ഈ പറയുന്ന കാര്യവും കാടുമായി എന്താണ് ബന്ധമെന്ന് പ്രത്യക്ഷത്തിൽ തോന്നും. കാടിന്റെ മനശാസ്ത്രമാണ് നമ്മൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇനി മനശാസ്ത്രത്തിൽ കാടിന്റെ ബന്ധം എന്തെന്ന് നോക്കാം.
എന്റെ മകൾ ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ മനശാസ്ത്ര ഗവേഷണ വിദ്യാർത്ഥി ആണ്. അവളുമായി സംസാരിച്ചപ്പോൾ കാടിന് ഇങ്ങനെയുള്ള ഒരു വശം ഉണ്ടെന്ന് മനസ്സിലാക്കുന്നത്. അതുപോലെ തന്നെ, ജോർജ് മാത്യു എന്ന സൈക്കോളജിസ്റ്റ്, അദ്ദേഹം കേരള യൂണിവേഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം മേധാവി ആയിരുന്നു. ദീർഘകാലമായി സൈക്കോളജിസ്റ്റുമാണ്. അദ്ദേഹത്തിന്റെ വീട്ടിൽ മുഴുവൻ കാട് വച്ചു പിടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഒരു അഭിമുഖം നേരത്തെ നമ്മുടെ വീഡിയോ ചാനലിൽ ഇട്ടിരുന്നു.
ആധുനിക കാലം കാണിക്കുന്നത് ചെടികളും വള്ളികളും കാടും എല്ലാം നിറഞ്ഞ അന്തരീക്ഷത്തിൽ താമസിക്കുന്നത് മനുഷ്യന്റെ സമ്മർദ്ദത്തെ കുറക്കുമെന്നാണ്, നമുക്കെല്ലാം ആന്തരിക സമ്മർദ്ദം പുതിയ ജീവിത രീതിയുടെ ഭാഗമായി ഉണ്ട്. അമിത രക്തസമ്മർദ്ദമെല്ലാം അതിന്റെ മൂലകാരണമായി ഉണ്ടാകുന്നതാണ്. ജോലിയുടെ സമ്മർദ്ദം കൂടുന്നതിന് അനുസരിച്ച് ഇത്തരം സമ്മർദ്ദങ്ങൾ കൂടുന്നതായാണ് കാണുന്നത്. ഇത് കുറയ്ക്കാനുള്ള ഒരു മാർഗമായിട്ട് അന്താരാഷ്ട്ര തലത്തിൽ ഒരു ചികിത്സയായി പറയുന്നത് കാട്ടിലൂടെ നടക്കുക എന്നതാണ്. അല്ലെങ്കിൽ കാട്ടിൽ പോയി താമസിക്കുക എന്നതാണ്. സ്ഥിരമായി ഇതിലുടെ നടക്കുകയാണെങ്കിൽ മാനസികമായി വളരെയധികം നമ്മൾ അയയുന്നത് കാണാം.
ഇവിടെ ഞാൻ കുറച്ചു കാലമായി താമസിക്കുന്നു. നാട്ടിലേയ്ക്ക് പോകുന്നത് കുറവാണ്. എന്റെ ജോലിയുടെ ഒരു ഘട്ടത്തിൽ എനിക്ക് അമിത രക്തസമ്മർദ്ദം ഉണ്ടായിരുന്നു. അത് ഒത്തിരി കുറഞ്ഞിട്ടുണ്ട്. എനിക്ക് പണ്ടേത്തെക്കാൾ ഒത്തിരി പ്രശ്നങ്ങൾ ഇപ്പോൾ ഉണ്ടെങ്കിലും, അതുകൊണ്ടുള്ള മാനസിക സമ്മർദ്ദം അധികം ബാധിക്കാറില്ല. അതു എനിക്ക് തോന്നുന്നു ഈ കാട്ടിലെ ഒരു ജീവിതത്തിന്റെ ഗുണമാണ്.
ഇവിടെ പലപ്പോഴും കാട് തെളിച്ചിട്ടാണ് റിസോർട്ടുകൾ വയ്ക്കുന്നത്. അത് വലിയൊരു ക്രിമിനൽ കുറ്റമാണ്. സ്വാഭാവികമായി ഉണ്ടായ വനത്തെ ഇല്ലാതാക്കലാണ് അതിലൂടെ സംഭവിക്കുന്നത്. ഇത് ചെയ്യുന്നത് നിയമവിരുദ്ധവുമാണ്. പണ്ട് കാട്ടിൽ വച്ച ചില ബംഗ്ലാവൊക്കെ അങ്ങനെ തന്നെ നിൽക്കുന്നു. പലതും ഇന്നു കാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി നിലനിൽക്കുന്നു. പക്ഷെ അതിനു ചുറ്റുമുള്ള കാടിന്റെ സ്വഭാവം മാറി വരും. വന്യമൃഗം അടുത്തു വരാതിരിക്കാനുള്ള നടപടികൾ വേണ്ടിവരും.
മലേഷ്യയിലോ മറ്റോ കാട്ടിൽ മനുഷ്യനെ താമസിക്കാൻ അനുവദിക്കുമ്പോൾ എങ്ങനെ പാമ്പിനെ പിടിക്കാം എന്ന് ആദ്യമേ പഠിപ്പിക്കും. അതിനുശേഷം ഏകദശം 7 അടി രണ്ടടി ക്യാബിനാണ് അയാൾക്ക് താമസിക്കാനായി ഉണ്ടാക്കി കൊടുക്കുന്നത്. അതിൽ താമസിച്ച് കാട് ആസ്വദിക്കാൻ വരുന്ന ആളുകൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
നമുക്ക് ഇവിടെ നിസാരമായി ചെയ്യാവുന്ന കാര്യമാണ് നമ്മുടെ പറമ്പിനെ തന്നെ കാടാക്കി മാറ്റുക എന്നത്. അതിന്റെ ചിലവാണ് പലപ്പോഴും മടിച്ചു നിർത്തുന്നത് പക്ഷെ ഈ ചിലവും അതിന്റെ പ്രയോജനവും തമ്മിൽ താരതമ്യപ്പെടുത്തി നോക്കണം. 20 ലക്ഷം രൂപ ശരാശരി കാറിനായി ചിലവാക്കുന്ന ധാരാളം മലയാളികൾ ഉണ്ട്. വീടിനായി 1.5 കോടിയോ 2 കോടിയോ ചിലവാക്കുന്നവരോ ഉണ്ട്. ഒരു പത്ത് ലക്ഷം രൂപ നിങ്ങളുടെ വീടിനു ചുററ്റും പഴവും ചെടിയും വള്ളിയുമെല്ലാം വളർത്താനായി ചിലവാക്കുമെങ്കിൽ - ചെടിയും വള്ളിയും പൂന്തോട്ടമല്ല, ഈ പൈസയ്ക്ക് പൂന്തോട്ടമുണ്ടാക്കാമോ എന്ന് എനിക്ക് അറിയില്ല, പക്ഷെ നിങ്ങൾ ഒരു സ്വാഭാവിക വനത്തിന്റെ മാതൃക ഉണ്ടാക്കുകയാണെങ്കിൽ അതിലൂടെ നടക്കുമ്പോൾ അവിടത്തെ താപനിലയിലെ വ്യത്യാസം അനുഭവിച്ചറിയാം. പൂന്തോട്ടത്തിൽ ഒരു ദിവസം വെള്ളം ഒഴിക്കാതിരുന്നാൽ അതിന്റെ സ്വഭാവം മാറും. ഒരാഴ്ച പെപ്പ് ഓഫ് ചെയ്ത് നിങ്ങൾ പോയാൽ തിരിച്ചു വരുമ്പോൾ പൂന്തോട്ടം കാണില്ല.
ഈ മിയാവാക്കി വനം നാലു വർഷം ആയതാണ്. ഇതിൽ വെള്ളം ഒഴിക്കണ്ട. വളവും വേണ്ട. ഈ അന്തരീക്ഷം എപ്പോഴും ഇവിടെ കാണുകയും ചെയ്യും. അതുപോലെ ഇവിടെ അണ്ണാന്റെ കൂട് പക്ഷിയുടെ കൂട് ഇതൊക്കെ കാണാം. ചിത്രശലഭങ്ങളെ കാണാം. പഴം പഴുക്കമ്പോൾ പക്ഷികൾ വരുന്നു ഇതൊക്കെ കണ്ട് വളരെ സന്തോഷമായി ഇവിടെ ഇരിക്കാൻ പറ്റുന്ന അവസ്ഥ ഉണ്ട്. ഇത് നിങ്ങളുടെ വീട്ടിലേയ്ക്കും കൊണ്ടു വരാൻ പറ്റും.
നമ്മുടെ പ്രശ്നം വളരെ വർഷങ്ങളായി കേരളത്തിലെ മണ്ണിനെ നമ്മൾ ഏകവിളയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ചിലയിടത്ത് വാഴകൃഷി, ചിലയിടത്ത് തെങ്ങ്, ചിലയിടത്ത് റബ്ബർ ചെയ്യുന്നു ഇതെല്ലാം കൂടി പറമ്പിലെ ബാക്കി എല്ലാത്തിനെയും തുടച്ചു മാറ്റിയിട്ടാണ് ചെയ്തിരിക്കുന്നത്. കാട് എന്ന് പറയുന്നത് അടിസ്ഥാനമായി ജൈവവൈവിധ്യമാണ്. പത്ത് അമ്പതോ നൂറോ ഇനം ചെടികളാണ്. കേരളത്തിൽ മൊത്തം മൂവായിരത്തിലധികം ഇനം ചെടികൾ ഉണ്ടെന്നാ പറയുന്നത്. അതിൽ 10-50 എണ്ണമെങ്കിലും പറമ്പിലും പരിസരത്തും വച്ചു പിടിപ്പിക്കാവുന്നതാണ് .
ആയുർവേദം മണ്ടത്തരമാണെന്ന് പറയുന്ന ഒരുപാട് പേർ ഉണ്ട്. അവർ ആലോചിക്കേണ്ടത് അലോപ്പതിയിലും ആയുർവേദത്തിലും ഹോമിയോപ്പതിയിലും മരുന്നുകൾ പലതും നിർമ്മിക്കുന്നത് ചെടിയിൽ നിന്നാണ്. കാഞ്ഞിരം ഇതിൽ നിന്ന് ആയുർവേദത്തിലും അലോപ്പതിയിലും മരുന്നു ഉണ്ടാക്കുന്നുണ്ട്. അലോപ്പതി ഉണ്ടാക്കുന്നത് ശരിയും ആയുർവേദം ഉണ്ടാക്കുന്നത് തെറ്റും എന്നു പറയാനാകില്ല. മഞ്ഞളിന്റെ ഉണങ്ങാനുള്ള ഗുണത്തെക്കുറിച്ച് ആയുർവേദം പണ്ടേ പറയുന്നുണ്ട്, അല്ലെങ്കിൽ നാട്ടുകാർക്ക് അറിയാം. ഗൃഹവൈദ്യം പറയുന്നുണ്ട്, അത് ഗവേഷണം നടത്തി ശരിയാണെന്ന് പറയുമ്പോൾ അത് ശരിയാണെന്ന് പറയാതെ തന്നെ വർഷങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ഒരുപാട് അറിവുകൾ ഉണ്ട്. ട്രൈബൽ മെഡിസിന്റെ അറിവുകൾ എന്തായാലും ഈ ചെടികളെല്ലാം ഏതെങ്കിലും തരത്തിൽ നമ്മളെ സ്വാധീനിക്കുന്നുണ്ട്. നമുക്ക് കുറെ ഗുണങ്ങൾ തരുന്നുണ്ട്.
ആധുനിക ജീവിതത്തിൽ ആളുകൾ മനശാസ്ത്രജ്ഞന്റെ സേവനത്തിനായി ചിലവാക്കുന്നതിനെ പറ്റി അടുത്ത കാലത്താണ് എനിക്ക് ഒരു ധാരണകിട്ടിയിത്. ശരാശരി 2000 രൂപ ഒരു കൺസൾട്ടിങ് എന്ന നിലക്ക് നാലും അഞ്ചും കൺസൾട്ടിങ് ഒരു മാസം എടുക്കുന്ന ആളുകൾ, അതിൽ കൂടുതൽ എടുക്കുന്ന ആളുകൾ, കുടുംബാഗംങ്ങൾ മുഴുവൻ കൺസൾട്ടിങ് എടുക്കുന്നു. ഇവരോടൊക്ക പറയാനുള്ളത് നിങ്ങളിതൊക്കെ കളഞ്ഞിട്ട് എവിടെയെങ്കിലും ഒരു വീടും ഇതുപോലുള്ള അന്തരീക്ഷവുമായി താമസിച്ചു നോക്കുക. വളരെ വലിയ വ്യത്യാസം ഉണ്ടാകും. ഒരുപക്ഷെ ചികിത്സയ്ക്കായി ചിലവാക്കുന്ന പൈസ മതിയാകും ഇതുപോലെ ഒന്ന് ചെയ്ത് സ്വസ്ഥമായി ദീർഘകാലം ജീവിക്കാൻ. ആലോചിച്ച് നോക്കുക.
എനിക്കിത് വളരെ നല്ലൊരു ആശയമായിട്ടാണ് തോനിയിട്ടുള്ളത്. ഇത് എന്റെ ആശയം മാത്രമല്ല. ജപ്പാനിൽ ഇത് ഫോറസ്റ്റ് ബാത്ത് എന്നരീതിയിൽ തന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ആശയമാണ്. അത് എങ്ങനെ നമുക്ക് അനുകൂലമാക്കി എടുക്കാം. നമ്മുടെ സാഹ്ചര്യങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിച്ച് നോക്കണം.