ജപ്പാനില്‍ തിരിച്ചെത്തിയ ഡോ. മിയാവാക്കി തന്റെ നാട്ടില്‍ സസ്യജാലത്തിന്റെ ഭൂപടം തയ്യാറാക്കലും അതിജീവനശേഷിയുളള സ്വാഭാവികവനം വളര്‍ത്തുന്നതും കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളാണെന്ന്‌ മനസിലാക്കി. എങ്കിലും പിന്മാറാന്‍ തയ്യാറല്ലാതിരുന്ന അദ്ദേഹം ചെറുപ്പക്കാരായ ഗവേഷകരുടെ ഭാഗത്തു നിന്നു ലഭിക്കുന്ന എല്ലാ സഹായങ്ങളും ഉപയോഗിച്ച്‌ പത്തു വര്‍ഷത്തോളം ജപ്പാനിലെ സസ്യജാലങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തി. ക്രമേണ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മനസിലാക്കിയ ചെറുതും വലുതുമായ ധാരാളം കമ്പനികള്‍ അദ്ദേഹത്തിന്റെ സംഘത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കി. ദുര്‍ഘടമായ അക്കാലത്തെ കുറിച്ചോര്‍ത്ത്‌ ഡോ. മിയാവാക്കി പിന്നീട്‌ പറഞ്ഞതിങ്ങനെയാണ്‌:

"പകല്‍വേളകളില്‍ ഞങ്ങള്‍ കാടുകളിലും പുല്‍മേടുകളിലും അലഞ്ഞുനടന്ന്‌ ഓരോ വ്യത്യസ്‌തതരം സസ്യസമൂഹങ്ങളെയും പഠനവിധേയമാക്കി. നഗരങ്ങളില്‍ വളരുന്ന കളകളുടെ കൂട്ടം വരെ അതിലുള്‍പ്പെടും. രാത്രി ഞങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചു. ആ ഒരു ദശാബ്ദം എന്റെ ജീവിതത്തിലെ ഏറ്റവും ഫലവത്തായ കാലഘട്ടമായി ഞാന്‍ കരുതുന്നു. വാതില്‍പ്പുറ പഠനങ്ങളെ അടിസ്ഥാനമാക്കിയുളള ഗവേഷണത്തെ കുറിച്ചുളള എന്റെ നിലപാട്‌ രൂപപ്പെടുത്തുന്നതില്‍ ഇത്‌ പില്‍ക്കാലത്ത്‌ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്‌. ജപ്പാനിലെ സസ്യജാലത്തെ കുറിച്ച്‌ വളരെ വിശാലമായൊരു വിവരശേഖരം തന്നെ ഞങ്ങള്‍ സ്വരൂപിച്ചു. ഒരു രാജ്യത്തിന്റെ ഹരിതവിഭവത്തിന്റെ കണക്കെടുപ്പ്‌ എന്ന നിലയില്‍ ഈ വിവരശേഖരം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു."

ജപ്പാനിലെ സസ്യജാലം എന്ന പേരില്‍ പത്തു വാല്യങ്ങള്‍ വരുന്ന ബൃഹത്തായ പുസ്‌തകമായിരുന്നു ഗവേഷണഫലം. ആറായിരത്തിലധികം പേജുകള്‍ വരുന്ന പുസ്‌തകം ജപ്പാനിലെ സസ്യജാലങ്ങളെ കുറിച്ചുളള പഠനങ്ങളുടെ അവസാനവാക്കെന്നു വേണെമെങ്കില്‍ വിശേഷിപ്പിക്കാം. ലോകമെങ്ങും ഇത്തരത്തില്‍ നടക്കുന്ന പഠനങ്ങള്‍ക്ക്‌ ഒരു അടിസ്ഥാന റഫറന്‍സ്‌ ഗ്രന്ഥമായി ഉപയോഗിക്കുന്ന ഈ പുസ്‌തകം വ്യാപക പ്രശംസ നേടി.

next