നിങ്ങൾക്ക് ഞാനിവിടെ പറയുന്നതിന്റെ കൂടെ എന്തെല്ലാം ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ട് എന്നെനിക്കറിയില്ല. ഇപ്പോൾ സമയം രാവിലെ എട്ടു മണിയാണ്. ഞാനിരിക്കുന്നത് കുന്നിന്റെ ഒരുവശത്താണ്. മറുവശത്ത് പാറ പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്. പാറ പൊട്ടിക്കുന്നതിന്റെ കട കട ശബ്ദം എനിക്കു നന്നായി കേൾക്കുന്നുണ്ട്. ഒരുപക്ഷെ അത് മൈക്കിൽ കിട്ടില്ലായിരിക്കും.

ഇവിടെ ഉച്ചസമയത്ത് വെടിമരുന്ന് വെച്ച് പാറ വലിയ കഷണങ്ങളാക്കി പൊട്ടിക്കുന്ന പരിപാടി നടക്കാറുണ്ട്. ഈ ശബ്ദങ്ങൾ കാരണം പക്ഷികളെല്ലാം ഈ ഭാഗം വിട്ടുപോയിരുന്നു. ഇപ്പോൾ അവ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ നിങ്ങൾക്കു കേൾക്കാമോ എന്നറിയില്ല, ഈ മരങ്ങളൊക്കെ വെച്ചതിൽപിന്നെ ഇവിടെ ചീവീട് ധാരാളമായിട്ടുണ്ട്. ചീവീടിന്റെ ശബ്ദം എനിക്കു കേൾക്കാൻ പറ്റുന്നുണ്ട്. അത് റെക്കോർഡ് ചെയ്യപ്പെടുമോ എന്നറിയില്ല. ഒരു സ്ഥലത്തിനു വരുന്ന മാറ്റത്തെ കുറിച്ച് പറയാനാണിത് പറഞ്ഞത്.

മാറ്റത്തെ കുറിച്ച് പറയുമ്പോൾ പലരും ചോദിച്ചിട്ടുണ്ട് വീടിനു ചുറ്റും കാട് വെയ്ക്കുന്നതിനെ പറ്റി. എന്റെ നിർദേശം കഴിവതും മതിലിൽ നിന്ന് ഒരു മീറ്റർ അകലം വിട്ട് ചെയ്യണം എന്നുളളതാണ്. മതിലിനോടു ചേർത്തുവെച്ചാൽ അടുത്ത വീട്ടിലെ ആളിന് സഹിഷ്ണുത കുറവാണെങ്കിൽ ഒരില വീഴുന്നതു പോലും വലിയ പ്രശ്നമാവും. ഇല വീഴുന്നു, ഉണങ്ങിയ കമ്പ് വീഴുന്നു, തേങ്ങ വീഴുന്നു മാങ്ങ വീഴുന്നു എന്നൊക്കെ പരാതിയാവും. തേങ്ങ വീണാൽ പ്രശ്നം തന്നെയാണ്. മാത്രമല്ല നമ്മുടെ നാട്ടിൽ ജനം അതിരിനോടു ചേർന്ന് തെങ്ങാണ് നടുന്നത്. മാവോ അല്ലെങ്കിൽ പക്ഷികൾക്ക് ഇരിക്കാൻ പറ്റിയ മരങ്ങളൊന്നും നടാറില്ല. അത് വലിയൊരു അപകടം തന്നെയാണ്.

ചെറിയ മരങ്ങൾ വെച്ചാലുളള സംഘർഷാവസ്ഥ ഒഴിവാക്കാനാണ് ഒരു മീറ്റർ വിട്ട് വെയ്ക്കാൻ പറയുന്നത്. പക്ഷെ നാല് സെന്റ് ഉളള ഒരാൾക്ക് ഒരു മീറ്റർ വിടാൻ പറ്റിയെന്നു വരില്ല. എത്ര കുറഞ്ഞ സ്ഥലത്തും മരം വെയ്ക്കാൻ പറ്റും. മരം പ്രൂൺ ചെയ്തു നിര്ത്തണം. എന്നുവെച്ചാൽ അതിന്റെ ശിഖരങ്ങൾ ഭംഗിയായി മുറിച്ച് നമുക്ക് വേണ്ടരീതിയിൽ വളർത്തിയാൽ ഈ ചെടികളെ നിലനിർത്തിക്കൊണ്ടുപോകാം. റോസ കൃഷി ചെയ്തിട്ടുളളവർക്കറിയാം പ്രൂണിങ്ങിനെ കുറിച്ച്. റോസാ ചെടിയുടെ തല മുറിച്ചു കഴിയുമ്പോൾ മുള വന്നിട്ട് അതിൽ നിന്നാണ് പൂക്കൾ വരുന്നത്. മൊട്ടുണ്ടാകുന്നത് പുതിയ ശിഖരം വരുന്നതിലാണ്. ചെടികൾക്കെല്ലാം പ്രൂണിങ്ങ് ആവശ്യമാണ്. എത്ര വലിയ മരമായാലും അതിനെ പ്രൂൺ ചെയ്തു നിർത്തുകയാണെങ്കിൽ നല്ലതാണ്.

ഇവിടെ നമ്മൾ ഒരു മീറ്റർ വീതിയിൽ സിമെന്റ് ഇഷ്ടിക വെച്ച് തൊട്ടിപോലെ കെട്ടിയിരിക്കുകയാണ്. ഈ സ്ഥലത്തിന് കഷ്ടിച്ച് ഒരു മീറ്റർ വീതിയേ ഉളളൂ. അതിനകത്ത് മിയാവാക്കി പറഞ്ഞ രീതിയിലുളള മണ്ണും ചാണകപ്പൊടിയും മിശ്രിതവും നിറച്ച് അതിലേക്ക് മിയാവാക്കി മാതൃകയിൽ വളർത്തിയെടുത്ത ചെടികളെ വെച്ചു പിടിപ്പിച്ചിരിക്കുകയാണ്. ആറ് മാസം കൊണ്ട് ഏകദേശം മൂന്നു മീറ്റർ വളർച്ച ഇതിനെത്തും. ഇതിന്റെ മുകളിലത്തെ മതിലിൽ നിന്നാൽ കൈയെത്തുന്ന സ്ഥലം വരെ. മൂന്നു മീറ്റർ എന്നാൽ പത്തടി ആണ്. ആ പത്തടിക്കു മുകളിൽ രണ്ടോ മൂന്നോ അടി കൂടി വളരാനുളള സ്ഥലം ഇവിടുണ്ട്. അപ്പോൾ മുകളിൽ നിന്നു മുറിക്കാനും പറ്റും. അങ്ങനെ മുറിച്ചാൽ ഇവിടെ പച്ചപ്പുകൊണ്ടൊരു മതിലുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇത് നിങ്ങൾക്കും നിങ്ങളുടെ അതിരിനോടു ചേർന്ന് ചെയ്യാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം ഇലകൾ ശ്രദ്ധിച്ച് മുറിക്കണമെന്നുളളതാണ്. കയറി നിന്നു മുറിക്കാൻ പറ്റുന്ന തരത്തിലുളള ഒരു ഏണി വാങ്ങിച്ചാൽ മതി. ഈ മരങ്ങളുടെ ഇടയിൽ പച്ചക്കറി നട്ടിരിക്കുകയാണ്. മിയാവാക്കി മാതൃകയിൽ ഒരു സ്ക്വയർ മീറ്ററിൽ നാല് മരങ്ങൾ നടുന്നതിൽ ഇവിടെ കുറേ പച്ചക്കറികളും മരുന്നുചെടികളുമൊക്കെ നട്ടിരിക്കുകയാണ്. ചെടി വളരുന്നതിനോടൊപ്പം ഇതും വളരുന്നതിനാൽ അതിൽ നിന്നുളള ഫലങ്ങളും കിട്ടും. ഏറ്റവും ചെറിയ വീതിയിലുളള സ്ഥലത്ത് എങ്ങനെ മിയാവാക്കി രീതി ഉപയോഗിക്കാമെന്ന് ഞാൻ തന്നെ പരീക്ഷിച്ചു നോക്കുന്നതേ ഉളളൂ. പരീക്ഷണം വിജയിക്കുമെന്നാണ് എന്റെ വിശ്വാസം. ഇതിന്റെ റിസൽട്ട് കാണിച്ചു കൊണ്ടിരിക്കാം. താത്പര്യമുളളവർ സ്വന്തം സ്ഥലത്ത് ചെയ്തു നോക്കുക, എന്നിട്ട് ഫലം ഞങ്ങളെയും അറിയിക്കുക.