ജൈവ വൈവിദ്ധ്യത്തിനായി വേലികൾ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ പലതവണ പറഞ്ഞിരുന്നു. അതിന്റെ ഒന്നു രണ്ടു ഉദാഹരണം കാണിക്കാനായി ഡാൻ മാത്യു സാർ ഇന്ന് വേലിയിലുള്ള ചെടികളെ പരിചയപ്പെടുത്തി തരും. വേലി നല്ലൊരു സംരക്ഷണ മാർഗമാണെന്ന് പലർക്കും വിശ്വാസമായിട്ടില്ല. പലരും പറയുന്നത് മതിൽ കെട്ടി കഴിഞ്ഞാൽ നമ്മൾ സുരക്ഷിതരാണെന്നാണ്. അതിൽ നമ്മൾ ആലോചിക്കേണ്ട രണ്ട് കാര്യങ്ങൾ, ഇതിന്റെ ജൈവവൈവിദ്ധ്യം പോട്ടെ, അതിന്റെ മുകളിൽ കൂടി ഒരാൾക്ക് എടുത്തുചാടാനും തിരിച്ചിറങ്ങാനും എളുപ്പമാണ്. ബാങ്കുകളുടെ സ്ട്രോങ്ങ് റൂം പോലും കട്ട് ചെയ്ത് മാറ്റി, അതിന്റെ അറകൾ മുറിച്ചു മാറ്റിയൊക്കെ സാധനങ്ങൾ കൊണ്ടു പോകുന്നു, അപ്പോ ഒരു മതിലു കെട്ടിയാൽ സംരക്ഷണം എന്നു വിചാരിച്ചാൽ അതിൽ വലിയ കാര്യമൊന്നും ഇല്ല.
ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് കൈകഴുകാൻ പോയിരുന്നത് മതിലുചാടി അടുത്തുള്ള സ്നേഹിതന്റെ വീട്ടിലാണ്. ഗേറ്റ് വഴി പോകാതെ മതിൽ ചാടി പോയിരുന്നു. കൈയ്യും കാലും ഒന്നും ഒടിഞ്ഞില്ല. കള്ളന്മാർ കുറച്ചു കൂടി ട്രെയിൻഡ് ആണ്. അവർക്ക് വളരെ എളുപ്പത്തിൽ മതിൽ ചാടാനും തിരിച്ചു ചാടാനും സാധിക്കും. കഴിഞ്ഞ ആഴ്ച രസകരമായ ഒരു വാർത്ത വായിച്ചു. ഒരാളെ ആരോ വെട്ടി പരിക്കേൽപ്പിച്ചു, ഹോസ്പ്പിറ്റലിൽ അഡ്മിറ്റായി എന്ന്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു, അദ്ദേഹം എന്നെ തല്ലാൻ വന്നു, ഞാൻ തിരിച്ചു തല്ലാൻ പോയി, അദ്ദേഹം ഓടിയപ്പോൾ മുള്ളുവേലിയിൽ കുടുങ്ങി പുറം കീറിപ്പോയതാണ് എന്ന്. അപ്പോൾ സത്യം പറഞ്ഞാൽ വേലി മതിലിനേക്കാൾ സുരക്ഷിതമാണ്, ഒരാളുടെ പുറത്ത് കീറലെങ്കിലും ഉണ്ടാക്കാൻ വേലിയ്ക്ക് പറ്റും. ആളുകളെ ഉപദ്രവിക്കുക എന്നതല്ല നമ്മുടെ ലക്ഷ്യം, നമ്മുടെ പ്രോപ്പർട്ടി സംരക്ഷിക്കാൻ വേലിയേക്കാൾ മതിലാണ് നല്ലത് എന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അതല്ല, മുള്ളുവേലി തന്നെയാണ് നമ്മുടെ അതിര് സംരക്ഷിക്കാൻ നല്ലത് എന്നു പറയാനാണ്, ഞാനാ ഉദാഹരണം പറഞ്ഞത്.
മറ്റൊരു സംഗതി കേരളത്തിൽ ഏറ്റവും കൂടുതൽ വരുന്നത് വസ്തു തർക്കം, സിവിൽ കേസാണ് കൂടുതൽ. ഒരാൾ വഴി ചോദിച്ചു കൊടുത്തില്ല, അല്ലെങ്കിൽ ഉണ്ടായിരുന്ന വഴി അപഹരിച്ചു, ഇല്ലെങ്കിൽ വീതി കൂട്ടണം, ഇങ്ങനെ പരാതി തർക്കം ഇതൊക്കെ നടക്കുകയാണ്, വഴിക്കു വേണ്ടി നമ്മൾ സ്ഥലം വിട്ടുകൊടുത്താൽ നമുക്ക് വലിയ നഷ്ടമുണ്ടാകും എന്നാണ് പലരും വിചാരിച്ചു വച്ചിരിക്കുന്നത്. വേറെ ചിലരാണെങ്കിൽ സ്ഥലമുണ്ടെങ്കിൽ പോലും കൊടുക്കാൻ തയ്യാറല്ല, സ്ഥലമുണ്ട് ഞാൻ കൊടുക്കാൻ തയ്യാറല്ല എന്നൊക്കെ പറയും. ഇതൊക്കെ പറഞ്ഞു തീർക്കാവുന്ന കാര്യങ്ങളാണ്.
ഞാനിവിടെ ഉദാഹരണം പറയാം, ഇതിന്റെ താഴെ ഞാൻ വിട്ടുകൊടുത്ത വഴിയാണ്, ആ വഴിയുടെ പ്രത്യേകത ഏകദേശം 210 അടി നീളമുണ്ട് ആ സ്ഥലം മൊത്തത്തിൽ ഇവിടന്ന് താഴോട്ട്, ഈ വഴി വിട്ടുകൊടുത്തപ്പോ ഞാൻ പറഞ്ഞത് ഇതിന്റെ രണ്ട് സൈഡിലും വേലി കെട്ടാനുള്ള അവകാശം തരണം എന്നാണ്. ഇതിന്റെ ഒരു സൈഡിൽ 120 അടി നീളവും മറ്റേ സൈഡിൽ 90 അടി നീളവുമുണ്ട്. മൊത്തം 210 നീളമാണ് വേലിയുള്ള ഭാഗത്തിന്റെ വഴിക്ക്. 210ൽ 5 അടി പൊക്കമുള്ള നെറ്റ് ഇട്ടിരിക്കുകയാണ്. 210 ഗുണം 5 എന്നു പറയുമ്പോ 1050 സ്ക്വയർ ഫീറ്റ്, വിസ്തീർണ്ണം മുകളിലേയ്ക്ക് കിട്ടുകയാണ്.
വെർട്ടിക്കൽ ഗാർഡനെക്കുറിച്ചാണ് നമ്മൾ ഇപ്പോ സംസാരിക്കുന്നത്, ഈ വേലി ശരിക്കും പറഞ്ഞാൽ വെർട്ടിക്കൽ ഗാർഡനാണ്. വെർട്ടിക്കൽ ഗാർഡനാണ് ഇപ്പോഴത്തെ ഫാഷൻ. 1050 സ്ക്വയർ ഫീറ്റ് അഥവാ രണ്ടേകാൽ സെന്റ് സ്ഥലം ഏകദേശം രണ്ടര സെന്റ് സ്ഥലം നമുക്കിവിടെ ആകാശത്തേക്ക് കിട്ടി. കൊടുത്ത വഴിയുടെ ഭൂമിയ്ക്ക് പകരമായിട്ട്. അവിടെ നമ്മൾ കൃഷി ചെയ്താൽ, പോയ സ്ഥലത്തേക്കാൾ ലാഭമാണിത്. നമുക്ക് വഴി ഉപയോഗിക്കാം, നമ്മുടെ വസ്തുവിന്റെ വിലകൂടും. ഇവിടെ വേലിയുടെ ഒരു വശത്ത് ഔഷധ ചെടികൾ നട്ടിരിക്കുകയാണ്. മറുവശത്ത് ആവശ്യമായ പച്ചക്കറികൾ നട്ടിരിക്കുകയാണ്. ഇതിൽനിന്ന് തോട്ടത്തിൽനിന്ന് കിട്ടുന്നപോലെ വിളവ് കിട്ടുമോ എന്ന് ചോദിച്ചാൽ കിട്ടില്ല, പക്ഷെ ഒരു ചെറിയ വീട്ടുകാരൻ അവന്റെ വേലിയിൽ കൃഷി ചെയ്താൽ അവന് ആവശ്യത്തിനുള്ള, രാസവളങ്ങൾ ഉപയോഗിക്കാത്ത ഭക്ഷ്യപദാർത്ഥങ്ങൾ ഉണ്ടാക്കാൻ താത്പര്യമുണ്ടെങ്കിൽ അതിന് ഈ വേലി മതി. ഇതിൽനിന്ന് വൻതോതിൽ കൃഷിയോ ഉത്പാദനമോ, വിൽപനയോ പ്രതീക്ഷിക്കരുത്.
ഇവിടെ ഇതിൽ 40 ഓളം ഔഷധച്ചെടികൾ ഉണ്ട്, പച്ചക്കറികൾ വേറെയുണ്ട്, ഇതൊന്ന് പരിചയപ്പെടുത്താനായിട്ട് ഡാൻ മാത്യു സാറിനെ ക്ഷണിക്കുന്നു. അദ്ദേഹം ഇതിനുമുൻപ് ഒരു എപ്പിസോഡിൽ വന്ന് ചെടികളെക്കുറിച്ച് പറഞ്ഞുതന്ന ശാസ്ത്രജ്ഞനാണ്. 30-35 വർഷമായി അദ്ദേഹം പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുകയാണ്. അദ്ദേഹം ഈ കാര്യങ്ങൾ നമുക്ക് പറഞ്ഞു തരും.
സാർ വേലിയിൽ ഇത്രയും ചെടികൾ വച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇതിന്റെ പേരും ശാസ്ത്രീയ നാമങ്ങളും അറിയില്ല.
ഇത് വെള്ള ശംഖുപുഷ്പം, ശംഖുപുഷ്പം പല ഇനത്തിലുണ്ട്. വെള്ള ശംഖു പുഷ്പത്തിനാണ് കൂടുതൽ ഔഷധഗുണം ഉള്ളത്. നീലയും വെള്ളയും ഉള്ള സാധനങ്ങളിൽ, എരുക്ക് ആയാലും, വെള്ള ആയിരിക്കും മരുന്നിന് ഉപേയാഗിക്കുക, ഇതിന്റെ ശാസ്ത്രീയ നാമം clitoria ternatea
ഇത് ശതാവരി, ഇതിന്റെ വേരുകൾ ഒരുപാട് ഒരുമിച്ചു വരുന്നത് കൊണ്ടാണ് ഇതിനെ ശതാവേരി , നൂറ് കണക്കിന് വേര് ഉള്ളത് എന്ന അർത്ഥത്തിൽ പറയുന്നത്. ഒരോ വേരും ഒരോ കിഴങ്ങായി മാറും. ഇതിന്റെ സയന്റിഫിക് നെയിം Asparagus racemossu.
ഇത് പാൽ മുതുക്ക് ആണോ ?
അല്ല ഇത് കരിമുതുക്ക് ആണ്.
പാൽ മുതുക്കും കരിമുതുക്കും തമ്മിൽ തെറ്റിപ്പോകും.
സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാകും. ഇവിടെ ഗ്ലാന്റ് പോലുള്ള സ്ര്ടക്ച്ചർ ഉണ്ട്. അത് ഒരു ഐഡന്റഫിക്കേഷൻ ക്യാരക്ടറാണ്. ഇത് കരിമുതുക്കിന് മാത്രമേ ഉള്ളു, ഇതിന്റ തണ്ടിൽ ഇങ്ങനെ ഇലയുടെ ചുവട്ടിൽ മുള്ളു പോലെ ബ്രാക്ക്സ് നിൽക്കുന്നത് കാണാം. പിന്നെ ഇതിന്റ പൂവിന്റെ പ്രത്യേകത അധികം വിടരാതെ നിൽക്കുന്ന ഇളം ക്രീം നിറത്തിലുള്ള പൂവ് ആണ്. പടർന്നു കയറാൻ സഹായിക്കുന്ന സ്പ്രിംഗ് പോലെയുള്ള ടെൻഡ്രിൽസും, കരിമുതുക്കിനേ ഉള്ളൂ, പാൽമുതുക്കിന് ഇതില്ല, അത് കൺവോൾവുലേസിയെ എന്ന വേറൊരു കുടുംബത്തിൽ പെടുന്നതാണ്.
ഇത് ചിറ്റമൃത് അല്ലേ ?
അതെ ചിറ്റമൃത് എന്നു പറയുന്ന യഥാർത്ഥ അമൃതാണ്. ഇതും ആയുർവേദത്തിൽ ധാരാളമായി ആവശ്യമുള്ള ഔഷധസസ്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രതിരോധശക്തി നൽകുന്നു.
ഭയങ്കര കയ്പ്പല്ലേ ?
കയ്പാണ്. ഒരുപാട് രാസപദാർത്ഥങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ടിനോസ്പോറ കോർഡിഫോളിയ എന്നാണ് പേര്, ഹാർട്ടിന്റെ ആകൃതി എന്നാണ് cordifolia എന്ന് വാക്കിന് അർത്ഥം. cortdate എന്നാൽ ഹാർട്ട് എന്നാണ് അർത്ഥം. ഇതിന്റെ ആണും പെണ്ണും വ്യത്യാസമാണ്.
ഇതോ ?
ഇത് കാക്കവള്ളി എന്നു പറയും വട്ടക്കാക്ക എന്നാണ് ശാസ്ത്രനാമം. വട്ടകാക്ക എന്ന ശാസ്ത്രനാമം വന്നതു പോലും മലയാളത്തിലുള്ള വട്ടകാക്ക എന്ന പേരിൽ നിന്നാണ്. സയന്റിഫിക് നെയിം ഇതു തന്നെയാണ്. ഇല ഏകദേശം വൃത്താകാരം ഉള്ളതു കൊണ്ട് അങ്ങനെ പേര് ഉണ്ട്. ഇത് തിരിച്ചറിയാനായിട്ട് ഇതിന്റെ ഇല ഒന്നു സ്പർശിച്ചിട്ട് മണപ്പിച്ചു നോക്കുക. വല്ലാത്ത ഒരു മണമാണ് ഇതിന്. ചില കഷായങ്ങൾക്ക് ഇത് ധാരാളം ചേർക്കുന്നുണ്ട്.
ഇത് പാൽവള്ളി, ഇത് മുറിക്കുമ്പോ വെളുത്ത ലാറ്റക്സ് വരുന്നതു കൊണ്ടാണ്, വെളുത്ത പാൽ, ഇതിനെ പാൽവള്ളി എന്നു പറയുന്നത് Ichnocarpus frutescesn എന്നാണ് ഇതിനെ പറയുന്നത്. ഇത് നറുനീണ്ടിയുമായി അടുത്ത സാമ്യം ഉള്ള സസ്യമാണ്.
ഇത് കരിയിലാഞ്ചി
അതെ. ഇതിന്റെ ശാസ്ത്രീയ നാമം സ്മെല്ക്സ് സയനിക്ക എന്നാണ്, ഇതിന്റെ വേരാണ് മരുന്നിന് ഉപയോഗിക്കുന്നത്, ഒരുപാട് ശാഖയുള്ള ദൃഢത ഉള്ള വേരാണ്. ഒടിച്ചാൽ ഒടിയാൻ തന്നെ പ്രയാസമുള്ള കട്ടിയുള്ള വേരാണ്.
കടമ്മനിട്ടയുടെ കവിതയിൽ കേട്ടിട്ടുള്ളതല്ലാതെ നേരിട്ട് കാണുന്നത് ഇവിടെ വരുമ്പോഴാണ്.
മുള്ളുള്ളതു കൊണ്ട് പലരും വെട്ടിക്കളഞ്ഞു, പക്ഷെ ഒരു ജൈവവേലിയ്ക്ക് ഇത് വളരെ അനുയോജ്യമായ ഔഷധഗുണമുള്ള സസ്യമാണ്.
ഇതിന്റെ കായയും പൂവ് നല്ല ഭംഗിയുള്ളതാണ്.
ഇത് ഉഴിഞ്ഞ, വളരെ പ്രശസ്തമായ ഔഷധ സസ്യമാണ്, ദശപുഷ്പത്തിലെ സസ്യമാണ്. Cardiospermum halicacabum എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇതിന്റെ കറുത്തവിത്തിൽ വെളുത്ത അടയാളം കാണം, ഹൃദയം പോലെ അതു കൊണ്ടാണ് Cardiospermum എന്ന പേര് വന്നത്.
അത് മലതാങ്ങിയ്ക്കും വിത്തിൽ ചുമന്ന നിറത്തിൽ ഹൃദയത്തിന്റെ ഷേയ്പ്പില് അങ്ങനെ ഉണ്ട്.
ഇതിൽ വ്യക്തമായി കാണുന്നത് കൊണ്ടാണ് Cardiospermum എന്ന പേര് വന്നത്. നറുനീണ്ടി അല്ലെങ്കിൽ നന്നാറി എന്നു പറയുന്ന സസ്യമാണ്, ഇതിന്റെ വേരിന് നല്ല സുഗന്ധം ഉണ്ട്, സർബത്ത് പോലുള്ള പാനീയങ്ങൾ ഉണ്ടാക്കാൻ, ശരീരത്തിന് മൊത്തം കുളിർമ നൽകുന്ന പാനിയം ഉണ്ടാക്കാൻ, വളരെ ഫേമസായ ഒന്നാണ്.
നറുനീണ്ടിയുടെ കിഴങ്ങ്, അച്ചാറിടാനും ഉപയോഗിക്കുന്നുണ്ട്.
ആയുർവേദത്തിൽ ധാരാളമായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ശാസ്ത്രീയ നാമം Hemidesmsu indicsu എന്നാണ്.
ഇത് മലതാങ്ങി, Cissampelos pareira എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇതും പാടത്താളിയുമൊക്കെ ഒരേ കുടുംബത്തിൽ വരുന്ന സസ്യങ്ങളാണ്. ശരീരത്തിനുണ്ടാകുന്ന വീഴ്ച, തട്ട് മുട്ട് പേലുള്ള പരിക്കുകൾക്ക്, പ്രസവരക്ഷയ്ക്ക് എല്ലാം ഇത് ഉപയോഗിക്കുന്നു. മൊത്തത്തിൽ ശരീരത്തിനുണ്ടാകുന്ന ക്ഷതങ്ങൾക്കുണ്ടാകുന്ന മരുന്നിന് ഇത് ഉപയോഗിക്കുന്നു.
മലതാങ്ങിയ്ക്ക് ആണും പെണ്ണും ഉണ്ടോ,
ഇല്ല അങ്ങനെ ഇല്ല. ഇതിൽ ഒരു ചുമന്ന കായ് ഉണ്ടാകും, അത് ഒരു പ്ലാന്റിൽ തന്നെയാണ് ഉണ്ടാകുന്നത്.
ഇതാണ് പാടത്താളി. ഇതിന്റെ ഇല വെള്ളത്തിലിട്ട് അരച്ച് എടുക്കുമ്പോ ഒരു പാട പോലെ കിട്ടും അത് താളിയായിട്ട് ഉപയോഗിച്ചിരുന്നു അതു കൊണ്ടാണ് ഇതിനെ പാടത്താളി എന്നു വിളിക്കുന്നത്. ഇതിന് ഒരു കിഴങ്ങ് ഉണ്ട്. പാടക്കിഴങ്ങ് എന്നാണ് പറയുന്നത്. ഇത് നരയ്ക്ക് നല്ലതാണ്, നരച്ചു തുടങ്ങുന്ന സമയത്ത് അരച്ചു തേയ്ച്ചാൽ പിന്നെ നരയ്ക്കുകയില്ല എന്നു പറയുന്നു, മൊത്തത്തിൽ ഹെയർ വാഷ് ആദ്യകാലത്തെ അങ്ങനെയാണ് ഇത് ഉപയോഗിച്ചിരുന്നത്.
ഇത് തിപ്പലി, ഇത് പൊതുവെ തറയിൽ പടർന്നു കിടക്കുന്ന ചെടിയാണ്. ത്രികടു കോമ്പിനേഷനിൽ - തിപ്പലി, ചുക്ക്, കുരുമുളക്, എന്നതിൽ തിപ്പലിയുടെ തിരിയാണ് ഉപയോഗിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും, ചുമ, തൊണ്ടവേദന എന്നിവയ്ക്കും ധാരാളമായി ഉപയോഗിക്കുന്ന മരുന്നാണ്.
ഇവിടെ നേരത്തെ നിറയെ കിരിയാത്ത് ഉണ്ടായിരുന്നു. ഇപ്പോ ഈ ചട്ടിയിൽ ചെറുതായി ഒരെണ്ണം കിളിർത്തു വരുന്നു, വള്ളി അല്ലല്ലോ ?
അല്ല ചെറിയ ചെടിയാണ്. Andrographis paniculata എന്നതാണ് ശാസ്ത്രീയ നാമം.
ഇത് കാട്ടുപിച്ചി, ഇത് പണ്ട് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. കറുത്ത കായ് ഉണ്ടാകും, നല്ല മണമാണ്. ഇതിന്റെ ഉപയോഗം എന്താണ് ?
കാട്ടുപിച്ചിയുടെ ഇല അരച്ച് കരിക്കിന്റെ ചാറിൽ, കരിക്കിന്റെ തൊണ്ടിന്റെ ചാറിൽ തേയ്ച്ചാൽ ചൊറിച്ചിൽ മാറും.
അപ്പുറം നിൽക്കുന്നത് ചങ്ങലംപറണ്ടയിൽപ്പെട്ട ഉരുണ്ടുപെരണ്ട എന്ന് ഒരാൾ പറഞ്ഞു.
ഇത് സൂക്ഷ്മമായി എടുത്തു നോക്കിയാൽ നാല് സെക്ഷൻ തന്നെ കാണാം. നാല് വശവും ഉരുണ്ടിരിക്കുന്നത് കാണാം.
ചങ്ങലം പറണ്ടയുടെ മറ്റൊരു ഇനമാണിത്. സാധാരണ ചങ്ങലം പറണ്ടയ്ക്ക് നാലു വശങ്ങളാണെങ്കിൽ ഇതിന് രണ്ട് വശങ്ങളേ ഉള്ളു. പരന്നാണ് ഇതിന്റെ തണ്ട് ഇരിക്കുന്നത് അതിനാലാണ് ഇതിനെ പലകപരണ്ട എന്ന് പറയുന്നത്. ശാസ്ത്രീയമായി ഇതെല്ലാം ഒരേ സ്പീഷിസിൽ തന്നെ വരുന്നവയാണ്.
പിന്നെ മൂന്നു വശമുളള മുപ്പറണ്ട എന്നൊരണ്ണം ഉണ്ട് പക്ഷേ അതത്ര കോമൺ അല്ല.
ഇതാണ് കൂടുതൽ ഉള്ളത്.
ഇത് കാൻസറിന് ഉപേയാഗിക്കുന്നത് അല്ലേ ?
കാൻസറിനെന്ന് പറയാൻ പറ്റില്ല, ഇത് ട്യൂമറസ് ഗ്രോത്തിന് ആദിവാസികൾ ഉപയോഗിക്കുന്ന സസ്യമാണ്. താമ്രവള്ളി എന്നു പറയും. ഇതിന്റെ ഇലയുടെ അടിയിൽ കോപ്പർ കളർ ഉള്ളതു കൊണ്ടാണ് ചെമ്പ് എന്നർത്ഥത്തിൽ താമ്രം എന്നു പറയുന്നത്.
താമ്രവള്ളിക്ക് പൂവ് വന്നിരിക്കുന്നു. അതിന് ശരിക്കും ചെമ്പിന്റെ കളർ തന്നെ.
ഇതിന് ധാരാളം പൂവ് വരും. ഇത് മുന്തിരിയുടെ കുടുംബത്തിൽ വരുന്നതാണ്. അമ്പലോസിസ്സ് എന്നാണ് ഇതിന്റെ സയന്റിഫിക് നെയിം. കായ ഉണ്ടാകുമ്പോ മുന്തിരിക്കുല പോലെ വരും. ഇതിന്റെ ചുവട്ടിൽ നല്ലൊരു കിഴങ്ങ് ഉണ്ട്, മരിച്ചീനി പോലെ നല്ല വലുപ്പത്തിൽ വരാറുണ്ട് ചില സമയത്ത്.
അത്രയും വലുപ്പത്തിൽ ഉണ്ടാകുമോ,
ഉണ്ടാകും, ഒന്നോ രണ്ടോ ട്യൂബറേ കാണു. ആ ട്യൂബറുകളെ ആണ് ആദിവാസികൾ ട്യൂമറിനായി ഉപയോഗിക്കുന്നത്.
ഇതെന്താണ് ?
ഇത് അമർച്ചക്കൊടി എന്ന് പല സ്ഥലങ്ങളിലും പറയാറുണ്ട്. കൈയ്റേഷ്യ പെഡേറ്റ ആണിത്. ഇതും മുന്തിരിയുടെ കുടുംബത്തിൽ തന്നെ വരുന്ന ഒരു ചെടിയാണ്.
വളരെ നിസ്സാരമായിട്ട് 10 -40 വള്ളികൾ ഇവിടെ വളർത്താൻ പറ്റുന്നുണ്ട്. പ്രത്യേകിച്ച് ശല്യം ഇല്ല, മരുന്നിന് ഉപയോഗിക്കാനും പറ്റും. ഈ സൈഡിൽ ഞങ്ങൾ ചെയ്തത് എന്താന്നു വച്ചാൽ ഇവിടെ പച്ചക്കറി കയറ്റി വിട്ടു. ശാസ്ത്രീയമായ പച്ചക്കറി തോട്ടമാണെങ്കിൽ വിളവ് ഉണ്ടാകണം, ഇവിടെ ഇടയക്ക് ഇതിനിടയിൽ കൂടി വിളവ് ഉണ്ടാകുന്നുണ്ട്. കോവയ്ക്ക ഉണ്ട്, പയര് ഉണ്ട്, മത്തൻ, പടവലം കിടക്കുന്നു. പടവലം സമയത്ത് എടുക്കാത്തിനാൽ കായ പഴുത്തു പോയി. മത്തങ്ങ വലുതായി ഉണ്ട്, രണ്ടെണ്ണം പറിച്ചായിരുന്നു. വെയ്റ്റ് താങ്ങുന്നുണ്ട്, ഇത് പാവൽ, പാവയ്ക്ക ഉണ്ടാകുന്നുണ്ട്.
സാധാരണ മത്തൻ താഴെയാണ് കിടക്കുക.
ഇത് ഞൊട്ടാഞൊടിയനാണ്, സ്കൂളിൽ പഠിക്കുന്ന കാലത്തിതിന്റെ പഴം പറിച്ചു തിന്നിട്ടുണ്ട്. അടുത്തിടെ വായിച്ചു ഇതിന്റെ പഴത്തിന്റെ കുരു എടുത്തിട്ട് തേനിലിട്ടിട്ട് ഗൾഫിൽ ഇംപോർട്ട് ചെയ്യുന്നു എന്ന്.
അത് പക്ഷെ ഇതിന്റെ വേറെ സ്പീഷീസ് ആണ്. ഇത് ഫൈസാലിസ് മിനിമ ആണ്. ഇത്തിരി കൂടി വലുപ്പമുള്ള കായ് ഉണ്ട്, അതാണ് മാർക്കറ്റിൽ ഫ്രൂട്ടായിട്ട് വരുന്നത്.
ഇത് വള്ളിപാലയാണ് ഇതും പടർന്നു കയറുന്ന ഔഷധസസ്യമാണ്. പ്രധാനമായിട്ടും, ആസ്ത്മ, പ്രത്യേകിച്ചും ബ്രോങ്കൈൽ ആസ്ത്മയ്ക്കു ഉള്ള മരുന്നായിട്ടാണ് ഇത് ഉപയോഗിച്ച് വരുന്നത്. ശ്വാസകോശത്തിൽ അടിഞ്ഞു കിടക്കുന്ന കഫത്തെ ഇളക്കാൻ ഇതിന്റെ ഇലകൾക്ക് പ്രത്യേകമായ ഒരു കഴിവ് ഉണ്ട്. ആസ്ത്മാ രോഗികൾക്ക് വളരെ ആശ്വാസം നൽകുന്ന ചെടിയാണ്. ടൈലോഫോറേ ഇൻഡിക്ക എന്നാണ് ശാസ്ത്രീയ നാമം. ആസ്മരോഗത്തിന്റെ ശമനി എന്നർത്ഥത്തിൽ ടൈലോഫോറോ ആസ്ത്മാറ്റിക്ക എന്നാണ് പണ്ട് ആദ്യകാലത്തെ ഇതിന്റെ ശാസ്ത്രീയ നാമം.
ഇവിടെ ചങ്ങലം പറണ്ട നിൽപ്പുണ്ട്.
ഇതാണ് സാധാരണയായി ഉപയോഗിച്ചു വരുന്ന ചങ്ങലംപറണ്ട, ഇതിന് കൃത്യമായി നാലു വശങ്ങളുണ്ട്. ഇതിന്റെ രണ്ട് വ്യത്യസ്ത ഇനങ്ങളാണ് ഉരുണ്ട പോലുള്ള ഉരുണ്ടപറണ്ടയും പലക പോലുള്ള പലകപ്പറണ്ടയും. എല്ലാം സിസിസ് ക്വാഡ്രാങ്കുലാരിസ് എന്ന സ്പീഷിസിൽ വരുന്ന സസ്യങ്ങളാണ്.
പാൽമുതുക്ക് ഇതുപോലെ വരും പക്ഷെ പിങ്ക് ഫ്ലവർ ആണ്.
ഇവിടെ മുഴുവൻ പൂവ് ഉണ്ടാകുന്ന വള്ളികൾ ഇപ്പോ വച്ചതേയുള്ളൂ. മൂന്ന് നാല് മാസം കഴിയുമ്പോ അത് മൂടിക്കോളും. ഇവിടെ സാറിനെ കാണിക്കാൻ പ്രത്യേക താത്പര്യം ഉണ്ട്. നമ്മൾ അടുത്തടുത്ത് പഴം വയ്ക്കുമ്പോൾ ഇതെല്ലാം കൂടി ഒരുമിച്ച് വച്ചു, പിന്നെ എല്ലാംകൂടി ഒരു കുഴിയിൽ വച്ചാൽ പോരെ എന്നൊക്കെയാണ്. ഇത് വളരുമോ കായ് ഉണ്ടാകുമോ വെയിൽ കിട്ടുമോ എന്നൊക്കെയാണ്. ഇവിടെ മുഴുവൻ പൂത്തു നിൽക്കുകയാണ്, പൂക്കുന്ന ചെടികൾ കായ്ക്കുകയും ചെയ്യുമല്ലോ, അപ്പോ ചെടികൾ ഒരുമിച്ചു വച്ചാലും കായ്ക്കും എന്നതിന് ഒരു തെളിവാണ് ഇത്.
സാർ ഇവിടെ വന്ന സ്ഥിതിയ്ക്ക് ഇത് കാണിക്കാനായിട്ട് വിളിച്ചു കൊണ്ടു വന്നതാണ്. നമ്മൾ വച്ച കാടുകളിൽ ഒരു പരീക്ഷണം നടത്തിയിരുന്നു, പച്ചക്കറി നടാനായിട്ട്. 1 മീറ്ററിൽ 1 മരം വച്ചിട്ട് ബാക്കി പച്ചക്കറി വച്ചു ഫില്ല് ചെയ്യാം എന്ന്, ഇവിടെ അങ്ങനെ ചെയ്തതാണ്. ഒന്നര വർഷം മുൻപ് ചെയ്തതാണ്. ഏറ്റവും കുറച്ച് വളർച്ച ഉണ്ടായ മിയാവാക്കി കാടാണ് ഇത്. 1 മീറ്ററിൽ 1 ചെടിയേ വച്ചുള്ളു,
കൂടുതൽ തിക്കി വച്ചില്ല.
ഇല്ല. രണ്ടാമത് ചെറുതായി ഫില്ല് ചെയ്തു. ഫില്ല് ചെയ്ത ശേഷമാണ് കുറച്ചെങ്കിലും പൊങ്ങിയത്. ചിലർ ചോദിക്കാറുണ്ട് 1 മീറ്ററിൽ 4 ചെടി വച്ചാൽ വളരുമോ, വയ്ക്കാമോ എന്നൊക്കെ. മൂന്ന് ചെടിയിൽ കുറഞ്ഞാൽ വളരില്ല എന്നതിന്റെ തെളിവാണിത്. എന്റെ 2 സെന്റ് സ്ഥലം വേസ്റ്റായി, പക്ഷെ വേസ്റ്റല്ല, ഇത് കാണിച്ചു ബോധ്യപ്പെടുത്താനായിട്ട് ഇട്ടിരിക്കുകയാണ്.
ഇതിനകത്തെ വളർച്ച വളരെ കുറവാണ്. രണ്ട് സെന്റ് വളരെ നല്ലൊരു കാടായി മാറേണ്ട സമയമാണ്. പക്ഷെ ഇതിനകത്ത് ഇടയ്ക്ക് കപ്പയൊക്കെ കുഴിച്ചു വയ്ക്കുന്നുണ്ട്.
ഇത് എത്ര കാലമായി ?
ഇത് കഴിഞ്ഞതിനു മുൻപിലത്തെ മെയ്യിൽ വച്ചതാണ്. ഈ മെയ്യിൽ 2 വർഷമാകും. എല്ലാം നല്ല വളർച്ചയാണ് കിട്ടിയത്. ഏറ്റവും കുറവ് വളർച്ച കിട്ടിയത് ഇവിടെയാണ് അതിന് കാരണം ഒരു ചെടി മാത്രം വച്ചു എന്നതാണ്. ഒരു സ്ക്വയർ മീറ്ററിൽ 1 ചെടി വച്ചു നട്ടു. വാഴ നല്ല കുല കിട്ടുന്നുണ്ട്. വാഴ വച്ചാലുള്ള പ്രശ്നം അതിന്റെ ചുറ്റും ഉള്ളവനെ അവൻ അങ്ങ് ഒതുക്കും. സാർ ഇവിടെയാണ് പാൽ മുതുക്ക് ഉണ്ടായിരുന്നത്.
ആ നിലത്ത് കിടക്കുന്നത് അല്ലേ,
അതെ അതെ.
ഇതാണ് ശരിക്കും ഉള്ള പാൽമുതുക്ക് , കരിമുതുക്കും പാൽമുതുക്കും തമ്മിൽ തെറ്റിപോകാൻ ചാൻസ് ഉള്ളതാണ്. ഇവിടെ ഇതിന്റെ അടിയിൽ ഗ്ലാന്റ് ഇല്ല, പിന്നെ ഇതിന്റെ പൂക്കളെന്നു പറയുന്നത് പിങ്ക് കളറിൽ വളരെ ആകർഷകമായ വലിയ പൂക്കളാണ്. പാൽമുതുക്കിന് ചുവട്ടിൽ വലിയ കിഴങ്ങ് ഉണ്ടാകും. കരിമുതുക്കിനും കിഴങ്ങുണ്ട്. പക്ഷെ പാൽമുതുക്കിന്റെ കിഴങ്ങ് വൃത്താകൃതിയിലുള്ള ഗ്ലോബൽ ഷെയ്പ്പിലുള്ള കിഴങ്ങായിരിക്കും. ഇലകൾ കൊണ്ടു തന്നെ ഇതിനെ തിരിച്ചറിയാൻ സാധിക്കും, ശ്രദ്ധിച്ചു നോക്കിയാൽ.
ഈ തടികൾ അന്ന് വെള്ളം ഒഴുകി പോകാതിരിക്കാൻ ആയിട്ട് ഇട്ടതാണ്. നമ്മൾ ഇവിടെ യാദൃശ്ചികമായിട്ട് കയറിയതാണെങ്കിലും ഇവിടെ കാണുന്ന പ്രത്യേകത ഇവിടെ നമ്മൾ നടാത്ത പല വള്ളികളും കിളിർത്തു വരുന്നുണ്ട്. അന്നു സാർ പറഞ്ഞ വെയിൽ വേണ്ട ഒരു ചെടിയാണത്. അത് അവിടെ അതിന്റെ കീഴിൽനിന്ന് കഴിയാവുന്ന രീതിയിൽ വളരുന്നു. സാറിനിപ്പോൾ എന്തു തോന്നുന്നു, ഒരു ഫോറസ്റ്റ് അന്തരീക്ഷം ഇല്ലേ ?
ക്രമേണ അതിലേയ്ക്ക് എത്തുന്നുണ്ട്. ഇപ്പോൾ അവർ പരസ്പരം വളരാനായി മത്സരിക്കുന്നുണ്ട്, ഈ ഒരു പശ്ചാത്തലത്തിൽ അനുയോജ്യമായത് വളരും, കൂടാതെ പുതിയ ചെടികൾ ഇതിനകത്തേയ്ക്ക് വരുകയും ചെയ്യും. ഇതിനകത്തേയ്ക്ക് കൂടുതൽ പക്ഷികൾ വരും, പക്ഷികൾ വഴിയും കൂടുതൽ വിത്ത് ഇവിടെ വീണ് മുളയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
പക്ഷികൾ ധാരാളം വരുന്നുണ്ട്.
ആ മുളയ്ക്കുന്നതിൽ ഇതിന് അനുയോജ്യമായവ മുളയ്ക്കും. ഫോറസ്റ്റിലും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്, ആ ഫോറസ്റ്റിന് അനുയോജ്യമായവ വളരുകയും അല്ലാത്തവ നശിക്കുകയും ചെയ്യും.
മനുഷ്യന്റെ ഇടപെടൽ ഇനി ഇവിടെ ആവശ്യമില്ല.
ഇല്ല. ഇനിയിത് തന്നെ വളർന്നുകൊള്ളും.
എനിക്ക് തോന്നുന്ന അത്ഭുതം ഇവിടെ നൂറു സ്പീഷീസെങ്കിലും വച്ചു, അതിൽ 80 എണ്ണം എങ്കിലും ഇപ്പോഴും സർവ്വൈവ് ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാമുണ്ട്. ഇതൊന്നും നമ്മൾ നട്ടതല്ല. കോലിഞ്ചി. ഇത് തന്നെ കിളിർത്തു വന്നതാണ്.
അപ്പോൾ നമ്മൾ ഈ വേലിയും ഇതിലെ ചെടികളും കണ്ടു. വളരെ പ്രായോഗികമായി ഇത് നടപ്പിലാകും എന്ന് കാണിക്കാനാണ് ഇത് കാണിച്ചു തന്നത്. ഇനി ചെയ്യേണ്ടത് ഇത് നിങ്ങളുടെ പുരയിടത്തിൽ കഴിയുന്നത്ര സ്ഥലങ്ങളിൽ പരീക്ഷിച്ചു നോക്കുക. എന്നു മാത്രമല്ല, ഒരു പുരയിടത്തിൽ തന്നെ നാലോ അഞ്ചോ വേലികൾ ഉണ്ടാക്കാം. കോഴി വളർത്തുന്നിടത്തും പശുവിനെ വളർത്തുന്നയിടത്തും എല്ലാം വേലി കെട്ടിത്തിരിക്കാം. പൂന്തോട്ടം ഒരു വേലി കെട്ടിതിരിക്കാം. ഇതെല്ലാം നിങ്ങൾക്ക് വെർട്ടിക്കലായി കൂടുതൽ സ്ഥലം തരുകയാണ്. ഉള്ള സ്ഥലം 25 ആണെങ്കിൽ അവിടെ വേലികൾ തീർത്ത് അതിനെ 50 സെന്റാക്കാം.അതൊന്നു പരീക്ഷിച്ചു നോക്കുക. തീർച്ചയായും ഫലപ്രദമായിരിക്കും.