ഞാൻ ഇപ്പോൾ ഇരിക്കുന്നത് കേരളത്തിൽ ഞങ്ങളാദ്യം വച്ചു പിടിപ്പിച്ച മിയാവാക്കി കാടിനു മുന്നിലാണ്. ഈ ജനുവരിയിൽ മൂന്നു വർഷം കഴിഞ്ഞു ഇതു വച്ചിട്ട്. ഇനിയിതിൽ വലിയ പരിപാലനം ആവശ്യമില്ല. ഇവിടെ നാനൂറോളം മരങ്ങളുണ്ടായിരുന്നു. നൂറ് സ്പീഷീസുണ്ടായിരുന്നു. അതിൽ ഏതാണ്ട് 80 - 90 ശതമാനം ഇപ്പോളും അവശേഷിക്കുന്നുണ്ട്. അധിനിവേശ സ്പീഷീസുകളെ ഞങ്ങളെടുത്തു കളയുന്നുണ്ട്. ഇതിന്റെ വളർച്ച അത്ഭുതകരമാണ്. ഈ മൂന്ന് വർഷം കൊണ്ട് എല്ലാ മരങ്ങളും മുപ്പത് അടിയിൽ കൂടുതൽ വളർന്നിട്ടുണ്ട്. ചിലതിനെ വെട്ടിക്കളഞ്ഞ് 15 - 18 അടിയിൽ നിർത്തിയിരിക്കുന്നു.

പറയാൻ ഉദ്ദേശിച്ച കാര്യം വേറെയാണ്. കാട് ഞങ്ങൾ പലയിടത്തും വയ്ക്കുന്നുണ്ട്. നല്ല പോലെ വളരുന്നുമുണ്ട് അതുകണ്ടു കഴിയുമ്പോൾ ആളുകൾക്ക് നല്ല സന്തോഷവുമുണ്ട്. നമ്മുടെ നാട്ടിൽ വനവത്ക്കരണം അത്ര വിജയകരമായ ഒന്നല്ല. എനിക്ക് മെസ്സേജ് അയയ്ക്കുന്ന പലരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ഒരുപാട് കുറ്റം പറയുന്നുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അതു ചെയ്യുന്നില്ല, ഇങ്ങനെ ചെയ്യുന്നില്ല, അവർ വയ്ക്കുന്ന മരങ്ങൾ വളരുന്നില്ല, പണം വെറുതെ നശിപ്പിക്കുകയാണ്, അവർ തട്ടിപ്പു ചെയ്യുകയാണ് എന്നൊക്കെ. പക്ഷെ അതു അങ്ങനെയല്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരു ഗവൺമെന്റ് ഡിപ്പാർട്ട്മെന്റാണ്. അവർക്ക് ഒരുപാട് പരിമിതികളുണ്ട്. മിയാവാക്കി എന്നൊരു പുതിയ രീതി കണ്ടു, നമുക്കതു പരീക്ഷിക്കാം. നമ്മൾ വ്യക്തികൾ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളാണ്. ഏതാശയവും പരീക്ഷിച്ചു നോക്കാം. പക്ഷെ സർക്കാർ തലത്തിൽ ഒരു ആശയം പരീക്ഷിക്കുമ്പോൾ അതാദ്യം പലയിടത്തും പരീക്ഷിച്ച് വിജയം ഉറപ്പാക്കിയിട്ട് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ.

കേരളത്തിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഈ കാര്യത്തിൽ വളരെ സജീവമായിട്ട് ചെയ്യുന്നുണ്ട്. ആർക്കുമറിയില്ലാന്നു തോന്നുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്ഥലത്ത് മൂന്ന് ഫോറസ്റ്റ് ചെയ്യാനുള്ള അനുവാദം അവർ ആദ്യംതന്നെ ഞങ്ങൾക്ക് തന്നു. മൂന്നു തരത്തിലുള്ള സ്ഥലമാണ് തന്നത്. ഒന്ന്, തൃശ്ശൂര് മുടിക്കോടിനടുത്തുള്ള നല്ല വെയിലുള്ള ഒരു മൂന്ന് സെന്റ് സ്ഥലം. ഹൈവേയ്ക്കരികിലാണ് ഈ സ്ഥലം. രണ്ട്, നെടുമ്പാശ്ശേരിയിലെ ബയോപാർക്ക് ഉദ്യാനം. അവിടെയൊന്ന് വച്ചു പിടിപ്പിച്ചു. മൂന്ന്, നെയ്യാർ ഡാമിന്റെ സ്ഥലത്ത്. ഇത് ഞങ്ങളുടെ ചിലവിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് വച്ചതാണ്. കാരണം നെയ്യാർ ഡാമിന്റെ പരിസരത്ത് കുറച്ച് തണലുള്ളതു കൊണ്ട് അവിടെ വലിയ വളർച്ചയുണ്ടാകാൻ സാധ്യത കുറവാണ്. മറ്റ് രണ്ടു സ്ഥലത്തും വളരെ നല്ല വളർച്ചയുണ്ടാകും.

അതുകൂടാതെ, കേരള സ്ട്രാറ്റജിക് ഡവലപ്മെന്റ് ആന്റ് ഇന്നോവേഷൻ കൗൺസിലിന്റെ വകയായി പാലക്കാട് വാളയാറിൽ ഒരു ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ടുണ്ട്. അവിടെ പത്തു സെന്റിൽ ഒരു കാടു വച്ചുപിടിപ്പിച്ചു. അവിടുത്തെ ട്രെയ്നിംഗ് സെന്ററിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അത് വച്ചു പിടിപ്പിച്ചത്. അവർക്ക് ഒരു പരിശീലനം കൂടിയാണത്. ഇത് ചെയ്യുന്നതിന്റെ സമാന്തരമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ആഴത്തിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ഉന്നത ഉദ്യോഗസ്ഥർ വന്ന് ഈ മരങ്ങളുടെ കണക്കെടുക്കുകയും, വളർച്ച നോക്കുകയും, ഈ സ്പീഷീസിൽ ഏതൊക്കെ മാറ്റാമെന്നു നോക്കുകയും, ഇതിന് എങ്ങനെ ചിലവ് കുറക്കാം എന്നതൊക്കെയും നോക്കുന്നുണ്ട്. ഇത്തരം പഠനങ്ങൾ ഇല്ലാതെ ഒരിക്കലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പോലെ ഒരു സർക്കാർ സ്ഥാപനത്തിന് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ കഴിയുകയില്ല. കാരണം, ഇതു പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ചെയ്യുന്നത്. ആ ഉത്തരവാദിത്തം ഉപേക്ഷിച്ച് അവർക്ക് ചെയ്യാൻ കഴിയുകയില്ല.

രണ്ടാമത്തെ കാരണം, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് വച്ച വനം ഒരു മീറ്റർ വളരുമ്പോൾ നമ്മുടെ വനം മൂന്ന് മീറ്റർ വളരുന്നു എന്നുള്ളത്. അത് അവരുടെ എന്തെങ്കിലും തട്ടിപ്പ് ഒന്നുമല്ല. ഞങ്ങൾ മിയാവാക്കി മാതൃകയിലാണ് വക്കുന്നത്. അവർ പരമ്പരാഗത വനവത്ക്കരണ രീതിയിലാണ്. അപ്പോൾ വളർച്ചയിലും വ്യത്യാസമുണ്ടാകും. എന്നുമാത്രമല്ല, ഈ മിയാവാക്കി രീതിയിൽ വയ്ക്കുമ്പോൾ നമുക്ക് വരുന്ന ചിലവ് ഒരു സ്ക്വെയർ മീറ്ററിന് 400 രൂപയാണ്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അത്രയും രൂപ ചിലവാക്കുന്നില്ല. ഞങ്ങള് 400 രൂപ ചിലവാക്കുമ്പോൾ ചെടിയുടെ ചുവട്ടിൽ ഏകദേശം 150 കിലോയിലധികം ജൈവ വസ്തുക്കൾ ഇട്ടിട്ട് അതിനുള്ളിലാണ് മരം വയ്ക്കുന്നത്. അതുപോലെ വളർത്തിയ മരമാണ് നടുന്നത്. മരങ്ങളുടെ വില സാധാരണഗതിയിൽ പറയുന്നത് എത്ര വലിയ കൂട്ടിലാണ് അത് നട്ടിരിക്കുന്നത്, എത്ര നല്ല പോട്ടിംഗ് മിശ്രിതമാണ് ഇവയൊക്കെ കണക്കാക്കിയാണ്. അത്രയും വളർത്തിയെടുത്ത വേര് പൂർണ്ണമായും വികസിപ്പിച്ച തൈകളാണ് ഞങ്ങള് കാടുണ്ടാക്കാന് വയ്ക്കുന്നത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് അങ്ങനെ ഒരു സംവിധാനത്തിന് മാർഗ്ഗമില്ല. അവർ സാധാരണ രീതിയിൽ തൈകൾ പാകുന്നു, സോഷ്യൽ ഫോറസ്റ്ററിയുടെ ഭാഗമായി, ആ തൈകൾ മഴക്കാലത്ത് പറിച്ചു നടുന്നു. അതു മാത്രമല്ല, അവർ ആയിരക്കണക്കിന് ഏക്കറിനകത്ത് ആയിരക്കണക്കിന് തൈകളാണ് നടുന്നത്. അങ്ങനെയേ അവർക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഞങ്ങൾ 5 - 10 സെന്റ് സ്ഥലത്തിനകത്താണ് ഇത് നടപ്പിലാക്കുന്നത്. അങ്ങനെ വരുമ്പോൾ ഈ പറയുന്ന മുൻകരുതലുകൾ ഒക്കെയെടുക്കാൻ കഴിയും.

അതുകൊണ്ട് കഴിയുന്നതും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ പ്രോത്സാഹിപ്പിക്കാനാണ് നോക്കേണ്ടത്. അവർ ഭാവിയിൽ മിയാവാക്കി മാതൃകയിൽ വരുമെന്നുറപ്പാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. അതിനു മുമ്പ് അവർ ചെയ്യുന്നത് ശരിയല്ല, നമ്മൾ ചെയ്യുന്ന രീതി ശരിയാണ് എന്നു പറയുന്നതിൽ അർത്ഥമില്ല. നമുക്ക് വേറെ മികച്ച രീതി കിട്ടുന്നതുവരെ നമ്മുടെ രീതിയിൽ ചെയ്യുക. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹായം കൂടാതെ ഇത്രയും കാലം ഞങ്ങൾക്ക് ഇതുവരെ ചെയ്യാൻ കഴിയില്ലായിരുന്നു. കഴിയുന്നിടത്തോളം അവർ തൈകൾ തന്നു സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വനവത്ക്കരണരീതി തെറ്റാണ്, അല്ലെങ്കിൽ എന്തുകൊണ്ട് അവർ മിയാവാക്കി രീതി സ്വീകരിക്കുന്നില്ല എന്നൊക്കെ പറയാനുള്ള സമയമായിട്ടില്ല. അതൊക്കെ പ്രാഥമികദിശയിൽ ആണ് ഇപ്പോഴും. മൂന്ന് വർഷം കൊണ്ടൊന്നും സർക്കാർ പോളിസിയിൽ കാര്യമായ മാറ്റം വരുത്താൻ കഴിയുകയില്ല. അതിന് പഠനം, ഗവേഷണം ഒക്കെ പൂര്ത്തിയാക്കി നാലോ, അഞ്ചോ വർഷം കഴിയുമ്പോഴേക്കും ഒരുപക്ഷെ ഡിപ്പാർട്ട്മെന്റും ഇത്തരത്തിലുള്ള ആശയം സ്വീകരിക്കും. അതിന് വേണ്ടി കാത്തിരിക്കണം. ഉദ്യോഗസ്ഥരുടെയും സർക്കാർ സംവിധാനത്തിന്റെയും പരിമിതികൾ നമ്മൾ മനസ്സിലാക്കണം. അല്ലാതെ നമ്മൾ പുതിയൊരു പരീക്ഷണം ജനങ്ങളിലേക്കോ, നാട്ടിലേക്കോ അടിച്ചേൽപ്പിക്കണം എന്നാവശ്യപ്പെടുന്നത് ശരിയല്ല.