നമ്മൾ പാമ്പിനെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. അതിൽ പറയാൻ വിട്ടുപോയ ഒന്നു രണ്ടു കാര്യങ്ങൾ പറയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഞാനിവിടെ വന്നിട്ട് 15 വർഷമായി. അപ്പോഴേ ഇവിടെ ഉള്ളതാണ് ഈ മതിലുകൾ. ഇത് ഞാൻ വെച്ചതല്ല. എനിക്കും വളരെ മുമ്പേ ആരൊക്കെയോ വെച്ചതാണ്. വളരെ വലിയ പാറകൾ, അതും അവിടെ ഉള്ള പാറകളുടെ കൂടെ വേറെ പാറകൾ അടുക്കിയിരിക്കുകയാണ്.
ഇതൊരൊറ്റ കുന്നായിട്ട് കിടന്ന സ്ഥലമാണ്, ഇതിനെ പല തട്ടുകളാക്കിയതാണ്. നല്ല കായികാധ്വാനം വേണ്ട പണിയാണ്. നേരത്തെ ആരൊക്കെയോ, എനിക്കു തോന്നുന്നത് അൻപതോ നൂറോ വർഷം മുമ്പേ ആരെങ്കിലും ചെയ്തതാവും. ഈ കല്ലുകളെല്ലാം അടുക്കിയപ്പോൾ അവർ ചെയ്തിരിക്കുന്നത് കല്ലിനിടയിലെ ദ്വാരം അടച്ചിട്ടില്ല. രണ്ട് കാരണങ്ങളാണ്. ഒന്ന്, പൂർണ്ണമായും ഇതടച്ചു കഴിഞ്ഞാൽ മുകളിൽ മഴ പെയ്യുമ്പോൾ വീഴുന്ന വെള്ളത്തിനൊപ്പം ഈ മതിൽ പൂർണ്ണമായും തള്ളി പോരും. അങ്ങനെ പോരാതിരിക്കാനാണ് ദ്വാരങ്ങളിടുന്നത്. രണ്ട്, ഈ കല്ലുകൾ അടുക്കുക എന്നല്ലാതെ കല്ലിനകത്ത് വേറെ ഒരു ജീവിയും കയറരുത് എന്നൊരു കാഴ്ചപ്പാട് അന്ന് നമുക്കില്ല.
ഈ ചെറിയ ജീവികൾക്കൊക്കെ ഇരിക്കാൻ സ്ഥലം വേണ്ടേ? അപ്പോൾ അങ്ങനത്തെ ജീവികളൊക്കെ ഇതിൽ കയറും. ഈ പറമ്പിൽ അധികം പാമ്പിനെ കാണുന്നില്ല. ഇവിടെ പാമ്പുണ്ടെന്നത് ഉറപ്പാണ്. ഞാൻ പാമ്പിന്റെ തൊലി ഇവിടെ കണ്ടിട്ടുണ്ട്. ഒരുപാട് എലി ഉണ്ട്. എലിയുള്ള സ്ഥലത്ത് എലിയെ പിടിക്കാൻ പാമ്പ് വരും. പക്ഷെ ഞാൻ നേരിട്ട് ഇവിടെ പാമ്പിനെ കണ്ടിട്ടുള്ളത് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്. അതൊന്നും വലിയ അപകടകാരിയല്ല. ഒരു പാമ്പ് അവിടെ താഴെ എന്തിനെയോ പിടിക്കാൻ ഇരിക്കുന്നു. ഞാനിവിടെ നിന്ന് പതുക്കെ താഴേക്കു ചെല്ലുമ്പോൾ അതവിടെ അങ്ങോട്ട് നോക്കി ഇരിക്കുകയാണ്, അതെന്നെ കാണുന്നില്ല. അവസാനം അതിന്റെ വാലിന്റെ അറ്റത്ത് കമ്പ് കൊണ്ടൊന്നു തൊട്ടു.
ഞാൻ വടി കുത്തിയാണ് വരുന്നത്, വടി കുത്തിയിട്ടും അത് അറിയുന്നില്ല, പാറപ്പുറത്താണ് പാമ്പ് ഇരിക്കുന്നത്. മണ്ണിലെ അനക്കം പാറയിലേക്ക് വരുന്നില്ല. അപ്പോഴാണ് ഞാൻ വടി കൊണ്ട് അതിന്റെ വാലിന്റെ അറ്റത്തൊന്നു തൊട്ടത്. അത് നേരെ മുമ്പോട്ട് ഓടിയങ്ങു പോകുകയും ചെയ്തു. അല്ലാതെ പാമ്പ് തിരിച്ചുവന്ന് ഇവനാരെടാ എന്നെ വടി കൊണ്ട് തൊടാൻ എന്നും പറഞ്ഞ് എന്റെ നേരെ ചാടി വരികയൊന്നും ചെയ്തില്ല.
ഇവിടെ ഉള്ള ഗുണം എന്താന്നു വച്ചാൽ ഇത്രയും ദ്വാരങ്ങൾ കിടക്കുന്നതു കൊണ്ട് പാമ്പു ഉണ്ടെങ്കിൽ തന്നെ ഈ ദ്വാരത്തിൽ അതിന് കയറി ഇരിക്കാൻ പറ്റും. സുരക്ഷിതമായി ഇരിക്കാനൊരു സ്ഥലമുണ്ട്. പാമ്പിറങ്ങി വഴിയെ നടക്കില്ല. നമുക്ക് വലിയൊരു ഉപദ്രവം അതുകൊണ്ട് ഉണ്ടാകില്ല. ഇതാണ് എന്റെ നിരീക്ഷണം. ഇത് ശരിയാണോ എന്ന് എനിക്ക് അറിയില്ല. പാമ്പിനെക്കുറിച്ച് അറിയാവുന്നവരും മറ്റുള്ളവരും പറയേണ്ടതാണ്.
എനിക്ക് ഈ പറമ്പിൽ പ്രത്യേകിച്ച് ശല്യമൊന്നും ഇല്ല. അതിനൊരു കാരണം ഇവിടെ ഉണ്ടായിരുന്ന മതിലുകളിലൊന്നും ദ്വാരം ഞാനടച്ചിട്ടില്ല. ഇപ്പോൾ പുതുതായി പണിത എല്ലാ മതിലുകളും തേച്ചിട്ടില്ല. വെറുതെ കല്ലടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ആ കല്ലുകൾക്കിടയിൽ ഇഷ്ടം പോലെ വിടവുണ്ട്. പാമ്പിനൊ മറ്റു ചെറിയ ജീവികൾക്കോ എല്ലാം കയറി ഇരിക്കാൻ ഇടമുണ്ട്. അവർക്കവരുടെ ഇടം ഉള്ളതു കൊണ്ട് അവർ എന്റെ സ്ഥലത്തേക്കു വരുന്നില്ല എന്നതാണ് ഞാനതിന് കൊടുക്കുന്ന വ്യാഖ്യാനം. അത് ശരിയാണെന്ന് എനിക്കു തോന്നുന്നു, അറിയില്ല.
രണ്ടാമത്തെ കാര്യം, നേരത്തെ ഇവിടില്ലാതിരുന്ന ഒരു സംഭവം, ഇപ്പോൾ ധാരാളം കീരി ഇവിടെ വരുന്നുണ്ട്. പണ്ട് ഇത്രേം കീരി ഇല്ലായിരുന്നു. കീരി നമ്മളിവിടെ ബക്കറ്റിൽ നടുന്ന സാധനം പോലും മാന്തുന്ന ഒരവസ്ഥയുണ്ട്. കീരിയുടെ എണ്ണം കൂടുമ്പോൾ പാമ്പ് കുറയാം. കീരി, പാമ്പ്, തവള, ഇവരെല്ലാം ഒരു ചാക്രിക വ്യവസ്ഥയുടെ ഭാഗമാണ്. ഒരെണ്ണം കൂടുമ്പോൾ സ്വാഭാവികമായിട്ട് അവന്റെ ശത്രുവും അവിടെത്തന്നെ വരും, പ്രകൃതിയുടെ നിയമമാണത്.
പ്രകൃതിയെ അതിന്റെ വഴിക്ക് വിട്ടുകഴിഞ്ഞാൽ നമുക്ക് വലിയ ഉപദ്രവമൊന്നും ഉണ്ടാകാതെ കാര്യങ്ങൾ ആ വഴിക്ക് തന്നെ പൊയ്ക്കോളും. ഇവിടെ തുടക്കത്തിൽ ഞാൻ വരുമ്പോൾ മുകളിൽ ഒരു പാമ്പുണ്ടായിരുന്നു. ആ പാമ്പും ഇതുപോലെ ആരെയും ഉപദ്രവിച്ചിരുന്നില്ല. അതു ഇടയ്ക്ക് വെളിയിൽ തലയിട്ട് ഇരയെ പിടിക്കാനായി ഇരിക്കും. നമ്മളെ ആരെയെങ്കിലും കാണുകയാണെങ്കിൽ ഇറങ്ങി ഓടി അപ്പുറം വേറെ മാളത്തിലേയ്ക്ക് കയറും. പിന്നെ അന്നത്തെ ദിവസം പുറത്തിറങ്ങില്ല. അറിയാതെ ചവിട്ടുമ്പോഴല്ലാതെ പാമ്പുകൾ ആരെയും ഉപദ്രവിച്ചതായിട്ട് കാണുന്നില്ല, എന്നുള്ളത് തന്നെയാണ് പറയാനുള്ളത്.