വീടിനോട് ചേർന്ന് മീൻകുളം ഉണ്ടാക്കുന്നതിന് കുറച്ചു വിവരങ്ങൾ കൂടി വേണം എന്ന് പലരും ചോദിച്ചിരുന്നു. ഞങ്ങളത് ചെയ്ത് പഠിച്ച ഒരു കാര്യമാണ്. അതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാം എന്നാണ് വിചാരിക്കുന്നത്. അതിന് മുൻപ് ഞാൻ കഴിഞ്ഞ തവണ ചെയ്ത വീഡിയോയുടെ ഒരു വിശദീകരണം കൂടി പറഞ്ഞോട്ടെ.
രണ്ടാഴ്ച മുൻപ് ഞാൻ കെ റെയിലിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിൽ ഒരു പ്രധാന വിമർശനം വന്നത് വീടു പോകുന്നവരുടെ വിഷമം ആണ്. അത് തീർച്ചയായും എനിക്ക് മനസ്സിലാകും. കാരണം ഞാൻ താമസിക്കുന്നത് പത്താമത്തെ വീടാണ്. എന്റെ നാട്ടിലുണ്ടായിരുന്ന വീടും കുടുംബ സ്വത്തായി ഉണ്ടായിരുന്ന വീടും എല്ലാം ഒരു ഘട്ടത്തിൽ വിൽക്കേണ്ടി വന്നു. വിൽക്കേണ്ടി വന്നത് പ്രധാനമായിട്ടും നാട്ടിലേയ്ക്ക് തിരിച്ചുപോകാനിടയില്ല എന്ന തിരിച്ചറിവിലാണ്. കഴിഞ്ഞ നാൽപത് വർഷമായിട്ട് ജനിച്ചുവളർന്ന പട്ടണത്തിന് പുറത്താണ് എന്റെ താമസം. എപ്പോഴായാലും അങ്ങോട്ട് തിരിച്ച് പോകാം എന്ന ചിന്തയിൽ അത് 25 വർഷത്തോളം നിലനിർത്തിയിരുന്നു. പിന്നെ നമ്മുടെ ജീവിതം ഇവിടെത്തന്നെയാണ് തിരിച്ചു പോക്ക് ഉണ്ടാവുകയില്ല എന്ന് മനസ്സിലായപ്പൊ അത് വിൽക്കുകയാണ് ചെയ്തത്.
ഈ വീട് വയ്ക്കുന്ന സമയത്ത് ഞാൻ പല വീടുകളിലായി താമസിച്ചിരുന്നു. എന്റെ മകൾക്ക് ഏറ്റവും വലിയ പ്രശ്നം അവളുടെ കുട്ടിക്കാലത്തെ ഓർമ്മകളിൽ സ്ഥിരമായിട്ട് ഒരു വീടില്ല എന്നുള്ളതാണ്. ഞങ്ങൾ ഒരു വീട് വച്ചപ്പോഴേക്കും അവൾക്ക് 12 വയസ്സായി കഴിഞ്ഞു. വാടകവീട് മാറിക്കൊണ്ടിരുന്നു. അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ട്. അതില്ലാന്നു ഞാൻ പറയുന്നില്ല. രണ്ടാമത്തെ കാര്യം വീടിന് നഷ്ടപരിഹാരം ആണ്. നമ്മുടെ നാട്ടിൽ ഭൂമിയ്ക്ക് വിലകുറച്ചു വയ്ക്കുന്ന ഒരു സംഗതി ഉണ്ട്. അതുകൊണ്ട് കടലാസിലുള്ള വില കൊടുത്താൽ ഒരിക്കലും ഭൂമി കിട്ടില്ല. അതിന് ചെയ്യേണ്ടത് നികുതി നിരക്കു കുറയ്ക്കുകയും വസ്തുവിന്റെ വില കുറെകൂടി യാഥാർത്ഥ്യമാക്കുകയും ചെയ്യുക എന്നതാണ്. അതൊന്നും ഉടനെ നടക്കുകയില്ല. ഇപ്പോൾ വസ്തു പോകുന്നവർക്ക് ഉറപ്പായും പുതിയ വസ്തു മേടിച്ചു കൊടുക്കുകയോ അല്ലെങ്കിൽ മേടിക്കാനാവശ്യമായ പൈസ കൊടുക്കുകയോ ചെയ്തിട്ടു മാത്രമേ ഇത്തരം പദ്ധതി - അല്ല ഏതു പദ്ധതിയും നടപ്പാക്കാവു. ഒരാളുടെ ജീവിതകാലത്തെ സമ്പാദ്യമാണ്. അയാളെ ഒഴിപ്പിക്കുമ്പോ ശരിയായ രീതിയിൽ നഷ്ടപരിഹാരം ചെയ്തിട്ടേ ഒഴിപ്പിക്കാവൂ എന്നുതന്നെയാണ് എന്റെയും അഭിപ്രായം.
ഇത്രയും പറഞ്ഞിട്ട് മീനിന്റെ വിഷയത്തിലേയ്ക്ക് തിരിച്ചു വരാം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തിനടുത്ത് പിച്ചാണ്ടിക്കുളം എന്ന സ്ഥലത്തൊരു കാട് ഉണ്ട്. ബ്രിട്ടീഷുകാരനായ സായിപ്പ് വച്ചുപിടിപ്പിച്ച ഒരു കാടാണ്. അദ്ദേഹത്തിന്റെ പേര് മറന്നുപോയി. എത്ര ഏക്കറാണെന്ന് മറന്നു പോയി. രണ്ട് വർഷം മുന്നേ അവടെ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത് കഴിഞ്ഞ 47 വർഷമായി ഞാൻ വച്ചുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. അദ്ദേഹം വരുമ്പോ വളരെ തരിശായ ഭൂമിയായിരുന്നു. ഇപ്പോൾ അവിടെ മുഴുവൻ കാടായി മാറി. അത് മിയാവാക്കി മാതൃകയൊന്നും അല്ല. വളരെ സാധാരണയായ വനവത്ക്കരണ മാത്യകയാണത്. ഈ 50 വർഷം കൊണ്ടാണ് വനത്തിന്റെ പ്രതീതി ഉണ്ടാക്കുന്ന വനം എന്നു തോന്നിക്കുന്ന രീതിയിൽ അത് വളർന്നത്. അതിൽ അദ്ദേഹം അവിടവിടെ വീട് വച്ചിട്ടുണ്ട്. വീടിനു ചുറ്റും ഒരടി പൊക്കത്തിൽ ഒരടി വീതിയിൽ ചെറിയ വെള്ളക്കെട്ടുകളുണ്ട്. അത് എന്തിനാണെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മളോട് സൗഹൃദപരമായി നീങ്ങുന്ന പാമ്പുകൾ അവിടെ വന്ന് വെള്ളം കുടിച്ചിട്ട് പൊയ്ക്കോളും, ഇപ്പുറത്തേയ്ക്ക് ക്രോസ്സ് ചെയ്യില്ല. അതു പോലെ അട്ട, ഉറുമ്പ് ഇവയൊന്നും കടക്കുകയില്ല എന്നാണ്.
അപ്പോ നമ്മളെങ്ങനെ കടക്കും എന്നു ചോദിക്കും. അതിനായി ഈ നടകളെ ഒരു പ്രത്യേക രീതിയിലാണ് ചെയ്തിരിക്കുന്നത്. അതിന്റെ ക്ലോസ്സപ്പ് കാണാം, ആ നടകൾ വീടുമായിട്ട് സ്പർശിക്കുന്നില്ല. അതിനിടയിലൊരു വിടവുണ്ട്. ഗ്യാപ്പ് ക്രോസ് ചെയ്യാൻ സാധിക്കാത്തതു കൊണ്ട് അട്ടപോലുള്ള ജീവികൾ അവിടെവരെ വന്നിട്ട് തിരിച്ചു പോകും. സാധാരണ ഗതിയിൽ ഇതല്ലാതെ വേറെ കണക്ടിങ്ങ് സാധനങ്ങളൊന്നും ഇല്ല. ഉറമ്പുകൾ പക്ഷെ കയറുന്നുണ്ട്, അത് പുറകിൽ സോളാർ വച്ചിരിക്കുന്ന തൂണിലൂടെയും അതുപോലെ വെള്ളം ഒഴുകി പോകാൻ വച്ചിരിക്കുന്ന പൈപ്പിലൂടെയും, ചെടിയിൽനിന്നുമൊക്കെ വരുന്നുണ്ട്. അതൊക്കെ മുഴുവനായിട്ട് അടച്ചാൽ കയറില്ല. പിന്നെ മരയെലി വരുന്നുണ്ട്. അത് വയറിലൂടെ, കേബിളിലൂടെ കയറി തട്ടുപുറത്ത് എത്തുന്നുണ്ട്. എങ്കിലും ഈ ചെറിയ പ്രാണികളെ അകത്തി നിർത്താനാകുന്നുണ്ട്.
അതിലും പ്രധാനം ഇങ്ങനെ ഒരു സംവിധാനമുണ്ടെങ്കിൽ ഒന്ന്, ആവശ്യമുള്ള മീനിനെ ഇതിൽ വളർത്താം. രണ്ടാമത് കുട്ടികളൊക്കെ ഉണ്ടെങ്കിൽ ജലജീവികളെക്കുറിച്ച് അത്യാവശ്യം പഠിക്കാൻ പറ്റിയ സംവിധാനമാണ്. ഇവിടെ ഞങ്ങൾ വരുത്തിയ വ്യത്യാസം അദ്ദേഹം അവിടെ ഒരടിയാണ് കൊടുത്തത്. ഞങ്ങളിവിടെ രണ്ടര അടിയാക്കി. ഇതേക്കുറിച്ച് അറിയാവുന്ന ഒരാൾ പറയുന്നത് രണ്ടര അടിയിൽ ഒരു മുക്കാൽ അടി കൂടി കൊടുത്ത് ഒരുമീറ്റർ വീതി ഇതിന് കൊടുക്കണം എന്നാണ്. ഒരു മീറ്റർ കൊടുത്താലുള്ള ഗുണം മീനിന് വട്ടത്തിൽ കറങ്ങാൻ പറ്റും. മീനുകൾ ഇപ്പോ നീളത്തിലേ പോകുന്നുള്ളു, വെള്ളത്തിൽ വട്ടത്തിൽ കറങ്ങുകയാണെങ്കിൽ മീനിന്റെ വളർച്ച വേഗത്തിലാകുമെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ ലോജിക് എനിക്കറിയില്ല.
മീൻ വളർത്തുന്നവർ മിനീന് വട്ടം കറങ്ങാൻ സൗകര്യമുള്ള കുളങ്ങളാണ് എപ്പോഴും നോക്കുന്നത് എന്നുപറയുന്നു. എനിക്ക് മീൻ വളർത്തലിൽ മുൻപരിചയമില്ല. ഒരടി കൂട്ടാതെ തന്നെ ഇത് ഏകദേശം 350 സ്വകയർഫീറ്റ് ഉണ്ട്, ഒരടി കൂടി കൂട്ടിയാല് ഇത് 450 സ്ക്വയർ ഫീറ്റ് എന്നു പറഞ്ഞാൽ 1 സെന്റ് സ്ഥലം ഏകദേശം ഈ കുളത്തിനായി നീക്കി വയ്ക്കേണ്ടി വരും. രണ്ടാമത്തെ കാര്യം ഇതിന്റെ ആഴം ആണ്. ഒരടിയിൽ കൂടുതൽ ആഴം കൂട്ടിയാൽ കൂടുതൽ മീൻ വളർത്താൻ പറ്റും, പക്ഷെ ഒരടിയിൽ കൂടുതൽ ആഴം കൂട്ടിയാൽ വീടനടുത്തല്ലേ, ചെറിയ കുട്ടികൾ വരുകയോ അതിഥികളുടെ കുട്ടിയോ വീട്ടിലെ കുട്ടിയോ ഒക്കെ ഇതിൽ വീണു കഴിഞ്ഞാലുള്ള അപകട സാധ്യത നമ്മൾ കാണണം. അതു കൊണ്ടാണ് ആഴം ഒരടിയായി കുറച്ചു വെച്ചത്.
ഇതിൽ പലതരം ചെടികൾ വച്ചിട്ടുണ്ട്. താമരയാണ് ഒന്ന്. താമര ഒരു ചെട്ടിയിൽ വളർത്തിയിട്ട് ഇതിനകത്ത് താഴ്ത്തി വച്ചേക്കുകയാണ്. പൊങ്ങി പോരാതിരിക്കാനായി വലിയൊരു കല്ല് വച്ചു താഴ്ത്തി വച്ചിരിക്കുകയാണ്. ഇതിൽനിന്ന് തണ്ട് മുകളിലേയ്ക്കു വരും പൂവുണ്ടാകും. വെയില് വേണ്ടതുകൊണ്ട് സൈഡിലേയ്ക്ക് നീക്കി വച്ചിരിക്കുകയാണ്. അപ്പോൾ ഇല പുറത്തേയ്ക്ക് നിൽക്കും അതിനാവശ്യമുള്ള വെയിലും കിട്ടും. അതുപോലെ കണ്ടൽ ചെടികൾ - അത് പൊതുവേ ഉപ്പു വെള്ളത്തിലാണ് വളരുക. ആറ്റുതീരത്ത് വളരുന്ന കണ്ടൽ എന്നുപറഞ്ഞ് എന്റെ സുഹൃത്തായ ചെറിയാൻ മാത്യു ഒന്നു രണ്ട് കണ്ടൽ തൈകൾ ഏതോ ശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിന് കൊടുത്തതാണ് - ഇത് ശുദ്ധജലത്തിലും വളർന്നേക്കാം എന്നുപറഞ്ഞു തന്നു. ഇവിടെ കൊണ്ടുവച്ചിട്ട് രണ്ടാഴ്ചയേ ആയുള്ളു, പുതിയ ഇലയൊക്കെ വരുന്നുണ്ട്. അത് ഉണങ്ങി പോകുന്നില്ല, വെള്ളത്തിൽ തന്നെ നിൽക്കുകയാണ്. പക്ഷെ മറ്റു ചെടിയോളം വളർച്ച ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആറ്റുതീരത്ത് അല്ലെങ്കിൽ ഉപ്പുവെള്ളത്തിൽ വളരുമ്പോളുള്ള വളർച്ച ഇതിന് കിട്ടിയില്ല എന്നുവരാം, കേരളതീരം മുഴുവൻ ഒരുകാലത്ത് കണ്ടൽ ആയിരുന്നു എന്നാണ് പറയുന്നത്. അതിന്റെ ഇലയിൽ പ്രോട്ടീന്റെ അംശം വളരെ കൂടുതലാണ്. ഈ കണ്ടലിന്റെ ഇല തിന്നാണ്, ഈ വേമ്പനാട്ടു കായലിലൊക്കെ മീൻ വളരെ സമൃദ്ധമായിരുന്നത്, എന്ന് പറയുന്നുണ്ട്.
അതുപോലെ പല മീനുകളുടെയും ആവാസവ്യവസ്ഥ ഈ കണ്ടലുകളുടെ ഇടയിലാണ്. കണ്ടൽക്കാട്ടിൽ നീർനായ താമസിക്കുന്നതായി കാണുന്നുണ്ട്. നീർനായ മീനുകളെ പിടിച്ചുതിന്നും എന്നുപറഞ്ഞു എവിടെയോ നീർനായയെ കൊന്നൊടുക്കി. നീർനായയെ കൊന്നു കഴിഞ്ഞപ്പോ മീനുകളുടെ എണ്ണം കുറഞ്ഞു, കാരണം ഈ അസുഖം ബാധിച്ച മീനുകളെ മാത്രമേ നീർനായയ്ക്ക് പിടിക്കുവാൻ പറ്റുകയുള്ളു. സത്യത്തിൽ നീർനായ രോഗം വ്യാപിക്കാതെ സഹായിക്കുന്ന ഒരു ജീവിയാണ്. അതിനെ മീനിനെ തിന്നുന്ന ജീവിയായി കണക്കാക്കിയാൽ മീനുകൾക്ക് അസുഖം ബാധിക്കുകയും ആ തരത്തിൽ മീനുകൾ ഇല്ലാതാകുകയും ചെയ്യും. അങ്ങനെ കണ്ടലിന്റെതായ ഒരു ആവാസവ്യവസ്ഥ ഉണ്ട്.
നിർഭാഗ്യവശാൽ കേരളതീരത്തെ കണ്ടൽ മുഴുവൻ നമ്മൾ തുടച്ച് നീക്കികൊണ്ടിരിക്കുകയാണ്. അത് തിരിച്ചു വച്ചുപിടിപ്പിച്ചാൽ ഈ കടലാക്രമണം, പ്രകൃതി ദുരന്തങ്ങളൊക്കെ ഒരുപരിധിവരെ ഒഴിവാക്കാൻ പറ്റും. നമ്മുടെ വിഷയത്തിലേക്ക് തിരിച്ചു പോകാം. ഇങ്ങനെ വളർത്തുമ്പോൾ പ്രധാന വിഷയം മീനിന്റെ തീറ്റ ആണ്. ഞാൻ വലിയ മീനൊക്കെ ഇട്ടിട്ടുണ്ട് വളരുമോ എന്നറിയാൻ. കുഴപ്പമില്ല വളരുന്നുണ്ട്. രോഹു, തിലോപ്പിയ, കാർപ്പ് ഉണ്ടായിരുന്നു, കളർ ഉള്ള മീനുകളെ എടുത്തുമാറ്റിയിട്ട് സാധാരണ മീനുകളെ, കുറെ നാടൻ മീനുകളെ ഇട്ടു. നാടൻ മീനുകൾ ഒരോന്നോരോന്നായി ചത്തു. ഞങ്ങൾ വിചാരിച്ചത് മറ്റു മീനുകളുടെ ആക്രമണത്തിൽ ആണെന്നാണ്, പക്ഷെ വളരെ യാദൃശ്ചികമായി കണ്ടുപിടിച്ചു ഇതിനകത്ത് ഒരു ഞണ്ട് ഉണ്ടായിരുന്നു, ഞണ്ട് എങ്ങനെയോ വന്നതോ ആരോ കൊണ്ടിട്ടതോ ആണ്, ഞാൻ ഇട്ടതല്ല. ആ ഞണ്ട് മീനുകളെ പിടിക്കുന്നുണ്ടായിരുന്നു. ചെറിയ മീനുകളെ പിടിക്കുമ്പോൾ നമ്മളത്ര ശ്രദ്ധിക്കില്ല. ഇലകൾക്ക് ഇടയിൽ പതുങ്ങിയിരുന്ന്, ചുവട്ടിലിരുന്നാണ് ഈ മീനുകളെ പിടിക്കുന്നത്. വലിയ കളർ മീനിനെ പിടിച്ചപ്പോഴാണ് ഇതിനെ ഞണ്ടാണ് പിടിക്കുന്നതെന്ന് മനസ്സിലാകുന്നത്. അതിനുശേഷം ഞണ്ടിനെ എടുത്തു കളഞ്ഞു. ആറ്റിൽ കാണുന്ന പള്ളത്തി, ചില്ലാൻ പോലുള്ള മീനിനെ പിന്നെ ഇട്ടില്ല, ആദ്യം ഇട്ടതിനെയാണ് ഞണ്ട് കഴിച്ചത്. അടുത്ത റൗണ്ടിൽ ഇനിയും ഇട്ടുനോക്കണം.
പിന്നെ ഉള്ളത് ചെടികളാണ്. വാട്ടർ ബാംബൂ എന്നു പറയുന്ന ചെടി ആണ്, അത് വെള്ളത്തിൽ ഇങ്ങനെ നിൽക്കുന്ന ഒരു ചെടി ആണ്. അതു പോലെ കുളവാഴ, ആലപ്പുഴ ഭാഗത്തൊക്കെ നിൽക്കുന്ന ആറ്റിൽനിൽക്കുന്ന നീലപ്പൂവ് ഉണ്ടാകുന്ന ഒരു സാധനം, നീലോൽപലം അതാണെന്നാണ് ഞാൻ കരുതിയിരുന്നത്. അതല്ല എന്ന് ഈയിടയ്ക്ക് ഒരു ബോട്ടണിസ്റ്റ് സ്നേഹിതൻ പറഞ്ഞു. ഇതും കുളവാഴയാണ്, കുമിള ഉണ്ട്, നീലപൂവ് ഉണ്ടാകുന്ന സമയത്ത് വളരെ രസമാണ്. കായലിന്റെ ഉപരിതലത്തിൽ മൊത്തം ഇത് പൂത്തുനിൽക്കുന്ന കാഴ്ച്ച ഇടയ്ക്ക് കാണാറുണ്ട്. ഇത് അസോള, ഇത് രണ്ട് മൂന്ന് ട്രേ ഉണ്ടാക്കി വെള്ളത്തിലിട്ടിരിക്കുകയാണ്. ഇത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ട്രേ ആണ്, ഇത് വളരെ ലളിതമായി ഉണ്ടാക്കാവുന്നതാണ്. നാലു പിവിസി പൈപ്പ് ജോയിന്റ് ചെയ്യിച്ചിട്ട് അതിൽ നെറ്റ് കെട്ടിയിട്ട് അതിൽ അസോള ഇട്ടാൽ അസോള അതിൽകിടന്ന് വളർന്നോളും.
അസോള ഒരു പായലാണ്. അതിൽ പ്രോട്ടീന്റെ അംശം വളരെ കൂടുതലാണ് എന്നാണ് പറയുന്നത്. ഇത് മീൻ, കോഴി, താറാവ്, പശു ഇവയ്ക്കൊക്കെ തീറ്റയായി കൊടുക്കാവുന്നതാണ്. ഇതൊരു ചെറിയ കുളത്തിലിട്ടാൽ അത് കുറച്ച് ദിവസം കൊണ്ട് നിറയും. വാരിയെടുത്തു കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് വീണ്ടും നിറയും. വളരെ പെട്ടെന്ന് പെരുകുന്ന ഒരു ഐറ്റമാണ്. ഇതിനെ മീൻ കുളത്തിൽ ഇട്ടുകൊണ്ടിരുന്നാൽ മീനിന് ഭക്ഷണമാകും. ഇവിടെ ട്രേയിൽ ഇത് ഇടുമ്പോൾ മീനിന് ഇത് തിന്നാൻ കഴിയില്ല. മീനിന് അതിന്റെ അടിയിൽ കൂടി പോകാൻ പറ്റും, ആവശ്യമുള്ളപ്പോൾ നമുക്ക് വാരിയെടുത്ത് ഇട്ടുകൊടുക്കാൻ പറ്റും. ഇതുപോലെ വെള്ളത്തിൽ വളരുന്ന ഒന്നുരണ്ടു ചെടികൾ കൂടിയുണ്ട്. ഒന്ന് കൊടങ്ങലാണ്. കൊടങ്ങൽ പാടത്ത് കാണുന്ന ചെടിയാണ്. രണ്ടു തരത്തിലുള്ള കൊടങ്ങലുണ്ട്. ഞാനിപ്പോ വച്ചിരിക്കുന്നത് ഇത്തിരി വലിയ ഇലകളുള്ള കൊടങ്ങലാണ്. അതു പോലെ ചെറിയ ഇലകളുള്ള കൊടങ്ങൽ മണ്ണിലൊക്കെ കാണാറുണ്ട്. പാടത്തെ കൊടങ്ങൽ ആയതിനാലാകും വലിയ ഇലയും ഇലയ്ക്ക് മിനുപ്പും ഉള്ളത്. കൊടങ്ങൽ മരുന്നു കൂടിയാണ്. കുടൽ സംബന്ധമായ രോഗങ്ങൾക്ക് പലരും കൊടങ്ങൽ കഴിക്കാറുണ്ട്. ചമ്മന്തി അരച്ചു കഴിക്കാറുണ്ട്. ചില മരുന്നുകളിൽ അത് ചേർക്കാറുണ്ട്. കൊടങ്ങലിനെ ഒരു ട്രേ ഉണ്ടാക്കി അതിൽ ഇട്ടു കഴിഞ്ഞാൽ അത് വളർന്നോളും.
പിന്നെയുള്ളത് ബ്രഹ്മിയാണ്. ഓർമ്മശക്തിയ്ക്ക് നല്ലതെന്നു പറയുന്ന വയലിലും വെള്ളമുള്ള പ്രദേശങ്ങളിലും വളരുന്ന ചെടിയാണ്. അതിനെയും ഇതുപോലെ വെള്ളത്തിൽ ഒരു പ്ലാറ്റ്ഫോമിൽ ഇട്ടാൽ അത് വളർന്നോളും. ഇതൊക്കെ വളർത്തിയെടുക്കാൻ പറ്റുന്ന സാധനങ്ങളാണ്. പിന്നെ തവളയൊക്കെ വന്ന് മുട്ടയിട്ടു പോകാറുണ്ട്, ഇവിടെയിരുന്നാൽ മീനിന്റെയൊക്കെ ജിവിതചക്രം കാണാനാകും. മീൻ മുട്ട ഇട്ട് കുഞ്ഞുങ്ങൾ വിരിയുമ്പോ തള്ള കുഞ്ഞുങ്ങളെ അടിയിൽ നിർത്തിയിട്ട് അതിന്റെ മുകളിൽ നിൽക്കും. ആ സമയത്ത് വേറെ ഒരു മീനും അതുവഴി പോകാൻ അവൻ സമ്മതിക്കാറില്ല. ഏത് മീൻ പോയാലും അവൻ ഹെലികോപ്റ്റർ പോലെ തിരിയും അപ്പോൾ മറ്റേ മീൻ ഓടിപോകും. പിന്നെ കുറച്ച് കഴിയുമ്പോ മീൻകുഞ്ഞുങ്ങൾ മുകളിലും തള്ള ചുവട്ടിൽ നിൽക്കുന്ന ഒരു സ്റ്റേജും കാണാം. എല്ലാ മീനുകളും അല്ല, ചില പ്രത്യേക മീനുകളാണ് ഇത് ചെയ്യുന്നത്.
ഇത് ശുദ്ധീകരിക്കുന്നതിലെ ഇവിടത്തെ പ്രധാന പ്രശ്നം അടുത്തുള്ള ഇല ഇതിലേക്കു വീഴുന്നു എന്നുള്ളതാണ്. അതിന് ഒരു നെറ്റ് വാങ്ങി വയ്ക്കുക. നെറ്റ് വാങ്ങുന്നതിന് വിലക്കൂടുതലാണെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. കമ്പി വളച്ചിട്ട് കട്ടികുറഞ്ഞ കമ്പിലേയ്ക്ക് നെറ്റ് കെട്ടിയാലും ഇതു പോലുള്ള സാധനം ഉണ്ടാക്കിയെടുക്കാനാകും. റെഡിമെയ്ഡ് ആകുമ്പോ പണി എളുപ്പമാണെന്നേ ഉള്ളു. പക്ഷെ ഇതുപോലുള്ളവ വലിയ ചിലവില്ലാതെ ഉണ്ടാക്കാനാകും. ഇത് വച്ച് ഇല മുഴുവൻ കോരിക്കളയാവുന്നതാണ്. വേറെ ഒന്നുള്ളത് മീനിന്റെ ഭക്ഷണം എന്താണെന്നുള്ളതാണ്. സാധാരണ മീൻതീറ്റ വാങ്ങി കൊടുക്കാറാണുള്ളത്. അതോടൊപ്പം ഈ അസോള പോലെ കൊടുക്കാവുന്ന സാധനം ചേമ്പില ആണ്. ഒരു ചേമ്പില ഇട്ടുകഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ അതിന്റെ നാര് മാത്രമേ കാണുകയുള്ളു. മീനുകൾ അത് തിന്നുതീർക്കും. ചേമ്പില സമൃദ്ധമായി കേരളത്തിൽ വളരുന്ന സാധനമാണ്. ചട്ടിയിൽ വളർത്തിയാൽ പോലും വളരും. ഇടയ്ക്ക് ഇല വെട്ടിയിട്ടാൽ അത് മീൻ കഴിച്ചു കൊള്ളും. ഭക്ഷണത്തിന്റെ ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കും.
ഇനി ഇതിന്റെ മെയിന്റനൻസ് കൂടി പറയാം, ആളുകൾക്ക് പ്രധാന സംശയം ഇതിന്റെ മെയിന്റനൻസ് എപ്പോഴൊക്കെ വേണം എന്നുള്ളതാണ്. മീനുകളുടെ വിസർജ്യം വലിയൊരു പ്രശ്നമാണ്. ഏതാണ്ട് പശു പോലെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത്രയുമധികം വിസർജ്യം ഇതിൽ വരുന്നുണ്ട്. ഇതിലെ വിസർജ്യം ഒഴുക്കിവിട്ടാൽ ചെടികൾക്ക് വളമായി ഉപയോഗിക്കാം. ഇതിലൊരു ഫിൽട്ടർ വയ്ക്കാം. ഇതിൽ വച്ചിട്ടില്ല. ഉടനെ വയ്ക്കുന്നുണ്ട്. ഫിൽട്ടർ വച്ചാൽ കൂടുതൽ ശുചിയാക്കാനും കൂടുതൽ മീനുകളെ ഇടാനും പറ്റും. അത് കൂടാതെ രണ്ട് ഔട്ട്ലെറ്റുകൾ ഉണ്ട് ഇതിനെ മൂന്ന് സെക്ഷനുകളായി തിരിച്ചിട്ടുണ്ട്. ആദ്യം അങ്ങനെ തിരിച്ചിരുന്നില്ല. വെള്ളം താഴ്ന്നുകിടന്നാൽ മൂന്നിടത്തായി വെള്ളം കിടക്കും. ഒരു അറയിലെ മീനിന് അടുത്ത അറയിൽ കടക്കാനാകില്ല. മീൻ അങ്ങനെ മൂന്നിടത്തായി വന്നാൽ അതിനെ തള്ളി രണ്ടിടത്താക്കിയിട്ട് ഒരെണ്ണം കാലിയാക്കിയിട്ട് അത് തുറന്നു വിടാൻ പറ്റും. മഴ പെയ്ത് നിറഞ്ഞാൽ വെള്ളം പോകാനായിട്ട് ഒരു കുഴലുണ്ട്. അതിന്റെ അറ്റത്ത് വല കെട്ടിയിട്ടുണ്ട്. കൂടുതലുള്ള വെള്ളം കുഴലിലൂടെ പറമ്പിലേയ്ക്ക് പോയ്ക്കൊള്ളും. അതല്ലാതെ താഴെകിടക്കുന്ന വെള്ളം പോകാനായിട്ട് ടാപ്പ് തുറക്കണം. അങ്ങനെയാകുമ്പോൾ ഈ അടിയിലെ വെള്ളം മുഴുവനും പോകും, കൂട്ടത്തിൽ ഈ വിസർജ്യ വസ്തുക്കളും പോകും. അങ്ങനെ ഒരോ അറയ്ക്കും പറമ്പിലേയ്ക്ക് പോകാൻ ഓരോ കുഴൽ കൊടുത്തിട്ടുണ്ട്. ഈ വീടിന്റെ ഒരു സൗകര്യം ഈ വീട് പൊക്കത്തിലിരിക്കുന്നു എന്നുള്ളതാണ്. വെള്ളം താഴേക്ക് ഒഴിക്കിവിടാൻ എളുപ്പമാണ്. അത് താഴെ കൃഷി ചെയ്യുന്ന സ്ഥലത്തേയ്ക്കു പൊയ്ക്കോളും. അത് കഴിഞ്ഞാൽ പുതിയ വെള്ളം നിറയ്ക്കാനാകും.
മീനിനെ ഇങ്ങനെ ഒരു അറ വൃത്തിയാക്കിയ ശേഷം അടുത്ത അറയിൽ വെള്ളം നിർത്തി അതിലേയ്ക്ക് മാറ്റാനാകും. ആ അറകൾ കാണാം. എല്ലാം ശുദ്ധിയാക്കി കഴിഞ്ഞ് മീനുകളെ തിരിച്ച് ഇട്ട് വീണ്ടും കൂടുതൽ വെള്ളമൊഴിച്ചാൽ ഈ അറ തിരിച്ചിരിക്കുന്നതിന്റെ മുകളിൽ മൂന്നിഞ്ച് വെള്ളം വരുമ്പോ മീനുകൾക്ക് വീണ്ടം നിർബാധം ചുറ്റോടുചുറ്റും സഞ്ചരിക്കാനാകും. ശുദ്ധീകരണം രണ്ട് മാസത്തിലൊരിക്കൽ മതിയാകും. അതിൽ കൂടുതൽ ഇവിടെ ചെയ്യുന്നില്ല. അത്രയും വലിയ പ്രശ്നം വരുന്നില്ല. പിന്നെ ഇത്രയും ചെടികൾ വയ്ക്കുമ്പോ സ്വാഭാവികമായിട്ടും ചെടികൾ ഇതിലെ വളത്തിന്റെ അംശം വലിച്ചെടുക്കുന്നുണ്ടായിരിക്കണം. അതെനിക്ക് അറിയില്ല. ആരേലും സസ്യശാസ്ത്രജ്ഞർ പറയേണ്ട കാര്യമാണ്.
ഒന്നും ചെയ്യാനില്ലെങ്കിലും ഇതൊരു കടലാണെന്നും, ഈ മീനുകളൊക്കെ വലിയ തിമിംഗലങ്ങളാണെന്നും ഭാവനയിൽ കണ്ടു കൊണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല. വീടിനടുത്ത് ഒരു വിനോദോപാധി എന്ന നിലയ്ക്കും കുട്ടികൾക്ക് ജല സസ്യങ്ങളെക്കുറിച്ചും ജലജീവികളെക്കുറിച്ചും പഠിക്കാനുള്ള ഒരു ഉപാധി എന്ന നിലയ്ക്കും സ്കൂളുകളിലൊക്കെ ഇത് ചെയ്താൽ നന്നായിരിക്കും എന്ന് ഞാൻ ആലോചിച്ചു. സ്കൂളിലൊക്കെ അക്വേറിയം അല്ലാതെ ഇത് നല്ലതാണ്. ഇതിന്റെ ആഴം കുറവായതു കൊണ്ട് മീനുകളും അതിന്റെ ജീവിതചക്രവുമൊക്കെ ശരിക്കും നിരീക്ഷിക്കാനാകും. ഇങ്ങനെയൊരു കാര്യം സ്കൂളുകളിൽ തുടങ്ങുന്ന കാര്യം ആലോചിക്കണം എന്നൊരു അഭ്യർത്ഥന ഉണ്ട്.