എറണാകുളത്ത്‌ കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ പൊന്നക്കുടം ദേവീക്ഷേത്രത്തിന്റെ കാവ്‌ സംരക്ഷിക്കുന്നത്‌ ഒരു ട്രസ്റ്റാണ്‌. ഇതൊരു കുടുംബക്ഷേത്രമാണ്‌. ഇത്‌ ഏകദേശം എട്ടേക്കര്‍ സ്ഥലമുണ്ട്‌. ഇവിടത്തെ വിപണിമൂല്യം അനുസരിച്ച്‌ 50-60 കോടി വിലയുളള ഭൂമി ഈയൊരു കാവ്‌ സംരക്ഷിക്കാന്‍ വേണ്ടി ആ കുടുംബം നിര്‍ത്തിയിരിക്കുകയാണ്‌. മുന്നൂറ്‌ വര്‍ഷത്തിലേറെ പഴക്കമുളള ഒരു കാവാണിത്‌. ഇതിന്റെ ജൈവവൈവിധ്യം നമുക്കൂഹിക്കാവുന്നതിലും അപ്പുറമാണ്‌. വംശനാശഭീഷണി നേരിടുന്ന പല മരങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടിവിടെ. ഈ കാവിന്റെ സംരക്ഷണചുമതലയുളള ആള്‍ ഈ കുടുംബത്തിലെ തന്നെ അംഗവും സസ്യശാസ്‌ത്രജ്ഞനുമായ രാമചന്ദ്രന്‍ സാറാണ്‌. അദ്ദേഹം റബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥനും ജോയിന്റ്‌ റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണറും ആയിരുന്നു. അതിനുശേഷം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ എറണാകുളം ജില്ല കോര്‍ഡിനേറ്ററായിരുന്നു. ഈ കാവിന്റെ സംരക്ഷണച്ചെലവ്‌ വഹിക്കുന്നത്‌ അവരുടെയൊക്കെ പെന്‍ഷന്‍ തുകയില്‍ നിന്നാണ്‌. ഈ കാവിലുളളതുപോലെ ഇത്രയധികം ജൈവവൈവിധ്യം കേരളത്തിലെ ഏതെങ്കിലും കോളേജിന്റെ ഭാഗമായുളള സംരക്ഷിത വനങ്ങളില്‍ കാണുമോ എന്നത്‌ സംശയമാണ്‌. അപ്പോള്‍ നമുക്ക്‌ രാമചന്ദ്രന്‍ സാറിനെ പരിചയപ്പെടാം, ഒപ്പം ഈ കാവിന്റെ കൂടുതല്‍ വിശേഷങ്ങളുമറിയാം.

ഹരി: സാര്‍, നമസ്‌കാരം. ഈ കാടിനെ കുറിച്ച്‌ പൊതുവായിട്ടുളള കാര്യങ്ങളൊന്നു പറയാമോ? സാറ്‌ ഇവിടെത്തന്നെ ജനിച്ചുവളര്‍ന്ന ആളല്ലേ. രാമചന്ദ്രന്‍: ഇത്‌ ശരിക്കുമൊരു കാവാണ്‌. പൊന്നക്കുടം എന്നു പറയുന്നത്‌ പഴയൊരു തറവാടാണ്‌. ഈ തറവാടിന്റെ കുടുംബക്ഷേത്രമെന്നു പറയുന്നത്‌ പൊന്നക്കുടം ഭഗവതി ക്ഷേത്രമാണ്‌. അതിനോട്‌ അനുബന്ധിച്ചുളളതാണ്‌ ഈ കാവ്‌. പണ്ട്‌ ഈ കാവാണ്‌ കൂടുതല്‍ പ്രാധാന്യത്തോടെ നമ്മള്‍ കണ്ടിരുന്നത്‌. ഞാന്‍ ബോട്ടണി എടുത്തു പഠിക്കാന്‍ തന്നെ കാരണം കുട്ടിക്കാലത്തേ ഈ കാവ്‌ കണ്ട്‌ വളര്‍ന്നതു കൊണ്ടാണ്‌. കാവിന്റെ പലഭാഗത്ത്‌ തറകളിലായി അയ്യപ്പന്‍, ഭദ്രകാളി, സര്‍പ്പങ്ങള്‍ അങ്ങനെ പ്രതിഷ്‌ഠിച്ചിരിക്കുകയാണ്‌. ഞങ്ങള്‍ കുട്ടികളാണ്‌ തിരിവെയ്‌ക്കാന്‍ വേണ്ടി വരുന്നത്‌. അന്ന്‌ കുരങ്ങന്മാരടക്കം ഉളള ഒരു സ്ഥലമായിരുന്നു ഇത്‌. ഞങ്ങളിവിടെ കുറേ കളിച്ച്‌ കഴിഞ്ഞ്‌ വൈകിട്ട്‌ തിരി വെക്കും.  വൈകുന്നേരമാവുമ്പോഴേക്കും പേടിപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്ന ഒരു കിളി - നമ്മള്‍ തച്ചന്‍കോഴി, കാലന്‍കോഴി എന്നൊക്കെ പറയും. ആ കിളീടെ വരവോടെയാണ്‌ ഞങ്ങള്‍ പിരിഞ്ഞുപോകുന്നത്‌. അങ്ങനെ കുട്ടിക്കാലം മുതല്‍ ഇവിടുത്തെ ചെടികളും പൂക്കളും\ ജൈവവൈവിധ്യവുമൊക്കെ കണ്ടുവളര്‍ന്നതു കൊണ്ട്‌ എനിക്ക്‌ സസ്യശാസ്‌ത്രത്തോട്‌ പ്രത്യേക താത്‌പര്യം തോന്നി ഞാന്‍ ബി.എസ്‌.സി, എംഎസ്‌.സി ബോട്ടണി എടുത്തു. കോഴിക്കോട്‌ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌ ചെയ്യാന്‍ പോയതുതന്നെ ഔഷധ സസ്യങ്ങളിലാണ്‌. പക്ഷെ റിസര്‍ച്ച്‌ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. ഞാന്‍ റബര്‍ബോര്‍ഡില്‍ ജോയിന്‍ ചെയ്‌തു. അവിടെ 35 വര്‍ഷം സര്‍വീസ്‌ കഴിഞ്ഞ്‌ ജോയിന്റ്‌ റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണറായി റിട്ടയര്‍ ചെയ്‌തു. അതുകഴിഞ്ഞ്‌ കേന്ദ്ര സര്‍ക്കാര്‍ എന്നെ മൂന്നുവര്‍ഷം റബര്‍ബോര്‍ഡ്‌ മെമ്പറാക്കി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ എറണാകുളം ജില്ലാ കോര്‍ഡിനേറ്ററായിരുന്നു രണ്ടുവര്‍ഷത്തോളം. അങ്ങനെ ഈയൊരു രംഗം എനിക്കു വളരെയധികം താത്‌പര്യമുളള വിഷയമാണ്‌.

ഹരി: ഈയൊരു കാവിന്റെ പഴക്കം ഏകദേശം എത്രയാണ്‌ ? ഇതിന്റെ വിസ്‌തൃതി എത്രയാണെന്നും പറയാമോ ?

രാമചന്ദ്രന്‍: ഞങ്ങളുടെ കാര്‍ന്നോന്മാര്‌ പറഞ്ഞുതന്നിരിക്കുന്നത്‌ ഏകദേശം മുന്നൂറ്‌ വര്‍ഷത്തെ പഴക്കമുണ്ടെന്നാണ്‌. ഇത്‌ എട്ടേകാല്‍ ഏക്കര്‍ സ്ഥലമാണ്‌. അത്‌ പണ്ടുമുതലേ ഭാഗംവെച്ചതില്‍ തന്നെ എട്ടേകാല്‍ ഏക്കര്‍ സ്ഥലം കാവിനായി മാറ്റിവെച്ചിരിക്കുകയാണ്‌. ദേവസ്വം പോലെ. അതില്‍ നാലേക്കറാണ്‌ വിര്‍ജിന്‍ ഫോറസ്‌റ്റ്‌ ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്‌. ഒരേക്കറോളം അമ്പലത്തിന്റെ ഉത്സവാദി കാര്യങ്ങള്‍ക്കൊക്കെയായി മാറ്റി വെച്ചിട്ടുണ്ട്‌. മൂന്നേക്കറ്‌ വയലാണ്‌. കഴിഞ്ഞ വര്‍ഷം വരെ കൃഷി ചെയ്‌തിരുന്നു.

ഹരി: ചുരുക്കിപ്പറഞ്ഞാല്‍ എട്ടേക്കറ്‌ അങ്ങനെത്തന്നെ നിര്‍ത്തിയിട്ടുണ്ട്‌.
രാമചന്ദ്രന്‍: എട്ടേകാല്‍ ഏക്കറ്‌.

ഹരി: ഇതിന്റൊരു വിപണിമൂല്യം എത്ര വരും ?
രാമചന്ദ്രന്‍: ഇവിടെ സെന്റിനു ഏഴെട്ടു ലക്ഷം വിലയുളള സ്ഥലമാണ്‌. ടൗണിന്റെ ഏറ്റവും അടുത്തല്ലേ.

ഹരി: അറുപതു കോടി വിലയുളള ഭൂമി കാടുവെക്കാന്‍ ഇട്ടിരിക്കുകയാണ്‌.
രാമചന്ദ്രന്‍: പണ്ടുമുതലേ ഞങ്ങള്‍ പഠിച്ചിരിക്കുന്നത്‌ ഈ കാവു കൊണ്ടുളള പ്രയോജനം നമുക്ക്‌ കുടുംബക്കാര്‍ക്കു മാത്രമല്ല. ഈ കാവിവിടെ ഉളളതുകൊണ്ട്‌ ശുദ്ധവായു ഈ പ്രദേശത്തുകാര്‍ക്കൊക്കെ ശ്വസിക്കാനാവുന്നു. സാധാരണ പറയുമല്ലോ കാവുകള്‍ ഒരു ദേശത്തിന്റെ ശ്വാസകോശമാണെന്ന്‌. അതുപോലെ ഈ കങ്ങരപ്പടി, തേവലക്കര പ്രദേശത്തിന്റെ ശ്വാസകോശമാണീ കാവ്‌. അടുത്തൊരു പ്രധാനപ്പെട്ട കാര്യം ഈ പ്രദേശത്തിന്റെ മൂന്നാലു കിലോമിറ്റര്‍ ചുറ്റളവില്‍ വെളളത്തിനു ക്ഷാമം ഉണ്ടാവാറില്ല. കാരണം ഈ കാവില്‍ പെയ്യുന്ന മഴവെളളം ഒരുതുളളി പോലും പാഴാവാതെ ഇവിടെ താഴ്‌ന്ന്‌ ഇവിടത്തെ ജലവിതാനം എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നതു കാരണം തീര്‍ച്ചയായിട്ടും ഈ പ്രദേശത്ത്‌ കുടിവെളള ക്ഷാമം ഉണ്ടാവാറില്ല. ഈ രണ്ട്‌ പ്രധാന കാര്യങ്ങളാണ്‌ ഈ കാവു കൊണ്ട്‌ നമ്മള്‍ നോക്കിപ്പോയിരുന്നത്‌. അതുകൊണ്ട്‌, ക്ഷേത്രം നമ്മള്‍ കൊണ്ടുനടക്കുന്നു, പൂജാദി കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടെങ്കിലും അതിനോടൊപ്പം തന്നെ പ്രകൃതിസംരക്ഷണത്തിന്റെ പാഠം ഞങ്ങള്‍ ഉള്‍ക്കൊളളുകയും വരുന്ന തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ധാരാളം സ്‌കൂള്‍, കോളേജ്‌ കുട്ടികളൊക്കെ ഇവിടെ പഠിക്കാനായി വരുന്നുണ്ട്‌. ഒരു കുട്ടി പി.എച്ച്‌ഡി ചെയ്യുന്നുണ്ട്‌. ഇതെല്ലാം കാണിക്കുന്നത്‌ ഈ കാവ്‌ സംരക്ഷിച്ചു നിര്‍ത്തേണ്ടതാണ്‌ എന്നുളളതാണ്‌. ആ ബോധ്യം ഞങ്ങള്‍ക്ക്‌ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുയാണ്‌.

ഹരി: ഇവിടെ ഞാന്‍ ശ്രദിധിച്ച രണ്ടുകാര്യം, ഒന്നീ തെളിനീരുപോലുളള വെളളം എങ്ങുമില്ല. ഇവിടെ ഭംഗിയായിട്ട്‌ ഈ വെളളം ഒഴുകുന്ന കാഴ്‌ച്ച കണ്ടു. അതുപോലെത്തന്നെ ചെമ്പിന്റെ അംശമുളള വെളളവും കുട്ടനാട്ടിലെ പോലുളള മണലും. ഒരുപക്ഷേ ഈ കാവിങ്ങനെ നില്‍ക്കുന്നതു കൊണ്ടാണോ, കുട്ടനാട്ടില്‍ പണ്ട്‌ കാട്ടുതീ പിടിച്ച്‌ അവിടെ മണ്ണിനവിടം പോയതുകൊണ്ടാണ്‌ അങ്ങനെ എന്നു പറയുന്നു.

രാമചന്ദ്രന്‍: ഇതു ഞാന്‍ നേരത്തേ പറഞ്ഞല്ലോ, 300 വര്‍ഷമാണ്‌ കാര്‍ന്നോന്മാര്‌ പറഞ്ഞു തന്നിട്ടുളളത്‌. അതിനു മുമ്പേ ചിലപ്പോള്‍ ഇവിടെ കാടുണ്ടായിരുന്നിരിക്കാം. ഞങ്ങളുടെ തറവാടിനു ചുറ്റുമായിട്ട്‌ നൂറേക്കറോളം നെല്‍കൃഷി ഉണ്ടായിരുന്നു. നെല്‍കൃഷിക്ക്‌ വെളളത്തിന്റെ ആവശ്യമുണ്ടല്ലോ. എവിടെ കുളം കുത്തിക്കഴിഞ്ഞാലും വെളളം കിട്ടണം. അതിനുവേണ്ടി ദീര്‍ഘദൃഷ്ടിയുളള അന്നത്തെ കാര്‍ന്നോന്മാര്‌ ഈ പ്രദേശത്തിന്റെ ഇത്തിരി ഉയര്‍ന്ന ഭാഗം വെറുതേ ഇട്ടിട്ടുണ്ടാവും. അവിടെ സ്വാഭാവികമായും കാടുണ്ടാവും. കാട്‌ വളര്‍ന്ന്‌ അതിലുണ്ടാവുന്ന പഴങ്ങള്‍ തിന്നാനായി പക്ഷികള്‍ വരും. അവര്‍ വേറെ വി്‌ത്തുകള്‍ കാഷ്‌ഠിച്ച്‌ പുതിയ പുതിയ ചെടികള്‍ ഉണ്ടാവും. അങ്ങനെ നല്ലൊരു കാടുണ്ടായിക്കഴിയുമ്പോള്‍ അത്‌ സംരക്ഷിച്ചു നിര്‍ത്തേണ്ട ചുമതലയുണ്ട്‌. വിശ്വാസവുമായി ബന്ധപ്പെടുത്തി കഴിഞ്ഞാലേ സംരക്ഷണം നടക്കുകയുളളു. അങ്ങനെ കാടിന്റെ നടുക്ക്‌ ദൈവിക സങ്കല്‌പമായി ശാസ്‌താവ്‌, ദുര്‍ഗ, ഭദ്രകാളി എന്നൊക്കെ കൊണ്ടുവരുന്നതോടെ കാട്‌ കാവായി മാറി. കാവെന്നു പറയുമ്പോള്‍ അത്‌ വിശ്വാസവുമായി ബന്ധപ്പെട്ടതായിരിക്കും. പണ്ടത്തെ ആളുകള്‍ എന്തെങ്കിലും ഒരുകാര്യം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ അതിനെ വിശ്വാസവുമായി ബന്ധപ്പെടുത്തണം. ചിലപ്പോള്‍ അന്ധവിശ്വാസം വരെയാവാമത്‌. കാരണമത്‌ ബന്ധിപ്പിക്കാന്‍ വേണ്ടീട്ടാണ്‌. അങ്ങനെ കാവു സങ്കല്‍പം വന്നുകഴിഞ്ഞപ്പോള്‍ ഇത്‌ സംരക്ഷിക്കപ്പെട്ടു. ഒരു മരം വീണാല്‍പോലും ആരും വെട്ടിക്കൊണ്ടുപോകില്ല. അതിവിടെ കിടന്ന്‌ മണ്ണോടുചേര്‍ന്ന്‌ വിടത്തെ ഫലഭൂയിഷ്ടത വര്‍ദ്ധിക്കുകയും പുതിയ സാധനങ്ങള്‍ ഉണ്ടായിവരികയും ചെയ്യും. ഇവിടെ എവിടെ നോക്കിയാലും മണ്ണിരകളെ കാണാം. പിന്നെയീ ചെമ്പുറവ്‌. പണ്ടുമുതലേ വനമാണങ്കില്‍ ഇവിടെ കാര്‍ബണ്‍ സീക്വസ്‌ട്രേഷന്‍ നടന്ന്‌ ധാരാളം മെറ്റലിന്റെ അംശങ്ങളൊക്കെ ഇവിടത്തെ മണ്ണിലുണ്ടാവും. അത്‌ മഴ പയ്‌തു കഴിയുമ്പോള്‍ അടിയില്‍നിന്ന്‌ ഇരുമ്പിന്റെ അംശമൊക്കെ പുറത്തേക്കു വരും. ഇവിടെ വെളളം ഞങ്ങളൊരിക്കല്‍ പരിശോധിച്ചപ്പോള്‍ ഇരുമ്പിന്റെ അംശം എത്രയോ ഇരട്ടിയാണ്‌. ഇരുമ്പിന്റെ, ചെമ്പിന്റെ ഒക്കെ അംശം കൂടുതലുളളതു കൊണ്ടാണ്‌ ഇവിടത്തെ വെളളത്തിന്‌ ചുവന്ന നിറം - ചെമ്പുറവ എന്നു നമ്മള്‍ പറയുന്നത്‌ കാണാറുളളത്‌.

ഹരി: അതുപോലെ ശ്രദ്ധിച്ച ഒരു കാര്യം, മണ്ണിര ഉളളിടത്ത്‌ അതിന്റെ പുറ്റുകള്‍ വഴി വെളളം പെട്ടെന്ന്‌ താഴേക്ക്‌ വലിഞ്ഞു പോകുമെന്നു കേട്ടിട്ടുണ്ട്‌. അവിടെ വന്നപ്പോള്‍ അത്‌ കൃത്യമായി കാണാമായിരുന്നു. മണ്ണിരപ്പുറ്റുളള സ്ഥലങ്ങളില്‍ വെളളമില്ല. അതിനപ്പുറത്തുളള മണല്‍വിരിച്ചു കിടക്കുന്ന സ്ഥലത്ത്‌ വെളളം കെട്ടിനില്‍ക്കുന്നുണ്ട്‌. ഇതിനകത്തെ കാഴ്‌ച്ചകള്‍ ഒരറ്റം തൊട്ടു തുടങ്ങുകയാണെങ്കില്‍, ഈ ഓടം എന്ന വളളി വലിയതോതില്‍ വളര്‍ന്നു കിടക്കുന്നതു കണ്ടു. അതിന്റെ പ്രത്യേകത പറയാമോ.

രാമചന്ദ്രന്‍: പണ്ടൊക്കെ വീടുകളില്‍ വിളക്കു കത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്‌ രണ്ടുതരത്തില്‍പ്പെട്ട എണ്ണകളാണ്‌. ഒന്ന്‌ മരോട്ടി എണ്ണയും രണ്ട്‌ ഓടത്തിന്‍ കായുടെ എണ്ണയും. ഓടത്തിന്‍ കായുടെ കുരു ആട്ടിയെടുക്കുന്ന എണ്ണ. ഓടം ഒരു വളളിയാണ്‌.

ഹരി: ഓടം ആണല്ലേ ?
രാമചന്ദ്രന്‍: ഓടം. ഓടല്‍ എന്നും പറയും. വുഡ്ഡി ക്ലൈമ്പര്‍ എന്നും പറയും. അതിന്റെ തടി ശരിക്കും വുഡ്ഡി ആണ്‌. ആ നില്‍ക്കുന്ന ഓടലിന്‌ ഏകദേശം മുന്നൂറ്‌ വര്‍ഷത്തെ പഴക്കമുണ്ട്‌. അതൊരാഞ്ഞിലിയുടെ ചുവട്ടിലുണ്ടായി, ആഞ്ഞിലിയില്‍ പടര്‍ന്ന്‌ ആ ഒരു പ്രദേശം മുഴുവന്‍ വ്യാപിച്ച്‌ കിടക്കുന്നത്‌ ഒരു ഓടം വളളിയാണ്‌. അതിന്റെ പ്രത്യേകത ആണ്‍വൃക്ഷവും പെണ്‍വൃക്ഷവും വേറെവേറയാണ്‌. ആണ്‍വൃക്ഷത്തില്‍ കുരുമുളകിന്റെ തിരി ഉണ്ടാവുന്ന മാതിരി ഉണ്ടായി കൊഴിഞ്ഞുപോവും. പെണ്‍വൃക്ഷത്തില്‍ കായ പിടിക്കും. സാധാരണഗതിയില്‍ പഴത്തിനകത്താണ്‌ വിത്തുകള്‍ ഉണ്ടാവുക. ഓടത്തിന്‌ വിത്ത്‌ അതുപോലെത്തന്നെ നമുക്ക്‌ കാണാന്‍ പറ്റും. അത്‌ അടയ്‌ക്ക പോലെ താഴെ വീണ്‌ വീണ്ടും ഇതിന്റെ തൈകള്‍ ഉണ്ടാവും. പണ്ടുകാലത്ത്‌ ഇതിന്റെ കുരുവാണ്‌ ആട്ടി എണ്ണയെടുത്ത്‌ വിളക്കു കത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്‌. മരോട്ടിയും അതുപോലെത്തന്നെയുളള സംഗതിയാണ്‌. ഇത്‌ ശരിക്കുമൊരു അര്‍ബന്‍ ഫോറസ്‌റ്റാണ്‌. കളമശ്ശേരി മുനിസിപ്പാലിറ്റി ഒരു അര്‍ബന്‍ ഏരിയ ആണല്ലോ, എറണാകുളത്തു നിന്ന്‌ 12 കിലോമീറ്ററേയുളളൂ. ഈയൊരു അര്‍ബന്‍ ഫോറസ്‌റ്റ്‌ നിലനിര്‍ത്തിക്കഴിഞ്ഞാല്‍ അതിന്റെ പ്രയോജനം ഈ നാട്ടുകാര്‍ക്ക്‌ മുഴുവനുമുണ്ട്‌ എന്നു ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്‌.

ഹരി: സാറിതിന്റെ പുറത്ത്‌ തുറന്ന സ്ഥലമുളളിടത്ത്‌ പുതിയ ചെടികള്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നതു കണ്ടു. കടമ്പ്‌, വന്നി, കരിമരുത്‌ എന്നിവ. കടമ്പിന്‌ അസാധ്യമായ വളര്‍ച്ച. ഇതെല്ലാം ഒമ്പതു വര്‍ഷമായെന്നാണ്‌ പറഞ്ഞത്‌. കടമ്പിന്‌ നല്ല വളര്‍ച്ച കിട്ടിയപ്പോള്‍ വന്നിയ്‌ക്ക്‌ സാമാന്യം വളര്‍ച്ച കിട്ടിയിട്ടുണ്ട്‌. പക്ഷെ കരിമരുതിന്‌ വളരെ കുറഞ്ഞ വളര്‍ച്ചയാണ്‌. കാടിന്റെയുളളില്‍ പല മരങ്ങള്‍ പല സമയത്ത്‌ വളരും അല്ലെങ്കില്‍ വെളിച്ചം കിട്ടുന്നതിനനസുരിച്ചുളള വളര്‍ച്ച കൃത്യമായി കാണിക്കുന്ന ഒരെണ്ണമാണ്‌.

രാമചന്ദ്രന്‍: ഈ കാവില്‍ സ്വാഭാവികമായി ഉണ്ടായിട്ടുളള വൃക്ഷങ്ങള്‍ കൂടാതെ നമ്മള്‍ നട്ടുവളര്‍ത്തിയതാണ്‌ നക്ഷത്രവനം, നവഗ്രഹ ഉദ്യാനം, രാശി ഉദ്യാനം ഒരു ഔഷധ ഉദ്യാനം. ഇത്‌ വനം വകുപ്പുമായി ബന്ധപ്പെട്ട്‌ സോഷ്യല്‍ ഫോറസ്‌ട്രിയുടെ ഭാഗമായിട്ട്‌ തൈകള്‍ നല്‍കുകയും അത്‌ സംരക്ഷിക്കാനുളള ചില സബ്‌സിഡികള്‍ നല്‍കുകയും ചെയ്‌തിരുന്നു. ഇവിടെ ധാരാളം വിജ്ഞാനവര്‍ദ്ധന പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്ന്‌ പറഞ്ഞല്ലോ. ഭൗമദിനം, മണ്ണുദിനം അങ്ങനെയുളള ദിനാചരണങ്ങളും കൂടാതെ സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്‌. അങ്ങനെ തേവര കോളജി്‌ല്‍ നിന്നും വന്ന 101 കുട്ടികള്‍ 101 ചെടി നടുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. അങ്ങനെയാണ്‌ ആ പ്രദേശത്ത്‌ ഈ നക്ഷത്രവനങ്ങളോടൊപ്പം തന്നെ ഉങ്ങ്‌, മന്ദാരം, അശോകം അങ്ങനെയുളള കുറേ ചെടികള്‍ നട്ടുപിടിപ്പിച്ചത്‌. പല ചെടികളുടെയും വളര്‍ച്ചയുടെ തോത്‌ പലതരത്തിലാണല്ലോ. അതിലേറ്റവും കൂടുതല്‍ വളര്‍ന്നിരിക്കുന്നത്‌ കടമ്പാണ്‌. ഞാന്‍ ആസാമില്‍ ജോലി ചെയ്യുന്ന സമയത്ത്‌ ബ്രഹ്മപുത്രയുടെ തീരത്ത്‌ കദംബവൃക്ഷം ഭയങ്കരമായി പൂത്തുനില്‍ക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ഇവിടത്തെ സസ്യവളര്‍ച്ചയില്‍ ഏറ്റവും പ്രധാനമായിട്ടുളളത്‌ കടമ്പിന്റെ വളര്‍ച്ചയാണ്‌. അപ്പുറത്തു നില്‍ക്കുന്ന കരിമരത്തിന്റെ കാര്യം പറഞ്ഞു. ഈ കരിമരം വളരെ കടുപ്പമുളള മരമാണ്‌. അത്‌ വളര്‍ന്നൊരു വലിയ വൃക്ഷമായി തീരണമെങ്കില്‍ പത്ത്‌ മുന്നൂറ്‌ വര്‍ഷമെടുക്കും എന്നാണ്‌ ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്‌. അതിനോടൊപ്പം നില്‍ക്കുന്ന വന്നി ഒരു ശരാശരി വളര്‍ച്ചയുളള മരമാണ്‌.

ഹരി: തൊട്ടപ്പുറത്തൊരു നാങ്ക്‌ നില്‍പ്പുണ്ട്‌. അത്‌ കായ്‌ച്ചിട്ടുണ്ട്‌. പക്ഷെ വലിയ വളര്‍ച്ചയില്ല.

രാമചന്ദ്രന്‍: വനത്തിനകത്ത്‌ പലതിനും പല തരത്തിലുളള വളര്‍ച്ചയായിരിക്കും. ഒരു തണലിനകത്തായിട്ടുണ്ടെങ്കില്‍ അതിനടിയില്‍ നിന്ന്‌ വളര്‍ന്നുവരാന്‍ പറ്റിയിട്ടുണ്ടാവില്ല. നാങ്ക്‌ പക്ഷെ വളര്‍ന്ന്‌ കായായിക്കഴിഞ്ഞു, ധാരാളം തൈകളും കിട്ടിയിട്ടുണ്ട്‌. ധാരാളം പേര്‌ ഇവിടുന്ന്‌ തൈകളൊക്കെ കൊണ്ടു വെക്കാറുണ്ട്‌. സോഷ്യല്‍ ഫോറസ്‌ട്രിക്കാരുടെ തൈ വിതരണം നടക്കുന്ന സമയത്ത്‌ ഞാന്‍ തന്നെ പല സ്‌കൂളുകളിലും കോളേജുകളിലും സംസാരിക്കാന്‍ പോവുകയും ഇവിടുന്നു തൈകളും വിത്തുകളുമൊക്കെ കൊണ്ടുകൊടുക്കുകയും ചെയ്യാറുണ്ട്‌.

ഹരി: അതുപോലെ അവിടെ വലിയൊരു ചെടി കണ്ടത്‌ കാവളമാണ്‌. അതില്‍ വളളി കയറിയിട്ടുണ്ടോ.
രാമചന്ദ്രന്‍: കാവളത്തിന്റെ പുറത്തേക്ക്‌ അധികം വളളി കയറിയിട്ടില്ല. ഇവിടെ ഏറ്റവും കൂടുതലുളളത്‌ വെളളപൈന്‍ എന്നു പറഞ്ഞ മരമാണ്‌. അത്‌ വളരെ പെട്ടെന്നു വളര്‍ച്ച കിട്ടുന്ന ഒരു മരമാണ്‌.

ഹരി: സാറ്‌ ബട്ട്രസ്സ്‌ റൂട്ട്‌ കാണിച്ചത്‌ കാവളം ആയിരുന്നോ ?
രാമചന്ദ്രന്‍: അതെ. ആ കാവളത്തിന്‌ നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ടാവും. അതിന്റെ വേരിന്റെ ഭാഗം ശ്രദ്ധിച്ചാലറിയാം. അതിന്‌ പൊത്തുമാതിരിയൊക്കെ നാലുവശത്തേക്കും ഉണ്ടായിട്ട്‌ - അതിനാണ്‌ ബട്ട്രസ്സ്‌ റൂട്ട്‌ എന്നു പറയുക. ഞാവലിന്റെ ഇത്തില്‍പ്പെട്ട പല മരങ്ങള്‍ക്കും ഞാനങ്ങനെ കണ്ടിട്ടുണ്ട്‌.

ഹരി: വളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞിട്ടേ ഉണ്ടാവുകയുളളു.
രാമചന്ദ്രന്‍: തീര്‍ച്ചയായിട്ടും. അതുപോലെ പ്രത്യേകതയുളള പലമരങ്ങളുമുണ്ടിവിടെ. ചേര്‌, ചേര്‌ ചില ആളുകള്‍ക്ക്‌ അലര്‍ജി ഉണ്ടാക്കുന്ന സാധനമാണ്‌. അതുകൂടാതെ പെരുമരം ഉണ്ട്‌.

ഹരി: പെരുമരം അത്ര വലുതാകുമെന്ന്‌ ഞാന്‍ കണ്ടിട്ടേയില്ല.
രാമചന്ദ്രന്‍: പൊങ്ങല്യം എന്നു പറയുന്ന മരത്തിന്റെ കാടന്‍ ഇനം എന്നു വേണമെങ്കില്‍ പറയാം. എയ്‌ലാന്തസ്‌ മലബാറിക്കസ്‌ എന്നാണതിന്റെ പേര്‌. അങ്ങനെയുളള മരങ്ങളൊക്കെ ഇവിടുത്തെ ഒരു പ്രത്യേകതയാണ്‌.

ഹരി: അതുപോലെ ഒരു കരക്കണ്ടല്‌ അവിടെ കണ്ടിരുന്നു.
രാമചന്ദ്രന്‍: കരക്കണ്ടല്‌ കണ്ടലിന്റെ കുടുംബത്തില്‍ പെട്ടതാണ്‌. കാരലിയ എന്നാണതിന്റെ പേര്‌. വല്ലഭം എന്നായിരിക്കും ചില ഭാഗത്തൊക്കെ മലയാളത്തില്‍ പറഞ്ഞു കേട്ടിട്ടുളളത്‌. ആ മരത്തിന്‌ ഏരിയല്‍ റൂട്ട്‌സ്‌ കുറവാണ്‌. ചതുപ്പിലോ കായല്‍തീരത്തോ ഒക്കെയാണെങ്കില്‍ ധാരാളം ബ്രീത്തിങ്ങ്‌ റൂട്ട്‌സ്‌ ഉണ്ടാവേണ്ടതാണ്‌. ഇവിടെ അതുണ്ടായിട്ടില്ല കാരണം ഇത്‌ ടെറസ്‌ട്രിയല്‍ ഇക്കോസിസ്‌റ്റമാണല്ലോ. ഈ കാവു തന്നെ ശരിക്കും രണ്ടു ഇക്കോസിസ്‌റ്റമാണ്‌. കാവിന്റെ പകുതിഭാഗം കരഭാഗം പോലെയാണ്‌. അവിടെ ടെറസ്‌ട്രിയല്‍ ഇക്കോസിസ്‌റ്റവും മറ്റേ ഭാഗത്ത്‌ ഒരു മാര്‍ഷി ഇക്കോസിസ്‌റ്റവുമാണ്‌. ഈ രണ്ടുസ്ഥലത്തെയും ഫ്‌ളോറയും ഫോണയും വ്യത്യാസമുണ്ട്‌. ആ ഭാഗത്തുനില്‍ക്കുന്ന മരങ്ങള്‍ പലതും ഇവിടെ കണ്ടില്ലെന്നു വരും.

ഹരി: ശരിക്കും കുട്ടികള്‍ക്കൊക്കെ ഇതൊരനുഗ്രഹമാണ്‌. കാരണം കോളേജിലൊക്കെ നമുക്കിങ്ങനെ ഒരു സാധനം നിലനില്‍ത്താനാവില്ലല്ലോ.
രാമചന്ദ്രന്‍: ധാരാളം പേര്‌, കോളേജ്‌, സ്‌കൂള്‍ കുട്ടികളൊക്കെ ഇവിടെ വന്നിത്‌ മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്‌. പലതരം പഠനങ്ങളുടെ ഭാഗമായൊക്കെ. എം.എസ്‌.സി കുട്ടികളുടെ ഡസര്‍ട്ടേഷന്‍ പേപ്പറിന്റെ ഭാഗമായി ഇവിടത്തെ ഫ്‌ളോറ പഠിക്കാന്‍ വരുന്നുണ്ട്‌. അതുപോലെ ഇവിടെ 63 ഇനം പക്ഷികളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. മുകുന്ദന്‍ കിഴേെക്കമഠം എന്നൊരു പക്ഷിനിരീക്ഷകന്‍ ചില ദിവസം രാവിലെ ആറു മണിക്കൊക്കെ വരും. ആ സമയത്തൊക്കെ വന്നാലാണ്‌ പക്ഷികളെ കൂടുതലായിട്ട്‌ കാണാന്‍ കഴിയുക. അങ്ങനെയുളള പക്ഷിനിരീക്ഷകര്‍ പലരും വന്നിട്ടുണ്ട്‌.

ഹരി: അതുപോലെ മരത്തില്‍ ഡിസൈന്‍ വരുന്നൊരു സംഗതി...
രാമചന്ദ്രന്‍: അതിന്‌ ലൈക്കന്‍ എന്നു പറയും. ശരീരത്തില്‍ ചുണങ്ങുണ്ടായിരിക്കുന്നതുപോലെ. ലൈക്കന്‍ വേറൊരു പ്ലാന്റാണ്‌. മരം വളര്‍ന്ന്‌ കുറേ കഴിയുമ്പോള്‍ ലൈക്കന്‍ന്നു പറയുന്ന ഒരുതരം വളര്‍ച്ച അതിലുണ്ടാവും. അത്‌ ധാരാളം ഇവിടെ കാണുന്നുണ്ട്‌. അതുപോലെ കൂണുവര്‍ഗത്തില്‍ പെട്ടവയും. സാധാരണ ഭക്ഷ്യയോഗ്യമായവ ഉണ്ടാവാറുണ്ട്‌. അത്‌ കൂടാതെ മരക്കൂണുകള്‍, മണ്ണില്‍ത്തന്നെ പഴയമരങ്ങളുടെ ജീര്‍ണാവശിഷ്ടങ്ങളില്‍ ഉണ്ടാവുന്ന കൂണ്‍ വര്‍ഗത്തില്‍ പെട്ട സാധനമാണ്‌ ജിയാസ്റ്റാര്‍ - എര്‍ത്ത്‌ സ്റ്റാര്‍ എന്നു പറയും.

ഹരി: അതാണോ നമ്മള്‍ ഓറഞ്ചുനിറത്തില്‍ കണ്ടത്‌ ?
രാമചന്ദ്രന്‍: അതിന്‌ ഓറഞ്ചുനിറമാണ്‌. അത്‌ ഉരുണ്ടിരിക്കും. പിന്നെ അഞ്ചിതളുകള്‍ വിടര്‍ന്ന്‌ നക്ഷത്രം പോലിരിക്കും. അതിന്‌ എര്‍ത്ത്‌ സ്റ്റാര്‍ എന്നു പറയും.

ഹരി: അതുപോലെ ചിതല്‍പുറ്റുകള്‍. ഇതിന്റെ എല്ലാ ഭാഗത്തും ചിതല്‍പ്പുറ്റുകള്‍ ധാരാളമായിട്ടുണ്ട്‌.
രാമചന്ദ്രന്‍: സ്വാഭാവികമാണല്ലോ. ഒരുമരം പെടന്നു നശിച്ചുകഴിഞ്ഞാല്‍ ചിതല്‍ വരും. ചിതല്‍ വന്നിട്ടാണീ പുറ്റുണ്ടാക്കുന്നത്‌.

ഹരി: ഇവിടെ വീഴുന്ന ഒരു മരത്തിനെയും എടുത്തുമാറ്റുന്നില്ല, അല്ലേ ? വീഴുന്നത്‌ അവിടെത്തന്നെ കിടന്നു മണ്ണില്‍ ചേരുക എന്നുളളതാണ്‌.
രാമചന്ദ്രന്‍: അതെ. ചിതല്‍പുറ്റുണ്ടായി കഴിയുമ്പോള്‍ അതിലെ ചിതലുകളെ തിന്നാന്‍ എലികള്‍ വരും. എലിയാണ്‌ മാളമുണ്ടാക്കുന്നത്‌. എലിയെ തിന്നാനാണ്‌ പാമ്പ്‌ വരുന്നത്‌. നമ്മള്‍ പാമ്പിന്റെ മാളമെന്നു പറയും. പക്ഷെ പാമ്പിന്‌ ഒരു മാളവും ഉണ്ടാക്കാന്‍ കഴിയില്ല.
ഹരി: ഇതുപറഞ്ഞ കൂട്ടത്തില്‍ ഒരു കാര്യം കൂടി ചോദിക്കട്ടെ. എന്നോട്‌ സ്ഥിരമായി ആളുകള്‍ ചോദിക്കുന്നൊരു കാര്യമാണ്‌. കാടുണ്ടാക്കിയാല്‍ പാമ്പിന്റെ ശല്യം വരില്ലേ എന്നുളളത്‌. അതിത്രയൊന്നും വിശാലമായ സ്ഥലമല്ല. നൂറു സ്‌ക്വയര്‍ഫീറ്റില്‍ താഴെ കാട്‌ വെക്കുന്നവര്‍ പോലും പാമ്പിനെ പേടിച്ച്‌ അതു വേണ്ടാന്നു വെക്കുകയാണ്‌. സാറിന്റെ അനുഭവമൊന്നു പറയാമോ
രാമചന്ദ്രന്‍: പാമ്പിന്റെ ശല്യം എന്നു പറയാന്‍ പറ്റില്ല. നമ്മളെ പോലെ ഒരു ജീവിയാണതും. അത്‌ അതിന്റെ ഭക്ഷണം അന്വേഷിച്ച്‌ പോകുന്നതാണ്‌. അല്ലാതെ ആക്രമിക്കാന്‍ നടക്കുന്നതല്ല ഒരിക്കലും. ഈ എട്ടേകാല്‍ ഏക്കറില്‍ അമ്പലത്തിന്റെ വശത്തുകൂടി കാവിലൊക്കെ ഞാന്‍ മിക്കവാറും നടക്കുന്നതാണ്‌. ഞാനിതുവരെ നേരിട്ടു പാമ്പിനെ കണ്ടിട്ടില്ല. പാമ്പിനെ കണ്ടിട്ടുളള ആള്‍ക്കാരുണ്ട്‌. ഉച്ചയാവുമ്പോഴേക്കും മൂര്‍ഖന്‍ പാമ്പുകള്‍ കാവിന്റെ മറുഭാഗത്തേക്ക്‌ ഭക്ഷണം അന്വേഷിച്ചു പോവും. അതുപോലെ വൈകുന്നേരമായിക്കഴിഞ്ഞാല്‍ അണലി. അണലി സന്ധ്യക്കു ശേഷമാണിറങ്ങുക.

ഹരി: പക്ഷെ ഇവിടെ ഇതുവരെ അങ്ങനെ ഒരു അപകടമേ ഉണ്ടായിട്ടില്ല.
രാമചന്ദ്രന്‍: ഒന്നുമില്ല. യാതൊരു സംഭവമുണ്ടായിട്ടില്ല. പക്ഷെ പാമ്പിനെ കണ്ടിട്ടുണ്ട്‌ പല ആളുകളും. പാമ്പ്‌ ഇക്കോസിസ്‌റ്റത്തിന്റെ ഭാഗമായിട്ടുളള ഒരു ജീവിയല്ലേ. പാമ്പ്‌ അതിനുളള ഭക്ഷണം അന്വേഷിച്ചു നടക്കും, നമ്മള്‍ അബദ്ധവശാല്‍ കാണും. പാമ്പൊക്കെ ഉപദ്രവിക്കുന്നത്‌ നമ്മള്‍ അറിയാതെ അതിനെ ചവിട്ടി വേദനിപ്പിച്ചു കഴിഞ്ഞാലത്‌ പ്രതികരിക്കുമല്ലോ. ഒരു മൂര്‍ഖന്‍ പാമ്പ്‌ പത്തി വിടര്‍ത്തുന്നത്‌ എന്താ ? നമ്മളെ കണ്ട്‌ അത്‌ പേടിച്ചിട്ടുണ്ട്‌. ഞാനിവിടെ ഉണ്ടെന്ന്‌ നമ്മളെ പേടിപ്പിച്ച്‌ പിന്തിരിപ്പിക്കാന്‍ വേണ്ടി കാണിക്കുന്നതാ. പാമ്പ്‌ നമ്മളെ ഓടിച്ചിട്ട്‌ ഉപദ്രവിക്കുകയൊന്നുമില്ല.

ഹരി: അതുപോലെത്തന്നെ കീരിയും ഉണ്ടല്ലേ ?
രാമചന്ദ്രന്‍: കീരി ഇഷ്ടംപോലെയുണ്ട്‌. കീരി ഉളളതൊക്കെ ഒരു റെഗുലേഷന്‍ ആണ്‌. ഒരു നിയന്ത്രണം ഇവിടെ നടക്കുന്നുണ്ട്‌. ഇക്കോസിസ്‌റ്റം നിയന്ത്രിച്ചു നിര്‍ത്തുന്നത്‌ എന്താ ? ഒന്ന്‌ ഒന്നിന്റെ ഭക്ഷ്യവസ്‌തുവായിട്ടങ്ങനെ പോവാണ്‌. ഞാന്‍ ഭാരതീയ പരിസ്ഥിതി സങ്കല്‍പം എന്ന വിഷയമെടുത്തു സംസാരിക്കുന്ന ഒരാളാണ്‌. ഭാരതീയര്‍ക്ക്‌ പ്രകൃതിയെ സംരക്ഷിക്കണം എന്നുളള തോന്നല്‍ പണ്ടുമുതലേ ഉണ്ടായിരുന്നു. നമ്മുടെ ദിനചര്യ അടക്കം ആ രീതിയിലാണ്‌ പോയിരിക്കുന്നത്‌. പണ്ടത്തെ ആള്‍ക്കാര്‍ പറഞ്ഞുതന്നിരിക്കുന്നത്‌ അതാണ്‌. ഒരുദാഹരണമാണ്‌ ആല്‍. ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ പ്രദാനം ചെയ്യുന്നൊരു വൃക്ഷമാണ്‌ അരയാല്‍. അമ്പലങ്ങളിലൊക്കെ ധാരാളമുണ്ടാവും. പണ്ടു മുതലേ എന്താണ്‌ പറഞ്ഞിട്ടുളളത്‌ - രാവിലെ എഴുന്നേറ്റ്‌ നഗ്നപാദരായി പോയി ക്ഷേത്രക്കുളത്തില്‍ കുളിച്ച്‌ ആലിനെ വലം വെക്കണം എന്നാണ്‌. നഗ്നപാദരായി നടക്കുമ്പോള്‍ ചരലിനു പുറത്തുകൂടി വേണം നടക്കാന്‍. അത്‌ കാലിനു ശരിക്കുമൊരു അക്യൂപങ്‌ചര്‍ ഇഫക്ടാണ്‌. രക്തയോട്ടം നന്നായിട്ടുണ്ടാവും. ഇതുകഴിഞ്ഞ്‌ ക്ഷേത്രക്കുളത്തില്‍ കുളിച്ചു, ക്ഷേത്രദര്‍ശനം നടത്തി. ദൈവത്തിനു രണ്ടോ മൂന്നോ പ്രദക്ഷിണം പറഞ്ഞിട്ടുണ്ട്‌. പക്ഷെ ആലിനു പറഞ്ഞിട്ടുളളത്‌ ഏഴു പ്രദക്ഷിണമാണ്‌. കാരണമെന്താണ്‌ ? അത്രയും കൂടുതല്‍ സമയം ആലിനു ചുവട്ടില്‍ ചെലവഴിക്കണം. പ്രദക്ഷിണം എങ്ങനെയാണ്‌ ? ഓടുകയല്ല വേണ്ടത്‌. പൂര്‍ണഗര്‍ഭിണി ആയിട്ടുളള ഒരു സ്‌ത്രീ തലയില്‍ എണ്ണ നിറച്ചൊരു കുടം വെച്ച്‌ എങ്ങനെ നടക്കുമോ, അതുപോലെ നടക്കണമെന്നാ പ്രദക്ഷിണത്തില്‍ പറഞ്ഞിരിക്കുന്നതു. അത്രയും പതുക്കെ വേണം നടക്കാന്‍. അപ്പോഴാണ്‌ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റുകയുളളൂ, കൂടുതല്‍ ഓക്‌സിജന്‍ കിട്ടുകയുളളൂ. ഇതെല്ലാം അങ്ങനെയാണ്‌ ബന്ധപ്പെടുത്തിയിട്ടുളളത്‌. അതുപോലെ നെറ്റിയില്‍ ചന്ദനം തൊടുന്നത്‌. യഥാര്‍ത്ഥ ചന്ദനം അരച്ചത്‌ നെറ്റിയില്‍ രണ്ടു കണ്ണിനു നടുക്കായി തൊടുന്നത്‌ കുളിര്‍മ അനുഭവപ്പെടും. ഞരമ്പുകളുടെ സംഗമസ്ഥാനമല്ലേ അവിടെ കുളിര്‍മ അനുഭവപ്പെടും.

ഹരി: അവിടൊരു മരം ചെരിഞ്ഞു കിടക്കുന്നതു കണ്ടു. അത്‌ വീണതാണോ, അങ്ങനെ നീണ്ടു വളര്‍ന്നതാണോ ?
രാമചന്ദ്രന്‍: അതിന്റെ ബൊട്ടാണിക്കല്‍ നെയിം ഇയോഡിയ എന്നാണ്‌. ഏതുമരവും സൂര്യപ്രകാശം അന്വേഷിച്ചു പോകുമല്ലോ. ആ മരം അതുപോലെ സൂര്യപ്രകാശം അന്വേഷിച്ച്‌ വശത്തേക്കു നീണ്ടതാണ്‌. ഫോട്ടോട്രോപിസം എന്നു പറയും. ഇലകള്‍ക്ക്‌ പ്രകാശം കിട്ടിക്കഴിഞ്ഞാലല്ലേ ഫോട്ടോസിന്തസിസ്‌ നടത്താനാവുകയുളളൂ. അങ്ങനെയാണാ മരം അത്രയും ദൂരേയ്‌്‌ക്ക്‌ വന്നിരിക്കുന്നത്‌. തല കാണിക്കാന്‍ വന്നിരിക്കുകയാണത്‌.

ഹരി: വേറൊരു മരവും കുറച്ചു ചെരിഞ്ഞുനില്‍പ്പുണ്ട്‌. ചെരിഞ്ഞുനില്‍ക്കുന്ന മരത്തിന്റെ ചുവട്ടില്‍ കൂടുതല്‍ വേരുകള്‍ ഉളളതുപോലെ തോന്നി.
രാമചന്ദ്രന്‍: അത്‌ ബാലന്‍സ്‌ ചെയ്‌തു നിര്‍ത്താന്‍ വേണ്ടീട്ട്‌. ഒരു മരം ചെരിഞ്ഞു വളരുമ്പോള്‍ അത്‌ മറിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്‌. അതു പിടിച്ചുനിര്‍ത്താന്‍ വേണ്ടി മറുവശത്ത്‌ സ്വാഭാവികമായും വേരുകള്‍ ഉണ്ടാക്കും. അത്‌ ബാലന്‍സ്‌ ചെയ്‌തു നിര്‍ത്താന്‍ വേണ്ടി ചെയ്യുന്നതാ.

ഹരി: സാറ്‌ കുറച്ച്‌ തൈകള്‍ പുറത്തുനിന്നു കൊണ്ടുവെക്കും, അതല്ലാതെ ഇവിടെ ധാരാളം വിത്തുകള്‍ വീണു മുളക്കുന്നുമുണ്ടല്ലേ ? പക്ഷികള്‍ വഴിയും മറ്റും.
രാമചന്ദ്രന്‍: കാട്ടിലെ മരങ്ങളുടെ പ്രത്യേകത ചെറിയ പഴങ്ങളുണ്ടാകുന്നവ ധാരാളമുണ്ടാകും. അത്‌ തിന്നാനായിട്ടാണ്‌ പക്ഷികള്‍ വരുന്നത്‌. അവരിവിടെ വരുമ്പോള്‍ തീര്‍ച്ചയായിട്ടും നമുക്ക്‌ വേറെ കുറച്ചിവിടെ നിക്ഷേപിച്ചിട്ടു പോവും. ഇവിടെ അടുത്തുളള മറ്റൊരു അര്‍ബന്‍ ഫോറസ്‌റ്റാണ്‌ കളമശ്ശേരി എച്ച്‌എംടി യുടെ അടുത്തുളളത്‌. അവിടുന്ന്‌ ഇവിടെ സ്ഥിരമായി വരുന്നവയാണ്‌ ചുട്ടിപ്പരുന്തുകള്‍. അതിന്റെ മുഖ്യഭക്ഷണം മൂര്‍ഖനാണ്‌. പരുന്തുവര്‍ഗത്തില്‍ പെട്ട പലതും പാമ്പിനെ ഭക്ഷിക്കും. ഉച്ചയാവുമ്പോള്‍ ആ എച്ച്‌എംടി കാട്ടില്‍ നിന്നാണീ ചുട്ടിപ്പരുന്ത്‌ ഇവിടെ വരുന്നത്‌. ഇവിടെ വലിയ പൈന്‍മരത്തിനു മുകളില്‍ വന്നിരുന്നു താഴേക്കൂടി എന്തെങ്കിലും ഇഴജന്തുക്കള്‍ പോകുന്നുണ്ടോ എന്നു നിരീക്ഷിക്കും. ഒരു മൂര്‍ഖനെ കണ്ടിട്ടുണ്ടെങ്കില്‍ പിടിച്ചോണ്ടുപോവും. റാഞ്ചുകയാണ്‌. പരുന്തുവര്‍ഗത്തില്‍ പെട്ടവ കൊക്കുകൊണ്ടല്ല ഇരയെ പിടിക്കുന്നത്‌. അത്‌ കൈകൊണ്ടേ പിടിക്കുകയുളളു. പിടിച്ച്‌ ഇവിടുന്നു തിരികെ എച്ചഎംടി കാട്ടിലേക്കു പറന്നുപോവും. അതതിന്റെ വാസസ്ഥലത്തു പോയിട്ടാണ്‌ ഭക്ഷണം കഴിക്കാറ്‌. അതുപോലെ ഇവിടെ പല സമയത്തും ദേശാടനപക്ഷികള്‍ വരാറുണ്ട്‌. നാകമോഹന്‍ - പാരഡൈസ്‌ ഫ്‌ളൈ കാച്ചര്‍ എന്നു പറയും. അതു രണ്ടുനിറത്തിലുണ്ട്‌. വെളളനിറത്തിലുളളതും കുറച്ച്‌ ഇരുണ്ടനിറത്തിലുളളതും. അതുപോലെ എരണ്ട വര്‍ഗത്തില്‍ പെട്ടവ, കൊക്കുവര്‍ഗത്തില്‍ പെട്ടവയൊക്കെ ധാരാളം വരുന്നുണ്ട്‌. ഈയൊരു സ്ഥലത്ത്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ കൃഷിയോ ചെയ്യാതെ ഇട്ടിരിക്കുകയാണ്‌. വേണമെങ്കില്‍ കൃഷി ചെയ്യാമായിരുന്നു. പക്ഷെ കൃഷി ചെയ്‌താല്‍ ഏകവിള ഉണ്ടാക്കാം എന്നുളളതല്ലേ ഉളളൂ.

ഹരി: മുന്നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ പാമ്പിനെക്കൊണ്ട്‌ ഒരപകടവും ഉണ്ടായിട്ടില്ല എന്നു പറയുന്നതില്‍, ഒന്ന്‌ പാമ്പിനിരിക്കാന്‍ ആവശ്യത്തിനു സ്ഥലമുണ്ട്‌, അല്ലേ ? ഭക്ഷണം കഴിച്ചാല്‍ പിന്നെയത്‌ പുറത്തിറങ്ങേണ്ട കാര്യമില്ല.
രാമചന്ദ്രന്‍: അതെ. ഇവിടെ പാമ്പു മാത്രമല്ല, ഉരഗവര്‍ഗത്തില്‍ പെട്ട പല സംഗതികളും ഉണ്ടല്ലോ. അതിലൊന്നാണ്‌ പാമ്പ്‌. ഇവിടെ പാമ്പുകളെ കണ്ടിട്ടുണ്ടോന്നു ചോദിച്ചാല്‍ മൂര്‍ഖന്‍, അണലി, വളവളപ്പന്‍ അഥവാ ശംഖുവരയന്‍ പിന്നെ ചേര ധാരാളം ഉണ്ട്‌. അങ്ങനെയുളള പാമ്പുകള്‍ ഇവിടെ ഇഷ്ടംപോലെ ഉണ്ടുതാനും. പക്ഷേ ഇതുവരെ ഞങ്ങളുടെ കേട്ടറിഞ്ഞ ചരിത്രത്തില്‍ എവിടെയും പാമ്പുകളുടെ യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. കാരണം പാമ്പുകള്‍ക്ക്‌ ഭക്ഷിക്കാനുളള സാധനങ്ങള്‍ കിട്ടുന്നു. പാമ്പുകളൊക്കെ മനുഷ്യനെ പോലെ ദിവസവും പത്തുനേരം ഭക്ഷണം കഴിക്കുന്ന സാധനമല്ല. അതുങ്ങളുടെ വിശപ്പു മാറിക്കഴിഞ്ഞാല്‍ അടുത്ത വിശപ്പുണ്ടാവുമ്പോഴേ ഭക്ഷണം അന്വേഷിച്ചു പോവുകയുളളൂ. ഇവിടെ അടുത്ത്‌ കാട്ടുകോഴി ഉളള ഒരു കാടുണ്ട്‌. അങ്ങോട്ട്‌ കാട്ടുകോഴിയെ പിടിക്കാന്‍ മലമ്പാമ്പ്‌ പോകാറുണ്ട്‌. അവിടെപ്പോയി ഭക്ഷിച്ചുകഴിഞ്ഞ്‌ ഏകദേശം ഒരുമാസം കഴിഞ്ഞേ പിന്നെയാ പാമ്പിനെ കണ്ടിട്ടുളളൂ. കാരണം അത്‌ എവിടെയെങ്കിലും പോയി വിശ്രമിച്ച്‌ അടുത്ത വിശപ്പാവുമ്പോള്‍ മാത്രമേ ഭക്ഷണം അന്വേഷിച്ചു പോവുകയുളളൂ. അപ്പോള്‍ ഇവിടെ തീര്‍ച്ചയായും അവയ്‌ക്കു കിട്ടാനുളള ഭക്ഷണം കിട്ടുന്നു. പിന്നെ അവയെ നിയന്ത്രിക്കാനുളള സാധനങ്ങളുമുണ്ട്‌. പാമ്പിനെ നിയന്ത്രിക്കുന്ന ഒരു സാധനമാണ്‌ കീരി. കീരി കണ്ടമാനം ഉണ്ടായിട്ടുണ്ടെങ്കില്‍ പാമ്പിനെ നിയന്ത്രിക്കും. ഇത്‌ ഒരു ബാലന്‍സ്‌ഡ്‌ ഇക്കോസിസ്‌റ്റം ആയങ്ങനെ പോവുകയാണ്‌. എല്ലാ കൂട്ടങ്ങളുമുണ്ടാവും. ഇക്കോസിസ്‌റ്റത്തിന്റെ പ്രത്യേകത ആണത്‌.

ഹരി: അതുപോലെ മരങ്ങളില്‍ വളളി കേറി മൂടിപ്പോകുന്നതും തിരിച്ചുവരുന്നതുമായ സംഗതിയുണ്ടല്ലോ. പുല്ലാനിയൊക്കെ ഇവിടെ നന്നായിട്ട്‌ വളര്‍ന്നു കിടക്കുന്നു.
രാമചന്ദ്രന്‍: കാവില്‍ പലതരത്തിലുളള വൃക്ഷങ്ങളും ചെറുമരങ്ങള്‍, കുറ്റിച്ചെടികള്‍, പുല്ലുവര്‍ഗത്തില്‍ പെട്ടവ, പന്നലുകള്‍, വളളികള്‍ ഇതൊക്കെ ഉളളതുകൊണ്ടാണ്‌ കാവ്‌ കാവായി നിലനില്‍ക്കുന്നത്‌. ധാരാളം വളളിപ്പടര്‍പ്പുകളുണ്ട. നോക്കിക്കഴിഞ്ഞാല്‍ മരത്തില്‍ ചുറ്റിപടര്‍ന്നു പോവുന്നതു കാണാം. പക്ഷെ കുറേ കഴിഞ്ഞ്‌ ഈ വളളി മരത്തിനൊരു പ്രശ്‌നമാവും. കാരണം മുകളില്‍ ഈ വളളികളുടെ ഇലകളായിരിക്കും പടര്‍ന്നുനില്‍ക്കുന്നത്‌. അങ്ങനെ വളളി കയറിയ മരം മിക്കവാറും നശിച്ചുപോവും. ഇവിടെയും അത്‌ സംഭവിച്ചിട്ടുണ്ട്‌. വളളി പടര്‍ന്നു പിടിച്ച്‌ മരത്തിന്‌ സൂര്യപ്രകാശം കിട്ടാതായി അത്‌ നശിച്ചുപോകും. അങ്ങനെ മരം നശിച്ചുവീണുപോയാല്‍ സ്വാഭാവികമായും വളളിയും താഴേക്കു പോരുമല്ലോ. അതും നശിക്കും. അപ്പോഴേക്കും ഇപ്പുറത്ത്‌ വിത്തുവീണ്‌ മൂന്നാലു മരം ഉണ്ടാവും. കാവില്‍ ഇങ്ങനെ ചില മരങ്ങള്‍ നശിച്ചുപോകുന്നു, ചില മരങ്ങള്‍ ഉണ്ടാവുന്നു. അതു ചാക്രികമായി സംഭവിക്കുകയാണ്‌. കാവ്‌ എപ്പോഴും കാവായിട്ടുതന്നെ നിലനില്‍ക്കും.

ഹരി: ഇവിടെ ധാരാളം ചിത്രശലഭങ്ങളെ കണ്ടു. എന്തുകൊണ്ടാണ്‌ ഇവിടെ ഇത്രയധികം ചിത്രശലഭങ്ങള്‍ ഉണ്ടാവുന്നത്‌. ഇവിടെ ശലഭോദ്യാനം അങ്ങനെ എന്തെങ്കിലുമുണ്ടോ ?
രാമചന്ദ്രന്‍: ഇവിടെ പ്രത്യേകിച്ച്‌ ഒരു ശലഭോദ്യാനം ഉണ്ടാക്കിയിട്ടില്ലെങ്കിലും ധാരാളം ഇനം ശലഭങ്ങളെ ഇവിടെ കാണാറുണ്ട്‌. ശലഭങ്ങള്‍ക്കു വേണ്ടി പ്രത്യേകം പാര്‍ക്കുണ്ടാക്കണമെന്ന്‌ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ വേണ്ടി ഞാന്‍ തട്ടേക്കാട്‌ പക്ഷിസങ്കേതത്തിലുളള ക്യൂറേറ്ററുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത്‌ ശലഭങ്ങള്‍ക്ക്‌ തേന്‍ കുടിക്കാനുളള പൂക്കള്‍ ഉണ്ടോ എന്നല്ല ആദ്യം നോക്കേണ്ടത്‌, അതിന്റെ മുട്ട വിരിഞ്ഞുളള ലാര്‍വയ്‌ക്ക്‌ ഭക്ഷിക്കാനുളള ഇലകള്‍ കിട്ടുമോ എന്നാണ്‌. അപ്പോള്‍ ഹോസ്‌റ്റ്‌ പ്ലാന്റ്‌ നട്ടുപിടിപ്പിക്കുക എന്നുളളതാണ്‌ ശലഭോദ്യാനം ഉണ്ടാക്കാനാഗ്രഹിക്കുന്നയാള്‍ ആദ്യം ചെയ്യേണ്ടത്‌. ഇവിടെ ദേശീയ ശലഭമായ ബുദ്ധമയൂരി അടക്കം പല ഇനത്തിനെയും ഞാന്‍ കണ്ടിട്ടുണ്ട്‌. പക്ഷെ അവരും ഇവിടെ സ്ഥിരതാമസക്കാരല്ല. അവര്‍ വന്നുനോക്കീട്ട്‌ പറ്റിയ അന്തരീക്ഷമല്ലെങ്കില്‍ വേറെ വഴി്‌ക്കു പോകും. ഇവിടെ 60 ഓളം ഇനത്തില്‍ പെട്ട ശലഭങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്‌. പാര്‍ക്കായിട്ട്‌ ഇല്ലെങ്കിലും സ്വാഭാവികമായിട്ടുളള കാവില്‍ ശലഭങ്ങളുണ്ടാവും.

ഹരി: ഞാനീ കാട്‌ കാണാന്‍ വന്നത്‌ ഒറ്റയ്‌ക്കല്ല. എന്റെ കൂടെ രണ്ടുപേരു കൂടി ഉണ്ടായിരുന്നു. ഒന്ന്‌ ഡോ. ഷാജി. നേരത്തേ നദീതട സസ്യങ്ങളെ കുറിച്ച്‌ നമ്മള്‍ അദ്ദേഹത്തിന്റെ ഒരു എപ്പിസോഡ്‌ ചെയ്‌തിരുന്നു. ഈ കാവിനെ കുറിച്ച്‌ അദ്ദേഹത്തിന്റെ പ്രതികരണം കൂടി നമുക്കൊന്നു കേള്‍ക്കാം.

ഡോ. ഷാജി: തെക്കന്‍കേരളത്തിലെ കാവുകളെ കുറിച്ചും അതിന്റെ ജൈവവൈവിധ്യത്തെ കുറിച്ചും അതിന്റെ കാര്‍ബണ്‍ സംഭരണശേഷിയെ കുറിച്ചും ഒരു പ്രോജക്ടുമായി ഞാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്‌. അതിന്റെ കൂടി ഭാഗമായിട്ടാണീ പൊന്നക്കുടം കാവ്‌ വന്നു കാണാനിടയായത്‌. ഏകദേശം നാനൂറിലധികം ജാതി സസ്യങ്ങള്‍ ഇവിടെയുണ്ട്‌. അതിനകത്ത്‌ സാധാരണ വനങ്ങളില്‍ കാണുന്നതുപോലെ തട്ടുകളായിട്ട്‌ കാണാം. അതായത്‌ വലിയ വൃക്ഷം, ഇടത്തരം ചെറിയ വൃക്ഷം, ചെറിയ വൃക്ഷം, കുറ്റിച്ചെടികള്‍, പിന്നെ പന്നലുകളൊക്കെ ഉള്‍പ്പെടുന്ന തറയിലുളള മറ്റു ചെറിയ സസ്യങ്ങള്‍. ഇത്തരത്തിലുളള തട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നത്‌ വളരെ വ്യക്തമായി ഈ കാവില്‍ കാണാം. ഇവിടെ ചില മരങ്ങള്‍ വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്‌. ഉദാഹരണത്തിന്‌ വെളളപ്പൈന്‍. അത്‌ ഐയുസിഎന്‍ ക്ലാസിഫിക്കേഷന്‍ അനുസരിച്ച്‌ വള്‍നറബിള്‍ ന്നെ കാറ്റഗറിയില്‍ പെടുന്നതാണ്‌. അതിവിടെ ധാരാളമായിട്ടുണ്ട്‌. പിന്നെ ചെമ്മരം, വേങ്ങ അങ്ങനെ ഒരുപാട്‌ മരങ്ങളുണ്ട്‌. നേരത്തേ അദ്ദേഹം സൂചിപ്പിച്ച ഓടലിന്റെ വളരെ പഴക്കമുളള ഒരു വളളി ഉണ്ട്‌. ചൂരല്‍ ധാരാളമുണ്ട്‌. ഇതെല്ലാം ഈ കാവിന്റെ പ്രത്യേകത തന്നെയാണ്‌. ശരിക്കും ജൈവവൈവിധ്യത്തെ സംബന്ധിക്കുന്ന ഒരു പുസ്‌തകം തന്നെയാണീ കാവ്‌. സാധാരണ ആളുകള്‍ക്ക്‌ എത്ര ക്ലാസിലിരുന്ന്‌ പഠിച്ചാലും കിട്ടാത്ത അനുഭവമാണ്‌ ഇവിടെവരുമ്പോള്‍ ലഭിക്കുന്നത്‌. സസ്യങ്ങള്‍ മാത്രമല്ല, അതിനോട്‌ അനുബന്ധിച്ച്‌ ജീവിക്കുന്ന മറ്റു ജീവികള്‍ - ആ ശൃംഖല തന്നെ അദ്ദേഹം ഇവിടെ വിവരിക്കുകയുണ്ടായി. അതെല്ലാം നേരിട്ടു കാണുന്നതിനുളള ഒരവസരവും ഉണ്ടായി. ഞാന്‍ നേരത്തേ പറഞ്ഞ ഞങ്ങളുടെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ കാവിന്റെ കാര്‍ബണ്‍ സംഭരണ ശേഷി കൂടിയാണ്‌. ഇവിടെയുളള മരങ്ങളുടെയും മറ്റും ജൈവപിണ്ഡം കണക്കാക്കുന്ന ഒരു രീതിയുണ്ട്‌. എത്രമാത്രം കാര്‍ബണ്‍ ഇത്‌ സംഭരിച്ചിട്ടുണ്ട്‌ എന്നു കണക്കാക്കാന്‍ പറ്റും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ മൂന്നു ജില്ലകളില്‍ അത്‌ ചെയ്‌തു കൊണ്ടിരിക്കുകയാണ്‌. ഈ കാവിനും അങ്ങനെ ചെയ്യണം എന്നൊരു താത്‌പര്യമുണ്ട്‌. സാറിന്റെ അനുമതി ഉണ്ടെങ്കിലത്‌ ചെയ്യാമന്നു കരുതുന്നു.

ഹരി: അതുപോലെ എന്റെ കൂടെ വന്ന വേറൊരാളാണ്‌ ചെറിയാന്‍ സാര്‍. അദ്ദേഹത്തയും അദ്ദേഹത്തിന്റെ വീട്ടിലെ മിയാവാക്കി കാടും ഞാന്‍ നേരത്തേ പരിചയപ്പെടുത്തിയിരുന്നു. ഇവിടെ ഏഴോ എട്ടോ പ്രാവശ്യം അദ്ദേഹം വന്നിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഒരു പ്രധാന ഹോബി കാവുകളില്‍ നിന്നു കിട്ടുന്ന തൈകള്‍ ശേഖരിക്കുക എന്നുളളതാണ്‌. സാറിന്റെയും പ്രതികരണം കേട്ടു നോക്കാം.

ചെറിയാന്‍ മാത്യു: കേരളത്തിലെ പല കാവുകളുടെയും വിസ്‌തൃതി ഓരോ വര്‍ഷം ചെല്ലുന്തോറും കുറഞ്ഞുകൊണ്ടിരിക്കുന്നു. അതില്‍നിന്നും വ്യത്യസ്‌തമായി പൊന്നക്കുടം ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ കാവ്‌ പി.കെ. രാമചന്ദ്രന്‍ സാറും കൂട്ടരും ചേര്‍ന്ന്‌ ഭംഗിയായി നിലനിര്‍ത്തിക്കൊണ്ടു പോരുന്നു. കേരള സര്‍ക്കാറിന്റെ കാവ്‌ സംരക്ഷണ പദ്ധതിയുടെ ലിസ്റ്റില്‍ പേര്‌ ചേര്‍ത്തിട്ടുണ്ട്‌. അതിനായി സര്‍്‌ക്കാര്‍ കൊടുക്കുന്ന ഫണ്ട്‌ അവര്‌ സ്വീകരിക്കുന്നുണ്ട്‌. അതുകൊണ്ട്‌ എല്ലാത്തരത്തിലും വളരെ ഭംഗിയായി അദ്ദേഹമത്‌ നിലനിര്‍ത്തിക്കൊണ്ടുപോകുന്നു.

ഹരി: സാധാരണ ഒരു സെന്റ്‌ മിയാവാക്കി കാട്‌ കാണാന്‍ വരുന്ന ആളുകളും ചോദിക്കുന്നത്‌ കാടുവെച്ചാല്‍ എന്തുകിട്ടുമെന്നാണ്‌. ഇവിടെ ഒരു കുടുംബം ഏതാണ്ട്‌ മുന്നൂറ്‌ വര്‍ഷമായിട്ട്‌ ഒരു കാടിനെ പോറ്റുന്നു. ആഗോളീകരണത്തിന്റെയും ഒക്കെ പുതിയ കാലത്ത്‌ എന്തിനും എന്തു വാണിജ്യമൂല്യം ഉണ്ടെന്നു നോക്കുന്ന കാലത്ത്‌ 60 കോടി രൂപ വിലയുളള ഭൂമി അവരുടെ കുടുംബം കാടായിട്ട്‌ നിര്‍ത്തിയിരിക്കുകയാണ്‌. അങ്ങനെയുളള ഒരു കുടുംബത്തെ നമ്മളെല്ലാം ചേര്‍ന്നു തൊഴേണ്ടതാണ്‌. വളരെ അപൂര്‍വം ആളുകളാണ്‌ ഇങ്ങനെ കാടിനുവേണ്ടി പണവും സമയവും മാറ്റിവെക്കുന്നത്‌. തീര്‍ച്ചയായും അതിന്റെ പ്രയോജനം നാട്ടുകാരു മുഴുവനും അനുഭവിക്കുകയുമാണ്‌. ആ കുടുംബത്തിന്‌ നമ്മുടെ എല്ലാവരുടെയും പേരിലൊരു നന്ദി നിങ്ങള്‍ക്കുവേണ്ടി കൂടി ഞാന്‍ പറയുന്നു.