ഈയിടെ വന്നൊരു ചോദ്യം, ഒട്ടുതൈകൾ, ഗ്രാഫ്റ്റ് ചെയ്ത തൈകൾ, പതി വെച്ചെടുത്ത തൈകൾ എല്ലാം മിയാവാക്കി മാതൃകയിൽ ഉപയോഗിക്കാമോ എന്നുളളതാണ്. എനിക്കതിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നുന്നില്ല. എന്റെ അനുഭവത്തിൽ ഒട്ടുതൈകൾ കൊണ്ടുവന്ന് കുഴിച്ചുവെച്ച് വലിയ പ്ലാവൊക്കെ ആക്കിയെടുത്തിട്ടുണ്ട്. അതൊരു മൂന്നാലു വർഷം കഴിയുമ്പോൾ കായ്ച്ചു തുടങ്ങും. പത്തു വർഷം കഴിയുമ്പോഴേക്ക് സാധാരണ പ്ലാവിൽ നിന്ന് ഒരു വ്യത്യാസവും കാണില്ല. കാരണം തടി അതുപോലെ വണ്ണം വെയ്ക്കുന്നുണ്ട്, മരം അതുപോലെ വളരുന്നുണ്ട്. അല്ലാതെ ഒട്ടുപ്ലാവ് മെലിഞ്ഞു ചെറുതായി നില്ക്കുക, അങ്ങനൊന്നും സംഭവിക്കുന്നില്ല. അങ്ങനെ നില്ക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ആ പ്ലാവിനു ചുവട്ടിൽ വളം കുറവായിരിക്കും അല്ലെങ്കിൽ വെളളം കുറവായിരിക്കും എന്നതാണ്.

ഞാൻ ചെയ്തതിൽ ചെറിയൊരു വ്യത്യാസം എന്താണെന്നു വെച്ചാൽ, പ്ലാവിന് തൈ നേരേ കൊണ്ടു പറമ്പിൽ വെച്ചില്ല. കുറച്ചുനാൾ ഒരു ചട്ടിയിൽ നിർത്തി നന്നായി വളർത്തിയ ശേഷമാണെടുത്തു താഴെ വെച്ചത്. അതായത് മറ്റു ചെടികളുടെ ഇടയിൽ നിന്നാലും വേരുപിടിച്ച് മേലോട്ടു പോകാനുളള ആരോഗ്യം ചെടിയ്ക്കുണ്ടാവും എന്നുറപ്പു വരുത്തിയിട്ടാണ് വെച്ചത്. ഇത്തരത്തിൽ എല്ലാ ചെടികളുടെയും പതിവെച്ച തൈകൾ കിട്ടും. പേര, മാവ്, പ്ലാവ്, നാരകത്തിന്റെ ഒക്കെ ഇങ്ങനെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത തൈകൾ കിട്ടും. അതുപോലെ ഇവിടത്തെ കാലാവസ്ഥയിൽ വളരാൻ സാദ്ധ്യത കുറവുളള ഓറഞ്ച്, മുസമ്പി പോലുളളവ. എന്നാൽ ഇവിടെ എല്ലായിടത്തുമുളള ഒന്നാണ് ഒടിച്ചുകുത്തി നാരകം.

ഒടിച്ചുകുത്തി നാരകത്തിൽ ബഡ് ചെയ്ത ഓറഞ്ചിന്റെ തൈ കിളിർക്കുമെന്ന് പറഞ്ഞ് ഒരാളെനിക്ക് മൂന്നാറിൽ നിന്നു തന്നു, ഞാനത് ഇവിടെ കൊണ്ടുവന്ന് വെച്ച് കിളിർത്തു, കായ്ക്കുകയും ചെയ്തു, പക്ഷെ അത് പിന്നെയെപ്പോഴോ ഉണങ്ങിപ്പോയി. അതിവിടത്തെ ഉണക്കിന്റെ ആയിരിക്കാം. വെളളം നമ്മൾ ശ്രദ്ധിക്കാഞ്ഞതു കൊണ്ടൊക്കെ ആയിരിക്കാം. അന്നവിടെ ഒത്തിരി ശ്രദ്ധിക്കാനുളള സാഹചര്യമില്ലായിരുന്നു. പക്ഷെ അതിൽ വലിയ ഓറഞ്ചുണ്ടായി. ഓറഞ്ച് ഇവിടെ വിജയിക്കും, ഒടിച്ചുകുത്തി നാരകത്തിൽ ഓറഞ്ച് ബഡ് ചെയ്താൽ ഓറഞ്ചു തന്നെ ഉണ്ടാകും എന്നൊക്കെയുളള കാര്യങ്ങൾ തെളിയിക്കാൻ പറ്റി എന്നതൊഴിച്ചാൽ അത് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റിയില്ല. മുസമ്പിയൊക്കെ എല്ലാവർക്കും താത്പര്യമുളളതാണ്, നമ്മുടെ നാട്ടിൽ കിട്ടാനുമില്ല. അതിനെയൊക്കെ ഒടിച്ചുകുത്തി നാരകം പോലുളള നാരകങ്ങളിൽ ബഡ് ചെയ്തെടുത്ത് പ്രചരിപ്പിക്കുന്ന ഒരു പരിപാടി ആലോചിക്കാവുന്നതാണ്.

മിയാവാക്കി കാടുകളിൽ ഫലവൃക്ഷങ്ങളൊക്കെ വെയ്ക്കുന്ന കൂട്ടത്തിൽ ഇതൊക്കെ വെയ്ക്കാം. വളരെ പെട്ടെന്നു ഫലം കിട്ടും. ആകെയുളള ഒരു പ്രശ്നം, ഒടിച്ചുകുത്തിയ്ക്ക് സ്വന്തമായി വ്യക്തിത്വമൊക്കെ ഉളള ഒരു ചെടിയാണ്. അതിൽ ഓറഞ്ചും മുസമ്പിയുമൊക്കെ ബഡ് ചെയ്യുകയാണെങ്കിൽ ഒരുകാര്യം ശ്രദ്ധിക്കേണ്ടത്, താഴെയുളള ഒടിച്ചുകുത്തി നാരകത്തിന്റെ കമ്പിൽ നിന്ന് പുതിയ മുളകൾ വരാതെ നോക്കണം. ആ മുള വളർന്നാൽ അത് ഒടിച്ചുകുത്തിയുടെ മുള തന്നെയായിരിക്കും. അപ്പോൾ അതുംകൂടി ശ്രദ്ധിച്ചുകൊണ്ടിരിക്കണം കുറേക്കാലത്തേക്കെങ്കിലും. അതുപോലെ താഴത്തെ മണ്ണ് നീക്കാതിരിക്കുക.

അത് വിജയകരമാണോ എന്നെനിക്ക് അറിയില്ല. ഞാൻ ചെയ്തപ്പോൾ വിജയമായിരുന്നു. എല്ലാ കേസിലും അങ്ങനെ ആണോ എന്നെനിക്ക് അറിയില്ല. അത് കൃഷി ശാസ്ത്രജ്ഞന്മാർ പറയേണ്ടതാണ്. ഒട്ടിച്ചതിനു താഴെയുളള ഭാഗം കഴിയുന്നതും മണ്ണിനകത്തു തന്നെ നിർത്തുക. അവിടുന്നു പിന്നെ മുള വരാനുളള സാദ്ധ്യത കുറവാണ്. അഥവാ മണ്ണിനടിയിൽ നിന്നും മുള വന്നാൽ അത് നോക്കിയിട്ട് അടർത്തി കളയുക. എന്തായാലും അതിലൊരു കണ്ണു വേണം, പക്ഷെ ഇതു നമുക്ക് ഉപയോഗിക്കാവുന്ന ഒരു മാർഗമാണ്. ഇങ്ങനെ ഒരുപാട് ചെടികൾ വെച്ചു പിടിപ്പിക്കാൻ പറ്റും. വളരെയധികം സമയം ലഭിക്കാൻ കഴിയുമെന്നുളളതാണ് മെച്ചം. ഈ ചെടികൾ വളർന്നു കായ്ച്ച് ഫലം തരാൻ സാധാരണ ഗതിയിൽ ഏഴെട്ടു വർഷമെടുക്കുന്നത് ഒട്ടിച്ച തൈ ആകുമ്പോൾ നമുക്ക് രണ്ടോ മൂന്നോ വർഷം കൊണ്ട് ഫലം കിട്ടിത്തുടങ്ങും. പേര ഒക്കെയാണെങ്കിൽ ഒന്നര വർഷം കൊണ്ടൊക്കെ ഇവിടെ കായ്ക്കുന്നുണ്ട്. അത് പരീക്ഷിക്കാവുന്ന ഒരു മാർഗമാണ്.