പലതവണ പറഞ്ഞിട്ടുളളതാണ് എനിക്ക് ചെടികളെ കുറിച്ച് ശാസ്‌ത്രീയ പരിജ്ഞാനമില്ല, പലപ്പോഴും പരീക്ഷണങ്ങളിലൂടെയാണ് പഠിച്ചതെന്ന്. നമ്മള്‍ പോകുന്ന വഴിക്കൊക്കെ കിട്ടുന്ന വിത്തുകള്‍ കൊണ്ടുവന്ന് കുഴിച്ചിട്ടു നോക്കാറുണ്ട്. അതില്‍ പലതും മുളയക്കാറില്ല. എല്ലാ വിത്തും കുഴിച്ചിട്ടാല്‍ മുളയ്‌ക്കുമെന്നായിരുന്നു വനവത്‌കരണത്തിന് ഇറങ്ങും മുമ്പ് വരെ എന്റെ വിശ്വാസം. അതു കഴിഞ്ഞപ്പോള്‍ മനസിലായി അങ്ങനെയൊന്നും വിത്തുകള്‍ മുളക്കില്ല. ഓരോ വിത്തിനും ഓരോ രീതിയുണ്ട്. കാട്ടിലിതാരാണ് ചെയ്യുന്നതെന്നു ചോദിച്ചാല്‍ പക്ഷിമൃഗാദികള്‍ കഴിച്ച് അവയുടെ വയറ്റിലൂടെ വരുന്നതൊരു രീതിയാണ്. അങ്ങനെ കഴിച്ചു വിസര്‍ജ്ജിക്കുന്നതും കടിച്ചു തുപ്പുന്നതുമൊക്കെയായ വിത്തുകള്‍ മുളക്കാറുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ നമുക്കറിയില്ല. ഇത് പീച്ചി വനഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായിട്ടുളള സീഡ് സെന്ററാണ്. ഇവിടെ ഒരുപാട് തൈകളുണ്ട്. തൈകള്‍ ആവശ്യമുളളവര്‍ക്ക് ഇവിടെ വന്നു വാങ്ങിക്കുകയും ചെയ്യാം. വളരെ ആത്മാര്‍പണത്തോടെ ഒരു സംഘമാളുകള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ആളാണ് ശ്രീ. രാജന്‍. അദ്ദേഹത്തെ പരിചയപ്പെടുത്താം. അദ്ദേഹത്തിന്റെ വിജ്ഞാനം നമുക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം. ചെടി മുളപ്പിക്കുന്നതെങ്ങനെ എന്നൊരു ധാരണ കിട്ടും. ചെടിയില്‍ താത്‌പര്യമുളള ആളുകള്‍ക്ക് ഇത്രയധികം ഇനം ചെടികള്‍ ഇവിടെയുണ്ടെന്നത് അറിയാന്‍ പറ്റും. മിക്കവാറും എല്ലാ ചെടികളും ഔഷധമൂല്യമുളളതാണ്. വിത്തു മുളപ്പിക്കുന്നതില്‍ വൈദഗ്‌ധ്യമുളള, ദീര്‍ഘകാലമായി അത് ചെയ്‌തുകൊണ്ടിരിക്കുന്ന ഒരാളാണ് ശ്രീ. രാജന്‍. അതിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു മനസിലാക്കാം. എം.ആര്‍. ഹരി: ഇവിടെ എത്രയിനം ചെടികളുണ്ട് ? രാജന്‍: ഇവിടെ 270 ഓളം തരം ചെടികള്‍ നമ്മുടെ നഴ്‌സറിയിലുണ്ട്. ഹരി: അതിങ്ങനെ മാറിക്കൊണ്ടിരിക്കുമല്ലേ? രാജന്‍: അതെ. ഇനിയും കുറേ വെറൈറ്റികള്‍ വരും. അപ്പോഴേക്കും ഇവിടുളളത് കഴിയും. അങ്ങനെയാണ് പോകുന്നത്. ഹരി: ഇത് സാധാരാണ ആളുകള്‍ മേടിച്ചുകൊണ്ടുപോകാറുണ്ടോ, കാടുവെക്കാനുമൊക്കെയായി? രാജന്‍: അതെ. കൂടുതല്‍ വ്യക്തികളാണ് വാങ്ങിക്കൊണ്ടുപോകുന്നത്. പിന്നെ നമ്മള്‍ സര്‍ക്കാറിന്റെ പ്രോജക്ടിലേക്കൊക്കെ കൊടുക്കാറുണ്ട്. ഹരി: ചെടി മുളപ്പിക്കുന്ന പ്രക്രിയ ഉണ്ടല്ലോ, ഇവിടെ ചേംബര്‍ കണ്ടു, അതുപോലെ പ്ലാശിന്റെ വിത്ത് പ്രത്യേകരീതിയിലാണ് മുളപ്പിക്കുന്നതെന്നു പറഞ്ഞു. അത്തരത്തില്‍ ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പങ്കുവെക്കാമോ? രാജന്‍: സാധാരണ മരമഞ്ഞളിന്റെ വിത്തെടുത്താല്‍, അത് മുളപ്പിക്കാന്‍ ജിഎ3 ട്രീറ്റ്‌മെന്റാണ് കൊടുക്കുന്നത്. ജിഎ3 ജിബ്രിക് ആസിഡില്‍ 24 മണിക്കൂര്‍ മുക്കിവെക്കും. കോണ്‍സന്‍ട്രേഷന്‍ 2000 -3000 പിപിഎം ആണ് കൊടുക്കാറ്. അങ്ങനെയുളള ലായനിയില്‍ 24 മണിക്കൂര്‍ മുക്കിവെച്ചിട്ടാണ് പാകുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ 80 ശതമാനത്തോളം ജര്‍മിനേഷന്‍ കാണാറുണ്ട്. അതേസമയം തനിയേ പാകിക്കഴിഞ്ഞാല്‍ സാധാരണനിലയ്‌ക്ക് ജര്‍മിനേഷന്‍ കിട്ടാറില്ല. കാട്ടിലുളളതൊന്നും മുളച്ചു കാണാറില്ല. ഹരി: അതുപോലെ കൊന്ന. രാജന്‍: കൊന്നവിത്ത് നല്ല തിളപ്പിച്ച വെളളത്തില്‍ അഞ്ചുമിനിറ്റ് ഇടും.അതിനുശേഷം ആ വെളളം മാറ്റി തണുത്ത വെളളം ഒഴിച്ച് 24 മണിക്കൂര്‍ ഇട്ടുവെച്ച വിത്താണ് പാകാന്‍ ഉപയോഗിക്കുന്നത്. അപ്പോള്‍ ജര്‍മിനേഷന്‍ കൂടുതല്‍ കിട്ടും. ഹരി: പ്ലാശും അതുപോലെയല്ലേ ? രാജന്‍: പ്ലാശ് സാധാരണ വെളളത്തിലിട്ടാല്‍ മതി. അത്യാവശ്യം മുളപൊട്ടിക്കിട്ടും. ചില വിത്തുകള്‍ വെറുതേ വെളളത്തില്‍ മുക്കിവെച്ചാല്‍ മതി. ചന്ദനത്തിന്റെ വിത്തു പാകുമ്പോള്‍ ചാണകവെളളത്തില്‍ 12 മണിക്കൂര്‍ മുക്കിവെച്ചാല്‍ 70-80 ശതമാനം മുളച്ചുകിട്ടും. ഹരി: എന്റെ പറമ്പില്‍ ചരല്‍ എന്നൊരു മരമുണ്ട്. ഒരു സുഹൃത്താണതിന്റെ പേര് ചരല്‍ എന്നാണെന്നു പറഞ്ഞത്. നിറയെ മുളളാണതില്‍. ഞാന്‍ കരുതിയത് വെറുതേ പറഞ്ഞതാണ് അങ്ങനൊരു മരം കാണില്ല എന്നാണ്. ഇവിടെ വന്നപ്പോള്‍ ചരലിന്റെ തൈ നില്‍ക്കുന്നു. രാജന്‍: ചരല്‍പ്പഴത്തിന്റെ മരം. വയ്യാങ്കത എന്നും പേരുണ്ട്. അത് നക്ഷത്രവൃക്ഷങ്ങളുടെ ഗണത്തില്‍ വരുന്നതാണ്. വിശാഖം നാളിന്റെ മരമാണത്. അതുകൊണ്ടാണാ മരത്തിന് കുറച്ച് പ്രാധാന്യമുളളത്. അത് ക്ഷേത്രങ്ങളിലും പിന്നെ വിശാഖം നാളുകാര്‍ വീട്ടിലും നട്ടു പരിപാലിക്കാറുണ്ട്. അതിന്റെ പഴം കൂടുതല്‍ നാള് വെച്ചുകഴിഞ്ഞാല്‍ മുളക്കില്ല. ഹരി: വയ്യാങ്കതയും ചരല്‍പ്പഴവും ഒന്നാണല്ലേ. രാജന്‍: ഒന്നാണ്. ലൂവിക്കയോടു സാമ്യമുളള പഴമാണ്. രണ്ടും ഫ്‌ളാകോര്‍ഷ്യ ഇനത്തില്‍ പെട്ടതാണ്. ഫ്‌ളാകോര്‍ഷ്യ മൊണ്ടാന ആണ് ലൂവിക്ക. രണ്ടും ഇല കണ്ടാല്‍ ഒരുപോലിരിക്കും. ലൂവിക്കക്ക് മുളളുണ്ടായിരിക്കില്ല. ഇതിന് മുളളുണ്ടായിരിക്കും. ഹരി: മുളളുണ്ടായിരിക്കുമെന്നതു തന്നെയല്ല, ഇച്ചിരി കടുത്ത മുളളാണ്. അതുപോലെ അമ്പലങ്ങളില്‍ കാണുന്ന നാഗലിംഗ മരം, അതെങ്ങനെയാണ് വിത്തു മുളപ്പിക്കുന്നത് ? രാജന്‍: നാഗലിംഗമെന്നു പറയുന്നത് വലിയ വിത്തായിരിക്കും. അത് നല്ല മൂത്ത് പാകമായതു നോക്കി തെരഞ്ഞെടുത്ത് അതിന്റെ പൊതിഞ്ഞിരിക്കുന്ന പള്‍പ് ഉണ്ട്, അത് കളഞ്ഞ് ഉരച്ച് കഴുകി വൃത്തിയാക്കിയതിനു ശേഷം തണലില്‍ ഒന്നുണക്കിയിട്ട് പാവിക്കഴിഞ്ഞാലത് മുളക്കും. പക്ഷെ മുളക്കാന്‍ പത്തിരുപത് ദിവസത്തെ സമയമെടുക്കും. ഈ മിസ്റ്റ് ചേമ്പര്‍ പൂര്‍ണമായും ഓട്ടോമാറ്റിക്കാണ്. ഹ്യൂമിഡിറ്റിയും ടെമ്പറേച്ചറുമെല്ലാം ഓട്ടോമാറ്റിക്കായി ക്രമീകരിക്കും. നമ്മളിതിലൊരു 31 ഡിഗ്രി ചൂടും ഹ്യൂമിഡിറ്റി 62 മാണ് കൊടുത്തിരിക്കുന്നത്. ഇതിനകത്ത് നിത്യഹരിത സസ്യങ്ങളെയാണ് വെക്കുക. ഇതിലൂടെ വെളളം പുറത്തേക്ക് വരും, രണ്ട് ഫാന്‍ പ്രവര്‍ത്തിക്കും. ഈ തണുത്ത വായുവിനെ പുറത്തേക്ക് വിടും. അപ്പോള്‍ ഇവിടെ എപ്പോഴുമൊരു നിത്യഹരിതവനത്തിന്റെ ഫീല്‍ നിലനില്‍ക്കും. വെളളകില്‍, മരമഞ്ഞള്‍ പോലുളള സാധനങ്ങള്‍ ഇതില്‍ വളര്‍ത്തുമ്പോള്‍ നന്നായി വരും. ഹരി: ഇതെന്താണ് സാധനം ? രാജന്‍: ഇത് മരമഞ്ഞളാണ്. ഇത് വളളിയായി വളരുന്ന ചെടിയാണ്. നാല്‌പതോളം ആയുര്‍വേദ മരുന്നുകളില്‍ ഇത് ചേരുവയായി വരുന്നുണ്ട്. മഞ്ഞപ്പിത്തത്തിനൊക്കെ ഒറ്റമൂലിയായി ഉപയോഗിക്കും. ഇതിന്റെ വിത്ത് കാട്ടില്‍ നിന്നാണ് ശേഖരിക്കുന്നത്. കാട്ടില്‍ സര്‍വേ നടത്തിനോക്കുമ്പോള്‍ പത്ത് ഇരുന്നൂറോളം ചെടി മാത്രമേ ഉളളൂ. ആളുകള്‍ മരുന്നിനു വേണ്ടിയൊക്കെ വെട്ടിയെടുത്ത് ഒക്കെ നശിച്ചുപോയി. ഇതിപ്പോ വീണ്ടും കാട്ടില്‍ വെച്ചുപിടിപ്പിക്കുകയാണ്. ഇത് വെര്‍മിക്കുലേറ്റിലാണ് പാവുന്നത്. അപ്പോള്‍ നല്ല വായുസഞ്ചാരം കിട്ടും, വേരോട്ടം കിട്ടും, മുളക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. വെര്‍മിക്കുലേറ്റ് ഒരു മീഡിയമാണ്. ഇത് വിത്തു മുളപ്പിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഹരി: ഈ മീഡിയം ഇല്ലാതെ സാധാരണ നിലക്ക് മരമഞ്ഞള്‍ കാട്ടില്‍ കിടന്നു മുളക്കില്ലേ ? രാജന്‍: സാധാരണ നിലക്കിത് മുളക്കാന്‍ കുറച്ച് ബുദ്ധിമുട്ടാ. മുളക്കും, വല്ലപ്പോഴുമേ സംഭവിക്കൂ. പിന്നെ വല്ല മൃഗങ്ങളും കഴിച്ച് വിസര്‍ജിച്ച് വന്നാല്‍ മുളക്കും. ഹരി: ഇത് പൂച്ചപ്പഴമല്ലേ ? രാജന്‍: അതെ. സൈസീജിയം സൈലാനിക്കം എന്നുപറയുന്നൊരു ചെടിയാണ്. സൈസീജിയത്തിന്റെ കുറേ ഇനങ്ങളുണ്ട്. ഇത് ഇലിപ്പ എന്നു പറയുന്ന ചെടിയാണ്. മധുക്ക ഇന്‍ഡിക്ക. സാധാരണ നക്ഷത്രവൃക്ഷങ്ങളില്‍ പെട്ട ഇലിപ്പയല്ല. അത് മധുക്ക ലോംഗിഫോളിയ ആണ്. ഇത് മധുക്ക ഇന്‍ഡിക്ക എന്നുപറയുന്ന സാധാരണ ഇലിപ്പ. ഇത് വെളളകിലാണ്. ഡൈസോസൈലം മലബാറിക്കം എന്നു പറയുന്ന ചെടിയാണ്. ഇത് നിത്യഹരിത വൃക്ഷങ്ങളിലൊന്നാണ്. ഈ ചെടി പോഡോകാര്‍പസില്‍ വരുന്നതാണ്. നിറംപാലി എന്നൊക്കെ പറയും. നോഹയുടെ പേടകം ഉണ്ടാക്കിയ ഈയൊരിനത്തില്‍ പെട്ട മരത്തില്‍ നിന്നാണ്. എണ്ണയുടെ അളവ് കൂടുതലാണ്, അതുകൊണ്ട് മരം പെട്ടെന്നു കേടുവരില്ല.ഇതൊരു നിത്യഹരിതവൃക്ഷമാണ്, ചൂടു കൂടിയ സ്ഥലത്ത് വളരാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ഇത് മൂട്ടിപ്പഴത്തിന്റെ ചെടിയാണ്. വിത്തു കൊണ്ടുവന്നു പാവി, മുളച്ചു വരുന്നേ ഉളളൂ. ഹരി: ഒരു സംശയം ചോദിച്ചോട്ടെ. മൂട്ടിപ്പഴം ആണും പെണ്ണുമില്ലേ? രാജന്‍: അതുണ്ട്. അത് നമുക്കിപ്പോള്‍ മനസിലാവില്ല. കായുണ്ടായാല്‍ പെണ്ണാന്നു പറയും, ഇല്ലെങ്കില്‍ ആണാന്നു പറയും. വെളളപ്പൈന്‍ ആണിത്. വറ്റേറിയ ഇന്‍ഡിക്ക. വെളളകുന്തിരിക്കം എന്നു പറയുന്നത് ഇതാണ്. അത് ആനപ്പനയാണ്. ഹരി: ചൂണ്ടപ്പന എന്നു ഞങ്ങളുടെ നാട്ടില്‍ പറയും. രാജന്‍: അതെ, അത് ഇതിനകത്ത് വെക്കേണ്ട കാര്യമില്ല. അതിന്റെ റൈസോം നല്ല മധുരമായിരിക്കും. പുറത്തുവെച്ചാല്‍ എലി കടിച്ചുതിന്നും. ഹരി: ഇത് നാങ്ക് എന്നു പറയുന്ന മരമാണോ? രാജന്‍: അല്ല. ഇത് ഡൈമോകാര്‍പസ് ലോങ്ങ് എന്നു പറയും. ചെമ്പൂവ് എന്നു പറയുന്നൊരു ചെടിയാണ്. ഹാര്‍ഡാണ്. മീഡിയം മരമാവും. നാങ്ക് വേറെയാണ് സാര്‍. ഇത് ആര്യവേപ്പിന്റെ തൈയാണ്. ആര്യവേപ്പ് വെര്‍മിക്കുലേറ്റില്‍ പാകി മുളപ്പിച്ചതാണ്. ഇതിലാവുമ്പോള്‍ വേര് ഒന്നുപോലും പൊട്ടാതെ കിട്ടും. ഒരു തൈ പോലും നഷ്ടമാവാതെ കിട്ടും. ഹരി: സാധാരണ ആര്യവേപ്പിന്റെ ചുവട്ടിലങ്ങനെ വിത്തുവീണ് കിളിര്‍ക്കാറില്ലല്ലോ. രാജന്‍: ആര്യവേപ്പിന്റെ പ്രത്യേകത എന്താന്നു വെച്ചാല്‍ പത്തു പതിനഞ്ച് ദിവസത്തിനകം ഇത് പാകിയിരിക്കണം. ഇല്ലെങ്കില്‍ മുളക്കില്ല. പേഴ് എന്നു പറയുന്ന ഒരു മരമാണിത്. ഇത് ചോരപത്രി, നീമ അറ്റുനേറ്റ. ഇത് ചെറിയ ചെടിയാണ്. ഇപ്പോള്‍ ബാഗിലേക്ക് മാറ്റിയതേ ഉളളൂ. ഇത് പ്ലാശാണ്. ഇത് സൈസീജിയം കുമിനി എന്നു പറയുന്ന സാദാ ഞാവലാണ്. ഹരി: അത് കുരങ്ങന്‍ മഞ്ഞളല്ലേ? രാജന്‍: അതെ. ബിക്‌സ ഒറില്ലാന എന്നു പറയും. ഹരി: മെഡിസിനല്‍ യൂസ് ഉണ്ടോ ? രാജന്‍: മെഡിസിനലായിട്ട് അത്ര ഉപയോഗമൊന്നുമില്ല. ഹരി: കുലകുലയായി കായ്‌ച്ചു കിടക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. രാജന്‍: ഇത് മുളളുവേങ്ങയാണ്. ഇത് മന്ദാരമാണ്. ഇത് നെന്മേനി വാക. ഈ ചെടി കണ്ടോ, ഇത് ഒടുക് എന്നു പറയും. ഈയിരിക്കുന്നതെല്ലാം അതാണ്. ഇതിന്റെ കായും ഇലയുമൊക്കെ വിഷമാണ്. സാധാരണ നിലമൊക്കെ ഉഴുതുമറിക്കുമ്പോള്‍ ഇതിന്റെ ഇല വെട്ടിയിടാറുണ്ട്. അപ്പോള്‍ അതിലുളള കേടുകളെല്ലാം മാറിക്കിട്ടും. ഇത് സോപ്പുംകായ, ഉരുളിഞ്ചിക്കായ എന്നൊക്കെ പറയും. വസ്‌ത്രങ്ങള്‍ അലക്കുന്നതിനും, സ്വര്‍ണം, വെളളി ആഭരണങ്ങെളാക്കെ വൃത്തിയാക്കാനും ഉപയോഗിക്കും. ഇത് കരിമരുതാണ്. ഇലപൊഴിക്കുന്ന ചെടിയാണ്. ഇത് വളളിയാണ്. മരുന്നായിട്ട് ഉപയോഗിക്കുന്നതാണ്. ഇതിന്റെ കിഴങ്ങ് ശരീരത്തിനെ തണുപ്പിക്കാനായി ഉപയോഗിക്കും. ഹരി: അച്ചാറുണ്ടാക്കും. രാജന്‍: അതെ. ഒത്തിരി മരുന്നുകള്‍ ഇതില്‍നിന്ന് ഉണ്ടാക്കുന്നുണ്ട്. വെളള പൂവുളളതും ചുവന്ന പൂവുളളതുമുണ്ട്. ഇത് തമ്പകമാണ്. ഇതിന്റെ വിത്ത് ഉണ്ടാകുമ്പോള്‍ത്തന്നെ മുളച്ചിട്ടാണ് മരത്തില്‍നിന്നും വരിക. ഇത് കുടവാഴ എന്നുപറയുന്ന മരമാണ്. നിത്യഹരിത വൃക്ഷമാണ്. ഇതിന്റെ ശാഖകള്‍ ഇരുവശത്തേക്കും തൂങ്ങിനില്‍ക്കും. ഒരു കുടയുടെ ചുവട്ടില്‍ നില്‍ക്കുന്ന പോലെയുണ്ടാവും. അതാണിതിനെ കുടവാഴ എന്നു വിളിക്കുന്നത്. ഇത് പതിമുഖമാണ്. ഹരി: ചപ്പങ്ങവും പതിമുഖവും ഒന്നാണോ ? രാജന്‍: രണ്ടും ഒന്നാണ്. ഇത് കമ്പിളി വിരിഞ്ഞി എന്നു പറയുന്നൊരു ചെടിയാണ്. ആക്ടിനോഡാഫ്‌നെ മലബാറിക്ക. ഇതൊരു വിദേശവൃക്ഷമാണ്, ചെസ്റ്റ് നട്ട്. കാസ്‌റ്റനോസ്‌പെര്‍മം ആസ്‌ട്രേലെ എന്നാണിതിന്റെ പേര്. ഹരി: ഇതെന്താണീ ചുവന്ന ഇലയുളളത് ? രാജന്‍: ഇത് വറ്റേറിയ ഇന്‍ഡിക്ക. വെളളപ്പൈന്‍ എന്നു പറയുന്ന മരമാണിത്. ഇതിന് വെയില്‍ കുറച്ചുമതി. ഇത് ചടച്ചിയുടെ തൈകളാണ്. ഗ്രേവിയ ടില്ലിഫോളിയ എന്നു പറയും. ഇതൊക്കെ കാട്ടുമരങ്ങളാണ്. ഇത് ഇരുമുളളാണ്. സൈലിയ സൈലോകാര്‍പ എന്നു പറയുന്ന മരത്തിന്റെ തൈയാണ്. വളരെ കടുപ്പമുളള മരമാണ്. ഇരുമുളളില്‍ ആണി പോലും കേറില്ല. ഇതാണ് പ്ലാശ് അല്ലെങ്കില്‍ ചമത. ബ്യൂട്ടിയ മോണോസ്‌പേര്‍മ എന്നും പറയും. ഇത് അടയ്‌ക്ക പൈന്‍ എന്നു പറയുന്ന ചെടിയാണ്. വാറ്റിക കൈനെന്‍സിസ്. നിത്യഹരിത വൃക്ഷമാണ്. നല്ല ബുഷായി ഇലകളുണ്ടാവും. ഇടത്തരം വലിപ്പം വക്കുന്ന മരമാണ്. ഇത് കുറുന്തോട്ടിയാണ്. ഹരി: കുറുന്തോട്ടി മുളപ്പിക്കുന്നത് എങ്ങനെയാണ് ? രാജന്‍: കുറുന്തോട്ടി സാധാരണ മണ്ണിലിട്ടാല്‍ കിളിര്‍ത്തുവരും. ഹരി: വിത്തിട്ടാലോ ? രാജന്‍: അതെ. വിത്തൊന്ന് വെളളത്തിലിടണം. ഹരി: ഞാനതിന്റെ വിത്ത് ഇതുവരെ കണ്ടിട്ടില്ല. രാജന്‍: കടുകിന്റെ മാതിരി ചെറിയ വിത്തായിരിക്കും. ഇത് ലക്ഷ്‌മി തരു. അത് വെളള അമരിയാണ്. നീല അമരിയുണ്ട്. വെളള അമരിയുമുണ്ട്. ഇത് മഞ്ഞ മന്ദാരമാണ്. ഇത് കായാമ്പൂ എന്നു പറയുന്ന ചെടിയാണ്. ഹരി: കാശാവ് അല്ലേ ? രാജന്‍: അതെ. ഇത് വളളിച്ചൂരല്‍. അരി ചൂരല്‍ എന്നു പറയും. ഹരി: മുളളുളള ചൂരലാണല്ലേ രാജന്‍: ഇപ്പോള്‍ത്തന്നെ മുളളുണ്ട്. കുട്ടികളെ അടിക്കാന്‍ സ്‌കൂളിലൊക്കെ ഉപയോഗിക്കില്ലേ ? ആ ചൂരലാണിത്. ഇത് മണിമരുതിന്റെ തൈകളാണ്. ഹരി: ഇതെന്താ സാധനം ? രാജന്‍: അത് ഫ്‌ളമഞ്ചിയയില്‍ വരുന്നൊരിനമാണ്. അരക്കുണ്ടാക്കില്ലേ ? ഈ മരത്തിലാണ് അരക്ക് പിടിക്കുന്നത്. ഹരി: ഓ, പ്രാണി വരുന്നത്. കോലരക്ക് ഉണ്ടാക്കുന്നതുപോലെ. അത് വിദേശ ചെടിയാണോ ? രാജന്‍: നമ്മുടെ നാട്ടില്‍ കാണുന്നതു തന്നെ. ഇത് വാതംകൊല്ലി. ജസ്‌റ്റീസിയ ജെന്റൂസ എന്നു പറയുന്ന ഔഷധസസ്യമാണ്. ഒടിച്ചുകുത്തി എന്നും പറയും. ചുമ്മാ ഒടിച്ചെടുത്ത് നിലത്തു കുത്തിയാല്‍, അല്ലെങ്കില്‍ കവറില്‍ കുത്തിയാല്‍ ഇതില്‍നിന്നു വേരു വരും. ഹരി: സ്‌ത്രീകളുടെ പ്രസവം കഴിഞ്ഞ് കുളിപ്പിക്കാന്‍ ഒക്കെ ഉപയോഗിക്കുന്ന ചെടിയാണ്. രാജന്‍: അതെ. ഇത് ചങ്ങലംപരണ്ട. ഇതിന്റെ നോഡ് മുറിച്ചു വെച്ചാല്‍ ഇത് പുതിയ ചെടിയായിട്ടു വരും. ചങ്ങലംപരണ്ട നാല് തരമുണ്ട്. ഉരുണ്ടുപെരണ്ട് ഉണ്ട്, നാല് വശമുളളതും മൂന്നു വശമുളളതും രണ്ട് വശമുളളതും ഉണ്ട്. ഇത് പവിഴമുല്ല. ഇതെല്ലാം രക്തചന്ദനമാണ്. ഈ ചെടി കണ്ടോ ? ഇത് ആന്‍ഡമാന്‍ പടോക്ക് എന്നു പറയുന്ന ചെടിയാണ്. ഇത് ഫേണ്‍ ട്രീ എന്നു പറയും. ഫിലിസിയത്തില്‍ വരുന്നതാണ്. പുത്രന്‍ജീവ എന്നു പറയുന്ന ചെടിയാണ്. ഔഷധ സസ്യമാണ്. ഈയിരിക്കുന്നത് അങ്കോലം. പേപ്പട്ടി വിഷത്തിന് മരുന്നായി ഉപയോഗിക്കുന്നു. ഇത് മരചാമ്പ. മീഡിയം വലിപ്പം വരുന്ന മരമാണ്. വലിപ്പമുളള ചാമ്പക്ക ഉണ്ടാവും. ചരല്‍പ്പഴം ആണത്. ഹരി: മരമാവുന്നതാണോ ? രാജന്‍: മീഡിയം മരമാവും. ഹരി: എന്നിട്ടതില്‍ മുളളു വരുമോ രാജന്‍: മുളളുണ്ടാവും. ഹരി: എന്റെ പറമ്പില്‍ ഇതിന്റെ വലിയൊരു മരമുണ്ട്. പക്ഷെ ഇതുവരെ അതിന്റെ പഴം കണ്ടിട്ടില്ല. ഇതാണതല്ലേ. രാജന്‍: ഇത് ചോലവേങ്ങയുടെ ഒരു മരമാണ്. ഡിസ്‌കോഫിയ ജവാനിക്ക എന്നു പറയുന്ന മരം. തീപ്പാല. നാഗവെറ്റില എന്നപേരിലറിയപ്പെടുന്ന ചെടിയാണ്. ഭയങ്കര ഔഷധഗുണമുളളതാണ്. പൈല്‍സിനും മറ്റ് മുറിവുകള്‍ക്കുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഇടംപിരി വലംപിരി. കുറ്റിച്ചെടിയായിരിക്കും. ഇതാണ് ഓടപ്പഴം. ഹരി: ഓടവളളിയല്ലേ ? ഞങ്ങള്‍ രാമചന്ദ്രന്‍ സാറിന്റെ കാവില്‍ പോയി കണ്ടു. അത് ഏകദേശം മുന്നൂറ് വര്‍ഷമായ വളളിയാണ്. ഇതുകണ്ടോ, വളളിമുള. മുളയുടെ എല്ലാ സ്വഭാവവും കാണിക്കും, എന്നാല്‍ വളളിയായിരിക്കും. ഹരി: വണ്ണം വെക്കില്ലേ ? രാജന്‍: വണ്ണം വെക്കും. ഇത് ചോരക്കല്ലി എന്നു പറയുന്നൊരു ഔഷധച്ചെടിയാണ്. മുറിവില്‍ ഇതിന്റെ കറ വീഴ്‌ത്തിയാല്‍ ചോര അഴിടെ നിക്കും. ജട്രോഫയില്‍ വരുന്നതാണ്. കടുക്ക എന്നു പറയുന്ന ചെടിയാണിത്. ഹരി: ത്രിഫലയിലെ കടുക്ക അല്ലേ? രാജന്‍: അതെ. താന്നിക്ക, നെല്ലിക്ക, കടുക്ക എന്നു പറയില്ലേ, ത്രിഫല ചൂര്‍ണത്തിലെ. അതില്‍ വരുന്ന കടുക്ക ആണിത്. ഇത് പീനാറി എന്നു പറയുന്ന ചെടിയാണിത്. ഔഷധ സസ്യമാണ്. ഇതാണ് സിംഹവാലന്‍ കുരങ്ങിന്റെ പ്രധാന ആഹാരമെന്നു പറയുന്ന വെടിപ്ലാവ്. ഈയിരിക്കുന്നത് ഫൈക്കസ് മൈക്രോകാര്‍പ എന്നു പറയുന്ന ഇത്തിയാണ്. ഇതാണ് വെല്‍വറ്റ് ആപ്പിളാണ്. ഡയോസ്‌പൈറോസ് ഡിസ്‌കളര്‍ എന്നറിയപ്പെടുന്നു. തണല്‍മരമായി വളരും. ക്രിക്കറ്റ് ബോളിന്റെ വലിപ്പമുണ്ട് വിത്തിന്. ഇത് വിത്ത് പാകാനുപയോഗിക്കുന്ന വെര്‍മിക്കുലേറ്റ് എന്നു പറയുന്ന സാധനമാണ്. ഈ ട്രേയ്‌ക്ക് ദ്വാരം കൊടുത്തിട്ടുണ്ട്. നനക്കുമ്പോള്‍ വെളളം കെട്ടിനിന്നാല്‍ വേര് ചീഞ്ഞുപോകും. അപ്പോള്‍ അധികം വരുന്ന വെളളം പുറത്തേക്കു പോകാന്‍ ഇതിനെല്ലാം ദ്വാരം കൊടുത്തിട്ടുണ്ട്. ഇത് നിരപ്പാക്കിയിട്ട ശേഷം വിത്തിടും. ഇത് പ്ലാശിന്റെ വിത്താണ്. നാലു മണിക്കൂര്‍ വെളളത്തിലിട്ടു വെച്ചതാണ്. വെളളത്തിലിട്ടു വെക്കുന്നത് മുളക്കാന്‍ എളുപ്പമാണ്. ഇത്രയും വിത്തു മതി. വിത്ത് നിരത്തിയതിനു ശേഷം മുകളില്‍ ഇതുപോലെ വിത്തു മൂടാവുന്ന വിധത്തില്‍ വെര്‍മിക്കുലേറ്റ് വിതറിക്കൊടുക്കണം. അതിനുശേഷം ഒന്നു നനച്ചുകൊടുക്കണം. കൂടുതല്‍ വെളളമൊഴിക്കരുത്. ഹരി: ഇവിടെ പുതിയ മരങ്ങള്‍ വരാറുണ്ടോ ? നമുക്കറിയാന്‍ വയ്യാത്ത മരങ്ങള്‍, കാട്ടില്‍ നിന്നുമൊക്കെ ? അപ്പോള്‍ എന്താണ് സാധാരണ ചെയ്യുക ? രാജന്‍: ഇതൊരു ഗവേഷണകേന്ദ്രം കൂടിയാണല്ലോ. അതുകൊണ്ട് നമുക്കറിയാം. അതിനോടകം തന്നെ ആളുകള്‍ ഗവേഷണം നടത്തിയിട്ടുണ്ടാവും. നമ്മളത് കണ്ടെത്തും അതെങ്ങനെയാണ് മുളപ്പിക്കേണ്ടത്, അതിന്റെ രീതി എന്താണെന്നൊക്കെ. ആ രീതിയിലാണ് നമ്മള്‍ ചെയ്യുക. അല്ലെങ്കില്‍ നമുക്കിവിടെ സീഡ് സെന്ററുണ്ട്. വിത്തിന്റെ കാര്യങ്ങള്‍ മാത്രം നോക്കുന്നൊരു വിഭാഗമാണത്. അതിലൊരു ശാസ്‌ത്രജ്ഞനും മറ്റു കാര്യങ്ങളുമൊക്കെയുണ്ട്. അവരാ വിത്തിനെ മുളപ്പിക്കുന്നത് എങ്ങനെയാണെന്നു പഠിച്ച് ആ റിപ്പോര്‍ട്ട് നമുക്കു തരും. നമ്മളാ രീതിയില്‍ മുളപ്പിക്കും. പിന്നെ സ്വാഭാവികമായി വിത്തുപാകുന്ന രീതിയും ചെയ്‌തു നോക്കും. മുളക്കുമോ എന്നറിയാന്‍. അതാ വിത്തിന്റെ തോടൊക്കെ കാണുമ്പോള്‍ നമുക്കറിയാം, കടുപ്പമുളളതാണോ എന്നൊക്കെ. അതനുസരിച്ച് വെളളത്തില്‍ മുക്കിവെച്ചും സാധാരണരീതിയിലുമൊക്കെ നോക്കും. ഹരി: നമ്മളിപ്പോള്‍ 2-3 മണിക്കൂര്‍ ഇതിനകത്തുകൂടി ചുറ്റി നടന്നു. അതു കഴിഞ്ഞിട്ടും ചേട്ടന്‍ വളരെ ഉത്സാഹത്തോടെ തന്നെയാണ് സംസാരിക്കുന്നത്. ഈ ചെടികളില്‍ ജന്മനാ തന്നെ ഒരു താത്‌പര്യം ഉണ്ടായിരുന്നോ ? രാജന്‍: ചെറുപ്പം മുതലേ ചെടിയോടു താത്‌പര്യമുണ്ട്. പിന്നെ കൃഷി ഇപ്പോഴുമുണ്ട്. ഹരി: ചെടികളുടെ ശാസ്‌ത്രീയനാമങ്ങള്‍ ഇത്രയും പഠിച്ചത് ഇവിടെ വന്നിട്ടായിരിക്കുമല്ലേ ? രാജന്‍: അതെ. നിത്യഭ്യാസി ആനയെ എടുക്കുമെന്നു പറഞ്ഞമാതിരി, നിത്യവും ചെടികളെ കാണുകയല്ലേ. അപ്പോഴതിന്റെ ബൊട്ടാണിക്കല്‍ നെയിമാണ് ഓര്‍ക്കുക. ഹരി: എവിടുന്നാണ് ഈ ചെടികള്‍ കൊണ്ടുവരുന്നത് ? രാജന്‍: കാട്ടില്‍ നിന്നാണ് കൂടുതലും കൊണ്ടുവരുന്നത്. വിത്തു ശേഖരിക്കാന്‍ സീഡ് സെന്ററിന്റെ കീഴില്‍ നമുക്ക് സ്‌റ്റാഫുണ്ട്. അവര്‍ പോയി ശേഖരിച്ചുകൊണ്ടുവരും. പിന്നെ ലോക്കലായി നമ്മള്‍ ശേഖരിക്കും. ഇവിടെയില്ലാത്തത് പുറത്തുനിന്നും വാങ്ങിക്കും. ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്. ഹരി: എന്തുതരം ആളുകളാണ് ഇവിടുന്ന് ചെടികള്‍ കൊണ്ടുപോകുന്നത് രാജന്‍: ഇപ്പോള്‍ മിയാവാക്കി കാടുണ്ടാക്കാന്‍ ആളുകള്‍ കുറേ കൊണ്ടുപോകുന്നുണ്ട്. പിന്നെ ചൂടുകാരണം സ്വന്തം സ്ഥലത്ത് കുറച്ചു മരം വെക്കാമെന്നു കരുതി കൊണ്ടുപോകുന്നവര്‍ ഉണ്ട്. പിന്നെ തമിഴ്‌നാട്ടിലേക്ക് കുറേ ചെടികള്‍ കൊണ്ടുപോകുന്നുണ്ട്. അവിടെ ഫാക്ടറിടെ ചുറ്റും മരം വെക്കണമെന്നത് അവിടത്തെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതുകൊണ്ട് അങ്ങനെ കുറേ കൊണ്ടുപോകുന്നുണ്ട്. അവിടെയാണ് കൂടുതല്‍ കാട് വെച്ചുപിടിപ്പിക്കുന്നത്. അങ്ങനെ തമിഴ്‌നാട്ടിലേക്ക് കുറേ കൊണ്ടുപോകുന്നുണ്ട്. പിന്നെ സാധാരണക്കാര്‍ ഇഷ്ടംപോലെ കൊണ്ടുപോകുന്നുണ്ട്. ഹരി: എന്തായാലും മരം വെക്കുന്ന കാര്യത്തില്‍ നമുക്ക് പ്രതീക്ഷക്കു വകയുണ്ട്. രാജന്‍: അതെ. ഇവിടെ നല്ല വില്‍പ്പനയുളളതാണ്. ഇപ്പോള്‍ത്തന്നെ നാലുലക്ഷത്തോളം ചെടി ഇരിക്കുന്നുണ്ട്. ഓരോ വര്‍ഷവും അമ്പതിനായിരത്തോളം തൈ സൗജന്യമായി കൊടുക്കുന്നുണ്ട്. അത് പല പ്രോജക്ടിലായാണ് കൊടുക്കുന്നത്. ഹരി: സാധാരണ നഴ്‌സറികളിലൊക്കെ പോവുമ്പോള്‍ ചെടികളെയെല്ലാം കുട്ടപ്പനാക്കി ഒരു പ്രാണി പോലും അതില്‍ കാണില്ല. ഇവിടെ ഇഷ്ടംപോലെ പ്രാണികളുണ്ട്. അതിനര്‍ത്ഥം ഇവിടെ അമിതമായ വിഷപ്രയോഗങ്ങള്‍ ഒന്നുമില്ലെന്നാണല്ലോ. രാജന്‍: ഞങ്ങളങ്ങനെ കീടനാശിനികളൊന്നും കൂടുതലായി ഉപയോഗിക്കാറില്ല. പ്രാണികള്‍ക്കും ജീവിക്കണ്ടേ ? ആ ഒരു രീതിയിലാണ്. ചെടികള്‍ പറ്റേ നശിച്ചുപോകുന്ന അവസ്ഥ വരികയാണെങ്കില്‍ നീം അടിസ്ഥാനമാക്കിയുളള കീടനാശിനികളുണ്ട്. അത് തളിക്കും. ഹരി: അത് അവസാനഘട്ടത്തിലേ ചെയ്യാറുളളൂ അല്ലേ ? രാജന്‍: അതെ. എപ്പോഴുമൊന്നും ചെയ്യാറില്ല. ഹരി: നമ്മളിപ്പോള്‍ ഏകദേശം 2,3 മണിക്കൂര്‍ ഇവിടെ നടന്നുകണ്ടു. കുറേയധികം ചെടികളുണ്ട്. പണ്ട് ഞാനിവിടെ ചെടി വാങ്ങാന്‍ വന്നിട്ടുണ്ട്. അന്നൊന്നും ഇത്രയധികം ചെടികള്‍ ഇവിടെ ഉണ്ടെന്നോ ചെടി മുളപ്പിക്കുന്നത് ഇത്ര പ്രയാസമുളള കാര്യമാണെന്നോ മനസിലായിരുന്നില്ല. ഇപ്പോള്‍ അത് മനസിലായിക്കഴിഞ്ഞപ്പോള്‍ വലിയ ബഹുമാനം ഇവരോടു തോന്നുന്നു. കാരണം ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. എത്രയധികം അദ്ധ്വാനവും താത്‌പര്യവും കാണിച്ചാണ് ചെടികള്‍ മുഴുവന്‍ വളര്‍ത്തിയടുക്കുന്നത്. വരുന്ന ആളുകളോടുളള പെരുമാറ്റവും വളരെ സൗഹൃദപരമാണ്. അതിലും പ്രധാനം ഇവിടെ പ്രകൃതിസൗഹൃദ അന്തരീക്ഷമാണ് എന്നുളളതാണ്. വലിയതോതില്‍ കീടനാശിനികളൊന്നും ഉപയോഗിക്കുന്നതായി തോന്നുന്നില്ല. എല്ലാ ചെടികളിലും വിട്ടിലോ ശലഭങ്ങളോ എന്തെങ്കിലുമൊരു പ്രാണി ഇരിക്കുന്നതു കാണാം. പ്രകൃതിക്കു വേണ്ട കരുതല്‍ കൊടുത്തുകൊണ്ട് ചെടികള്‍ വളര്‍ത്തുന്ന ഒരു രീതിയാണിവിടെ അവലംബിച്ചിരിക്കുന്നത്. തൃശൂര്‍ ടൗണില്‍ നിന്നും പത്തുപതിനഞ്ച് കിലോമീറ്റര്‍ ദൂരമേ ഉളളൂ. പീച്ചി ഫോറസ്‌റ്റ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റിയൂട്ട്. പ്രവൃത്തിദിവസങ്ങളുണ്ട്. ആ ദിവസങ്ങളില്‍ ഇവിടെ വന്നു കഴിഞ്ഞാല്‍ തൈകള്‍ കിട്ടും. നിങ്ങളെല്ലാവരും ഒരുദിവസം ഇവിടെവന്നു കാണുകയും ഒരു തൈയെങ്കിലും കൊണ്ടുപോയി വീട്ടില്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുക. ഒരു തൈയല്ല. എല്ലാ വീട്ടിലും നടാവുന്ന എട്ടോ പത്തോ തൈയ്യെങ്കിലും ഇവിടെനിന്നു കിട്ടും. എല്ലാം ഔഷധച്ചെടികളാണ്. നിങ്ങള്‍ക്കു ഭാവിയില്‍ പ്രയോജനം ചെയ്യും.