ഞാനിപ്പോൾ കായംകുളത്തിനടുത്ത് പുല്ലുകുളങ്ങര കൊല്ലകൽ തപോവനം എന്നുപറയുന്ന വീട്ടിലാണ്. ഇവിടത്തെ പ്രത്യേകത ഇവിടെ മൂന്നു തലമുറയായി എല്ലാവരും ചെടികളിൽ താത്പര്യമുളള ആളുകളാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെ നട്ടുപിടിപ്പിച്ചുളള ചെടികളാണ്.
ദേവകി അമ്മ: മൂന്നല്ല, നാല് തലമുറ.
എം. ആർ. ഹരി: ഞാനിവിടെ മൂന്നാമത്തെ പ്രാവശ്യമാണ് വരുന്നത്. ഇവിടെയുളള മരങ്ങൾ മുഴുവൻ കാണണമെങ്കിൽ ഇനിയൊരു പത്തു പ്രാവശ്യം കൂടി വന്നാലും കണ്ടുതീരില്ല. കാരണം കഴിഞ്ഞ തവണ വന്നപ്പോൾ കാണാഞ്ഞ കുറേ മരങ്ങൾ പുതുതായിട്ട് ഇവിടെ വന്നിട്ടുണ്ട്. നമ്മുടെ എല്ലാം പേടി വീടിനു ചുറ്റും മരം വെച്ചാൽ പാമ്പു വരുമോ, ആക്രമിക്കുമോ എന്നുളളതാണ്. ഇവിടെ വീടിനു ചുറ്റും മരങ്ങളാണ്. ഒരുമാതിരി ലോകത്തെല്ലായിടത്തു നിന്നുമുളള മരങ്ങളുണ്ട്. ഇതിങ്ങനെ നിറഞ്ഞുനിൽക്കുകയാണ്. രാവിലെ ഞങ്ങൾ വരുമ്പോൾ പക്ഷികളുടെ ഒരു ബഹളമായിരുന്നു. പ്രകൃതിയെ കുറിച്ച് പഠിക്കുന്ന ഒരാൾക്ക് ഇവിടെ വന്നു കഴിഞ്ഞാൽ ഇതൊരു സബോറട്ടറി ആണ്. ഒരു മാസം താമസിച്ചാലും പഠിച്ചു തീരുമെന്ന് തോന്നുന്നില്ല. ഇവിടെ കുട്ടികളൊക്കെ തന്നെ ബോട്ടണി ആണ് പഠിക്കുന്നതെന്നു തോന്നുന്നു, അല്ലേ ?
ദേവകി അമ്മ: അതെ.
എം. ആർ. ഹരി: നമുക്കതിന്റെ ചരിത്രം എന്താണെന്നൊന്നു ചോദിക്കാം. അമ്മ എങ്ങനെയാണിതിലേക്കു വന്നതൊന്നു പറയാമോ ?
ദേവകി അമ്മ: എന്റെ മൂത്തത് ഏഴും ആങ്ങളമാരാണ്. എനിക്കിപ്പോൾ 87 വയസായി. കൊച്ചിലേ എങ്ങനെ ഇതിലേക്കു വന്നു എന്നു പറഞ്ഞാൽ, അന്ന് എണ്ണ, വെളിച്ചെണ്ണ, കുഴമ്പ് ഒക്കെ വീടുകളിൽ കാച്ചുന്ന കാലമാണ്. അന്ന് അതിനുളള മരുന്നെടുക്കുമ്പോൾ എന്റെ അച്ഛൻ പറയും ഇതിന്റെ തൈ കൂടി ഇങ്ങു കൊണ്ടുവരാൻ, അപ്പോൾ അടുത്ത തവണ പോകണ്ടല്ലോ എന്ന്. അപ്പോൾ അതിന്റെ കൂട്ടത്തിൽ മുല്ലയോ റോസോ ചെമ്പകമോ എന്തെങ്കിലും കൊണ്ടുവന്നിട്ട് നീ നോക്കിക്കോണം നിനക്ക് പൂ വെക്കാനെന്നു പറഞ്ഞ് തരും. അങ്ങനെ ഇതിനകത്തുളള വാസന അച്ഛൻ തന്നെ കുഞ്ഞിലേ തന്നിട്ടുണ്ട്. അങ്ങനെ കൊച്ചിലേ തൊട്ട് എല്ലാം നടാനും അതിപ്പോൾ പൂച്ചെടിയായാലും വെണ്ടയോ മുളകോ ആയാലും നമ്മൾ നടുന്നതിലൊരു ഇലയോ പൂവോ ഉണ്ടായിക്കാണുമ്പോൾ ഉളള സന്തോഷം അത് ചെയ്തവർക്കേ അറിയാനാവൂ. പിന്നെ എനിക്കൊരു നാൽപത്തിരണ്ട് വർഷത്തിനു മുമ്പൊരു കാർ ആക്സിഡന്റ് ഉണ്ടായി. ഓണാട്ടുകര എന്നു പറയുന്ന ഈ സ്ഥലത്ത് കൃഷിയൊക്കെ ഉളള സ്ഥലമാണ്. കൃഷിക്കളമെന്നാണ് നമ്മൾ പറയുന്നത്. കച്ചിയൊക്കെ വിരിക്കാനുളള കളങ്ങളാണ് നടുക്കൊന്നും കാണില്ല. എനിക്കീ ആക്സിഡന്റ് വരുന്നതിനു മുമ്പുതന്നെ കൃഷി എല്ലാം നശിച്ചല്ലോ, അപ്പോ ഈ കളങ്ങളൊക്കെ വെറുതേ കിടന്നു. രണ്ടുവർഷം നടക്കാനൊന്നും വയ്യാതെ ഞാനിവിടെ ഇരുന്നു. അപ്പോൾ ഞങ്ങളുടെ ഈ വെച്ചാരാധാനയാണ് എനിക്കൊരു മനസ് തന്നത്. ഈ സ്ഥലമൊക്കെ വെറുതേ കിടക്കുകയല്ലേ എന്തെങ്കിലുമൊക്കെ നടാനായിട്ട്.
ചുമ്മ കിടക്കുവല്ലേ...അങ്ങനെ നടുക്കെ നിന്ന് ഓരോന്ന് നട്ടു കൊച്ച് ബക്കറ്റിനകത്ത് വെള്ളമൊഴിച്ചു. അത് പിടിച്ചു. പിടിച്ചു കാണുമ്പോ നമുക്കൊരു സന്തോഷം.
എം. ആർ. ഹരി: ഇവിടത്തെ മണ്ണ് ഇത്തിരി വ്യത്യാസമാണ്. ഈ ആലപ്പുഴയിലെ മണ്ണ് പൊതുവെ.
ദേവകി അമ്മ: എനിക്ക് ഡൽഹിയിലെ അവാർഡ് കിട്ടിയത് തന്നെ ഈ ചൊരിമണലിൽ ഇത് വച്ചു പിടിപ്പിച്ചു എന്നുള്ളതിനാണ്. അങ്ങനെ ഓരോന്ന് പിടിച്ച് വന്നപ്പോ നമുക്കും മാനസികമായിട്ട് സന്തോഷം ആയി. ഞാൻ നടക്കാനും പഠിച്ചു. ഇതിങ്ങനെ വനമാകാണമെന്ന് ഉദ്ദേശിച്ചില്ലെങ്കിലും ഇങ്ങനെ നട്ടു നനച്ചു വളർത്തി ആലപ്പുഴ ജില്ലക്ക് ഒരു വനം ഉണ്ടാക്കി കൊടുത്തു.
എം. ആർ. ഹരി: കേരളത്തിലെ വനം ഇല്ലാത്ത ജില്ലയാണ്. മണ്ണാറശാല മാത്രേ വനമായിട്ടുള്ളൂ.
ദേവകി അമ്മ: അങ്ങനെ ഒരു വനം ഉണ്ടാക്കി കൊടുത്തു. ഞാൻ അറിഞ്ഞോ അറിയാതെയോ എനിക്ക് വേണ്ടിട്ടോ എന്തോ ഭൂമിദേവിയെ സേവിച്ചതിന്റെ ഫലം അമ്മ എനിക്ക് തരുന്നു.
എം. ആർ. ഹരി: അങ്ങനെയാണ് അമ്മ അതിനെ കാണുന്നത്. ഇപ്പോൾ ഇവിടെ എത്ര ചെടി കാണും എന്നുള്ളതിന് കണക്കുണ്ടോ? ഒരു കണക്കുമില്ലല്ലേ ?
ദേവകി അമ്മ: കണക്കില്ല
എം. ആർ. ഹരി: ഞാൻ ഇപ്പോ ഒരു പത്ത് മിനിറ്റിനകം തന്നെ ഇവിടെ ഈ മുറ്റത്തു തന്നെ ഒരു നൂറു സ്പീഷീസ് കണ്ടു.
ദേവകി അമ്മ: പിന്നെ ഒരു കാര്യമുണ്ട്. ഈ ഭൂമി തരുന്ന ഓരോ പുല്ലും നമുക്ക് ഔഷധമാണ്. നമ്മൾ അത് അറിയുന്നില്ല. അറിയാത്തതിനെ കള എന്നുപറയുന്നു. നാളെയായിരിക്കും അതിനെ പറ്റി അറയുന്നത്. വലിച്ച് പറിച്ച് കളഞ്ഞ കമ്യൂണിസ്റ്റ് ചെടി തന്നെ ചിക്കൻഗുനിയ വന്നപ്പോൾ ഔഷധം ആയില്ലേ. അങ്ങനെ ഓരോന്നും ഭൂമിദേവി നമുക്ക് തന്നിരിക്കുന്നതാണ്. ഈ മുത്തങ്ങ തന്നെ അതിന്റെ കിഴങ്ങ് പാല് കാച്ചി കുഞ്ഞുങ്ങൾക്ക് കൊടുക്കാനുമൊക്കെ. പിന്നെ എണ്ണ - പണ്ട് ഞങ്ങൾ ഇതിന്റെ കിഴങ്ങും പുളിയുടെ ഞരമ്പും കൂടിയിട്ട് എണ്ണ കാച്ചിയ അമ്മ പറയും രാസ്നാദി എണ്ണയുടെ ഗുണമാണെന്ന്.
എം. ആർ. ഹരി: പുളിയുടെ ഞരമ്പ് എന്നു പറയുമ്പോ പുളിയുടെ ആ തോടിനകത്തെയാണോ ?
ദേവകിഅമ്മ: അല്ലല്ല.. ഇലയുടെ ഞരമ്പ്. എണ്ണ കാച്ചിയാൽ രാസ്നാദി എണ്ണയുടെ...അങ്ങനെ നമുക്ക് തന്നിരിക്കുന്ന ഓരോന്നും നമുക്ക് പ്രയോജനമുള്ളതാണ്. പക്ഷേ, നമ്മൾ അറിയുന്നില്ല. ഇവിടെ തന്നെ വന്ന് ഓരോരുത്തർ ഓരോന്ന് ചോദിക്കുമ്പോൾ ഉണ്ടോന്ന് നോക്ക് എന്നു പറയും. അങ്ങനെ അവർ കണ്ടു പിടിച്ചാണ് പറയുന്നത്. നമ്മൾ ഇന്നതെന്ന് വച്ചല്ല വച്ചു പിടിപ്പിക്കുന്നത്. കാണുന്നതെന്തും, എന്തായാലും. അത് വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് നോക്കാറില്ല. കുറെയൊക്കെ പിടിക്കും. അപൂർവ്വമായവ ഈ വെള്ളപ്പൊക്കത്തിന് പോയിട്ടുണ്ട്. കൃഷ്ണനാൽ എന്ന ഒരെണ്ണം ഉണ്ട്. അതിന്റെ ഇല മുഴുവൻ കുമ്പിൾ കുത്തിയ മട്ടിലാണ്. ഇവിടെ ഉണ്ടായിരുന്നു.
അതിപ്പോൾ ഇല്ലേ ? അത് ഞാൻ കൊണ്ടുവന്നു തരാം.
അങ്ങനെ അപൂർവങ്ങളായിട്ടുളള ചിലതെല്ലാം പോയി. അവിടെ ഒരു തോടായിരുന്നു. പിന്നോട്ട് തെക്കോട്ട് ഒരു തോടുണ്ടായിരുന്നു. എല്ലായിടവും നികത്തിയിരിക്കുന്നതുകൊണ്ട് വെള്ളത്തിന് എങ്ങോട്ടും ഒഴുകാൻ ഇടമില്ലല്ലോ. ഇവിടെ തന്നെ കെട്ടി നിൽക്കും. കെട്ടിനിന്ന് ചെടികളുടെ വേരൊക്കെ അഴുകിപ്പോകുന്നു. ഒരു ചുണ്ടയ്ക്കായ്ക്ക് പോലും മാവേലിക്കരയിലേക്ക് ഓട്ടോയിലാണ് പോകുന്നത്.
എം. ആർ. ഹരി: ഞാനീ ചുണ്ടയ്ക്ക കണ്ടു. ദശമൂലാരിഷ്ടം ഉണ്ടാക്കനെടുക്കുന്നതല്ലേ ഇതിന്റെ വേര്?
ദേവകി അമ്മ: പിന്നല്ലാതെ അമ്പലത്തിലെ പൂജയ്ക്കെടുക്കും. പുണ്യാഹത്തിനെടുക്കും. പിന്നെ മരണത്തിന് അനുബന്ധിച്ചുളള ചടങ്ങിന് എടുക്കും.
എം. ആർ. ഹരി: കുറേ അവാർഡുകൾ കിട്ടിയല്ലേ? അതിൽ സന്തോഷമുണ്ടല്ലേ?
ദേവകി അമ്മ: ഏറ്റവും സന്തോഷമുണ്ട്. ഞാൻ വെറുമൊരു വീട്ടമ്മയായിരുന്നു. എന്റെ ഭർത്താവിനും അഞ്ചു മക്കൾക്കും ഇഷ്ടാനുസരണമുള്ള ആഹാരം വച്ചുകൊടുത്തും ഒരു വീട്ടമ്മയായിട്ട് കഴിഞ്ഞതാ. അങ്ങനെയുള്ള ഞാൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കാണാനും പ്രസിഡന്റിനെ കാണാനും അവർ പ്രത്യേകം ക്ഷണിക്കാനും ഒക്കെ അവസരം തന്നത് ഈ മണ്ണാ.
എം. ആർ. ഹരി: നിമിത്തമായത് ആക്സിഡന്റായിരുന്നു. അല്ലേ?
ദേവകി അമ്മ: അതെ.
എം. ആർ. ഹരി: അക്ഷരാർത്ഥത്തിൽ ഒരു ആക്സിഡന്റിലൂടെ ജീവിതം മാറി മറിഞ്ഞു.
ദേവകി അമ്മ: അതെ.
എം. ആർ. ഹരി: അതുകൊണ്ട് നാട്ടുകാർക്ക് ഒരുപാട് ഗുണമുണ്ടായി. അത്രയധികം ചെടികൾ നട്ടുപിടിപ്പിച്ചതു കൊണ്ട്.
ദേവകി അമ്മ: അതെയതെ. അവർക്ക് ഔഷധ ചെടികൾ ചോദിച്ച് ഇവിടെ വന്ന് നോക്കുമ്പോഴാണ് അറിയുന്നത്. നിങ്ങൾ ഉണ്ടോന്ന് നോക്ക് എന്നു പറയും. കാരണം നമുക്ക് തന്നെ അറിഞ്ഞൂട ഈ പുല്ലിന്റെ ഇടയിലൊക്കെ കിളിച്ച് നിൽക്കുന്നത് എന്താണെന്ന്. പിന്നെ ഞാനീ തൊഴിലുറപ്പുകാരെ ഈ മണ്ണിൽ കയറ്റാൻ സമ്മതിക്കില്ല. അവരുടെ കുറ്റമല്ല. അവർക്കു കൊടുക്കുന്ന നിർദേശം. ഒരു ചെറൂളയ്ക്കു പോലും എത്ര ദൂരെ നിന്നാണെന്നോ ആളുകൾ വരുന്നത്.
എം. ആർ. ഹരി: എന്റെ പറമ്പിലേക്ക് പോകുന്ന വലിയൊരു വഴിയുണ്ട്. അവർക്ക് വല്ലപ്പോഴും ആകപ്പാടെ കിട്ടുന്ന പണിയാണ്. അവർ വൃത്തിയാക്കുക എന്നുവെച്ചാൽ രണ്ടുവശത്തുമുളള മുഴുവൻ സാധനങ്ങളും പിഴുതുകളയും.
ദേവകി അമ്മ: ഇവിടെയും ഉണ്ടത്. ഈ തോടിന്റെ അപ്പുറവും എന്റെ വസ്തു തന്നെയാണ്.
എം. ആർ. ഹരി: നേരത്തെ ഇവിടെ ഇത്ര പക്ഷികളുണ്ടായിരുന്നോ?
ദേവകി അമ്മ: നേരത്തെയും പക്ഷി ഇല്ലെന്ന് പറയാൻ ഒക്കത്തില്ല.
എം. ആർ. ഹരി: ഇപ്പോ വളരെ കൂടുതലാണല്ലോ.
അമ്മ: അതതെ. ഇപ്പോ ഈ മരങ്ങൾ ഇത്രയായില്ലേ? മറ്റേത് സൈഡിലല്ലേ ഉളളൂ മരങ്ങളൊക്കെ. അതിൽ കൂട് കെട്ടിയിരുന്നു. ഇല്ലെന്ന് പറയാൻ പറ്റില്ല. പോരാത്തതിന് കൊയ്ത്തുള്ളപ്പോ തത്ത, മൈന ഒക്കെ ഇഷ്ടംപോലെ വരുമല്ലോ. കണ്ടത്തിൽതന്നെ വന്ന് എളളിന്റേതും നെല്ലിന്റേതുമൊക്ക കതിര് മുറിച്ച് എടുക്കുമായിരുന്നു. ഇപ്പോൾ മയിൽ വരും, കുരങ്ങ് വരും.
എം. ആർ. ഹരി: അമ്മ എത്ര നാൾ ഇതിനകത്തുകൂടെ നടക്കുമായിരുന്നു?
ദേവകി അമ്മ: ഞാൻ ഇപ്പോഴും ഇപ്പോ പിന്നെ അത്ര അങ്ങ് പോവില്ല. എന്നാലും ഒരു വർഷത്തിന് മുമ്പക്കെ പോയിട്ടുണ്ട്. പിന്നെ ഇങ്ങനെ ആരെങ്കിലും വരുമ്പോൾ ഇവിടെയൊക്കെ പോകും.
എം. ആർ. ഹരി: എനിക്ക് രണ്ടുകാര്യം ചോദിക്കാനുള്ളത്, എന്താന്നുവച്ചാൽ ഈ മരം വയ്ക്കുന്നവർക്ക് എല്ലാമുളള പേടി - മരം വയ്ക്കാതിരിക്കുന്നതിന് ആളുകൾ പറയുന്ന ഒരു കാരണം ഈ പാമ്പൊക്കെ വീട്ടിലോട്ട് വന്നാൽ എന്തും ചെയ്യും എന്നുള്ളതാണ്.
ദേവകി അമ്മ: അത് മരത്തിന്റെ കീഴിൽ എങ്ങനെ പാമ്പ് വരും. ഇപ്പോ തന്നെ പടിഞ്ഞാറോട്ട് പോയാൽ കാണാം. ഞാൻ അതിന്റെ അടിയെല്ലാം തെളിച്ച് ഇട്ടിരിക്കുകയാണ്. കാട് ആണെന്ന് പറഞ്ഞാലും ആണ്ടും കാലോം വൃത്തിയാക്കണം. എന്നുവെച്ചാൽ രണ്ട് പ്രാവശ്യം വൃത്തിയാക്കണം. ഇവിടെ സ്ഥിരം ഒരു ജോലിക്കാരൻ ഉണ്ട്. ഇന്നും ഉണ്ട്.അയാൾ തെങ്ങിന് വളം വയ്ക്കുകയാണ്. അങ്ങോട്ട് പോകുമ്പോ അറിയാം അടിക്കാട് തെളിച്ചിട്ടേക്കുകയാണ്. ഈ കാവ് എന്നു പറഞ്ഞാൽ നമ്മൾ അങ്ങോട്ട് നോക്കാതിരുന്നാൽ പക്ഷികൾ കൊണ്ടിടുന്നതും മൃഗങ്ങൾ കൊണ്ടിടുന്നതും എല്ലാം കിളിച്ചങ്ങ് വളർന്നു ഏതാണ്ടൊരു വൻകാടാകും. ഇത് നമ്മുടെ വീടല്ലേ? നമുക്കൊരു സുരക്ഷ വേണ്ടേ ? അങ്ങോട്ട് നടക്കുമ്പോ അറിയാം, അടിക്കാട് തെളിച്ചിട്ടേക്കും.
എം. ആർ. ഹരി: അപ്പോ പേടിക്കാൻ ഒന്നുമില്ല.
ദേവകി അമ്മ: പശു ഉള്ളതുകൊണ്ട് പോച്ചയും പറിച്ച് കൊടുക്കും.
എം. ആർ. ഹരി: പിന്നെയുള്ളത് ഈ മരം താഴെ വീഴോന്നുള്ള പേടിയാണ് ആളുകൾക്ക്..
അമ്മ: ചിലതൊക്കെ ഒടിഞ്ഞൊക്കെ വീഴും..പറയാൻ പറ്റില്ല..വലിയ കാറ്റൊക്കെ വരുമ്പോ ചിലത്തിന്റെ കമ്പൊക്കെ ഒടിഞ്ഞു വീഴും..പക്ഷെ ഇതുവരെ വീടിന് നാശം ഒന്നും വന്നിട്ടില്ല.
എം. ആർ. ഹരി: അമ്മയെ നമ്മൾ പരിചയപ്പെട്ടു ഇനി അമ്മയുടെ മകൾ തങ്കമണി ടീച്ചർ- തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിലെ അധ്യാപികയായിരുന്നു...എൻവയൺമെന്റൽ സയൻസ് ആയിരുന്നു വിഷയം. നമുക്ക് ടീച്ചറിനെ കൂടെ പരിചയപ്പെടാം. ടീച്ചറിന്റെ ബാക്ഗ്രൗണ്ട് ഒന്നു പറയാമോ?
ടീച്ചർ: ബാക്ഗ്രൗണ്ട് ഇപ്പോ അമ്മ പറഞ്ഞില്ലേ ഇവിടത്തെ ആ ഒരു കാർഷികരീതി. അച്ഛന്റെ വീട്ടിലും അതുതന്നെയാണ്. അപ്പോ ഞാൻ ചെറുപ്പത്തിലേ ഇതെല്ലാം കണ്ട് ഇതിലെല്ലാം പങ്കുചേർന്ന്, അമ്മ പറഞ്ഞില്ലേ..അമ്മയും അമ്മൂമ്മയും കൂടെയാണ് നെൽകൃഷിയുടെ മേൽനോട്ടം മുഴുവൻ നടത്തിയിരുന്നത്. അമ്മാവന്മാരൊക്കെ ദൂരെയുള്ള സ്ഥലത്ത് പൂഞ്ചയുടെ അവിടെ കണ്ടപുറത്ത് എന്നൊക്കെയുള്ള സ്ഥലത്ത് അവിടെയൊക്കെ പോകും. പക്ഷേ, ഇവിടെ ചുറ്റുപാടുമുള്ളത് വിരിപ്പിന്റെ കൃഷി, എള്ളിന്റെയും നെല്ലിന്റെയും എല്ലാം അമ്മയും അമ്മൂമ്മയും കൂടിയ നോക്കി നടത്തിയിരുന്നത്. അങ്ങനെയാണ് ഈ കളത്തിന്റെ അതൊക്കെ പറഞ്ഞത്. അമ്മയെ വിളിക്കാൻ അല്ലെങ്കിൽ ചായ കൊണ്ടുകൊടുക്കാൻ ഉണ്ണാൻ വരാൻ പറയാൻ ഒക്കെ നമ്മൾ ഓടി പോകുന്നു. ചെറുപ്പത്തിൽ അതൊരു അത്ര ദൂരം ആയിട്ടൊന്നും തോന്നത്തില്ല. പടിഞ്ഞാറും കിഴക്കുമെല്ലാമുണ്ട്. ഇതെല്ലാം കണ്ട് ഈ കൃഷിരീതിയൊക്കെ കണ്ട് ഞാൻ സിവിൽ എഞ്ചിനിയറിങ് തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ തന്നെയാണ് പഠിച്ചത്. സിവിൽ എഞ്ചിനിയറിങ് കഴിഞ്ഞിട്ട് ഞാൻ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് എൻവയോൺമെന്റ് എഞ്ചിനിയറിങ്ങിലാണ്. അപ്പോ എൻവയോൺമെന്റ് എഞ്ചിനിയറിങ്ങിന്റെ കുറച്ചൊക്കെ നമ്മൾ ബിടെക്കിൽ തന്നെ പഠിക്കുന്നതാണ്. അന്ന് ബി.എസ്.സി എഞ്ചിനിയറിങ്ങാണ്. അപ്പോ ഈ വാട്ടർ കൺസർവേഷൻ അത്ര വന്നിട്ടില്ലെങ്കിൽ പോലും പല കാര്യങ്ങളും പഠിക്കുമ്പോൾ ഇത് നമ്മുടെ നാട്ടിൽ പ്രാവർത്തികമായിരുന്നതാണ് ചെറുപ്പത്തിൽ പക്ഷേ എല്ലാം മാറിതുടങ്ങി. എം. ടെക്കിന് എൻവയോൺമെന്റ് എഞ്ചിനിയറിങ്ങ് പഠിച്ച് കഴിഞ്ഞപ്പോ അന്ന് ബി.ടെക്ക് ഫസ്റ്റ് ക്ലാസ് മതി ജോലി കിട്ടാൻ. ഞാൻ പാസ്സായ ഉടനെ തന്നെ പാലക്കാട് എൻ. എസ്. എസ് എഞ്ചിനിയറിങ് കോളേജിൽ ജോലി കിട്ടി. ഞങ്ങളുടെ ഫൈനൽ ഇയറിൽ എഞ്ചിനിയറിങിന് പഠിക്കുമ്പോ തിരുവനന്തപുരത്ത് പേപ്പാറ ഡാമിൽ നിന്ന് വെള്ളം കൊണ്ടുവരുന്നത് ഒക്കെ ഓർമയുണ്ടായിരിക്കും.
എം. ആർ. ഹരി: ഞാനന്ന് ചെറുപ്പമാണ്.
തങ്കമണി ടീച്ചർ: അത് ശരിയാണ്. അപ്പോ വെള്ളമില്ലാത്ത അവസ്ഥ നല്ലവണ്ണം അറിയാൻ പറ്റിയതാണ്. ഞങ്ങൾ അന്ന് ബക്കറ്റും എടുത്തുകൊണ്ട് നടക്കും കോളേജ് ഹോസ്റ്റലിൽ നിന്ന് ഏതെങ്കിലും വീട്ടിൽ കിണറുണ്ടൊന്ന് നോക്കിയാണ് പോകുന്നത്. അതുകഴിഞ്ഞപ്പോ പൈപ്പ് എല്ലായിടത്തുമൊക്കെ വന്നു. കിണറ് കൊതുക് പരത്തുന്നതാണെന്ന് പറഞ്ഞ് അന്ന് ഗവൺമെന്റ് തന്നെ അതൊക്കെ അടച്ചുമൂടി. പാലക്കാട് ചെന്നപ്പോഴാണ് വാട്ടർ ഷോട്ടേജിന്റെ പ്രോബ്ലം ശരിക്കും മനസ്സിലാക്കുന്നത്. അതൊക്കെയായിരിക്കണം ആദ്യം ഞാൻ വാട്ടർ കൺസർവേഷൻ എന്നൊരു ചിന്തയിലേക്കാണ് പോകുന്നത്. ആറ് വർഷം കഴിഞ്ഞ് ഞാൻ ഞങ്ങളുടെ കോളേജിലേക്ക് തന്നെ 1986ൽ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ തന്നെ ജോയിൻ ചെയ്തു.
എം. ആർ. ഹരി: എം.ടെക് എവിടെയാണ് ചെയ്തത്?
തങ്കമണി ടീച്ചർ: എം.ടെക്കും തിരുവനന്തപുരം കോളേജിൽ തന്നെയാണ് ചെയ്തത്. അവിടെ വന്നു കഴിഞ്ഞിട്ടാ. പിന്നീട് എടുത്താൽ മതിയായിരുന്നു എം.ടെക്. ഇപ്പോഴാണ് ജോയിൻ ചെയ്യാൻ എം.ടെക് ഒക്കെ വേണ്ടത്. അന്ന് തന്നെ ഈ എൻവയൺമെന്റൽ എഞ്ചിനീയറിംഗിൽ താൽപര്യമുണ്ട്. അങ്ങനെ എം.ടെക് എടുത്തതും അതിലാണ്. അങ്ങനെ വാട്ടർ കൺസർവേഷനിൽ തുടങ്ങി, കോളേജിൽ തന്നെ പല ആക്ടിവിറ്റിയൊക്കെ ചെയ്ത് ടാങ്കുകളൊക്കെ ക്ലീൻ ചെയ്ത്, പുരപ്പുറത്തുനിന്നുള്ള വെള്ളം അവിടേയ്ക്ക് ഡൈവർട്ട് ചെയ്ത്, ഞങ്ങൾക്ക് മലയാള മനോരമയുടെ പലതുള്ളി അവാർഡ് ജലസംരക്ഷണത്തിനുളളത്. അതുകിട്ടി. അമ്മയ്ക്ക് നാഷണൽ അവാർഡ് കിട്ടിയത് പറഞ്ഞില്ലേ, ഞാൻ പാലക്കാട്ടായിരിക്കുമ്പോഴാണ് അമ്മയ്ക്ക് കാർ ആക്സിഡന്റ് സംഭവിച്ചത്. രണ്ടല്ല, മൂന്ന് വർഷത്തോളം നടക്കാതിരുന്നു. പതുക്കെ നടക്കാൻ തുടങ്ങി, ഓരോന്നൊക്കെ നട്ടു പിടിപ്പിച്ചപ്പോൾ ഞങ്ങളും അച്ഛനും എല്ലാവരും ഓരോന്നും അമ്മയുടെ കൈയ്യിൽ കൊണ്ടു കൊടുക്കും. അങ്ങനെ ഓരോന്നോരോന്നായി അമ്മ നട്ടു പിടിപ്പിച്ചു. കോളേജിൽ ചെന്നപ്പോൾ കോളേജിൽ ആദ്യത്തെ സ്ഥലമൊരു മൊട്ടക്കുന്നാണ്. ഞങ്ങളുടെ സെക്കന്റ് ഇയറിലാണ് അവിടെ ഗ്രീനിങ്ങ് ദ ക്യാമ്പസ് തുടങ്ങിയത്. ഞാൻ തിരിച്ച് ചെന്നപ്പോഴേയ്ക്കും കുറേയൊക്കെ പോയി. എനിക്ക് ഇരിക്കാൻ കിട്ടിയ ബിൽഡിംഗ് എന്ന് പറയുന്നത്, ഒരു നാല് കെട്ടിന്റെ അങ്കണം പോലുള്ള, ഒരു ലോകോസ്റ്റ് ബിൽഡിംഗ്, രഘുവീരൻ സാറ് പണിതതാണ്, ആ നടുമുറ്റത്ത്, ഇവിടെത്തെ ഓർമ്മ, ആദ്യം നമ്മൾ ഒരു തുളസിത്തറ ഉണ്ടാക്കി. പിന്നെ അമ്മ പാരിജാതം, പവിഴമല്ലി, ഗന്ധരാജൻ ഇതൊക്കെ ഓരോന്നും കവറിലാക്കി ഇവിടെനിന്നും തന്നയയ്ക്കും, അവിടെ കൊണ്ടുപോയി നടും. അങ്ങനെ പതുക്കെ അത് നിറഞ്ഞു. ബാക്കി ഉളളിടത്തോടൊക്കെ നടാൻ തുടങ്ങിയപ്പോൾ വട്ടാണോ, എഞ്ചിനീയറിംഗ് കോളേജ്, ഗവൺമെന്റ് കോളേജ്, എന്തിനാ ഇവിടെ ഇതൊക്കെ നടുന്നതെന്ന് അമ്മയോടും ചോദിച്ചതാണ്. പക്ഷെ നമുക്ക് എന്തോ, നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു കാര്യമായിരിക്കും. വാട്ടർ കൺസർവേഷൻ കൂടെ ചെയ്ത് വന്നപ്പോഴേയ്ക്കും, വച്ചു പിടിപ്പിച്ച മരങ്ങളെല്ലാം കിളിർക്കാൻ തുടങ്ങി, കിളികൾ വരാൻ തുടങ്ങി അപ്പോൾ ഞങ്ങളുടെ കോളേജിലെ മരങ്ങളെയെല്ലാം ഐഡന്റിഫൈ ചെയ്ത് ഒരു ബുക്ക് ഇറക്കി. ട്രീസ് ഓഫ് ക്യാമ്പസ്. അത് ഫ്രണ്ട്സ് ഓഫ് ട്രീസ് എന്നൊരു സംഘടന തിരുവനന്തപുരത്തുണ്ടായിരുന്നു, അവരാണ്.
എം. ആർ. ഹരി: കേരളത്തിൽ മുഴുവൻ ഉണ്ടെന്ന് തോന്നുന്നു. കോട്ടയം ആണ് അതിന്റെ ബെയ്സ്.
തങ്കമണി ടീച്ചർ: അല്ല. ഇത് കരുണാകരൻ സാറൊക്കെ പണ്ടേ തുടങ്ങിയതാ. അവരൊരു മൂന്നാൽ പേരായിട്ട് തുടങ്ങിയതാണ്. യൂണിവേഴ്സിറ്റിയിൽ ഞാൻ വാല്യുവേഷൻ പോയപ്പോൾ അവിടെ കുറേ ടീച്ചേഴ്സ് ഉണ്ടായിരുന്നു. അന്നവിടെ ഉച്ചയ്ക്ക് ഒരു ഫങ്ഷൻ ഉണ്ട്. കോളേജിലെ മരങ്ങളൊക്കെ ഐഡന്റിഫൈ ചെയ്ത് പുസ്തകമാക്കി അതിന്റെ പ്രകാശനം നടത്തുകയാണ്. അങ്ങനെ ഞാൻ പോയി അവരെ കണ്ടു. ഞങ്ങളുടെ കോളേജിലും കുറേ മരങ്ങളൊക്കെ നട്ടിട്ടുണ്ട്. നിങ്ങൾ ഒന്ന് വരാമോ എന്ന് ചോദിച്ചു. ഐ.എഫ്.എസ് ഒക്കെ ആയിരുന്ന കൃഷ്ണൻനായർ സാർ, വേലായുധൻ സാർ തുടങ്ങിയവരൊക്കെ വന്ന് മരങ്ങളൊക്കെ ഐഡന്റിഫൈ ചെയ്ത് അവർ ഓരോ വർഷവും ഓരോ സ്ഥാപനത്തിലും ഇങ്ങനെ ഇറക്കും. അങ്ങനെ ട്രീസ് ഓഫ് എഞ്ചിനീയറിംഗ് കോളേജും ഇറക്കി. മരങ്ങളൊക്കെ വരുമ്പോ ഇവിടത്തെ പോലെ കിളികളൊക്കെ വരും. തണൽ സംഘടനക്കാർ അവിടെ വന്ന് അവരുമായിട്ട് സംസാരിച്ചപ്പോഴാണ് ഇഷ്ടം പോലെ കിളികളിവിടെ ഉണ്ടല്ലോ, ബേഡ്സിനെ എല്ലാം ഐഡന്റിഫൈ ചെയ്ത്, 'ഫെദേഡ് ഫ്രണ്ട്സ് ഓഫ് ഔവർ ക്യാമ്പസ്' എന്നൊരു പുസ്തകം, അതും പബ്ലിഷ് ചെയ്തു. അത് കഴിഞ്ഞ് ബട്ടർഫ്ലൈസ്. 'ഫ്ലൈയിംഗ് വ്യൂവേഴ്സ് ഓഫ് ഔവർ ക്യാമ്പസ്' എന്നും പറഞ്ഞ്. ഇതിനെല്ലാം മുന്നേ തന്നെ 2002 ലെ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് ഞങ്ങളുടെ കോളേജിന് കിട്ടി. അമ്മയ്ക്ക് കിട്ടിയിരിക്കുന്നത് 2003ലേതാണ്. പക്ഷെ ഇത് രണ്ടും തരുന്നത് 2005ൽ ഡൽഹിയിൽ വച്ച്. അവർക്ക് തന്നെ വലിയൊരു കൗതുകമായിരുന്നു. അമ്മയും മകളും നാഷണൽ അവാർഡ് സ്വീകരിക്കുന്നു അതും ഒരേ വേദിയിൽ വച്ച് തന്നെ.
എം. ആർ. ഹരി: ഒരാൾ ഇൻസ്റ്റിറ്റിയൂഷനും ഒരാൾ വീട്ടിൽ നിന്നും.
തങ്കമണി ടീച്ചർ:- അതെ. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. അത് കഴിഞ്ഞ് മലയാള മനോരമ പലതുള്ളി അവാർഡ്, വനമിത്ര പിന്നെ അല്ലാതെ തന്നെ ഗാന്ധിദർശന്റെ വിശ്വമിത്ര അവാർഡ്, ഫ്രണ്ട്സ് ഓഫ് ട്രീസിന്റെ തന്നെ ഒരു അവാർഡ്, അല്ലാതെ തന്നെ കോളേജിൽ നിന്നൊക്കെ കുറേ കിട്ടിയിട്ടുണ്ട്. അവാർഡൊക്കെ വന്നപ്പോഴാ ഇതിനൊക്കെ എന്തോ വിലയുണ്ട് എന്നൊക്കെ ആൾക്കാർക്കൊക്കെ അറിയാൻ തുടങ്ങിയത്. ഞാൻ എൻവയൺമെന്റൽ എഞ്ചിനീയറിംഗ് പഠിച്ച് ആ ഡിവിഷന്റെ ഹെഡ്ഡായിരുന്നു. അത് കഴിഞ്ഞ് കേരളാ സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മെമ്പർ സെക്രട്ടറി ആയിട്ട് കുറച്ച് കാലം വർക്ക് ചെയ്തിരുന്നു. നമ്മുടെ ഐഡിയാസൊക്കെ ഇപ്ലിമെന്റെ ചെയ്യാനും അവസരം കിട്ടി എന്നൊരു ഭാഗ്യമുണ്ട്. ഇതൊക്കെ പഠിക്കുമ്പോൾ ഇവിടെ കൊണ്ടുവന്ന് അമ്മയോട് ഓരോന്ന് പറയുമ്പോൾ, ഇതൊക്കെ നമ്മൾ പണ്ട് ചെയ്തിരുന്ന കാര്യങ്ങളാണല്ലോ നമ്മുടെ നാട്ടിൽ നടന്ന കാര്യങ്ങളാണല്ലോ എന്നു പറയും. ഒരു തൈ കൊണ്ടു വന്നാൽ തന്നെ പറയും ഇതിവിടെ ഉണ്ടായിരുന്നതാണ്. അങ്ങനെ നമ്മൾ തമ്മിലുള്ള ഒരു ഇൻട്രാക്ഷൻ, അമ്മയുടെ കൈയ്യിൽ നിന്നും ഇങ്ങോട്ട് കിട്ടിയതും, എന്റെ പഠനത്തിൽ നിന്നും കുറച്ച് അമ്മയ്ക്ക് പറഞ്ഞു കൊടുക്കുകയും. പിന്നെ കുറച്ച് കാലം കഴിഞ്ഞപ്പോ, നമുക്കറിയാം പരിസ്ഥിതിയൊന്നുമല്ല. ഇപ്പോ ഗ്ലോബൽ വാമിംഗ് കഴിഞ്ഞ് ക്ലൈമറ്റ് ചെയ്ഞ്ചിൽ എത്തി നിൽക്കുന്നു. അങ്ങനെ വരുമ്പോഴത്തേക്കും ഒരു മരത്തിന്റെ പ്രാധാന്യം - ഇപ്പോ ഞാൻ പറയും പണ്ട് നമ്മൾ പ്രകൃതിയെ ആരാധിച്ച് ഓരോ സസ്യത്തിനെയും ആരാധിച്ചു എന്ന് പറയുന്നത് പോലെ മരത്തിനെ ആരാധിക്കേണ്ടതാണ്. ഏതൊക്കെ സർവ്വീസാണ് മരം തരുന്നത്.
അമ്മയ്ക്ക് 2003 ലെ നാഷണൽ അവാർഡിനു പുറമേ ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, 2018 ലെ നാരീശക്തി അവാർഡ്, കേരളത്തിലെ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ ഹരിത വ്യക്തി അവാർഡ്, വനമിത്ര അവാർഡ് കിട്ടിയിട്ടുണ്ട്. ആലപ്പുഴ ഫോറസ്റ്റിന്റെ പ്രകൃതിമിത്ര അവാർഡ്. നാരീശക്തി അവാർഡ് കിട്ടിക്കഴിഞ്ഞിട്ട്, വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ ഒരു വനം വച്ചു പിടിപ്പിച്ചു. അവിടെയും അമ്മയുടെ കൂടെ ഞാനും പോകുന്നുണ്ട്. 2020 ജനുവരിയിൽ രാഷ്ട്രപതി അവിടെ നിന്നും പ്രത്യേകം വിളിപ്പിച്ചു. ആ സമയത്ത് ദൽഹിയിൽ വളരെ തണുപ്പ്. ഫ്ലൈറ്റ് പോലും മാറ്റി വിടുന്നു. ഒരാഴ്ച്ചപോലും കിട്ടുന്നില്ല. ഒരു ശനിയാഴ്ച അറിയുന്നു, വ്യാഴാഴ്ച ചെല്ലണമെന്ന്. ഗവൺമെന്റിലെ പ്രോട്ടോകോൾ സെക്ഷൻ എല്ലാം അറേഞ്ച് ചെയ്തുകൊള്ളും. തണുപ്പ് കാരണം അമ്മയ്ക്ക് ദേഹം വയ്യാതെ വന്ന്, അദ്ദേഹം വെയ്റ്റ് ചെയ്തിരുന്ന് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡ്രിപ്പ് ഒക്കെ കൊടുത്തിട്ട് വന്നാണ് അവാർഡ് മേടിച്ചത്. ആ ഫോട്ടോ കണ്ടാൽ അറിയാം. ഡ്രിപ്പിട്ടതിന്റെ ഇതൊക്കെ കൈയ്യിലുണ്ട്. ഫങ്ങ്ഷൻ പോയപ്പോൾ അമ്മ സ്വെറ്റർ എടുത്തിരുന്നില്ല. അദ്ദേഹത്തിന്റെ മെഡിക്കൽ ടീംസിൽ ഉണ്ടായിരുന്ന ഒരു മലയാളി, ആമ്പുലൻസിൽ കൊണ്ടുപോയി. അതൊക്കെ വല്ലാത്തൊരു സ്റ്റോറിയാണ്. രാഷ്ട്രപതി നേരിട്ട് വിളിക്കുന്നത് കൊണ്ട് എന്തായാലും പോകാമെന്ന് വച്ച് പോയി. ആ രണ്ട് ദിവസം ടെമ്പറേച്ചർ കുറച്ച് ബെറ്ററായിട്ട് നിന്നിരുന്നു. മകളുണ്ടെന്ന് പറഞ്ഞപ്പോൾ എന്നെ തന്നെ ട്രാൻസിലേറ്ററായിട്ട് വിളിപ്പിച്ചു. എന്തിനാണിതൊക്കെ നട്ടുപിടിപ്പിക്കുന്നതെന്ന് ഇവിടെ വരുന്നവർ കുറേ കാലമായി ചോദിക്കുമ്പോൾ, അമ്മ പറയുന്ന ഒരു കാര്യം, നമുക്ക് ശ്വസിക്കാൻ ഓക്സിജൻ വേണം. അത് കൊച്ചു കുഞ്ഞുങ്ങൾക്കു വരെ അറിയാം. എനിക്ക് ശ്വസിക്കാൻ എത്രമാത്രം ഓക്സിജൻ വേണം, ഏതൊക്കെ മരം എത്രമാത്രം തരുമെന്ന് എന്നൊക്കെ നെറ്റിൽ നോക്കിയാൽ അറിയാം.
ദേവകി അമ്മ - അത് കേട്ട് രാഷ്ട്രപതി തന്നെ ആദ്യം കൈയ്യടിച്ചു.
തങ്കമണി ടീച്ചർ: അതെ. നിങ്ങൾക്ക് ആവശ്യമുളളത്ര ഓക്സിജൻ കിട്ടാൻ വേണ്ടത്ര പച്ചപ്പ്, മരമെന്ന് പറയുന്നില്ല. പച്ചിലകൾ. പച്ചിലയാണല്ലോ ഓക്സിജൻ തരുന്നത്. ചെടിയോ, സസ്യമോ, പുല്ലുപോലും നിങ്ങൾക്ക് അത്രയും നട്ടു പിടിപ്പിക്കാമല്ലോ. അതേ പോലെ തന്നെ, ആഹാരം. അന്നജം ആദ്യം ഉണ്ടാക്കുന്നത് ഒരു പച്ചിലയാണ്. നിങ്ങളുടെ ആഹാര രീതിക്ക് അനുസരിച്ച് ഭക്ഷ്യശൃംഖലയുടെ ഏത് ലെവലിൽ നിന്നാണ് ആഹാരം എടുക്കുന്നത്, അതനുസരിച്ച് നിങ്ങളുടെ പച്ചപ്പിന്റെ - നോൺ വെജിറ്റേറിയൻ ആണെങ്കിൽ നമുക്കറിയാം കൂടുതൽ വേണം, വെജിറ്റേറിയൻ കുറച്ച് മതി എന്നൊക്കെ. അപ്പോൾ നിങ്ങളുടെ ആഹാരത്തിനാവശ്യമായ അത്രയും പച്ചപ്പ് നിങ്ങൾ നട്ടുപിടിപ്പിക്കുക. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ പച്ചപ്പിന്റെ അഭാവം കൊണ്ടല്ലേ? ഓരോരുത്തരും അങ്ങനെ വിചാരിച്ചാൽ തീരാവുന്നതേയുളളു എന്ന് ഇവിടെ വരുന്നരോടൊക്കെ ചോദിക്കും. അത് രാഷ്ട്രപതിയോട് ട്രാൻസിലേറ്റ് ചെയ്ത് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ കൈയ്യടിച്ചു. ഒരുപക്ഷെ അതുകൊണ്ടായിരിക്കും, ഇത് 2003 ജനുവരി 3 നായിരുന്നു. ജനുവരി 26 ന് അദ്ദേഹം രാഷ്ട്രത്തോട് ചെയ്യുന്ന പ്രസംഗത്തിൽ നാല് പേരുടെ പേര് പറഞ്ഞതിൽ ഒന്ന് അമ്മയുടേതാണ്. അത് കഴിഞ്ഞ് ഫെബ്രുവരി 12ന് ഉപരാഷ്ട്രപതിയുടെ അവിടെ വച്ച് ഒരു ഫംങ്ഷൻ ഉണ്ടായിരുന്നു. കുറേ കാര്യങ്ങൾ ഓൾ ഇന്ത്യാ ലവലിൽ ഡോക്യുമെന്റ് ചെയ്തതിൽ, പണ്ഡിറ്റ് ദീൻ ദയാൽ ശർമ്മ ഫൗണ്ടേഷന്റെ ഭാഗമായിട്ട് കേരളത്തിൽ നിന്ന് അമ്മയെ മാത്രമാണ് വിളിപ്പിച്ചത്. അവിടെ പോയി. വനമുണ്ടാക്കിയ കാര്യം അദ്ദേഹത്തിന്റെ ട്വിറ്ററിൽ ഇട്ടിട്ടുണ്ട്. തിരികെ നാട്ടിൽ വന്നശേഷം മാർച്ച് 2 ന് കോഴിക്കോടുള്ള ഡിഫറന്റ്ലി ഏബിൾഡ് കുട്ടികളുടെ ഫംങ്ഷന്. ഞാൻ പറഞ്ഞു അമ്മ ട്രെയിനിൽ കയറിയിട്ട് വർഷങ്ങളായി. കാല് വയ്യാത്തതുകൊണ്ട് യാത്ര എങ്ങനെയെന്നറിഞ്ഞുകൂട. പക്ഷെ അമ്മ പറഞ്ഞു, ഞാനും ഒരു വികലാംഗ അല്ലേ. എങ്ങനെയെങ്കിലും നമുക്ക് പോകാം. ആ കുഞ്ഞുങ്ങളെ കൊണ്ട് ഒരു മരം നടീക്കുക. കുറ്റിയാടി പുഴയുടെ തീരത്ത്. ആ കുഞ്ഞുങ്ങളെ അവർ നോക്കുന്നത്, പല സംഘടനകളുടെ ആൾക്കാർ, ഡോക്ടേഴ്സ്, ഗവൺമെന്റ് ആൾക്കാർ. ഞങ്ങൾ ആ ദിവസം മുഴുവൻ ആ കുട്ടികളുടെ കൂടെ അവിടെ ഇരുന്നു. അമ്മ എടുത്ത് കൊടുത്ത തൈകളാണ് ആ കുട്ടികൾ നടുന്നത്. അത് കഴിഞ്ഞ് മാർച്ച് 20ന് മറ്റൊരു ആദരവുണ്ടായിരുന്നു. അതിന് ശേഷം ലോക്ഡൗണായി. കൊറോണയുടെ കാലത്ത് ഓക്സിജന്റെ ആവശ്യകത ഈയൊരു സന്ദേശം, നമ്മൾ ഓക്സിജൻ ഇല്ലെന്ന് പറഞ്ഞ് നടക്കുമ്പോൾ എഞ്ചിനീയറിംഗ് പശ്ചാത്തലം വച്ച് ഞാൻ പറയുന്നത് നമ്മൾ ഓരോ കാര്യം ചെയ്യുമ്പോഴും എത്രമാത്രം ഈ മരങ്ങളെ, സസ്യങ്ങളെ ആശ്രയിക്കുന്നു എന്ന് ആലോചിക്കാം. നിങ്ങൾക്ക് ലക്ഷ്വറി ആസ്വദിക്കാം, പക്ഷെ കുറ്റബോധം തോന്നരുത്. ഗാന്ധിജിയുടെ തത്വമാണ് എപ്പോഴും അവസാനം എത്തുന്നത്. നമുക്ക് വേണ്ടത് മാത്രം എടുക്കുക. നമ്മൾ എടുക്കുന്നതെല്ലാം ഭൂമീദേവിക്ക് തിരിച്ച് കൊടുക്കുക. അതിനെനിക്ക് ഈ പശ്ചാത്തലം ഒത്തിരി സഹായിച്ചിട്ടുണ്ട്. കൂടുതലും ഈ ജലസംരക്ഷണം, കാർബൺ ഫുട്ട്പ്രിന്റ്, കാർബൺ ക്രെഡിറ്റ് പോലെയുള്ള ഓരോന്നും. പലർക്കും അറിയാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്, നമ്മളെല്ലാം വിചാരിക്കുന്നത് കാർബൺഡൈ ഓക്സൈഡാണ് ചൂട് കൂട്ടുന്നത് എന്നൊക്കെ. കാർബൺ ഡൈഓക്സൈഡ് മാത്രമല്ല, ഹരിതഗ്രഹ വാതകങ്ങൾ എല്ലാം ഉണ്ടല്ലോ. മരം ഈ കാർബൺ ഡൈഓക്സൈഡ് എടുത്തിട്ട് ഓക്സിജൻ പുറത്തു വിടുന്നു. അത്രയും ലളിതമായിട്ടുള്ള കാര്യം മാത്രമേ പലർക്കും അറിയത്തുള്ളൂ. പക്ഷെ അതല്ല. നമ്മൾ ഒരു മരത്തിന്റെ തടിയെടുത്ത് കഴിഞ്ഞാൽ, ഡ്രൈ വെയ്റ്റിന്റെ ഏകദേശം 50 ശതമാനം കാർബൺ സ്റ്റോർ ചെയ്ത് വച്ചിരിക്കുകയായിരിക്കും. ഈ കാർബൺ സ്റ്റോർ ചെയ്ത് അതിൽ ഇരിക്കുന്ന അത്രയും കാലം, അത്രയും കാർബൺ അന്തരീക്ഷത്തിൽ വന്ന് കുഴപ്പമുണ്ടാക്കുന്നില്ല. ഞങ്ങളുടെ ഫാമിലിയിൽ എടുത്തു കഴിഞ്ഞാൽ, അമ്മയുടെ നാല് തലമുറ വരെയായി. നമ്മൾ എല്ലാവരേയും കാർബൺ ന്യൂട്രലാക്കാനുള്ള അത്രയും സസ്യസമ്പത്ത് ഈ മരങ്ങളും ചെടികളുമെല്ലാം തരുന്നുണ്ട്. അങ്ങനെ ഓരോരുത്തർക്കും നമ്മുടെ വ്യക്തിഗത കാർബൺ ബഹിർഗമനം എത്ര, അത്രയും സംഭരിക്കാനുള്ള തടി നിങ്ങൾ ഉണ്ടാക്കുക. പിന്നെ വേറൊരു കാര്യം പറയാറുള്ളത്- ചില എക്സ്ട്രീം പരിസ്ഥിതി സംഘടനകൾ പറയും മാഡം അത് പറയരുതെന്ന്- മരം വെട്ടരുതെന്ന് ഞാൻ പറയില്ല. നമ്മൾ പല കാര്യത്തിനും മരം ഉപയോഗിക്കുന്നുണ്ട്. അമ്മയുടെ മുലപ്പാൽ കുടിച്ചാണ് നമ്മൾ ഓരോരുത്തരും വളരുന്നത്. അല്ലാതെ പറ്റത്തില്ല. പണ്ട് കാലത്ത് ഇവിടെ തന്നെ എട്ടുകെട്ടായിരുന്നു. ഭിത്തി പോലും തടികൊണ്ടുള്ളതാണ്. അന്ന് മരം വെട്ടുന്നതിനെ ആരും ഒന്നും പറയത്തില്ല. എന്റെ ബ്രദറിന് വീടുവയ്ക്കാൻ നേരത്ത് തേക്ക് ഇവിടെനിന്നും വെട്ടിയിട്ടുണ്ട്. അവന് ഓർമ്മവച്ച നാളിൽ നട്ടതാണ്. കുഞ്ഞുങ്ങൾ ഇവിടെ നട്ട മരങ്ങളുണ്ട്. അവർക്ക് ആവശ്യം വരുമ്പോൾ അതിലൊന്ന് എടുക്കാം. നിങ്ങൾ നട്ടുകൊണ്ടേയിരിക്കുക. ഈ തടി വെട്ടിയിട്ട് തീയെരിക്കുന്നില്ല. അങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഈ കാർബൺ ഡയോക്സൈഡ് പുറത്ത് വരുന്നുള്ളൂ. നമ്മൾ ഉപയോഗിക്കുന്ന കസേര പ്ലാസ്റ്റിക്കിന് പകരം തടിയാണെങ്കിൽ അതും കാർബൺ സംഭരിക്കുകയാണ്. അത്രയും കാർബണെ നമ്മൾ മാറ്റിനിർത്തുക. ഇപ്പോ തന്നെ മരങ്ങൾ കൂടുതൽ നടാനായിട്ട് ഇവിടെ സ്ഥലം ഇല്ലാതായിട്ടുണ്ട്. ഒന്ന് രണ്ടെണ്ണം വെട്ടി അതിനെ ഫർണീച്ചർ ആക്കി നമ്മൾ ഉപയോഗിച്ചാൽ, അതിലും നമ്മൾ കാർബൺ സ്റ്റോർ ചെയ്തിരിക്കുന്നു. അടുത്തതിനെ നമ്മൾ നട്ടുപിടിപ്പിക്കുന്നു. അതൊരു രീതിയാണ്. നമുക്ക് സർക്കാർ കാടിനെ ആശ്രയിക്കേണ്ടി വരുന്നില്ല. നമ്മുടെ പണ്ടത്തെ കാർഷിക വനവത്കരണം ഉണ്ടല്ലോ. ഇവിടൊക്കെ അതായിരുന്നു. ആ ഒരു രീതിയെ സർക്കാറിന് പ്രോത്സാഹിപ്പിച്ചു കൂടേ?
എം. ആർ. ഹരി: ജനങ്ങളെ അതിലേക്ക് കൊണ്ടുവരണം.
തങ്കമണി ടീച്ചർ: അതെ. അല്ലാതെ വെട്ടരുത് എന്ന നിയമം വന്നുകഴിഞ്ഞാൽ ഞാൻ മരം നടത്തില്ലെന്ന് എന്റെ ഒരു സഹപ്രവർത്തക തന്നെയാണ് പറഞ്ഞത്. ഞാൻ പറഞ്ഞു, അങ്ങനെ പറ്റില്ല.
എം. ആർ. ഹരി: തങ്കമണി ടീച്ചർ പറഞ്ഞത് വളരെ ശരിയാണ്. ഇപ്പോ ചന്ദനം തന്നെ ഉദാഹരണം. ചന്ദനം നമുക്ക് വെട്ടിവിൽക്കാൻ അവകാശമില്ല. എന്നാൽ വെട്ടി ഗവൺമെന്റിന് ലേലത്തിന് കൊടുക്കാം. അതുകൊണ്ട് കേരളത്തിൽ കുഴിച്ച് വയ്ക്കാത്ത ഏക മരം ചന്ദനമാണ്. ഏറ്റവും കൂടുതൽ ഷോർട്ടേജുള്ള മരവുമാണ്.
തങ്കമണി ടീച്ചർ - ഷോർട്ടേജും ഉണ്ട്, ചന്ദനം ഇവിടെ നിലനിൽക്കുകയും ചെയ്യും.
എം. ആർ. ഹരി: ഓസ്ട്രേലിയയിലൊക്കെ അവർ ഇത് കൃഷി ചെയ്യുന്നുണ്ട്.
തങ്കമണിടീച്ചർ : ഉണ്ട്. ഇഷ്ടംപോലെ ഉണ്ട്.
എം. ആർ. ഹരി: ലക്ഷക്കണക്കിന്, കോടിക്കണക്കിന് രൂപയുടെ സാധനമാണ്. ഒരു പാട് പേർക്ക് ജീവിക്കാനുള്ള മാർഗ്ഗമാണ്.
തങ്കമണി ടീച്ചർ : ഞാൻ പണ്ട് പോകുമ്പോഴും ഇത് പറയുമായിരുന്നു. നിങ്ങളിതൊന്ന് ജനകീയവൽക്കരിക്കണം. അത്തരത്തിലായിക്കഴിഞ്ഞാൽ എല്ലാവരും ഈ ഫീൽഡിലോട്ട് വരും.
എം. ആർ. ഹരി: ഒരു പത്ത് വർഷത്തെ കാര്യമേ ഉള്ളൂ. അത് കഴിഞ്ഞാൽ ആവശ്യത്തിന് ചന്ദനമുണ്ടെങ്കിൽ ഈ വെട്ടുന്ന കാര്യം വരുന്നില്ല.
എം. ആർ. ഹരി: മൂന്നാം തലമുറ പ്രകൃതി സംരക്ഷണക്കാരല്ലേ? ബോട്ടണിയല്ലേ പഠിക്കുന്നത്. ബോട്ടണി എടുക്കാൻ കാര്യമെന്താ?
കുട്ടി - ബോട്ടണി എടുക്കാൻ കാര്യമെന്താണെന്ന് വച്ചാൽ, പത്താം ക്ലാസിലൊന്നും ബോട്ടണി എടുത്ത് പോകാമെന്ന് വിചാരിച്ച ഒരാളല്ല ഞാൻ. പ്ലസ് വൺ പ്ലസ് ടൂ ആയപ്പോഴത്തേക്കും ടോപ്പിക്കിനോട് എനിക്ക് എന്തോ ഒരു താത്പര്യം തോന്നി. ഒരു കാര്യം പഠിക്കുമ്പോൾ അതിനെ പറ്റി കൂടുതൽ അറിയണമെന്ന താത്പര്യംകാണുമല്ലോ. അങ്ങനെ തോന്നിയ ഒരേയൊരു വിഷയം ബോട്ടണിയാണ്. സാറിനോട് ബോട്ടണി എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ, ബോട്ടണി സാർ തന്നെ പറഞ്ഞു വേണ്ട, വേറെ ഏതെങ്കിലും സബ്ജക്ട് എടുക്ക് എന്ന്. ഇംഗ്ലീഷ് എടുക്ക്. ഞാൻ പറഞ്ഞു, സാറേ എനിക്ക് അതൊന്നും പഠിക്കാനുള്ള താത്പര്യമില്ലാതെ അതെടുത്ത് കഴിഞ്ഞാൽ എങ്ങനെ എന്ന്. എല്ലാവരും ചോദിക്കും വീട്ടിൽ നിന്നും പറഞ്ഞിട്ടാണോ എന്ന്. അങ്ങനെ ആരും എന്നോട് പറഞ്ഞിട്ടില്ല. അമ്മ എന്നോട് ചോദിച്ചത് നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചിട്ടാണോ ബോട്ടണി എടുക്കുന്നതെന്ന്. മറ്റുള്ളവർ നിനക്ക് ഇഷ്ടമുള്ള സബ്ജക്ട് എന്തുവാണെന്ന് വച്ചാൽ എടുത്തോ എന്നാണ്. ബോട്ടണി പഠിച്ചപ്പോൾ എനിക്ക് മനസ്സിലായി ഒരുപക്ഷെ ഞാനിവിടെ ജനിച്ചുവളർന്നതുകൊണ്ട് എന്നോ എന്നിൽ ഇതിനോടൊരു ഇഷ്ടം ഉണ്ടായി. അത് ഞാൻ തിരിച്ചറിഞ്ഞത് പ്ലസ് ടൂ കഴിഞ്ഞശേഷമാണ്. പിന്നെ പഠിച്ചകാര്യം വീട്ടിൽ തന്നെ ഉണ്ട്. പെട്ടെന്ന് ഓടിപ്പോയി അതിന്റെ ഒരു ഫോട്ടോ എടുക്കുന്നു അത് ക്ലാസ് ഗ്രൂപ്പിലൊക്കെ ഇടുന്നു. അതൊക്കെ ഒരു പ്രത്യേക സന്തോഷമായിരുന്നു.
എം. ആർ. ഹരി: ഇപ്പോ ഇവിടെല്ലാം കൂടെ എത്ര സ്പീഷീസ് കാണും. ഒരു എസ്റ്റിമേഷൻ.
സ്പീഷീസ് ഒന്നും ഞാനങ്ങനെ..
എം. ആർ. ഹരി: എടുത്തിട്ടില്ല അല്ലേ. എന്നാലും ഏകദേശം ഒരു ഊഹം..
അങ്ങനെ അറിയില്ല. ഞാൻ ബോട്ടണി പഠിച്ചെന്ന് പറയുമ്പോൾ ഒരുപാട് പേര് വന്ന് ചെടികളുടെ ശാസ്ത്രീയ നാമമൊക്കെ ചോദിക്കും. ഞാൻ ആക്ച്വലി ബോട്ടണിയിലൊരു ശിശു എന്ന് പോലും പറയാറായിട്ടില്ല.
- ഇവിടെ വന്ന് കഴിഞ്ഞാൽ ഒരുമാതിരിപ്പെട്ടവരെല്ലാം ശിശു ആയിപ്പോകും. കാരണം ഇത്രയധികം ചെടികളുടെ ഒരു ശേഖരം എനിക്ക് തോന്നുന്നു പശ്ചിമ ഘട്ടത്തിൽപോലും- ഇത്രേം കുറഞ്ഞ ഒരു ഏര്യയിൽ- അഞ്ചേക്കറിൽ ഇത്രയധികം വൈവിധ്യമുള്ള സസ്യങ്ങൾ കാണാനുള്ള സാധ്യത വളരെ കുറവാണ്. (അനുജത്തിയോട്) മോൾക്കും ബോട്ടണി തന്നെയാണോ താല്പര്യം. തീരുമാനം ആയില്ല അല്ലേ?
അനുജത്തി - തീരുമാനം ആയി.
എം. ആർ. ഹരി: പ്ലസ് വണ്ണല്ലേ ആയത്
അനുജത്തി - അതെ.
എം. ആർ. ഹരി: ചെടികൾ ഇതുപോലെ നിലനിർത്താൻ നിങ്ങളെപ്പോലുള്ള രണ്ടുപേര് ഉള്ളത് വലിയ കാര്യമാണ്. കാരണം ഈ സബ്ജക്ടിൽ താൽപര്യം ഉള്ളതുകൊണ്ട്, ഇതിനൊരുപാട് പൊട്ടൻഷ്യൽ ഉണ്ട്. അത് നമുക്ക് ഉപയോഗിക്കാനുള്ള ഔപചാരിക പരിശീലനവും അറിവുമൊക്കെ കിട്ടിക്കഴിയുമ്പോൾ അത് നമുക്ക് ഉപയോഗിക്കാൻ പറ്റുമെന്നത് വലിയ ഒരു കാര്യമാണ്. ചെടിയെക്കുറിച്ച് മനസ്സിലാക്കി, അതിന്റെ സാധ്യതയെക്കുറിച്ച് മനസ്സിലാക്കി വരുമ്പോൾ, മറ്റൊരാളാണെങ്കിൽ ഈ കാടൊക്കെ വെട്ടിത്തളിച്ച് ഈ സ്ഥലം മറ്റെന്തെങ്കിലിനും ഉപയോഗിക്കുമായിരുന്നു. നിങ്ങൾക്ക് ഇതിന്റെ മൂല്യം അറിയാവുന്നത് കൊണ്ടും, ഇതിന് പുറകിലുള്ള കഷ്ടപ്പാട് അറിയാവുന്നത് കൊണ്ടും, ഇത് ഇങ്ങനെ തന്നെ നിലനിർത്തുമെന്നതിൽ ഒരു പ്രതീക്ഷയുണ്ട്.
ടീച്ചർ - ഈ മരം മേലാപ്പ്. ഇത് ഞങ്ങടെ പോളിഹൗസ് ആണ്. കാർബൺ ഫുട്ട് പ്രിന്റ് എന്ന് പറഞ്ഞാൽ, ഉദാഹരണത്തിന് എന്നെ എടുത്താൽ, ഞാൻ കാരണം എന്റെ ഓരോ പ്രവർത്തി, ആഹാര രീതി, ജീവിത ശൈലി, ഇതൊക്കെ കാരണം എത്രമാത്രം എമിഷൻസ് - കാർബൺ ഡൈഓക്സൈഡ് മാത്രമല്ല, നമ്മൾ ഹരിതഗൃഹവാതകങ്ങൾ എന്ന് പറയുന്ന, ഗ്ലോബൽ വാമിംഗ് ഉണ്ടാക്കുന്ന വാതകങ്ങൾ, ഏതെല്ലാം ഞാൻ കാരണം പുറത്തു പോകുന്നു എന്നതെല്ലാം കാർബണിന്റെ ടേമിൽ കൊണ്ടുവന്നിട്ടാണ് കാർബൺ ഫുട്ട് പ്രിന്റ് എന്ന ടേം പറയുന്നത്. കാർബൺ പാദമുദ്ര എന്നൊക്കെ മലയാളത്തിൽ കാണാം. എനിക്കത് കുറയ്ക്കാൻ പറ്റുമോ? കൃഷി ചെയ്യുമ്പോഴും ഉണ്ട്. അത് കുറയ്ക്കുവാൻ പറ്റുമോ? ഈ പോളിഹൗസിലേക്ക് പോയിക്കഴിഞ്ഞാൽ അതിന്റെ കാർബൺ എമിഷൻസ് വളരെ കൂടുതലാണ്. കാലാവസ്ഥ മാറിയതുകൊണ്ട്, അല്ലെങ്കിൽ ഈ ആഗോള താപനില കൂടിയതുകൊണ്ട് നമുക്ക് പുതിയ രീതിയിലുള്ള കൃഷിയിലേക്ക് പോകണം. അതിനെ റെസിസ്റ്റ് ചെയ്യാൻ, ക്ലൈമറ്റ് സ്മാർട്ട് അഗ്രികൾച്ചർ അല്ലെങ്കിൽ ക്ലൈമറ്റ് റെസിഡന്റ് അഗ്രികൾച്ചർ എന്നൊക്കെയാ പറയുന്നത്. പക്ഷെ അങ്ങനെ പോകുന്ന ചില കാര്യങ്ങൾ ഈ കാർബൺ ഫുട്ട് പ്രിന്റ് കൂട്ടുന്നതാണ്. ഇവിടെ ഇപ്പോ ഈ തണൽ ഇത് ഞങ്ങളുടെ പോളിഹൗസ് ആണ്. ഇതിൽ നിന്നും കിട്ടുന്ന വളങ്ങൾ. ശരിയാണ് സാർ പറഞ്ഞതുപോലെ ഉത്പാദനം കുറവാണ്, പക്ഷെ വീട്ടിലെ ആവശ്യത്തിന് സ്വാദുള്ളത് ജൈവകൃഷിയിൽ നിന്നും കിട്ടുന്നു. നടക്കുമ്പോൾ എവിടെ നോക്കിയാലും കാണാം, അൽപം സ്ഥലം ഉള്ളിടത്തെല്ലാം എന്തെങ്കിലുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. എന്റെ സഹോദരങ്ങൾ എല്ലാവരും ഇത് ചെയ്യുന്നുണ്ട്. അവരുടെ മക്കൾ താമസിക്കുന്നിടത്തും ഉണ്ട്. ഇവിടെ കാട് കൂടുതലായിപ്പോയി. അതിൽ സന്തോഷവുമുണ്ട്. ഇവിടെ കൃഷി ചെയ്യാൻ പറ്റാത്തത് അവർ അവിടെ കൃഷി ചെയ്ത് തരുന്നുണ്ട്. ഇവിടെ ഉണ്ടാകുന്നത്, ഇതിനിടയിൽ തെങ്ങുണ്ട്. തേങ്ങ കൊടുക്കുന്നുണ്ട്. വാങ്ങുന്നവർ പറയാറുണ്ട്, ഇവിടെത്തെ തേങ്ങായുടെ ഉൾകാമ്പ് വലിപ്പം കുറവാണെങ്കിലും തിരുമ്മുമ്പോൾ തേങ്ങാ കൂടുതൽ കിട്ടുന്നുണ്ട്. അത് ജൈവ പ്രത്യേകത ആയിരിക്കാം.
എം. ആർ. ഹരി: ടീച്ചർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അതിൽ ഈ പരിസ്ഥിതിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അത് വല്ലാത്തൊരു കോമ്പിനേഷൻ ആണ്. ഒന്ന് നമ്മുടെ നാട്ടറിവും മറ്റേത് ഹൈടെക് എഞ്ചിനീയറിംഗ് അറിവും. ഇതിന്റെ രണ്ടിന്റേയും ഒരു മിശ്രിതമാണ് ഈ പറമ്പിൽ കാണുന്നത്. ടീച്ചർ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ആളുകളും കേൾക്കേണ്ടതാണ്. രണ്ട് മണിക്കൂർ പ്രഭാഷണത്തിൽ കിട്ടാത്ത അത്ര വലിയ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. അത് നമ്മൾ സ്വന്തമായിട്ട് നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്.