ഞാനിപ്പോ കൊടുങ്ങല്ലൂരിനടുത്ത് മുനയ്ക്കൽ ബീച്ചിലാണ് നിൽക്കുന്നത്. ഇത് കേരളത്തിൽ മിയാവാക്കി പ്രോജക്ട് നടപ്പിലാക്കിയ പത്ത് സ്ഥലങ്ങളിൽ ഒന്നാണ്. കേരള ഡവലപ്പ്മെന്റ് ഇന്നോവേഷൻ ആന്റ് സ്ട്രാറ്റജിക് കൗൺസിൽ - കെഡിസ്ക്, എന്നു പറഞ്ഞാൽ പുതിയ ആശയങ്ങൾ കേരളത്തിൽ പരീക്ഷിക്കാനുള്ള ഒരു സർക്കാർ സംരംഭം ആണ്. അതിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ പത്ത് സ്ഥലങ്ങളിൽ മിയാവാക്കി വയ്ക്കാൻ ഞങ്ങൾക്ക് അനുവാദം തന്നു. അതിൽ അഞ്ചു സ്ഥലങ്ങളും കടൽത്തീരമായിരുന്നു. കടൽത്തീരത്ത് മിയാവാക്കി വനം വച്ചിട്ട് ഇവിടെ എന്തു സംഭവിച്ചു എന്നുള്ളതാണ്. ഇവിടെ നമ്മൾ കാട് വച്ച് പിടിപ്പിക്കുന്നത് 2020 മെയ് 15 ാം തീയതി ആണ്. ഇപ്പോ 2021 ജൂലായ് ആണ്. ഞാനിവിടെ തൊട്ടു മുന്നേ വന്നത് 2021 മാർച്ച് 31 ാം തീയതിയോ ഏപ്രിൽ 2 ാം തീയതിയോ അടുപ്പിച്ചാണ്. അന്നീ കാട് മനോഹരമായി വളർന്ന് നിൽക്കുകയായിരുന്നു.

ഇവിടെ ഒരു വർഷം കൊണ്ടുതന്നെ 15 അടിയിൽ കൂടുതൽ മരങ്ങൾ വളർന്നു നിന്നിരുന്നു. അതിൽ ഏറ്റവും കൂടുതൽ വളർന്നത് കടമ്പ് മരങ്ങളായിരുന്നു. ഏതാണ്ട് ഒരു വർഷം കൊണ്ടുണ്ടായ വളർച്ചയാണിത്. മെയ് ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ, ഒരു വർഷം കഴിയുന്ന സമയത്ത് ഇവിടെ ഒരു കടലാക്രമണം സംഭവിച്ചു. രണ്ടു ദിവസം ഉപ്പുവെള്ളം ഇതിന്റെ ചുവട്ടിൽ നിന്നു. അതിൽ കുറച്ച് മരങ്ങൾ വാടിപ്പോയി. വാടിപ്പോയതിൽ പ്രധാനമായും ഒരേ സ്പീഷീസിൽപ്പെട്ട മരങ്ങളാണ്.

ഇവിടെ ഏകദേശം 810 സ്ക്വയർമീറ്റർ, അതായത് 8000 സ്ക്വയർഫീറ്റ് അഥവാ 20 സെന്റ് സ്ഥലത്താണ് കാട് വച്ചിരിക്കുന്നത്. 3215 ചെടികളാണ് ഇവിടെ നട്ടത്. ഏകദേശം 103 സ്പീഷീസ് ഉണ്ട്. അതിൽ പ്രധാനമായും കടമ്പ് എന്ന മരം. ഏകദേശം 50 കടമ്പ് മരം വച്ചിരുന്നു. ഇവിടെ ഏറ്റവും കൂടുതൽ വളർന്നത് കടമ്പ് മരങ്ങളാണ്. ആ 50 കടമ്പ് മരങ്ങൾക്കും ഇവിടെ വന്ന കടലാക്രമണത്തിൽ വലിയ നാശം സംഭവിച്ചു. ചിലത് ഇപ്പോൾ കിളിർത്തു വരുന്നു. എങ്കിലും മഹാഭൂരിപക്ഷം കടമ്പുമരങ്ങളും ഉണങ്ങിപ്പോയി. എന്നാൽ മറ്റു മരങ്ങൾക്കൊന്നും വലിയ നാശം സംഭവിച്ചിട്ടുമില്ല. ഒരു വർഷം ആയ മരങ്ങൾ എന്നു പറയുമ്പോൾ അവ ശരിക്കും ശൈശവാവസ്ഥയിലാണ്. കടപ്പുറത്ത് ഒരു മിയാവാക്കി കാട് വച്ചാൽ അത് സർവ്വൈവ് ചെയ്യുമോ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുമോ എന്നറിയാനാണ് ഇങ്ങനെ ഒരു സാധനം വച്ചത്.

നമുക്ക് ഈ മരങ്ങളുടെ അടുത്തുകൂടി നടന്നു നോക്കാം. ഇപ്പോൾ ഈ ദുരന്തം ഉണ്ടായിട്ട് രണ്ട് മാസത്തിൽ താഴെ ആയിട്ടേയുള്ളു. ചെടികൾ എങ്ങനെ നിൽക്കുന്നു എന്നുള്ളത് നമുക്ക് ഇതിനിടയിലൂടെ ഒന്ന് നടന്ന് കാണാം. ഇതിപ്പോൾ പൂർണ്ണമായും ഉണങ്ങിപ്പോയ ഒരു കടമ്പ് മരമാണ്. ഏകദേശം 15 അടി പൊക്കം ആയതാണ്. ഒരു വർഷം കൊണ്ട് 15 അടിയിൽ കൂടുതൽ വളർന്ന മരമാണ്. കൃത്യം ഒരു വർഷം കൊണ്ട്. ഒരു വർഷം കഴിയുമ്പോഴാണ് ഇവിടെ കടലാക്രമണം ഉണ്ടാകുന്നതും വെള്ളം കെട്ടിനിന്നതും. എത്രയോ വർഷം കഴിഞ്ഞിട്ടാണ് ഇവിടെ ഇങ്ങനെ ഉപ്പുവെള്ളം കയറി നിന്നത്. അതിൽ ഈ മരം പൂർണ്ണമായും ഉണങ്ങി പോയതാണ്. പക്ഷെ ഇതിന്റെ ചുവട്ടിൽ തൊലിക്ക് ഇപ്പോഴും പച്ചപ്പ് കാണുന്നുണ്ട്. പൂർണ്ണമായും ഉണങ്ങിയിട്ടില്ല. പക്ഷെ ഉണങ്ങുമെന്ന് തോന്നുന്നു. അറിയില്ല.

എന്നാൽ മറ്റ് മരങ്ങൾക്ക് അത് സംഭവിച്ചിട്ടില്ല. ഇത് ചാമ്പ, ഇത് കൂവളം, അരണമരം, ഇപ്പുറം ഈട്ടിയാണ് നിൽക്കുന്നത്. ഈട്ടിയുടെ അപ്പുറം നിൽക്കുന്നത് മാവ്. മാവ് നല്ല രീതിയിൽ പച്ചപ്പോടെ കടപ്പുറത്ത് നിൽക്കുന്നുണ്ട്. ഇത് ഇലഞ്ഞിയാണ്. ഇലഞ്ഞിയ്ക്ക് കുഴപ്പമില്ല. ഇത് കുടംപുളി ആണ്. ഇത് ബദാം. ആന്റമാൻ നിക്കോബാർ ആണ് ബദാമിന്റെ നാട്. അവിടെ പുളിയുടെ ഇല പോലെ തളിർത്തു നിൽക്കുന്നത് നെല്ലിയാണ്. പുളിഞ്ചി വളർന്നു നിൽപ്പുണ്ട്. ഇത് കമ്പകം ആണെന്നു തോന്നുന്നു. കറിവേപ്പിലയ്ക്ക് കുഴപ്പമൊന്നുമില്ല. മഞ്ചാടിയ്ക്കും കുഴപ്പമില്ല. കൂവളവും, അപ്പുറം കണിക്കൊന്നയാണ്. മുള്ളാത്തയാണിത്. മുള്ളാത്ത നന്നായി നിൽപ്പുണ്ട്. ഇത് ദന്തപാല ആണ്. ദന്തപാലയും കടൽത്തീരത്തു നന്നായി വളരുന്നുണ്ട്.

ഇവിടെ നിൽക്കുന്ന ഈ കടമ്പ് പോയ ശേഷം വീണ്ടും പൊട്ടി കിളിർത്തിട്ടുണ്ട്. ഈ കടമ്പ് പൂർണ്ണമായും തിരിച്ചുവന്നു. അവിടെ നിൽക്കുന്നത് നാഗലിംഗം എന്നുപറയുന്ന മരമാണ്. കാനൻ ബോൾ ട്രീ. അമ്പലങ്ങളിൽ നിൽക്കുന്നത്. വലിയ കായ ഉള്ള മരമാണ്. രണ്ടാൾ പൊക്കത്തിലാണ് ഈട്ടി നിൽക്കുന്നത്. ഈട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഇത് കറുവാപട്ടയോ വഴനയോ ആണ്. കടിച്ചു നോക്കിയാലേ ഏതാന്നു അറിയാനൊക്കുകയുള്ളു. ഇത് വഴനയാണ്. ഇത് ഇലിപ്പ. ഇലിപ്പയ്ക്ക് കുഴപ്പം ഒന്നുമില്ല. ഇതും കാനൻബോൾ ട്രീ ആണെന്നാണ് തോന്നുന്നത്. ഇത് താന്നി, ഇത് ദന്തപാല, ഇത് പ്ലാശാണ്. നമ്മുടെ യാഗങ്ങൾക്കൊക്കെ എടുക്കുന്ന ചമത എന്ന മരമാണ്, പ്ലാശ്, ഇതിന്റെ പൂവ് വളരെ മനോഹരമാണ്, ഗീതാഗോവിന്ദത്തിൽ നഖത്തിന്റെ ആകൃതിയാണ് പൂവിന് എന്നാണ് പറയുന്നത്. കാമുകന്മാരുടെ ഹൃദയം പിളർക്കുന്ന നഖമായിട്ടാണ് ജയദേവർ ഇതിന്റെ പൂവിനെ വർണ്ണിച്ചിരിക്കുന്നത്. ഇവിടെ മുഴുവനായും പോയ ഒരു മരം -ഏതാണെന്ന് അറിയില്ല, ഇത് തിരിച്ചു വരുകയാണ്. ഇതിന്റെ തണ്ടു കണ്ടിട്ട് മഞ്ഞണാത്തിയുടെ പോലെയുണ്ട്. പക്ഷെ അല്ല. ഏതായാലും കിളിർപ്പു വരുന്നുണ്ട്. ഈ മാവ് ഇതിന്റെ വളർച്ച, സാധാരണ നമ്മൾ വീട്ടിലൊക്കെ ഒരു മാവ് വച്ചാൽ ഒരുകൊല്ലം കൊണ്ട് ഇത്രയുമാകില്ല. എന്നെക്കാളും പൊക്കത്തിൽ, രണ്ടു മൂന്നടി പൊക്കം മാവിന് ആയിട്ടുണ്ട്. ഇങ്ങോട്ടു വരുമ്പോൾ പുളി കാണാം, അവിടെ ഉണങ്ങിയിട്ട് വീണ്ടും കിളിർത്തു വരുന്നത് നോനിയാണ്. ഇവിടെ നോനി കായയോടെ നിൽപ്പുണ്ട്. ഒരു വർഷമായ നോനിയാണ്, പഴം ഇഷ്ടം പോലെ ആയിട്ട് നിൽക്കുന്നു. ഇത് പുളി ആണ്. അതുപോലെ ഇലിപ്പ എന്നു പറയുന്ന മരം. ഇത് നീർമരുതോ ഇലിപ്പയോ ആണ്. ഇത് വെള്ളമുണ്ടാകുന്ന സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഒരു മരമാണ്, ഇതിന് പ്രത്യേകിച്ച് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പിങ്ക് പൂവ് ഉണ്ടാകുന്ന മന്ദാരമാണ്. ഇത് നന്നായി വളരുന്നുണ്ട്. ഇത് രക്തചന്ദനം ആണ്. സാധാരണ അഞ്ചില വരുന്നത് വേങ്ങയാണ്. ഇത് രക്ത ചന്ദനമാണ്. ഇതും നന്നായി വളരുന്നുണ്ട്.

ഇതൊക്കെ ഒന്ന് വടി വച്ച് കെട്ടേണ്ടി വരും മേലോട്ട് വളരാനായി. ഇവിടെ മൊത്തത്തിൽ കണ്ടാൽ ഒരുപാട് പ്രശ്നങ്ങൾ വന്നിട്ടുണ്ട്. ഇത് അങ്കോലം ആണ്. ഇത് വാളംപുളിയാണ്. ആ നിൽക്കുന്നത് കുടംപുളി ആണ്. തൊട്ടപ്പുറം ആഞ്ഞിലി ആണ്. ഇവിടെ ഈ മുകളിലുള്ള കടമ്പ് മുഴുവൻ പോയി. കംപ്ലീറ്റ് ചില്ലകൾ ഇങ്ങനെ നിൽക്കുകയാണ്. ഇതിനകത്ത് നിൽക്കുന്ന ചെടികൾക്കൊന്നും വലിയ പ്രശ്നം വന്നിട്ടില്ല. ഒരു പഴഞ്ചൊല്ലുണ്ട്. ഉർവശീശാപം ഉപകാരം എന്ന്. ഉർവശി പണ്ട് അര്ജ്ജുനനെ ശപിച്ചു നീ ആണും പെണ്ണും കെട്ടവനായി പോട്ടെ എന്നോ മറ്റോ. അജ്ഞാതവാസക്കാലത്ത് ബൃഹന്നളയായി ജീവിക്കാൻ അത് സഹായിച്ചു എന്നാണ് കഥ. അതുകൊണ്ടാണ് ഉർവശീശാപം ഉപകാരം എന്ന് പറയുന്നത്. ഞങ്ങൾ രണ്ടുമാസം മുമ്പുവരുമ്പോൾ ഈ കടമ്പിന്റെ ഇലകൾ രണ്ടാൾ പൊക്കത്തിലായിരുന്നു മുകളിൽ മുഴുവൻ. കടമ്പ് ഉണങ്ങിപ്പോയതോടെ അതിന്റെ ഇടയ്ക്ക് നിന്നിരുന്ന ചെടികള്ക്ക് വെയിലു കിട്ടാനും അവയെല്ലാം വളരാനും തുടങ്ങി. ബാക്കി എല്ലാ ചെടികളിലും തളിരും വന്നിട്ടുണ്ട്. അങ്ങനെ ഇതിനെയും ഉർവശീശാപം ഉപകാരം എന്ന ലൈനിൽ എടുക്കാമെന്നു തോന്നുന്നു.

ഇത് ഒതളമാണ്. ആളുകൾ പണ്ട് ആത്മഹത്യ ചെയ്യാനായിട്ട് ഉപയോഗിച്ചിരുന്നത് ഒതളത്തിന്റെ കായ ആണ് നാട്ടുമ്പുറത്തൊക്കെ. ഇതും ഒതളമാണ്. അടുത്തടുത്ത് രണ്ട് ഒതളം വന്നിട്ടുണ്ട്. ഇത് ഇലഞ്ഞിയാണ്. ഇത് ആറ്റുവഞ്ചി എന്നു പറയുന്ന ചെടിയാണ്. ഉങ്ങ് ആണിത്. അപ്പുറം ഒരു മാവ് നിൽപ്പുണ്ട്. ഈട്ടി വളരുന്നുണ്ട്. ഇത് ഈട്ടിയാണ്. ഈട്ടി നന്നായി വളരുന്നുണ്ട്. ഇത് നാലലിഗം. ഇത് താന്നി. താന്നിയുടെ ഇല വളരുന്ന കണ്ടിട്ട് വളരെ സന്തോഷം. മുകളിൽ കാണുന്നത് പേരയാണ്. ഇവിടെ കുടംപുളി, അപ്പുറം ഇലഞ്ഞി നിൽക്കുന്നു. ഇത് പ്ലാശാണ്. ഇത് നന്നായി വളര്ന്നു നില്ക്കുന്നു. ഇത് നമ്മുടെ ഇരുമ്പൻപുളിയാണ്. ഇരുമ്പൻപുളിയിൽ നന്നായി കായ ഉണ്ടാകുന്നു. ഇതിലല്ല, അപ്പുറം നിൽക്കുന്ന ഒന്നിൽ കായ ഉണ്ടായി കിടക്കുന്നു. ഇത് മരോട്ടിയാണ്. ഇത് മാവ്. എന്നാൽ പ്ലാവ് അങ്ങനെ വളർന്നു കാണുന്നില്ല. മാവ് നന്നായി വളരുന്നുണ്ട്. ഇവിടെ ഒരു ഭാഗത്ത് കാണുന്ന പ്രത്യേകത ഇത് ഉണങ്ങിയിട്ട് പൊട്ടി കിളിർക്കുന്നുണ്ട്. ഈ മരത്തിന്റെ മുകളിലോട്ട് ഉണങ്ങിയിട്ടില്ല. ഇതിന്റെ തടിയ്ക്ക് ഉണ്ടായിരിക്കുന്ന വണ്ണം, ഇത് ഒരു വർഷം കൊണ്ടുള്ള വളർച്ചയാണ്. അതുപോലെ ഈ സാധനങ്ങൾ ഇതും നല്ലരീതിയിലാണ് വളർന്നിരിക്കുന്നത്. ഇതിനകത്തും മരങ്ങൾ നന്നായി വളർന്നിട്ടുണ്ട്. ഇവിടെ കണ്ടോ ഈ കടമ്പ് തിരിച്ചു വരുകയാണ്. ഇവിടെ ഒരു ചൂണ്ട പന, പനയുടെ ചുവടിന് നല്ല കനം കിട്ടുന്നുണ്ട്. ഈ മരത്തിന്റെ ചുവടിന് നല്ല് കനം ഉണ്ട്.

ഇവിടെ കടമ്പ് തിരിച്ചുവരികയാണ്. കടമ്പിന്റെ ചുവട് കണ്ടോ ഇത്രയും കുറഞ്ഞ കാലം കൊണ്ട് - ഏകദേശം ഒരു വർഷം കൊണ്ട് ചെടിയ്ക്കുണ്ടായ വളർച്ചയാണ്. ഇതിന്റെയൊക്കെ മുകൾഭാഗം ഉണങ്ങിയിട്ടുണ്ട്. പക്ഷെ താഴെ ഉണങ്ങിയിട്ടില്ല. തടി നന്നായി വണ്ണംവച്ചിട്ടുണ്ട്. ഇവിടെ കണ്ടോ ഇവിടെ ഞാൻ ഒന്നു പോറിയതാ, പച്ചയായിതന്നെ നിൽക്കുന്നു. ഇത് പുന്ന. ഇത് സാധാരണ ആറ്റു തീരത്തും കടൽതീരത്തും വളരുന്ന ഒന്നാണ്. പക്ഷെ പുന്നയ്ക്ക് നല്ല വെയിൽ വേണം. ഇല്ലെങ്കിൽ വളർച്ച പൊതുവേ കുറവായിരിക്കും. ഇവിടെ കണ്ടില്ലേ പുന്നയ്ക്ക് 7-8 അടി പൊക്കം വച്ചു. ഇവിടെയും പുന്ന 10 അടി പൊക്കത്തിൽ എത്തി. ഇത് മാവാണ്. മാവും പുന്നയും 10-12 അടി പൊക്കത്തിൽ നിൽപ്പുണ്ട്. ഇതിന്റെ കൂട്ടത്തിൽ നിന്നതാണ് ഈ പ്ലാവ്. പ്ലാവ് ഉണങ്ങി പോയി. ഉപ്പുവെള്ളത്തിൽ പ്ലാവ് ഒട്ടും പിടിച്ചുനിൽക്കില്ല. കടമ്പു പോലെ പെട്ടെന്നു പോകുന്ന ഒന്നാണ് പ്ലാവും.

ഇവിടെ ഉപ്പുവെള്ളം നിന്ന ശേഷം താന്ന സ്ഥലമാണല്ലോ. ഇതിന് ചെറിയ കേടുപാടുകൾ ഉണ്ടായ സ്ഥിതിയ്ക്ക് ഉപ്പുവെള്ളം ഇറങ്ങിയ ശേഷം നാല് വലിയ ലോഡ് മണ്ണ് ഇവിടെ ഇറക്കിയിട്ടുണ്ട്, അതാണ് ഇവിടെ കാണുന്ന ഈ ചുവന്ന മണ്ണ്. ചെടികൾ കുറെയെണ്ണം ചരിഞ്ഞു പോയി. അതിനെ നേരെ നിർത്തിയിട്ട് അതിന്റെ ചുവട്ടിൽ മണ്ണിട്ടു. വെള്ളത്തിൽ ഉപ്പിന്റെ അംശം കൂടുതലായതിനാലാണെന്നു തോന്നുന്നു ഒരു വർഷമായ ഇരുമ്പിന്റെ വേലിയൊക്കെ തുരുമ്പിച്ച് ഇല്ലാതായി കഴിഞ്ഞു. ഇനി ചെയ്യാവുന്നത് അവിടെയാക്കെ നിൽക്കുന്ന കോഴിയപ്പ എന്ന ചെടി -അതിനെ ഇവിടെ നട്ടുപിടിപ്പിക്കുക എന്നതാണ്. അത് ഉപ്പുകാറ്റിനെ ഒരു പരിധിവരെ തടഞ്ഞുനിർത്തിയേക്കും. കടലാക്രമണം അല്ലെങ്കിൽ വെള്ളത്തിന്റെ വശം എന്നു കണക്കുകൂട്ടി പുന്ന, ഒതളം അതുപോലെ കടമ്പ് വെള്ളത്തിൽ നന്നായി വളരും എന്നാണ് നമ്മൾ വിചാരിച്ചത്. സാധാരണ അത് വളരുന്നുണ്ട്, പക്ഷെ ഉപ്പുവെള്ളം അതിനൊരു ഭീഷണി ആണ്. ഇലിപ്പ പോലുള്ള മരങ്ങൾ വച്ചിരുന്നു, അതൊക്കെ അങ്ങനെതന്നെ നിൽപ്പുണ്ട്. ഇതിന്റെയൊക്കെ ചുവട് നല്ല വണ്ണവും വച്ചു. ആ പോയ കടമ്പ് വീണ്ടും പൊട്ടി കിളിർക്കുകയാണ്.
മൊത്തത്തിൽ ഇതിൽനിന്ന് മനസ്സിലാകുന്ന ഒരു സംഗതി കടൽത്തീരത്തോ ആറ്റുതീരത്തോ വെള്ളത്തിൽ വളരുന്ന ചെടികൾ വച്ചാൽ നന്നായിരുക്കും. വരണ്ട കാലാവസ്ഥയിലാണ് മാവുകൾ നന്നായി വളരുന്നതെന്നാണ് കരുതിയത്. പക്ഷെ ഇവിടെയും വളരുന്നുണ്ട്. ഇത് ഒരു മാവിന്റെ ഇലയാണ്. മാവിന് നല്ല വളർച്ചകിട്ടുന്നുണ്ട്. പ്ലാവ് പോയി. പോയ മരങ്ങൾ പലതും തിരിച്ചു വരുന്നുണ്ട്. അതുപോലെ കടൽത്തീരത്ത് മരങ്ങൾ വയ്ക്കുകയാണെങ്കിൽ പല സ്പീഷീസ് കൂട്ടിച്ചേർത്ത് വച്ചാൽ രക്ഷപ്പെടും എന്നാണ് കാണുന്നത്. തീർത്തും നശിച്ചുപോയ രണ്ടിനങ്ങൾ കടമ്പും പ്ലാവുമാണ്. ബാക്കി മരങ്ങൾക്ക് അത്രയും നാശം വന്നില്ല. കടമ്പ് പലതും തിരിച്ചുവരുന്നുണ്ട്. പ്ലാവ് വളരെ ദുർബലമായിട്ടാണ് നിൽക്കുന്നത്.

ഭാവിയിൽ കടൽത്തീരത്ത് മരം വയ്ക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്കായിട്ട് പറയാനുള്ളത്, പുന്ന, പൂവരശ് പോലുള്ള മരങ്ങൾ നട്ടു പിടിപ്പിക്കുക. പിന്നെ ഈ പ്രദേശത്ത് തന്നെ മുഞ്ഞ, കോഴിയപ്പ എന്നൊക്കെ പറയുന്ന ചെറിയ ചെടി, മരുന്നിനൊക്കെ ഉപയോഗിക്കുന്ന ചെടിയാണ്. അതിന്റെ ഇലയ്ക്ക് വലിയ ക്ഷീണം വരുന്നില്ല എന്നു മാത്രമല്ല, ഉപ്പുകാറ്റിനെ ഒരുപരിധി വരെ തടഞ്ഞു നിർത്താൻ അതിന് പറ്റുന്നുണ്ട്. ഇങ്ങനെ ചെടികൾ വയ്ക്കുന്നതിനപ്പുറം ഈ മുഞ്ഞ പോലുള്ള ചെടികൾ കൊണ്ട് ഒരു ബെൽറ്റ് കൂടി വയ്ക്കുകയാണെങ്കിൽ കടൽക്കാറ്റ് വരുന്നത് തടയാൻ പറ്റും. പിന്നെ മിയാവാക്കി വച്ചിടത്തൊക്കെ വെള്ളത്തിന്റെ കുറവ് പരിഗണിച്ച് എല്ലായിടത്തും അൽപം താഴ്ത്തി ആണ് വച്ചത്. ഇവിടെയും അങ്ങനെ തന്നെ ആണ് വച്ചത്. പക്ഷെ ഇനി കടപ്പുറം പോലുള്ള സ്ഥലത്ത് മൗണ്ട് ആയി വയ്ക്കുന്നതാവും നല്ലത്. ആദ്യം വെള്ളം കുറെ ഒഴിച്ചു കൊടുക്കേണ്ടി വരും എങ്കിലും ചെടി വളർന്നുകഴിഞ്ഞാൽ പിന്നെ ഉപ്പുവെള്ളം വന്നാൽ അതിനെ തടയാനായിട്ട്, ഒരടി പൊങ്ങിയ തറ ഉണ്ടാക്കി അതിലാണ് ചെടികൾ വച്ചിരുന്നതെങ്കിൽ ഉപ്പുവെള്ളം കേറിയാലും വേഗം ഇറങ്ങും. ഇവിടെ പതിനഞ്ചു വർഷം കൂടിയാണ് കടൽ കയറിയത്. ഉപ്പുവെള്ളം കയറിയാലും ഈ ചെടികൾക്ക് നാശം വരാതെ നിൽക്കും. രണ്ടുമൂന്നു വർഷം കഴിഞ്ഞ് ഇതിന്റെ പൂർണ്ണ വളർച്ച എത്തിക്കഴിഞ്ഞാൽ പിന്നെ എന്തു കയറിയാലും ഒരു പ്രശ്നവും ഇല്ല.

പിന്നെ വളരെ വലിയ കടലാക്രമണം ഉണ്ടായാൽ എന്തു സംഭവിക്കും എന്ന് അപ്പോഴേ പറയാൻ പറ്റുകയുള്ളു. അപ്പോൾ കടൽത്തീരത്ത് മിയാവാക്കി വനം വളരും. ഈട്ടി അടക്കമുള്ള മരങ്ങൾ, നമ്മൾ പ്രതീക്ഷിക്കാത്ത മരങ്ങൾ പലതും നല്ല രീതിയിൽ ഇവിടെ വളരുന്നുണ്ട്. കടമ്പ് പോകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നതുമല്ല. കടമ്പ് ഉപ്പുവെള്ളത്തിൽ പോയി. അതേസമയം മറ്റു മരങ്ങൾക്ക് പിടിച്ചു നിൽക്കാനാകുന്നുണ്ട്. അതുകൊണ്ട് മിയാവാക്കി മാതൃക കടൽത്തീരത്ത് വയ്ക്കണം എന്നുള്ളവർക്ക് ധൈര്യമായിട്ട് അത് പരീക്ഷിക്കാം. കുറച്ച് ചെടികൾ പ്രത്യേകം അതിന്റ സ്പീഷീസ് തെരഞ്ഞെടുത്തു വച്ചാൽ കുറെക്കൂടെ നല്ല രീതിയിൽ ആകും. അതുപോലെ തടം രൂപപ്പെടുത്തുമ്പോൾ കുറച്ച് ഉയർന്ന തടം ആണെങ്കിൽ നന്നായിരിക്കും.