ഒരു ഗവേഷക വിദ്യാര്‍ത്ഥിയുടെ പഠനങ്ങള്‍ എത്ര മഹത്തരമായാലും അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയും പൊതുനന്മയ്‌ക്ക് ഉതകുകയും ചെയ്യുമ്പോള്‍ മാത്രമാണ് അമൂല്യമാവുന്നത് എന്ന് ഡോ. മിയാവാക്കി വിശ്വസിച്ചു. സസ്യജാലങ്ങളുടെ കണക്കെടുപ്പിനു ശേഷം പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷ നേടാനും പരിസ്ഥിതി സംരക്ഷിക്കാനുമായി യഥാര്‍ത്ഥ വനങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണ് അടുത്ത ഘട്ടമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 1971 ല്‍ നിപ്പോണ്‍ സ്‌റ്റീലില്‍ നിന്നു തുടക്കമിട്ട വനം സൃഷ്ടിക്കലിനു ശേഷം ഡോ. മിയാവാക്കി ധാരാളം വലിയ കമ്പനികള്‍ക്ക് തങ്ങളുടെ ഭൂമിയില്‍ കാട് നട്ടു വളര്‍ത്തുന്നതിന് വേണ്ട സഹായ നിര്‍ദേശങ്ങള്‍ നല്‍കി.
കുറഞ്ഞുവരുന്ന സ്ഥലത്ത് ചെറിയൊരു സമയം കൊണ്ട് ഗുണമുളള കാട് വളര്‍ത്തിയെടുക്കുന്നതെങ്ങനെ എന്നതിന് അദ്ദേഹത്തിന്റെ പഠനങ്ങള്‍ മാതൃകയായി. ഭൂമിയ്‌ക്ക് ദോഷമാകുന്ന ഹരിതഗൃഹ വാതകങ്ങളെയും കാര്‍ബണ്‍ പുറന്തളളലിനെയും ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ പ്രകൃതിയുടെ വരദാനമാണ് കാടുകള്‍. ഇന്നുവരെ ജപ്പാനിലും പുറത്തുമായി 40 ദശലക്ഷത്തിലധികം മരങ്ങളാണ് അദ്ദേഹം നട്ടുവളര്‍ത്തിയ 1700 ഇടങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.