ജപ്പാനില്‍ നടത്തിയ ബൃഹത്തായ സസ്യജാലങ്ങളുടെ പഠനത്തില്‍ നിന്ന് ഡോ. മിയാവാക്കി പഠിച്ചത് സ്വാഭാവിക സസ്യലോകത്തിന് വളര്‍ന്നു പെരുകാന്‍ സമയമേറെ എടുക്കുമെന്നതാണ്. അതിജീവനശേഷിയുളള സ്വാഭാവിക വനമാകട്ടെ വേഗം വളരുകയും ചെയ്യും. വര്‍ഷങ്ങളുടെ പരീക്ഷണങ്ങളില്‍ നിന്ന് അദ്ദേഹം എത്തിച്ചേര്‍ന്ന ഏറ്റവും അടിസ്ഥാന രീതിയാണ് പിന്നീട് മിയാവാക്കി മാതൃക എന്ന പേരില്‍ ഖ്യാതി നേടിയത്.
ഒരു സ്വാഭാവിക സസ്യസമൂഹത്തില്‍ സസ്യങ്ങള്‍ തമ്മില്‍ മത്സരിച്ചും തമ്മില്‍ സഹകരിച്ചുമാണ് വളരുന്നത്. നമ്മള്‍ ചെടികള്‍ നടുന്നത് വനത്തിലെ നിയമങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടുതന്നെയാണ്. അതിനായി ചട്ടികളില്‍ വളര്‍ത്തിയെടുത്ത തൈകള്‍ വിവിധ ഇനങ്ങള്‍ ഇടകലര്‍ത്തി വളരെ അടുപ്പിച്ച് നടുന്നു. ഒരു സ്വാഭാവിക വനത്തില്‍ ഒരു ചതുരശ്ര മീറ്ററില്‍ 30നും 50നും ഇടയിലാണ് തൈകള്‍ മുളച്ചുവരുന്നത്. ബോമിയോയിലെ ചില സ്ഥലങ്ങളില്‍ ഒരു ചതുരശ്ര മീറ്ററില്‍ അഞ്ഞൂറും ആയിരവും വരെ തൈകള്‍ മുളച്ചു വളരാറുണ്ട്. നമ്മള്‍ നടുന്നത് ഒരു ചതുരശ്ര മീറ്ററില്‍ മൂന്നു തൈകള്‍ എന്ന കണക്കിനാണ്. ഇത്തരത്തില്‍ അടുപ്പിച്ചു നട്ട ശേഷം പുതയിടുകയും തുടക്കത്തിലെ കുറച്ചു വര്‍ഷങ്ങള്‍ നനയ്‌ക്കുകയും വേണം. ഇല്ലെങ്കില്‍ അവ വളരില്ല.
സ്വാഭാവിക വനത്തില്‍ കരിയിലകളുടെ അടുക്കില്‍ നിന്ന് തൈകള്‍ മുളച്ചു വരുന്നതുപോലെ നമ്മള്‍ വനം സൃഷ്ടിക്കുമ്പോള്‍ നിലത്ത് വൈക്കോല്‍ കൊണ്ട് കനത്തില്‍ പുതയിടണം. ഒരു ചതുരശ്ര മീറ്ററിന് മൂന്നോ നാലോ കിലോ വൈക്കോല്‍ ആവശ്യമായിവരും. ഉറങ്ങുന്ന കുഞ്ഞിനെ കമ്പിളി പുതപ്പിക്കുന്നതുപോലെ ശ്രദ്ധയോടെ വേണം അവ നിരത്താന്‍. പുതയിടല്‍ വളരെ പ്രധാനമാണ്. മഴയില്ലെങ്കിലും നാല്‌പതോളം ദിവസം വരെ നനച്ചില്ലെങ്കിലും പ്രശ്‌നമില്ല. അതുപോലെ 150 മില്ലിമീറ്റര്‍ ശക്തമായ മഴ ഒറ്റ രാത്രി കൊണ്ടു പെയ്‌താലും മേല്‍മണ്ണ് ഒളിച്ചുപോകാതെ തടയുകയും ചെയ്യും. കള വളരാതെ തടയുന്ന വൈക്കോല്‍ ചീയുന്നതോടെ മണ്ണിനു വളമാകുകയും ചെയ്യും.