കഴിഞ്ഞയാഴ്ച വന്നൊരു ചോദ്യം മിയാവാക്കി മാതൃകയിൽ കുളം തീർക്കാൻ പറ്റുമോ എന്നാണ്. മിയാവാക്കി മാതൃകയിൽ കുളം നിർമ്മിക്കുക എന്നത് ഞാൻ എങ്ങും കേട്ടിട്ടില്ല, കണ്ടിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടോ എന്നെനിക്ക് അറിയില്ല. പക്ഷെ കുളത്തിന് ചുറ്റുമായി മിയാവാക്കി വനങ്ങൾ വച്ചു പിടിപ്പിക്കാൻ പറ്റും. വനത്തിന്റെ നടുക്ക് കുളം തീർക്കുന്നത് കണ്ടിട്ടില്ല. പക്ഷെ പെര്മാകള്ച്ചറില് അങ്ങനെ ചെയ്യാറുണ്ട്.
പെർമാകൾച്ചർ രീതിയിലുള്ള ഒരു കുളമാണിത്. പെർമാകൾച്ചർ രീതിയിൽ അവർ ചെയ്യുന്നത് വളരെ ചെറിയ കുളമാണ്. കുളം എന്നു പറയാമെന്നേ ഉള്ളൂ, യഥാർത്ഥത്തില് ചെയ്തിരിക്കുന്നത് എളുപ്പവഴിയാണ്. ഒരു വാട്ടർ ടാങ്ക് മുറിച്ച് അതിന്റെ ചുവട് കുഴിച്ചിട്ടിരിക്കുകയാണ്. അതിന്റെ അടിയിൽ നിന്നൊരു പൈപ്പ് കുറച്ചപ്പുറം ഒരു തെങ്ങു കുഴിച്ചു വച്ചിട്ടുണ്ട് ആറടി ആഴത്തിൽ, അതിന്റെ ചുവട്ടിലേയ്ക്ക് കൊടുത്തിരിക്കുകയാണ്, എപ്പോഴെങ്കിലും തുറന്നു വിടണമെങ്കിൽ ആ പൈപ്പു തുറന്നാൽ ഇതിലെ വെള്ളം മുഴുവൻ തെങ്ങിന്റെ ചുവട്ടിൽ വീഴും.
ഈ വെള്ളത്തിൽ ഒരു ഗോൾഡ് ഫിഷിനേയും കാർപ്പിനെയും കൊണ്ടിട്ടിട്ടുണ്ട്. അതിന് കുഞ്ഞുങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. ഈ വെള്ളം മാറുന്നില്ല. സാധാരണ അക്വേറിയത്തിൽ എല്ലാ ആഴ്ചയും വെള്ളം മാറേണ്ടി വരും. ഇവിടെ പക്ഷെ വെള്ളം മാറേണ്ടി വരുന്നില്ല, വെള്ളം ചീത്തയാകുന്നില്ല എന്നർത്ഥം. അതെന്തു കൊണ്ടാണെന്ന് അറിയില്ല. മഴ പെയ്യുമ്പോൾ കുറെ വെള്ളം അതിലേയ്ക്ക് വീഴും, കുറച്ച് വെള്ളം പുറത്തു പോകും. കുറച്ചു വെള്ളം തിരിച്ചു വരും. അല്ലാതെ ആ പൈപ്പ് ഇതുവരെ തുറന്നു വിടേണ്ടി വന്നിട്ടില്ല.
ആ വാട്ടർ ടാങ്കിന്റെ ബാക്കി പകുതി അപ്പുറം കുഴിച്ചിട്ടിരിക്കുകയാണ്. അതിനകത്ത് വേസ്റ്റ് ധാരാളമായിട്ട് ഇടുന്നുണ്ട്. കംപോസ്റ്റ് കുഴി പോലെയാണ് അത് വർക്ക് ചെയ്യുന്നത്. അതിനകത്ത് മണ്ണിരയും മറ്റു സാധനങ്ങളും ഉണ്ട്. ആ മണ്ണിര ഇതിലൂടെ പോകുകയും വരുകയും ചെയ്യുന്നുണ്ട്. മണ്ണിലെ കിളപ്പണിക്കാരണല്ലോ മണ്ണിര. അവർ വന്നിട്ട് ചാണകം കുഴിക്കുകയും, ചെടിയുടെ ചുവട് ഇളക്കി ഇടുകയും ഒക്കെ ചെയ്യുമ്പോഴേക്ക് കംമ്പോസ്റ്റിന്റെ ഒരു പ്രയോജനം നമുക്ക് കിട്ടുന്നുണ്ട്. അപ്പോൾ ഒരു വാട്ടർ ടാങ്ക് കൊണ്ടു തന്നെ ഇത് രണ്ടും സാധിക്കാം.
ഇനിയൊരു പ്രത്യേകത കൂടി ഉള്ളത് ഇവിടെ കുറെയധികം ചെറിയ മിയാവാക്കി വനങ്ങൾ - 3 സെന്റ്, 4 സെന്റ്, 2 സെന്റായിട്ട് ഈ പറമ്പിന്റെ പല ഭാഗത്തായി ചെയ്തിട്ടുണ്ട്. അതിൽ ഒരെണ്ണമാണിത്. ഇതിന്റെ ഏരിയ 800 സ്ക്വയർഫീറ്റാണ്. സാധാരണ ഒരു വീട് 5 സെന്റിൽ വയ്ക്കുകയാണെങ്കിൽ 3 സെന്റ് ആണ് വീടിന് ആകുന്നത് - 1200 സ്ക്വയർഫീറ്റ്. അത് രണ്ട് നില വയ്ക്കുകയാണെങ്കിൽ 2500 സ്ക്വയർഫീറ്റ് വരുന്ന വീടുവയ്ക്കാം. ബാക്കി അവശേഷിക്കുന്നത് രണ്ടു സെന്റാണ്. ആ രണ്ടു സെന്റ്, 800 സ്ക്വർ ഫീറ്റാണ്, ഈ 800 സ്ക്വയർഫീറ്റിൽ എന്തൊക്കെ നടാമെന്നു നോക്കാം.
മിയാവാക്കി മാതൃകയിലാണെങ്കിൽ, ഇവിടെ കാണുന്ന കുറച്ച് സാധനങ്ങൾ, മരച്ചീനി, ചേമ്പ്, വാഴ - വാഴ തന്നെ നാലോ അഞ്ചോ എണ്ണമുണ്ട്, കുലച്ചു നിൽപ്പുണ്ട് മൂന്നു വാഴ. പ്ലാവ്, ചെറി, നാടൻ പേര, ഇഞ്ചി, ചാമ്പ, കിളിഞാവൽ, ചേന, കുറുന്തോട്ടി, കാന്താരിമുളക്. നാരകങ്ങൾ മൂന്നോ നാലോ ടൈപ്പ് ഉണ്ട്. മൂട്ടിപ്പഴമുണ്ട്, കവുങ്ങ്, മരച്ചീനി, ആത്ത, മുള്ളാത്ത, കമ്പിളി നാരകം, ഒടിച്ചുകുത്തി നാരകം, മാവ് ആറേഴെണ്ണം ഉണ്ട്, ഏലം നട്ടിട്ടിട്ടുണ്ട്. അമ്പഴം രണ്ടു ടൈപ്പ് ഉണ്ട്, മൾബറി ഉണ്ട്.
പിന്നെ പുറകിലായി തൊണ്ടിപ്പഴമാണ്. ഇരുമ്പൻ പുളി, സ്റ്റാർ ഫ്രൂട്ട്, മുരിങ്ങ, ലോലോലിക്ക, അഗത്തിച്ചീര.. ഇങ്ങനെ കുറേയുണ്ട്. ഇനിയും ഇതിനകത്ത് നടാൻ സ്ഥലമുണ്ട്. മരച്ചീനിയൊക്കെ നൂറെണ്ണം വയ്ക്കേണ്ട കാര്യമില്ല. ഒരു മാസം രണ്ടോ മൂന്നോ മരച്ചീനിയേ ആവശ്യം വരികയുള്ളു. അപ്പോൾ ഒന്നോ രണ്ടോ കമ്പ് എല്ലാ മാസവും കുത്തിക്കൊടുത്താൽ എല്ലാ മാസവും ഒന്നോ രണ്ടോ മരച്ചീനി പറിച്ചു കൊണ്ടിരിക്കാം. കുറെയൊക്കെ എലി തിന്നുപോകും. അതൊക്കെ ഒഴിവാക്കാനൊക്കാത്ത കാര്യങ്ങളാണ്. എന്നാലും ഈ സാധാനങ്ങളെല്ലാം വളരും. ഇതിന്റെ കൂടെ ഒരുപാട് ആയുർവേദ മരുന്നുകൾ വളരുന്നുണ്ട്.
സ്ഥലം ഇല്ലാത്തതു കൊണ്ട് കൃഷി ചെയ്യില്ല എന്നു പറയണ്ട. രണ്ടു സെന്റ് സ്ഥലത്തും കൃഷി ചെയ്യാൻ പറ്റും. രണ്ടു സെന്റ് സ്ഥലത്ത് വനം ഉണ്ടാക്കാൻ പറ്റും. ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കാൻ പറ്റും. കറിവേപ്പ്, പുതിന, പച്ചമുളക്, കാന്താരിമുളക് അങ്ങനെ സ്ഥിരമായിട്ട് വീട്ടിൽ വേണ്ടുന്ന സാധനങ്ങളെല്ലാം അതിൽ നിന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും. ഇതിന് വലിയൊരു സാമൂഹികഭാഗം കൂടി ഉണ്ട്. കേരളത്തിൽ ഒരുലക്ഷം ആളുകൾ രണ്ടു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുകയാണെങ്കിൽ രണ്ടായിരം ഏക്കർ വനമാകും.
ഒരു സ്ഥലത്ത് വനം തെളിയ്ക്കുമ്പോൾ, സിറ്റികളിൽ താമസിക്കുന്ന ആളുകൾക്കൊക്കെ അതിനോട് എങ്ങനെയെങ്കിലും പ്രതികരിക്കണമെന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള ചെറിയ പ്രതികരണമാണെങ്കിലും അതിന്റെ ഫലം വളരെ വലുതായിരിക്കും. ഈ സ്ഥലത്തിന്റെ താഴ്ഭാഗം പാറയാണ്. ഒന്നാന്തരം പാറ. പാറയുടെ പുറത്ത് രണ്ടടിയോളം വേസ്റ്റും മണ്ണുമൊക്കെ നിറച്ചിട്ടാണ് ഞങ്ങളീ കൃഷി ചെയ്യുന്നത്. അല്ലാതെ ഇത് വളരെ മനോഹരമായ കൃഷിയ്ക്കു പറ്റിയ സ്ഥലം ഒന്നുമല്ല. ഇവിടെ ഇത്രയും നനവുള്ളത് കൊണ്ടും, ഇത്രയും ചപ്പുചവറുകൾ ഉള്ളതുകൊണ്ടും, ഇവിടെ മഴ പെയ്യുമ്പോൾ ഈർപ്പം നിൽക്കുന്നുണ്ട്. മണ്ണിന്റെ സ്വാഭാവികമായിട്ടുള്ള വളക്കൂറും വളരെയധികം കൂടിയിട്ടുണ്ട്.
അപ്പോൾ ഏതു സ്ഥലത്തും കൃഷി ചെയ്യാമെന്നാണ് ഞാന് വീണ്ടും പറയുന്നത്. അതിന് ഒരുപാട് സ്ഥലവും വേണ്ട, ഒരുപാട് വളമോ അങ്ങനെയുള്ള സാധനങ്ങളോ ഒന്നും വേണ്ട. സ്വാഭാവികമായ പരിസരം നമ്മുടെ വീടിനോട് ചേർന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റിയാൽ ഈ സാധനങ്ങളെല്ലാം നമുക്ക് ചെയ്യാൻ പറ്റും. ആസ്വദിക്കാൻ പറ്റും. ഈ രണ്ട് സെന്റ് സ്വന്തം നിലയ്ക്ക് തന്നെ മാനേജ് ചെയ്യാവുന്നതേ ഉള്ളൂ. അതിന് വലിയൊരു പണിയും വേണ്ട. ഇത് പരീക്ഷിച്ചു നോക്കുക.