അടുത്തിടെ വിദേശത്ത് നിന്ന് സനൽ എന്നൊരു പ്രേക്ഷകൻ ഒരു വീഡിയോ അയച്ചു തന്നിരുന്നു. എയർ പോട്ട് (air pot) എന്ന പേരിൽ പുതിയ ചെടിച്ചട്ടികൾ ഇറങ്ങിയിരിക്കുന്നു. മലയാളത്തിൽ ആരൊക്കെയോ യൂട്യൂബിൽ അതിനെക്കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ട്. കേരളത്തിൽ ചുരുളി എന്നൊരു ഫാം ഈ ചട്ടികളൊക്കെ വിൽക്കുന്നുണ്ട്. എയർ പോട്ട് എന്ന ചട്ടിയുടെ പ്രത്യേകത ആ ചട്ടിയുടെ ചുറ്റും ദ്വാരങ്ങളാണ്. സാധാരണ ഒരു വലിയ ചെടിച്ചട്ടിയിൽ നമ്മൾ മണ്ണ് നിറച്ച് ചെടി നടുമ്പോൾ അതിന്റെ ചുവട്ടിൽ ഒന്നോ രണ്ടോ ദ്വാരങ്ങളാണ് ആകെ ഉണ്ടാവുക. എയർ പോട്ടിൽ ഒരുപാട് ദ്വാരങ്ങൾ ചുറ്റും ഉള്ളപ്പോൾ ഈ ചെടികളുടെ വേരുകൾ വായു കിട്ടാനായി വായു സഞ്ചാരമുള്ള പ്രദേശങ്ങളിലേയ്ക്ക് ദ്വാരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കും. അപ്പോൾ വേര് താഴേക്ക് മാത്രമല്ല വശങ്ങളിലേയ്ക്കും വളരും എന്നാണ് പറയുന്നത്. അങ്ങനെ വിദേശ രാജ്യങ്ങളിലൊക്കെ വലിയ മരങ്ങൾ വളർത്താനായി എയർ പോട്ട് ചട്ടികളാണ് ഉപയോഗിക്കുന്നത്.
യൂട്യൂബിലൊക്കെ ഇതിന്റെ ചിത്രങ്ങൾ ധാരാളമുണ്ട്. ആമസോണിൽ ഇതിന്റെ ഒരു ചട്ടിയ്ക്ക് 750 രൂപ വിലയുണ്ട്. ചുരുളി ഫാമിനെ നെറ്റിൽ തപ്പിയിട്ട് അവരുടെ വീഡിയോ കണ്ടതല്ലാതെ അവരെ ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങളൊന്നും കിട്ടിയില്ല. അടുത്തതായി ആലിബാബയിൽ നിന്ന് ഇത് ബൾക്കായി വാങ്ങാൻ ഞങ്ങൾ നോക്കി. അവിടെ ഒരു ചട്ടിയ്ക്ക് 870 രൂപയുണ്ട്. പിന്നെ അത് ഇവിടെ ഇറക്കുമ്പോൾ കസ്റ്റംസ് ഡ്യൂട്ടി എത്രയാകും എന്നറിയില്ല. ആ സാഹചര്യത്തിൽ ചെയ്യാനാവുന്നത് ഇവിടെ ഇതിനെ അനുകരിച്ച് നോക്കുക എന്നതാണ്. ഞങ്ങൾ അച്ചടി മഷി വരുന്ന ബക്കറ്റ് എടുത്ത് അതിൽ ഡ്രില്ലർ ഉപയോഗിച്ച് ചെറിയ ചെറിയ ദ്വാരങ്ങളിട്ടു. വലിയ ദ്വാരങ്ങളിട്ടാൽ മണ്ണെല്ലാം വെള്ളമൊഴിക്കുമ്പോൾ തള്ളി പുറത്തേയ്ക്ക് വരും. അല്ലെങ്കിൽ മഴ വരുമ്പോൾ ഈ മണ്ണെല്ലാം കലങ്ങി പുറത്തു വരാനും സാധ്യതയുണ്ട്. അങ്ങനെ ചെറിയ ദ്വാരങ്ങൾ അതിനു ചുറ്റുമിട്ടു. ഇത് എയർ പോട്ട് ചട്ടിയ്ക്ക് പകരമാകുമെന്ന് പറയുന്നില്ല. പക്ഷെ സാധാരണ ആളുകൾക്ക് അധികം പൈസ മുടക്കാതെ ചെയ്യാവുന്ന ഒരു പരീക്ഷണമായി ഇതിനെ കാണാവുന്നതാണ്.
അതു പോലെ തന്നെ 225 – 300 രൂപ വിലയുള്ള വലിയ ബക്കറ്റു പോലുള്ള ചട്ടികൾ മാർക്കറ്റിൽ ഇറങ്ങുന്നുണ്ട്. അത് വലിയ മരങ്ങൾ വയ്ക്കാൻ പറ്റുന്ന ചട്ടികളാണ്. കാരണം അതിന്റെ വ്യാപ്തി വലുതാണ്. ആ ചട്ടിയിലും ഡ്രില്ലർ ഉപയോഗിച്ച് ദ്വാരങ്ങളിട്ടിട്ട് അതിൽ മരങ്ങൾ വയ്ക്കാവുന്നതാണ്. ഇങ്ങനെ ഡ്രില്ലർ ഉപയോഗിച്ച് ദ്വാരങ്ങളിടുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ബക്കറ്റ് ഒരു പത്രക്കടലാസിലോ പായയിലോ ചാക്കിലോ വച്ചിട്ടായിരിക്കണം ദ്വാരമിടേണ്ടത്. കാരണം ഈ പൊടിഞ്ഞു വീഴുന്ന പ്ലാസ്റ്റിക്കിന്റെ തരികളും കഷ്ണങ്ങളും മണ്ണിൽ ചേർന്നാൽ പിന്നെ അത് പെറുക്കി മാറ്റാൻ പാടാണ്. അപ്പോൾ പ്ലാസ്റ്റിക് തരികൾ എടുത്തു മാറ്റാവുന്ന ഒരു സ്ഥലത്ത് വച്ചിട്ട് ദ്വാരങ്ങൾ ഇടുകയും അതിനു ശേഷം അതിൽ മണ്ണു നിറയ്ക്കുകയും ചെടികൾ നടുകയും ചെയ്താൽ ഒരു പക്ഷേ കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ ചട്ടിയിൽ ചെടികളെ വളർത്താൻ സാധിക്കും. രണ്ടാമത്തേത്, ഈ ചട്ടിക്കകത്ത് വച്ചുണ്ടാക്കുന്ന ചെടികളെ ചേർത്ത് ടെറസ്സിലും മറ്റും നമുക്ക് മിയാവാക്കി ഉണ്ടാക്കാൻ പറ്റും എന്നതാണ്. അത് ഞങ്ങൾ നേരത്തെ പരീക്ഷിച്ച കാര്യമാണ്. അന്ന് പക്ഷെ ഞങ്ങൾ ദ്വാരമൊന്നും ഇട്ടിരുന്നില്ല. നമുക്ക് കിട്ടിയ ട്രമ്മിൽ ചെടികൾ നട്ട് ചേർത്ത് വച്ച് പാറപ്പുറത്ത് വച്ചു. ആ ചെടികൾക്ക് ഒരു വർഷം കൊണ്ട് സാമാന്യം നല്ല വളർച്ച കിട്ടി. മണ്ണിൽ നട്ട വളർച്ച കിട്ടിയില്ലെങ്കിലും കുഴപ്പമില്ലാത്ത വളർച്ച കിട്ടി. അങ്ങനെയെങ്കിൽ ഇത് നമ്മൾ എയർ പോട്ടിൽ വച്ചാൽ അല്ലെങ്കിൽ ദ്വാരമിടുന്ന ചട്ടികളിൽ വച്ചുകഴിഞ്ഞാൽ കുറച്ചു കൂടി വളർച്ച കിട്ടാനുള്ള സാധ്യതയുണ്ട്.
ഇവിടെ നേരിടാൻ സാധ്യതയുള്ള ഒരു പ്രശ്നം നമ്മൾ ബക്കറ്റ് ടെറസ്സിൽ വയ്ക്കുമ്പോൾ വെയിലടിച്ച് പ്ലാസ്റ്റിക്കിന്റെ ഘടനയ്ക്ക് കുറച്ച് മാറ്റം വരും. ആ പ്ലാസ്റ്റിക്കിന് അതിന്റെ ആദ്യ നിലവാരം കാണുകയില്ല. വെയില് കുറേകാലം കൊണ്ടു കഴിയുമ്പോൾ അത് നശിച്ചു പോകും. അത് ഒഴിവാക്കാനായി കയർ ഭൂവസ്ത്രമോ ചണച്ചാക്കോ വീട്ടിൽ കിടക്കുന്ന പഴയ ലുങ്കിയോ കൈലിയോ കൊണ്ട് ചട്ടിയെ പൊതിയുകയാണെങ്കിൽ വെയില് നേരിട്ട് ആ ചട്ടിയിൽ അടിക്കാതിരിക്കും. പൊതിഞ്ഞു കെട്ടണം എന്നു തന്നെയില്ല. വെയില് നേരിട്ട് ആ ചട്ടിയിൽ വീഴാതിരിക്കാനായി അതിനു ചുറ്റും എന്തെങ്കിലും ഇട്ടാൽ മതി. അങ്ങനെയാണെങ്കിൽ ആ ചട്ടി കുടുതൽ കാലം നിലനിൽക്കാനുള്ള സാധ്യതയുണ്ട്.
ടെറസ്സിൽ കാട് വയ്ക്കുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. വാടക വീട്ടിൽ താമസിക്കുന്നവർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. ഒരു സ്ഥലത്ത് നിന്ന് അടുത്ത സ്ഥലത്തേയ്ക്ക് പോകുമ്പോൾ കുറച്ച് ചുമട്ടു കൂലി ആകുമെന്നേ ഉള്ളു. പക്ഷെ നമ്മുടെ കാട് എടുത്ത് നമ്മുടെ കൂടെ കൊണ്ടുപോകാൻ പറ്റും. ഒന്ന് പരീക്ഷിച്ചു നോക്കുക.