എങ്ങനെയാണ് ഒരു മിയാവാക്കി വനം സൃഷ്ടിക്കുന്നത് എന്നുള്ളതിന്റെ വിവിധ ചുവടുകൾ രണ്ടു മിനിറ്റ് കൊണ്ട് പറഞ്ഞു തരാൻ ശ്രമിക്കുകയാണിവിടെ. അതിനായി ഉപയോഗിക്കേണ്ട സാധനങ്ങളുടെ അളവുകണക്കുകൾ മാത്രം ഇതിൽ പറയുന്നില്ല. അത് crowdforesting.org എന്ന ഞങ്ങളുടെ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.
എങ്ങനെയാണ് മിയാവാക്കി കാട് നടുന്നത്?
- അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നതാണ് ആദ്യ പടി.
- നടുന്ന ചെടികളുടെ വേര് മണ്ണിലേക്ക് നന്നായി ഇറങ്ങാനായി അവിടെയുള്ള തടസ്സങ്ങൾ പൂർണ്ണമായും എടുത്തു മാറ്റണം.
- മണ്ണ് നന്നായി ഇളക്കി, ജൈവ വളവും ചകിരിച്ചോറും ഉമിയും ചേർത്ത് വീണ്ടും ഇളക്കണം.
- ചെടി വെക്കുന്നതിനു ചുറ്റും മൂന്നു സിമന്റ് ഇഷ്ടികയുടെ ഉയരത്തിൽ ഒരു ചുറ്റുമതിൽ കെട്ടണം.
- കടുത്ത വേനലിൽ നിന്നും മഴയിൽ നിന്നും ചെടികളെ സംരക്ഷിക്കുന്നതിനായി പച്ച നെറ്റ് ഉപയോഗിച്ച് നമുക്കൊരു ഹരിതഗൃഹം തീർക്കണം.
- വലിയ ഗ്രോ ബാഗിൽ മൂന്നു മാസമെങ്കിലും വളർന്ന വേര് പൂർണ്ണമായും വികസിച്ച ചെടികളാണ് നടുന്നത്.
- നട്ടതിനു ശേഷം ഇതിന്റെ ചുവട്ടിൽ ജൈവ വസ്തുക്കൾ കൊണ്ട് നന്നായി പുതയിടണം.
- ജലസേചനത്തിന് റെയിൻ ഹോസ് (rain hose) ആണ് ഉപയോഗിക്കുക. വെള്ളം വളരെ കുറച്ചു മതിയാകും.
- ഇവിടെ ഓരോ ചതുരശ്ര മീറ്ററിലും നാല് സസ്യങ്ങളാണ് നട്ടിരിക്കുന്നത്. ഒരു വന്മരവും കുറ്റിച്ചെടികളും ചെറുവന്മരങ്ങളുമായി മൂന്നെണ്ണവും. എല്ലാം അതാത് പ്രദേശങ്ങളിൽ സ്വാഭാവികമായും കാണുന്ന മരങ്ങളായിരിക്കും.
ഒന്നര വർഷം കൊണ്ട് ചെടികൾ പതിനൊന്നരയടി വരെ ഉയരം വെച്ച് കഴിഞ്ഞു. ഇത് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ കേരള ടൂറിസം വകുപ്പിനു വേണ്ടി നട്ടുപിടിപ്പിച്ച വനമാണ്. ബീച്ചിലെ ചൊരിമണലിലാണ് ഇത് വെച്ചിരിക്കുന്നത്.
ഒന്നര വർഷം കൊണ്ട് നേടിയ വളർച്ച കണ്ടല്ലോ. വേറെ ഏതു മാർഗം സ്വീകരിച്ചാലും ബീച്ചിലെ വനവത്കരണത്തിന് ഈ വേഗത ഒരിക്കലും ഉണ്ടാകില്ല. ഇത് ആർക്കും പോയി പരിശോധിക്കാം. അവിടെ പ്രവേശനം സൗജന്യമാണ്.