അടുത്തിടെ ഞാന്‍ ഉടുമ്പന്‍ചോലയില്‍ ജൈവകൃഷി ചെയ്യുന്ന അബ്രഹാം വര്‍ക്കി എന്നൊരാളെ പരിചയപ്പെടുത്തിയിരുന്നു. ഒരു കീടനാശിനിയോ രാസവളമോ ഉപയോഗിക്കാതെ ഏലയ്‌ക്ക വളര്‍ത്തിയെടുക്കുന്ന കര്‍ഷകന്‍. ക്രിസ്‌റ്റീന്‍ ജോണ്‍സ് എന്നൊരു ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞയുടെ ചില രീതികള്‍ അദ്ദേഹം പിന്തുടരുന്നുണ്ട്. അദ്ദേഹം വാസ്‌തവത്തില്‍ പലരീതികള്‍ കൂട്ടിച്ചേര്‍ത്താണ് കൃഷി ചെയ്യുന്നത്. അതിലൊരു പ്രധാനതത്വം കളകള്‍ ഉണ്ടാകണം മണ്ണില്‍, അതാണ് മണ്ണിലേക്ക് ലിക്വിഡ് കാര്‍ബണ്‍ പ്രദാനം ചെയ്യുന്നത് എന്നതാണ്.
മിയാവാക്കി വനം അഞ്ചു സെന്റ് ഭൂമിയുളള ആള്‍ക്കും പത്തു സെന്റ് ഭൂമിയുളള ആള്‍ക്കും ചെയ്യാം. തന്റെ പറമ്പില്‍ ജൈവ ഉത്‌പാദനം നടത്തണം എന്നുണ്ടെങ്കില്‍ വളരെ ചെറിയൊരു മിയാവാക്കി വനം ഉണ്ടായിരിക്കുന്നത് നല്ലതാണ്. കാരണം മണ്ണിന്റെ ഫലഭൂയിഷ്ടത മെച്ചപ്പെടുത്തുന്നതില്‍ ഇതിനു പങ്കുണ്ട്. ഇപ്പോഴുളള പ്രശ്‌നം മിയാവാക്കി വനത്തിന്റെ ചെലവാണ്. ഈ കാണുന്ന മിയാവാക്കി വനം ഏപ്രില്‍മാസത്തില്‍ നട്ടതാണ്. എട്ടുമാസം കൊണ്ടു നേടിയിരിക്കുന്നത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ്. ഇതിലെ ഏറ്റവും വലിയ മരം ഏകദേശം ഇരുപതടിക്കു മുകളില്‍ വളര്‍ന്നുകഴിഞ്ഞു. കുറുന്തോട്ടി പോലും ആറടിയോളം പൊങ്ങിയിട്ടുണ്ട്. ഈ ചെടികളെല്ലാം ചേര്‍ന്നിതൊരു കാടായി മാറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഇതിനു നല്ല ചെലവാണ് വന്നത്. കാരണം പ്രഫ. മിയാവാക്കി പറഞ്ഞത് വളളിപുളളി വിടാതെയാണ് ഞങ്ങള്‍ ചെയ്‌തിരിക്കുന്നത്.
ഇവിടെ ഫെന്‍സിങ്ങില്ല എന്നുളളതുകൊണ്ട് ജലസേചനത്തിനുളള സംവിധാനം ചെയ്‌തിട്ടില്ല. അതുകൊണ്ട് ചെറിയ കുറവുണ്ട്. എന്നാലും ഒരു സെന്റിന് ഏകദേശം 1.40 ലക്ഷം രൂപ ചെലവു വന്നിട്ടുണ്ട്. ഈ ചെലവു കുറക്കാന്‍ പറ്റുമോ എന്നതില്‍ ഞങ്ങള്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ്. ശാസ്‌ത്രജ്ഞന്‍മാരായ ഡോ. ഡാന്‍ മാത്യൂ, ഡോ. ഷാജി, കാര്‍ഷിക ജേര്‍ണലിസ്‌റ്റായ ചെറിയാന്‍ മാത്യു, അതുപോലെ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍, പിന്നെ ഞങ്ങളുടെ ആളുകള്‍ - ഇന്‍വിസുമായും കള്‍ച്ചര്‍ ഷോപ്പിയുമായു ബന്ധപ്പെട്ടുളള ആളുകള്‍ - ഇതുപോലുളള ആളുകളോടു ചോദിച്ചും ഞങ്ങളുടെ ഇതുവരെയുളള അനുഭവങ്ങളും നോക്കിയിട്ട് എങ്ങനെ നമുക്കിതിന്റെ ചെലവു കുറക്കാന്‍ കഴിയുമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്.
വീട്ടിലൊരു ഫ്രിഡ്‌ജും ടിവിയും വാഷിങ് മെഷീനും വാങ്ങിക്കുന്ന കാശുകൊണ്ട് വീട്ടിലൊരു കാടു വെക്കാന്‍ പറ്റുമോ എന്നു നോക്കാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതിനൊരുപാടു ഗുണങ്ങളുണ്ട്. നിങ്ങള്‍ കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെയും ഗുണം മെച്ചപ്പെടും. അത് കൂടുതല്‍ വിശദമായി മനസിലാവണമെങ്കില്‍ ക്രിസ്റ്റീന്‍ ജോണ്‍സിന്റെ പഠനങ്ങളെ കുറിച്ചറിയണം. അതു ഞാന്‍ വേറൊരു എപ്പിസോഡില്‍ ചെയ്യാം.
തല്‍ക്കാലം എനിക്കിത്രയേ പറയാനുളളൂ, ഞങ്ങള്‍ ചെലവു കുറക്കാന്‍ നോക്കുകയാണ്. നിങ്ങള്‍ക്കെന്തെങ്കിലും ആശയങ്ങളുണ്ടോ ? മിയാവാക്കി കാടിന്റെ ചെലവ് ഈ രീതിയില്‍ ചെയ്‌താല്‍ കുറയും എന്നു നിങ്ങള്‍ക്കെന്തെങ്കിലും ആശയമുണ്ടെങ്കില്‍ ദയവായി ഞങ്ങളെ എഴുതി അറിയിക്കുക, അല്ലെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടുക. എഴുതി അയക്കുന്നതാണ് ഏറ്റവും നല്ലത്. വാട്‌സാപ്പ് മെസേജോ ഒക്കെയായി അയച്ചാല്‍ അയച്ച ആളിനെക്കൂടി കിട്ടുമല്ലോ. അതുപോലെ തന്നെ നമുക്കൊരു ടെലഗ്രാം ഗ്രൂപ്പുണ്ട്. അതില്‍ വളരെ സജീവമായി ആളുകള്‍ പങ്കെടുക്കുന്നുമുണ്ട്. അവിടെയും നിങ്ങള്‍ക്കീ ആശയങ്ങള്‍ പങ്കുവെക്കാം.
അടുത്ത ഫെബ്രുവരിക്കു മുമ്പായിട്ട് ഇത്തരത്തില്‍ ചെലവുകുറഞ്ഞ ഒരു രീതി വികസിപ്പിച്ച പരീക്ഷിക്കണമെന്നു വിചാരിക്കുന്നു. ഫെബ്രുവരിയില്‍ നട്ടാല്‍ ജൂലൈ, ആഗസ്റ്റോടെ ഇതിന്റെ ഫലമറിയാം. ഇതേ വളര്‍ച്ച കിട്ടുമോ എന്നറിയാം. കിട്ടുമെങ്കില്‍ അത് വലിയൊരു വിജയമാണ്. ഞങ്ങള്‍ക്ക് ചില ആശയങ്ങള്‍ ഇതുവരെയുളള അനുഭവത്തില്‍ നിന്നും തോന്നുന്നുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ എന്തുമായിക്കോട്ടെ, മാര്‍ക്കിടാനല്ലല്ലോ. ഞങ്ങള്‍ക്കത് പ്രാവര്‍ത്തികമാക്കാന്‍ കൊളളാവുന്നതാണെന്നു ബോധ്യമായാല്‍ തീര്‍ച്ചയായും പരീക്ഷിക്കും. അതുകൊണ്ട് നിങ്ങളുടെ ആശയങ്ങള്‍ എന്തുതന്നെയായാലും ഞങ്ങള്‍ക്കയച്ചു തരണം. നമുക്കൊന്നു ഒത്തുപിടിച്ചു നോക്കാം.