ജന്മസ്ഥലമായ ജപ്പാനില്‍ ഡോ. മിയാവാക്കിയുടെ ചെറുപ്പകാല ജീവിതത്തെ കുറിച്ചറിയുമ്പോഴാണ്‌ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ എത്രമാത്രം ചിന്തകളെയും തുടര്‍ന്നുളള ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെയും സ്വാധീനിച്ചിട്ടുണ്ടെന്ന്‌ മനസിലാവുക.

"ഓകയാമയില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 400 മീറ്റര്‍ ഉയരത്തിലുളള കുന്നിന്‍പ്രദേശമായ കിബി കോഗെനില്‍ ഒരു കര്‍ഷക കുടുംബത്തിലെ നാലാമത്തെ മകനായാണ്‌ ഞാന്‍ ജനിച്ചത്‌. ചുറ്റുമുളള ആളുകള്‍ കൃഷിയിടത്തിലെ കളകളും മറ്റും കൈകൊണ്ടു നീക്കുന്ന ഭാരിച്ച ജോലി കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. കളനാശിനി ഉപയോഗിക്കാതെ തന്നെ കള നീക്കം ചെയ്യാന്‍ എന്തെങ്കിലുമൊരു മാര്‍ഗം ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകരുടെ ജോലി കുറേക്കൂടി സുഗമമായേനെ എന്ന്‌ ഞാന്‍ ചിന്തിച്ചിരുന്നു".

സ്‌കൂള്‍ പഠനത്തിനു ശേഷം ടോക്യോ കോളേജ്‌ ഓഫ്‌ അഗ്രികള്‍ച്ചര്‍ & ഫോറസ്‌ട്രിയിലാണ്‌ തുടര്‍ പഠനത്തിനു ചേര്‍ന്നതെങ്കിലും പാഠ്യവിഷയങ്ങളേക്കാള്‍ ശബ്ദമുഖരിതവും മലിനവായു നിറഞ്ഞതുമായ നഗരമാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്‌.

"ചുറ്റും പച്ചപ്പിന്റെ ഒരു സാഗരം തന്നെയായിരുന്നിട്ടും സ്‌കൂള്‍ പാഠപുസ്‌തകത്തില്‍ കണ്ട, കറുത്ത പുകയില്‍ മൂടിയ വലിയ നഗരങ്ങളില്‍ ജീവിക്കാനാണ്‌ ഞാനാഗ്രഹിച്ചത്‌. യുവാവെന്ന നിലയില്‍ എന്റെ സ്വപ്‌നം വിമാനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം എന്നും മുഴങ്ങുന്ന എവിടെയെങ്കിലും ജീവിക്കുക എന്നതായിരുന്നു".

പഠനത്തിന്റെ ഭാഗമായി സഹപാഠികള്‍ക്കൊപ്പം നടത്തിയ വാതില്‍പ്പുറ യാത്രകളാണ്‌ അദ്ദേഹത്തിന്റെ അകക്കണ്ണ്‌ തുറപ്പിച്ചത്‌. ചുറ്റുമുളള നാനാതരം സസ്യജാലങ്ങളുടെ വൈവിദ്ധ്യം മുമ്പൊന്നുമില്ലാത്ത തരത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. അവധികള്‍ക്ക്‌ നാട്ടിലെത്തുമ്പോഴൊക്കെ പുതിയ ഇനം കാട്ടുചെടികളെ തിരിച്ചറിയുന്നത്‌ അളവറ്റ സന്തോഷം നിറയ്‌ക്കുന്ന പ്രവൃത്തിയായി മാറി. ഉന്നതപഠനത്തിന്‌ തന്റെ ഗ്രാമത്തിനടുത്തായുളള ഹിരോഷിമ സര്‍വകലാശാലയില്‍ ചേരാന്‍ അദ്ദേഹം തീരുമാനിച്ചു. അവിടെ വാതില്‍പുറ പഠനത്തിന്‌ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ശാസ്‌ത്രജ്ഞനായ ഡോ. യോഷിയോ ഹൊരികാവയെ കണ്ടുമുട്ടി. കളകളുടെ ലോകത്തെ വിശകലനം ചെയ്യുന്ന ശാസ്‌ത്രത്തെ കുറിച്ച്‌ യുവാവായ മിയാവാക്കി ആരാഞ്ഞപ്പോള്‍ ഡോ. യോഷിയോയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:

"കളകളെ കുറിച്ചാണ്‌ നിങ്ങളുടെ പഠനമെങ്കില്‍ മിക്കവാറും അത്‌ വെളിച്ചം കാണാന്‍ പോകുന്നില്ല. ആരെങ്കിലും സഹായിക്കാനുണ്ടാകുമെന്നും പ്രതീക്ഷിക്കണ്ട. പക്ഷെ ഇതിനായി എന്തു നഷ്ടവും സഹിക്കാന്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അത്‌ ചെയ്യുക തന്നെ വേണം".

അദ്ദേഹം ആ വെല്ലുവിളി ഏറ്റെടുത്തു. പിന്നീട്‌ യോകോഹാമ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാവുകയും ഇന്റര്‍നാഷണല്‍ അസോസിയഷന്‍ ഫോര്‍ ഇക്കോളജിയുടെ നേതൃസ്ഥാനം(1994-98) അലങ്കരിക്കുകയും ചെയ്‌തു.

next