കഴിഞ്ഞ ആഴ്ച ഞാനൊരു വീഡിയോ ഇട്ടിരുന്നു. കേരളത്തിൽ എല്ലാ വീടുകളിലും ഓരോ പഴത്തോട്ടം ഉണ്ടാക്കാൻ നിങ്ങളേവരും ശ്രദ്ധിക്കണം, ആ വീഡിയോ കഴിയുന്നത്ര ആളുകളുമായി പങ്കുവയ്ക്കണം എന്നതായിരുന്നു ഉളളടക്കം. ഒരുപാട് പേര് ആ വീഡിയോ പങ്കുവച്ചു, നല്ല റെസ്പോൺസ് അതിനു കിട്ടി, നിങ്ങളോട് എല്ലാവരോടും അതിന് നന്ദി. അതോടൊപ്പംതന്നെ ആളുകൾ പല സംശയങ്ങളും ഉന്നയിച്ചു. ആ സംശയങ്ങൾക്ക് മറുപടി പറയാനുള്ള ബാധ്യത കൂടിയുണ്ട്.
സംശയങ്ങൾക്കു മറുപടി പറയുമ്പോൾ ഞാനൊരു സസ്യശാസ്ത്രജ്ഞനല്ല. ശാസ്ത്രീയ വശത്തെക്കുറിച്ച് എനിക്കധികം പറയാനാവില്ല. കേട്ട കാര്യങ്ങൾ ചെയ്തുനോക്കുകയും, അതിൽ എനിക്ക് ഒരു ഫലമുണ്ടാകുമ്പോൾ നിങ്ങളോട് പറയാനും ചെയ്യാനാണ് ശ്രമിക്കുന്നത്. ഞാനിരിക്കുന്ന ഈ സ്ഥലം ഇതിന്റെ നാലുവശവും മിയാവാക്കി കാടുകളാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുവശത്തായി. ഇവിടെ പാറപ്പുറത്ത് ഒരെണ്ണം വയ്ക്കുന്നുണ്ട്. വച്ചുകഴിഞ്ഞതു കാണിക്കാം.
ഇങ്ങനെ ചുറ്റോടുചുറ്റും മരം വയ്ക്കുമ്പോൾ ഞങ്ങളീ മാതൃകയാണ് സ്വീകരിക്കുന്നത്. അതായത് ഒരു സ്ക്വയർമീറ്ററിൽ നാലു ചെടികളാണ് ഇവിടെയെല്ലാം നടുന്നത്. നട്ട ചെടികളെല്ലാം ഒരുമിച്ച് വളരുന്നുമുണ്ട്. ഇതിൽ കായ് ഉണ്ടാകുമോ എന്നുചോദിച്ചാൽ കുറച്ചുണ്ടാകും. ഇവിടെ അത്തിമരം രണ്ടുവർഷത്തിനിടെ പൂത്തു, ബാക്കിയൊക്കെ കായ്ക്കാറാകുന്നതേ ഉള്ളൂ. അത്തിമരത്തിൽ കായ് ഉണ്ടായി. അത്തിമരം എന്നു പറഞ്ഞാൽ ആൽമരത്തിൽപ്പെട്ട അത്തി, ഇസ്രായേൽ അത്തി അല്ല. കായ് ഉണ്ടാകുമ്പോൾ ഇതിന്റെ ഒരുവശത്ത് വേലി കെട്ടുന്നതുകൊണ്ട് ചെടി നന്നായിട്ട് വളരുന്നുണ്ട്.
ഇതിന് ചെറിയ പ്രൂണിംഗ് പലപ്പോഴും നടത്താറുണ്ട്. വെയിൽ കിട്ടാതെ ചില ചെടികൾ താഴേക്കു പോകുമ്പോൾ മറ്റേതിന്റെ ചില്ലകൾ വെട്ടി വെയിൽ കൊടുക്കാറുണ്ട്. എന്നു മാത്രമല്ല ഇതിന്റെ വശങ്ങളിൽ നിൽക്കുന്ന ചെടികൾക്ക് വെയിൽ കിട്ടാറുണ്ട്. പിന്നെ ഇത് survival of the fittest ആണ്, നമ്മൾ വയ്ക്കുന്ന ചെടികളിൽ രക്ഷപെടാൻ അർഹതയുള്ളത് അതിജീവിക്കും, അല്ലാത്തത് നശിച്ചു പോകും അങ്ങനെ ഇത് പറ്റുകയുള്ളൂ.
എന്തിനാണ് ഇത്രയും ചെടി ഈ സ്ഥലത്ത് കൊണ്ടുവയ്ക്കുന്നത് എന്നു ചോദിച്ചാൽ രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് മിയാവാക്കി മാതൃകയിൽ ഇത്രയും അധികം ചെടികൾ വച്ചെങ്കിൽ മാത്രമേ മിയാവാക്കി വനം സൃഷ്ടിക്കാൻ പറ്റുകയുള്ളൂ. അതായത് വളരെ കുറഞ്ഞകാലം കൊണ്ടുവളരുന്ന ഒരു വനം സൃഷ്ടിക്കാനാകൂ. ഒരു വനത്തിന്റെ മാതൃക സൃഷ്ടിക്കാം അതിന് 100 വർഷമോ 150 വർഷമോ എടുക്കും. നമുക്കത് കാണാൻപോലും പറ്റുകയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ നടുന്ന മരം ഒരു വനമായി കാണുക എന്നതാണ് എനിക്ക് ഇതിൽ നിന്നുള്ള പ്രയോജനം. അതുകൊണ്ടുതന്നെ നാലോ അഞ്ചോ വർഷം കൊണ്ട് ഒരു വനമുണ്ടാക്കാം എന്നുള്ളതാണ് എനിക്ക് ഇതിൽ നിന്നുള്ള സന്തോഷം.
നിങ്ങളുടെ വീടിനോട് ചേർന്ന് കുറഞ്ഞകാലം കൊണ്ട് ഒരു വനം സൃഷ്ടിക്കുകയെന്നത് താത്പര്യമുളള കാര്യമാണെങ്കിൽ ഇത് ചെയ്യുകയാണ് നല്ലത്. രണ്ടാമത്തെ കാര്യം കുറഞ്ഞ സ്ഥലത്തും വനംവയ്ക്കാൻ വേറൊരു മാർഗം ഇല്ല. നമ്മളൊരു തോട്ടം ഉണ്ടാക്കുകയാണെങ്കിൽ പോലും ഒരേക്കറിൽ 60 മരമോ 70 മരമോ ആണ് പലരും വയ്ക്കുന്നത്. ഇവിടെ നമ്മൾ ഒരേക്കറിൽ 16000 മരമാണ് വയ്ക്കുന്നത്. ഒരു സെന്റിൽ 160 മരമാണ് വയ്ക്കുന്നത്. ഇത്രയും മരങ്ങൾ ഒരുമിച്ച് വച്ചെങ്കിൽ മാത്രമേ ഇതൊരു വനമായിട്ട് വളരുകയുള്ളൂ. എന്നു വച്ചാൽ ഇതിൽ കുറെ പോകും, ഒരു അമ്പതു വർഷം കഴിയുമ്പോൾ ഇതിന്റെ 40 ശതമാനമൊക്കെയേ കാണുകയുള്ളു. പക്ഷേ ഈ നാൽപത് ശതമാനം 50 വർഷം കൊണ്ട് ഇത്രയുമധികം വളരണമെങ്കിൽ 160 മരം ഒരുമിച്ച് വച്ചേ പറ്റൂ.
എന്നാൽ വളരുന്ന മരം മാത്രം വച്ചാൽ പോരേ എന്നുചോദിച്ചാൽ മരം ഒരുമിച്ച് ചിലപ്പോൾ വളരില്ല, അതിന്റെ കാരണം ഈ മരങ്ങൾ ചേർത്തു വയ്ക്കുമ്പോൾ സൂര്യപ്രകാശം കിട്ടാനുള്ള ബുദ്ധിമുട്ടു കൊണ്ടാണ് ചെടികൾ പെട്ടെന്ന് മേലാട്ടു പോകുന്നത്. ചെടികളെ നമ്മൾ ആവശ്യമില്ലാതെ മേലോട്ടുവിടുന്നതാണ് എന്നൊക്കെ പറയുന്നവരുണ്ട്. ശരിയായിരിക്കാം, അവരുടെയൊന്നും വികാരങ്ങളെ വ്രണപ്പെടുത്താൻ ഞാനുദ്ദേശിക്കുന്നില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അഞ്ചു വർഷം കൊണ്ടൊരു വനം ഉണ്ടാക്കാൻ അല്ലെങ്കിൽ പത്തുവര്ഷം കൊണ്ടൊരു വനം ഉണ്ടാക്കാൻ ഇതല്ലാതെ വേറെ മാർഗം എന്റെ അറിവിലില്ല. അതുപോലെതന്നെ കുറഞ്ഞസ്ഥലത്ത് വനം ഉണ്ടാക്കാൻ വേറൊരു മാർഗം എന്റെ അറിവിലില്ല.
അതുകൊണ്ട് മിയാവാക്കി മാതൃകയിൽ മരങ്ങളെ ഒരുമിച്ച് വയ്ക്കുക എന്നതുതന്നെ ഞാനും ചെയ്യുന്നു. അതുചെയ്താലേ നിങ്ങൾക്കും ഈ പറയുന്ന പ്രയോജനം കിട്ടുകയുള്ളൂ. രണ്ടാമത്തെ കാര്യം മരത്തിൽ വെയിലടിച്ചാലേ പഴം കിട്ടുകയുള്ളൂ എന്നുള്ളതാണ്, ശരിയാണ് ഒരു പഴത്തോട്ടത്തിൽ ഉണ്ടാകുന്ന അത്രയും പഴങ്ങളൊന്നും ഈ പഴത്തോട്ടത്തിൽ നിന്നു കിട്ടില്ല. അവിടെ ഒരു മരത്തെ പ്രത്യേകമായി നിർത്തി ശുശ്രൂഷിച്ച്, അതിന്റെ ചില്ലകൾ സമയത്ത് വെട്ടി ഒക്കെയാണല്ലോ പരിചരിക്കുന്നത്. ഒരു റോസച്ചെടി നമ്മൾ ശുശ്രൂഷിക്കുമ്പോഴാണ് അതിൽ പൂവുണ്ടാകുന്നത്. അല്ലാതെ കാടായിട്ടതു വളർന്നാൽ അതിന്റെയറ്റത്ത് അതിനു സമയമാകുമ്പോൾ രണ്ടോ മൂന്നോ പൂവുണ്ടാകും. നമ്മളിതിനെ വെട്ടി പ്രൂൺ ചെയ്ത്, വളം ചേർത്ത് നിർത്തുമ്പോഴാണത് തോട്ടത്തിലെ പൂവായി മാറുന്നത്.
മിയാവാക്കി അങ്ങനെ ഇടയ്ക്കിടെ വളം ചേർത്ത് നിർത്തുന്നൊരു തോട്ടമല്ല, ഒരു വനമാണ്, മരക്കൂട്ടമാണ്. അതിൽ ഉണ്ടാകുന്ന പഴങ്ങളിൽ പകുതിയും പക്ഷികൾ കൊണ്ടു പോകുകയാണ് ചെയ്യുന്നത്. വലിയൊരു ഏരിയ ആണെങ്കിൽ ചിലപ്പോൾ നമുക്കതിനകത്തേയ്ക്ക് കയറാൻ പോലും പറ്റില്ല. പക്ഷെ ഇതിന്റെ ചുറ്റുമായി നിൽക്കുന്ന വെയിൽ നന്നായി കിട്ടുന്ന മരങ്ങളിൽ പഴങ്ങളുണ്ടാകുമ്പോൾ അതിൽ കുറെയൊക്കെ നമുക്കു കിട്ടുകയും ചെയ്യും. അങ്ങനെ നമുക്കും പ്രകൃതിയ്ക്കും വേണ്ടി, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും വേണ്ടി എന്നമട്ടിൽ ഇതിനെ കാണുകയാണെങ്കിൽ വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല.
ഞാനിരിക്കുന്നതിന്റെ പുറകിൽ ചെറിയ ഒരു മിയാവാക്കി വനമാണ്. അതിന്റെ വീതി 1 മീറ്ററാണ്. നീളം 40 അടി ആണ്. ഏകദേശം 120 സ്ക്വയർഫീറ്റ് ആണ് വിസ്തീർണ്ണം. അതിനകത്ത് വച്ചിരിക്കുന്നത് ഇത്രയുമധികം മരങ്ങളാണ്. രണ്ടു മാസത്തെ വളർച്ചയാണ് നിങ്ങളീ കാണുന്നത്. ഇത്രേം സ്ഥലത്ത് ഇത്രേം മരങ്ങൾ വച്ചാൽ വളരുമോ, ഒരു വീട്ടിലേയ്ക്ക് കുറെയാളുകളെ പോലെയല്ലേ എന്നുള്ള ചോദ്യത്തിന് പ്രായോഗികവശം നമ്മൾ കാണിക്കുന്നുണ്ട്, വളരുന്നുണ്ട്, അതുപോലെ അപ്പുറം നില്ക്കുന്നത് മൂന്നു വർഷം മുമ്പ് വച്ച മിയാവാക്കി കാടാണ്. അഞ്ഞൂറ് മരങ്ങളോളം വച്ചു. അതിൽ 350 എണ്ണം ഇപ്പോഴുമവിടെയുണ്ട്. വെയിലുകിട്ടാത്തതു ചിലതു വളരുന്നില്ല. ഇടയ്ക്കു ചില്ല വെട്ടി കൊടുക്കുമ്പോൾ അത് മേലോട്ടു വളരും. ചിലത് തന്നത്താനെ വെയിലുള്ള സ്ഥലത്തേയ്ക്ക് വളഞ്ഞുപിടിച്ചു വളരും.
ഈ മരം കണ്ടോ ഇതു പുന്നയാണ്. പുന്നയ്ക്ക് ശരിക്കും വെയിലു വേണം. ഇതിന്റെ തല വെളിയിൽ വന്നിട്ട് വെയിലുള്ള ഭാഗം നോക്കിവളരുകയാണ്. അതു പോലെ ഈ കാടിനകത്തേയ്ക്ക് നോക്കുക, ഇത്രയും ഇടതിങ്ങി നിൽക്കുകയാണ്. ഇത് മൂന്നുവർഷം കൊണ്ടുണ്ടായ വളർച്ചയാണ്. ഇത്രയുമധികം വളർച്ച ഈ മരത്തിന് കിട്ടി. ഇത് പാല, ഇതിന് മുള പൊട്ടുന്നുണ്ട്, താന്നി അത്രയും പൊങ്ങിക്കഴിഞ്ഞു. അത്തിമരം മുകളിലെത്തി, കായും ഉണ്ടായി. അതിപ്പുറം നിൽക്കുന്നത് മലബാറി ആണ്, കടമ്പാണ് ഏറ്റവും കൂടുതൽ വളർന്നു നിൽക്കുന്നത്. എല്ലൂറ്റിപ്പച്ചയൊന്നും ഇത്രയും വളർന്ന് വേറെയെങ്ങും ഞാന് കണ്ടിട്ടില്ല. എല്ലൂറ്റിപ്പച്ചയെ ചെറിയ ചെടിയായിട്ടാണ് കണ്ടിട്ടുള്ളത്. ഇത് എരുമനാക്കാണ്, ഇത് സ്കാവിയോൾ ആണ്, വെളിച്ചം വേണ്ടൊരു ചെടിയാണ്. തല വെളിയിലോട്ട് വളർന്നു നിൽക്കുകയാണ്. ഇത്രയുമേ വളർന്നിട്ടുള്ളൂ. വെയിലു വേണ്ട സാധനങ്ങൾ വെയിലു തപ്പുകയും കിട്ടുമ്പോൾ അത് വളരുകയും ചെയ്യുന്നുണ്ട്. കിട്ടിയില്ലെങ്കിൽ അവിടെത്തന്നെ കുടുങ്ങിനിൽക്കുകയാണ്.
ഇതിനകത്തേയ്ക്ക് നോക്കിക്കഴിഞ്ഞാൽ മറുവശം കാണാൻ കഴിയാത്ത തരത്തിൽ, 400ൽ കൂടുതൽ മരങ്ങളുള്ള മൂന്നു സെന്റ് സ്ഥലമാണ്. ഇതൊരു കാടായി മാറിയില്ലേ ? ഇത്തരത്തിൽ നമുക്ക് കാടുണ്ടാക്കാൻ പറ്റും. കായ് ഉണ്ടാകുമോ എന്നുള്ളതാണ് പിന്നെയുള്ള ചോദ്യം, ഇവിടെ നോക്കുക, ഇതൊരു സ്റ്റാർ ഫ്രൂട്ടാണ്. ഇത്രയും ഇടതൂർന്ന് നിൽക്കുന്നതിൽ വെയിലില്ലാഞ്ഞിട്ടും കായ് ഉണ്ടാകുന്നുണ്ട്, അപ്പോൾ ചില പഴങ്ങൾക്ക് വെയിലു വേണമെന്നില്ല, അങ്ങനെ ഉണ്ടാകും. അല്ലെങ്കിൽ ഇവിടെയുള്ള വെയിലു കൊണ്ട് ഉണ്ടാകുന്നതായിരിക്കും, വെയിലുള്ള സ്ഥലത്തും പൂവുണ്ടാകുന്നുണ്ട്. ഇവിടെ പൂവിട്ടു കൊണ്ടിരിക്കുന്നു. ഇവിടെ കായ് കുലകുലയായിട്ട് തൂങ്ങി കിടക്കുകയാണ്. അപ്പോൾ കായുണ്ടാകലൊക്കെ സംഭവിക്കും, നിങ്ങൾക്ക് കിട്ടുമോ ഇല്ലയോ എന്നുള്ളതൊക്കെ വഴിയേ അറിയേണ്ട വിഷയങ്ങളാണ്.
ഇതിന്റെ മുകളിൽ കയറിക്കഴിഞ്ഞാൽ നമുക്കൊരു ദൃശ്യം കിട്ടും. ദാ ഇവിടെനിന്ന് താഴോട്ട് നോക്കുക, ഈ മരങ്ങൾ എങ്ങനെ ഇടതൂർന്ന് വളരുന്നു എന്നതിന്റെ ഒരു ലൈവ് ഡെമോൺസ്ട്രേഷനാണ്. മരങ്ങളെങ്ങനെ ഇടതൂർന്ന് വളരുമെന്ന് നിങ്ങളെ കാണിച്ചുതരാനാണിത്. കാരണം മരങ്ങളങ്ങനെ ഇടതൂർന്ന് വളരും എന്നു നമുക്കറിയില്ല. ഈ ഒരു രീതി സ്വീകരിച്ച് കൃഷി തുടങ്ങിയപ്പോഴാണ് ഞാനിത് കാണുന്നത്. അതുകൊണ്ട് നിങ്ങളുടെ സംശയം മാറ്റാനായിട്ട് എന്റെ കൈയ്യിലുള്ള വിഷ്വൽസ് കാണിക്കുകയാണ്. ഇവിടെ മൂന്നുവർഷം മുൻപ് നട്ട ചെടികൾ ഇടതൂർന്ന് വളർന്നതിന്റെ ദൃശ്യങ്ങളും ആ ചെടികളുടെ വളർച്ചയും കാണാം. ഇതിന്റെയൊക്കെ പലതിന്റെയും തല വെട്ടിക്കളഞ്ഞതാണ് എന്നിട്ടും മൂന്നുവർഷം കൊണ്ട് 25 അടിയൊക്കെ വളർന്നിട്ടുണ്ട്. സാധാരണ ഒരിക്കലും ചെടികൾ ഇത്രയും വളരില്ല.
ഇവിടെ പത്തടി വീതി കഷ്ടിച്ചേ ഉള്ളൂ കാടിന്. അതാണ് ഇതിനകം കാണാൻ പറ്റുന്നത്. അതികത്ത് ഇത്രയും മരങ്ങൾ വളർന്ന് നിൽപ്പുണ്ട്. ഈയൊരു വളർച്ച സംഭവിക്കും എന്നു കാണിക്കാൻ വേണ്ടി നമ്മളൊരുദാഹരണം കാണിച്ചതാണ്. ഇത്രയും ഇടതൂർന്നു മരങ്ങൾ വച്ചാലും വളരും. ഒരു ഉദാഹരണം കൂടി, ഇവിടൊരു അശോകം നിൽക്കുന്നതു കണ്ടോ, അതിനപ്പുറം നിൽക്കുന്ന ആലിനോ, അപ്പകുടുക്കയ്ക്കോ, എല്ലൂറ്റിപച്ചയ്ക്കോ കിട്ടുന്ന വളർച്ച അശോകത്തിന് കിട്ടുന്നില്ല. അശോകം ചിലപ്പോൾ വെയില് വേണ്ട മരം ആയിരിക്കും. അതിനോട് ചേർന്നൊരു പ്ലാവുമുണ്ട്. പക്ഷെ വളരെ ദുർബലമായിട്ടാണെങ്കിലും അവർ മുകളിലോട്ട് പോകാൻ ശ്രമിക്കുന്നുണ്ട്. മുകളിലെത്തിപ്പെടാൻ പറ്റിയാൽ അത് രക്ഷപ്പെട്ടു. ഇല്ലെങ്കിലത് നശിച്ചുപോകും. രക്ഷപ്പെടുന്ന എല്ലാ ചെടികളും കൂടിച്ചേർന്ന് നമുക്കൊരു കാടുണ്ടായി കിട്ടും.
ഇതിന്റെ ഒരു ലൈവ് ഡെമോൺസ്ട്രേഷൻ നിങ്ങളെ കാണിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നേരിട്ട് വന്ന് കാണേണ്ടവർക്ക് വന്നുകാണാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ നട്ട വനങ്ങൾ എല്ലാം വളരുന്നുണ്ട്. അതിനാണ് ഇത് മുഴുവൻ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യുന്നത്. ഇത് നമുക്ക് പരിചയമില്ലാത്ത ഒരു മേഖലയാണ്. ആളുകളുടെ സംശയം വളരെ സ്വാഭാവികമാണ്. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കൃഷിരീതിയാണ്. അതിന് ആവശ്യമായ തെളിവെന്ന നിലയ്ക്കാണ് ഞങ്ങൾ ഈ മോഡലുകൾ കാണിക്കുന്നത്.
അടുത്ത കാര്യം ഇതിന്റെ നടീൽ മിശ്രിതത്തെക്കുറിച്ച് ചിലർ ചോദിച്ചിരുന്നു. വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന്. വേപ്പിൻ പിണ്ണാക്കോ ജീവികളെ നശിപ്പിക്കുന്ന തരത്തിലുള്ള യാതൊന്നും നമ്മളിതിൽ ചേർക്കാറില്ല. ജൈവകീടനാശിനി എന്നു പറയുന്നതുപോലും ശരിയായ പ്രയോഗം അല്ല. കീടങ്ങളെ നശിപ്പിക്കുമ്പോൾ അതിനെ ജൈവം എന്നുപറയാൻ പറ്റില്ല. പ്രകൃതിയ്ക്ക് അതിന്റെയൊരു ബാലൻസ് ഉണ്ട്. പുഴു ഉണ്ടെങ്കിൽ പുഴു അതിനോടൊപ്പം തന്നെ മറ്റുജീവികളുമായി ഇടകലർന്ന് അങ്ങ് വളർന്നോളും. അതിന്റെ ജീവിതചക്രം ചെറുതാണ് അത് കഴിയുമ്പോഴത് പൊയ്ക്കോളും എന്നു നമ്മൾ വിചാരിക്കുന്നതാണ് നല്ലത്. അല്ലാതെ വേപ്പിൻ പിണ്ണാക്ക് ചേർത്തുകഴിഞ്ഞാൽ മണ്ണിൽ നമുക്ക് പ്രയോജനമുള്ള മണ്ണിരയടക്കം കുറെ സൂക്ഷ്മജീവികളെ അത് ദോഷകരമായി ബാധിച്ചേക്കാം.
ഇവിടെ ഒരു കരിയില വീണുകിടക്കുന്നത് അട്ട തിന്നുന്നത് ഞങ്ങൾ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ചെറിയൊരു കഷണം കരിയിലയാണ്. അത് തിന്നുതീർക്കുകയാണ് അട്ട. അട്ട കരിയില തിന്നുമെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞാനത് അപ്പോഴാണ് ആദ്യമായി കാണുന്നത്. ജീവികളൊക്കെ മണ്ണിൽ നടന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട്. അട്ട ചത്തു മണ്ണിൽ ചേരുകയാണ്. മണ്ണിനു വളമുണ്ടാവുന്നതിന് പ്രകൃതിയ്ക്ക് പ്രകൃതിയുടേതായ മാർഗമുണ്ട്. നമ്മളത് തടസ്സപ്പെടുത്താതിരിക്കുക.
നമ്മളിവിടെ കൃഷിക്കാരൻ എന്ന രീതിയിലല്ല ഒരു പഴത്തോട്ടം വയ്ക്കുന്നത്. വീടിനോട് ചേർന്ന് ഒരു പഴത്തോട്ടം വയ്ക്കുമ്പോൾ പലതരത്തിലാണ് അതിന്റെ പ്രയോജനം. കുറച്ച് പഴം കിട്ടുന്നു, പക്ഷികൾക്ക് ഇരിക്കാൻ സ്ഥലമുണ്ടാകുന്നു, വീടിനടുത്തുള്ള ചൂട് കുറയുന്നു. 55 ഡിഗ്രിയിലേയ്ക്ക് പോകുന്ന താപനില, അതായത് ഈ കോൺക്രീറ്റ് ഇട്ട നിലത്ത് 55 ഡിഗ്രി ചെല്ലുന്നത് നമ്മളിത് ചെയ്യുമ്പോൾ മുപ്പതോ മുപ്പത്തിരണ്ടോ ഡിഗ്രിയിൽ നിൽക്കുന്നു. അതുപോലെതന്നെ മണ്ണിൽ വീഴുന്ന വെള്ളം മുഴുവൻ മണ്ണിനടിയിലേയ്ക്ക് ഒഴുക്കുന്നു. ഭൂഗർഭജലം സംഭരിക്കുന്നു. ഇങ്ങനെയുള്ള പല പ്രയോജനങ്ങളും ഉള്ളതു കൊണ്ടാണ് ഒരു കാട് വയ്ക്കണമെന്ന് പറയുന്നത്.
പിന്നൊരു ചോദ്യം പുഴുശല്യത്തെക്കുറിച്ചാണ്, എന്നോടൊരു സ്നേഹിതൻ കഴിഞ്ഞയാഴ്ച വിളിച്ചിട്ട് പറഞ്ഞത് നട്ട പച്ചക്കറി മുഴുവൻ പുഴുതിന്നു പോയി. വീട്ടിൽ കള്ളൻ കയറി സ്വർണ്ണം എടുത്തു കൊണ്ടുപോയി എന്നുപറയുന്ന അതേ വിഷമത്തിലും, ദുഖത്തിലുമാണ് അദ്ദേഹം അത് പറഞ്ഞ ത്. ഒരു പുഴു ഒരു കാന്താരിമുളക്, അല്ലെങ്കിൽ ഒരു ചീനി തിന്നു കൊണ്ടുപോയാൽ വേറെ ഒരു ചീനി വയ്ക്കുക. മിയാവാക്കി മാതൃകയിൽ ഒരിക്കലും രണ്ടു ചീനി അടുപ്പിച്ചു വയ്ക്കില്ല, അകത്തിയേ വയ്ക്കൂ, കാരണം ഇതിൽ വരുന്ന പുഴു അടുത്തതിൽ വേഗം ചാടിപ്പിടിക്കാതിരിക്കാനായിട്ട്. പുഴുക്കളില്ലെങ്കിൽ ചിത്രശലഭമില്ല, എല്ലാ പുഴുക്കളും ചിത്രശലഭങ്ങളല്ല, പക്ഷെ ചിത്രശലഭങ്ങളുണ്ടാകുന്നത് ചില പുഴുക്കളിൽ നിന്നാണ്.
പുഴുക്കളെ നമ്മള് അംഗീകരിക്കുക. അതുമവിടെ ഉണ്ടായിക്കോട്ടെ. കുറച്ചുസമയം കഴിയുമ്പോൾ ചിത്രശലഭമായി പൊയ്ക്കൊള്ളും. പുഴു കുറെ തിന്നു കഴിയുമ്പോൾ അല്ലെങ്കിൽ തീറ്റി കിട്ടാതെ ആകുമ്പോൾ ചത്തുപോകും എന്ന് വിചാരിച്ച് സമാധാനപ്പെടുക. ഒരു ചെടിയിലുള്ള നാലു വെണ്ടയ്ക്ക പോയാൽ അത്യാവശ്യമാണേൽ കടയിൽ പോയി നാലു വെണ്ടയ്ക്ക വാങ്ങിക്കുക. നിങ്ങളുടെ കുറച്ച് അധ്വാനം വെറുതെയായി എന്നു വിഷമിക്കും. അത് വെറുതെയായി എന്നു വിചാരിക്കുന്നതിന് പകരം അത് ചിത്രശലഭമായി എന്നു വിചാരിച്ചാൽ മതി. അപ്പോൾ ആ വിഷമം മാറും. അതിനെ അങ്ങനെ മാത്രമേ പറയാനൊക്കുകയുള്ളൂ.
പിന്നെ ഒന്നുള്ളത് ഒരു ചതുരശ്രമീറ്ററിൽ എത്ര ചെടി വയ്ക്കണമെന്നുള്ളതാണ്. ചില വീഡിയോയിൽ ഞങ്ങൾ മൂന്ന് എന്ന് പറഞ്ഞിട്ടുണ്ട്, ചിലതിൽ നാല് എന്നും. പ്രൊഫസർ മിയാവാക്കി ആദ്യം വച്ചത് 2 മരങ്ങൾ ആണ്, പിന്നെയാണ് അദ്ദേഹം മൂന്ന് എന്ന ഫോർമുലയിൽ എത്തിയത്. ഞങ്ങൾ കേരളത്തിൽ ആദ്യം തൊട്ട് തന്നെ 4 എന്ന് ഫോർമുലയിൽ ആണ് നോക്കുന്നത്, കാരണം നാലെണ്ണം ഒരുമിച്ച് നിൽക്കുമ്പോൾ തന്നെ ഞങ്ങൾക്ക് നല്ല വളർച്ച കിട്ടി. ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയതും കേരളത്തിലാണ്. അത് കേരളത്തിലെ മഴയും കാലാവസ്ഥയും കൊണ്ടാണ്. നാലു ചെടി വയ്ക്കുമ്പോഴാണ് നമുക്ക് നല്ല റിസൽട്ട് കിട്ടിയിട്ടുള്ളത്. ഇടയ്ക്ക് ഞാൻ ഒരു മീറ്ററിൽ ഒന്നെന്ന രീതിയിൽ വച്ചു നോക്കി. അപ്പോഴതിന്റെ വളർച്ച വളരെ താഴോട്ടു പോയി. അങ്ങനെ വച്ച സ്ഥലങ്ങളിലൊക്കെ ചെടി കഷ്ടിച്ച് 1 മീറ്ററൊക്കെ ആയി നിൽക്കുകയാണ്. അവിടെ ചെടി ഇനി വളർന്നു പൊങ്ങണമെങ്കിൽ വളരെ അധികം സമയം വേണ്ടി വരും. പക്ഷെ ഒരുമിച്ച് വച്ച സ്ഥലങ്ങളിലെല്ലാം ഇത് ഇരച്ച് മേലോട്ടു വരുന്ന ഒരു അവസ്ഥയുണ്ട്.
ഇതിൽ നമ്മൾ ഒരു സ്ക്വയർമീറ്ററിൽ നാലു മരങ്ങളല്ല വയ്ക്കേണ്ടത്. പലപ്പോഴും സംസാരത്തിൽ പല ഡീറ്റെയ്ൽസും വിട്ടു പോകാറുണ്ട്, അതുകൊണ്ടാണ് ഇത് വീണ്ടും വിശദീകരിക്കുന്നത്, ഒരു വലിയ മരം, ഒരു ചെറിയ മരം, രണ്ട് കുറ്റിച്ചെടികൾ ഇങ്ങനെയാണ് നമ്മൾ വയ്ക്കേണ്ടത്. ഒരു സെന്റിൽ 160 മരം വയ്ക്കുന്നു എന്നു പറയുമ്പോൾ 160 മരമല്ല അതിൽ വയ്ക്കേണ്ടത് 40 മരം, നാൽപത് ചെറുമരം, ഒരു 80 കുറ്റിച്ചെടികൾ. കുറ്റിച്ചെടികൾ നമ്മുടെ നന്ത്യാർവട്ടം, ചെമ്പരത്തി, പഴമുണ്ടാകുന്ന ചെറിയൊക്കെ പോലുള്ളവ കുറ്റിച്ചെടിയായി കൂട്ടാം. ചെറിയ മരങ്ങളിൽ പേര, ചാമ്പ, അങ്ങനെയൊക്കെയുള്ളവ വയ്ക്കാം. വലിയ മരങ്ങൾ നമുക്കറിയാവുന്ന മരോട്ടി, താന്നി, മാവ്, പ്ലാവ്, ഇതെല്ലാം വലിയ മരങ്ങളായിട്ട് കൂട്ടാം. ഈ സാധനങ്ങളെല്ലാം ഇടകലർത്തി വയ്ക്കുമ്പോൾ 1 സ്ക്വയർമീറ്ററിന് ഒത്ത നടുക്ക് 1 മരം വയ്ക്കുക. ആ മരത്തിനു ചുറ്റും ആ കോളത്തിന്റെ ഉള്ളിലായിട്ട് മൂന്നു ചെടികൾ വയ്ക്കുക. മൂന്നിൽ ഒന്ന് 1 ചെറുമരമാകാം, രണ്ട് കുറ്റിച്ചെടികളും ആകാം.
ഇവിടെ പുറകിൽ നോക്കിയാൽ വഴുതനയൊക്കെ നിൽക്കുന്നതു കാണാം. ഇവിടെ നമ്മള് ചെയ്തത്, കുറ്റിച്ചെടികളില് ഒരെണ്ണം പച്ചക്കറിയാക്കി എന്നാണ്. അത് നിങ്ങൾക്കും ചെയ്യാവുന്നതാണ്. നേരത്തെ കഴിഞ്ഞ വീഡിയോയിൽ പഴത്തോട്ടം കാണിച്ച സ്ഥലത്ത് ഞങ്ങളത് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അത് ചെയ്തുകഴിഞ്ഞാൽ ആ വീഡിയോ കാണിക്കാം. അഞ്ചടി വരെയൊക്കെ ഈ കുറ്റിച്ചെടികൾ വളരും. നല്ല വളം കിട്ടിക്കഴിഞ്ഞാൽ ആറടി വരെയൊക്കെ വളരും. ഈ നിൽക്കുന്നതിന് രണ്ടരയടി പൊക്കമുണ്ട്. നമുക്കതിൽ നിന്ന് കായ് കിട്ടിക്കൊണ്ടിരിക്കും. മരങ്ങൾ ആ ലെവലിൽ പിന്നെ മുകളിലോട്ട് പോകുമ്പോഴേ പിന്നെ അത് കായ്ക്കാതെ ആകുകയുള്ളൂ. അപ്പോ അത്രയും നാൾ നമുക്കതിൽ നിന്ന് പച്ചക്കറി എടുക്കാൻ പറ്റും. ഈ പറയുന്ന മരങ്ങൾക്കു നല്ല വളർച്ചയും കിട്ടും.
ഇവിടെ ഇപ്പോൾ വഴുതന വച്ചിട്ടുണ്ട്. വെണ്ട വച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇതുപോലെ ഒരുപാട് സാധനങ്ങൾ ഇതിനിടയ്ക്ക് വയ്ക്കാമെന്ന് തോന്നുന്നു. കുറ്റിയായി വളരുന്നതൊക്കെ ഇതുപോലുള്ള സ്ഥലത്ത് വയ്ക്കാം, കുറ്റി അമര, ചീനിഅമര, കുറ്റിപ്പയർ, വഴുതന, കത്തിരി, തക്കാളി അതുപൊലെയുള്ളതൊക്കെ ഇതിനിടയിൽ കൊടുക്കാവുന്നതാണ്. ചോളമൊക്കെ നന്നായിട്ട് മേലോട്ട് വളരും. ആ ഒരു മാതൃക ഇതിന്റെ കൂട്ടത്തിൽ സ്വീകരിക്കാവുന്നതാണ്. ഇത് വളർന്നുവെന്നു കാണിക്കാനാണ് ഞാനിതിന്റെ തന്നെ മുന്നിലിരിക്കുന്നത്. നമ്മളീ പറയുന്ന വളർച്ച ഇതിന് കിട്ടും എന്ന് കാണിക്കാൻ.
എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്നൊരു ചോദ്യമുണ്ട്. ഭൂമി ഉണ്ടായിട്ട് 450 കോടി വർഷം, ചെടി ഉണ്ടായിട്ട് 52 കോടി വർഷം എന്നൊക്കെയാണ് കണക്ക്. ഈ 52 കോടി വർഷം കൊണ്ടുണ്ടായ ചെടികളും മരങ്ങളും കഴിഞ്ഞ 200 വർഷത്തിൽ നമ്മളതിന്റെ പകുതിയിലധികം നശിപ്പിച്ചു കഴിഞ്ഞു. ഭൂമിയിലുണ്ടായ ചെടികളിൽ പകുതിയിലധികം നശിച്ചുകഴിഞ്ഞു. വനമില്ലാതായി. അതിന്റെ ഭൂരിഭാഗവും നശിപ്പിച്ചത് കഴിഞ്ഞ 200 വർഷത്തിനുളളിലാണ്. മരങ്ങളെ കൂടുതലായി ഉപേയാഗിക്കാൻ തുടങ്ങിയത് അപ്പോഴാണ്. ഇപ്പോൾ തന്നെ കാലിഫോർണിയയിൽ ഒന്നരലക്ഷം ഏക്കർ കാട് കത്തിനശിച്ചു. മൂന്നാറിൽ കഴിഞ്ഞവർഷം 50 ഏക്കർ കാട് കത്തിനശിച്ചു. ഇത് കത്തിനശിക്കുന്നതല്ല. പലരും പല ആവശ്യത്തിനും കത്തിക്കുന്നുണ്ട്, അശ്രദ്ധ കൊണ്ടുകത്തുന്നുണ്ട് പലതരത്തിൽ പോകുന്നുണ്ട്.
നമുക്കൊരിക്കലും ഈ കാടൊന്നും ഉണ്ടാക്കാനൊക്കുകയില്ല. അതൊക്കെ നൂറ്റാണ്ടുകളിൽ ഉരുത്തിരിഞ്ഞുണ്ടായതാണ്. ഒരു മാതൃകയ്ക്കും അതിന് ബദലാകാൻ പറ്റില്ല. നമുക്ക് പറ്റുന്നത് മിയാവാക്കി പോലുള്ള ചെറിയ മാതൃകകളാണ് അത് കുറഞ്ഞസ്ഥലത്ത് വയ്ക്കാവുന്ന ഒരു മാർഗമാണ്. അതെങ്കിലും നമ്മുടെ ജീവിതകാലത്തിൽ ചെയ്യാൻ പറ്റുമോ എന്നുനോക്കാം. ഒരു ലക്ഷം പേര് 1 സെന്റ് വച്ചാൽ പോലും അത് ആയിരം ഏക്കറേ ആകുന്നുള്ളൂ. ഈ ആയിരം ഏക്കറിന്റെ എത്രയോ മടങ്ങാണ് ഒരോ മാസവും ലോകത്തിന്റെ പലഭാഗത്തും കത്തിപ്പോകുന്നത്.
നമുക്കു ഭൂമിയിൽ ജീവിക്കണമെങ്കിൽ പച്ചില വേണം, ചെടി വേണം, ഈ സൗകര്യങ്ങളൊക്കെ വേണം അതിന് നമ്മുടെ ഒരു സംഭാവന എന്നുള്ള രീതിയിൽ നമുക്ക് വയ്ക്കാവുന്നത് വയ്ക്കുക. വേറൊരുതരത്തിൽ പറഞ്ഞാൽ ഞാന് തിരുവനന്തപുരത്ത് വന്നിട്ട് 35 വർഷമായി. ഞാനിവിടെ വരുന്ന കാലത്ത് യൂണിവേഴ്സിറ്റി കോളേജിലെ മഹാഗണി വൃക്ഷങ്ങൾ വെട്ടിമാറ്റാൻ പോകുന്നു, റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായിട്ട്. അതിനെ കുറിച്ച് വളരെ വികാരപരമായിട്ട് ആളുകൾ പ്രതികരിക്കുന്നുണ്ട്. ആളുകൾക്ക് വൈകാരികമായി ഒരു ബന്ധമുണ്ടാകുന്നതിന് തെറ്റുപറയാൻ പറ്റില്ല. ആ മരത്തിന്റെ ചുവട്ടിലിരുന്ന് പഠിച്ചവർ കാണും, ഭക്ഷണം കഴിച്ചവർ കാണും, സംസാരിച്ച് കൊണ്ടിരുന്നവർ കാണും, അങ്ങനെ പല തരത്തിലുള്ള വൈകാരിക ബന്ധമാണാ മരത്തിനോട്. പക്ഷെ ഈ മരങ്ങളൊക്കെ വെട്ടേണ്ടി വന്നു. ആ വൈകാരിക പ്രതികരണത്തിനൊപ്പം അഞ്ചുമീറ്റർ മാറ്റി ഒരു പത്ത് മഹാഗണി മരം നട്ടിരുന്നുവെങ്കിൽ ഇത്രയും വർഷംകൊണ്ട് അത്യാവശ്യത്തിന് തണലും ഇതിനെ റീപ്ലേയ്സ് ചെയ്യാനുള്ള ഒരു ലെവലും ഒക്കെയായി ആ മരങ്ങൾ വളരുമായിരുന്നു. ആ രീതിയിലുള്ള ഒരു പുനർവിചിന്തനമായി മാത്രമേ ഞങ്ങളീ മിയാവാക്കി മരങ്ങളെ കാണുന്നുള്ളൂ.
കേരളത്തിലെ വനങ്ങൾക്ക് പകരം, ലോകത്തിലെ വനങ്ങൾക്ക് പകരവും മിയാവാക്കി കൊണ്ട് നിറയ്ക്കാൻ പറ്റുകയില്ല. പക്ഷെ നമ്മുടെ നഗരങ്ങളിൽ ചെറിയ തോതിലെങ്കിലും വൃക്ഷങ്ങളെ തിരിച്ചുകൊണ്ടുവരാനും നഷ്ടപ്പെട്ട വൃക്ഷങ്ങളെ സംരക്ഷിക്കുവാനും, ജൈവവൈവിധ്യം നിലനിർത്താനും, പ്രകൃതിയിലെ കാർബൺ ഫുട്ട്പ്രിന്റ് പരിഹരിക്കാനുമൊക്കെ ഇപ്പോൾ നമുക്ക് അറിയാവുന്ന ഏറ്റവും നല്ല മാർഗം മിയാവാക്കി ആണ്. ഇതിനേക്കാൾ നല്ലൊരു മാർഗം നാളെ വന്നാൽ തീർച്ചയായിട്ടും നമ്മളത് സ്വീകരിക്കണം. ഉണ്ടെന്നു പറഞ്ഞാൽ ഞാനതാദ്യം സ്വീകരിക്കാൻ റെഡിയാണ്. എനിക്കറിയാവുന്ന പല മാതൃകകൾ, കണ്ട മാതൃകകൾ, പരീക്ഷിച്ച പല മാതൃകകൾ, ഇതിൽ എനിക്ക് ഏറ്റവും വിജയപ്രദമായി തോന്നിയത് മിയാവാക്കിയാണ് അതു കൊണ്ട് കേരളത്തിൽ നമുക്ക് മിയാവാക്കി വച്ചുപിടിപ്പിക്കാൻ ശ്രമിക്കാം എന്നേ പറയാനുള്ളു.