അതിൽ പുറത്തു നിന്നു കണക്ഷൻ ഉള്ളതാണെങ്കിൽ അതായത് വേറെ വെള്ളം വരാനുള്ള വഴിയുണ്ടെങ്കിൽ അതിൽ മീൻ തന്നെ വരും, കുളമൊക്കെയാണേൽ പോലും അതിൽ തവള വരും പിന്നെ പതുക്കെ ജീവികൾ വരും. അങ്ങനെ ഈ ജീവികൾ എല്ലാം വന്ന് അവിടെ ബയോഡൈവേഴ്സിറ്റി കാലം കൊണ്ട് ഉണ്ടായി വരും, അതിന് ഒന്നും ചെയ്യണ്ട, നമ്മുടെ ചുറ്റുപാട് അതേപോലെ തന്നെ നിർത്തുകയാണെങ്കിൽ ഈ സാധനങ്ങളൊക്കെ തന്നത്താനെ ഉണ്ടായി വന്നോളും.