ഗവേഷകനായ വിദ്യാര്‍ത്ഥിയിലേക്കുളള ഡോ. മിയാവാക്കിയുടെ മാറ്റം അത്ര എളുപ്പമായിരുന്നില്ല. ഡോ. യോഷിയോ പ്രവചിച്ച പോലെ കളകളുടെ ലോകത്തെ കുറിച്ചോ അവയുടെ പ്രാധാന്യത്തെ കുറിച്ചോ ജപ്പാന്‍ അക്കാലത്ത്‌ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ മിയാവാക്കിയുടെ പഠനം തീര്‍ത്തും ശ്രദ്ധിക്കപ്പെടാതെ പോയതുമില്ല. ജര്‍മ്മനിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വെജിറ്റേഷന്‍ മാപ്പിങ്ങിന്റെ ഡയറക്ടര്‍ ആയ ഡോ. റെയ്‌നോള്‍ഡ്‌ ടക്‌സന്‍ ഡോ. മിയാവാക്കിയെ തന്റെ വകുപ്പില്‍ ഉള്‍പ്പെടുത്തുകയും സസ്യജാലങ്ങളുടെ ഭൂപടം തയ്യാറാക്കുകയെന്ന വിശാലമായ ലോകത്തെ പരിചയപ്പെടുത്തുകയും ചെയ്‌തു. കളകളില്‍ നിന്ന്‌ മരങ്ങളിലേക്ക്‌ മിയാവാക്കിയുടെ താത്‌പര്യം മാറുന്നത്‌ അതിനുശേഷമാണ്‌. തുടക്കത്തില്‍, സമയമേറെ എടുക്കുന്ന വാതില്‍പ്പുറ പ്രവര്‍ത്തനങ്ങള്‍ കാരണം ഏറെ ഇഷ്ടപ്പെടുന്ന ലൈബ്രറി പുസ്‌തകങ്ങളുടെ വായനയ്‌ക്ക്‌ സമയം കിട്ടാതെയായി. തന്റെ താത്‌പര്യങ്ങളെ കുറിച്ചു ഡോ. മിയാവാക്കി മടിയോടെയെങ്കിലും തുറന്നു പറഞ്ഞു. എന്നാല്‍ അതിന്‌ പ്രഫസര്‍ നല്‍കിയ മറുപടി അദ്ദേഹത്തിന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിക്കുന്നതായിരുന്നു:

"ആളുകള്‍ സംസാരിക്കുന്നത്‌ കേള്‍ക്കാനോ പുസ്‌തകങ്ങള്‍ വായിക്കാനോ ഉളള സമയം നിനക്കായിട്ടില്ല. പ്രകൃതിയിലേക്കിറങ്ങുക, അവിടെ നൂറുകോടി വര്‍ഷങ്ങളുടെ പഴക്കമുളള ജീവനാണ്‌ സൂര്യനു കീഴെ യഥാര്‍ത്ഥ ജീവിതനാടകമാടുന്നത്‌. എത്ര കോടികള്‍ ഗവേഷണത്തിനായി ചെലവാക്കിയാലും ജര്‍മ്മന്‍ ഗവണ്‍മെന്റിന്‌ സ്വന്തമാക്കാന്‍ പറ്റാത്ത ഒന്നാണത്‌. നിന്റെ ശരീരം തന്നെ ഉപകരണമാക്കി അതിനെ മനസിലാക്കാന്‍ ശ്രമിക്കുക - കണ്ണുകള്‍ കൊണ്ട്‌ കണ്ടും കൈകള്‍ കൊണ്ട്‌ സ്‌പര്‍ശിച്ചും മണത്തും രുചിച്ചും അതിനെ അനുഭവിക്കുക!"

പ്രമുഖ സസ്യ സമൂഹ ശാസ്‌ത്രജ്ഞനായ റെയ്‌നോള്‍ഡ്‌ ടക്‌സനോടൊപ്പമുളള അനുഭവപാഠങ്ങളും ജര്‍മ്മനിയിലെ വാതില്‍പ്പുറ ഗവേഷണവും ഡോ. മിയാവാക്കിയെ അതിജീവിക്കുന്ന സ്വാഭാവിക സസ്യജാലത്തെ കുറിച്ചുളള ആശയം രൂപപ്പെടുത്താന്‍ സഹായിച്ചു. പരദേശി സസ്യങ്ങളെക്കാള്‍ തദ്ദേശീയ സസ്യഇനങ്ങളാണ്‌ അതിജീവന സാദ്ധ്യത കൂടുതലുളളത്‌ എന്നതായിരുന്നു അത്‌. ഇന്ന്‌ സസ്യങ്ങളുടെ ജീവലോകത്തെ കുറിച്ചും സ്വാഭാവിക വനങ്ങളെ കുറിച്ചുമുളള പഠനങ്ങളില്‍ ഡോ. മിയാവാക്കിയുടെ പേര്‌ അദ്വിതീയമാണ്‌.

next