ഞാന്‍ മിയാവാക്കി മാതൃകയിലേക്കു വരുന്നത് നാലഞ്ചു വര്‍ഷം മുമ്പാണ്. ആദ്യത്തെ മിയാവാക്കി തോട്ടം വെക്കുന്നത് 2018 ജനുവരിയിലാണ്. അതിനു കുറച്ചു നാള്‍ മുമ്പാണ് ഇതിനെക്കുറിച്ച് പഠിക്കുന്നത്. അന്ന് കുറച്ച് കാട് വെച്ചുപിടിപ്പിക്കുക, ഇല്ലാതായിപ്പോകുന്ന മരങ്ങള്‍ വെച്ചു പിടിപ്പിക്കുക എന്നതിലപ്പുറം ആഗ്രഹങ്ങളൊന്നും ഇല്ലായിരുന്നു.
എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഈ പറമ്പില്‍ കുറച്ച് കൃഷിയൊക്കെ നോക്കുമ്പോള്‍ സാധാരണ ഒരു കര്‍ഷകന് ഉണ്ടാവുന്നത്രയും വിളവ് എനിക്കിവിടുന്ന് കിട്ടുന്നുണ്ട്. അത് ശരിക്കും പറഞ്ഞാലൊരു തോട്ടം കൃഷി പോലെ ചെയ്‌തിട്ടല്ല കിട്ടുന്നത്. അപ്പോള്‍ ഒരു പത്തു സെന്റ് സ്ഥലമുളളയാള്‍ക്ക് കുറച്ചു ഭാവന കൂടി ഉപയോഗിച്ചാല്‍ മിയാവാക്കി മാതൃകയില്‍ വീട്ടിലേക്കു വേണ്ട മുഴുവന്‍ സാധനങ്ങളും ഗുണമേന്മയോടെ കിട്ടാനുളള സാധ്യതയുണ്ട്. അതെങ്ങനെയാണെന്ന് ഞാനൊന്നു വിശദീകരിക്കാം.
മൂന്നാര്‍ ഉടുമ്പന്‍ചോലയിലെ എബ്രഹാം വര്‍ക്കി എന്നൊരു കര്‍ഷകനെ പരിചയപ്പെട്ടതാണ് എനിക്കിങ്ങനെയൊരു ചിന്ത വരാന്‍ കാരണം. അദ്ദേഹമൊരു ബി.എസ്‌സി അഗ്രികള്‍ച്ചര്‍ ബിരുദധാരിയാണ്. സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് ഫാമിങ്ങ് - നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുളള കൃഷി പിന്തുടരുന്ന ആളാണ്. അതിനോടൊപ്പം തന്നെ ക്രിസ്റ്റീന്‍ ജോണ്‍സ് എന്നൊരു ആസ്‌ത്രേലിയന്‍ ശാസ്‌ത്രജ്ഞയുണ്ട്- മണ്ണിന് വളമുണ്ടാകണമെങ്കില്‍ കള വേണമെന്നു പറഞ്ഞ ഒരാളാണ്. ക്രിസ്റ്റീന്‍ ജോണ്‍സിനെ കുറിച്ച് ഞാനാദ്യമായി കേള്‍ക്കുന്നത് അബ്രഹാം വര്‍ക്കി സാറിനോടു സംസാരിച്ചപ്പോഴാണ്. അദ്ദേഹത്തെ കുറിച്ചൊരു വീഡിയോ ചെയ്യാനാഗ്രഹിക്കുന്നു, അദ്ദേഹത്തിന്റെ സമ്മതം കിട്ടിയാലുടനെ ചെയ്യുന്നതാണ്.
ഏറ്റവും കൂടുതല്‍ വിഷം തളിക്കുന്നൊരു കൃഷിയാണ് ഏലം. ആ ഏലകൃഷി ജൈവ കീടനാശിനി പോലും ഉപയോഗിക്കാതെ നൂറുശതമാനം ജൈവമായി ചെയ്യുന്ന ഒരാളാണ്. ജൈവ കീടനാശിനി എന്ന പ്രയോഗം തെറ്റാണെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, കാരണം കീടത്തെ കൊല്ലുന്നത് ജൈവമല്ലല്ലോ. അപ്പോള്‍ അങ്ങനുളള ഒരു സാധനവും ഉപയോഗിക്കാതെ പരിപൂര്‍ണമായിട്ടും ഓര്‍ഗാനിക് ആയ ഏലം ഉത്‌പാദിപ്പിക്കുന്ന ആളാണ് ശ്രീ. എബ്രഹാം വര്‍ക്കി.
എന്തുകൊണ്ടിതു സാധിക്കുന്നു എന്നു നോക്കിയപ്പോള്‍ രണ്ടുതരത്തിലാണ് അദ്ദേഹത്തിന്റെ കൃഷിരീതികള്‍. ഒന്ന്, വളരെ കുറച്ച് അദ്ധ്വാനം മാത്രമേ ആവശ്യമുളളൂ. കാരണം പറമ്പിനെ പറമ്പായിട്ടു തന്നെ ഇടുകയാണ്. കാട് വളര്‍ന്നു വരികയാണ്. ഏലച്ചെടികളുടെ ചുവട്ടിലുളള കാട് മാത്രമാണ് മാറ്റിയിട്ടുളളത്. ബാക്കിയുളളതൊക്കെ അവിടെ നില്‍ക്കുകയാണ്. മഴ വരുമ്പോള്‍ കാട് വളരും, വേനല്‍ വരുമ്പോള്‍ അത് മണ്ണില്‍ ചേരും. ഇങ്ങനെ മണ്ണില്‍ ചേരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണതിന്റെ കെമിസ്‌ട്രി എന്നു മനസിലാക്കിയാലേ നമുക്കത് ചെയ്യാനാവുകയുളളൂ.
എന്തുകൊണ്ട് നിങ്ങളോടിതു പറയാന്‍ കാരണമെന്നു വെച്ചാല്‍, ഇവിടെ ഉണ്ടാകുന്ന വിളകളുടെ ഏകദേശരൂപം നിങ്ങള്‍ക്കൊന്നു കാണിച്ചുതരാം. ഇതൊരു പപ്പായ ആണ്. ഓര്‍ഗാനിക് ആയി ഉണ്ടായതാണ്, ഒരു വളവും ഇട്ടിട്ടില്ല. പപ്പായ മരങ്ങള്‍ കാടിനകത്ത് പലയിടത്തും നില്‍പ്പുണ്ട്. കാടിന്റെ പുറത്തേക്കുളള അതിരിലൊക്കെയാണിത് വെച്ചിരിക്കുന്നത്. പക്ഷെ നല്ലരീതിയില്‍ ഫലം കിട്ടുന്നുണ്ട്. ഇത് ഇപ്പോള്‍ ഇവിടെ നിന്നും പറിച്ച മഞ്ഞളാണ്. ഈ കാടിന്റെ ഇടയ്‌ക്ക് നമ്മള്‍ വെറുതേ മണ്ണില്‍ വെച്ചിരുന്ന മഞ്ഞളാണ്. അതിനു തൊട്ടപ്പുറത്ത് ഇരിക്കുന്നത് ആത്തപ്പഴമാണ്. മരത്തില്‍ പറിച്ചതാണ്. ഇവിടെയുളള വിളകളുടെ മൊത്തത്തിലുളള ലിസ്റ്റ് എടുത്തു കഴിഞ്ഞാല്‍ ഏകദേശം പത്തോ ഇരുപതോ ഇനം കാണും. അതില്‍ പ്രധാനപ്പെട്ടത് വാഴ തന്നെയാണ്. വാഴ സാധാരണ പോലെ കുഴിയെടുത്ത് വിത്തുപിരിച്ചു വെച്ച് - അങ്ങനൊന്നും ചെയ്യാറില്ല.
എനിക്കു തോന്നുന്നത് കൃഷിത്തോട്ടമെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസില്‍ വരുന്നത് ചെരുപ്പുകടയോ റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍ വില്‍ക്കുന്ന കടയോ പോലെഎന്നാണ്. പല തട്ടുകളായി സാധനം തിരിച്ച് ഓരോ അറയില്‍ ഇന്നതു വെക്കും. കൃഷി ചെയ്യുമ്പോഴും നമ്മള്‍ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. മണ്ണു വൃത്തിയാക്കുന്നു, എല്ലാ കാടും പറിച്ചു കളയുന്നു. ഓരോ ചെടിയുടെയും ചുവട്ടില്‍ ആവശ്യമായ വളം ഇടുന്നു. തൈകളെ പ്രത്യേകം പ്രത്യേകം കുഴിച്ചുവെക്കുന്നു, ഇങ്ങനെയൊക്കെയാണ് നമ്മള്‍ ചെയ്യുന്നത്. പക്ഷെ, ഈ കാടന്‍കൃഷിയില്‍ ഇതൊന്നും ഇല്ലാതെ ന്നെ വിളവുണ്ടാകുന്നുണ്ട്.
ഇവിടെ നമ്മള്‍ ചെയ്യുന്നതു എന്താണെന്നു വച്ചാല്‍ വാഴ വെക്കുന്നു, വാഴയുടെ വിത്ത് വരുമ്പോള്‍ വിത്തും അവിടെത്തന്നെ നിന്നു വളരുന്നു, അതില്‍ കുല വരുന്നു, അപ്പോള്‍ വെട്ടിയെടുക്കുന്നു, അങ്ങനെ ഒരുവശത്തുകൂടെ പോകുന്നു. ഏത്തവാഴ ഒക്കെയാണെങ്കില്‍ വലിയ കുഴി വേണ്ടിവരും, അല്ലെങ്കില്‍ അതെല്ലാം കൂടി മറിഞ്ഞുവീഴും. ചെറിയ വാഴകളൊക്കെ വളരെ നന്നായിട്ട് കുലയ്‌ക്കുന്നു. ഇതിന് അദ്ധ്വാനം വേണ്ടിവരുന്നില്ല എന്നുളളതാണ് പ്രത്യേകത. ഇവിടെ ഉണ്ടാകുന്ന സാധനങ്ങളില്‍ ആത്തപ്പഴം കാണിച്ചു, മഞ്ഞള്‍ കാണിച്ചു. ഇഞ്ചി, കറിവേപ്പില ഉണ്ടാവുന്നുണ്ട്. ചേനയും ചേമ്പും മരത്തിനടിയില്‍ തന്നെ ഉണ്ടാവുന്നുണ്ട്. അതിനു വെയില്‍ വേണ്ട. അതുപോലെ കുറ്റിക്കുരുമുളക് ബക്കറ്റിലാക്കി തണലുളള സ്ഥലങ്ങളിലാണ് വെച്ചിരിക്കുന്നത്. ഇഷ്ടം പോലെ കായ്‌ക്കുന്നുണ്ട്. മുളക് തൈ ഇത്തിരി വളര്‍ത്തിയ ശേഷമാണ് വെക്കുന്നത്. കാന്താരി, ഉണ്ടമുളക്, പച്ചമുളക് എല്ലാമിവിടെ വളരുന്നുണ്ട്. കൈതച്ചക്ക വളരുന്നുണ്ട്. വെളളത്തിന്റെ പ്രശ്‌നമുളളതുകൊണ്ട് ബക്കറ്റില്‍ വെച്ചിട്ടുണ്ട്. പിന്നെ അതിരിലും വെച്ചിട്ടുണ്ട്.
എല്ലാ മരങ്ങളിലും പാഷന്‍ ഫ്രൂട്ട് കേറിക്കിടപ്പുണ്ട്. പകുതി വവ്വാല്‍ കൊണ്ടുപോകും, ബാക്കി നമുക്ക് കിട്ടും. പനിക്കൂര്‍ക്ക. ഇതൊരു വിഭവമാണെന്ന് എല്ലാവര്‍ക്കുമറിയില്ല. കേരളത്തിനു പുറത്ത് പനിക്കൂര്‍ക്ക ചോറിനകത്തിട്ട് പാകം ചെയ്‌തെടുക്കാറുണ്ട്. അതല്ലാതെ പക്കാവടയായി ഉണ്ടാക്കാറുണ്ട്, ചമ്മന്തി അരയ്‌ക്കുന്നതില്‍ എടുക്കാറുണ്ട്. ഇതുപോലെ തന്നെയാണ് തുളസി, കാട്ടുതുളസി തുടങ്ങിയവയുടെ ഇല. തായ് കറികളില്‍ ബേസില്‍ ചേര്‍ക്കാറുണ്ട്. ഇഞ്ചിപ്പുല്ലും ചേര്‍ക്കാറുണ്ട്. ഇത് രണ്ടും നമുക്കിവിടെ ധാരാളമായി ഉണ്ടാകുന്ന സാധനങ്ങളാണ്.
അതുപോലെ മറ്റൊരു സാധനം സ്‌റ്റാര്‍ ഫ്രൂട്ടാണ്. പുളിയുളളതും മധുരമുളളതുമുണ്ട്. പുളിയുളളത് അച്ചാറിനും മറ്റും ഉപയോഗിക്കാം. മധുരമുളളത് കഴിക്കാം. പിന്നെ പുളിഞ്ചിക്ക. അച്ചാറിടാന്‍ ഏറ്റവും നല്ലതാണ്. അമിത രക്തസമ്മര്‍ദ്ദം കുറക്കുമെന്നാണ് പറയുന്നത്. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. പുളിഞ്ചിക്ക ഇഷ്ടം പോലെ ഉണ്ടാകുന്നുണ്ട്. മരത്തിന്റെ അടിയില്‍ത്തന്നെ പുളിഞ്ചിക്ക വളരുന്നുണ്ട്. പിന്നൊന്ന് മുരിങ്ങയാണ്. മുരിങ്ങ ഇപ്പോള്‍ വലിയ തോട്ടങ്ങള്‍ തന്നെ ഉണ്ടാക്കുന്നുണ്ട്. വെറുതേ കമ്പ് നാട്ടിക്കൊടുത്താല്‍ മതി. വേലിപോലെ എവിടെയും ഉണ്ടാവുന്ന ഒരു സാധനമാണ്. പിന്നൊന്ന് പ്ലാവാണ്. പ്ലാവൊക്കെ വെക്കുമ്പോള്‍ അതിനൊരുപാട് വെയില്‍ വേണം, അതെല്ലാ സ്ഥലവും മൂടും എന്നൊക്കെ പറയും. ദാ ഇവിടൊരു കുട്ടിപ്ലാവ് കാടിന്റെ അരികില്‍ കായ്‌ച്ചു നില്‍ക്കുകയാണ്. അതിന്റെ മൂന്നു വശവും കാടാണ്. ഒരുവശത്തുകൂടി മാത്രമാണതിനു വെയില്‍ കിട്ടുന്നത്. അതുപോലെത്തന്നെ നാരകം. നന്നായിട്ട് കായ്‌്‌ക്കുന്ന സാധനമാണ്. വെറ്റില. നിങ്ങളുടെ ആവശ്യത്തിനുളള വെറ്റില മരത്തില്‍ കേറ്റിവിട്ടാല്‍ നന്നായിട്ട് ഉണ്ടാകും.
അതുപോലെ തിപ്പലിയും മരത്തില്‍ പടര്‍ത്തി ഉണ്ടാക്കാവുന്നതാണ്. തിപ്പലി മരുന്നാണ്. കസ്‌തൂരി മഞ്ഞള്‍, കൂവ ഒക്കെ കൃഷി ചെയ്യാവുന്നതാണ്. മധുരമുളള ഒരു കൂവയുണ്ട്. അത് പുഴുങ്ങിത്തിന്നാവുന്നതാണ്. അതും മണ്ണില്‍ ഉണ്ടാകുന്ന സാധനമാണ്. ഡ്രാഗണ്‍ ഫ്രൂട്ട്. ചട്ടിയില്‍ വെച്ചിരിക്കുകയാണ്. അതുപോലെ പുതിന അഥവാ മിന്റ്. മാര്‍ക്കറ്റില്‍ ചെന്ന് വിഷം തളിച്ചു വളര്‍ത്തുന്ന മിന്റായിരിക്കും വാങ്ങിക്കുന്നത്. ഒരു പാടുമില്ലാതെ നിങ്ങളുടെ പറമ്പില്‍ ഉണ്ടാക്കാവുന്ന സാധനമാണിത്. പേരയും ചാമ്പയും നിലക്കടല ചെടിയും എല്ലാ പറമ്പിലും ഉണ്ടാകുന്ന സാധനങ്ങളാണ്. ഇതെല്ലാം ഇവിടുണ്ട്. വേറൊരു സംഗതി ഇവിടെ കറിവേപ്പില വളരുന്നതാണ്. എവിടെയോ നില്‍ക്കുന്ന കറിവേപ്പില്‍ നിന്നും കായ്‌കള്‍ പക്ഷികള്‍ കഴിച്ച് ആ പക്ഷിയുടെ വയറ്റിലൂടെ വരുന്ന വിത്തിന്റെ പ്രതിരോധശേഷി വളരെ കൂടുതലാണ്. അതേതു മണ്ണിലും കിളിര്‍ക്കും. ഈ മരത്തിനടിയില്‍ അത് വളര്‍ന്നു നില്‍ക്കുന്നു. അതിന്റെ മണം പോലും വ്യത്യസ്‌തമാണ്. ഒട്ടും രാസവളമില്ല. കറിവേപ്പില തോട്ടങ്ങളില്‍ വന്‍തോതില്‍ കെമിക്കലുകള്‍ തെളിക്കുന്നു. ഇവിടെ യാതൊന്നുമില്ലാതെ വളര്‍ന്നു വരുന്നു.
ഇത് പറയാന്‍ കാര്യം ഇതൊന്നും നമ്മള്‍ വലിയ അദ്ധ്വാനമെടുത്ത് നട്ടുവളര്‍ത്തിയതല്ല. കുഴിച്ചുവെച്ചതിനു ശേഷം പിന്നെ നമ്മളൊന്നും ചെയ്‌തിട്ടില്ല. ഇത് തന്നത്താനേ വളരുകയാണ്. അതെന്താണ് ഇങ്ങനെ വളരാനുളള കാരണം എന്നു ചോദിച്ചു കഴിഞ്ഞാല്‍ ഈ മണ്ണിന്റെ ഫലഭൂയിഷ്ടത വളരെയധികം വ്യത്യാസപ്പെട്ടിരിക്കുകയാണ്. എങ്ങനെയാണ് മണ്ണില്‍ വളമുണ്ടാകുന്നത്. രണ്ടുതരത്തിലാണ്. ഒന്ന് മണ്ണില്‍ കാര്‍ബണിന്റെ അംശം ചേരാം. രണ്ടാമത്തേത് മണ്ണിലുളള മൈക്രോബുകള്‍, മണ്ണിര, പ്രാണികള്‍ ഇതൊക്കെ അവിടെത്തന്നെ ഉണ്ടാവണം. ഒരു വിട്ടിലിന്റെ വിസര്‍ജ്യത്തില്‍ പോലും ചില മൈക്രോബുകള്‍ കണ്ടേക്കാം. അത് മണ്ണിന് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിച്ചേക്കാം. അതുകൊണ്ടാണ് നമ്മള്‍ പ്രാദേശികമായി കാണുന്ന സസ്യങ്ങള്‍ വേണമെന്നു പറയുന്നത്. ആ സസ്യങ്ങളില്‍ പ്രാദേശികമായിട്ടുളള പ്രാണികള്‍ വരികയും ജീവിക്കുകയും ചെയ്യും. ഇതെല്ലാംകൂടിച്ചേര്‍ന്ന് മണ്ണിനെ ഫലപുഷ്ടിയുളളതാക്കും.
ഇവിടത്തെ മണ്ണിന്റെ നിറം കാണിക്കാം. ചരലായി കിടന്നിരുന്നൊരു സ്ഥലമാണ്. ഇപ്പോഴും ഇവിടെ ചരലായി കിടക്കുന്ന സ്ഥലങ്ങളുണ്ട്. അതും കാണിക്കാം. ആ ചരലായി കിടന്നിരുന്ന മണ്ണില്‍ മണ്ണിരയും തണ്ടുമൊക്കെ ചേര്‍ന്നുകഴിഞ്ഞപ്പോള്‍ അതുണ്ടാക്കിയിരിക്കുന്ന വലിയ വളര്‍ച്ചയുണ്ട്. അതു നമ്മള്‍ കണ്ട് മനസിലാക്കോണ്ടതാണ്. ഇത് ഏതു പറമ്പിലും സാധിക്കും. അവിടെ നമുക്കാവശ്യമുളള ചെടികള്‍ നട്ടുവെച്ച് മണ്ണിനെ ശല്യപ്പെടുത്താതെ വളര്‍ത്തിയെടുക്കാന്‍ കഴിയും.
എബ്രഹാം വര്‍ക്കി സാര്‍ പറഞ്ഞ കാര്യം, ഇങ്ങനെ ചെയ്യുന്ന സമയത്ത് - അത് ക്രിസ്റ്റീന്‍ ജോണ്‍സിന്റെ നിലപാടാണ് - ചെടികള്‍ക്കാവശ്യമായത്ര വെളിച്ചം കിട്ടുന്നില്ലെങ്കില്‍ അതിന്റെ കുറച്ചു ചില്ലകള്‍ മുറിച്ച് മണ്ണില്‍ ചേര്‍ക്കുക. ചെടികള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോഴാണവ കാര്‍ബണ്‍ സ്വീകരിക്കുന്നത്. വളര്‍ച്ച നിന്നുകഴിഞ്ഞാല്‍ പിന്നെ അത് അകത്തേക്കെടുക്കുന്ന കാര്‍ബണും പുറത്തേക്കു വിടുന്ന കാര്‍ബണും ഏകദേശം എല്ലാം ഒരുപോലെയാണ്. അപ്പോള്‍ കമ്പുകള്‍ ഇടയ്‌ക്കൊന്നു വെട്ടിക്കൊടുക്കുകയാണെങ്കില്‍ പുതിയ ചില്ലകള്‍ വരും, അത് വീണ്ടും കാര്‍ബണ്‍ ശേഖരിക്കും. വെട്ടിയ ചില്ലകള്‍ കത്തിക്കരുത്, അവ മണ്ണിലിടുക, അതഴുകിച്ചേരും. അങ്ങനെ അഴുകിച്ചേരുമ്പോള്‍ മണ്ണിന്റെ വളക്കൂറ് നന്നായിട്ട് കൂടും. അങ്ങനെയുളള മണ്ണില്‍ ഈ സാധനങ്ങളെല്ലാ നന്നായി ഉണ്ടാകും.
കൂടുതല്‍ ആലോചിക്കാനില്ല. പത്തു സെന്റ് നിങ്ങള്‍ക്കു സ്വന്തമായിട്ടുണ്ടെങ്കില്‍ ആ പത്തുസെന്റില്‍ നിങ്ങള്‍ക്കു വേണ്ട എല്ലാം സാധനങ്ങളും ഉണ്ടാക്കാം. ഒരഞ്ചു സെന്റ് സ്ഥലമാണെങ്കില്‍ വീടൊന്നു ഒതുക്കി വെക്കുകയാണെങ്കില്‍ നിങ്ങള്‍ക്കാവശ്യമുളള കുറേ സാധനങ്ങള്‍ അവിടെ ഉണ്ടാക്കാം. നമുക്കൊന്നും അധികം സാധനങ്ങളുടെ ആവശ്യമില്ല. ഇപ്പോള്‍ മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നതു തന്നെ വളരെ കുറഞ്ഞു. എന്റെയൊക്കെ ചെറുപ്പത്തില്‍ എന്റെ അപ്പൂപ്പനൊക്കെ ഉളള സമയത്ത്, അവരൊക്കെ കൃഷിക്കാരായിരുന്നു. ഒരുമൂട് കപ്പ പറിച്ചാല്‍ പത്തോ പതിനഞ്ചോ കിലോ മരച്ചീനിയാണതില്‍ നിന്നും കിട്ടുക. അതൊരുതവണ പുഴുങ്ങിയാല്‍ത്തന്നെ വീട്ടുകാരെല്ലാരും കൂടി കഴിച്ചുതീരും. ഇപ്പോള്‍ അങ്ങനെയാരും ഭക്ഷണം കഴിക്കാറില്ല. ഒരു കിലോ മരച്ചീനി പോലും ഒരുനേരം കഴിക്കാന്‍ ഒരു വീട്ടിലുളള എല്ലാവര്‍ക്കും കൂടി പറ്റില്ല. ഭക്ഷണത്തിന്റെ അളവ് വളരെ കുറഞ്ഞിരിക്കുന്നു.
അപ്പോള്‍ നമുക്ക് വേണ്ട ഗുണനിലവാരമുളള ഭക്ഷണം നമുക്ക് ഉണ്ടാക്കിയെടുക്കുക എന്നുളളത് ഒട്ടും ബുദ്ധിമുട്ടുളള ജോലിയല്ല. നിങ്ങളിതിന്റെ പുറകേ കീടത്തെ പിടിക്കാനോ ഒന്നും പോകേണ്ട കാര്യമില്ല. മണ്ണില്‍ വളം ചേരുന്നുണ്ടെങ്കില്‍ നിങ്ങളവിടെ ചെടി നടുക. കീടങ്ങള്‍ തന്നത്താനെ നിയന്ത്രിക്കപ്പെട്ടോളും. നിങ്ങള്‍ക്കാവശ്യമുളള സാധനങ്ങള്‍ കിട്ടും. ഇത് ബോധ്യമാവുന്നില്ലെങ്കില്‍ ഇവിടെ വന്നാലിതു കാണാം. മിയാവാക്കി വനത്തിലെത്തി കണ്ടു ബോധ്യപ്പെടാം. എന്തായാലും പുതിയ കൃഷിരീതി എന്നുളള തരത്തില്‍ നിങ്ങളിതിനെ പറ്റി ആലോചിക്കണം. അതാണ് നമ്മുടെയെല്ലാം ഭാവിക്ക് നല്ലത്.