വീടിന്റെ ചുറ്റുമുളള കുളം കാണിച്ചപ്പോൾ മുതൽ ആളുകൾ അക്വാപോണിക്സിനെ കുറിച്ചും മീൻ വളർത്തലിനെ കുറിച്ചും ധാരാളം ചോദ്യങ്ങൾ ചോദിക്കുന്നു. അതിനെക്കുറിച്ച് കൃത്യമായൊരു ധാരണ എനിക്കില്ല. പക്ഷെ അതിന്റെയൊക്കെ ആശാനാണ് ബിജു. ഇദ്ദേഹത്തെ നാലു വർഷമായിട്ട് എനിക്കറിയാം. ഇദ്ദേഹമാണ് എനിക്ക് അക്വാപോണിക്സ് സെറ്റ് ചെയ്യാനുളള സാധനങ്ങളൊക്കെ തന്നത്. അന്ന് ഞാനിവിടെ വന്നു കണ്ടിരുന്നു.
ഇദ്ദേഹത്തെയാണിന്ന് പരിചയപ്പെടുത്തുന്നത്. ഇവിടെ ഇരുപത് സെന്റ് സ്ഥലമാണുളളത്. ഇതിൽ ചെയ്തിരിക്കുന്ന കാര്യങ്ങൾ കണ്ടുകഴിഞ്ഞാൽ ഇത് ഇരുപത് സെന്റേ ഉള്ളോന്നു തോന്നിപ്പോകും. ഒരാൾ സ്ഥലം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സസ്ഥലത്തിന്റെ പ്രയോജനം കിട്ടുന്നത്. ഒരിഞ്ചു സ്ഥലം പോലും കളയാതെ ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്തിട്ടുണ്ട്. ഇതിൽ പലതും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മോഡലുകളാണ്. ആദ്യം നമുക്ക് അക്വാപോണിക്സിന്റെ കാര്യത്തിൽ നിന്നുതന്നെ തുടങ്ങാം.
ഇതൊരു ബേസിക് അക്വാപോണിക്സ് യൂണിറ്റാണ്. ഇവിടെ മുഴുവൻ കോവൽ ആയിരുന്നു. എന്നിട്ട് അടുത്തത് ചുരയ്ക്ക കയറ്റിവിട്ടിരിക്കുയാണ്. ഇവിടെ മുന്തിരി ഉണ്ട്. മുന്തിരിയ്ക്ക് വേറേ ചുവടുണ്ട്. അതുപോലെ പുതിന, തക്കാളി ഇതെല്ലാം ഒരു അക്വാപോണിക്സ് ട്രേയിൽ നിന്നാണ് വളരുന്നത്. അതിനോടു ചേർന്നൊരു ടാങ്കാണ് കുളമായിട്ട് ഉപയോഗിക്കുന്നത്. ഒരു പമ്പ് വെച്ചിത് ഓട്ടോമാറ്റിക്കായിട്ട് ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകത്ത് എത്ര മീനുകളെ വളർത്താൻ പറ്റും ?
ആയിരരം ലിറ്ററിൽ 50 മത്സ്യമാണ് ശരിക്കും വളർത്താവുന്നത്. മത്സ്യം കൂടുതലായാൽ സാന്ദ്രത കൂടും. സാന്ദ്രത കൂടിയാൽ മരണനിരക്കും കൂടും. പ്രാക്ടീസായതിനു ശേഷം വേണമെങ്കിൽ കുറച്ചൂടി എണ്ണം കൂട്ടാം. എന്റെ ടാങ്കിൽ 70 വലിയ മീനുകൾ തന്നെ കിടപ്പുണ്ട്.
ഈ 50 മീനുകൾ എത്രനാളു കൊണ്ടാണ് വലുതായി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന പരുവത്തിലാകുന്നത് ?
നാലു മാസം കൊണ്ട് നമുക്ക് വീട്ടിൽ ഉപയോഗിച്ചു തുടങ്ങാം. നാലുമാസം കൊണ്ട് ഏകദേശം 300-350 ഗ്രാം എന്ന ലെവലിലേക്കു വരും.
അതായത് 50 മത്സ്യം നാലൂ മാസമാവുമ്പോൾ നമുക്ക് ഒരാണ്ടിൽ നൂറ്റമ്പത് മത്സ്യം ഇതിൽ വളർത്തിയെടുക്കാം, അല്ലേ ?
ചെറിയൊരു ടാങ്കിൽ കുഞ്ഞുങ്ങളെ ഒരു നഴ്സറിയായി ചെയ്തു കഴിഞ്ഞാൽ നൂറ്റമ്പത് എന്നുളളത് ഇരുന്നൂറ് മത്സ്യം ഒരു വർഷം വളർത്തിയെടുക്കാം.
അപ്പോൾ രണ്ടു ടാങ്കുണ്ടെങ്കിൽ ദിവസം ഒരു മീനിനെ വെച്ചു കിട്ടും.
അതെ. ഒരു കുടുംബത്തിന് ഒരു വർഷത്തേക്കാവശ്യമുളള പച്ചക്കറിയും മത്സ്യവും പൂർണമായിട്ടും കിട്ടും.
പച്ചക്കറിയും കിട്ടുമല്ലേ.
കിട്ടും. ഒരു ക്രോപ്പ് മത്സ്യം ചെയ്യുമ്പോ പച്ചക്കറി ഏകദേശം രണ്ട് ക്രോപ്പ് ചെയ്യാൻ പറ്റും.
ഇവിടെ ഈ രണ്ട് ലെയർ പന്തൽ എന്താണ്. സാധാരണ ഒരു പന്തലല്ലേ കാണാറുളളൂ ?
അത് ഞാൻ താഴെ നട്ട ചെടികൾ പടവലം, പീച്ചിൽ ഒക്കെ അക്വാപോണിക്സിൽ നട്ടപ്പോൾ ഇരട്ടി വളർച്ചയാണ്. താഴെ നടുമ്പോൾ മണ്ണിന്റെ പി.എച്ച്. നോക്കണം, വളം നോക്കണം, ഇതിൽ അതൊന്നുമില്ല. ഇത് നല്ല രീതിയിൽ വളർന്നോളും. അങ്ങനെ വളർന്നു മുകളിലേക്ക് വന്നുകഴിയുമ്പോൾ ശാഖകൾ കൂടുതലായാൽ ഈ താഴത്തെ ലെയർ കൂടി എടുക്കും. അതുപോലെ ചുരയ്ക്ക മുകളിലേക്കു കയറി, തക്കാളിക്ക് ഒരു താങ്ങ് കൊടുക്കണമെങ്കിൽ താഴത്തെ പന്തൽ ഉപയോഗിക്കാം.
തക്കാളി അത്രയും വളരുമോ ?
ചിലത് നല്ല നീളം വരും. എന്റെ കൈയിൽ നാലു മീറ്റർ വരെ നീളമുളള തക്കാളിത്തൈ ഉണ്ടായിരുന്നു.
നമ്മുടെ ഇന്ത്യനായിരുന്നോ ?
അതെ. ബാംഗ്ലൂർ തക്കാളി.
പുതിനയും ധാരാളമായി ഉണ്ടാകുന്നുണ്ടല്ലോ.
പുതിന അൺലിമിറ്റഡാണ്. ഞാനിടയ്ക്ക് കടയിൽ കൊടുത്തിരുന്നു. അമ്പതു രൂപ കിലോയ്ക്ക് കിട്ടിയിരുന്നു. ശരിക്ക് ശ്രദ്ധിച്ചാൽ അതൊരു വരുമാനമാർഗമാക്കി എടുക്കാം.
അതുമാത്രമല്ല, വിഷമടിക്കാത്ത പുതിന കിട്ടുക എന്നത് വലിയൊരു കാര്യമല്ലേ.
പുതിന ഞങ്ങൾ ഒത്തിരി തരത്തിൽ വീട്ടിൽ ഉപയോഗിക്കുന്നുണ്ട്. നാരങ്ങവെളളം പിഴിയുന്നതിൽ ഇടും. ആന്റി ഓക്സിഡന്റ് കൂടുതലുളള സാധനമാണ്.
എനിക്ക് താങ്കളോടൊരു പരാതി ഉളളത് - ഞാന് പോകുന്നിടത്തൊക്കെ പറയുന്ന കാര്യമാണ് മുറ്റം സിമന്റിടരുത് എന്നുളളത്. ഇവിടെ പകുതിയും ടൈലിട്ട് വെളളം മണ്ണില് താഴാത്ത ഒരവസ്ഥ ആക്കിയിരിക്കുകയാണ്. അതെന്താ അങ്ങനെ ചെയ്തത് ?
എന്റെ ഈ ഇരുപത് സെന്റിൽ വീഴുന്ന വെളളം മുഴുവനും ഈ കിണറിന്റെ ഭാഗത്താണ് വരുന്നത്. ആ രീതിയിലാണിത് പ്ലാൻ ചെയ്തിരിക്കുന്നത്. ചാല് അവിടുന്ന് വന്നിട്ടുണ്ട്, അതിനൊരു പൈപ്പിങ്ങ് ഇട്ടിട്ടുണ്ട്, അത് താഴെ കാണാം.
അപ്പോ റോഡിലേക്ക് ഒഴുകി പോകില്ലേ ?
ഇല്ല. ഞങ്ങളുടെ റോഡ് ഉയർന്നതാണ്. അപ്പോൾ വെളളക്കെട്ടാണെന്ന് വിചാരിക്കും, പക്ഷെ വെളളം കെട്ടില്ല. വെളളം മുഴുവനിവിടെ സംഭരിക്കാം.
അതൊരു എഞ്ചിനിയറിങ്ങ് വൈദഗ്ദ്ധ്യമാണ്.
അതിവിടെ വീടിന്റെ റൂഫിൽ നിന്നും പൈപ്പ് വഴി കിണറ്റിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
സൈഡിലെല്ലാം വെളളം പോകാനുളള സ്ഥലം കൊടുത്തിട്ടുണ്ടല്ലേ.
കൊടുത്തിട്ടുണ്ട്. അതുമുഴുവനീ ഭാഗത്ത് വരും. നാളെ ഒരു രണ്ടുലക്ഷം ലിറ്ററിന്റെ മഴവെളള സംഭരണി ഉണ്ടാക്കണമെങ്കിൽ അതിനും പറ്റും.
അപ്പോൾ ടൈൽ ഇട്ടിട്ടുണ്ടെന്നേ ഉളളൂ, ഒരുതുളളി വെളളം പോലും പുറത്തു കളയില്ല. കൊളളാം. വളരെ നല്ലൊരു മോഡലാണ്. അതുപോലെ ആ നെല്ലി അത്രേം വലിയൊരു നെല്ലി വീടിന്റെ സൈഡിൽ നിൽക്കുമ്പോൾ അത് വീടിന്റെ പുറത്തൂടി വീഴുമെന്ന പേടിയൊന്നുമില്ലേ ?
ഇല്ല. അത് കൃത്യമായി വെട്ടിനിർത്തിയിരിക്കുകയാണ്.
ഫൗണ്ടേഷന് കേടൊന്നും വരില്ലേ ?
ഒരു കേടും വരില്ല.
പ്രധാന ചോദ്യം അതൊന്നുമല്ല. ഇങ്ങനൊരു സിസ്റ്റം ആളുകൾക്ക് സെറ്റ് ചെയ്തുകൊടുക്കുമോ ?
ഞാൻ സെറ്റ് ചെയ്തു കൊടുക്കുന്നുണ്ട്. ഇപ്പോൾ ഏഴര വർഷമായി. എം.പി.ഇ.ഡി.എ.യുടെ പരിശീലനം കിട്ടിയിട്ടുണ്ട്.
എനിക്കവിടെ നിന്നാണ് താങ്കളുടെ നമ്പർ കിട്ടിയത്.
എം.പി.ഇ.ഡി.എ യിലെ ഷാജി സാർ ഇവിടുന്ന് വിശാഖപട്ടണത്തിലേക്ക് പോകുന്നതിനു മുമ്പാണ് ഇതിന്റെ ഒരു പരിശീലനം നടക്കുന്നത്. ഞങ്ങൾക്കിവിടെ 200 വീടുകളിൽ കിട്ടി. അക്വാപോണിക്സിൽ ആദ്യം മെറ്റൽ ഉപയോഗിച്ചു കൊണ്ടിരുന്നപ്പോ വെല്ലുവിളികളൊക്കെ ഉണ്ടായിരുന്നു. ആദ്യത്തെ രണ്ട് ക്രോപ്പിൽ എനിക്ക് വലിയ വിളവൊന്നും കിട്ടിയില്ല. കാരണം എനിക്കതിന്റെ ശാസ്ത്രീയ വശങ്ങൾ പലതും അറിയില്ലായിരുന്നു. മൂന്നാമത്തെ തവണ പതിനഞ്ചു കിലോ പാവയ്ക്ക കിട്ടി. താഴെ നട്ട് ഏറ്റവും പരാജയപ്പെട്ടിരുന്ന സാധനമായിരുന്നു പാവയ്ക്ക. പാവയ്ക്ക പതിനഞ്ചു കിലോ കിട്ടിയപ്പോ വീട്ടിലെല്ലാവരും ഹാപ്പിയായി. പിന്നീടുളള എല്ലാ ക്രോപ്പും പച്ചക്കറിയിൽ വൻ വിജയമായിരുന്നു. അതുകൊണ്ട് ഞങ്ങൾ മത്സ്യം പിടിച്ചു കഴിക്കുക എന്ന് ചിന്തിച്ചതേയില്ല. മത്സ്യത്തിനിവിടെ വില കുറച്ചാ കിട്ടിയത്. പക്ഷെ വളത്തിന് പൈസ കൊടുത്ത് വാങ്ങണ്ട. ഈ വെളളത്തീന്നു തന്നെ ചെടികൾക്കു വേണ്ട വളം കിട്ടും. വളരെ അപൂർവമായിട്ട് പൂക്കാനോ കായ്ക്കാനോ വൈകിയാൽ എന്തെങ്കിലും മൈക്രോ നൂട്രിയന്റ്സ് കൊടുത്താൽ മതി.
മെറ്റലിനു പകരമിപ്പോ എന്താ ചെയ്യുന്നെ ?
ക്ലേ ബോളിലേക്കു മാറി. മെറ്റൽ കഴുകിയിടൽ ഭയങ്കര ബുദ്ധിമുട്ടാ. ഓരോ ക്രോപ്പ് കഴിയുമ്പോഴും ഇതിനകത്ത് വേരുകളൊക്കെ വന്നടിയും. അപ്പോ മെറ്റൽ കഴുകിയിടണം. ക്ലേ ബോളിലേക്ക് മാറിയിട്ട് ഇത് മൂന്നാമത്തെ ക്രോപ്പാ, ഞാൻ കഴുകാതെയാണ് ഇട്ടിരിക്കുന്നത്. എന്നിട്ടും നല്ല വളർച്ചയാണ്.
ക്ലേ ബോളിന് എത്ര രൂപയാവുന്നുണ്ട് ?
ഒരു ട്രേയ്ക്കുളള ക്ലേ ബോൾ 4000-4500 രൂപയ്ക്ക് കിട്ടും.
ഇതെല്ലായിടത്തും കിട്ടുമോ ?
ഞാനിത് ഗുജറാത്തിൽ നിന്നും വരുത്തിയതാ. വിദേശ വീഡിയോകളെല്ലാം നോക്കുമ്പോൾ എല്ലാവരും ക്ലേ ബോൾസാണ് ഇട്ടിരിക്കുന്നത്.
ഇതിവിടെ വരുത്തിക്കൊടുക്കുമോ ?
കൊടുക്കുന്നുണ്ട്. ആവശ്യക്കാർക്ക് സെറ്റ് ചെയ്തും കൊടുക്കും.
ഇത് ചെയ്യാൻ എത്ര രൂപയാവും ?
മുപ്പതിനായിരം രൂപയ്ക്ക് ആയിരം ലിറ്ററിന്റെ യൂണിറ്റ് ചെയ്യാം. ഇതിനകത്ത് 300 ലിറ്ററിന്റെ ഗ്രോ ബെഡ് ഉണ്ട്, ബെൽ സൈഫണുണ്ട്. ഒരു തവണ മാറാനുളള എയർ പമ്പ് സ്പെയർ അടക്കം ചെയ്തു കൊടുക്കുന്നുണ്ട്.
ഇടയ്ക്ക് കറന്റ് നിന്നുപോയാൽ പ്രശ്നമാവുമോ ?
അങ്ങനെ വലിയ പ്രശ്നമില്ല. ഒരു മൂന്ന് നാല് മണിക്കൂറൊക്കെ നിന്നുപോയാൽ കുഴപ്പമില്ല. അതുകഴിഞ്ഞാൽ അമ്മോണിയ കൂടുന്നതിനു അനുസരിച്ച് മീനുകൾക്ക് പ്രശ്നമാവും.
പമ്പിന്റെ കപ്പാസിറ്റി എത്രയാ ?
പമ്പ് 25 വാട്ടിന്റെയാണ്.
അത് സോളാറിൽ ഓടില്ലേ?
ഓടും. അതിനുവേണ്ടി ഇൻവെസ്റ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല. എയർ പമ്പെങ്കിലും പ്രവർത്തിച്ചാൽ മതി. ഡിസോൾവ്ഡ് ഓക്സിജൻ ഉണ്ടെങ്കിൽ മീനവിടെ കിടന്നോളും.
താങ്കളെങ്ങനെയാണ് കറന്റ് പ്രശ്നം പരിഹരിക്കുന്നത് ?
എനിക്കൊരു ഇൻവെർട്ടർ ഉണ്ട്. ഇതൊരു സിഎഫ്എൽ ബൾബ് പ്രവർത്തിക്കുന്ന അത്രയും കറന്റേ ചെലവാകുന്നുളളൂ.
ഇതിൽ ഒരുതരം മീനിനെ മാത്രമേ ഇടാൻ പറ്റുകയുളേളാ ?
ഇല്ല. എന്റെയീ കുളത്തിൽ തിലാപ്പിയ, ആസാം വാള, ഗൗര, കറുപ്പ് ഇതെല്ലാം മിക്സ് ആയിട്ടാണ് കിടക്കുന്നത്.
ഇതിനെന്ത് തീറ്റയാണ് കൊടുക്കുന്നത് ?
ഞാനിപ്പോൾ പെല്ലറ്റാണ് കൊടുക്കുന്നത്. ചേമ്പില കൊടുക്കാം. ആകെയൊരു പ്രശ്നമുളളത് പമ്പ് വേസ്റ്റ് വലിച്ചെടുക്കും. അത്തരം സാധനങ്ങൾ ഇടുമ്പോൾ പമ്പിലേക്ക് പോകാതെ കെട്ടിയിട്ടു കൊടുക്കണം. പയറിന്റെ മുരിങ്ങയില ഒക്കെ കൊടുക്കാം.
പമ്പിന് നെറ്റ് കെട്ടിയാൽ പോരേ ?
അപ്പോഴും ക്ലീനിങ്ങ് ചെയ്യേണ്ടിവരും. അതിലും നല്ലത് ഇല കെട്ടിയിട്ടു കൊടുത്താ മതി. അപ്പോ തണ്ടോടെ മീൻ വലിച്ചോണ്ടുപോവില്ല. തീറ്റ കഴിയുമ്പോൾ തണ്ടെടുത്ത് മാറ്റാം.
ഈ വാഴ എവിടുന്നാ കിട്ടിയെ ?
ഇതെന്റെ ഒരാന്റി തന്നതാ. ഇത് കണ്ടപ്പോ താത്പര്യം തോന്നി. വിരലു പോലെയൊക്കെ വളഞ്ഞിരിക്കുന്ന കായ. വൈശാഖി എന്നോ മറ്റോ ആണ് പേരു പറഞ്ഞത്.
നെടുങ്കണ്ടത്ത് ഒരു കടയിൽ ഇതിന്റെ പഴം, നല്ല രുചിയാണ്. ആകെയുളള പ്രശ്നം ഇത് തൊട്ടുകഴിഞ്ഞാൽ ഇറുന്നുപോരും.
റോബസ്റ്റ പഴം പോലെത്തന്നെയാണ്.
ഞാൻ പുളളിയോടു അതിന്റെ വിത്തു ചോദിച്ചു. അടുത്ത രണ്ടുമാസം കഴിഞ്ഞതിന്റെ വിത്ത് കിട്ടി. ഇത് വേണമെങ്കിൽ ഒരു ബക്കറ്റിൽ പോലും വെച്ച് ടെറസിൽ വെയ്ക്കാം. ഇതൊക്കെ ഗംഭീരമായിട്ട് ഉണ്ടാവും. ഇതിൽ എത്ര കായുണ്ട് ?
ഇതിപ്പോ ഒരു അമ്പത് അറുപത് കായുണ്ടാവും.
ഇതൊരു പത്ത് വാഴയൊക്കെ ബക്കറ്റിൽ ടെറസിൽ വെക്കാവുന്നതേയുളളു.
ഇത് ടിഷ്യുകൾച്ചർ ഏത്തവാഴയാണ്. ഇതും ടെറസിൽ വെക്കാം. കുല ചെറുതായിരിക്കും എന്നേയുളളൂ.
തെങ്ങ് വരെ ടെറസിൽ വെക്കുന്നു.
ദാ ഈ ട്രേയിൽ എല്ലാത്തരം കിഴങ്ങ് വർഗങ്ങളുമാണ്. ഇതും ടെറസിൽ വെക്കാം. മധുരക്കിഴങ്ങ്, ശീമക്കിഴങ്ങ്, മധുരച്ചേമ്പ് അങ്ങനെ എല്ലാമുണ്ട്.
ചേനയൊക്കെ ഗംഭീരമായി ചാക്കിൽ നിൽക്കുന്നു.
ഇവിടത്തെ പ്രശ്നം വെളളക്കെട്ടാണ്. പിന്നിലോട്ട് താഴ്ന്ന സ്ഥലമാണ്.
ഇത് ചെറായിയാണ്. കടലിനോട് വളരെയടുത്ത സ്ഥലമാണ്. അങ്ങനെയുളള സ്ഥലത്തുപോലും ആളുകൾ വളരെ നന്നായി ഈ ട്രേ ഒക്കെ ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്. നമുക്ക് താത്പര്യമുണ്ടെങ്കിൽ എന്തും എവിടെയും ചെയ്യാൻ പറ്റുമെന്നതിന്റെ ഉദാഹരണമാണിത്. എന്തും ചെയ്യാനുളള കപ്പാസിറ്റി ഇല്ലെങ്കിൽ ബിജുവിനോടു ചോദിക്കുക. അദ്ദേഹത്തിന്റെ കൈയ്യിൽ വിവിധതരം ട്രേയും ഒക്കെയുണ്ട്. അയച്ചുതരും. ഓരോന്നിന്റെയും ഗുണവും ദോഷവും അദ്ദേഹം പറഞ്ഞുതരും. അദ്ദേഹമൊരു കൃഷി വിദഗ്ദ്ധനായി മാറിക്കഴിഞ്ഞു. സ്ട്രോബെറി വരെയുളള സാധനങ്ങൾ ഇവിടെ ട്രേയിൽ വളർത്തുന്നു. മുന്തിരി, സ്ട്രോബെറി ഒക്കെ കടപ്പുറത്താണെന്ന് ഓർക്കണം. നമ്മൾ കടപ്പുറത്ത് തെങ്ങല്ലാതെ വല്ലതും കണ്ടിട്ടുണ്ടോ ? ഭക്ഷ്യവസ്തുക്കളുടെ ഇത്രയും വൈവിധ്യം - കരിമ്പു വരെയുണ്ടല്ലേ ?
കരിമ്പുണ്ട്. പ്ലാവ് തന്നെ മൂന്നാല് ഇനമുണ്ട്.
ഇത് തേനീച്ചക്കൂടിന്റെ ഇന്റർനാഷണൽ ഡിസൈനാണോ ?
എങ്ങനെ വേണമെങ്കിലും ചെയ്യാം. ഇതെനിക്കിവിടെ സ്വിച്ച് ബോർഡിനകത്തു നിന്നും കിട്ടിയതാണ്. ഇത് സിമ്പിളാണ്. ഇതൊരു പൈപ്പിന്റെ എൻഡ് ക്യാപ്പാണ്. അതിന്റെ പുറമേക്കൂടെ ഒരു പൈപ് മുറിച്ചു വെച്ചിരിക്കുകയാണ്. ഇത് ഡ്രിപ്പ് ഇറിഗേഷനിൽ കിട്ടുന്ന ഒരു നോസിലാണ്. അത് പിടിപ്പിക്കുക. മുകളിലുളളത് റെഡ്യൂസറാണ്. അതിനു മുകളിൽ തടിക്കഷണം ദ്വാരമിട്ട് വെയ്ക്കണം. ഈ നോസിലേക്ക് എവിടെയാണോ തേനീച്ചയിരിക്കുന്നത്, ആ പ്രതലത്തിലേക്ക് ഈ പൈപ്പ് ഫിറ്റ് ചെയ്ത് എംസീല് വെച്ച് അടക്കുക. പൈപ്പിന് രണ്ടു മീറ്ററെങ്കിലും നീളം വേണം.
അതെന്തിനാണ് ?
തേനീച്ച തിരിച്ച് വരരുത്. ഇവർ ഇര തേടാനായി ഈ പൈപ്പിലൂടെ പുറത്തേക്കു വരും. പുറത്തുവന്നു കഴിഞ്ഞാൽ പിന്നെ തിരികെ വരുന്നത് ഇവിടെയാണ്. കൊണ്ടുവരുന്ന പൂമ്പൊടി മുഴുവൻ ഇവിടെ ശേഖരിക്കും. സ്വാഭാവികമായും കൂട്ടിലുളളതൊക്കെ തീരുമ്പോ റാണി ഇറങ്ങി ഇവിടെ വരും. ഈയൊരു പ്രക്രിയ ഏകദേശം ഒന്നു രണ്ട് മാസത്തോളം എടുക്കും.
ഞാനിത് പണ്ട് കരിങ്കല്ലിനിടയിൽ നിന്നും തേനീച്ചയെ എടുക്കാൻ ഒരുപാട് നോക്കിയിട്ടുണ്ട്. കലത്തിൽ ശർക്കരനീരൊക്കെ പുരട്ടി വെച്ചിട്ടുണ്ട്. രണ്ടിഞ്ചിന്റെ കുഴലൊക്കെയാണ് ഉപയോഗിച്ചിട്ടുളളത്. താങ്കളീ പറഞ്ഞ നീളമുളള കുഴൽ ഉപയോഗിച്ചു നോക്കിയിട്ടില്ല. അപ്പോൾ പറ്റുന്നത് തേനീച്ച വന്നിട്ടീ ശർക്കരയിൽ പറ്റി ചത്തുപോകും.
അത് കല്ലിനിടയിൽ വലിയൊരു ആവാസവ്യവസ്ഥയുണ്ടാകും. അങ്ങനെ ഇല്ലാത്തിടത്തു നിന്നേ എടുക്കാൻ പറ്റൂ. സ്വിച്ച് ബോർഡിനകത്ത് വളരെ കുറച്ചേയുളളു.
താങ്കളുടെ വീടിന്റെയൊരു പ്രത്യേകത, ഇത്രയൊക്കെ സിമന്റിട്ടിട്ടും അതിന്റെ പ്രതീതി വരുന്നില്ല. ഒരു ചെറിയ ഗ്യാപ്പിൽ പോലും ചെടികൾ നിറഞ്ഞു നിൽക്കുന്നതു കൊണ്ട്. ഇവിടെല്ലാം കൂടി എത്ര ഇനം കാണുമെന്ന് വല്ല ഐഡിയയും ഉണ്ടോ ?
ഒരൈഡിയയും ഇല്ല. സത്യം പറഞ്ഞാ സാറിന്റെ മിയാവാക്കി വീഡിയോ ഒക്കെ കണ്ടിട്ടാണ് എന്തുകിട്ടിയാലും കൊണ്ടുനടുന്ന ലെവലിലേക്ക് വന്നത്. ഇതീ മതിൽ കെട്ടിയപ്പോൾ മതിലിൽ പിന്ന് കൊടുത്തതാ. അപ്പോൾ മുകളിൽ എന്തെങ്കിലും വെയ്ക്കാമെന്നായി. അങ്ങനെ ഒരു പൈപ്പ് ഓടിച്ചു, മതിൽ മറിഞ്ഞുവീഴില്ല. അതുപോലെ താഴെയും അതേ സപ്പോർട്ട് മതിലിനു കിട്ടി.
ഇതൊരു അക്വാപോണിക്സ് യൂണിറ്റാണ്. ഇവിടെ കൂർക്കയായിരുന്നു കൃഷി, അല്ലേ ?
അതെ. കൂർക്കയും തക്കാളിയും ഉണ്ടായിരുന്നു. ഇത് 750 ലിറ്ററിന്റെ ടാങ്കാണ്. ഇത് വളരെ ഒതുങ്ങി ഇരിക്കുന്നതുകൊണ്ട് അതിനു മുകളിൽത്തന്നെ ബെഡ് വെച്ചു. തീരെ സ്ഥലമില്ലാത്തവർക്ക് ചെയ്യാവുന്ന ഒരു മോഡലാണിത്. ബെഡ് മൾട്ടിപർപ്പസാണ്.
750 ലിറ്ററെന്നു പറയുമ്പോൾ പമ്പും എല്ലാംകൂടി ആയിരം കിലോ ഭാരം വരുമോ ? ടെറസിന്റെ മുകളിൽ വെക്കുന്നവർക്കു വേണ്ടിയാണ്..
അതുവരും. ടെറസിൽ വെയ്ക്കാം. ഇതൊരു ചെറിയ ബാൽക്കണി ഉളളൂവെങ്കിൽ പോലും വെയ്ക്കാം.
ട്രേയിൽ മുളകോ പുതിനയോ പച്ചക്കറിയോ - ഒരു വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങളതിൽ വെക്കാം.
ബിജുവും കുടുംബവും കൂടിയാണിതൊക്കെ ചെയ്യുന്നത്. നമ്മൾ നടക്കില്ലെന്ന് പറയുന്ന മുഴുവൻ കാര്യങ്ങളും- വെളളക്കെട്ടുളള സ്ഥലമാണ്. എന്നിട്ടുപോലും ഇവിടെ സർവ്വവിധ പച്ചക്കറികളും നട്ടുണ്ടാക്കിയിട്ടുണ്ട്. ഈ 20 സെന്റിൽ എനിക്കു തോന്നുന്നത് ചുരുങ്ങിയത് 200 ഇനമെങ്കിലും കാണും. ഇതിൽ അദ്ദേഹത്തിന്റെ സാങ്കേതിക ഉപദേശം വേണമെങ്കിൽ നേരിട്ടു വിളിക്കാം. എന്തു കാര്യവും എവിടെയും ചെയ്യാം എന്നുളളത് തെളിയിച്ച ഒരു മനുഷ്യനാണ്. അദ്ദേഹത്തെ ഗുരുവായി സ്വീകരിക്കാം. ഞാൻ സ്വീകരിച്ചു കഴിഞ്ഞു.