തൈകൾ എവിടെ കിട്ടും എന്നത് വലിയൊരു ചോദ്യമാണ്. പ്രത്യേകിച്ചും ഈ മേഖലയിലേക്ക് ആദ്യം വരുന്ന ഒരാൾക്ക് ഈ തൈകൾ എവിടെകിട്ടും എന്നത് ഒരു ചോദ്യം തന്നെയാണ്. പ്രധാനപ്പെട്ട സോഴ്സ് നഴ്സറികൾ തന്നെയാണ്. സ്വാഭാവികമായിട്ടും സ്വകാര്യ നഴ്സറികളിൽ അല്പം വിലക്കൂടുതലായിരിക്കും. സർക്കാർ നഴ്സറികളിൽ വില കുറവായിരിക്കും.

കേരളത്തിൽ സർക്കാർ തലത്തിൽ തൈകൾ കിട്ടുന്നത് പ്രധാനമായിട്ടും മൂന്നു സ്ഥലങ്ങളിൽ നിന്നാണ്, ഞങ്ങളുടെ അനുഭവത്തിൽ. ഒന്ന് തിരുവനന്തപുരത്തെ പാലോടുള്ള ട്രോപ്പിക്കൽ ബൊട്ടാനിക്കൽ ഗാർഡൻ - JNTBGRI, അവിടെ ഏകദേശം 200 ഓളം ഇനങ്ങളിൽപ്പെട്ട തൈകൾ ഉണ്ട്. TBGRI ഏകദേശം 5000 ത്തോളം ചെടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിരത്തോളം ചെടികൾ ശേഖരിക്കുന്ന സ്ഥലമാണ്. വില്പനയ്ക്കായിട്ട് ഏകദേശം 100 ഇനത്തിൽ കൂടുതൽ തൈകൾ അവിടെ ഉണ്ടാകും. വേറൊരു സ്ഥലം തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ്. അവിടെയും സർക്കാർ തലത്തിൽ തൈകൾ ഉത്പാദിപ്പിച്ചു കൊടുക്കുന്നുണ്ട്. വലിയ വിലയില്ലാതെ അവിടന്നു കിട്ടും. പിന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് തൈകൾ കൊടുക്കും. പക്ഷെ അവിടെ തൈകൾ അധികം ഇനം ഇല്ല. വന്മരങ്ങളാണ് അവർ കൂടുതലായിട്ട് കൊടുക്കുന്നത്. അത് ഏകദേശം 15, 20 ഐറ്റത്തിൽ കൂടുതൽ നമ്മൾ കണ്ടിട്ടില്ല. ഉണ്ടോ എന്ന് അറിയില്ല. പിന്നെ വേറൊരു സഥലം പ്രൈവറ്റ് നഴ്സറികളിലാണ്. തൃശ്ശൂരിൽ രായിരത്ത് എന്നൊരു നഴ്സറിയുണ്ട്. അവിടെ മിക്കവാറും എല്ലാ ചെടികളും കിട്ടും, കാട്ടുചെടികളും, നക്ഷത്രമരങ്ങളും, പല സങ്കല്പത്തിൽപ്പെട്ടതും, ആയുർവേദത്തിലെ പ്രധാനപ്പെട്ട ചെടികളും ഒക്കെ അവിടെ വിൽക്കുന്നുണ്ട്, അത് നല്ലൊരു സോഴ്സ് ആണ്. അതു പോലെ തന്നെ തൃശ്ശൂർ മാടയ്ക്കത്തറ സബ്സ്റ്റേഷനുണ്ട്. അതിനടുത്ത് കുറെ നേഴ്സറികളുണ്ട്. അവിടെ തൃശ്ശൂർകാരനായ ഒരു ഈനാശു ചേട്ടനുണ്ട്. ഈനാശു ചേട്ടന്റെ നഴ്സറിയിൽ കുറെയധികം ചെടികൾ കിട്ടും. എന്റെയൊരു സുഹൃത്തായ ചെറിയാൻ മാത്യു ആണ് അവിടെ പോയി ആ നഴ്സറി കണ്ടു പിടിച്ചത്. അദ്ദേഹം കൂടുതലും ഫലവൃക്ഷങ്ങളുടെ തൈകളാണ് കൊടുക്കുന്നത്. ഇങ്ങനെ പല സോഴ്സുകളും ഉണ്ട്.

കൂടുതൽ എളുപ്പമുള്ളതും പ്രായോഗികമായിട്ട് കൂടുതൽ വെറൈറ്റി കിട്ടാനുമുള്ള മാർഗ്ഗം നമുക്ക് ചുറ്റുമുള്ള ചെടികളുടെ വിത്തുകൾ ശേഖരിക്കുകയും അതു തന്നെ നട്ടു പിടിപ്പിക്കുകയും ചെയ്യുക എന്നതാണ്. എന്റെ ഈ പറമ്പിനെ സംബന്ധിച്ചിടത്തോളം, പുളിയറക്കോണത്ത് 10 വർഷത്തോളമായി തൂമ്പ തൊട്ടിട്ടില്ല. കിളച്ചിട്ടില്ല. മണ്ണ് കിളയ്ക്കാതിരിക്കുമ്പോൾ സ്വാഭാവികമായിട്ടും മണ്ണിൽ കിടക്കുന്ന വിത്തുകൾ കുറെകാലം കഴിഞ്ഞായാലും മഴയൊക്കെ പെയ്യുമ്പോൾ മുളച്ചു വരും. അങ്ങനെ ഇവിടെ സ്വതസിദ്ധമായിട്ടു തന്നെ നൂറോളം ചെടികൾകണ്ടെത്തിയിട്ടുണ്ട്. നമ്മൾ നട്ടു വളർത്തുന്നതല്ലാതെ സ്വയം വളരുന്ന 100 ഓളം ചെടികളുണ്ട്. പേരു പറയുകയാണെങ്കിൽ പാടത്താളി, കാട്ടുപിച്ചി. പുല്ലാഞ്ഞി, കിരിയാത്ത്, കുന്നി, കൃഷ്ണക്രാന്തി, നിലപ്പന, നിലനാരകം, കയ്യോന്നി, പേഴ്, അപ്പക്കുടുക്ക ഇങ്ങനെ ഒത്തിരി മരങ്ങളും ചെടികളും ഇവിടെ സ്വയം വളരുന്നുണ്ട്. ഇവിടെ ഒരു കാഞ്ഞിരം നിൽപ്പുണ്ട്. അതിനു ചുറ്റും കാഞ്ഞിരത്തൈകൾ ഉണ്ടാകുന്നുണ്ട്. പലയിടത്തും അങ്ങനെ ഇപ്പോൾ കാഞ്ഞിരമായി. അങ്ങനെ തൈകൾ ഉണ്ടാകുന്ന ഒരു സ്ഥലമാണിത്.

ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന എല്ലാ പറമ്പിലും തൈകൾ കാണും. മഴക്കാലം നോക്കി മഴ പെയ്തു കഴിഞ്ഞ ഉടനെ വേരു പൊട്ടാതെ തൈകൾ എടുക്കാൻ ശ്രമിക്കുക. ഈ തൈകൾ വളർന്നു കഴിയുമ്പോൾ അതിൽ നിന്നും നിങ്ങൾക്ക് വിത്തു കിട്ടും. അതുപോലെ കരീലാഞ്ചിയൊക്കെ പോലെയുള്ള വള്ളികളുണ്ട്. ഇവിടെ ഒരു കരീലാഞ്ചി വള്ളിയുണ്ട്. അതിൽ നിന്നും കായ എടുത്ത് തൈകൾ ഉണ്ടാക്കുന്നുണ്ട്. അതുപോലെ ദന്തപാല. ഇവിടെ സ്വഭാവികമായി വളരുന്ന ചെടിയാണ്. ഹോമിയോയിൽ ഉപയോഗിക്കുന്ന റൗവോൾഫയ എന്ന മെഡിസിൻ അത് സർപ്പഗന്ധിയാണ്. റൗവോൾഫയ സർപ്പെന്റീന (Rauwolfia serpentina) എന്നോ മറ്റോ ആണ് അതിന്റെ ശാസ്ത്രീയ നാമം. അതിവിടെ തനിയെ ഉണ്ടാകുന്നുണ്ട്. കൂനംപാലയി ൽ, വളഞ്ഞ്, മഞ്ഞനിറത്തിൽ നഖം പോലെയിരിക്കുന്ന ഒരു കായ ഉണ്ട്. അതിൽ നിന്ന് ഇവിടെ തൈകൾ ഉണ്ടാകുന്നുണ്ട്. അങ്ങനെയുള്ള തൈകളെയെല്ലാം നമുക്കീ കാട്ടിൽ വെച്ചു പിടിപ്പിക്കാൻ പറ്റും.

പിന്നെ ഇതൊക്കെ തിരിച്ചറിയുക എന്നതൊരു പ്രശ്നം തന്നെയാണ്. എന്റെ സ്നേഹിതനും TBGRI ലെ ശാസ്ത്രജ്ഞനുമായ ഡോ. മാത്യു ഡാൻ, അദ്ദേഹമാണ് ഇത് സെറ്റ് ചെയ്യുന്നതിൽ ഞങ്ങളെ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത്. ഞാൻ പത്താംക്ലാസ്സ് വരെ മാത്രം സസ്യശാസ്ത്രം പഠിച്ചിട്ടുള്ള ഒരാളാണ്. സസ്യശാസ്ത്രപരമായി വിവരം ഇല്ല എന്നു തന്നെ പറയാം. ഇദ്ദേഹമാണ് ചെടികളെക്കുറിച്ചും ചെടികളുടെ വളർച്ചയെക്കുറിച്ചുമുള്ള കാര്യങ്ങളെല്ലാം പറഞ്ഞു തരുന്നത്. ഏതെങ്കിലും ഒരു ചെടി പുതുതായി റോഡരികിൽ കണ്ടാൽ ഞങ്ങൾ അപ്പോൾ തന്നെ അതിന്റെ പടം എടുത്ത് അദ്ദേഹത്തിന് അയയ്ക്കും. അദ്ദേഹം അത് നോക്കിയിട്ട് ഇന്ന ചെടിയാണെന്നു പറയും, അദ്ദേഹത്തിന് അറിയാൻ പാടില്ലാത്തതാണെങ്കിൽ TBGRI ലെ തന്നെ മറ്റു ശാസ്ത്രജ്ഞരോടു ചോദിച്ചിട്ട് പറയും. അങ്ങനെ അപൂർവ്വങ്ങളായ പല ചെടികളും വഴിയരികിൽ നിന്നു തന്നെ കിട്ടാറുണ്ട്. കേരളത്തിലെ ഇന്നത്തെ അവസ്ഥയിൽ ചെടികൾ കണ്ടുപിടിക്കുന്നത് വലിയ പാടുള്ള കാര്യമല്ല. ഒരു മഞ്ചാടി മരം നിൽപ്പുണ്ടേൽ അതിനു ചുറ്റും ഇഷ്ടം പോലെ മഞ്ചാടി തൈകൾ മുളച്ചു നില്ക്കും. നമ്മുടെ നാട്ടുമാവ് ഏകദേശം അപ്രത്യക്ഷമായി കഴിഞ്ഞു. പണ്ട് കേരളത്തിലെ ബസ് സ്റ്റോപ്പുകൾ പലതും പ്ലാഞ്ചോട്,  മാഞ്ചോട് എന്നാണ് അറിയപ്പെട്ടിരുന്നത്. റോഡു വീതിക്കൂട്ടി കൂട്ടി ആ മരങ്ങളൊക്കെ പോയിക്കഴിഞ്ഞു. ഏതെങ്കിലും നാട്ടുമാവ് ഉണ്ടെങ്കിൽ അതിന്റെ താഴെ അണ്ണാൻ കടിച്ചിടുന്ന മാങ്ങായണ്ടിയൊക്കെ കിളിർത്ത് മഴ കഴിയുമ്പോൾ ഇഷ്ടം പോലെ തൈകൾ കാണും. അതുപോലെ പുളിയുടെ ചുവട്ടിൽ തൈകൾ കാണും. ഈ തൈകളെയൊക്കെ ഇളക്കിയെടുത്ത് ശേഖരിച്ചു കൊണ്ടു വന്ന് നട്ടു പിടിപ്പിക്കാവുന്നതാണ്.