ഞാനിപ്പോള്‍ ഷൊര്‍ണൂരിനടുത്തുളള ഒരു സ്ഥലത്താണ്. ശ്രീ. അമ്പ്രോസ് പ്രകൃതിയുമായി വളരെയടുത്ത് ബന്ധപ്പെട്ടു ജീവിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പറ്റിയ ഒരു സ്ഥാപനം ഇവിടെ കെട്ടിപ്പടുത്തിരിക്കുന്നു. ഇത് പാട്ടഭൂമിയാണ്. സമാനാശയങ്ങളുളള ഒരാളുടെ പത്തേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് അതില്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ നമുക്കെല്ലാം താത്‌പര്യമുളളവയാണ്. പ്രവാസി മലയാളികളും മറ്റും കേരളത്തില്‍ വന്നിട്ട് ഞങ്ങളെന്തു ചെയ്യും എന്നു ചോദിക്കാറുണ്ട്. പലരും വന്ന് വ്യവസായങ്ങള്‍ ആരംഭിക്കുന്നത് വന്‍തോതില്‍ മുതല്‍ മുടക്കിയാണ്. മുതല്‍ മുടക്കിക്കഴിഞ്ഞാല്‍ തന്നെ ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാനോ ലാഭത്തില്‍ കൊണ്ടുപോകാനോ പിടിച്ചുനിക്കാനോ ഒന്നും പലപ്പോഴും പറ്റാറില്ല. പ്രത്യേകിച്ചും ജാം പോലെയുളള കാര്‍ഷിക ഉത്‌പന്നങ്ങള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുമായാണ് പലപ്പോഴും മത്സരിക്കേണ്ടിവരിക. ഇതിനെല്ലാം ഇടയില്‍ നല്ല നിലവാരമുളള ഉത്‌പന്നങ്ങള്‍ ഉണ്ടാക്കി ഏകദേശം പത്തിരുപത് ആളുകള്‍ക്ക് തൊഴില്‍ നല്‍കി താത്‌പര്യമുളള ആളുകള്‍ക്ക് നേരിട്ടുവന്ന് പഠിക്കാനുളള സൗകര്യവും നല്‍കുന്നുണ്ട്. അങ്ങനെയൊരു പ്രസ്ഥാനം ഇവിടെ നടക്കുന്നു. ഇവിടെ വന്ന് ഈ പരിസരവും അന്തരീക്ഷവും കണ്ടിട്ടെനിക്ക് പോകാന്‍ തോന്നുന്നില്ല. അത്രയധികം വ്യത്യസ്‌തമായ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു സ്ഥലമാണ്. കഴിയുമെങ്കില്‍ നിങ്ങളിതു വന്ന് നേരിട്ടു കാണണം, അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ ശ്രമിക്കണം. ഒരുപക്ഷെ നിങ്ങള്‍ക്കും ഇത്തരമൊരു സ്ഥാപനം തുടങ്ങണമെങ്കില്‍ അത് വലിയൊരു സഹായമാകും. www.farmershare.in എന്നാണ് ഇവരുടെ വെബ്‌സൈറ്റിന്റെ വിലാസം. ഇനി അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം. ഹരി: എനിക്കിപ്പോള്‍ ഇവിടെ വന്ന് കഴിഞ്ഞപ്പോള്‍ മൊത്തത്തിലൊരു അത്ഭുതമാണ്. ഇപ്പോഴും പൂര്‍ണമായിട്ടും മനസിലായിട്ടില്ല. സംസാരിക്കുന്ന കൂട്ടത്തില്‍ എനിക്കും കൂടുതല്‍ മനസിലാവുമെന്ന പ്രതീക്ഷയിലാണ് ഞാനിരിക്കുന്നത്. എങ്ങനെയാണ് ഈ പ്രകൃതിയുമായി ചേര്‍ന്നു പോവുക എന്ന ജീവിതശൈലിയിലേക്ക് വന്നതെന്നു പറയാമോ. അമ്പ്രോസ്: 22 വയസിലാണ് ഞാന്‍ ഇത്തരം ആശയങ്ങളുമായിട്ടൊക്കെ അടുക്കുന്നത്. ഇപ്പോള്‍ 32 വര്‍ഷത്തോളമായി ഈ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. കേരളത്തില്‍ ഗാന്ധി യുവമണ്ഡലം എന്ന ഒരു സംഘടന ഉണ്ടായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഗാന്ധിയന്‍ മൂവ്‌മെന്റ്‌ലുളള യുവാക്കളുടെ നേതൃത്വത്തിലുളള ഒരു സംഘടനയാണ്. അതില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്റെ സ്വദേശം വൈപ്പിനാണ്. അവിടെ "സ്വാശ്രയ വൈപ്പിന്‍" എന്നൊരു മൂവ്‌മെന്റ് ഉണ്ടായിരുന്നു. അവിടുത്തെ വിഭവങ്ങളുടെ സമാഹരണത്തിലൂടെ ജീവിതം കെട്ടിപ്പടുക്കുന്ന ഒരാശയം മുന്നോട്ടു വെച്ചിട്ടുളള ഒരു സംഘടനയായിരുന്നു. ആ സംഘടനയിലും ഇതുപോലുളള ആശയങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമൊക്കെ ഇടപെട്ടിട്ടുളള ഒരു അനുഭവത്തില്‍ നിന്നാണ് ഈ ആശയത്തെ കൂടുതല്‍ എന്റെ ജീവിതത്തില്‍ സ്വാശീകരിച്ചിട്ടുളളത്. ആ ഒരു തുടര്‍ച്ചയാണിത്. ഹരി: അവിടുന്ന് നേരെ എങ്ങോട്ടാണ് അടുത്ത സ്‌റ്റെപ്പ് ? അമ്പ്രോസ്: ഞാന്‍ വൈപ്പിന്‌ല്‍ തന്നെ ആയിരുന്നു. കുറച്ച് കാലം മൂന്നാറില്‍ കാന്തല്ലൂരില്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാശ്രയത്തിന്റെ മൂവ്‌മെന്റില്‍ പോന്നതിനു ശേഷം ഞാന്‍ ഗ്രാസ്‌ഹോപ്പര്‍ എന്ന പ്രകൃതിജീവന ഭക്ഷണശാലയുമായി എറണാകുളത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈക്കോടതിയിലൊക്കെ ഉണ്ടായിരുന്നു. അതെല്ലാം ആരോഗ്യസംരക്ഷണം മുന്നോട്ടു വെയ്‌ക്കുന്ന, ഭക്ഷണം സംബന്ധിക്കുന്നത്, കൃഷിയെ സംബന്ധിക്കുന്നത്, തൊഴിലിനെ സംബന്ധിക്കുന്നത് - ഇത്രയും സമഗ്രമായൊരു ആശയത്തെ മനസിലാക്കാനും അനുഭവിക്കാനുമായിരുന്നു ഇതെല്ലാം ചെയ്‌തത്. ഭക്ഷണശാല ആയാലും കൃഷി ആയാലുമൊക്കെ അങ്ങനെതന്നെയാണ്. ഹരി: എല്ലാ മേഖലയിലും നേരിട്ടുളള എക്‌സ്‌പീരിയന്‍സ് അല്ലേ ? അമ്പ്രോസ്: ഉണ്ട്. ജൈവകൃഷി ചെയ്യുന്ന ഒരാള്‍ക്ക് പരിസ്ഥിതിയെ പറ്റിയുളള നിലപാട് ഉണ്ടായാലല്ലേ മതിയാവുളളൂ. പരിസ്ഥിതിയെ പറ്റി അങ്ങനൊരു നിലപാട് ഉണ്ടെങ്കില്‍ ഉറപ്പാണ് നമുക്കതിന്റെ തൊഴിലുമായും ഭക്ഷണവുമായും വസ്‌ത്രവുമായും ക്രാഫ്‌റ്റുമായും ബന്ധപ്പെട്ടുളള സമഗ്രമായൊരു കാഴ്‌ച്ചപ്പാട് ഉണ്ടായേ മതിയാവൂ. അത്തരത്തില്‍ സമഗ്രമായൊരു ആശയത്തിന്റെ രൂപമാണ് ഫാര്‍മേസ്‌ഷെയര്‍ മുന്നോട്ടു വെക്കുന്നത്. നെയ്‌ത്തായാലും പോട്ടറി ആയാലും കൃഷി ആയാലും ഭക്ഷണമായാലും ഒക്കെ. ഹരി: ഇവിടെ വന്നിട്ടെത്ര വര്‍ഷമായി ? അമ്പ്രോസ്: ഇവിടിപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞു. ഹരി: ഇത് താങ്കളുടെ സ്ഥലമാണോ ? അമ്പ്രോസ്: അല്ല. എന്റെ സുഹൃത്ത് ബഷീര്‍ മാഷിന്റെയും കുടുംബത്തിന്റെയും എല്ലാം കൂടിയിട്ടുളള ഒരു പത്തേക്കര്‍ സ്ഥലമാണ്. ഇതവര്‍ നമുക്ക് ഒരു 20 വര്‍ഷത്തേക്ക് പ്രവര്‍ത്തനം നടത്താന്‍ വിട്ടുതന്നിരിക്കുകയാണ്. അവരും ഇതുപോലുളള ആശയങ്ങള്‍ ഇഷ്ടപ്പെടുകയും അതിനോടു യോജിക്കുകയും ചെയ്യുന്ന ആളുകളാണ്. മാഷ് ഇതുപോലുളള സമാന്തര വിദ്യാഭ്യാസരംഗത്ത് ജോലി ചെയ്യുകയും രണ്ടുമൂന്ന് പുസ്‌തകങ്ങള്‍ തന്നെ എഴുതുകയും ചെയ്‌തിട്ടുളള ആളാണ്. മാഷിന്റെയൊക്കെ താത്‌പര്യങ്ങളാണ് എന്നെ ഇങ്ങോട്ടെത്തിച്ചത്. ഹരി: ഇവിടെ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ സ്വഭാവം എന്താണ് ? അമ്പ്രോസ്: നേരത്തേ സൂചിപ്പിച്ചതുപോലെത്തന്നെ. വിഭവസമാഹരണം പ്രാദേശികമായി ഉത്‌പാദിപ്പിച്ചെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇന്നു കേരളത്തിലെ യാഥാര്‍ത്ഥ്യം എല്ലാവരും തിരിച്ചറിയുന്നുണ്ടെങ്കിലും തിരിച്ചുപോവാന്‍ സാധിക്കുന്നില്ല നമുക്ക്. ഭക്ഷ്യ ഉദ്‌പാദനരംഗത്ത് ഏറ്റവും കൂടുതല്‍ മറ്റുളളവരെ ആശ്രയിക്കുന്നവരാണ് മലയാളികള്‍. ഭക്ഷണത്തിലായാലും വസ്‌ത്രത്തിലായാലും ഒക്കെ ഉപഭോഗത്തിന്റെ വക്താക്കള്‍ മാത്രമാണ്, ഉത്‌പാദകരല്ല നമ്മള്‍. അത്തരമൊരു സമൂഹം പരാശ്രയത്വത്തിലാണ് നിലനില്‍ക്കുന്നത്. പണമുണ്ട് എന്ന ഒരൊറ്റക്കാരണത്താല്‍ തൃപ്‌തരാണെന്നോ സംരക്ഷിക്കപ്പെട്ട ജനതയാണെന്നോ ഒന്നും വിശ്വസിക്കാന്‍ പറ്റില്ല. ഹരി: കോവിഡിന്റെ തുടക്കത്തില്‍ ആ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. സാധനങ്ങള്‍ ഇങ്ങോട്ടുവന്നില്ലെങ്കില്‍ എന്തുചെയ്യുമെന്ന്. അമ്പ്രോസ്: നമുക്കിപ്പോഴും തൊലിപ്പുറത്തുമാത്രം വേദന ഉണ്ടാവുന്ന ഒരവസ്ഥയാണ്. ഉത്‌പാദനം ഇല്ലെങ്കിലും തീറ്റിപോറ്റാന്‍ പണം കൊടുത്താല്‍ മറ്റെവിടെ നിന്നോ ഭക്ഷണം വരുമെന്ന ഒരു വിശ്വാസമുണ്ടല്ലോ. അത് കുറേ കഴിയുമ്പോള്‍ മാറും. കാരണം ഈ ഉത്‌പാദനരീതികളൊക്കെ മാറും, ഉറപ്പായിട്ടും. ഇത് മള്‍ട്ടിനാഷണല്‍ കമ്പനികളും കോര്‍പറേറ്റ് സംവിധാനങ്ങളിലും കൂടി ഉത്‌പാദിപ്പിക്കുന്ന ഒരവസ്ഥ തീര്‍ച്ചയായും വരും. അതില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ചെയ്യാന്‍ സാധ്യതയുളള ഒരേയൊരു സാധനം ഭക്ഷണമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഉത്‌പാദനരംഗത്തേക്ക് കോര്‍പറേറ്റുകള്‍ കടന്നുവരുമെന്നുളളതിന്റെ ഏറ്റവും വലിയ സൂചനയാണ് നിയമങ്ങള്‍ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റുകള്‍. കാര്‍ഷികമേഖല ഏറ്റവും കുടുതല്‍ അടിമപ്പെടാന്‍ പോകുന്നൊരു കാലത്തേക്കാണ് നമ്മള്‍ പോവുന്നത്. ഹരി: ഇവിടെ നമ്മള്‍ ചെയ്യുന്ന പ്രതിരോധ പ്രവര്‍ത്തനത്തിന്റെ സ്വഭാവമെന്താണ് ? വേറെ ആളുകള്‍ക്ക് അത് മാതൃകയാക്കാന്‍ താത്‌പര്യമുണ്ടാവും. കാരണം ഇതിന്റെയൊരു തത്വം എല്ലാവര്‍ക്കും അറിയാമായിരിക്കും. പക്ഷെ പ്രായോഗികതലത്തില്‍ എങ്ങനെ ഒരു മാതൃക ഉണ്ടാക്കാം, എങ്ങനെ ഭക്ഷ്യോത്‌പാദനം നടത്താം. നമ്മള്‍ ഈ ഭക്ഷ്യോത്‌പാദനത്തിലേക്കു വന്നാല്‍ എല്ലാവരും പറയുന്നത് കൃഷി നഷ്ടമാണ്, ഉത്‌പന്നങ്ങള്‍ക്ക് വില കിട്ടുന്നില്ല എന്നൊക്കെയാണ്. ഇതില്‍ താങ്കളെങ്ങനെയാണ് പിടിച്ചുനിന്നത് ? അമ്പ്രോസ്: അത് പ്രധാനമായും രണ്ട് കാര്യങ്ങളാണ് മനസിലാക്കേണ്ടത്. ഒന്ന് കര്‍ഷകന്‍ ഉണ്ടാക്കുന്ന ഉത്‌പന്നത്തിന് വില നിശ്ചയിക്കാനുളള അവകാശം അയാള്‍ക്കാണെന്ന തിരിച്ചറിവ് ഒരു സമൂഹത്തിനുണ്ടാകണം. കാരണം ഭൂമിയില്‍ കാര്‍ഷിക വിഭവങ്ങളല്ലാതെ വേറെ ഏതു വിഭവങ്ങള്‍ക്കും ഉണ്ടാക്കുന്ന ആള്‍ വില നിശ്ചയിക്കുമ്പോള്‍ കര്‍ഷകനു മാത്രം അവനുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. മാര്‍ക്കറ്റാണ് അവന്റെ വില നിശ്ചയിക്കുന്നത്. അത് സാമൂഹികമായി മാറ്റം വരണം. അത് ഭരണകൂടത്തിനേ ചെയ്യാന്‍ പറ്റുളളൂ. ആ വ്യവസ്ഥ തെറ്റാണെന്ന് നൂറു ശതമാനം അംഗീകരിച്ചു കൊടുത്തേ മതിയാവുകയുളളൂ. ഉത്‌പാദകന് ഉത്‌പന്നത്തിന്റെ വില നിശ്ചയിക്കാനുളള അവകാശം ഉണ്ടാക്കിക്കൊടുക്കലാണ് കര്‍ഷകനോടു കാണിക്കുന്ന ആദ്യത്തെ ഉത്തരവാദിത്തം എന്നു പറയുന്നത്. ഒരു ഗവണ്‍മെന്റായാലും ഒരു സമൂഹമായാലും. രണ്ടാമത്തെ കാര്യം മലയാളി ഇന്ന് വിഭവങ്ങളുടെ മൂല്യനിര്‍ണയം ചെയ്യുന്നത് കറന്‍സിയോട് ബന്ധപ്പെടുത്തിയാണ്. കറന്‍സി വാങ്ങലും കൊടുക്കലും ഉത്‌പന്നത്തിന്റെ മൂല്യനിര്‍ണയം കൊണ്ടല്ല സംഭവിക്കുന്നത്. ആ രീതി മാറി, വിഭവങ്ങള്‍ എങ്ങനെയാണ് ധൂര്‍ത്തടിക്കാതെ, എങ്ങനെ സംസ്‌കരിച്ച് മറ്റൊരു ഉത്‌പന്നമാക്കി മാറ്റാം എന്നത് - കാര്‍ഷികമേഖലയിലെ കാര്യമാണ് ഞാന്‍ പറയുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്‌പന്നങ്ങളുടെ 50 ശതമാനമെങ്കിലും മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളാക്കി മാറ്റാനുളള സാഹചര്യം സൃഷ്ടിച്ചുകൊടുക്കുക, അവരുടെ നിലനില്‍പ്പിനും സാമ്പത്തിക ഭദ്രതക്കും വേണ്ടിയുളള അറിവോ സാങ്കേതിക കാര്യങ്ങളോ അവര്‍ക്ക് നല്‍കുക. നിരവധി ഉദാഹരണങ്ങളുണ്ട്. അവര്‍ ഉത്‌പാദിപ്പിക്കുന്ന പല സാധനങ്ങളും വിപണനമൂല്യമുളള വസ്‌തുവാക്കി മാറ്റാന്‍ പറ്റുമെന്ന് അവര്‍ക്കറിയില്ല. ഒരുദാഹരണത്തിന് വാഴക്കുടപ്പന്റെ കാര്യമെടുക്കാം. അതിന് കര്‍ഷകന് കിട്ടുന്നത് രണ്ടോ രണ്ടരയോ രൂപയാണ്. ഏറിയാല്‍ അഞ്ചു രൂപ കിട്ടും. ആ ഒരു കുടപ്പനില്‍ നിന്ന് മൂന്ന് കുപ്പിയെങ്കിലും അച്ചാറുണ്ടാക്കാം. പക്ഷെ നമുക്കത് അച്ചാറുണ്ടാക്കാനുളള അറിവോ ആ മൂന്ന് ബോട്ടില്‍ വില്‍ക്കാനോ അറിയില്ല. ഹരി: ഇതിന്റെ കൂട്ടത്തില്‍ ഞാനൊരു കാര്യ പറയാം. 'ഓ കല്‍ക്കട്ട' എന്ന പേരിലൊരു റസ്റ്റോറന്റുണ്ട്. പുതിയൊരു റസ്റ്റോറന്റു ചെയിനാണ്. അത് ഡല്‍ഹിയിലുണ്ട്, കല്‍ക്കട്ടയിലുണ്ട്. അവിടുത്തെ ഒരു പ്രധാന വിഭവം ഈ വാഴക്കുടപ്പനാണ്. അത് എന്തിലോ മുക്കി പൊരിച്ചിട്ട് അത് നമ്മുടെ നത്തോലി ഒക്കെ പൊരിച്ചതുപോലിരിക്കും. അവിടുത്തെ ഒരു പ്രധാന ഡിഷ് ആണ്. അതിന് നല്ല വിലയുമാണ്. എന്നാല്‍ നമ്മള്‍ ഇതിവിടെ വെറുതേ കളയുകയാണ്. അമ്പ്രോസ്: വാഴയുടെ തന്നെ മാങ്ങ് എന്നു പറയുന്ന ഭാഗം, കട കഴിഞ്ഞിട്ടുളളത്. അതും ഉപയോഗിക്കാം. വാഴപ്പിണ്ടിയും ഇതുപോലെ സ്‌നാക്ക്‌സ് ആക്കിമാറ്റാം. ഗോതമ്പുപൊടിയിലോ മൈദയിലോ മുക്കി ബജിപോലെ പൊരിച്ചെടുക്കാം. അച്ചാറുണ്ടാക്കാം, ജ്യൂസ് ചെയ്‌തെടുക്കാം. അതുകഴിഞ്ഞ് അതിന്റെ കടഭാഗം എടുത്ത് അച്ചാറുണ്ടാക്കാം. ഹരി: ഞങ്ങളുടെ നാട്ടില്‍ മാണം എന്നുപറയും. എന്റെയൊക്കെ ചെറുപ്പത്തില്‍ പളളികളിലെ പെരുന്നാളിന് ഉഴുന്താട എന്നുപറഞ്ഞൊരു പലഹാരം കൊണ്ടുവരുമായിരുന്നു. അത് മോതിരം പോലൊരു വളയമാണ്, വറുത്തെടുക്കുന്നതാണ്. അത് ഏത്തവാഴയുടെ മാണം അരച്ചോമറ്റോ ഉണ്ടാക്കുന്നതാണ്. ഇപ്പോഴത് എന്തോ പൊടിയൊക്കയിട്ട് കുഴച്ചാണ് ഉണ്ടാക്കുന്നത്. അതിപ്പോള്‍ കിട്ടാനില്ല. അമ്പ്രോസ്: അതുപോലെ കേരളത്തില്‍ പരിഗണിക്കാതെ കളയുന്ന എത്രയോ മൂല്യമുളള ഭക്ഷണങ്ങളുണ്ട്. ഒരുദാഹരണം ചെമ്പരത്തിപ്പൂവ് തന്നെയാണ്. അത് ശരിക്കും ചായക്ക് ബദലാണ്. അതിന്റൊരു ചായ കുടിച്ചാല്‍ തേയിലച്ചായ അല്ലെന്നു പറയില്ല. ഹരി: താങ്കളുടെ ഇവിടത്തെ പ്രധാന ഉത്‌പന്നം ചെമ്പരത്തി ആണല്ലേ. ഇവിടെ എത്ര ചെടികള്‍ വെച്ചിട്ടുണ്ട് ? അമ്പ്രോസ്: ഒരു 500-600 ചുവട് കാണും. ഒരു ദിവസം 700-800 പൂവുണ്ടാകും. ഹരി: ഇവിടൊരു പ്രത്യേകത കണ്ടത്, സാധാരണ ഇങ്ങനെയുളളിടത്ത് ഒരു ഏകവിള തോട്ടമായി മാറ്റും. ഇവിടെ മറ്റുമരങ്ങള്‍ക്കിടയിലാണ് ചെമ്പരത്തി നില്‍ക്കുന്നത്. അമ്പ്രോസ്: മനുഷ്യരുടെ ഡിസൈന്‍ എന്നു പറയുന്നത് വലിയൊരു പ്രശ്‌നമാണ്. ഡിസൈന്‍ എവിടെയാണ് വേണ്ടതെന്ന് നമ്മള്‍ തീരുമാനിക്കില്ല. നമുക്കാവശ്യമുളളിടത്ത് ഡിസൈന്‍ ചെയ്യാനറിയില്ല. നമ്മള്‍ ഇടപെടേണ്ടതില്ലാത്ത ചില ഏരിയകളുണ്ട്. ചെടികള്‍്‌ക്ക് അതിന്റേതായ ചില വ്യവസ്ഥകളുണ്ട്. അതിന്റെ സ്വാഭാവികരീതിയിലത് വളരുമ്പോള്‍ പ്രതിരോധിക്കാനുളള കഴിവ് കൂടുതലുണ്ട്. നമ്മളെ ആശ്രയിക്കുന്ന രീതിയിലേക്കതിനെ വളര്‍ത്താന്‍ ശ്രമിച്ചാല്‍ നമ്മളതിനു പിന്നിലൊരുപാട് പ്രയത്‌നിക്കേണ്ടിവരും. കര്‍ഷകര്‍ക്ക് പറ്റുന്നൊരു കാര്യമതാണ്. അത്രയും സംവിധാനങ്ങള്‍ ഇല്ലാതെ ഉത്‌പാദിപ്പിക്കാന്‍ പറ്റുന്ന ഒരുപാട് വിഭവങ്ങളുണ്ട് നമുക്ക്. അദ്ധ്വാനം ഇല്ലാതെ ഉത്‌പാദിപ്പിക്കുന്ന ഒരിനം മാത്രമാണ് ചെമ്പരത്തി. ഇങ്ങെനെ എത്രയെണ്ണം. ഹരി: വാഴയാണെങ്കില്‍ പോലും. ഞാനിപ്പോള്‍ മിയാവാക്കി കാടിന്റെ ഇടക്ക് അവിടവിടെയായി വാഴ വെച്ചിട്ടുണ്ട്. ഒരു വാഴ ഉണ്ടായിക്കഴിഞ്ഞാല്‍ പിരിച്ചുവെക്കാറില്ല. അതൊരു കൂട്ടമായി നിന്നിട്ട് ഇടയ്‌ക്കിടക്ക് കിട്ടും. ചെറിയ കുല ആണെന്നതേ ഉളളൂ. നമുക്കാവശ്യത്തിനുളള സാധനം അതില്‍നിന്നും കിട്ടുന്നുണ്ട്. ഇവിടെ 500 മൂട് ചെമ്പരത്തിയില്‍ നിന്ന് എത്ര പൂവ് കിട്ടുന്നുണ്ട് ? അമ്പ്രോസ്: ഒരു ദിവസം നമുക്ക് 800 പൂവ് വരെ കിട്ടുന്നുണ്ട്. ഇപ്പൊ നല്ല സമയമാണ്. മഴ കഴിഞ്ഞിരിക്കുന്ന സമയമാണല്ലോ. നന്നായിട്ട് വരും. ഹരി: ഇതുവെച്ച് എന്തൊക്കെ സാധനങ്ങളാണ് ഉണ്ടാക്കുന്നത് ? അമ്പ്രോസ്: നമ്പര്‍ വണ്‍ ഉത്‌പന്നം ചായ ആണ്. ചെമ്പരത്തിപ്പൂവ് മുറിച്ചെടുത്തിട്ട് നാരങ്ങനീര് സ്‌പ്രേ ചെയ്‌ത് ഉണക്കും. അതില്‍ തുളസിയില 75:25 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ടീ പൗഡര്‍ പോലെത്തന്നെ പാക്ക് ചെയ്യും. ഹരി: ഇത് പൂര്‍ണമായും ഓര്‍ഗാനിക് ആണല്ലേ ? അമ്പ്രോസ്: ഇവിടെ വേറൊരു സാധനങ്ങളും ഉപയോഗിക്കാറില്ല. ഹരി: പിന്നെ എന്താണുളളത് ? അമ്പ്രോസ്: ചെമ്പരത്തിപ്പൂ ഉണക്കിയെടുത്തത് തേനിലേക്ക് ഇട്ട് 60 ദിവസം കെട്ടിവെക്കുമ്പോള്‍ അതിന്റെ സത്ത് തേനിലേക്കിറങ്ങും. ആ തേന്‍ കൊടുക്കുന്നുണ്ട്. പിന്നെ സര്‍ബത്തുണ്ട്. ചെമ്പരത്തിപ്പൂവും കല്‍ക്കണ്ടവും നാരങ്ങനീരും ചേര്‍ത്തു ഫെര്‍മെന്റ് ചെയ്‌തെടുക്കുന്നതാണ്. മരത്തിന്റെ പെട്ടികളില്‍ 40 ദിവസം കെട്ടിവെച്ച് അരിച്ചെടുക്കുമ്പോള്‍ കിട്ടുന്ന ഒരു സര്‍ബത്തുണ്ട്. രുചികരമായ സര്‍ബത്താണത്. പിന്നെയുളളത് ജാം ആണ്. ചെമ്പരത്തിപ്പൂവും കുമ്പളങ്ങയും ചേര്‍ത്തിട്ടുളളത്. കുമ്പളങ്ങയും ഇവിടെത്തന്നെ കൃഷി ചെയ്യുന്നതാണ്. അങ്ങനെ ഒരു നാല് കൂട്ടം ഉത്‌പന്നങ്ങളുണ്ട്. മറ്റൊന്ന് ഞങ്ങള്‍ക്കിവിടെ നെയ്‌ത്തുണ്ട്. തുണിയില്‍ ചേര്‍ക്കാനുപയോഗിക്കുന്ന ഒരു നിറം ചെമ്പരത്തിപ്പൂവില്‍ നിന്നുളളതാണ്. അങ്ങനെ ആകെ അഞ്ച് ഉത്‌പന്നങ്ങളാണുളളത്. ഇനിയും ധാരാളം ഉത്‌പന്നങ്ങളില്‍ ചേര്‍ക്കുന്നുണ്ട്. സോപ്പില്‍ ചെമ്പരത്തിപ്പൂവ് ചേര്‍ക്കുന്നുണ്ട്, ചെമ്പരത്തിപ്പൂവിന്റെ തന്നെ ബോഡിറബ്ബ് എണ്ണയില്‍ കാച്ചിയത് ഉണ്ടാക്കുന്നുണ്ട്. ഹരി: ചെമ്പരത്തി താളി ഇല്ലേ ? അമ്പ്രോസ്: അത് ഇലയാണ്. ഉത്‌പന്നമാക്കിയിട്ടില്ല. ഉപയോഗിക്കുന്നുണ്ട്. പക്ഷെ നമ്മുക്കിപ്പോള്‍ പൂക്കള്‍ ആവശ്യമുളളതു കൊണ്ട് ട്രിം ചെയ്യുന്നില്ല. ട്രിം ചെയ്‌താല്‍ പൂക്കള്‍ കുറയും. ഹരി: ഇവിടെ മൂന്ന് ആക്ടിവിറ്റി എന്നു പറയുന്നത് ഒന്ന് പോട്ടറിയുണ്ട്, ഫുഡ് പ്രോഡക്ടും നെയ്‌ത്തും അല്ലേ ? എല്ലാംകൂടി എത്രപേര് ഇവിടെ ജോലി ചെയ്യുന്നുണ്ട് ? അമ്പ്രോസ്: ഞങ്ങള്‍ ഇരുപതോളം പേരുണ്ട്. ഹരി: ഇതിന്റെ നിര്‍മ്മിതിയില്‍ ചെലവു കുറഞ്ഞു എന്നുളളതു മാത്രമല്ല, ഡിസൈനും വളരെ മനോഹരമാണ്. ഫൈവ് സ്റ്റാറിലൊക്കെ കോണ്‍ക്രീറ്റിനു മുകളില്‍ ഓല മേഞ്ഞിട്ട് ഓലയുടെ പ്രതീതി ഉണ്ടാക്കുകയാണ്. ഇവിടെ ഓല തന്നെ മേഞ്ഞിരിക്കുന്നു. അമ്പ്രോസ്: വേസ്‌റ്റായി പോവുന്ന സാധനങ്ങളാണ് ഈ കെട്ടിടം നിര്‍മ്മിക്കാനു ഉപയോഗിച്ചിട്ടുളളതില്‍ ഭൂരിഭാഗവും. പാനലിങ്ങ് ഒക്കെ ഗിറ്റാറിന്റെ ഫിംഗര്‍ബോര്‍ഡിനു വേണ്ടി ഒരു കമ്പനി ഉപയോഗിക്കുന്നതാണ്. അതവര്‍ റിജക്ട് ചെയ്യുമ്പോള്‍ ഇവിടെ കൊണ്ടുവന്നുതരും. എന്റെ ഒരു സുഹൃത്തിന്റെ കമ്പനിയാണ്. ഹരി: അതുപോലെ ഉപയോഗശൂന്യമായ തയ്യല്‍ മെഷീനാണ് ഡൈനിങ് ടേബിളായി ഉപയോഗിച്ചിരിക്കുന്നതല്ലേ ? അതുപോലെ ഭിത്തിയെല്ലാം. അമ്പ്രോസ്: ബാക്കിയെല്ലാം മണ്ണുകൊണ്ടാണ്. പിന്നെ കൃഷി ചെയ്യുന്നിടത്ത് നിന്നും കിട്ടുന്ന കല്ലുകളാണ് ചുവരുകളില്‍ വെച്ചിട്ടുളളത്. ഞാന്‍ അടിസ്ഥാനപരമായി ഒരു മേസണ്‍ ആയതുകൊണ്ട് എനിക്കാ ഒരു സെന്‍സ് ഉണ്ട്. കെട്ടിടം പണിയല്‍ എനി്‌ക്കേറ്റവും കൂടുതല്‍ ഇഷ്ടമുളള കാര്യമാണ്. ഹരി: ബേക്കര്‍ സായിപ്പിന്റെ വീട്ടില്‍ മൂന്നു കാട്ട്‌കല്ല് അദ്ദേഹം വെച്ചിട്ടുണ്ട്. ദൂരെ നിന്നും നോക്കിയാലൊരു സ്‌ത്രീരൂപം പോലെ തോന്നും. അതൊരു ശില്‌പിക്കു മാത്രം തോന്നുന്ന ഒരു കാര്യമാണ്. അമ്പ്രോസ്: അതെന്റെ ഉളളിലുളളതുകൊണ്ട് എനിക്കു ചെയ്യാന്‍ പറ്റും. ഹരി: മഴക്കാലമൊക്കെ വരുമ്പോള്‍ ഇവിടെ പ്രശ്‌നമൊന്നും ഇല്ലേ ? അമ്പ്രോസ്: ഇല്ലില്ല. ഇതു ശരിക്കും പറഞ്ഞാലൊരു കുന്നാണ്. ഭാരതപ്പുഴ ഇവിടുന്ന് 250 മീറ്ററേയുളളൂ. ഹരി: ഈ പത്തേക്കറിന്റെ നാലുമൂലയ്‌ക്കും ഓടിയെത്താനുളള ആളുകളുണ്ടോ? അമ്പ്രോസ്: ഇതിന്റെ രണ്ടേക്കറേ ഞങ്ങള്‍ ഉപയോഗിച്ചിട്ടുളളൂ. ബാക്കിയുളള സ്ഥലം സ്വാഭാവികമായ കാടായിട്ടു വളരുകയാണ്. ഏറ്റവും മുകള്‍ഭാഗത്ത് മാഷ് വെച്ച കുറേ മരങ്ങളുണ്ട്, മാവും പ്ലാവുമൊക്കെയായി. നമ്മളിതിനകത്ത് അനാവശ്യമായി ഇടപെടാറില്ല. നമുക്കാവശ്യമുളള ഏരിയ തന്നെ വെട്ടി ശരിപ്പെടുത്തി എടുത്തതല്ല. മണ്ണിനെ അധികം വെട്ടി പരിക്കേല്‍പ്പിക്കാത്ത ഒരു ഡിസൈനാണ് ചെയ്‌തിട്ടുളളത്. ഞാന്‍ വരുമ്പോള്‍ ഉണ്ടായിരുന്ന കുഴി തന്നെയാണാ കുളം. അതിനെ വൃത്തിയാക്കി ഒരു കുളമാക്കി മാറ്റിയെന്നു മാത്രം. ഇതിലെ നിര്‍മ്മിതികളൊക്കെ നമ്മള്‍ ചെയ്‌തതാണ്. ഹരി: സാധാരണ കണ്‍സ്‌ട്രക്ഷനെന്നു പറഞ്ഞു നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ ചെയ്‌തിട്ടില്ല. അമ്പ്രോസ്: അതില്ല. ഇവിടെ അധികം മണ്ണുപയോഗിച്ചിട്ടാണ് ചെയ്‌തിട്ടുളളത്. മണ്ണും കുമ്മായവും ഉപയോഗിച്ചാണ് ചുവരുകള്‍ ചെയ്‌തിട്ടുളളത്. ഒന്നര ഇഞ്ച് കനമേയുളളൂ ചുവരുകള്‍ക്ക്. പലപ്പോഴും മണ്ണുകൊണ്ട് വീടുണ്ടാക്കുന്നു എന്നു പറയുമ്പോഴും ഒരു വീടുണ്ടാക്കി കഴിയുമ്പോഴേക്ക് പാതാളക്കുഴി ആവുന്ന അവസ്ഥയുണ്ട്. ഇവിടെ ഏറ്റവും കുറഞ്ഞ മണ്ണുപയോഗിച്ചിട്ട് എങ്ങനെ ചുവരുകള്‍ ഉണ്ടാക്കാം എന്നുളളതാണ്. ഹരി: ഞാനിവിടെ ഇരുന്നു നോക്കുമ്പോള്‍ ഒരുപാട് ഔഷധച്ചെടികള്‍ കാണാം - കൂവളം, കരിനൊച്ചി, കാട്ടുതുളസി, ദന്തപ്പാല, എങ്ങോട്ടുനോക്കിയാലും ഔഷധച്ചെടികളുടെ കൂട്ടമാണ്. ഇതു വെച്ചുപിടിപ്പിച്ചതാണോ ? അമ്പ്രോസ്: ദന്തപ്പാലയൊക്കെ ഞാന്‍ വെച്ചുപിടിപ്പിച്ചതാണ്. അതിന്റെ ഒരു ഹെയര്‍ ഓയില്‍ ഉണ്ടാക്കുന്നുണ്ട്. സൂര്യസ്‌ഫുടം ചെയ്‌ത് എടുക്കുന്നത്. സോറിയാസിസിനും താരനും ഒക്കെ നല്ലതാണ്. കാട്ടുതൃത്താവ് നമ്മുടെ ചായപ്പൊടിയില്‍ തുളസിക്കു പകരമായി ഉപയോഗിക്കാം. ഹരി: എനിക്കു ജലദോഷം, കഫക്കെട്ട് ഒക്കെ വരുമ്പോള്‍ ഇതും പനിക്കൂര്‍ക്കയും കര്‍പ്പൂര തുളസിയും കൂടി തിളപ്പിച്ച് ആ വെളളമാ കുടിക്കുന്നത്. അമ്പ്രോസ്: നമ്മുടെ നെല്ലിക്കാരിഷ്ടത്തില്‍ അതാണ് ചേര്‍ക്കുന്നത്. ഇതും ആടലോടകവും ചേരും. ഹരി: നെല്ലിക്കയുടെ പ്രോഡക്ട്‌സ് എന്തൊക്കെയാണുളളത് ? അമ്പ്രോസ്: നെല്ലിക്ക തേനിലിട്ടതുണ്ട്, തേന്‍ നെല്ലിക്ക. പിന്നെ നെല്ലിക്ക അരിഷ്ടവും നെല്ലിക്ക ലേഹ്യവുമുണ്ട്. പിന്നെ അച്ചാറും. നാലുകൂട്ടം. ഹരി: നെല്ലിക്ക ഇവിടെത്തന്നെ കിട്ടുന്നതാണോ ? അമ്പ്രോസ്: നെല്ലിക്ക സീസണില്‍ കിട്ടുന്ന നാടന്‍ നെല്ലിക്ക എടുക്കും. അതല്ലെങ്കില്‍ ഫാം നെല്ലിക്കയുണ്ട്, സുഹൃത്തുക്കള്‍ കൃഷി ചെയ്യുന്നത്. ഹരി: വാല്യൂ എഡിഷന്‍ എന്നൊരു സംഭവം, പുതിയ പുതിയ സാധനങ്ങള്‍ താങ്കള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണല്ലേ ? അമ്പ്രോസ്: അതെ. അതിലൊരു കൗതുകമുണ്ട്. എനിക്കതിഷ്ടമാണ്. ഭക്ഷണം മനുഷ്യരെ തൊടാനുളളതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഹരി: ഞാനത് പറയാനുളള കാരണം, എന്റെ പറമ്പില്‍ ഒരുപാട് സാധനങ്ങള്‍, സ്‌റ്റാര്‍ ഫ്രൂട്ടൊക്കെ പക്ഷി തിന്നു പോന്നതിനു ശേഷവും പഴുത്ത് താഴെവീണു പോവുകയാണ്. താങ്കള്‍ പറഞ്ഞപ്പോഴാണ് അത്‌് അച്ചാറോ മറ്റോ ആക്കാമായിരുന്നു. അമ്പ്രോസ്: സ്‌റ്റാര്‍ ഫ്രൂട്ടൊക്കെ നല്ല പ്രോഡക്ടാക്കി മാറ്റാനാവും. അത് രണ്ട് തരമുണ്ട്. പഴുത്തുകഴിഞ്ഞാല്‍ മധുരമുളളതും പുളിയുളളതും. മധുരമുളളതുകൊണ്ട് രണ്ടുതരം ജാം ഉണ്ടാക്കാം. പള്‍പ്പി ആയിട്ടുളളതും മെര്‍മലയ്‌ഡും. ഇവിടെ പൊതുവേ വൈറ്റ് ഷുഗര്‍ ഉപയോഗിക്കാറില്ല. പനംകല്‍ക്കണ്ടമാണ് ഉപയോഗിക്കുക. പൊതുവേ നമ്മുടെ എല്ലാ ഉത്‌പന്നങ്ങളിലും ഉപയോഗിക്കുന്നത് പനംകല്‍ക്കണ്ടവും ശര്‍ക്കരയുമാണ്. ശര്‍ക്കരയുടെ രുചി കുറച്ചു കടുത്ത രുചിയായതു കൊണ്ട് സ്റ്റാര്‍ ഫ്രൂട്ടൊക്കെ പോലുളള നിര്‍മ്മലമായ രുചിയെ മറികടന്നു പോകും. അതിന് ശര്‍ക്കരയുടെ രുചിയായി പോവും. എന്തു പഴമാണ് ഉപയോഗിക്കുന്നത്, ആ പഴത്തിനെ നമുക്ക് ഫീല്‍ ചെയ്യണമല്ലോ. അപ്പോള്‍ എന്തുതരം മധുരമാണ് അതിനോടൊപ്പം ചേര്‍ക്കുക, എത്ര ചേര്‍ക്കണം എന്നൊക്കെ തീരുമാനിക്കുന്നതിന് രുചിബോധമുളള ഒരു മനുഷ്യന്‍ അതിനു പിന്നിലുണ്ടായിരിക്കണം, അത്രേയുളളൂ. ഹരി: ഒരുപാട് കര്‍ഷകര്‍ ഇതുപോലെയൊക്കെ ചെയ്യാന്‍ പറ്റാത്തവരായിട്ടുണ്ട്. അവര്‍ക്ക് ട്രെയിനിങ്ങ് കൊടുക്കുമോ? അമ്പ്രോസ്: പിന്നെന്താ, ആര്‍ക്കു വേണമെങ്കിലും വന്നാല്‍ പറഞ്ഞു കൊടുക്കാം. ഇതില്‍ രഹസ്യമൊന്നുമില്ല. നമ്മളീ പറയുന്നതു തന്നെ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കര്‍ഷകര്‍ ആ രീതിയിലേക്കു മാറേണ്ടതുണ്ട്. ഹരി: എനിക്കിവിടെ വന്നുകണ്ടു കഴിഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ഫീലിങ്ങ്, ഇതു ശരിക്കുമൊരു ശില്‌പശാലയൊക്കെ നടത്താന്‍ പറ്റിയ സ്ഥലമാണ്. അമ്പ്രോസ്: ഇവിടെ നടക്കുന്നതാണ്. കൃഷിഭവനുമൊക്കെയായി ബന്ധപ്പെട്ട്. ഹരി: കൃഷി മാത്രമല്ല, വേറെ എന്തു വിഷയവുമായി ബന്ധപ്പെട്ട്. മനുഷ്യനു വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്. രാസവളം ഇല്ലാത്ത ഭക്ഷണം. അതും വളരെ ലളിതമായിട്ട് ബഹളമില്ലാതെ ഭക്ഷണ വിതരണവും നടക്കുന്നുണ്ട്. അമ്പ്രോസ്: ഭക്ഷണത്തിലും എനിക്ക് കുറച്ചു നാളത്തെ പരിചയമുണ്ടല്ലോ. ഞാന്‍ കുറച്ചുനാള്‍ ഗ്രാസ് ഹോപ്പര്‍ എന്ന സംഘടനയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ ക്യാമ്പുകളിലെല്ലാം നാച്ചുറോപതിയുമായി ബന്ധപ്പെടുത്തിയുളള ഭക്ഷണമാണ് നല്‍കിയിരുന്നത്. ഇന്നു ഞാനതില്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നില്ല എ്‌ന്നു ഞാനുദ്ദേശിച്ചത് ഭക്ഷണത്തെ അങ്ങനെ മറ്റൊരാളുടെ രുചിയുമായി നിയന്ത്രിക്കാന്‍ പാടില്ല. ഒരാളെന്തു കഴിക്കണം, കഴിക്കണ്ടാന്നുളളത് തീരുമാനിക്കുന്നത് അയാളാണെന്ന തിരിച്ചറിവില്‍ നിന്നും നാച്ചുറോപതി എന്ന ആശയത്തിലല്ല, പക്ഷെ ആരോഗ്യകരമായ ഭക്ഷണം നല്ല രുചിയില്‍ കൊടുക്കുക എന്നതിലേക്ക് മാറി. ഹരി: ഇതുവഴി നടക്കുക എന്നതുതന്നെ നല്ലൊരനുഭവമാണ്. അതുപോലെ പോട്ടറിയില്‍ നിങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നത് ? അമ്പ്രോസ്: അടുക്കള ഉപയോഗത്തിനുളള പാത്രങ്ങളാണ് ഉണ്ടാക്കുന്നത്. ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമുളള പാത്രങ്ങളുണ്ട്. ഹരി: തുണിയുടെ കാര്യത്തിലോ ? അമ്പ്രോസ്: ഒരു തരം നെയ്‌ത്തേ ഉളളൂ. അഞ്ചു തറിയാണുളളത്. അഞ്ചുപേരേ ഉളളൂ നെയ്‌ത്തിന്. വസ്‌ത്രങ്ങളില്‍ മുണ്ട്, സാരി ഇല്ല. അല്ലാത്ത തുണിത്തരങ്ങളാണുളളത്. രണ്ടുതരത്തിലാണ്. കോറ ചെയ്‌തിട്ട് നിറം കൊടുക്കുന്നതുമുണ്ട്, നൂല് നാച്ചുറല്‍ കളര്‍ ചെയ്‌തതിനു ശേഷം നെയ്യുന്നതുമുണ്ട്. ഹരി: കളറെന്നു പറയുന്നത് സ്വാഭാവിക നിറങ്ങളാണോ ? അമ്പ്രോസ്: അതെ. പൂക്കളില്‍ നിന്നും ഇലകളില്‍ നിന്നും വേരുകളില്‍ നിന്നുമൊക്കെ വേര്‍തിരിക്കുന്ന നിറങ്ങളാണ്. ഹരി: ബെഡ്‌ഷീറ്റൊക്കെ ഉണ്ടോ ? അമ്പ്രോസ്: ഇപ്പോഴില്ല. ഇപ്പോഴുളളത് കുര്‍ത്ത, കുട്ടികളുടെ ഉടുപ്പുകള്‍, ഷര്‍ട്ടിനൊക്കെ പറ്റിയ തുണികളാണ്. ഹരി: ഇവിടെ ഒരു വര്‍ഷം എത്ര കിലോ ഉത്‌പന്നങ്ങള്‍ പ്രോസസ് ചെയ്യുന്നുണ്ടാവും, ഭക്ഷണത്തില്‍ ? അമ്പ്രോസ്: ഭക്ഷണത്തില്‍ നല്ലൊരു വോള്യം വരുന്നുണ്ട്. എലമെന്റ്‌സ് എന്നു പറഞ്ഞ് കോഴിക്കോടൊരു സംരംഭമുണ്ട്. അതും ഗ്രാസ്‌ഹോപ്പറും ഒക്കെ ഒരേ വര്‍ഷം തുടങ്ങിയതാണ്, 22-23 വര്‍ഷമായി. ടോണി മാത്യു ആണ് എലമെന്റ്‌സിന്റെ നേതാവ്. അവരുടെ കീഴില്‍ അഞ്ചു ജില്ലകളെ കേന്ദ്രീകരിച്ചുളള കര്‍ഷക സംഘങ്ങളുണ്ട്. അവിടുന്നാണ് കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ ശേഖരിക്കുന്നത്. അത് അവരിവിടെ ഷൊര്‍ണൂരില്‍ എത്തിച്ചു തരും. അവര്‍ക്കുവേണ്ടി നമ്മളിവിടെ മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ തയാറാക്കി തിരിച്ചയക്കും. സീസണ്‍ അനുസരിച്ച് കാന്താരി, പുളി, അമ്പഴങ്ങ, മാങ്ങ, ചക്ക അങ്ങനെ ഓരോന്നും മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങളാക്കി തിരിച്ചയക്കും. ഹരി: അവര്‍ അവിടെ നിന്നും സാധനങ്ങള്‍ സോഴ്‌സ് ചെയ്യുമല്ലേ. അമ്പ്രോസ്: അതെ. അവര്‍ക്കവിടെ പ്രോസസ്‌ഡ് ഫുഡില്ല. അത് ചെയ്യുന്നത് ഞാനാണ്. ഹരി: കുറച്ചൊരു മെഡിസിനല്‍ പ്രോഡക്ട്‌സിന്റെ വിഭാഗത്തില്‍ വരുന്നതല്ലേ ഈ ലേഹ്യങ്ങളും മറ്റും ?അതിലൊരു സംശയം ചോദിക്കട്ടെ. മാര്‍ക്കറ്റില്‍ കിട്ടുന്ന സാധനങ്ങളില്‍ പലതിലും വേണ്ടത്ര കൂട്ടുകള്‍ ഉണ്ടാവാറില്ല. പലതും നമുക്ക് കാണുമ്പോള്‍ അറിയാം, ആ വിലയ്‌ക്ക് ആ സാധനം കൊടുക്കാന്‍ കഴിയില്ല. പറയുന്ന അളവിലുളള മരുന്നുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഉത്‌പന്നത്തിന്റെ വില നാലോ അഞ്ചോ ഇരട്ടിയാക്കേണ്ടിവരും. മാര്‍ക്കറ്റിലത് സംഭവിക്കുന്നില്ല. അതെങ്ങനെയാണ് നമുക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നത് ? അമ്പ്രോസ്: ഒരുത്തരം, ഞാനത്ര വോള്യം ഉണ്ടാക്കാറില്ല. വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യുന്നതുമല്ല. അതുകൊണ്ടുതന്നെ കൃത്രിമത്വം ഇല്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയും. ഹരി: പ്രാഥമികമായ ഉത്തരവാദിത്തം സാധനം നന്നായിരിക്കുക എന്നുളളതാണ്. അമ്പ്രോസ്: അതെ. പിന്നെ അത് കൂടുതല്‍ ചെയ്യണമെന്ന് നാളെ മാര്‍ക്കറ്റ് എന്നോടു ഡിമാന്‍ഡ് ചെയ്‌താലും ഞാനത് കൊടുക്കാന്‍ തയ്യാറല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഉത്‌പന്നം എത്രയുണ്ടാക്കണം എന്നുളളതൊരു ധാരണയുണ്ട്. ഇതുപോലുളള ഇടങ്ങള്‍ കേരളത്തിലൊരു നൂറു സ്ഥലത്ത് ഉണ്ടായി വരണമെന്നു വിചാരിക്കുന്നയാളാണ് ഞാന്‍. അത്തരം ആവശ്യങ്ങള്‍ വരുമ്പോള്‍ മറ്റൊരു ഗ്രൂപ്പ് അതു ചെയ്യാന്‍ സജ്ജമാക്കുക എന്നുളളതാണ്. അതല്ലാതെ ഫാര്‍മര്‍ഷെയര്‍ ഒരുലക്ഷം നെല്ലിക്ക ലേഹ്യം ഉണ്ടാക്കുക എന്നുളളത് എന്റെ സ്വപ്‌നമല്ല. ഹരി: അതുശരിയാണ്. വസ്‌തു വാങ്ങിക്കാതെ ലീസിനെടുത്ത് ചെയ്യുക എന്നുപറയുന്നതുതന്നെ വേറൊരു തരം ചിന്താഗതിയാണ്. അമ്പ്രോസ്: ഒരു നിര്‍ബന്ധമുളളത്, ഞാന്‍ മനുഷ്യരോടു സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. സ്‌നേഹത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. എനിക്കേറ്റവും ഇഷ്ടമുളള ഒരു മനുഷ്യന് ഒരുത്‌പന്നം കൊടുക്കാനാണ് എനിക്കിഷ്ടം. അതെന്റെ ഒരു അടിസ്ഥാന നിലപാടാണ്. താങ്കള്‍ക്കൊരു സാധനം തരുന്നത് നിറഞ്ഞ മനസോടെ ഞാനുണ്ടാക്കുന്ന ഒരുത്‌പന്നം ആവുന്നതാണ് ഇഷ്ടം. അതൊരുതരം പങ്കിടലാണ്. നാണയമൊക്കെ രണ്ടാമതോ മൂന്നാമതോ മാത്രം വരുന്ന ഘടകങ്ങളാണ്. ഞാന്‍ ഉത്‌പന്നത്തെ കാണുന്നത് ഞാനതിനെ അത്രയധികം പ്രണയിക്കുന്നുണ്ട്, ഭക്ഷണത്തെ. അതുതന്നെയാണതിന്റെ ഒന്നാമത്തെ കാരണം. അതില്‍ നേരത്തേ അങ്ങു ചോദിച്ചതുപോലുളള ചോദ്യം എന്റെ മുമ്പിലില്ല. ഒരു നെല്ലി്‌ക്ക ലേഹ്യം ഇവിടെ ഉണ്ടാക്കുന്നത് കഴിക്കുമ്പോള്‍ അതിഷ്ടപ്പെടുന്ന രുചിയിലേക്ക് എത്തിക്കുക എന്നതെന്റെ ദൗത്യവും പ്രിയവുമാണ്. ഒരു സര്‍ബത്തിനെ കുട്ടികള്‍ ഹായ് എന്നുപറയുന്ന രീതിയിലേക്ക് ഉണ്ടാക്കേണ്ടത് എന്റെ ചുമതലയാണ്. എനിക്കതിനോടു പ്രിയമുളളതുകൊണ്ടുതന്നെ അത് സംഭവിക്കുന്നുമുണ്ട്. അങ്ങനെയുളള അവസ്ഥയില്‍ നമുക്ക് ഒത്തുതീര്‍പ്പുകളില്ല. ഒരു വിഭവത്തില്‍ അതിന്റെ ചേരുവകളെല്ലാം അടങ്ങുന്ന സമ്പൂര്‍ണ വിഭവമായാണ് ഞാന്‍ കൊടുക്കുക എന്നുളളതിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുത്തിട്ടുണ്ട്. മാര്‍ക്കറ്റില്‍ എന്തുണ്ട് എന്നുളളതിനെ പറ്റിയൊക്കെ നമുക്ക് പറയാം, പക്ഷെ അതിനെ മോശമായി ചിത്രീകരിക്കാന്‍ പറ്റുമോ എന്നൊന്നും എനിക്കറിയില്ല. പൊതുസമൂഹം, പ്രത്യേകിച്ച് ഉപഭോക്താവ് അടിസ്ഥാനപരമായി വിവേകിയല്ല. നല്ലൊരു ശതമാനം മനുഷ്യരും വിവേകികളല്ല. മോശം പറയാനല്ല. ഉത്‌പന്നത്തെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അവര്‍ക്കറിവില്ല. അതവര്‍ക്ക് മനസിലാക്കി കൊടുത്തിട്ടില്ല. ഒരുത്‌പന്നത്തെ മൂല്യനിര്‍ണയം ചെയ്യേണ്ടത് എങ്ങനെയാണെന്ന് സമൂഹത്തെ പഠിപ്പിച്ചിട്ടില്ല. ഉത്‌പന്നം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അറിവില്ലാത്തതു കൊണ്ടുതന്നെ അവരെപ്പോഴഉം ചതിക്കപ്പെടുകയും അവര്‍ കൊടുക്കുന്ന പണത്തിനനുസരിച്ച് മൂല്യമില്ലാത്ത ഉത്‌പന്നങ്ങളില്‍ തൃപ്‌തിയടയുകയും ചെയ്യുകയാണ്. അത് നമ്മുടെ അറിവില്ലായ്‌മയാണ്. ഉത്‌പന്നത്തെ തെരഞ്ഞെടുക്കാന്‍ കഴിയണം, ഉത്‌പന്നത്തിന്റെ ഉറവിടങ്ങളെ പറ്റി അറിയണം, ആരുണ്ടാക്കി എവിടുന്നുണ്ടാക്കി എന്നു ചോദ്യം ചോദിക്കാനുളള വിവേകം ഉപഭോക്താവിന് ഉണ്ടായേ മതിയാവു. പണം കൊടുത്തു മേടിക്കുക എന്നൊരു ഉത്തരവാദിത്തം മാത്രമല്ല ഉപഭോക്താവിനുളളത്. അതെവിടെനിന്നു വരുന്നു, അതിന്റെ പിന്നിലുളള പ്രയത്‌നങ്ങള്‍, അത് മനസിലാക്കാനുളള വിവേകം ഉപഭോക്താവിനുണ്ടാവണം. അത്തരം തിരിച്ചറിവിലൂടെ മാത്രമേ വിപണിയില്‍ ഇടപെടാന്‍ പാടുളളൂ. ഹരി: പ്രവാസികളില്‍ വലിയൊരു വിഭാഗം തിരിച്ചുവന്നിട്ട് എന്തുചെയ്യണെന്നറിയാതെ നില്‍ക്കുന്നുണ്ട്. പലരും വന്നൊരു ഷോപ്പ് ആരംഭിക്കുകയാണ്. രണ്ടു കാരണങ്ങളാണ്. ഒന്ന്, അതിനപ്പുറം എന്താണ് ചെയ്യാന്‍ പറ്റുക എന്നുളളതിനെപറ്റി ധാരണയില്ല. മോഡലുകള്‍ നോക്കുന്നുണ്ട്, പറ്റിയ മാതൃകകള്‍ കിട്ടുന്നില്ല. രണ്ട്, വാല്യൂ അഡീഷന്‍ എങ്ങനെ ചെയ്യണമെന്നറിയില്ല. വിപണി കണ്ടുപിടിക്കുന്നതിനു മുമ്പ് ഈ രണ്ടുകാര്യം പോലും പറ്റുന്നില്ല. അങ്ങനെയുളള ആളുകള്‍ക്ക് ഇവിടെ വന്ന് ഇതൊക്കെ കാണുകയാണെങ്കില്‍ കുറേ ആശയങ്ങള്‍ കിട്ടും. ഇതുപോലെ ചെറിയൊരു സ്ഥലം ലീസിനെടുത്ത് ഇത്രയൊക്കെ ചെയ്യാനൊരു ധൈര്യം തന്നെ വേണം. അഞ്ചുവര്‍ഷം കൊണ്ട് പത്തിരുപത് പേര്‍ക്ക് ജോലി ഉണ്ടാവുന്ന തരത്തില്‍ അതിനെ വളര്‍ത്തിയെടുക്കുക എന്നതില്‍. പ്രധാനമായും ഞാന്‍ കണ്ടത് എല്ലാവരും ഏറ്റവും കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് കെട്ടിടങ്ങള്‍ പണിയുന്നതിലാണ്. ഇവിടെ ഏറ്റവും കുറച്ച് ചെലവഴിച്ചിരിക്കുന്നത് കെട്ടിടങ്ങളിലാണ്. എന്നാല്‍ കോടിക്കണക്കിന് പൈസ മുടക്കി ചെയ്‌തിരിക്കുന്ന കെട്ടിടങ്ങളേക്കാള്‍ വളരെ ഭംഗിയുണ്ടുതാനും. അതുപോലെ ടോയ്‌ലറ്റുകളൊക്കെ ഏറ്റവും നല്ലൊരു ഹോട്ടലില്‍ സൂക്ഷിക്കുന്നതുപോലെ തന്നെ വൃത്തിയായി സൂക്ഷിച്ചിട്ടുമുണ്ട്. അമ്പ്രോസ്: ടോയ്‌ലറ്റുകളെല്ലാം ചുവരില്ലാതെയാണ് ചെയ്‌തിരിക്കുന്നത്. രണ്ടു ടൈലുകള്‍ തമ്മില്‍ ഒട്ടിച്ചിരി്‌ക്കുകയാണ്. ഹരി: അതിന്റെ ആവശ്യമല്ലേ ഉളളൂ. അമ്പ്രോസ്: മറയല്ലേ ആവശ്യമുളളൂ, വൃത്തിയും വേണം. ഇത് രണ്ടും അവിടെയുണ്ട്. ഹരി: ആ ഒരു മോഡല്‍, ആളുകള്‍ക്ക് ഇതെവിടെ തുടങ്ങണം എന്നാണറിയാത്തത്. അങ്ങനെയുളള ആളുകള്‍ക്ക് താങ്കളീ ചെയ്‌തിരിക്കുന്നത് വലിയൊരു മോഡല്‍ തന്നെയാണ്. ഇനി കോട്ടേജുകളും മറ്റും വരുമ്പോള്‍ കുറച്ചുകൂടി നന്നാവും. പ്രത്യേകിച്ചും ഇവിടത്തെ അന്തരീക്ഷം. ഇങ്ങനൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതുതന്നെ വലിയൊരു കാര്യമാണ്. 11 കെവി ലൈനിനു കീഴിലൂടെയാണ് ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്‌തിരിക്കുന്നത്. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. ആളുകള്‍ക്കിത് പ്രയോജനപ്പെടും. പലരും അതാണ് ചോദിക്കുന്നത്. ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ പറ്റും. അമ്പ്രോസ്: തീര്‍ച്ചയായിട്ടും. താത്‌പര്യമുളള ചെറുപ്പക്കാരോ, പ്രവാസികളോ. എല്ലാവരും വലിപ്പത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. പരാജയങ്ങള്‍ വരുന്നത് നമുക്ക് എടുത്താല്‍ പൊങ്ങാത്തതിലും വലിയൊരു സ്വപ്‌നം പണിയും നമ്മള്‍. എന്തുതരം വ്യവസായമായാലും അതൊരുതരത്തിലും ഭൂമിയെ മുറിവേല്‍പ്പിക്കാത്ത, കേന്ദ്രീകൃത സ്വഭാവമില്ലാത്ത, ചെറുതായിരിക്കുന്ന തരം സ്വപ്‌നങ്ങളാണെങ്കില്‍ അത് മോഡല്‍ ചെയ്യാന്‍ എളുപ്പമാണ്. വലുതാവുമ്പോഴാണ് പ്രശ്‌നം. നമ്മള്‍ക്കെല്ലാവര്‍ക്കും ഭക്ഷണത്തില്‍ താത്‌പര്യമാണ്. കഴിക്കാനുളള താത്‌പര്യം മാത്രമാണത്. ധാരാളം ഭക്ഷണം കഴിക്കുന്ന ആളുകളായി മാറിക്കഴിഞ്ഞു മലയാളി. ഭക്ഷണം വലിയൊരു വ്യവസായമാകാന്‍ സാധ്യതയുണ്ട്. പക്ഷെ അത് കേന്ദ്രീകരിക്കപ്പെടാതിരിക്കണം. ഒരുപാടു പേരുടെ സാധ്യതയാണ് തുറന്നുവരിക. ഒരുപാട് ചെറിയ സംരംഭങ്ങള്‍ ഉണ്ടാവുമ്പോഴാണ് സമൂഹത്തില്‍ എറ്റവും ആരോഗ്യപരമായി സാമ്പത്തികം വിതരണം ചെയ്യപ്പെടുകയുളളൂ. ഹരി: അതെ. ദിവസം ഭക്ഷണം പാകം ചെയ്യുന്ന ഒരു കോടി ആളുകളെങ്കിലും ഇവിടുണ്ട്. സ്വന്തം കൈകൊണ്ട് ദിവസവും വെച്ചു കഴിക്കുന്നവര്‍. അമ്പ്രോസ്: അത് ഏതെങ്കിലും തരത്തിലുളള കോര്‍പറേറ്റിലേക്കല്ല തിരിച്ചുപോകേണ്ടത്. കോര്‍പറേറ്റ് കമ്പനികള്‍ ഉണ്ടാവുക എന്ന സ്വപ്‌നമല്ല ഉണ്ടാവേണ്ടത്. ഉത്‌പാദനം വികേന്ദ്രീകരിക്കപ്പെടുകയാണ് വേണ്ടത്. അതിലാണ് കൂടുതല്‍ മനുഷ്യര്‍ക്ക് സാധ്യത തെളിയുന്നത്. എപ്പോഴും സംഭവിക്കുന്നത് ഉത്‌പാദന വ്യവസ്ഥകള്‍ കന്ദ്രീകരിക്കപ്പെടുകയാണ്. ഏതുതരം സാധനവും ഇന്നു വ്യവസായവത്‌കരിക്കപ്പെടുകയാണ്. വിദ്യാഭ്യാസമായാലും, ഹോസ്‌പിറ്റാലിറ്റി ആയാലും ടൂറിസമായാലും എല്ലാം ഇന്‍ഡസ്‌ട്രിയാണ്. ഇന്‍ഡസ്‌ട്രി എന്നു പറയുന്നത് വലുതാകുക എന്നുളളതാണ്. മാത്രമല്ല, ലാഭാധിഷ്‌ഠിതവുമാണ്. അതിന്റെ ഒന്നാമത്തെ പരിഗണന ലാഭമാണ്. മറിച്ച്, അത് സേവനമാണ്, സമൂഹത്തോടുളള ഐക്യപ്പെടലാണ്, സഹവര്‍ത്തിത്വമാണ് എന്ന തോന്നലില്‍ നിന്നൊരു ഉത്‌പന്നം ഉണ്ടാവുകയാണെങ്കില്‍ അത് എക്കാലവും നിലനിര്‍ത്താന്‍ പറ്റും. ഹരി: അതുമാത്രമല്ല, ഇപ്പോഴുളള പ്രശ്‌നം ഇങ്ങനൊക്കെ ചി്‌ന്തിച്ചാല്‍ സംരംഭം സാമ്പത്തികമായി തകര്‍ന്നുപോവുമോ എന്നുളളതാണ് ആളുകളുടെ പേടി. അതില്ല എന്നുളളതിന്റെ മോഡലാണ് ഇവിടെ കാണുന്നത്. അമ്പ്രോസ്: സാമ്പത്തികമായി തകരുകയൊന്നുമില്ല. കൂടുതല്‍ ടെക്‌നോളജി ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത് മനുഷ്യരെ ഉപേക്ഷിക്കുക എന്നുളളതാണ്. മനുഷ്യകരങ്ങളെ നിഷേധിക്കുന്ന ഒരു ലോകമല്ല പുതിയതായി ഉണ്ടാവേണ്ടത്. മനുഷ്യരെ ഉള്‍ക്കൊളളുന്ന ലോകമാണ് വേണ്ടത്. നമ്മുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ധാരാളം മനുഷ്യര്‍ പങ്കെടുക്കേണ്ടതുണ്ട്, ഈ മേഖലകളില്‍. മനുഷ്യരെ ഉപേക്ഷിച്ച് വലിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ മനുഷ്യര്‍ ശുഷ്‌കരാവുകയും ദാരിദ്ര്യത്തിലേക്ക് വീഴുകയും, സമ്പന്നരാകുന്ന ചെറിയൊരു വിഭാഗം മാത്രം വളരുകയും ചെയ്യും. അതൊരു അനീതിയായാണ് ഞാന്‍ കാണുന്നത്. ഹരി: ഇത് മനസിലായാലും പലപ്പോഴും പ്രയോഗത്തില്‍ വരുത്താന്‍ കഴിയണമെന്നില്ല. ഇവിടെ അത് ഭംഗിയായി നടപ്പില്‍ വരുത്തുകയും അറിയാവുന്നവ ആളുകള്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നുണ്ട്. വളരെ സന്തോഷം കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍. അമ്പ്രോസ്: സന്തോഷം. ഹരി: അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടല്ലോ. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മൂന്നു തരത്തിലുളളതാണ്. നെയ്‌ത്ത്, കളിമണ്‍പാത്ര നിര്‍മ്മാണം പിന്നെ ഭക്ഷണ സംസ്‌കരണം. ഭക്ഷണവും ഔഷധ സംബന്ധമായ ഉത്‌പന്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം വളരെ ജൈവമാതൃകയില്‍ ചെയ്യുന്ന കാര്യങ്ങളാണ്. ഇവിടത്തെ പല പ്രത്യേകതകളില്‍ ഒന്ന് ഇവിടെ മുതല്‍മുടക്കിയിരിക്കുന്നത് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്താനല്ല. എന്നാല്‍ ഏറ്റവും മനോഹരമായ കെട്ടിടങ്ങളാണ് ഇവിടെ ഉളളവയെല്ലാം. എല്ലാം പലതിന്റെ അവശിഷ്ടങ്ങളും മറ്റും വെച്ച് കെട്ടിപ്പടുത്തിരിക്കുന്നതാണ്. എന്നാലിതില്‍ കലയും ഒരാളുടെ മനസുമുണ്ട്. ഇത് നേരിട്ടുവന്നു കണ്ടെങ്കില്‍ മാത്രമേ മനസിലാവുകയുളളൂ. ഇവിടെ പലതരത്തിലുളള വര്‍ക്ക്‌ഷോപ്പുകളും മറ്റും നടത്താനുളള സൗകര്യവുമുണ്ട്. നിങ്ങള്‍ നേരിട്ടു ബന്ധപ്പെടുക. അവരുടെ വെബ്‌സൈറ്റ് www.farmersshare.in എന്നാണ്. അതില്‍ കയറിനോക്കിയാല്‍ ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.